പുറമെക്കാരുടെ ഇടപെടലുകളില്ലാത്ത സമൂഹങ്ങളിൽ സംസ്‌ക്കാരത്തിന്റെ വിവിധ ഘടകങ്ങൾ തമ്മിലുളള ഇഴയടുപ്പം കൂടിയിരിക്കും. അത്തരം സംസ്‌ക്കാരങ്ങളിൽ ചെയ്യുന്ന ചെറിയ മാറ്റം പോലും മുൻകൂട്ടിക്കാണാനാവാത്ത വിധത്തിലുളള പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചേക്കാം. റിച്ചാർഡ് സാലിസ്‌ബറി (1962) യുടെ അനന്യമായ ഗവേഷണമാണ് ഇതിന്റെ മൂലം. ഇ.എച്ഛ് സ്‌പൈസർ എഡിറ്റ് ചെയ്‌ത, “Human problems in technological change “, സുഭദ്രചന്നയുടെ “Society culture and change” (1994) ഉം ഹൽബാർ എന്ന പ്രൊഫസറുടെ ക്ലാസ്സുകളുമാണ് ഇത് എഴുതാൻ എന്നെ സഹായിച്ചത്.
ആസ്‌ത്രേലിയയിലെ കേപ്പ്‌യോർക്ക് മുനമ്പിന്റെ പടിഞ്ഞാറെ തീരത്തുളള കോക്‌മോൺ നദീമുഖത്ത് വസിക്കുന്ന ആദിവാസി ജനതയായിരുന്നു യിർയോറണ്ട്(Yiryorant). ശിലായുഗത്തിലാണ് അവർ ജീവിച്ചിരുന്നത്. അവർക്ക് ലോഹങ്ങളെപറ്റിയുളള അറിവുണ്ടായിരുന്നില്ല. കന്മഴു അവരുടെ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രസ്ഥാനം വഹിച്ചിരുന്നു. അവരുടെ സംസ്‌കാരത്തിൽ അത് പല വിധത്തിലുളള ധർമ്മങ്ങളും നിർവ്വഹിച്ചിരുന്നു. അത് മരങ്ങൾ മുറിക്കുന്നതിനും, ആചാരങ്ങൾക്കും എല്ലാം ഉപയോഗിച്ചിരുന്നു. അതിന്റെ നിർമ്മാണം, വിതരണം, ഉപയോഗം ഇവയെല്ലാം ആ സമൂഹത്തിൽ വളരെ പ്രാധാന്യമുളള കാര്യങ്ങളായിരുന്നു.
അവ സാമൂഹ്യബന്ധങ്ങളെ നിർവ്വചിക്കുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും സഹായിച്ചിരുന്നു. ഇത് ഉണ്ടാക്കുന്നത് പ്രായപൂർത്തിയായ ആണുങ്ങളാണ്. ഇതിനുവേണ്ട കല്ല് ശേഖരിക്കുന്നത് നാൽപത് മൈലകലെയുളള മറ്റൊരു പ്രദേശത്തുനിന്നുമാണ്. ഇങ്ങനെ കൊണ്ടുവരുമ്പോൾ മറ്റു ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പെടുകയും വേണമായിരുന്നു. ഇതിനുവേണ്ട മാറ്റക്കച്ചവടം നടത്തിയിരുന്നതും ആണുങ്ങൾതന്നെ. കല്ലിന്റെ അവകാശികൾ ആണുങ്ങളായിരുന്നു. അവരിൽ തന്നെ പ്രായപൂർത്തിയായവർ. പക്ഷേ ഇത് ഉപയോഗിച്ചിരുന്നത് ഭൂരിപക്ഷം അവസരങ്ങളിലും സ്‌ത്രീകളായിരുന്നു. ഒരു കുട്ടിക്ക് അത് കിട്ടണമെങ്കിൽ മൂത്ത സഹോദരനോടൊ അച്ഛനോടോ ചോദിക്കണം. സ്‌ത്രീകൾ വിവാഹപ്രായംവരെ അച്ഛനോടോ ചേട്ടനോടോ ചോദിക്കണം. വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റേതിന് മാത്രമേ അവൾക്ക് അവകാശമുളളു. അന്യരുടെ കയ്യിൽനിന്ന് ഒഴിച്ചുകൂടാനാവാത്ത സന്ദർഭത്തിൽ മാത്രമേ വാങ്ങാവൂ. എങ്കിലും അവർക്ക് ‘എന്റെ’ എന്ന സംജ്ഞ ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ പാടില്ല. ഒന്നുകിൽ എന്റെ ഭർത്താവിന്റേത് അല്ലെങ്കിൽ എന്റെ അച്ഛന്റേത്&ചേട്ടന്റേത് എന്നേ പറയാവൂ. വയസ്സിനും ലിംഗത്തിനും വളരെ പ്രാധാന്യമുളള ഒരു സമൂഹമായിരുന്നു അത്.
അവരുടെ സാമൂഹിക സംവിധാനം അടിസ്ഥാനമാക്കിയ മിത്തുകൾ അനുസരിച്ച് പ്രപഞ്ചം ചാക്രികമായാണ് സംവിധാനം ചെയ്തിരിക്കുന്നത്. വർത്തമാനം എന്നത് പഴമയുടെ ആവർത്തനം മാത്രം. ഒരു ആദിവാസിയുടെ പേർ അയാളുടെ ഛായയുളള ഏതെങ്കിലും കാരണവരുടെ പേരായിരിക്കും. ആ കാരണവരുടെ ജീവിതം ഇയാൾ ആവർത്തിക്കുന്നു എന്നാണ് സങ്കല്പം. അവരുടെ വിശ്വാസ സംഹിതയിൽ മാറ്റമെന്നൊന്നില്ല. ഉളളത് ആവർത്തനം മാത്രം.
മിഷ്യനറികൾക്ക് ഇവരുടെ ജീവിതരീതിയെ പറ്റി അറിഞ്ഞിരുന്നില്ല. ഇങ്ങനെ കന്മഴുവുമായി ‘കഷ്‌ടപ്പെടുന്ന’വരോട് അവർക്ക് ‘സഹതാപം’ തോന്നുകയും സ്‌റ്റീലിന്റെ മഴു അവിടെ വിതരണം ചെയ്യുകയും ചെയ്തു. ആ വിതരണ സമ്പ്രദായം തന്നെ അശാസ്‌ത്രീയമായിരുന്നു. അതായത് വളരെയധികം അധികാരശ്രേണികളുളള ഒരു സമൂഹത്തിൽ എല്ലാവർക്കും തുല്യമായ രീതിയിലാണ് അവർ അത് വിതരണം ചെയ്തത്. വയസ്സായവർ അവരുടെ അധികാരം ഇല്ലാതെയാക്കുമെന്നറിഞ്ഞ് മിഷ്യനറിമാരുമായി ബന്ധപ്പെടാതായപ്പോൾ കുട്ടികളും സ്‌ത്രീകളും ഇവരുടെ പക്കൽനിന്ന് സ്‌റ്റീലിന്റെ മഴു വാങ്ങുകയും അതിന്റെ അവകാശികളാകുകയും ചെയ്‌തു. ഇത് കന്മഴുവിനേക്കാളും പ്രയോഗസാദ്ധ്യതയുളളതാണെന്ന് മാത്രമല്ല സ്‌ത്രീകൾക്ക് മഴുവിനായി പുരുഷന്മാരെ സമീപിക്കേണ്ടതില്ലാതാവുകയും ചെയ്‌തു. വിപുലമായ തോതിൽ മുമ്പുണ്ടായിരുന്ന മാറ്റക്കച്ചവടങ്ങൾക്കും പ്രസക്തിയില്ലാതായി. ജീവിതത്തിൽ വന്ന ഇത്തരം മാറ്റങ്ങളെ ന്യായീകരിക്കുന്ന മിത്തുകൾ അവർക്കുണ്ടായിരുന്നില്ല. അവരുടെ മിത്തുകൾ ആവിഷ്‌കരിച്ചത് ചാക്രികമായ ആവർത്തനമാണെന്നു പറഞ്ഞല്ലൊ. ആവർത്തനങ്ങൾക്കല്ലാതെ മാറ്റത്തെ കുറിച്ചുളള മിത്തുകൾ അവർക്കുണ്ടായിരുന്നില്ല. ഇത് അവരുടെ വിശ്വാസസംഹിത തന്നെ തകർത്തുകളഞ്ഞു. സ്‌റ്റീൽ മഴുവിന്റെ ഉല്‌പാദനം അവർക്ക് കഴിയാത്തതിനാൽ ഇതിനായി മിഷ്യനറിമാരെ ആശ്രയിക്കേണ്ടിവന്നു. സ്‌റ്റീൽമഴു ഉപയോഗിച്ച് തഴക്കം വന്നവർക്ക് കന്മഴു പറ്റാതായി. ഇതവരുടെ ആശ്രിതത്വം വർദ്ധിപ്പിച്ചു. ഇങ്ങനെ ക്രമത്തിൽ സാമൂഹ്യബന്ധങ്ങൾ തകർന്നു. ജീവിതത്തിന്റെ അർത്ഥവും ആകർഷീയതയും നഷ്‌ടപ്പെട്ടു. സാമൂഹ്യാസ്‌തിത്വം നഷ്‌ടപ്പെടുകയും അവർ ഒരു സമൂഹമല്ലാതായി തീരുകയും ചെയ്തു.
Generated from archived content: katt_april17.html Author: raghu_t