നന്തുണിയുടേയും ഇലത്താളത്തിന്റെയും താളപൂർണ്ണതയിൽ, പാരമ്പര്യത്തിന്റെ ശ്രുതിതികഞ്ഞ കുറുപ്പിന്റെ പാട്ട്-കുരുത്തോല തൂക്കി, വീരാളിപ്പട്ട് വിതാനിച്ച പന്തലിനുതാഴെ, കളത്തിൽ പ്രകൃതിവർണ്ണങ്ങളുടെ സമ്മോഹനമേളനം-വെളിച്ചപ്പാടിന്റെ ചടുലചലനങ്ങൾ….ഗ്രാമാന്തരങ്ങളിൽ, ഡിസംബറിന്റെ തണുത്ത രാവുകൾ കളമെഴുത്തും പാട്ടും എന്ന അനുഷ്‌ഠാനത്താൽ ഊഷ്‌മളവും ദീപ്‌തവുമാകുന്നു. തങ്ങളുടെ രൂപം കളമെഴുതി സ്‌തുതിക്കുന്ന ആരാധന അമ്മ ദൈവങ്ങളെയും പെട്ടെന്ന് പ്രസാദിപ്പിക്കുന്നു. ദാരികവധത്തിനുശേഷം കലികൊണ്ട കാളിയുടെ കോപം ശമിപ്പിക്കുവാൻ ശിവനും ദേവഗണങ്ങളും പലതും ചെയ്‌തിട്ടും കഴിഞ്ഞില്ല. എന്നാൽ കൈലാസത്തിൽ തന്റെ രൂപം കളമെഴുതി നടത്തുന്ന കളമെഴുത്തും പാട്ടും കണ്ടപ്പോൾ കാളി പൊട്ടിച്ചിരിച്ചുപോയത്രെ.
പതിനെട്ടോളം മൂർത്തികൾക്കാണ് കളമെഴുത്തും പാട്ടും നടത്താറുളളത്. ഇതിൽതന്നെ ഭഗവതി, ശാസ്‌താവ്, വേട്ടയ്‌ക്കൊരുമകൻ, കരുമകൻ, അന്തിമഹാകാളൻ എന്നീ മൂർത്തികൾക്കാണ് പ്രാമുഖ്യമേറെ. ആസുരശക്തികളോടുളള സംഹാരാത്‌മകമായ പരാക്രമവും ആശ്രിതരോടുളള അകമഴിഞ്ഞ വാത്‌സല്യവും ഈ ദേവൻമാരുടെയെല്ലാം പൊതുസ്വഭാവമാണ്. കളമെഴുത്തിനോടനുബന്ധിച്ചുളള വിവിധ ചടങ്ങുകളിലും അതിനുപയോഗിക്കുന്ന സാമഗ്രികളിലും ഈ ദേവൻമാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകൾ നിഴലിക്കുന്നുണ്ട്. ചെണ്ടയുടെ താളം മുറുകുമ്പോൾ ശരീരമാസകലം വിറപ്പിച്ചുതുളളി, ആ ജ്വരവേഗതയിൽ ദേവന്റെ കല്പനകൾ അരുളിച്ചെയ്യുന്ന വെളിച്ചപ്പാട്-നാളികേരം ശക്തിയോടെ എറിഞ്ഞുടയ്‌ക്കുന്ന ചടങ്ങ്-നാട്ടുമൊഴികൾക്ക് പ്രാമാണ്യമുളള കളം&തോറ്റംപാട്ട് ഇങ്ങനെ കളമെഴുത്തിന്റെ ഓരോ ഘടകങ്ങളും സ്‌തുതിക്കപ്പെടുന്ന മൂർത്തികളുടെ സ്വഭാവത്തിലേക്ക് കത്തിച്ചുപിടിച്ച നെയ്‌ത്തിരികളാണ്.
വേട്ടയ്‌ക്കൊരുമകൻ കളംഃ മലബാറിൽ വേട്ടയ്‌ക്കൊരുമകൻ കളത്തിന് പെരുമയേറെയുളളത് വയനാട് ജില്ലയിലെ നമ്പുമലക്കോട്ട, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കോട്ട, മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് എന്നീ ദേശങ്ങളിലാണ്. ഈ മൂന്നു ക്ഷേത്രങ്ങളിലാണ് യഥാക്രമം വേട്ടയ്‌ക്കൊരുമകന് ഉഷപ്പൂജ, ഉച്ചപൂജ, അത്താഴപ്പൂജ എന്നിവ കഴിക്കുന്നത്. അഞ്ചരക്കണ്ടി, നീലേശ്വരം, ഉളളൂർപടിപ്പുര, പന്നിയംവെളളി, വാകയാട്ട് കോട്ട, വില്ലൂന്നിയാൽ, കുറ്റിപ്പുറം, നിലമ്പൂർ കോവിലകം എന്നിങ്ങനെ മലബാറിലെ വേറെയും പ്രദേശങ്ങളിൽ വേട്ടയ്‌ക്കൊരുമകൻകളം എഴുതാറുണ്ട്.
പൂർവ്വവൃത്താന്തംഃ പാശുപതാസ്ര്തത്തിനുവേണ്ടി തപസ്സനുഷ്‌ഠിക്കുന്ന അർജ്ജുനനെ പരീക്ഷിക്കുവാനായി ശിവപാർവ്വതിമാർ കാട്ടാളവേഷം ധരിച്ച് വനവിഹാരം നടത്തിയ കാലത്ത് അവർക്ക് ജനിച്ച പുത്രനാണ് വേട്ടയ്‌ക്കൊരുമകൻ. ഈ കുഞ്ഞിനെ വേട്ടക്കാർ എടുത്തു വളർത്തി. ലോകനാഥനായ പിതാവിന്റെയും ശക്തിസ്വരൂപിണിയായ മാതാവിന്റെയും അനുഗ്രഹത്താൽ വേട്ടയ്‌ക്കൊരുമകൻ അജയ്യനായി വളർന്നു. അവന്റെ പരാക്രമങ്ങൾക്കൊണ്ട് പൊറുതി മുട്ടിയ രാജാക്കൻമാർ മഹാവിഷ്‌ണുവിനോട് പരാതി ബോധിപ്പിച്ചു. ഒരു പൊൻചുരികയുമായി മഹാവിഷ്‌ണു ബ്രാഹ്‌മണവേഷത്തിൽ വേട്ടയ്‌ക്കൊരുമകനെ സമീപിച്ചു. ചുരികയിൽ ആകൃഷ്‌ടനായ വേട്ടയ്‌ക്കൊരുമകൻ അത് തനിക്ക് നൽകണമെന്നാവശ്യപ്പെട്ടു. ഒരിക്കൽപ്പോലും കൈയിൽനിന്ന് താഴെവയ്‌ക്കില്ലെന്ന വ്യവസ്ഥയിൽ മഹാവിഷ്‌ണു ചുരിക വേട്ടയ്‌ക്കൊരുമകന് നൽകി. സൂത്രത്തിൽ വേട്ടയ്‌ക്കൊരുമകന് മേലിൽ അസ്‌ത്രം പ്രയോഗിക്കുവാൻ പറ്റാത്ത അവസ്ഥ സൃഷ്‌ടിക്കുന്നയായിരുന്നു മഹാവിഷ്‌ണു. പിന്നീട് പിതാവിന്റെ നിർദ്ദേശാനുസരണം മലനാട് സംരക്ഷിക്കുവാനായി, വേട്ടയ്‌ക്കൊരുമകൻ വയനാട്ടിലെ നമ്പുമലക്കോട്ടയിൽ എത്തിച്ചേർന്നുവെന്നാണ് വിശ്വാസം.
കളമെഴുത്ത്‌ഃ പച്ച (നെൻമണിവാകയുടേയോ മഞ്ചാടിയുടേയോ ഇല പൊടിച്ച് ഉണ്ടാക്കുന്നത്), കറുപ്പ് (ഉമിക്കരിപ്പൊടി), വെളള (അരിപ്പൊടി), മഞ്ഞ (മഞ്ഞൾപ്പൊടി), ചുവപ്പ് ( മഞ്ഞളും ചുണ്ണാമ്പും ചേർത്ത് പൊടിച്ചുണ്ടാക്കുന്നത്) എന്നീ വർണ്ണങ്ങളാണ് കളമെഴുതാൻ ഉപയോഗിക്കുന്നത്. ഉച്ചപൂജയ്‌ക്കുശേഷം കളത്തിനു ചുറ്റുമായി നാട്ടിയ നാലുകാലിൽ കൂറ തൂക്കുന്നു. അരങ്ങിന്റെ ചുവട്ടിൽ അലങ്കരിച്ച പീഠത്തിൽ വേട്ടയ്‌ക്കൊരുമകന്റെ തിരുവായുധം കൊണ്ടുവന്നുവയ്‌ക്കുന്നു. ഈ സമയത്ത് പാടുന്ന പാട്ടാണ് ഉച്ചപ്പാട്ട്. തുടർന്ന് തന്ത്രി പൂജസമർപ്പിക്കുന്നു. വൈകുന്നേരത്തോടെയാണ് കളമെഴുതാൻ തുടങ്ങുന്നത്. കളത്തിന്റെ നാലു കോണുകളിലായി നിലവിളക്ക് കൊളുത്തിവയ്‌ക്കുന്നു. ഏഴ് അടി വീതിയും ഒമ്പത് അടി നീളവുമുളള ചതുരത്തിലാണ് കളം വരയ്‌ക്കുന്നത്. തൃപ്പാദം വരുന്ന ഭാഗം തൊട്ടുവന്ദിച്ചതിനുശേഷം തിരുമുഖം മുതൽക്കാണ് എഴുത്ത് ആരംഭിക്കുന്നത്.
വട്ടത്താടിയാണ് വേട്ടയ്‌ക്കൊരുമകന്റെ രൂപത്തിനുളള എടുത്തു പറയേണ്ട സവിശേഷത. അമ്പുംവില്ലും ഒരു കൈയിൽ കൂട്ടിപ്പിടിച്ച് മറുകൈയിൽ ചുരിക പിടിച്ചുനിൽക്കുന്ന രൂപമാണ് സാധാരണ വരയ്‌ക്കാറുളളത്. ഇത് ശാന്തസ്വരൂപനായ ദേവനാണ്. ചുരിക കൈയിൽ കിട്ടുന്നതിനുമുമ്പുളള രൂപത്തിന് കിരാതസൂനു എന്നാണ് പേര്. ഈ രൂപത്തിന് തൃക്കണ്ണും വരയ്‌ക്കാറുണ്ട്. എല്ലാ അംഗങ്ങളും ആയുധങ്ങളും വരച്ചുകഴിഞ്ഞതിനുശേഷമാണ് കളത്തിന് ജീവസ്സ് നൽകുന്നത്. കണ്ണിന്റെ കൃഷ്‌ണമണി കറുപ്പുനിറംകൊണ്ട് എഴുതുന്നതോടെയാണ് കളത്തിന് ജീവസ്സ് ലഭിച്ചതായി കണക്കാക്കുന്നത്. ജീവസ്സ് നൽകിക്കഴിഞ്ഞാൽ പിന്നീട് കുറുപ്പിന് കളത്തിൽ സ്പർശിക്കുവാൻ അധികാരമില്ല. കളം അശുദ്ധമായാൽ (തന്ത്രി ഒഴികെയുളള ആരെങ്കിലും കളത്തിൽ സ്പർശിക്കുകയോ പൂച്ച ചാടുകയോ മറ്റോ ചെയ്‌താൽ) തന്ത്രി പാദംതൊട്ടുളള പൂജാദികർമ്മങ്ങൾ ചെയ്‌ത് കളം മായ്‌ക്കും. പിന്നെ രണ്ടാമതും കളം വരച്ചതിനുശേഷമാണ് കളംപാട്ട് കഴിക്കുന്നത്.
കളം പൂർത്തിയായിക്കഴിഞ്ഞാൽ കുറുപ്പ് ദേവന്റെ നിറങ്ങൾ (സ്തുതികൾ) പാടുന്നു. വെളിച്ചപ്പാട് വന്ന് കളപ്രദക്ഷിണം നടത്തി കളത്തിന്റെ തലയ്‌ക്കൽ ‘ഈടുംകൂറും’ ചവിട്ടുന്നു. വെളിച്ചപ്പാട് പോയതിനുശേഷമാണ് തന്ത്രി പൂജകൾ ചെയ്യുന്നത്. പൂജകൾക്കുശേഷം വീണ്ടും കുറുപ്പിന്റെ പാട്ടാണ്; തുടർന്ന് അഷ്‌ടദിക്‌പാലകൻമാർക്ക് കുറുപ്പ് പൂജസമർപ്പിച്ച് കളത്തിന്റെ ജീവസ്സ് മായ്‌ക്കുന്നു. മാരാർ കൊട്ടിവിളിക്കുമ്പോൾ വെളിച്ചപ്പാട് വന്ന് കളത്തിനുളളിൽ നൃത്തം ചെയ്യുന്നു. ഓരോ ചുവടും കഴിയുമ്പോൾ കുറുപ്പ് നാല് നിറങ്ങൾ ചൊല്ലും. “കളം കണ്ട് കുളിക്കാൻ പോകുക” എന്ന ചടങ്ങാണ് പിന്നെ. കൈയിലുളള ആയുധം (ചുരിക) കുറുപ്പിനെ ഏല്‌പിച്ച് വെളിച്ചപ്പാട് കുളിക്കാൻ പോകുന്നു. കുളികഴിഞ്ഞ് പുതിയ ഉടയാടകളോടെയാണ് വെളിച്ചപ്പാട് തിരിച്ചുവരുന്നത്. ചുരിക തിരിച്ചുവാങ്ങി, കുരുത്തോല വെട്ടിയിട്ട് കളത്തിനകത്ത് നൃത്തംചെയ്യുന്നു. തുടർന്ന് നാളികേരമേറ് എന്ന ചടങ്ങിന് പോകുന്നു (ബാലാശ്ശേരിക്കോട്ടയിൽ 12000 നാളികേരം വരെ എറിഞ്ഞ ചരിത്രമുണ്ടെന്ന് പറയപ്പെടുന്നു) നാളികേരമുടച്ചുകഴിഞ്ഞ് വീണ്ടും കളത്തിനു സമീപംവന്ന് ദേവന്റെ കല്പനകൾ പുറപ്പെടുവിക്കുന്നു. അതിനുശേഷം വന്നുചേർന്നവർക്കെല്ലാം പ്രസാദമായി കളം മായ്‌ച്ച പൊടി വിതരണം ചെയ്യുന്നു.
പാട്ടും വാദ്യവുംഃ വേട്ടയ്‌ക്കൊരുമകന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നവയാണ് പാട്ടുകൾ ഏറെയും. നാട്ടുമൊഴികളിലുളള പാട്ടുകളെക്കൂടാതെ സംസ്‌കൃതപദങ്ങൾ ഇടകലർന്ന സ്തുതികളും ഇതിലുൾപ്പെടുന്നു. കുറുപ്പൻമാർ തലമുറകളായി കൈമാറിപ്പോന്നിട്ടുളള ഈ പാട്ടുകളിലെ പല വാക്കുകളുടേയും പൊരുൾ വ്യാഖ്യാനത്തിന് എളുപ്പം വഴങ്ങുന്നവയല്ല.
“ചെനമുറമദകരി മുഖമുടയ തിരപുരമേരി ചെയ്‌തപരമുടയ………
കാറൊളി തിരുമേനി കാർമുകിൽ കാള കാട്ടമരും പുരാൻ” എന്നിങ്ങനെയുളള വരികൾ നോക്കുക. “ഉളേളാട്ടുതട്ടി വിളിച്ചവർക്കൊക്കെയുംമല്ലലകറ്റിയ‘ ഈ തമ്പുരാനെ സ്തുതിച്ചുകൊണ്ടുളള
”നമ്പുമലയോടെ ബാലുശ്ശേരിയോ
കലങ്ങോട്ടൂരാണ്ടെഴും വാഴുവോൻ വേട്ടയ്‌ക്കൊരുമകനേ“ എന്നിങ്ങനെയുളള ലളിതമായ പാട്ടുകളെക്കൂടാതെ
”തിങ്കളെലിമ്പ് ചിലമ്പണിയും നമ
ശങ്കര ഹരേ ഹരിശങ്കര ഹരേ ശിവ“ തുടങ്ങിയ ശിവ സ്തുതികളും ഉണ്ട്.
”കുന്നല്ലൊ കോനോ നീയതാ മുന്നില്
കുന്നോളം തേങ്ങ കിടന്നതെല്ലാം
ഒന്നൊഴിയാതെ തകർത്ത നിന്നോട്
ഒന്നുങ്ങുണർത്തുന്നെൻ തമ്പുരാനെ“ ഇപ്രകാരം പ്രാസഭംഗിയുളള വരികളും ഇടയ്‌ക്ക് കാണാം. അഞ്ചോ ആറോ ചെണ്ട, രണ്ട് ഇലത്താളം, കൊമ്പ്, കുഴൽ, മദ്ദളം, നന്തുണി ഇത്രയും വാദ്യങ്ങളാണ് കളംപാട്ടിന് സാധാരണ ഉപയോഗിച്ചുവരുന്നത്.
കൂട്ടായ്‌മയുടെ നിറക്കൂട്ട്‌ഃ കളത്തിൽ പലവർണ്ണങ്ങൾ കലർന്ന് ചേതോഹരമായ ദേവരൂപം സൃഷ്‌ടിക്കപ്പെടുന്നതുപോലെ കളമെഴുത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ പല ശ്രേണികളിലും പെടുന്നവർ പ്രവർത്തിക്കുന്നുണ്ട്. കളം വരയ്‌ക്കുന്നതും പാട്ട് പാടുന്നതും മറ്റും കുറുപ്പ് (അമ്പലവാസി സമുദായത്തിലുൾപ്പെടുന്ന കുറുപ്പ്) വിഭാഗക്കാരാണ്. വേട്ടയ്‌ക്കൊരുമകന്റെ കോമരം കൊറാറനായരാണ്. ചെണ്ടകൊട്ടുന്ന മാരാർ, പൂജചെയ്യുന്ന നമ്പൂതിരി, മാറ്റ് കൊണ്ടുവരുന്ന മണ്ണാൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുളള പട്ടർ എന്നിങ്ങനെ പിന്നണിയിൽ ഒരുപാട് പേരുടെ കൂട്ടായ്‌മയിലൂടെയാണ് ഭക്തിസാന്ദ്രമായ താളനിബദ്ധമായ ഈ അനുഷ്‌ഠാനം സാർത്ഥകമാകുന്നത്. അമാനുഷശക്തികളോടുളള ഭീതിയിൽനിന്നാണ് മനുഷ്യന്റെ ആരാധനാക്രമങ്ങളിൽ മിക്കതും ജന്‌മം കൊണ്ടതെന്ന് മുമ്പുതന്നെ വീക്ഷിക്കപ്പെട്ടിട്ടുളളതാണ്. സിംഹത്തിന്റെ പുറത്തേറി, 64 വിവിധ ആയുധങ്ങളുമായി വരുന്ന കാളിയും കടുവപ്പുറത്ത് സഞ്ചരിക്കുന്ന ശാസ്താവും മൂന്നാം തൃക്കണ്ണ് ജ്വലിപ്പിക്കുന്ന വേട്ടയ്‌ക്കൊരുമകനും മറ്റും ഏത് പ്രതികൂലഘടകങ്ങളേയും തരണം ചെയ്‌ത് തങ്ങൾക്ക് സംരക്ഷണമേകാൻ പ്രാപ്തരാണെന്നബോധവും അതിൽ നിന്നുളവാകുന്ന ഭയഭക്തി ബഹുമാനങ്ങളും ഈ ചടങ്ങിന് പ്രേരകമായി വർത്തിക്കുന്നു.
പറഞ്ഞുതന്നവർഃ എ.ആർ.കരുണാകരക്കുറുപ്പ്, നിറങ്കൈതക്കോട്ട, വളളിക്കുന്ന് നോർത്ത് 673 314., കെ.ആർ. കൃഷ്‌ണക്കുറുപ്പ്, കൃപ നിവാസ്, പനങ്ങാട് (വഴി) ബാലുശ്ശേരി, 673 612.
Generated from archived content: kalam1_july1_05.html Author: premarajan_mk