ഒതേനൻ തിറ

കേരളത്തിന്റെ മധ്യകാലഘട്ടം പൊരുതിമരിച്ച യൗവനത്തിന്റെ ചരിത്രമാണ്‌. നിസ്സാരമായ കാരണങ്ങളുടെ പേരിൽ അങ്കം കുറിച്ച്‌ വിജയം കൊയ്‌തു ഭേരിമുഴക്കി തറവാട്ടിൽ തിരിച്ചെത്തുന്ന യോദ്ധാക്കൾ, അവരെ സ്വീകരിക്കാനെത്തുന്ന അമ്മകാരണവൻമാർ. ഒളിച്ചുനോക്കി രസിക്കുന്ന സുന്ദരിമാർ. വടകരയിൽ നിന്നും മൂന്ന്‌ കി.മീ.കിഴക്ക്‌ മേപ്പയിൽ തച്ചോളിമാണിക്കോത്ത്‌ ആണ്‌ വടക്കൻപാട്ടിലെ വീരയോദ്ധാവ്‌ തച്ചോളി ഒതേനൻ ജനിച്ചത്‌. ഏകദേശം 400 വർഷം മുമ്പാണ്‌ ഒതേനൻ പടവെട്ടി ഒരു ദേശത്തെ മുഴുവൻ വിറപ്പിച്ചതും, കണ്ണിലുണ്ണിയായി വളർന്നതും.

32-​‍ാം വയസ്സിൽ ഒളിവെടിയേറ്റ്‌ മരണമടഞ്ഞ ഈ യോദ്ധാവ്‌ 64 പടനയിച്ച്‌ ജയിച്ച കഥ വടക്കൻപാട്ടിൽ കാണാം. യൗവനത്തിന്റെ തീഷ്‌ണനാളുകളിൽ മരണം വരിച്ച ധീരനായ ഒരു വീരയോദ്ധാവിന്റെ ഒരിക്കലും മറക്കാത്ത സ്‌മരണകൾ പുതിയ തലമുറകൾ തിറയായി കൊണ്ടാടി കാരണവൻമാരെ നമിക്കുന്നു. പൊന്നിയത്ത്‌ വെച്ച്‌ (തലശ്ശേരി താലൂക്ക്‌) മതിലൂർ ഗുരുക്കളുമായി പടവെട്ടി അങ്കത്തിൽ ജയിച്ച്‌ തിരിച്ച്‌ വരികയായിരുന്ന ഒതേനൻ മറന്നുവെച്ച മടിയായുധം എടുക്കാൻ തിരിച്ചുചെന്നു. അപ്പോൾ അദ്ദേഹത്തെ ഒളിവെടിവെച്ച്‌ വധിക്കുകയായിരുന്നു. മതിലൂർഗുരുക്കളുടെ ആരാധകൻ മായൻകുട്ടിയായിരുന്നു ഘാതകൻ. മായൻകുട്ടിയെ വെടിയേറ്റ ഒതേനൻ ഉടനെതന്നെ ഉറുമിയെറിഞ്ഞ്‌ കൊന്നു എന്ന്‌ വടക്കൻപാട്ടിൽ പറയുന്നു. എന്നാൽ തച്ചോളി മാണിക്കോത്ത്‌ ക്ഷേത്രപറമ്പിന്റെ തെക്കെപറമ്പിൽ ഒതേനന്റെ ഘാതകനെ വധിച്ച പുളളുവനെ കുടിയിരുത്തുകയും അദ്ദേഹത്തിന്‌ സ്‌ഥിരമായി കലശം വെപ്പ്‌ നടത്താറുമുണ്ട്‌. രണ്ടുതരം ഐതിഹ്യം മായൻകുട്ടിയുടെ വധത്തെക്കുറിച്ച്‌ നിലവിലുണ്ട്‌.

യൗവനത്തിലെ മരണം അമൂർത്തമായ ഒരു കാല്‌പനിക സങ്കല്പമാണ്‌. ആധുനിക കവിതകളിൽ പോലും നമുക്ക്‌ അതു ദർശിക്കാം. ആശാന്റെ നായകൻമാരുടെ അന്ത്യം യൗവനത്തിലാണ്‌. വലിച്ചിഴയ്‌ക്കപ്പെടുന്ന ജീവിതം ദുരിതപൂർണ്ണവും അനാവശ്യവും അനാകർഷകവും ആണ്‌. ഏതൊരു സമൂഹമനസ്സിനും വ്യക്‌തി മനസ്സിനും യുവത്വത്തോടുളള ആരാധന നിസ്സീമമാണ്‌. ഒതേനൻ കുറിച്ച അങ്കം മുഴുവൻ ജയിച്ചവനാണ്‌. നാടിന്റെ ഏതാവശ്യവും കണ്ടറിഞ്ഞ്‌ നടത്തുന്നവനാണ്‌. ഒരു പാട്‌ സുന്ദരികളുടെ സ്വപ്‌നങ്ങളിൽ കുതിരക്കുളമ്പടി കേൾപ്പിച്ച ധനാഢ്യനുമായിരുന്നു കുറുപ്പ്‌.

രാജാവിന്‌ ഞാനൊന്നും കൊടുക്കാനില്ല

എനിക്ക്‌ രാജാവൊന്നും തരുവാനുമില്ല

അങ്ങിനെ ഏതാനുമുണ്ടെങ്കില്‌

തിരുനെല്ലി പിണ്ഡത്തിന്‌ പോവണ്‌ ഞാൻ

പിണ്ഡം കഴിഞ്ഞ്‌ മടക്കത്തിന്‌

ഇതികൂടി വരണ്ടെന്ന്‌ പറഞ്ഞും കൊളളു‘

എന്ന്‌ കുടക്‌ രാജാവിന്റെ സേനകളോടുപറഞ്ഞു സാമൂതിരി സ്ഥിരമായി പോകുന്നവീട്ടിൽ ഒരു ദിവസം അന്തിയുറങ്ങിയ ഒതേനൻ അന്ന്‌ സാമൂതിരി ആ വീട്ടിൽ വരികയും ഒതേനൻ അവിടെയുണ്ടെന്നറിയുകയും ചെയ്‌തപ്പോൾ മടങ്ങിപ്പോവുകയും ചെയ്‌തു. ഇതാണ്‌ തച്ചോളി ഒതേനക്കുറുപ്പ്‌.

എല്ലാം തികഞ്ഞ പൗരുഷം ഏതൊരു സമൂഹത്തിന്റെയും സ്വപ്‌നവും ഭ്രാന്തുമാണ്‌. നഷ്‌ടപ്പെട്ടുപോയ ഒതേനന്റെ ഭൗതികസാന്നിദ്ധ്യം പുനരവതരിപ്പിച്ച്‌ സ്വയം ചലനാത്മകമാക്കുന്നതിന്‌ വേണ്ടിമാത്രം ഈ സമൂഹം- ഒതേനന്റെ പിൻതുടർച്ചക്കാർ-ഒതേനന്റെ തിറ കൊണ്ടാടുന്നു. ആഹ്ലാദത്തോടെ ആഘോഷത്തോടെ. തച്ചോളിമാണിക്കോത്ത്‌ ക്ഷേത്രം ഒതേനന്റെ തറവാടാണെന്നും കാലക്രമേണ അത്‌ ക്ഷേത്രമാവുകയായിരുന്നു എന്നും പറയപ്പെടുന്നു. മറ്റു ക്ഷേത്രങ്ങളിൽ ഉളളതുപോലെ ഇവിടെ വിഗ്രഹങ്ങളില്ല. പകരമായി ഒതേനക്കുറുപ്പിനും അദ്ദേഹത്തിന്റെ അവസാന തലമുറയിലെ മരുമകൻ കേളുകുറുപ്പിനും ഓരോ പീഠവും, ഒതേനന്റെ ജ്യേഷ്‌ഠനും ശാന്തസ്വഭാവിയുമായ കോമപ്പക്കുറുപ്പിന്‌ ഒരു ചന്ദനകട്ടിലുമാണ്‌ ആരാധനാബിംബങ്ങളായുളളത്‌.

ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും കുംഭമാസം 10,11 തീയതികളിലായി തിറകൊണ്ടാടുന്നു. പരമ്പരാഗതമായി പെരുവണ്ണാൻമാരാണ്‌ തിറകെട്ടുന്നത്‌. കുംഭം 10ന്‌ വെടിയേറ്റ ഒതേനൻ 11ന്‌ തറവാട്ടിൽ വെച്ച്‌ മരിച്ചു എന്നും അതുകൊണ്ടാണ്‌ ഈ ദിവസങ്ങളിൽ തിറനടത്തപ്പെടുന്നതെന്നും വിശ്വസിക്കപ്പെടുന്നു. തിറ എന്ന്‌ തുടങ്ങിയെന്ന്‌ ആർക്കും വ്യക്തമായി അറിയില്ല. പഴമക്കാർ പറയുന്നത്‌ ഒതേനൻ മരിച്ച പിറ്റേവർഷം തിറയും ആരംഭിച്ചു എന്നാണ്‌. ക്ഷേത്രത്തിൽ ഒതേനക്കുറുപ്പിന്റെയും മരുമകൻ കേളുക്കുറുപ്പിന്റെയും തിറയാണ്‌ നടത്തുന്നത്‌. കൂടാതെ കുട്ടിച്ചാത്തനും ഗുളികനും തിറയുണ്ട്‌. ഇതോടെ തിറയുടെ ആരംഭമായെന്ന്‌ പറയാം.

ആദ്യദിവസംഃ വൈകുന്നേരം ഒതേനന്റെ ആരാധനാമൂർത്തിയായ ലോകനാർകാവിലമ്മയുടെ ക്ഷേത്രത്തിൽ നിന്നും ജനങ്ങളുടെ അകമ്പടിയോടെ ദീപം കൊണ്ടുവരുന്നു. ഈ ദീപം കൊണ്ട്‌ ഒതേനന്റെ ക്ഷേത്രത്തിലെ വിളക്ക്‌ തെളിയിക്കുന്നു. ഇതോടുകൂടി തിറ ആരംഭിക്കുകയായി. ’ഇളംകോല‘മെന്നറിയപ്പെടുന്ന വേഷമണിഞ്ഞ പെരുവണ്ണാൻ ഒതേനന്റെ വെളളാട്ട്‌ ആടുന്നു. അപ്പോൾ വേഷവിധാനങ്ങൾ ലളിതമായിരിക്കും. തികഞ്ഞ കളരിയഭ്യാസിയായിരിക്കും തിറകെട്ടുന്നത്‌. കളരിയഭ്യാസം കാഴ്‌ചവെക്കുന്നു ഇളംകോലം. ഏകദേശം 10 മണിയോടെ വെളളാട്ട്‌ അവസാനിക്കുന്നു. ശേഷം മരുമകൻ കേളുക്കുറുപ്പിന്റെ വെളളാട്ടം. അത്‌ ഏതാണ്ട്‌ പുലർച്ചെ അവസാനിക്കുന്നു.

രണ്ടാം ദിവസംഃ കുംഭം 11ന്‌ വൈകുന്നേരം ഒതേനന്റെ വിളക്കെഴുന്നളളിപ്പ്‌ ഒതേനന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബക്കാർ താമസിച്ചിരുന്നതായി കണക്കാക്കുന്ന എടക്കണ്ഡി എന്ന വീട്ടിലെ ശാക്തേയ ഭഗവതിയുടെ ക്ഷേത്രത്തിൽ നിന്നുമാണ്‌. അവിടെനിന്ന്‌ വാൾ വഹിക്കുന്നത്‌ ഒതേനന്റെ കുടുംബത്തിൽപ്പെട്ടയാളായിരിക്കും. ഇപ്പോൾ വാൾ കൊണ്ടുവരുന്നത്‌ മരുമകൻ കേളുക്കുറുപ്പിന്റെ മകൻ ബാലക്കുറുപ്പ്‌ ആണ്‌. അനേകം ജനങ്ങൾ ഇതിന്‌ അകമ്പടി സേവിക്കുന്നു. വാൾ തച്ചോളിമാണിക്കോത്ത്‌ ക്ഷേത്രത്തിൽ എത്തി ക്ഷേത്രത്തിനകത്ത്‌ കയറ്റികഴിഞ്ഞാൽ ഒതേനന്റെ തിറ ആരംഭിക്കുകയായി. അപ്പോൾ സന്ധ്യകഴിഞ്ഞിരിക്കും.

പറശ്ശിനിമുത്തപ്പന്റെ രീതിയിലുളള മുടിയണിഞ്ഞ്‌ മനയോലയും ചായില്യവുമുപയോഗിച്ച്‌ മനോഹരമായി മുഖത്തെഴുതി കൈക്കും കാലിനും വളയും ചിലങ്കയുമണിഞ്ഞ്‌ പട്ടുവസ്‌ത്രം കൊണ്ട്‌ ഞൊറിഞ്ഞുടുത്ത്‌ വാളുമേന്തിയുളള ഒതേനന്റെ തിറയുടെ വരവ്‌ ഒരു വീരനായകനെ ഓർമ്മിപ്പിക്കുന്നതാണ്‌. ഒരു കാൽ പീഠത്തിലും ഒരു കാൽ മുറ്റത്തും വാളുമേന്തി തിറ തോറ്റം ചൊല്ലൽ ആരംഭിക്കുന്നു. തോറ്റം ചൊല്ലാൻ പിന്നണികാരുമുണ്ടാവും. ഒതേനന്റെ ജനനം മുതൽ മരണം വരെയുളള കഥയാണ്‌ തോറ്റത്തിൽ

’തച്ചോളി ഓമനകുഞ്ഞി ഒതേനൻ

തച്ചോളി മാണിക്കോത്ത്‌ പെറ്റും വീണ്‌‘ ഈ രീതിയിലാണ്‌ തോറ്റം.

ഒതേനന്റെ തിറയുടെ കളരിയഭ്യാസം അതിഗംഭീരവും ദൃശ്യപരവുമാണ്‌. ഉറുമി, വാൾ, പരിച, എന്നിവ മാറിമാറി ഉപയോഗിക്കുന്നു. രസകരവും ആവേശോജ്വലവുമായ ഈ തിറ കാണാൻ ഉത്തരകേരളത്തിന്റെ നല്ലൊരു ഭാഗം കുംഭം 11ന്‌ തച്ചോളിമാണിക്കോത്ത്‌ എത്തുന്നു. ഏതാണ്ട്‌ 11 മണിയോടെ ഒതേനൻ തിറ അവസാനിക്കുന്നു. തിറയുടെ അവസാനം അരുളപ്പാടും ഉപദേശവും വീട്ടുകാർക്കും ദേശസ്‌നേഹികൾക്കും നല്‌കുന്നു.

അർദ്ധരാത്രി 12 മണിയോടെ കേളുക്കുറുപ്പ്‌ തിറ ആരംഭിക്കുകയായി. ഈ തിറയ്‌ക്കും കളരിയഭ്യാസം ഉണ്ടാകും. ഈ രണ്ടു തിറയും കഴിഞ്ഞാൽ അല്പനേരത്തെ ഇടവേളയ്‌ക്കുശേഷം അമ്മാവന്റേയും മരുമകന്റേയും തിറ ഒരുമിച്ച്‌ നടക്കുന്നു. ആദ്യം അമ്മാവൻ ഒതേനക്കുറുപ്പ്‌ ആടുന്നു. ശേഷം മരുമകന്റെ തിറ അമ്മാവൻ കണ്ടു രസിക്കുന്നു. വീരാരാധന പ്രധാനമായ തിറകളിൽ അപൂർവ്വമായ തിറയാണ്‌ ഒതേനന്റെത്‌. വടക്കൻ കേരളത്തിലെ മിക്കതിറകളുടേയും മിത്തുകൾ ദൈവീകമാണെങ്കിൽ ഒതേനൻ തിറ തച്ചോളിഒതേനക്കുറുപ്പ്‌ എന്ന വീരചരിത്രപുരുഷന്റെ സ്‌മരണയിൽ നിന്നും ഊർജ്ജം ആവാഹിച്ച്‌ കൊണ്ടാടുന്നതാണ്‌.

തച്ചോളി മാണിക്കോത്ത്‌ ക്ഷേത്രത്തിൽ നിത്യപൂജയില്ല. എന്നാൽ എല്ലാമാസവും (മലയാള മാസം) സംക്രമത്തിന്‌ ഇവിടെ പൂജ ചെയ്യുന്നു. ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ്‌ ഇപ്പോൾ എൻ.എസ്‌.എസ്‌. ആണ്‌. ഒതേനന്റെ തെക്ക്‌ ഭാഗത്തെ പറമ്പിൽ കുടിയിരിക്കുന്ന പുളളുവന്‌ റാക്കടക്കമുളള ഭക്ഷണ സാധനങ്ങൾ നിവേദ്യമായി ഭക്തജനങ്ങൾ സമർപ്പിക്കുന്നു. അഭീഷ്‌ട കാര്യം സാധിച്ചാൽ ഭക്തർ ഇവിടെ കലശം വെപ്പിക്കുന്നു. ഇവിടെ കലശംവെപ്പ്‌ നടത്തുന്നത്‌ തീയർ ആണ്‌. ഇവിടെ നമ്പൂതിരിമാർ പൂജ ചെയ്യാറില്ല.

പറഞ്ഞുതന്നത്‌ഃ ബാലകൃഷ്‌ണക്കുറുപ്പ്‌, ദേവകിഅമ്മ തച്ചോളി മാണിക്കോത്ത്‌, മേപ്പയിൽ വടകര. രാഘവപണിക്കർ, കോട്ടക്കടവ്‌, വടകര. പി.കെ.ഗംഗാധരൻ നമ്പ്യാർ, വില്ലേജ്‌ അസിസ്‌റ്റന്റ്‌, പുതുപ്പണം പി.ഒ. വടകര.

Generated from archived content: pattu_apr10.html Author: ramesh_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here