കോതാരിയും പനിയൻമാരും

എല്ലാ സമ്പത്തിനും അടിസ്‌ഥാനം കൃഷിയായിരുന്ന പണ്ടുകാലത്ത്‌ കൃഷി നന്നാകാനും കന്നുകാലികളും ധനധാന്യാദികളും വർദ്ധിക്കാനും വേണ്ടി നടത്തിവന്ന ഒരു നാടോടി നൃത്തകലയാണ്‌ ‘ഗോതാവരി’ അഥവാ കോതാരി. ഉത്തരകേരളത്തിലെ കോലത്തുനാട്ടിന്റെ ഗ്രാമങ്ങളിൽ തുലാം, വൃശ്ചിക മാസങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി ആടിപ്പാടി ഐശ്വര്യം നേരുന്ന കോതാരിയാട്ടം നടത്തുന്നത്‌ തെയ്യംകലാകാരൻമാരായ മലയ സമുദായക്കാരാണ്‌.

‘ഗോതാവരി’ എന്ന ശബ്‌ദത്തിന്റെ നാടൻ ഉച്ചാരണമാണ്‌ ‘കോതാരി’. ഗോതാവരിയെന്നതിന്‌ പശുക്കൂട്ടം, പശു എന്നൊക്കെയാണ്‌ അർത്ഥം. സാക്ഷാൽ കാമധേനു തന്നെയാണ്‌ ഗോതാവരിയെന്നാണ്‌ മലയരുടെ വിശ്വാസം. കാളയെന്നർത്ഥമുളള ‘മൂരി’യുമായി ഇതിന്‌ ബന്ധമൊന്നുമില്ല.

“ഒന്നുവിളിച്ചുടൻ രണ്ടാമതും

ഗോതാവരിയെന്ന പയ്യും വന്നൂ

താണുടൻ നോക്കുമ്പം നാലെ മുല

ഒന്ന്‌ കുടിക്കും കടിച്ചിക്കല്ലോ

ഒന്നങ്ങിവ്‌ടത്തെ തേവൻമാർക്ക്‌”

എന്ന്‌ കോതാരിപ്പാട്ടു തന്നെയുണ്ട്‌. ഗോതാവരി, കോതാവ്‌രി, കോതാരി എന്നൊക്കെയാണ്‌ മലയർക്കിടയിലെ പ്രയോഗങ്ങൾ. ‘സാഹിത്യ ചരിത്ര’ത്തിലൂടെ ഉളളൂരും, തുടർന്നുവന്ന ഗവേഷകരുമാണ്‌ ‘കോതാരി’യെ പരിഷ്‌കരിച്ച്‌ ‘കോതാമ്മൂരി’യാക്കിയത്‌.

സ്വർഗ്ഗത്തിൽനിന്ന്‌ ഇന്ദ്രന്റെ നിർദ്ദേശപ്രകാരം കാമധേനുവും പരിചാരകൻമാരും കൃഷിയും കന്നുകാലികളും സമ്പത്തും മറ്റും വർദ്ധിക്കാനായി ആടിപ്പാടി അനുഗ്രഹിക്കാൻ ഭൂമിയിലെത്തിയതാണ്‌ ‘ഗോതാവരി’ നൃത്തത്തിന്റെ ഐതിഹ്യം. ഐതിഹ്യകഥകളിൽ അഭിപ്രായഭേദങ്ങളുണ്ടെങ്കിലും അടിസ്‌ഥാനം ഇതുതന്നെയാണ്‌. നിറഞ്ഞ പത്തായങ്ങളും കുന്നുപോലെ വൈക്കോൽത്തുറുവും ചാണകം മെഴുകിയ മുറ്റവും ഭസ്‌മക്കൊട്ടകയും നിലവിളക്കെരിയുന്ന പടിഞ്ഞാറ്റയുമൊന്നും കോതാരിയെ സ്വീകരിക്കാൻ ഇന്നില്ലെങ്കിലും തങ്ങളുടെ ‘ചെറുജൻമ’ത്തിന്റെ പേരിൽ മലയർ ചിലയിടങ്ങളിലെങ്കിലും കോതാരിയാട്ടം നടത്തിപ്പോരുന്നു.

കോതാരിയാട്ടത്തിൽ കോതാരിയെക്കൂടാതെ രണ്ടു പനിയൻമാർ, ഒരു കുരിക്കൾ, ഒന്നോരണ്ടോ വാദ്യക്കാർ എന്നിത്രയുമാണ്‌ പ്രധാനാംഗങ്ങൾ. കോതാരിവേഷം കെട്ടുന്നത്‌ ഒരാൺകുട്ടിയാണ്‌ (ആൺകുട്ടികളുടെ അഭാവത്തിൽ പെൺകുട്ടികളും കെട്ടാറുണ്ട്‌). തലയിൽ ചെറിയ കിരീടം വെച്ച്‌, മുഖത്തു ചായംതേച്ച്‌, കണ്ണെഴുതി, അരയിൽ കോതാരിത്തട്ട്‌ ബന്ധിക്കുന്നു (ഓലമെടഞ്ഞ്‌ മടക്കിയെടുത്ത്‌, ചുവുപ്പുപട്ടുപൊതിഞ്ഞ്‌, മുമ്പിൽ പശുവിന്റെ തലയുടെ രൂപവും പിന്നിൽ വാലും ചേർത്തതാണ്‌ കോതാരിത്തട്ട്‌) ഇത്‌ അരയിലണിഞ്ഞ്‌, അതിന്റെ ഇരുവശത്തുമുളള ചരട്‌ ചുമലിലിടും. തമാശവേഷങ്ങളായ പനിയൻമാരെ നിയന്ത്രിക്കുന്ന ‘കുരിക്കൾ’, മുതിർന്ന, പ്രധാനജൻമക്കാരായ മലയനായിരിക്കും. കുരിക്കളും വാദ്യക്കാരും പനിയൻമാരും പാട്ടുപാടും.

ആദ്യം കൃഷ്‌ണനെ സ്‌തുതിച്ചുകൊണ്ടുളള പാട്ടാണ്‌ പാടുക. തുടർന്ന്‌ തൃച്ചംബരത്തപ്പൻ, അഗ്രശാലമാതാവ്‌ (ചെറുകുന്നത്തമ്മ) തുടങ്ങിയ ദേവതകളെ സ്‌തുതിച്ചുകൊണ്ടുളള പാട്ടുകൾ പാടുന്നു. പല പാട്ടുകളും കഥാഗാനങ്ങളാണ്‌. പൂരക്കളിപ്പാട്ടും ഇതിന്‌ പാടാറുണ്ട്‌.

“വാഴ്‌ക വാഴ്‌കാ -ദേവലോകം വാഴ്‌കാ

വാഴ്‌ക വാഴ്‌കാ – തൃച്ചംബരം വാഴ്‌കാ

ദേവലോകം വാഴും-ദേവകിയമ്മയ്‌ക്ക്‌

അഷ്‌ടമാം ഗർഭമാ- തുണ്ടായകാലത്ത്‌”

എന്നിങ്ങനെ കൃഷ്‌ണകഥ തുടങ്ങുന്നു. അന്നപൂർണ്ണേശ്വരിയായ ചെറുകുന്നത്തമ്മ ആര്യർനാട്ടിൽനിന്ന്‌ കപ്പൽ വഴിവന്ന കഥ പറയുന്ന പാട്ട്‌ കോതാരിയിലെ ഒരു പ്രധാന പാട്ടാണ്‌.

പനിയൻമാർഃ കോതാരിയാട്ടത്തിന്റെ ജീവനാഡിയെന്ന്‌ പനിയൻമാരെ വിശേഷിപ്പിക്കാം. പനിയൻമാരില്ലാത്ത കോതാരി വെറും ചടങ്ങുമാത്രമായിത്തീരുന്നു. നാടോടിനാടകങ്ങളിലെ ഹാസ്യാത്‌മക വേഷങ്ങളിൽ ഏറ്റവും മുൻപന്തിയിൽത്തന്നെ കോതാരിപ്പനിയൻമാർക്കു സ്‌ഥാനം നൽകാം. മുഖത്ത്‌ കണ്ണാമ്പാള (കമുകിൻപാള) കെട്ടി, കുരുത്തോലച്ചെവി വച്ച്‌, ഈർക്കിൽകളഞ്ഞ കുരുത്തോല അരയിൽ ചുറ്റി. കൈയിൽ പച്ചമടലിന്റെ ചീളുമായി വരുന്ന പനിയൻമാരുടെ വാക്കിലും ചലനത്തിനും നർമം നിറഞ്ഞിരിക്കും.

ചെണ്ടയുടെ താളത്തിനും പാട്ടിനും ഒപ്പിച്ച്‌ ‘കോതാരി’ വീട്ടുമുറ്റത്ത്‌ വട്ടത്തിൽ നൃത്തം ചവിട്ടിയാടുമ്പോൾ പനിയൻമാർ കോതാരിയെ അടിച്ചുകൊണ്ട്‌ (കോതാരിത്തട്ടിലാണ്‌ യഥാർത്ഥത്തിൽ അടിക്കുക) പാട്ടുപാടുകയും ചുവടുവെക്കുകയും ചെയ്യും. ഗോതാവരിപ്പശുവിന്റെ പരിചാരകൻമാരാണത്രെ പനിയൻമാർ. അതിനാലാണ്‌ അവർ കൈയിൽ കാലിയെത്തെളിക്കുന്ന കോല്‌ കരുതുന്നതും ഇടയ്‌ക്കിടയ്‌ക്ക്‌ പയ്യിനെ തല്ലുന്നതും. കോതാരിയെ മുൻനിർത്തി സകല കോപ്രായങ്ങളും കാണിച്ച്‌ ആളുകളെ ചിരിപ്പിക്കാൻ ഇവർക്കുളള സാമർത്ഥ്യം കണ്ടറിയേണ്ടതുതന്നെയാണ്‌. യഥാർത്ഥത്തിൽ പനിയൻമാരുടെ ധർമ്മം പ്രതിഫലത്തിന്റെ തോത്‌ വർധിപ്പിക്കലാണ്‌. അവരുടെ വിദൂഷകത്വത്തിന്റെ സാധ്യതകൾ മുഴുവനും അവർ വസ്‌തുക്കൾ നേടുന്നതിലേയ്‌ക്കു തിരിച്ചു വിടുന്നു. നെല്ല്‌, അരി, തേങ്ങ, അടയ്‌ക്ക, വസ്‌ത്രം എന്നുവേണ്ട ഉപ്പുതൊട്ടു കർപ്പൂരം വരെ അവർ വീടുകളിൽ നിന്നു ചോദിച്ചുവാങ്ങും. പനിയൻമാരുടെ മിടുക്കിനനുസരിച്ചായിരിക്കും പ്രതിഫലം.

പാട്ടുകളുടെ എണ്ണത്തിനനുസരിച്ച്‌ നെല്ലും അരിയും വാങ്ങാൻ പനിയൻമാർ സമർത്ഥരാണ്‌. കുറച്ചുനേരം ആടിക്കഴിഞ്ഞാൽ കോതാരിവേഷക്കാരന്‌ വിശ്രമിക്കാം. എന്നാൽ പനിയൻമാർ ഒരു നിമിഷം വെറുതെ നിൽക്കില്ല. ഗൃഹനായകനെയും നായികയെയും വീടിനെയും പടിഞ്ഞാറ്റയിലെ ദൈവങ്ങളെയും വലിയവായിൽ സ്‌തുതിക്കുക, ഗൃഹനായകനെ തൊഴുത്‌ നമസ്‌കരിച്ച്‌ പുകഴ്‌ത്തുക തുടങ്ങിയവയിലൂടെ പനിയൻമാർ പല വസ്‌തുക്കളും നേടും. അമ്മത്തമ്പുരാൻ, മാതാവ്‌ തുടങ്ങിയ വാക്കുകളിൽ സ്‌ത്രീകളെ വിളിച്ചു പുകഴ്‌ത്തി സ്വാധീനിച്ച്‌ കറിവയ്‌ക്കാനുളള സാധനങ്ങളും മറ്റും ചോദിച്ചുവാങ്ങും. തേങ്ങ തെങ്ങിൽ കയറി പറിച്ചെടുക്കാനും അവർ തയ്യാറാണ്‌. വീട്ടുമുറ്റത്തെ കുലച്ച വാഴയിലും മറ്റും കയറി വാഴയോടൊപ്പം നിലത്തുവീണ്‌ ആളുകളെ ചിരിപ്പിക്കാനും കുലയിൽനിന്ന്‌ നല്ലൊരുഭാഗം നേടാനും അവർ സമർത്ഥരാണ്‌. പനിയൻമാരുടെ വിഡ്‌ഢിത്തങ്ങളെ നിയന്ത്രിക്കുന്നു എന്ന വ്യാജേന കുരിക്കൾ ചെയ്യുന്നത്‌ അവരെ കൂടുതൽ തമാശകളിപ്പിക്കുകയും അവരിലൂടെ കൂടുതൽ വസ്‌തുക്കൾ നേടുകയുമാണ്‌.

പനിയൻമാരുടെ മുഖപ്പാള എന്തും പറയാനുളള ലൈസൻസാണ്‌. നാക്കിനോ കൈകാലുകൾക്കോ നിയന്ത്രണമില്ല. ഉടുവസ്‌ത്രം വരെ ചോദിക്കാൻ അവർക്കു മടിയില്ലാത്തതും ഇക്കാരണം കൊണ്ടുതന്നെ. അശ്ലീലച്ചുവയുളള തമാശകൾവരെ അപൂർവ്വമായി അവർ പറഞ്ഞുകളയും. ഉദാഹരണത്തിന്‌, അഗ്രശാല മാതാവിന്റെ പാട്ടുപാടി കഥാസന്ദർഭങ്ങളെ വിവരിക്കുന്നേടത്ത്‌, ചെറുകുന്നത്തമ്മ തൃച്ചംബരത്തപ്പന്റെ അടിമുതൽ മുടിവരെയുളള ആഭരണങ്ങളും ഉടയാടയടക്കം സൂത്രത്തിൽ ചോദിച്ചുവാങ്ങി ‘പൂമരംപോലെ ചമഞ്ഞോരപ്പന, കൊമ്പു കയ്‌ച്ച മരം പോലാക്കിയ’ കഥ പറഞ്ഞ്‌, തൃച്ചംബരത്തപ്പന്റെ ‘ഇച്ചിമണി’യടക്കം അമ്മ കൊണ്ടുപോയില്ലേ എന്നും മറ്റും പറഞ്ഞാലും ചിരിച്ചുശാസിക്കുക മാത്രമാണ്‌ വീട്ടുകാർ ചെയ്യുക. തോന്നിയതു പറയാനുളള പനിയൻമാരുടെ സ്വാതന്ത്ര്യത്തിൽ നിന്ന്‌ “കണ്ണാമ്പാള കെട്ടിയ പനിയൻമാരെപ്പോലെ” എന്നൊരു ശൈലിതന്നെ നാട്ടുമ്പുറങ്ങളിലുണ്ടായിട്ടുണ്ട്‌.

വരുമാണ്ടിലേയ്‌ക്കുളള അനുഗ്രഹാശിസ്സുകളാണ്‌ ‘വാണാളും വർക്കത്തും’ പറയൽ. അതിനുവേണ്ടി പ്രത്യേകം നെല്ലോ അരിയോ അവർ ചോദിച്ചുവാങ്ങും. വാണാളും വർക്കത്തും -മെച്ചപ്പെട്ട നാളുകളും സമ്പത്തും-ആശംസിച്ച്‌ കോതാരിസംഘം അടുത്ത വീട്ടിലേയ്‌ക്കു നീങ്ങുന്നു. വരുംകൊല്ലത്തേയ്‌ക്കുളള സമൃദ്ധിക്കായി അഗ്രശാല മാതാവിനോട്‌ പ്രാർത്ഥിച്ചുകൊണ്ടുളള പനിയൻമാരുടെ ‘വാണാളും വർക്കത്തും’ ഇതാ ഇങ്ങനെയാണ്‌.“ എനിവരും മേലാണ്ട്‌ പഞ്ചഗോതാവരി, മാരിപ്പനിയൻമാരും (വീട്ടുപേര്‌) വീട്ടിൽവന്ന്‌ പാടിക്കളിക്കുന്നകാലത്ത്‌ ഏഴാലക്കന്നും കാലീം വാണാലും വർക്കത്തും മക്കത്ത്‌ കപ്പല്‌ പോലെ, വൈതപ്പെരുമല പോലെ, മാടായിപോലെ, അഗ്രശാലമാതാവിന്റെ അറയും പത്തായോം ചൂലും കൊമ്മേം കൊട്ടാരും ഭണ്‌ഡാരും നെറഞ്ഞപോലെ ഏഴാലക്കന്നും കാലീംആയി നെറഞ്ഞ്‌ വരണേ, എന്റെ അഗ്രശാല മാതാവേ.”

Generated from archived content: purattu_july30.html Author: pramod_aalapadamban

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here