‘പഴുപ്പിച്ച ഇരുമ്പ് കാഠിന്യം കൂട്ടുന്നതിനുവേണ്ടി വെളളത്തിലോ എണ്ണയിലോ വയ്‌ക്കുന്നു.’
കൊല്ലപ്പണിക്കാർ ദേശവ്യത്യാസമനുസരിച്ച് കൊല്ലൻ, കരുവാൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ജനിച്ച് കൊടുവളളി മുറിക്കുന്നതുമുതൽ മരിച്ച് കുഴിച്ചിടുന്നതുവരെ കൊല്ലന്റെ സഹായം വേണമെന്നാണ് പഴമൊഴി. ഇരുമ്പ്, ഉരുക്ക് എന്നിവയാണ് കൊല്ലപ്പണിക്കാവശ്യമായ അസംസ്‌കൃതവസ്‌തുക്കൾ. മൂർച്ചയുളള ആയുധങ്ങൾ ഉണ്ടാക്കുവാൻ ഉരുക്കാണ് ഉപയോഗിക്കുന്നത്. കൊല്ലന്റെ പണിപ്പുര ആല എന്നറിയപ്പെടുന്നു. ഉല, ചുറ്റിക, അടകല്ല്, കൊടിൽ എന്നിവയാണ് കൊല്ലന്റെ ഉപകരണങ്ങൾ. ഇതിൽ ഉലയാണ് കാറ്റിനെ നിയന്ത്രിക്കുന്നത്. 3 പലകകളുളള 2 അറകളോടുകൂടിയ തുകൽകൊണ്ടു പൊതിഞ്ഞ ഒരു പെട്ടിയാണിത്. ഇതിന്റെ ഒരറ്റം തറയിൽ ഉറപ്പിച്ചിരിക്കുന്നു. മറുവശം ഉയർന്നിരിക്കത്തക്കവിധം ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല വലിക്കുമ്പോൾ മുകളിലത്തെ അറയിൽനിന്നും കാറ്റ് താഴത്തെ അറയിലേയ്‌ക്കുവരുന്നു. പിന്നീട് കാറ്റ് പലകയുടെ തറയിൽ ഉറപ്പിച്ചിരിക്കുന്ന ദ്വാരത്തിലൂടെ പുറത്തുവരുന്നു. അതിനടുത്തായിട്ടാണ് കരി ഇട്ടുകൊടുക്കുന്നത്. കാറ്റ് കനലിനെ ഊതിക്കത്തിക്കുന്നു. ചിരട്ടക്കരിയാണ് സാധാരണ ഉപയോഗിക്കുന്നത്.
പ്രവർത്തനംഃ ആദ്യം പണിക്കാവശ്യമായ അസംസ്‌കൃതവസ്‌തുവായ ഇരുമ്പ്, ഉരുക്ക് എന്നിവ തിരഞ്ഞെടുക്കുന്നു. അത് ഉലയുടെ സഹായത്തോടെ കനലിൽ ചുട്ടെടുക്കുന്നു. ശേഷം പഴുപ്പിച്ച് എടുത്ത ഇരുമ്പ്&ഉരുക്ക് കാഠിന്യം കൂട്ടുന്നതിനുവേണ്ടി വെളളത്തിലോ എണ്ണയിലോ വയ്‌ക്കുന്നു. ശേഷം അടകല്ലിൽവച്ച് ചുറ്റികകൊണ്ട് അടിച്ച് ആകൃതിവരുത്തുന്നു. കാർഷിക ഉപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി സമസ്‌തതൊഴിൽ മേഖലയ്‌ക്കും ആവശ്യമായ ഇരുമ്പ്&ഉരുക്ക് ഉപകരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതര തൊഴിൽ മേഖലകളിലെ യന്ത്രവൽക്കരണം ഈ തൊഴിലിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഉദാഹരണമായി കൊയ്‌ത്തുയന്ത്രം വന്നതോടെ കാർഷിക മേഖലയിൽ അരിവാൾ ഉണ്ടാക്കുന്ന പണികുറഞ്ഞു. കല്ലുവെട്ടാൻ മഴുവിനുപകരം യന്ത്രം വന്നതും ഈ രംഗത്ത് പണികുറച്ചു.
ഒരു ഉപകരണത്തിന് മിക്കവാറും 20 മുതൽ 30 രൂപവരെ ചിലവുവരും. വിൽക്കുമ്പോൾ 50 മുതൽ 100വരെ പ്രതിഫലം കിട്ടും. ഇന്ന് മിക്കവാറും രണ്ടാംതരം ഉപകരണങ്ങളാണ് പണിയാൻ വാങ്ങുന്നത്.
പറഞ്ഞുതന്നത് – രാമകൃഷ്‌ണൻ, കിഴുപ്പുളളിക്കര.
Generated from archived content: kaivela_may7.html Author: rajani_karanchira