ലോകനാർകാവ്‌

ദേവീകാവുകളിൽ മുഖ്യമായ ഒന്നാണ്‌ ലോകനാർകാവ്‌. ലോകരും മലയും ആറും കാവും ഒത്തിണങ്ങിയ പ്രദേശം എന്നർത്ഥം വരുന്ന ലോകമലയാർകാവ്‌ ലോപിച്ചാണ്‌ ലോകനാർകാവായത്‌. ചില വടക്കൻ പാട്ടുകളിൽ ഒളവന്നൂർകാവ്‌ എന്നും പ്രയോഗിച്ചു കാണുന്നു. വടകരയിൽ നിന്ന്‌ അഞ്ച്‌ കി.മീ. കിഴക്കുമാറിയാണ്‌ ഈ കാവ്‌ സ്ഥിതിചെയ്യുന്നത്‌. ഉൽപ്പത്തിയെക്കുറിക്കുന്ന വ്യക്‌തമായ ചരിത്രരേഖകൾ ലഭ്യമല്ലെങ്കിലും ഐതിഹ്യങ്ങളും തോറ്റംപാട്ടുകളും പലചരിത്രസത്യങ്ങളിലേക്കും കൺതുറക്കുന്നുണ്ട്‌. നൂറ്റാണ്ടുകൾക്കുമുമ്പ്‌ ഉത്തരേന്ത്യയിൽ നിന്നും ധനികരായ ഒരു സംഘം വൈശ്യപ്രമാണിമാർ തങ്ങളുടെ ആരാധനാമൂർത്തിയായ ദേവിയോടൊപ്പം ദക്ഷിണേന്ത്യയിലെത്തി. അവർ തുറമുഖവ്യാപാരനഗരമായ കൊല്ലത്തെ ലോകമാലേശ്വരം എന്ന സ്ഥലത്ത്‌ താവളമടിച്ചു. വ്യാപാരാവശ്യാർത്ഥം ദേശാടനം ചെയ്യുക അവരുടെ പതിവായിരുന്നു. ഇങ്ങനെ പുറപ്പെട്ട സംഘങ്ങൾ സ്ഥാപിച്ചതാണ്‌ കൊടുങ്ങല്ലൂർ, കൊല്ലം പിഷാരിക്കാവ്‌, ലോകനാർകാവ്‌ എന്നിവ എന്നു വിശ്വസിക്കപ്പെടുന്നു.

കൊല്ലത്തു നിന്നു യാത്രപുറപ്പെട്ട ഒരു സംഘം വടകരയ്‌ക്കടുത്ത പുതുപ്പണത്തു താമസമുറപ്പിച്ചു. എന്നാൽ ഇതധികകാലമുണ്ടായില്ല. തങ്ങളിലൊരാൾക്ക്‌ ഏർക്കേണ്ടിവന്ന മാനഹാനി നിമിത്തം മനംനൊന്ത്‌ പുതുപ്പണമുപേക്ഷിച്ച്‌ അവർ കുട്ടോത്തുവഴി മേമുണ്ടയിലെത്തി. അവിടെ ‘ഓലമ്പല’ത്തിൽ സഭകൂടിയ സ്ഥാനികരോട്‌ തങ്ങളുടെ കുലദേവതയെ കുടിയിരുത്തുവാനൊരിടം തരണമെന്നപേക്ഷിച്ചു. അങ്ങനെ അവരെല്ലാവരും കൂടി ലോകനാർകാവ്‌ വിഷ്‌ണുക്ഷേത്രത്തിലെത്തി. ദേവി ശ്രീകോവിലിന്റെ വടക്കുവശത്തുളള അകക്കോലായിൽ ഭഗവാന്റെ അതിഥിയായിരുന്നുവത്രേ. ഇന്നും ഭക്‌തജനങ്ങൾ പ്രദക്ഷിണസമയത്ത്‌ ആ സ്ഥാനത്തെ തൊഴുതുവണങ്ങുന്നത്‌ ഇതിന്റെ സ്‌മരണയ്‌ക്കായിരിക്കാം. പിന്നീട്‌ ചെറിയൊരഴിപ്പുരയുണ്ടാക്കി അമ്മയെ അവിടെ താൽക്കാലികമായി കുടിയിരുത്തി. ആ കൊച്ചുപുര ‘പാട്ടുപുര’ എന്ന പേരിൽ അറിയപ്പെടുന്നു. വ്യാപാരിസംഘത്തിലെ കാരണവൻമാർ തൊട്ടടുത്ത കൊടക്കാട്‌ കുന്നിന്റെ മുകളിലെത്തി തങ്ങളുടെ കുലദേവതയെ വിധിയാംവണ്ണം പ്രതിഷ്‌ഠിക്കാൻ വഴികാണിക്കണേ എന്നു പ്രാർത്ഥിച്ചുകൊണ്ട്‌ ആകാശത്തേക്കൊരമ്പെയ്‌തു. അമ്പു ചെന്നു തറച്ചത്‌ പേരറിയാത്ത ഒരു മരത്തിൽ. ഈ മരമാണ്‌ ഭഗവതികാവിലെ മൂലപ്രതിഷ്‌ഠ (മണിത്തൂണ്‌). വിഷ്‌ണുക്ഷേത്രത്തോടുതൊട്ടുളള സ്ഥലം ക്ഷേത്രപ്പണിക്ക്‌ സ്വീകരിച്ചു. ‘ആനച്ചവിട്ടടിക്കാമാടകൊടുത്ത്‌’ ലോകനാർ കാവിനു ചുറ്റുമുളള സ്ഥലങ്ങൾ അവർ വാങ്ങി (ആനച്ചവിട്ടടി-ഒരു തരം അളവ്‌, ആമാട-ഒരു തരം പൊൻ നാണയം).

കാവിനുചുറ്റും ഒരു പുത്തൻ വ്യാപാരനഗരം വളർന്നു. എന്നാൽ കാലപ്പോക്കിൽ കാവിനു സമീപത്തുകൂടി ഒഴുകിയിരുന്ന മൂരാട്‌ പുഴയുടെ കൈവഴി വഴിമാറിയതോടെ വ്യാപാരം തകർന്നപ്പോൾ ഉടമസ്ഥത കടത്തനാട്ടു രാജാവംശത്തിനായി. എന്നാൽ വണിക്കുകൾക്കുണ്ടായിരുന്ന അവകാശാധികാരങ്ങൾ തുടർന്നു പോന്നു. കൊല്ലത്തുനിന്നു വന്ന ഈ വ്യാപാരികളെ വ്യാപാരിനായൻമാർ അഥവാ രാവാരികൾ എന്നു വിളിച്ചു വരുന്നു. പലവടക്കൻപാട്ടുകളിലും ‘രാവാരികൾ’ എന്ന പ്രയോഗം കാണാംഃ

“കാവിലായി കുങ്കൻ രാവാരിയോ കണക്കോലവായിച്ചിരിക്കുന്നല്ലോ”

കൊല്ലം കാവിൽ, കായണ്ണ, കടമേരി തുടങ്ങിയസ്ഥലങ്ങളിൽ ഇവരുടെ അനേകം ഗൃഹങ്ങളുണ്ട്‌. അമ്മയുടെ കാഴ്‌ചവിഗ്രഹം അഭയവരമുദ്രകളോടെ നിലകൊളളുന്നു. അത്താഴപൂജകഴിഞ്ഞാൽ അമ്മ മനയ്‌ക്കലെ പളളിയറയിൽ പളളികൊളളുന്നുവെന്നാണ്‌ വിശ്വാസം. ദേവീക്ഷേത്രത്തോടു തൊട്ടുതന്നെ ശിവൻ, വിഷ്‌ണു എന്നീ ദേവൻമാരുടെ ക്ഷേത്രങ്ങളുണ്ട്‌. ‘താഴെ ക്ഷേത്രങ്ങൾ’ എന്ന്‌ ഇവയെ വിളിച്ചുവരുന്നു. ദേവീക്ഷേത്രസമുച്ചയത്തിൽ ഏറ്റവും പഴക്കമുളളത്‌ വിഷ്‌ണുക്ഷേത്രത്തിനാണ്‌. ദുർഗ, ശിവൻ, വിഷ്‌ണു എന്നീ മൂന്നു ശക്‌തികളും അടുത്തടുത്തായി വരിക വളരെ അപൂർവ്വമാണ്‌. തൊട്ടുതന്നെവടക്കൻ പാട്ടുകളിൽ പ്രസിദ്ധമായ വലിയചിറയും ചെറിയചിറയും സ്ഥിതിചെയ്യുന്നു. പ്രധാനമായും രണ്ടുത്സവങ്ങളാണ്‌ ഇവിടെയുളളത്‌. വൃശ്ചികമാസം മുഴുവൻ നടക്കുന്ന വിളക്കുത്സവവും, മീനമാസത്തിലെ രോഹിണി നക്ഷത്രത്തിൽ കൊടികയറി ഒരാഴ്‌ചനീണ്ടുനില്‌കുന്ന പൂരം ഉത്സവവും. വൃശ്ചികം ഒന്നിന്‌ ‘കൊല്ലൻ വരവ്‌​‍്‌ എന്ന തിരുവായുധമെഴുന്നളളത്തോടെ വിളക്കുത്സവമാരംഭിക്കുന്നു. ഓരോ ദിവസത്തെ വിളക്കും നിശ്ചയിക്കപ്പെട്ട കുടുംബങ്ങളോ സംഘങ്ങളോ സമുദായങ്ങളോ ആണ്‌ നടത്തുന്നത്‌. പൂരം ഉത്സവത്തിലെ അതിപ്രധാനമായ രണ്ടുചടങ്ങുകളാണ്‌ പൂരംകുളിയുടെ തലേദിവസം നടക്കുന്ന നാടുവലംവയ്‌ക്കലും പളളിവേട്ടയും. നിശ്ചിത ഗ്രാമവീഥിയിലൂടെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിഗ്രഹങ്ങൾ ആനപ്പുറത്തെഴുന്നുളളിക്കുന്നതിനാണ്‌ നാടുവലംവയ്‌ക്കൽ എന്നു പറയുന്നത്‌. കൂടെ തെയ്യമ്പാടിക്കുറുപ്പുമുണ്ടാവും. തെയ്യമ്പാടിയുടെ തോറ്റം ചൊല്ലൽ ഭഗവതിസ്‌തുതിയോടൊപ്പം ചരിത്രവസ്‌തുതകളിലേക്കും വെളിച്ചം വീശുന്നു. നാടുവലംവെക്കലിനുശേഷം പളളിവേട്ട ആരംഭിക്കുകയായി. കൊട്ടും മേളവുമില്ലാതെ തൊട്ടടുത്ത പുളിക്കൂൽ പറമ്പിലേക്ക്‌ എഴുന്നളളത്ത്‌ പുറപ്പെടുന്നു. അവിടെവച്ച്‌ സ്ഥാനികനായ എടക്കാട്ടുനമ്പ്യാർ നായാട്ടുവിളി ആരംഭിക്കുന്നു. നായാട്ടുവിളിയുടെ അവസാനം പ്രതീകാത്‌മകമായി ആകാശത്തേക്കു വെടിവക്കുന്നു. അതോടെ ആർപ്പുംവിളിയും ഉയരുകയായി. ജീവനുളള പന്നിക്കുപകരം ജീവൻ തുടിക്കുന്ന മരപ്പന്നിയുമായി തിരിച്ചെഴുന്നുളളുന്നു.

പളളിവേട്ട ദിവസം തണ്ടാന്റെ നേതൃത്വത്തിൽ ഇളനീർവരവുനടക്കുന്നു. ഇതിനുശേഷം മലയർ അവതരിപ്പിക്കുന്ന ഹാസ്യരസപ്രധാനമായ മലയക്കളി അരങ്ങേറുന്നു. പിറ്റേദിവസമാണ്‌ ആറാട്ട്‌ അഥവാ പൂരംകുളി. നാടുവലംവക്കലിനുശേഷം, എഴുന്നളളത്ത്‌ ക്ഷേത്രകുളത്തിൽ എത്തിച്ചേരുന്നു. ആറാട്ടുകഴിഞ്ഞാൽ അരയാൽത്തറയിൽ പ്രത്യേകം സജ്ജമാക്കിയ മണിപ്പന്തലിൽ ദേവീദേവൻമാരുടെ വിഗ്രഹങ്ങൾ എഴുന്നളളിച്ചുവെക്കുന്നു. തുടർന്ന്‌ പാട്ടുപുരയിലേക്കുളള എഴുന്നളളത്തും പൂരക്കളിയും നടക്കുകയായി. പൂരക്കളി നടക്കുന്നത്‌ വടക്കേത്തറയിലാണ്‌. വ്രതാനുഷ്‌ഠാനങ്ങളോടെ അവകാശികളായ കുടുംബക്കാർ വിഗ്രഹത്തിൽ ചാർത്തിയ പൂമാല ശിരസ്സിൽ ചൂടി ഒരു പ്രത്യേക ചിട്ടയിൽ അമ്മയുടെ പാട്ടുംപാടി ചുവടുകൾ വെക്കുന്നു.

മുമ്പുകാലത്ത്‌ ലോകനാർകാവിലെ പ്രമുഖ ഉത്സവമായിരിക്കാം കാവൂട്ടും പാട്ട്‌. വടക്കൻപാട്ടുകളിൽ ഇതിനെക്കുറിച്ചുളള പരാമർശങ്ങൾ കാണാം. തച്ചോളി ഒതേനനോട്‌ ഏട്ടൻ പറയുന്നു.

’ഒളവന്നൂർ കാവിലെ ഭഗവതിക്ക്‌ കാവൂട്ടും വേലയടുത്തുപോയി…..‘ ഈ കാവൂട്ടും വേലയ്‌ക്ക്‌ പന്തൽപ്പണി നടത്തുമ്പോഴാണ്‌ ഒതേനൻ മതിലൂർ ഗുരുക്കളുമായി അങ്കം കുറിക്കുന്നത്‌. കാവൂട്ടും പാട്ടിനോടനുബന്ധിച്ച്‌ മുമ്പുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന എഴുന്നളളത്തോ വെളളാട്ടമോ ഇന്നില്ല. ഉച്ചാൽ, തൃപ്പുത്തരി, ഇല്ലംതിറ മുതലായവയാണ്‌ മറ്റുവിശേഷദിവസങ്ങൾ.

വടക്കൻപാട്ടുകളിലെ വീരശൂരപരാക്രമിയായ തച്ചോളി ഒതേനന്‌ കാവിലമ്മയുമായുളള ബന്ധം അഭേദ്യമാണ്‌. ഒതേനനെന്നും കൂട്ടായി, ശക്‌തിയായി, സാന്ത്വനമായി കാവിലമ്മയുണ്ട്‌. ’ഈച്ചക്ക്വെറുമ്പിനൊരാവതില്ലാത്ത‘ അരുണാതിരിക്കോട്ട കടക്കാനും കുഞ്ഞികന്നിയെകൊണ്ട്‌ ഏഴുചുരുളുവെറ്റില ചുറ്റിച്ച്‌ ഒതേനന്റെ മാനം രക്ഷിക്കാനും കാവിലമ്മയാണ്‌ തുണ. മറ്റൊരിക്കൽ വങ്കാളറ്‌ കോട്ടപ്പണി (വങ്കാളറ്‌ കോട്ടപ്പണി കണ്ടോരാരും മലനാട്‌ കണ്ട്‌ മരിച്ചിട്ടില്ല) കാണണമെന്ന ആഗ്രഹത്തിന്‌ എതിര്‌ നിൽക്കുന്ന ഏട്ടനോട്‌ ചൊടിച്ച്‌ ഒതേനൻ ലോകനാർകാവിലെത്തുന്നു. മനസ്സിന്‌ മുറിവേൽക്കുമ്പോൾ എന്നും ഒതേനൻ കാവിലമ്മയെ ശരണം പ്രാപിക്കുന്നു. അപ്പോൾ ഭഗവതിയുടെ അരുളപ്പാടുണ്ടായി;

’വങ്കാളറ്‌ കോട്ടക്ക്‌ പോന്നതിന്‌

നീയ്യ്‌ മടിക്കേണ്ട കുഞ്ഞ്യൊതേനാ ഞാനും കൂടെപ്പൊരം പോന്നാപ്പോരെ…..‘

അതുപോലെ ’കുഞ്ഞികിണ്ണംകൊണ്ട്‌ താളമാടി താളത്തിനൊത്തൊരു പാട്ടുപാടി‘ കാവിൽച്ചിറയിൽ കുളിക്കാൻ വന്ന കാവിലും ചാത്തോത്ത്‌ ചീരുവിനെ കണ്ട്‌ മോഹിച്ച ഒതേനൻ ചീരുവിനെ ഭാര്യയാക്കുന്നതും അമ്മയുടെ അനുഗ്രഹം കൊണ്ടുതന്നെ. ഒതേനനും പറമ്പിൽകുറുക്കാട്ട്‌ ചേരനും തമ്മിലുളള കലഹത്തെക്കുറിച്ചുളള പാട്ടിൽ കാവിലമ്മയും ഒതേനനും തമ്മിലുളള ആത്മബന്ധം വെളിവാകുന്നു. ഇത്‌ ക്ഷേത്രത്തിന്റെ ഉദ്‌ഭവത്തെ സൂചിപ്പിക്കുന്ന കഥയായി കാണുന്നവരും കുറവല്ല. ഒതേനനെ കൊല്ലാനായി ഒരുങ്ങിപ്പുറപ്പെട്ട പറമ്പ്‌ക്കുറുക്കാട്ട്‌ ചേരൻ അന്വേഷിച്ചന്വേഷിച്ച്‌ കാവിലും വന്നെത്തുന്നു. കാവിലമ്മയോട്‌ ഒതേനനെ കാണിച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നു. അപ്പോൾ അമ്മ പറയുന്നുഃ

’ഇന്നെന്റെ ഒതേനനങ്ങില്ലെങ്കില്‌

ഇന്ന്‌ ഞാൻ കാവിലങ്ങില്ല ചേരാ….

അമ്മയിന്നക്കൊടുങ്ങല്ലൂര്‌ കാരിപ്പോയി‘.

ഒരനിയത്തി മണിയൂർ തെരുവത്തും മറ്റൊരനിയത്തി കലയാം വെളളിയും അച്‌ഛൻ പൊൻമേരിയും മുത്തശ്ശി പെരുവശ്ശേരിയും ഇളയ അനിയത്തി പാങ്ങോട്ടൂരും കൂടിയിരുന്നു. ദേവീയാത്ര തുടർന്ന്‌ കാവിലെത്തി. കുഞ്ഞായിരുന്ന ഒതേനൻ കെട്ടിയ ഈന്തോലപ്പന്തലിലായിരുന്നു മൂന്നു കൊല്ലത്തെ വാസം. പിന്നെ ഈന്തോലമാറ്റി തെങ്ങോലയാക്കി. ഒതേനന്റെ ഒമ്പതാം വയസ്സിൽ ക്ഷേത്രം ഓടുവെപ്പിച്ചു. പതിനാലാം വയസ്സിൽ ഓടുമാറ്റി ചെമ്പടിച്ചു.

’അങ്ങനെത്ത്യൊതേനൻ കുഞ്ഞനാണ്‌

ഞാനെന്റെ യൊതേനനെ തെരുവയില്ല‘ എന്നാണ്‌ അമ്മയുടെ മാറ്റമില്ലാത്ത ആ വാക്ക്‌. ഈ ആത്‌മബന്ധം കൊണ്ടാണ്‌ തന്നെ അധിക്ഷേപിച്ചിട്ടുപോലും ഭഗവതി ഒതേനനെ തുണയ്‌ക്കുന്നത്‌. മതിലൂർ ഗുരുക്കളുമായി അങ്കം കുറിച്ച ഒതേനൻ അങ്കത്തിനു പുറപ്പെടുന്നതിനുമുമ്പായി ഭഗവതിയുടെ തിരുമുമ്പിൽ നമസ്‌കരിക്കുന്നു. ജാതകത്തിൽ വ്യാഴം പിഴച്ച ഈ സമയത്ത്‌ പൊന്നിയത്ത്‌ പടയ്‌ക്ക്‌ പോകരുതെന്ന്‌ അരുളപ്പാടുണ്ടാകുന്നു. എന്നാൽ ഒതേനനെ ഇത്‌ അരിശം കൊളളിക്കുകയാണ്‌.

’ഭഗവതിയെന്നു ഞാൻ വെയ്‌ക്കയില്ല

എല്ലാം നിരത്തി ഞാനെളേളാടിക്കും‘ ഒടുക്കം ഒതേനനെ അനുയാത്രചെയ്യാൻ ഭഗവതി സമ്മതിച്ചു. ’ഞാനൊരു ചുവപ്പുകിളിയായി പൊന്നിയത്താലിൽ വന്നിരിക്കും അപ്പോൾ മാത്രം പടയ്‌ക്കിറങ്ങുക‘. ഒതേനൻ കിളിയെക്കണ്ട്‌ അങ്കത്തിനിറങ്ങി വിജയം വരിച്ചു. എന്നാൽ പടനിലത്തുവച്ചുമറന്ന മടിയായുധമെടുക്കാൻ പോയ ഒതേനൻ ഒളി വെടിയേറ്റുമരിച്ചു. ആലിൻ കൊമ്പത്തെ ചുവപ്പുകിളി അപ്രത്യക്ഷയായിരുന്നു.

ഈ ബന്ധത്തിന്റെ തുടർച്ചയെന്നോണം ഇന്നും തച്ചോളിത്തറവാട്ടിലെ തിറയുത്സവത്തിന്‌ (ഒതേനൻ തിറ)അഗ്നി കൊണ്ടുപോകുന്നത്‌ ലോകനാർകാവിൽ നിന്നാണ്‌.

Generated from archived content: nadan_may1.html Author: ranjith_kadameri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English