പ്രണയത്തിന്റെ ദീപ്തമുഖം

ശ്രീപാര്‍വതിയുടെ ശാപം മൂലമാണ് കാളിദാസന് കുമാരസംഭവകാവ്യം പൂര്‍ത്തികരിക്കാനാവാതെ പോയത് എന്നൊരു കഥയുണ്ട്. വിവര്‍ത്തകരും വ്യാഖ്യാതാക്കളും ഒരേപോലെ കുമാരസംഭവത്തിന്റെ എട്ടാം സര്‍ഗത്തെ സംശയത്തോടെ നീക്കിവച്ചു. അത് കാളിദാസനെഴുതിയതല്ലെന്ന് ആരോപണമുന്നയിച്ചു. ശിവപാര്‍വതിമാരുടെ പ്രണയനിര്‍ഭരമായ രതിലീലകളാണ് എട്ടാം സര്‍ഗത്തിന്റെ പ്രതിപാദ്യം. മൂല്യസംരക്ഷകര്‍ രോഷാകുലരായി. ജഗത്പിതാക്കളുടെ രതിവര്‍ണ്ണന സാഹിത്യചരിത്രകാരന്മാരേയും ചൊടിപ്പിച്ചു. രസവാദത്തിന്റെ വ്യാഖ്യാതാവായ ആനന്ദവര്‍ധനാചാര്യനുപോലും എട്ടാം സര്‍ഗത്തെ ഉള്‍ക്കൊള്ളാനായില്ല. ദീര്‍ഘകാലത്തെ പ്രണയതപസ്സുകള്‍ക്കും കഠിനമായ ശാരീരികപീഢനങ്ങള്‍ക്കും കാമദാഹത്തിനും കൂടി ശേഷമാണ് അനിവാര്യമായ ആ സംഗമം നടക്കുന്നത്. അപ്പോഴേക്കും ശിവന്‍ , പാര്‍വതിയുടെ പ്രണയത്തിന് അടിമയാവുക തന്നെ ചെയ്തിരുന്നു. ‘ ഹേ സുന്ദരീ, ഇന്നു മുതല്‍ ഞാന്‍ നിന്റെ അടിമയാണ് . പ്രണയം കൊണ്ടും ഘോര തപസ്സുകള്‍ കൊണ്ടും നീ എന്നെ വിലക്കെടുത്തിരിക്കുന്നു’ എന്നാണ് ശിവന്‍ പാര്‍വതിയോടു പറയുന്നത്. രാപകല്‍ ഭേദമില്ലാതെ പാര്‍വതീസംഗമത്തിലേര്‍പ്പെട്ട ശംഭുവിന് അവിടെ വച്ച് നൂറ്റിയന്‍പതു ഋതുക്കള്‍ ഒറ്റ രാത്രി പോലെ കഴിഞ്ഞുപോയി. എന്നിട്ടും സമുദ്രത്തിനകത്തെ ബന്ധവാഗ്നി അതിലെ വെള്ളത്തിലെന്നപോലെ , സുരതസുഖങ്ങളില്‍ ശിവന്‍ ആശയറ്റവനായതുമില്ല. സര്‍വ സംഗപരിത്യാഗിയും കാമാന്തകനുമായ ഒരു കഠിനപുരുഷനെ , അയാളുടെ എല്ലാ പ്രതിരോധങ്ങളേയും ഇന്ദ്രിയനിഗ്രഹശ്രമങ്ങളെയും തകര്‍ത്ത്, പ്രാപഞ്ചികതയുടെയും പ്രണയത്തിന്റേയും അടിമയാക്കി മാറ്റിയ സ്ത്രീയാണ് പാര്‍വതി. പാര്‍വതിക്ക് എങ്ങനെ കാളിദാസനെ ശപിക്കാനാകും? ര‍തിയുടെ വശ്യത , യാന്ത്രികമായി ചെറുക്കപ്പെടേണ്ടതല്ലെന്നും അതിലൂടെ കടന്നു പോയി മാത്രമേ അതിനെ അതിജീവിക്കുവാന്‍ കഴിയൂ എന്നും ആണിനെ പഠിപ്പിച്ച പെണ്ണല്ലേ പാര്‍വതി? ശിവന്റെ ആഭരണങ്ങളില്‍ ഒന്നാണ് സുവര്‍ണ്ണ രേതസ്സ് എന്ന് ശിവ സഹസ്രനാമത്തില്‍ കാണുന്നുണ്ട്. മറ്റൊരു ദേവനും ഇങ്ങനെയൊരു വിഭൂഷയുള്ളതായി അറിവില്ല. ശിവനല്ലാതെ മറ്റൊരു പുരുഷന്റെയും നെറ്റിയില്‍ ഭാര്യയുടെ പാദമുദ്രയുള്ളതായും അറിവില്ല. രതിതന്ത്രങ്ങളില്‍ പാര്‍വതി, ശിവനെ അത്രയ്ക്കു കീഴ്പ്പെടുത്തിയിരുന്നതായി സൗന്ദര്യലഹരിയും പറയുന്നു. ശങ്കരാചാര്യര്‍ക്ക് പരകായപ്രവേശത്തിലൂടെ ഭോഗപര്‍വത്തിലേക്കു കടന്നു പോയതിനു ശേഷമാണ് സൗന്ദര്യലഹരി പൂര്‍ത്തീകരിക്കാനായത്. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാശ്മീരി കവിയാണ് ബില്‍ഹണന്‍. ഇന്‍ഡ്യയൊട്ടാകെ സഞ്ചരിച്ച് അദ്ദേഹം വിവിധ രാജസദസ്സുകളിലെ കവി പദവി അലങ്കരിച്ചു. പാഞ്ചാലരാജാവായ മദനാഭിരാമന്‍, തന്റെ മകളായ യാമിനീപൂര്‍ണതിലകയെ കാവ്യശാസ്ത്രങ്ങള്‍ പഠിപ്പിക്കാനായി ബില്‍ഹണെ നിയോഗിക്കുന്നു. രാജകുമാരിയും ഗുരുവായ കവിയും തമ്മില്‍ തീവ്രാനുരാഗത്തിലായി. പ്രണയത്തില്‍ നിന്ന് അവരെ ആകുന്നവിധത്തിലെല്ലാം ശ്രമിച്ച് പരാജിതനായപ്പോള്‍ ബില്‍ഹണെനെ തടവിലിടുവാനും ഒടുവില്‍ വധിച്ചു കളയുവാനും രാജാവ് തീരുമാനിക്കുന്നു . പ്രണയവിരഹത്തോളം കഠിനമായിരുന്നില്ല ബില്‍ഹണനു മരണശിക്ഷ. മരണവിധിക്കുമുന്നിലെ അയാളുടെ കൂസലില്ലായ്മയും പ്രണയദാര്‍ഢ്യവും കണ്ട് അത്ഭുതപ്പെട്ട രാജാവ് , മകളെ ബില്‍ഹണനു നല്‍കി. താന്‍ പ്രണയിനിയോടൊത്തു പങ്കിട്ട ആഹ്ലാദങ്ങളും പ്രണയമുഹൂര്‍ത്തങ്ങളും സുരതകേളികളും തറവറയിലെ ഭീതീദമായ ഏകാന്തതയില്‍ , കവി തന്റെ അതിജീവനമന്ത്രമാക്കുകയാണ്. അന്‍പതു പദ്യങ്ങളിലായി തങ്ങളുടെ മൈഥുന മുഹൂര്‍ത്തങ്ങളെ ബില്‍ഹണ്‍ പകര്‍ത്തി. പ്രണയത്തിലും രതിയിലും സ്ത്രീ, കര്‍ത്തൃസ്ഥാനത്തായിരിക്കുന്നത് കുമാരസംഭവങ്ങളി‍ലെന്നതുപോലെ ബില്‍ഹണന്റെ ചുരപഞ്ചാശികയിലും കാണാം. ബില്‍ഹണനു പകരം, പ്രണയിനിയായ യാമിനീപൂര്‍ണതിലകയായിരുന്നു ഈ സുരതാനുഭൂതികള്‍ പകര്‍ത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും അത് കൂടുതല്‍ ശക്തമാകുമായിരുന്നു എന്നു വേണം കരുതാന്‍. ‘ നൂറ്റാണ്ടുകളായി പ്രണയത്തിന്റെ പൂര്‍ണ്ണത പ്രകടിപ്പിച്ചിട്ടുള്ളത് സ്ത്രീകളാണ്. സംസാരമത്രയും എന്നും അവരാണ് നടത്തിപ്പോന്നിട്ടുള്ളത്; ഇരു കൂട്ടരുടേയും പുരുഷന്‍ അവളുടെ വാക്കുകള്‍ അനുകരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. അതും വളരെ വികലമായി’ എന്ന് മഹാകവി റെയ്നര്‍ മറിയ റില്‍ക്കെ എഴുതിയിട്ടുണ്ട്. വിരഹിയായ പുരുഷന്റെ വേദനയിലും വിലാപത്തിലുമുടനീളം ഊര്‍ജദായകമായ ഒരു സ്ത്രീസാന്നിധ്യത്തിന്റെ ചടുതലതയുണ്ട് എന്നത് ഈ കൃതിയിലേക്കെന്നെ ആകര്‍ഷിച്ച ആദ്യഘടകമാന്. യാമിനീപൂര്‍ണ്ണതിലക എന്ന പേരിനോളം സമുചിതമായി ഒരു പ്രണയിനിയെ മറ്റെന്താ‍ണ് പ്രതിനിധാനം ചെയ്യുക? കൂടുതല്‍ കൂടുതല്‍ വായിച്ചപ്പോള്‍ പരിഭാഷ ചെയ്യാന്‍ ഒട്ടേറെ ദുര്‍ഘടങ്ങളുണ്ടെന്ന് മനസിലായി. പുരുഷഭാഷയില്‍ രചിക്കപ്പെട്ട രതികാവ്യം സ്ത്രീ പരിഭാഷപ്പെടുത്തുക എന്നതിലെ ആദ്യകൗതുകം അടക്കാനാവാത്തതായിരുന്നു. യാമിനി പൂര്‍ണ്ണതിലകയാണ് കാവ്യം വായിക്കുന്നതെന്നു സങ്കല്‍പ്പിച്ച് നോക്കിയപ്പോള്‍ മനസ്സ് ഉത്സാഹഭരിതമായി അവള്‍ പാകപ്പെടുത്തിയ ആവേഗങ്ങളായി പിന്നെ എന്റെ മനസ്സിന്റെയുള്ളില്‍. മലയാളത്തിലെ പാടിപ്പതിഞ്ഞു കിടക്കുന്ന ചലച്ചിത്രഗാനങ്ങളില്‍ നിന്ന് സ്വയം കുടഞ്ഞുമാറാതെ ഇതിലെ ഒരു പദത്തെയും സമീപിക്കാനാവില്ല. എന്നതായിരുന്നു മറ്റൊരു ദുര്‍ഘടം. വയലാര്‍ സ്പര്‍ശിക്കാത്ത ഒരു രതിസങ്കല്‍പ്പവും രതിബിംബവും സൗന്ദര്യ ശില്‍പ്പവുമില്ല എന്നത് കുഴക്കുന്ന തിരിച്ചറിവായിരുന്നു. ഓരോ കവിതയും പരിഭാഷപ്പെടുത്തി വായിച്ചു നോക്കുമ്പോള്‍ മുന്‍പെവിടെയോ കേട്ട ഓര്‍മ. ആവര്‍ത്തിച്ചുള്ള സംഭോഗശൃംഗാരമൊഴികളില്‍ രതിയുടെ സൂക്ഷമഭാവങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നതായും അനുഭവപ്പെട്ടു. എന്നിരുന്നാലും ഓരോ ദിവസവും ഈ പരിഭാഷാപ്രക്രിയ ഒരാവേശമാവുകയായിരുന്നു. പരിഭാഷയിലെ പ്രതിബന്ധുക്കളെ മറികടന്നത് ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തുകൊണ്ടാണ്. പദാനുപദ തര്‍ജ്ജമക്കു പകരം ആശയത്തിനു വലിയ കോട്ടം വരാതെ ചിലതെല്ലാം കൂട്ടിച്ചേര്‍ത്തും വെട്ടിക്കുറച്ചും, ഉള്ള ഒരു സ്വതന്ത്രപരിഭാഷയാണ് നടത്തിയത്. അങ്ങനെ ചൌരപഞ്ചാശിക, പ്രണയത്തവുകാരനായി. ഒരു പ്രണയത്തടവുകാരന്റെ ഉന്മത്തതകള്‍. പരസ്പരം അറിയാനാഗ്രഹിക്കുക അടുക്കുക, അടുക്കുന്തോറും ആഴം ചെന്നു ചേരാനാകാത്തത്ര അകലത്തിലാണെന്നറിയുക – ഇത് പ്രണയത്തിന്റെ നിമിഷങ്ങളിലെ ദിവ്യമായ ദൗര്‍ലബ്യമാണ്. വിവര്‍ത്തനത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ രണ്ടു ഭാഷകള്‍ക്കിടയില്‍ സംഭവിക്കുന്നതും ഇതുപോലെ എന്തോ ഒന്നാണ്. ബില്‍ഹണന്റെ കവിത മൊഴിമാറ്റം ചെയ്യുമ്പോള്‍ ഈ ദൗര്‍ലഭ്യമായിരുന്നു എന്റെ ആയുധവും മന്ത്രവും. വിരഹിയായ ഒരു പുരുഷന്റെ ത്വരകളെ ഗ്രഹിക്കുകയായിരുന്നു ഞാന്‍. ആദ്യമായി സംഗീതമുണ്ടായതും തീയെരിഞ്ഞതും സംസ്ക്കാരങ്ങളുണ്ടായതും പ്രണയത്തിന്റെ തീരങ്ങളിലായിരിക്കാം. ഒരു കവിതയില്‍ നിന്നും മറ്റൊന്നിലേക്ക് , പടരുന്ന അഗ്നിയില്‍ നിന്ന് പടരുന്ന അഗ്നിയിലേക്കെന്നപോലെ ഉടലും ഉയിരും ഉണര്‍ന്നത് വിവര്‍ത്തനത്തിടയിലെ സ്വകാര്യാനുഭവം . ആ അനുഭവങ്ങളുടെ സൂക്ഷമരേഖകളാണ് ഇതിലെ വാക്കുകള്‍ പഞ്ചഭൂതാത്മകമായ ശരീരത്തില്‍ അഗ്നിയുടെയും ജലത്തിന്റേയും സൂക്ഷമായ ഉറവകളെവിടെ എന്നു തിരിച്ചറിഞ്ഞു . കടലില്‍ നിന്ന് ആകാശത്തിലേക്ക് മത്സ്യങ്ങള്‍ കുതിച്ചു ചാടുന്ന പ്രചോദകമായ വിനാഴികകള്‍ ഏതായിരിക്കുമെന്ന് ഊഹിച്ചു. വാക്കുകളുടെ മഴയില്‍ ആദിമാനുഭൂതികളിലേക്ക് അസാധാരണമായ ഒരാന്തരവേഗത്തോടെ ഞാനൊലിച്ചു. ദാര്‍ശനികര്‍ തത്ത്വ ചിന്താപരമായ ഭാഷയില്‍ അന്വേഷിച്ചുകൊണ്ടിരുന്നതും ഇത്തരം അതീന്ദ്രിയാനുഭവങ്ങളെ ആയിരിക്കില്ലേ?ബില്‍ഹണന്‍ എഴുതിയ ഒരു താരുണ്യോത്സവം തന്നെയാണീ കൃതി. മരണത്തേയും അധികാരത്തേയും വര്‍ഗീയവും വംശീയവുമായ അതിര്‍വരമ്പുകളെയും പ്രണയം എങ്ങനെ തോല്‍പ്പിച്ചു കളയുന്നുവെന്ന് തെളിയിക്കുമ്പോള്‍ ഇതൊരു ജീവകാമനയുടെ പ്രത്യക്ഷമാവുകയാണ് . പ്രപഞ്ചത്തിന്റെ താളമാണ് സ്ത്രീപുരുഷപ്രണയത്തിന്റെ താളമെങ്കില്‍ ബില്‍ഹണന്റെ പ്രണയത്തടവുകാരന്‍ പ്രപഞ്ചതാളവുമാണ്. പ്രസാധനം :മാതൃഭൂമി ബുക്സ്വില : 50.00

Generated from archived content: vayanayute53.html Author: s_saradakuttty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here