വർഷത്തിന്റെ കടലറിഞ്ഞ തങ്ങൾ

അഞ്ഞൂറോളം വർഷങ്ങൾക്കു മുൻപ്‌ കഠിനമായ വരൾച്ചയിലമർന്ന ഒരു പാലക്കാടൻ ഗ്രാമം. മാത്തൂരിനടുത്ത നെയ്‌ത്തുകാരുടെ മേഖല. കരപ്രമാണിയും ഭൂവുടമയുമായി ഇളയാട്ട്‌ തറവാട്ടുകാരണവർ. അവിടേയ്‌ക്ക്‌ ഒരു നാൾ തമിഴ്‌നാട്ടിലൂടെ അറേബ്യൻ തുടർച്ചയുളള ഒരു മുസ്ലീം യതിവര്യനെത്തുന്നു. ഇദ്ദേഹം സൂഫികളുടേതിനോടടുത്ത ജീവിതചര്യയാണ്‌ പുലർത്തിയിരുന്നതെന്ന്‌ വിശ്വസിക്കേണ്ടിയിരിക്കുന്നു.

ചെന്നെത്തിയ സ്‌ഥലം ആത്‌മീയാന്വേഷണവുമായി തുടരാൻ അനുയോജ്യമാണെന്ന്‌ തങ്ങൾ നിശ്ചയിച്ചു. കരപ്രമാണിയും സ്‌ഥലമുടമയുമായ ഇളയാട്ടു കാരണവരെ സമീപിച്ച്‌ തന്റെ താല്പര്യം അറിയിച്ചു. എന്നാൽ പ്രദേശത്തെ കഠിനമായ വരൾച്ചയിൽ മനം നൊന്തുകഴിഞ്ഞിരുന്ന കാരണവർ തന്റെ നിസ്സഹായത തുറന്നറിയിച്ചു.

എന്നാൽ തങ്ങൾ കൃഷിയിടത്തെ വരമ്പുകളെല്ലാം വെളളം തടഞ്ഞുനിർത്താൻ വേണ്ടരീതിയിൽ ഒരുക്കാനാവശ്യപ്പെട്ടു യാത്രകൊണ്ടു. ആ രാത്രിയിൽ, ആ ഗ്രാമത്തിൽ മാത്രം അതിഗംഭീരമായ വർഷം തിമർത്തിറങ്ങി. പുലർകാലത്ത്‌ തങ്ങളെ അന്വേഷിച്ചിറങ്ങിയ നാട്ടുകാർ കണ്ടത്‌ ചരമം പൂകിയ അദ്ദേഹത്തെയാണ്‌. തലയ്‌ക്കൽ അദ്ദേഹത്തിന്റെ ഊന്നുവടി കാഞ്ഞിരമരമായി കിളിർത്തുനിൽക്കുന്നു. തങ്ങളുടെ മരണം വർഷത്തിനുശേഷം കുറേ നാൾ കഴിഞ്ഞാണെന്നും ഒരു വിശ്വാസമുണ്ട്‌.

തങ്ങൾ ചരമം കൊണ്ടയിടം ഇളയാട്ടുകാർ, ആ സ്‌മരണാർത്‌ഥം വിട്ടുകൊടുത്തത്‌ ‘തെരുവത്ത്‌ പളളി’യായി ഇന്ന്‌ നിലനിൽക്കുന്നു (നെയ്‌ത്തുകാരുടെ ഗ്രാമമെന്ന നിലയ്‌ക്കാവാം തെരുവത്തെന്ന പേര്‌). കബറിന്റെ തലയ്‌ക്കൽ കാഞ്ഞിരമരം നിലകൊളളുന്നു. എല്ലാ വർഷവുമുളള മകരത്തിലെ പൗർണ്ണമിക്കാണ്‌ ഇവിടുത്തെ നേർച്ച. അന്ന്‌ കാഞ്ഞിരത്തിന്റെ ഇലയ്‌ക്ക്‌ മധുരമായിരിക്കും. അതിഥിയോ ആതിഥേയനോ ഇല്ലാത്ത ഈ നേർച്ച സാമുദായികസൗഹാർദ്ദത്തിന്റെ പരമോന്നത നിദർശനമാണ്‌. ഏറെപ്പേർ വെളിച്ചപ്പാടൻമാരെപ്പോലെ നേർച്ചയുടെ പേരിൽ ഊരു ചുറ്റി ഭിക്ഷ സ്വീകരിക്കുന്നു. കാർഷിക വിഭവങ്ങളുടെ വൈവിദ്ധ്യം നിറഞ്ഞ കാഴ്‌ചതന്നെ ഇവിടെയെത്തും. പാലക്കാടിന്റെ തമിഴ്‌ബന്ധം സൂചിപ്പിക്കുന്ന ശക്തമായൊരു സൂചനകൂടിയാണ്‌ ഈ നേർച്ച. അന്നേ ദിവസം തമിഴ്‌നാട്ടിലെ പല ഉൾഗ്രാമങ്ങളിൽ നിന്നും കാളവണ്ടിയിൽ കൂട്ടത്തോടെ ആളുകളെത്തുന്നു. വിളസമൃദ്ധിക്കും കാലികളുടെയും കുടുംബത്തിന്റെയും സുരക്ഷയ്‌ക്ക്‌ കാഴ്‌ചകളർപ്പിച്ച്‌ പ്രാർത്‌ഥന നടത്തി പ്രസാദമായ പൂമണ്ണുമായി മടങ്ങും. ഊര്‌ ചുറ്റലിലും പ്രസാദമായികൊടുക്കുന്ന ഈ പൂമണ്ണ്‌ മൃഗസ്‌പർശം പോലുമേല്‌ക്കാത്തിടത്തുനിന്നും ശേഖരിച്ച്‌ മന്ത്രമോതി വിശുദ്ധമാക്കിയതാണ്‌.

സാമുദായികസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന ഇത്തരം സംഗമകേന്ദ്രങ്ങൾ മാനുഷികതയ്‌ക്കും സാമൂഹികതയ്‌ക്കും നേരെ കടുത്ത വെല്ലുവിളികൾ ഉയരുന്ന ഈ കാലഘട്ടത്തിലെ പ്രത്യാശയുടെ പച്ചത്തുരുത്തുകളാണ്‌.

Generated from archived content: pattu_aug26_05.html Author: raghu_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here