അധ്യായം മൂന്ന്

കുഞ്ഞിന്റെ ഇരുപത്തെട്ടുകെട്ട് ചടങ്ങ് കെങ്കേമമായിട്ടാണ് നടത്തിയത്. ഇരുപത്തഞ്ച് പേര്‍ക്ക് പപ്പടം , പഴം , പായസം കൂട്ടി സദ്യ ഉണ്ടായിരുന്നു. കുഞ്ഞിനെ കുളിപ്പിച്ച് ചന്ദനം തൊടുവിച്ച് കൗസല്യയുടെ മടിയില്‍ കിടത്തി അയ്യപ്പന്‍ കുട്ടി കുഞ്ഞിന്റെ അരയില്‍ കറുത്ത ചരടു കെട്ടി. അമ്മൂമ്മ കുഞ്ഞുപെണ്ണ് വെള്ളി അരഞ്ഞാണവും തളയും അണിയിച്ചു.

ഒരു വാഴയിലയില്‍ ഉപ്പും പുളിയും ഓരോ നുള്ള് വച്ചിരുന്നു. ഇവ പരസ്പരം കൂട്ടിക്കുഴച്ച് ആദ്യം അയ്യപ്പന്‍കുട്ടി കുഞ്ഞിന്റെ നാവില്‍ തേച്ചു. പിന്നെ നാണുക്കുട്ടന്‍, കുഞ്ഞുപെണ്ണ്, കൊച്ചുപെണ്ണ് തുടങ്ങിയവര്‍. കരച്ചിലോടു കൂടിയാണ് കുഞ്ഞ് ആദ്യരുചി അറിഞ്ഞത്.

‘’ ഇനി കുഞ്ഞിന്റെ പേരു വിളിച്ചോളു ‘’

കൊച്ചുപെണ്ണ് ഉത്തരവിട്ടു.

മുമ്പ് നിശ്ചയിച്ചിരുന്ന പോലെ കുഞ്ഞിന്റെ കാതില്‍ അയ്യപ്പന്‍കുട്ടി മൂന്നു പ്രാവശ്യം പേരു ചൊല്ലി വിളിച്ചു.

‘’ രാമകൃഷ്ണന്‍’‘

പലരും കുഞ്ഞിന് പാരിതോഷികം നല്‍കി. കൊച്ചിയില്‍ കയര്‍ കയറ്റിക്കൊണ്ടു പോകുന്ന പാക്കരന്‍ കൊച്ചിയില്‍ നിന്നു വാങ്ങിയ ഒരു കിലുക്കട്ടം സമ്മാനിച്ചു. ആ സമ്മാനമാണ് ഏവര്‍ക്കും ഇഷ്ടമായത്. ശാരദ ഒരു ലോട്ട നല്‍കി. പലരും തുണിക്കഷ്ണമാണ് നല്‍കിയത്.

രായപ്പന്റെ അമ്മ സൈരന്‍ഡ്രി തലേദിവസം വന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി. ഭര്‍ത്താവ് മരിച്ചിട്ട് കൊല്ലങ്ങള്‍ ആയെങ്കിലും മരണശേഷം അവര്‍ പുറത്തു പോകാറില്ലായിരുന്നു. വീടിന്റെ ചുറ്റുവട്ടത്ത് കറങ്ങി നടന്നും കൊച്ചിന്റെ അരികിലിരുന്നും അവര്‍ അല്‍പ്പസമയം ചിലവഴിച്ചു. ഒരു ഗ്ലാസ് വെള്ളം പോലും അവര്‍ അവിടെ നിന്നും കഴിച്ചില്ല. പോകാന്‍ നേരം കുഞ്ഞിന്റെ വിരലില്‍ ഒരു പൊന്‍ മോതിരം ഇട്ടുകൊടുത്തു.

കഴിഞ്ഞ പ്രാവശ്യം വന്നതില്‍ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു കൊച്ചു പെണ്ണ്. വഞ്ചിയില്‍ വച്ച് ദേഷ്യപ്പെട്ടതും ചീരയും കപ്പങ്ങയും തോട്ടിലേക്കെറിഞ്ഞതും ഇഞ്ചക്കാടന്‍ കുമാരന്‍ തോട്ടിലേക്കു ചാടിയതും വഞ്ചി വേലിയിറക്കത്തില്‍ പുഴയിലേക്കു നീങ്ങി ലൈന്‍ ബോട്ടിനു മുമ്പില്‍ പെട്ടതും നിലവിളികേട്ട് ബോട്ട് നിറുത്തി കൊച്ചുപെണ്ണിനേയും സുഭദ്രയേയും രക്ഷിച്ചതും നാട്ടില്‍ പാട്ടായിരുന്നു. കുറച്ചു ദിവസത്തേക്ക് അത് നാട്ടുകാര്‍ക്ക് ചിരിക്കാന്‍ വക നല്‍കി. ജാള്യം മറച്ചു വച്ച് കൊച്ചു പെണ്ണ് എല്ലാവരോടും നല്ല രീതിയില്‍ പെരുമാറി. പോകാന്‍ നേരം പത്തു രൂപ സാവിത്രിക്കു നീട്ടി. പക്ഷെ അവളതു വാങ്ങിയില്ല. ഒടുവില്‍ ആ പണം കൗസല്യയുടെ കയ്യില്‍ ബലമായി ഏല്‍പ്പിച്ചു.

പണം വാങ്ങാന്‍ ഒട്ടും മനസുണ്ടായില്ല , എല്ലാവരും പോയ്ക്കഴിയുമ്പോള്‍ സാവിത്രി ചോദ്യം ചെയ്യുമെന്നു കൗസല്യ ഭയന്നു.

പതിമൂന്നു വയസുകാരിയായ സാവിത്രിയുടെ അത്രപോലും കാര്യപ്രാപ്തി കൗസല്യക്കില്ല. സമ്പന്നമായ ചുറ്റുപാടില്‍ യാതൊരു അല്ലലും ഇല്ലാതെയാണ് കൗസല്യ വളര്‍ന്നത്. എന്നാല്‍ അയ്യപ്പന്‍കുട്ടിയുമായുള്ള വിവാഹം അവളെ കഷ്ടപ്പാടിന്റെ മറ്റൊരു ലോകത്ത് എത്തിച്ചു. അയ്യപ്പന്‍കുട്ടിക്ക് വേണ്ട കാര്യങ്ങള്‍ വേണ്ട പോലെ ചെയ്യാന്‍ അറിഞ്ഞു കൂട . കാര്യങ്ങള്‍ കണ്ടറിഞ്ഞ് മുന്നോട്ടു നയിക്കാന്‍ കൗസല്യക്കുമറിയില്ല. ഭാര്യയും ഭര്‍ത്താവും കാര്യപ്രാപ്തിയില്ലാത്താവരായാല്‍ കുടുംബം കഷ്ടത്തിലായതു തന്നെ. പക്ഷെ ബുദ്ധിയുറച്ചതുമുതല്‍ സാവിത്രി മിടുക്കു കാണിച്ചു തുടങ്ങി. വീട്ടിലെ ഓരോ കാര്യങ്ങളിലും അവളുടെ ശ്രദ്ധ ചെന്നെത്തും. എന്തു കാര്യത്തിനും പരിഹാരം ഉണ്ടാക്കി മുന്നോട്ടു പോകാനും അവള്‍ക്ക് സാമര്‍ത്ഥ്യമുണ്ടായിരുന്നു.

കൗസല്യക്കും അയ്യപ്പന്‍കുട്ടിക്കും പരസ്പരം പരിചയമുണ്ടായിരുന്നു. കൗമാരപ്രായത്തിലായിരുന്നു അവരുടെ വിവാഹം. അതുകൊണ്ട് പ്രായോഗികജീവിതത്തെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ കഴിഞ്ഞില്ല. രക്ഷകര്‍ത്താക്കളും അവരുടെ ഭാവിയെക്കുറിച്ചോ വ്യക്തിപരമായ കുറവുകളെക്കുറിച്ചോ ചിന്തിച്ചില്ല.

പതിമൂന്നാമത്തെ വയസിലായിരുന്നു കൗസല്യയുടെ വയസറിയിച്ചത്. അല്‍പ്പം ജ്യോതിഷ പാണ്ഡിത്യമുള്ള ഇഞ്ചക്കാടന്‍ കുമാരന്‍ പറഞ്ഞു ‘’ഋതുലഗ്നത്തിന്റെ ഏഴാം രാശിയില്‍ ശനിയാണ്. അതുകൊണ്ട് വൈധവ്യദോഷമുണ്ട്’‘

കുഞ്ഞുപെണ്ണ് വളരെ താത്പര്യമെടുത്താണ് ഇഞ്ചക്കാടനെ കൊണ്ട് ആര്‍ത്തവഫലം നോക്കിയത് . പക്ഷെ , മകള്‍ക്ക് വൈധവ്യഫലം ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് ദേഷ്യം വന്നു.

‘’ അവന്റെയൊരു ജോത്സ്യം നിനക്കെന്തു മണ്ണാങ്കട്ട അറിയാം പൊയ്ക്കോ എന്റെ മുമ്പീന്ന് ഞാന്‍ വേറെ ആണുങ്ങളെക്കൊണ്ട് നോക്കിച്ചോളാം’‘

‘’ അതിന് കുഞ്ഞുപെണ്ണു ചേടത്തി എന്നോടെന്തിനാ ദേഷ്യപ്പെടുന്നത് ? ഞാന്‍ കണ്ടതു പറഞ്ഞെന്നല്ലേയുള്ളു ഋതുലഗ്നത്തിന്റെ ഏഴാം രാശിയില്‍ ആദിത്യന്‍ നിന്നാല്‍ ദു:ഖവും, ചന്ദ്ര കുശന്മാര്‍ നിന്നാല്‍ മരണവും, ചൊവ്വ ബന്ധനവും, ബുധന്‍ പുത്രനാശവും, വ്യാഴം നാശവും, ശനി വൈധവ്യവും, രാഹുകേതുക്കള്‍ ദാരിദ്ര്യവും ഫലം ചെയ്യും. ഇതാണ് സാമാന്യ പ്രമാണം’‘

ഇഞ്ചക്കാടനെ കുഞ്ഞുപെണ്ണ് ആട്ടി പറഞ്ഞയച്ചെങ്കിലും അവരുടെ മനസ്സ് ഉമിത്തീപോലെ നീറി.

‘’ ഇതൊക്കെ ഓരോ അന്തവിശ്വാസങ്ങളാ കുഞ്ഞി, അങ്ങിനെയൊന്നും വരാന്‍ പോണില്ല’‘

കൊച്ചുപെണ്ണ് അനുജത്തിയെ ആശ്വസിപ്പിച്ചു.

കൗസല്യ തീണ്ടാരിയായെന്ന് കൊച്ചുപെണ്ണ് അന്നു തന്നെ അറിഞ്ഞതാണ് അപ്പോള്‍ തന്നെ പോകാനൊരുങ്ങി.

നഗ്നമായ മാറത്ത് മേല്‍മുണ്ട് അണിഞ്ഞപ്പോള്‍ പോകരുതെന്ന് വിലക്കിയതു പോലെ മച്ചിന്‍ പുറത്തു നിന്ന് ഗൗളി ചിലച്ചു.


‘’ നാശം , കാര്യനഷ്ടമാ ഫലം ‘’

അവര്‍ അങ്ങിനെ തന്നെ മേല്‍മുണ്ട് അഴിച്ച് അശയില്‍ തൂക്കി. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അവര്‍ യാത്രപോകാറില്ല. ഇറങ്ങുമ്പോള്‍ ശകുനം പ്രത്യേകം ശ്രദ്ധിക്കും ‘ വാസവദത്ത’ എന്ന് ആളുകള്‍ വിളിക്കുന്ന വാസന്തിയെ കാണുന്നത് സാധാരണനിലക്ക് ഇഷ്ടമല്ലെങ്കിലും യാത്ര പുറപ്പെടുമ്പോള്‍ അവര്‍ മുമ്പില്‍ വന്നുപെട്ടാല്‍ കൊച്ചുപെണ്ണിന് വലിയ സന്തോഷമാകും. പശുവും പച്ചയിറച്ചിയും ശവവും ചന്ദനവും നെയ്യുമെല്ലാം ശകുനം കാണുന്നത് നല്ലതാണെന്നാണ് കൊച്ചുപെണ്ണിന്റെ വിശ്വാസം .ഇതൊന്നും അന്ധവിശ്വാസമായി അവര്‍ കണക്കാറില്ല.

എല്ലാം തികഞ്ഞ ദിവസം നോക്കിയാണ് കൊച്ചുപെണ്ണ് തീണ്ടാരിപ്പെണ്ണിനെ കാണാനെത്തിയത്. അപ്പോഴാണ് ഇഞ്ചക്കാടന്‍ കുമാരന്റെ വൈധവ്യപ്രവചനം.

വീട്ടില്‍ ഏറ്റവും മുതിര്‍ന്ന‍ത് കാര്‍ത്തു നാത്തൂന്റെ മകന്‍ നാരായണനാണ്. കൗസല്യയെ നാരായണനു വേണ്ടി ആലോചിക്കണം. ഈ വരവിന്റെ പ്രധാന ലഷ്യവും അതായിരുന്നു.


അനുജത്തിയെ സൗകര്യത്തിനു കണ്ട് ഈ കാര്യം അവതരിപ്പിക്കാന്‍ കൊച്ചുപെണ്ണ് തക്കം നോക്കിയിരുന്നു. എന്നാല്‍ കുഞ്ഞുപെണ്ണിനു തിരക്കോടു തിരക്ക്. വന്നപ്പോള്‍ കടവില്‍ ആറുവള്ളങ്ങളുണ്ടായിരുന്നു. അവരുടെ കച്ചവടത്തിരക്കുകഴിഞ്ഞ് വള്ളം വിട്ടപ്പോള്‍ നാണുക്കുട്ടന് ഊണു കൊടുക്കാന്‍ സമയമായി. ഭര്‍ത്താവ് ഊണുകഴിക്കുമ്പോള്‍ കുഞ്ഞുപെണ്ണ് രാജാവു വന്നാല്‍പ്പോലും അവിടെ നിന്നും മാറില്ല. ഭര്‍ത്താവിന് തറയില്‍ പലക ഇട്ടുകൊടുക്കും. ചന്തിയിലെ തുണിപൊക്കി നാണുക്കുട്ടന്‍ പലകയിലിരിക്കും. മുഷിയാതിരിക്കാനാണ് തുണിപൊക്കിയിരിക്കുന്നത്. ഒരു വസ്തിപിഞ്ഞാണം നിറയെ ചോറുണ്ടാകും. മിക്കവാറും മീന്‍കറി ആയിരിക്കും. പ്രത്യേക ദിവസങ്ങളില്‍ ആട്ടിറച്ചി വയ്ക്കും. പറവൂരിലോ ഞാറക്കലോ ആളെ വിട്ടാണു ആട്ടിറച്ചി വാങ്ങുക. പപ്പടം കാച്ചിയതും മെഴുക്കുപുരട്ടിയും ഒരു അച്ചാറും കാണും. നാണുക്കുട്ടന്‍ ഊണുകഴിക്കുമ്പോള്‍ ആരോടും മിണ്ടാറില്ല. ഭര്‍ത്താവിന്റെ ഊണുസമയത്ത് കുഞ്ഞുപെണ്ണും മിണ്ടില്ല.

ഇഷ്ടത്തോടെയല്ലങ്കിലും കൊച്ചുപെണ്ണ് അനുജത്തിയുടെ മക്കളെ അരികില്‍ വിളിച്ച് വലിയ സ്നേഹത്തോടെ പെരുമാറി.

നാണുക്കുട്ടന്‍ ഊണുകഴിഞ്ഞ് എഴുനേറ്റപ്പോഴേക്കും എട്ടുവള്ളങ്ങള്‍ കൂടി കടവിലടുത്തു. ചേച്ചിക്കും മക്കള്‍ക്കും ചോറുകൊടുക്കാന്‍ കൗസല്യയെ ചുമതപ്പെടുത്തിക്കൊണ്ട് കുഞ്ഞുപെണ്ണ് കടയിലേക്കോടി. പിന്നെ കടയില്‍ തിരക്കോടു തിരക്കു തന്നെ.

കുഞ്ഞുപെണ്ണ് അന്ന് ഉച്ചക്ക് ഊണുകഴിച്ചില്ല. തിളപ്പിച്ചാറ്റിയ കരിങ്ങാലിവെള്ളം ഇടക്കു കഴിക്കും. ഇതിനിടയില്‍ കുഞ്ഞുപെണ്ണ് ചേച്ചി ഭക്ഷണം കഴിച്ചോയെന്ന് തിരക്കാന്‍ വന്നു. അപ്പോള്‍ കുഞ്ഞുപെണ്ണിന്റെ കയ്യിലും വായിലുമായി ഒരു വെള്ളയപ്പം ഉണ്ടായിരുന്നു. അതായിരുന്നു കുഞ്ഞുപെണ്ണിന്റെ അന്നത്തെ ഉച്ചഭക്ഷണം.

തിന്നാനുണ്ടെങ്കിലും തിന്നാന്‍ കഴിയാത്ത അനുജത്തിയുടെ അവസ്ഥയെക്കുറിച്ച് കൊച്ചുപെണ്ണ് ആലോചിച്ചു. ചിലര്‍ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി രാവും പകലും കഷ്ടപ്പെടുന്നു. ചിലര്‍ക്ക് എത്ര കഷ്ടപെട്ടാലും ആഹാരത്തിനുള്ള വക നേടാന്‍ കഴിയുന്നില്ല. ഇവിടെ കഷ്ടപ്പെടാതെ തന്നെ ഇഷ്ടംപോലെ ആഹാരം കഴിക്കാം. പക്ഷെ അനുജത്തി ആഹാരത്തിനു പകരം കഷ്ടപ്പാട് തിരഞ്ഞെടുത്തിരിക്കുന്നു.

‘’ എടീ , നിന്നോടൊരു കാര്യം പറയാന്‍ വേണ്ടിയാ ഞാന്‍ വന്നത് ‘’

‘’ എന്താ ചേച്ചി?’‘

അനുജത്തി വിധേയത്തോടെ ചേച്ചിയുടെ അടുത്തു ചെന്നു.

‘’ അതേയ്….’‘

കൊച്ചുപെണ്ണ് തുടങ്ങാനുള്ള വാക്കുകള്‍ക്കു വേണ്ടി പരതി. അപ്പോഴാണ് കടയില്‍ നിന്നും നാണുക്കുട്ടന്റെ ഉറക്കെയുള്ള വിളി – ‘’ എടി കുഞ്ഞൂ…’‘

ആ വിളി കേട്ടതും കുഞ്ഞുപെണ്ണ് കടയിലേക്കു പാഞ്ഞു.

‘’ നാശം!’‘ എന്ന് കൊച്ചുപെണ്ണ് അറിയാതെ പറഞ്ഞു പോയി.

സന്ധ്യയാകുന്നതു വരെ കൊച്ചുപെണ്ണ് അനുജത്തിയെ കാത്തിരുന്നു. സന്ധ്യക്ക് നാട്ടുകാരുടെ കച്ചവടം തുടങ്ങും. മണ്ണെണ്ണ, മുളക്, കരുപ്പെട്ടി, ഉപ്പ്, അരി, വെളിച്ചണ്ണ തുടങ്ങിയ സാധങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പാല്‍ച്ചായ കുടിക്കുന്ന വീട്ടുകാ‍ര്‍ ഇല്ലെന്നു തന്നെ പറയാം. പാല്‍ച്ചായ കുടിക്കണമെങ്കില്‍ നാണുക്കുട്ടന്റെയോ കണ്ണുവിന്റേയോ കടയില്‍ പോകണം. ചക്കരച്ചായയോ കഞ്ഞിവള്ളമോ ആയിരിക്കും മിക്ക വീടുകളിലും കുടീക്കാന്‍ ഉണ്ടാവുക. പഞ്ചസാരയിട്ട കട്ടന്‍ ചായ കുറവായിരിക്കും.

പലചരക്കു സാധനങ്ങള്‍ വാടിയ താളിയിലയിലോ കൂവയിലയിലോ വാ‍ഴയിലയിലോ ആണ് കെട്ടിക്കൊടുക്കുക. നാണുക്കുട്ടനും കുഞ്ഞുപെണ്ണും മത്സരിച്ചെന്നവണ്ണമാണ് പൊതികെട്ടുന്നത്. ത്രാസില്‍ സാധങ്ങള്‍ വയ്ക്കുന്ന തട്ടില്‍ മുകളിലായി ഒരു കല്ല് കെട്ടിതൂക്കിയിട്ടുണ്ടാവും. തൂക്കുകട്ടിക്കു പകരം കരിങ്കല്‍ക്കഷണവും ഉപയോഗിക്കും . പക്ഷെ, നാണുക്കുട്ടന്റെ കച്ചവടത്തില്‍ ആര്‍ക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. അമ്പലനടയിലാണ് കച്ചവടം ഉണ്ടായിരുന്നത് അത് നാണുക്കുട്ടന്റെ കടയില്‍ നിന്ന് മൊത്തമായി സാധനങ്ങള്‍ വാങ്ങി ചില്ലക്കച്ചവടം നടത്തുന്ന കേശവന്റേതായിരുന്നു.

ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്നു കൊച്ചുപെണ്ണിനു തോന്നി.

‘’ മക്കളേ … വല്യമ്മ പോണ്’‘ എന്നു പറഞ്ഞുകൊണ്ട് കൊച്ചുപെണ്ണ് വേഗം വീട്ടിലേക്കു വച്ചു പിടിച്ചു. നാണുക്കുട്ടനോടും കുഞ്ഞുപെണ്ണിനോടും യാത്രപോലും പറഞ്ഞില്ല.

പെണ്ണിന്റെ തീണ്ടാരി മാറി ശുദ്ധമാകാന്‍ വേലത്തിക്കു തുണി കൊടുക്കണം. അതിന് പൈങ്കിളി വേലത്തിയുടെ അരികിലേക്ക് ആളെ വിട്ടു. അവര്‍ കഞ്ഞി മുക്കി ചാണകം തളിച്ച് അലക്കി വെളുപ്പിച്ച് വെള്ളത്തുണി കൊണ്ടു വന്നു കൗസല്യയുടെ കയ്യില്‍ നിന്ന് മുണ്ടും നാടനും ദക്ഷിണ വാങ്ങി വെള്ളത്തുണി ഉടുപ്പിച്ചു.

നാരായണന്‍ കണ്ണുവിന്റെ വീട്ടിലെ അംഗമായിരുന്നെങ്കിലും അവന് മാനസികമായി ആ വീടിനോട് അടുപ്പമുണ്ടായിരുന്നില്ല. അമ്മയോടും അനുജന്‍ അയ്യപ്പന്‍കുട്ടിയോടുമൊപ്പം അമ്മാവന്റെ വീട്ടില്‍ അഭയാര്‍ത്ഥിയായി വരുമ്പോള്‍ത്തന്നെ അവന്റെ കയ്യില്‍ നൂറുരൂപയോളം സമ്പാദ്യമുണ്ടായിരുന്നു. അവന്‍ അതുകൊണ്ട് ഒറ്റത്തേങ്ങ എടുത്തു. തന്നാന്‍ പൊതിച്ച് വെട്ടിയുണക്കി മില്ലില്‍ കൊണ്ടു പോയി വിറ്റ് ലാഭമുണ്ടാക്കും. അമ്മക്കും അനുജനും എല്ലാ ഓണത്തിനും ഉടുക്കാന്‍ വാങ്ങിക്കൊടുക്കും.

അയ്യപ്പന്‍കുട്ടി നേരെ വിപരീതമാണ്. അമ്മാവന്റെ ഉടമസ്ഥതയില്‍ ബോട്ടുജെട്ടിയില്‍ നടന്നുവരുന്ന ചായക്കടയില്‍ ചായയുണ്ടാക്കാനും ഗ്ലാസുകഴുകാനും തൂത്തുവൃത്തിയാക്കാനും വിറകുവാങ്ങാനും എല്ലാത്തിനും അവനുണ്ടാകും. പലപ്പോഴും ചുമതലയില്‍ നിന്നും മുങ്ങി രായപ്പന്‍ വൈദ്യനെ കാണാന്‍ പോകും. അതൊഴിവാക്കിയാല്‍ എല്ലാ കാര്യങ്ങളിലും കണ്ണുവിനും കൊച്ചുപെണ്ണിനും അയ്യപ്പന്‍കുട്ടി സ്വീകാര്യനാണ്.

അയ്യപ്പന്‍കുട്ടിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കനമെന്ന് നാരായണന്‍ ആഗ്രഹിച്ചു തന്റെ കൂടെ ഒറ്റത്തേങ്ങ എടുത്ത് കച്ചവടം ചെയ്യാന്‍ അയ്യപ്പന്‍കുട്ടിയോട് പറഞ്ഞു പക്ഷെ അയ്യപ്പന്‍കുട്ടി ആ നിര്‍ദ്ദേശം സ്വീകരിച്ചില്ല.

‘’ചായ ഗ്ലാസ്സുകഴുകാനാടാ നിന്റെ വിധി’‘

നാരായണന്‍ ദേഷ്യത്തോടെ പറഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാത്ത വണ്ണമാണ് ഒരു ദിവസം കുഞ്ഞുപെണ്ണ് ചേച്ചിയുടെ വീട്ടില്‍ ചെന്നത്. ആ വരവില്‍ കൊച്ചുപെണ്ണിന് അത്ഭുതം തോന്നി. അധികം അകലമില്ലെങ്കിലും കുഞ്ഞുപെണ്ണ് അപൂര്‍വമായിട്ടേ ചേച്ചിയുടെ വീട്ടില്‍ പോകാറുള്ളു. മന:പൂര്‍വമല്ല, അവര്‍ക്കതിന് സമയം കിട്ടാറില്ല.

ചേച്ചിയും അനുജത്തിയും കാര്യങ്ങളിലേക്കു കടന്നു. കൊച്ചുപെണ്ണിന് ഒരു പാട് സങ്കടങ്ങളുണ്ടായിരുന്നു. സത്രം പോലെയുള്ള വീട് ആ വീടിനകത്ത് ഓരോ മുറിയിലും അന്യരേപ്പോലുള്ള ആളുകള്‍. സ്നേഹം പങ്കു വയ്ക്കാനോ പരസ്പരം ഒന്നു ഉരിയാടാനോ പോലും കഴിയാത്ത ആളുകള്‍.

കുഞ്ഞുപെണ്ണിനും ദു:ഖങ്ങളുണ്ട്. അവളുടെ പ്രധാന ദു:ഖം ആണ്മക്കളെക്കുറിച്ചാണ്. നാല് ആണ്മക്കളുണ്ടെങ്കിലും നാലും നാലുവഴിക്കാണ്. ഒരെണ്ണം പോലും വീട്ടുകാര്യങ്ങള്‍ നോക്കില്ല. അതുകൊണ്ട് കാര്യങ്ങള്‍ നോക്കാന്‍ പറ്റിയ ഒരാളെ കൗസല്യക്കു കണ്ടു പിടിക്കണം.

കൊച്ചുപെണ്ണിനു സന്തോഷമായി. തന്റെ മനസിലുള്ള ആശയം പുറത്തുവിടാന്‍ പറ്റിയ സന്ദര്‍ഭം ഇതു തന്നെ. അവര്‍ സ്നേഹപൂര്‍വം കുഞ്ഞുപെണ്ണിനെ ആശ്ലേഷിച്ചു.

‘’ എന്റെ കുഞ്ഞൂ ഇതിന് എന്തിനാ പുറത്ത് അന്വേഷിക്കുന്നത്? കാര്‍ത്തുവിന്റെ മോനെ നമുക്ക് ആലോചിച്ചാലെന്താ?’‘

‘’ അതു ശരിയാണല്ലോ ചേച്ചി , ആരാണു പറ്റിയ ആള്‍? കാര്‍ത്തു നാത്തൂന് രണ്ടുമക്കളാണല്ലോ ഉള്ളത്?’‘

‘’ മൂത്തവന്‍ നാരായണനാ അവന്‍ നില്‍ക്കുമ്പോ അവനയല്ലേ ആലോചിക്കേണ്ടത് ?’‘

‘’ പക്ഷെ , ചേച്ചി നാരായണന്‍ ആളൊരു മുരടനാ വെട്ടി മുറിച്ച് എന്തും പറയും’‘

‘’ നീ അതു നോക്കണ്ട അവനാ കാര്യപ്രാപ്തി ‘’

‘’ ശരി എന്നാ അങ്ങിനെ തന്നെ”

അന്നുരാത്രി തന്നെ കൊച്ചുപെണ്ണ് കണ്ണുവിന്റെ മുമ്പാകെ കല്യാണക്കാര്യം അറിയിച്ചു. അയാള്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. അല്ലെങ്കിലും കണ്ണുവിന് പ്രത്യേകമായ അഭിപ്രായങ്ങളില്ല. കുടുംബകാര്യങ്ങളില്‍ കൊച്ചുപെണ്ണാണ് അവസാനവാക്ക്.

കൊച്ചുപെണ്ണ് വിഷയം കാര്‍ത്തുവിന്റെ മുമ്പില്‍ വച്ചു. കാര്‍ത്തുവിനും അത് നല്ലൊരു കാര്യമായി തോന്നി കാര്‍ത്തു നാരായണനോടും വിവരം പറഞ്ഞു.

നാരായണന്‍ മറുപടി പറയാതെ ചിരിച്ചു കളഞ്ഞു.

നാരായണന്‍ സമ്മതിച്ചതായാണ് കാര്‍ത്തു കരുതിയത്. അവര്‍ കൊച്ചുപെണ്ണിനോട് സമ്മതം അറിയിച്ചു.

കൊച്ചുപെണ്ണ് നാരായണന്‍ പെണ്ണുകാണാന്‍ വരുമെന്ന് കുഞ്ഞുപെണ്ണിനേയും അറിയിച്ചു.

പെണ്ണുകാണാന്‍ പോകുന്നതിന്റെ തലേ ദിവസം കാര്‍ത്തു നാരായണനോടു പറഞ്ഞു.

‘’ എടാ , നാളെ നീ കുഞ്ഞുപെണ്ണു നാത്തൂന്റെ വീട്ടിലേക്കു പോകണം ‘’

‘’ എന്തിനാ?’‘

‘’ ഓ, ഒന്നുമറിയാന്‍ പാടില്ല . എടാ, നാളെ നീ പോയി കൗസല്യയെ കാണണം’‘

‘’അതിന് ഞാനവളെ എത്ര തവണ കണ്ടിട്ടുള്ളതാ’‘

‘’ എന്നാലും അതുപോര നിന്റെ കൂടെ പ്രകാശനും വരും’‘

‘’ ഞാനില്ല’‘

‘’ഇല്ലെന്നോ ? അതെങ്ങനെ പറഞ്ഞാല്‍ പറ്റില്ല നീ പോണം’‘

‘’ ഇല്ല , ഞാന്‍ പോകില്ല’‘

‘’ ദേ, നീ വെറുതെ ചുറ്റിക്കരുത് അവന്റെയൊരു തമാശ’‘

‘’ ഞാന്‍ കളിതമാശ പറഞ്ഞതല്ല’‘

‘’ അപ്പ നിന്നോടു ഞാന്‍ നേരത്തെ പറഞ്ഞപ്പോള്‍‍ സമ്മതിച്ചതോ?’‘

‘’ അമ്മ എന്താ ഈ പറേണത്? ഞാന്‍ സമ്മതിച്ചെന്നോ?’‘

‘’ അതേ നിന്നോടു പറഞ്ഞപ്പ നീ ഒന്നും പറഞ്ഞില്ല അതിന് ഞാനെന്താ കരുതേണ്ടത്?’‘

‘’ അമ്മേ കല്യാണം എന്നു പറേണത് കളിയല്ല ആ പെങ്കൊച്ചിനെ ഞാന്‍ കെട്ടിക്കൊണ്ടു വരേണ്ടത് എങ്ങോട്ടാ? ഈ സത്രത്തിലേക്കോ? അല്ലലില്ലാതെ വളരണ ആ പെണ്ണിനെ ഈ നരകത്തീ കൊണ്ടുവന്ന് തള്ളണോ? നമുക്ക് എന്താ നിലനില്‍പ്പുള്ളത് ? നമ്മളീ വീട്ടിലെ ആരാ? കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് നമുക്ക് സ്വന്തം നിലനില്‍പ്പുണ്ടാകണം’‘

നാരായണന്‍ ഉറച്ച തീരുമാനത്തിനു മുമ്പില്‍ കാര്‍ത്തു പകച്ചു നിന്നു.

പിറ്റെ ദിവസം കൗസല്യയെ പെണ്ണുകാണാന്‍ പോയത് അയ്യപ്പന്‍കുട്ടിയായിരുന്നു.

Generated from archived content: kanni3.html Author: purushan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English