കുട്ടികൾക്ക് 28-ാം നാൾവരെ മുലപ്പാൽ മാത്രം നൽകുന്നു. 57 നു മുൻപ് കരിക്കിനില (കരിക്ക്), മുത്തങ്ങ, മുരിക്കില്ല എന്നിവ ഇടിച്ചുപിഴിഞ്ഞ് ശർക്കരയും ചേർത്ത് കുഴമ്പുരൂപത്തിൽ കൊടുക്കാം. കുട്ടികൾ വിശന്നിട്ട് കരയുന്നതാണോ എന്നറിയാൻ കൂടിയാണത്രേ ഇത്. പിന്നീട് 90 വരെയൊ ചോറൂണ് വരെയോ പൊടികുറുക്കിയത് കൊടുക്കുന്നു. കഞ്ഞിപ്പുല്ല്, കുന്നൻകായ, ചേന, ആറുമരുന്ന് (പച്ചമരുന്നുകടയിൽ നിന്നുകിട്ടും) ഉണക്കിപ്പൊടിച്ച് കുറുക്കുന്നു. നേർപ്പിച്ച് കുട്ടികൾക്ക് കൊടുക്കുന്നു. ചോറൂണ് കഴിഞ്ഞാൽ വീട്ടിൽ തയ്യാറാക്കുന്ന ഏതു നല്ലഭക്ഷണവും കുട്ടിക്കു കൊടുക്കുന്നു. ദഹനക്കേടിന് കുട്ടികൾക്ക്, ആറുമരുന്ന് കഷായംവച്ച് ഓരോ തുളളി വീതം 3 നേരം കൊടുക്കുന്നു. ഛർദി (ഉണ്ടായാലും ഉണ്ടാകാതിരിക്കാനും) പീലിത്തണ്ട് കത്തിച്ചുകിട്ടുന്ന എണ്ണ തേനിൽ ചാലിച്ച് കൊടുക്കാം. ചിരങ്ങ് ചൊറി എന്നിവയ്‌ക്ക് നാടൻ കഷായങ്ങൾ വച്ചുകൊടുക്കുന്നു. പരമാവധി രോഗസാദ്ധ്യത ഉണ്ടാകാതിരിക്കാൻ 6 മാസംവരെ പൊടി കുറുക്കിയതും മുലപ്പാലും മാത്രംകൊടുക്കുന്നു.
ഋതുമതിയാകുമ്പോൾ ഃ ഉലുവമരുന്ന് പച്ചഉലുവ പൊടിച്ച് ശർക്കരയും ചേർത്ത് നാളികേരപ്പാലിൽ വിളയിച്ചുകൊടുക്കുന്നു. കോഴിമുട്ടയും എണ്ണയും കഴിക്കാൻ കൊടുക്കാം.
ഗർഭകാലത്ത് ഃ രാത്രി കിടക്കുന്ന സമയത്ത് അരിഷ്‌ടവും ഗുളികയും കഴിക്കുന്നു. ഏതവസരത്തിലും വൃത്തിയുളള നല്ല ഭക്ഷണം കൊടുക്കുന്നതുതന്നെ ധാരാളമാണ്. കൂടാതെ ഗർഭിണികൾക്ക് ഏറ്റവും വേണ്ടത് മനഃസമാധാനമാണ്.
പ്രസവിച്ചുകഴിഞ്ഞാൽ ഃ 3 ദിവസം പച്ചരി തേങ്ങാപ്പാലിൽ വേവിച്ച് കൊടുക്കുന്നു. കൂടുതൽ പാലുണ്ടാവാനാണിത്. പിന്നെ ചടങ്ങ്‌കഷായമാണ്. ചുക്ക്, ജീരകം എന്നിവ ശർക്കരയിൽ വിളയിച്ചുകൊടുക്കുന്നു.
ഉളളിഎണ്ണ ഃ ചുവന്നുളളി, വെളുത്തുളളി എന്നിവ വേവിച്ച് നാളികേരപ്പാലിൽ കുറുക്കി ലേഹ്യമാക്കിക്കൊടുക്കുന്നു.
കോഴിമരുന്ന് ഃ പ്രായമാകാത്ത പിടക്കോഴിയെ വൃത്തിയാക്കി, വേവിച്ച് അതിന്റെകൂടെ ജീരകം, മല്ലി, മഞ്ഞൾ, കടുക്, വെളുത്തുളളി, ചതകുപ്പ എന്നിവ ഇടിച്ച് പൊടിയാക്കി എണ്ണയിൽ വരട്ടിക്കൊടുക്കുന്നു (ചിലർ ഉലുവ കൂടി ചേർക്കാറുണ്ട്). ഉലുവ വെളളത്തിൽ കുതിർത്ത് തേങ്ങാപ്പാലിൽ വെരകിക്കൊടുക്കുന്നു.
പുളികുറുക്ക് ഃ പൂക്കുല തിളപ്പിച്ച വെളളം കുടപ്പുളി തിളപ്പിച്ച വെളളം എന്നിവയുടെകൂടെ മല്ലി, ജീരകം, കടുക്, ഉലുവ, വെളുത്തുളളി, ചതകുപ്പ, അയമോദകം, തിപ്പലി ചേർത്തുപൊടിച്ച് ഉണങ്ങിയ നെല്ലിക്ക തിളപ്പിച്ച് അരച്ചുചേർത്ത് തേങ്ങാപ്പാലും ശർക്കരയും ചേർത്ത് കൊടുക്കുന്നു. ധന്വന്തരം കഷായം കൊടുക്കാറുണ്ട്.
ചക്കവരട്ടിവയ്‌ക്കുന്നത് ഃ പഴുത്തചക്ക നാളികേരപ്പാലിൽ വേവിച്ച് പാകംവരുമ്പോൾ ശർക്കര ഉരുക്കി ചേർക്കുന്നു. ഭരണിയിൽ അടച്ചു സൂക്ഷിക്കുന്നു. പഴവും ഇതേ രീതിയിൽത്തന്നെ സംസ്‌ക്കരിക്കുന്നു.
ഉണക്കിവയ്‌ക്കുന്നത് ഃ മുളക്, കയ്‌പക്ക (പാവയ്‌ക്ക), ഇരിമ്പൻപുളി, മാങ്ങ, കുടപ്പുളി, പുളി, പച്ചപ്പയർ ഒടിച്ച് ഉപ്പിട്ട് വേവിച്ച് ഉണക്കി സൂക്ഷിക്കുന്നു.
കടുമാങ്ങ ഃ ഞെട്ടിയോടുകൂടി ചുന കളയാതെ കഴുകി കുരുകളഞ്ഞ് മുളകുപൊടി, ഉപ്പ്, കടുക് എന്നിവ ഇടിച്ചതും ചേർത്ത് കുഴമ്പാക്കി ഭരണിയിൽ വെളിച്ചം കാണാതെ ഇരുട്ടത്ത് സൂക്ഷിക്കുന്നു. പുഴുവരാതിരിക്കാൻ കശുവണ്ടിപ്പശ തേയ്‌ക്കും. ഒരുകൊല്ലം കഴിഞ്ഞ് എടുക്കുന്നു. തിരുവാതിരയ്‌ക്ക് കൂവപ്പൊടി വെരകിയതും പഴവും കഴിക്കുന്നു. ഏകാദശി, വാവ് തുടങ്ങിയ ദിവസങ്ങളിൽ അരിഭക്ഷണം ഒഴിവാക്കുന്നു.
മരുന്നുകഞ്ഞി ഃ ഉലുവ, ജീരകം, മല്ലി, മഞ്ഞൾ, കടുക്, കക്കുംകായ, മുറിമരുന്ന് എന്നിവ അരച്ച് കഞ്ഞിയാക്കി കുടിക്കുന്നു.
കൊതിപറ്റുക ഃ ഒരാൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, അതുകാണുന്ന ആൾക്ക് ആ ഭക്ഷണത്തോടുണ്ടാകുന്ന ആഗ്രഹം, കഴിക്കുന്ന ആളിൽ കൊതിപറ്റിക്കുന്നു. അതു മാറാൻ ഉപ്പൂതിക്കുന്നു. കൂടാതെ കുരുതി കലക്കിയ വെളളത്തിൽ മച്ചിങ്ങയോ കല്ലോ വച്ച് ഒരു തിരി കത്തിച്ചുവച്ച് മറ്റൊരുതിരി ഒരു കുടത്തിലും കത്തിച്ച് വയറിൻമേൽ മൂന്നുവട്ടം ഉഴിഞ്ഞ് കുരുതി വെളളത്തിൽ കമിഴ്‌ത്തുന്നു.
ശൈലികൾ, പഴഞ്ചൊല്ലുകൾ ഃ ഇലയിട്ടു ചവിട്ടുക, ഉരുളയ്‌ക്കുപ്പേരി, ഉണ്ടചോറിൽ കല്ലിടുക, ക്ഷണിക്കാത്ത സദ്യയ്‌ക്കു ചെല്ലുക, വിളിച്ചുണർത്തി ഊണില്ലെന്നു പറയുക, ഇലനക്കിനായരുടെ കിറിനക്കിനായര്, കൊക്കിലൊതുങ്ങുന്നത് കൊത്തുക, അത്താഴംതന്നെ കൊത്തിപ്പെറുക്കി പിന്നേണ്ടോ പഴങ്കഞ്ഞി, പുത്തരിയിൽ കല്ലുകടിക്കുക. പയ്യെത്തിന്നാൽ മുളളും തിന്നാം, എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെത്തിന്നാം, സമ്പത്തുകാലത്തു തൈപത്തുവച്ചാൽ ആപത്തുകാലത്തു കാപത്തു തിന്നാം, വെളുത്തനെല്ലിന്റെ പതിരറിയാം കറുത്തതിന്റെ അറിയില്ല, പശു ചത്താലും മോരിലെ പുളി പോകുമോ, ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം, സദ്യയ്‌ക്കു മുന്നിൽ പടയ്‌ക്കു പിന്നിൽ, ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം, അരിവയ്‌ക്കുന്നതിനു മുമ്പ് കറിവയ്‌ക്കണം, മോരൊഴിച്ചുണ്ണരുത്, മൂത്രൊഴിച്ചുണ്ണണം.
Generated from archived content: annam1_may5_07.html Author: sarojini_velayudhan