ഏതാനും വർഷം മുമ്പുവരെ മലപ്പുറം കോഴിക്കോട് ജില്ലകളിലെ തീയ്യരുടെ (ഈഴവരുടെ) വിവാഹക്ഷണപത്രത്തിൽ ‘കഞ്ഞികുടിയും അന്നുതന്നെ’ എന്നൊരു വാചകം കാണാമായിരുന്നു. വിവാഹസദ്യയാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് കേൾക്കുന്ന മാത്രയിൽ തോന്നാം. എന്നാൽ വിവാഹത്തോടനുബന്ധിച്ചുളള ഒരു ചടങ്ങാണ് ഇവിടെ വിവക്ഷിക്കുന്നത്. താലികെട്ടുന്നതിനു മുൻപുതന്നെ ഈ ചടങ്ങോടെ ബന്ധം ഉറപ്പിക്കപ്പെടുന്നു. അന്നത്തെസമ്പ്രദായം അനുസരിച്ച് കഞ്ഞികുടികഴിഞ്ഞാൽ വധു വരന്റെ അധീനതയിലായി ! ആൺവീട്ടുകാരുടെ അനുമതി ഇല്ലാതെ അവൾക്ക് പൊതു ചടങ്ങുകളിൽ (സൽക്കാരം, വിവാഹം മുതലായവ) പങ്കെടുക്കുവാൻ പറ്റില്ല. കഞ്ഞികുടികഴിഞ്ഞാൽ വധൂവരൻമാരുടെ സമാഗമത്തിന് വിലക്കുകളില്ല എന്നുമാത്രമല്ല, വധു ഗർഭിണിയായതിനുശേഷം വിവാഹം നടന്ന ചരിത്രംപോലും അപൂർവ്വമായെങ്കിലും ഉണ്ട്.
ഭക്ഷണവും വസ്‌ത്രവും മനുഷ്യന്റെ എല്ലാ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും വ്യത്യസ്‌ത രൂപഭാവങ്ങളിൽ ആവർത്തിച്ചുവരുന്നതായികാണാം. കഞ്ഞികുടി എന്ന ആചാരത്തിലും ഇവ രണ്ടും വലിയ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിട്ടപ്പെടുത്തിയ ചില കുലമര്യാദകൾക്കനുസരിച്ച് വരന്റെ ബന്ധുക്കൾ വധുവിന്റെ വീട്ടിൽവച്ച് കഞ്ഞികുടിച്ച് ബന്ധം ഉറപ്പിക്കുന്ന ചടങ്ങാണ് ‘കഞ്ഞികുടി’. വിവാഹദിവസം രാവിലെയാണ് സാധാരണ ഈ ചടങ്ങ് നടത്താറുളളത്. എങ്കിലും ചിലർ വിവാഹ നിശ്ചയദിവസമോ അതിനുശേഷം വിവാഹംവരെയുളള ഏതെങ്കിലും ദിവസങ്ങളിലോ ഇത് നടത്താറുണ്ട്. വരന്റെ വീട്ടിൽനിന്ന് മൂന്ന് കാരണവൻമാർ വിവാഹദിവസം വിവാഹപ്പാർട്ടിക്കു മുൻപേ വധുവിന്റെ വീട്ടിൽ എത്തുന്നു. പുൽപ്പായയിൽ വെളളമുണ്ട് വിരിച്ച് നിലവിളക്കിനും നിറനാഴിക്കും മുന്നിൽ അവർ ചമ്രംപടിഞ്ഞിരിക്കുന്നു. വരന്റെ കുടുംബത്തിലെ അവകാശി (സ്വസമുദായത്തിൽപ്പെടുന്ന വ്യത്യസ്‌ത തറവാട്ടുകാരൻ) വധുവിന്റെ കുടുംബത്തിലെ അവകാശിക്ക് നാലുകഷണം വെളള മല്ലിൻതുണി നൽകുന്നു. ഇതിന് കാണംകൊടുക്കുക എന്നാണ് പറയുന്നത്. ഈ തുണിക്കുളളിൽ കാണപ്പണമായി ഒരു ചെറിയ തുകയും (അഞ്ചോ പത്തോ രൂപ) വച്ചിട്ടുണ്ടാവും. അവകാശി ഇത് വാങ്ങി വധുവിന്റെ അമ്മാവനോ അച്ഛനോ നൽകും. തുടർന്ന് അയാൾതന്നെ മൂന്ന് പാത്രങ്ങളിൽ കഞ്ഞികൊണ്ടുവന്ന് വരന്റെ ബന്ധുക്കൾക്ക് മുന്നിൽ വയ്‌ക്കും. വധൂവരൻമാരുടെ പേരും തറവാട്ടുപേരും അച്ഛന്റെപേരും പറഞ്ഞ് ഇവർ “തമ്മിലുളള വിവാഹത്തിന് സമ്മതം പറഞ്ഞുകൊണ്ട് കഞ്ഞികുടിക്കട്ടേ കാരണോൻമാരേ” എന്ന പ്രസ്‌താവത്തോടെയാണ് കഞ്ഞികുടി ആരംഭിക്കുക. കഞ്ഞികുടിക്കുന്നത് പച്ചപ്ലാവിലകൊണ്ടുണ്ടാക്കിയ കുമ്പിൾ ഉപയോഗിച്ചാണ്. ഈ കുമ്പിൾ മൂന്നെണ്ണം സമീപത്തായി കിണ്ടിയിലെ വെളളത്തിൽ ആദ്യംതന്നെ കൊണ്ടുവെച്ചിട്ടുണ്ടാവും. അതിഥികൾ സ്വയം ഈ കുമ്പിളെടുത്ത് കഞ്ഞി മുക്കിക്കുടിക്കുകയാണ് ചെയ്യുക. മൂന്ന് കുമ്പിൾ കഞ്ഞിമാത്രമേ കുടിക്കുകയുളളൂ. ഇതിന് ശേഷം വെറ്റിലയും മുറുക്കി അവർ യാത്രയാവുന്നതോടെ ഈ ചടങ്ങ് കഴിയുന്നു.
ജീരകവും തേങ്ങയും അരച്ച് നെല്ലുകുത്തരിയുടെ കഞ്ഞിയാണ് ഈ ചടങ്ങിൽ ഉപയോഗിക്കുന്നത്. കേരളീയരെ സംബന്ധിച്ച് അരിഭക്ഷണത്തിന് വിശേഷിച്ച് ചോറിനും കഞ്ഞിക്കും വലിയപ്രാധാന്യമുണ്ടല്ലോ. അരിഭക്ഷണം കഴിച്ചുകൊണ്ട് ഒരു ബന്ധം ആരംഭിക്കുക എന്നത് വളരെ അർത്‌ഥവത്താണ്. രണ്ടുകുടുംബങ്ങൾ തമ്മിൽ വിവാഹത്തോടെ ഉണ്ടാകാൻ പോകുന്ന അടുപ്പത്തിന്റെ സൂചന ഇതുൾക്കൊളളുന്നു. സാധാരണ കഞ്ഞിയോടൊപ്പം തൊടുകറിയായി കഴിക്കാറുളള ചമ്മന്തിയോ പയറോ ഒന്നുമല്ല ഈ ചടങ്ങിൽ വിളമ്പുന്നത്. തേങ്ങാപ്പൂളും ശർക്കരയുമാണ് ഇവിടെ തൊട്ടുകൂട്ടുവാൻ വിളമ്പുക. രണ്ടിനും മധുരമുണ്ട്. കൃത്രിമമധുരമല്ല നൈസർഗ്ഗികമായ മധുരം. അസ്വാരസ്യങ്ങളില്ലാത്ത ഒരു സുദൃഢബന്ധത്തിന്റെ പ്രതീകാത്‌മകമായ ആരംഭമാണ് ഇതിലൂടെ കുറിക്കുന്നത്. താലികെട്ട് വരനും വധുവും തമ്മിലുളള ബന്ധത്തെ കുറിക്കുന്നതുപോലെ രണ്ടുകുടുംബങ്ങൾ തമ്മിലുളള ബന്ധത്തെ ഈ ചടങ്ങ് ഉറപ്പിക്കുന്നു. ആ കർമ്മത്തിന് സാക്ഷിയായി സമൂഹത്തിന്റെ തന്നെ പ്രതിനിധിയായ അവകാശിയുണ്ട് ഐശ്വര്യത്തിന്റെ നിലവിളക്കുണ്ട് സമൃദ്ധിയുടെ നിറനാഴിയുണ്ട്.
വറുതിയുടെ വേനലിൽ തണലേകാൻ പന
വിസ്‌മയക്കണ്ണുകളോടെ പ്രകൃതിയുടെ നിറവിലേയ്‌ക്ക് നോക്കിയിരുന്ന ബാല്യകാലത്ത് മനസ്സിൽ പതിഞ്ഞ ഒരു കാഴ്‌ച. വീടിനടുത്തുളള ഒരു തൊടിയിൽ മുറിച്ചിട്ടിരിക്കുന്ന പനയുടെ ചുറ്റും സഞ്ചികളും പാത്രങ്ങളുമായി കൂട്ടംകൂടി നിൽക്കുന്ന ഒരുപാട് ആളുകൾ. അവർക്കിടയിൽ അമ്മയുടെ സാന്ത്വനവാക്കുകൾക്ക് വഴങ്ങാതെ വാശിപിടിച്ചു കരയുന്ന ഒരു കൊച്ചുപെൺകുട്ടി……. വിശപ്പിന്റെ പാരമ്യത്തിൽ കരച്ചിലടക്കി പലകകളാക്കി മുറിച്ചിട്ടിരിക്കുന്ന പനയുടെ ചെറിയ ചീളുകൾ വലിച്ചെടുത്ത് അവൾ ആർത്തിയോടെ തിന്നുന്നു…. പട്ടിണി അപൂർവ്വമല്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ സൂചകമായിരുന്നു ആ ദൃശ്യം. ഇതുപോലൊരു കാഴ്‌ച ഇന്ന് നമുക്ക് കാണാനാവുകയില്ല. മുമ്പത്തെപ്പോലെ ദരാിദ്ര്യംകൊണ്ട് വീട്ടിൽ തീ പുകയാത്ത കുടുംബങ്ങൾ ഇന്നില്ല. അതുകൊണ്ടുതന്നെ പനങ്കഞ്ഞിയുണ്ടാക്കുന്നതിന് പനവാങ്ങുവാൻ വെയിലുംകൊണ്ട് വരി നിൽക്കുവാൻ ഇന്ന് ആളുകൾക്ക് നേരമില്ല. അങ്ങനെ പനങ്കഞ്ഞി എന്ന പരമ്പരാഗതമായ ഭക്ഷണം ഇന്ന് നമ്മുടെ ഗ്രാമങ്ങളിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പഴമക്കാർക്ക് പനങ്കഞ്ഞിയെക്കുറിച്ച് ഒട്ടേറെ പറയുവാനുണ്ട്. രണ്ടുനേരത്തെ ഭക്ഷണത്തിന് അരി വാങ്ങുവാൻ മടിശ്ശീല അനുവദിക്കാത്തതിനാൽ കുറഞ്ഞചെലവിൽ ഉണ്ടാക്കാവുന്ന പനങ്കഞ്ഞിക്ക് അന്ന് പ്രിയമേറെയായിരുന്നു. എവിടെയെങ്കിലും പന മുറിച്ചിട്ടുണ്ടെന്ന് കേട്ടാൽ നാട്ടിൻപുറത്തുകാർക്ക് ഉൽസവംപോലെയായിരുന്നു. പന മുറിച്ച സ്‌ഥലത്ത് ആളുകളുടെ തിരക്ക് ഉണ്ടാവുകയും ചെയ്യും.
പനയുടെ പുറന്തോടെല്ലാം ചെത്തിക്കളഞ്ഞ് ഉളളിലെ ഭാഗം ചെറിയ പലകകളാക്കിയാണ് വിൽക്കുക. ഈ പലകകൾ കൊത്തിയരിഞ്ഞ് ചെറിയകഷണങ്ങളാക്കുന്നു. ഇവ ഉരലിലോ ആട്ടുകല്ലിലോ ഇട്ട് പൊടിക്കും. പൂർണ്ണമായും പൊടിഞ്ഞുകിട്ടില്ല. വലിയൊരു പാത്രത്തിന്റെ വാവട്ടം വൃത്തിയുളള തുണികൊണ്ട് മൂടിക്കെട്ടി അതിനുമുകളിൽ പനയുടെ ഈ പൊടിവെച്ച് വെളളമൊഴിച്ച് നല്ലതുപോലെ പിഴിയുകയും ഉരയ്‌ക്കുകയും ചെയ്യും. കുറേസമയം കഴിഞ്ഞാൽ പാത്രത്തിലെ വെളളത്തിനടിയിൽ വളരെ നേർത്ത പനമ്പൊടി ഊറിക്കൂടും. ഈപൊടിയുണക്കി ഉപ്പുംനാളികേരവും ചേർത്ത് വേവിച്ചാണ് സാധാരണഗതിയിൽ പനങ്കഞ്ഞിയുണ്ടാക്കുക. എന്നിട്ട് കറിചേർത്ത് കഴിക്കുകയാണ് പതിവ്. ചിലർ ശർക്കര, പഴം, ഏലം മുതലായവ ചേർത്തും ഇതുണ്ടാക്കാറുണ്ട്. രണ്ടു രീതിയിൽ തയ്യാറാക്കിയാാലും ഇതിന് രുചി ഏറെയുണ്ടെന്ന് ഏവരും സമ്മതിക്കുന്നു.
പന ഉണക്കി സൂക്ഷിച്ചുവച്ച് പഞ്ഞമാസങ്ങളിൽ പൊടിയാക്കി പനങ്കഞ്ഞിയുണ്ടാക്കുന്ന സമ്പ്രദായവുമുണ്ടായിരുന്നു. പച്ചപ്പനകൊണ്ടുണ്ടാക്കുന്ന പനങ്കഞ്ഞിയാണ് കൂടുതൽ രുചികരം. പനയുടെ പൊടികൊണ്ട് പത്തിരി, അട മുതലായ പലഹാരങ്ങളും അക്കാലത്ത് ഉണ്ടാക്കാറുണ്ട്. പുട്ടുപൊടി മുതൽ കോഴിയിറച്ചിവരെ ചെറിയ പാക്കറ്റുകളിലും ടിന്നുകളിലും സൂപ്പർമാർക്കറ്റുകളിൽനിന്നു ലഭിക്കുന്ന ഇക്കാലത്ത് പന മനുഷ്യന്റെ പ്രിയങ്കരഭക്ഷണമായിരുന്ന ഒരു കാലത്തെക്കുറിച്ച് സങ്കല്പിക്കുവാൻ കഴിഞ്ഞു കൊളളണമെന്നില്ല. ഉപഭോഗസംസ്‌ക്കാരത്തെ പുൽകുവാനുളള വെമ്പലിൽ നമുക്ക് നഷ്‌ടമാവുന്നത് പ്രകൃതിയുടെ ശീതളസാമീപ്യവും ശുശ്രൂഷയും ആണ് എന്ന പരമാർത്‌ഥമെങ്കിലും നമുക്ക് മറക്കാതിരിക്കാം.
Generated from archived content: annam_sept30_05.html Author: premarajan_mk
Click this button or press Ctrl+G to toggle between Malayalam and English