ശിവശങ്കര ദേവ പശുപതെ ഭവ
ശിതികണ്‌ഠ ഭവാനിപതെ വിഭോ
ധൃതശൂലി ഗിരിശ മഹേശ്വരാ
ഭാനു ശശി ദേവലോചന
ദ്വാദശ നാമമിത്ഥം മഹേശസ്യ
സാരം ജപിച്ചാശയ ശുദ്ധനായ് മേവീടുന്ന
പരശുധരൻ പുനരേവമരുൾ ചെയ്‌തിതു പിന്നെയും
ഭൂസുരേന്ദ്രരേ കേട്ടാലുമെങ്കിലോ
ഭാസുരചിത്തൻമാരായിട്ടേവരും
കൃഷിചെയ്യും പ്രകാരങ്ങളൊക്കെയു-
മൃഷിവാക്യ പ്രമാണമിതാകുന്നു
പട്ടൊഴവങ്ങുഴുതു പൊടിച്ചിട്ട്
കട്ടകൂടാതെയിട്ടതിന്റെ ശേഷം
എടമാരി ചൊരിഞ്ഞപരദിനെ
അഴകോടങ്ങുഴേണം വെടിപ്പായി
പുകിലില്ലാതുഴുതിട്ടു കന്നിനെ
പഴികൂടാതെ കൊല്ലരുതാരുമേ
പത്തുചാലിൽ കുറഞ്ഞിട്ടൊരുത്തരും
വിത്തു കണ്ടത്തിലാക്കാതിരിക്കണം
മുമ്പിലുളള കഴായ കിളപ്പിച്ചി-
ട്ടമ്പൊടങ്ങു വരമ്പു പൊതിയണം
മഴ നോക്കീട്ടു ചെയ്യണമേവരും
കൃഷികർമ്മണി കർമ്മങ്ങൾ നിർണ്ണയം
അതിലും പിന്നെ പട്ടു പണിയൊക്കെ
ച്ചതി കൂടാതെ വേഗം കഴിക്കണം
മഴയേറിക്കുഴഞ്ഞു വിതച്ചാലോ
പഴുതെത്തന്നെയാകുമൊലിവിത
തടവില്ല വിളവു കുറഞ്ഞു പോം
ഒടഞ്ചാലു വിതച്ചാലൊരേടത്തും
കുട്ടാടൻ വിതച്ചീടുന്ന ഭൂമിയി
ലൊട്ടുമേ കാലം വൈകരുതോർത്താലും
വട്ടൻവിത്തിനു കാച്ചലങ്ങേറിയാൽ
ഒട്ടുമേ സഹിച്ചീടുകയില്ല പോൽ
ഭരണിയാകും ഞാറ്റുനില തന്നിൽ
ചരതിച്ചു വിതക്കേണമേവരും
പട്ടെളളുമതിൽത്തന്നെ വിതയ്‌ക്കണം
പട്ടുപോകാതിരിക്കണം വെളളത്തിൽ
മുണ്ടമ്പളളിഭരണിയിൽ തന്നെയു-
മുണ്ടാകുന്നിതു ചാമയുമപ്പോലെ
മണലേറുന്ന ദിക്കിലൊരേടത്തും
പണി ചെയ്യേണ്ട ഞാറ്റിനു നിർണ്ണയം
ഞാറുണ്ടാക്കപ്പോകാത്തവരാരുമേ
ചേരണ്ടാ കൃഷികർമ്മണി കുത്ര ചിൽ
കാരോലത്തുമ്പും കാനലിലെ ഞാറും
കാട്ടുകാലികൾ തങ്ങളുടെ കേടും
കളകളും പരി മുളയ്‌ക്കുംഭുവി
നാലല്ലൊ കൃഷിശത്രുക്കളാകുന്നു
ഭരണിയാകും ഞാറ്റു നിലതന്നിൽ
വിരിപ്പിന്നൊക്കെ ഞാറതുപാകണം
കാർത്തികയിലും കഷ്‌ടിച്ചുകൊളളുന്നു
ചേർക്കുന്നു ചിലർ പളളിഞ്ഞാലിതന്നെ
രോഹിണിയിലൊലി വിതച്ചീട്ടുടൻ
ദേഹവൃത്തി കഴിക്കുന്നിതേവരും
വരിഷം തന്നെ ഏറിയാലുമതിൽ
വരുമേ കൃഷി നക്കായിട്ടേവർക്കും
കരിപ്പാലി ഭരണിയിലങ്ങോട്ട്
വിരിപ്പിന്നു ചിതം വരുമാറില്ല
വിളവേറെയുണ്ടാകുമതിലെന്നു
പലരും ധരിക്കേണം കൃഷീവലർ
വട്ടനും മുണ്ടപ്പളളിയാം വിത്തിനും
പട്ടെല്ലാം ഭരണി തന്നെയാകുന്നു
രോഹിണിയിലും കാർത്തിക തന്നിലും
ആഹന്ത വിതെക്കുന്നിതു കഷ്‌ടിച്ച്
മലയാളത്തിൽ രോഹിണിക്കപ്പുറം
ഒലിവായിട്ടങ്ങൊട്ടും വിതക്കണ്ട
പറമ്പിൻ മോടനാദിയായുളളവ
പറമ്പിൽ വിതയ്‌ക്കേണം ഭരണിയിൽ
രോഹിണിയിൽ ചെറുമോടനാദിയെ
മോഹിച്ചു വിതയ്‌ക്കുന്നു ചിലരഹോ
പറമ്പൻ പഴമേക്കങ്ങു രോഹിണി
പറയുന്നു മലയുടുമ്പന്നുമേ-
ഭരണിയിലരി വരിയെല്ലാരും
കരുതീട്ടു വിതച്ചു തുടങ്ങണം
ഞാറുപാകേണമൊക്കെ വിരിപ്പിന്
വേറിട്ടു ഭരണി കാർത്തികയിലും
വിരിപ്പാകുന്ന വിത്തങ്ങരിവിരി
പെരുത്തുളേളാരു മൂപ്പതിനാകുന്നു
പരന്നു വിതച്ചാലുമേ നട്ടാലും
വരുന്നു വിളവൊപ്പമരിവിരി
ചേമ്പു ചേന കരിമ്പാദിയൊക്കെയും
തുമ്പിടേണമേ രോഹിണിക്കിപ്പുറം
ചില കാലത്തിടവ ഞായറ്റിലും
ഒലിയും വിതെക്കുന്നിതൊടുക്കത്ത്
പാർത്തിട്ട് വിതയ്‌ക്കുന്നു മകീരത്തിൽ
ചേർത്തു പിന്നെയും വിത്തു വലിയത്
വിരിപ്പിന്നൊക്കെ ഞാറങ്ങിളമയിൽ
പറിച്ചിട്ടു നടേണം പഴകാതെ
തിരുവാതിര ഞാറ്റു നിലായോളം
വിരിപ്പങ്ങു നടുന്നുണ്ടു കുത്രചിൽ
പുണർതത്തിൽ വിരിപ്പു നടുന്നവർ
ഗുണഹീനൻമാരായ കൃഷീവലർ
രോഹിണിയിൽ കരിങ്കുറഞ്ഞാറെല്ലാം
മോഹം തീർന്നിട്ടു പാകേണമേവരും
കുംഭള വൻമകയിരത്തിങ്കലും
സങ്കടമില്ല മൂപ്പതിനേറുമേ
മുണ്ടകത്തിലെജമാനനാകുന്ന
മുണ്ടകം പാലയും കുടനേരിയും
മുമ്പനാകു മരിക്കുരാലി വിത്തു
മുമ്പിൽത്തന്നെ പാകേണം ഭരണിയിൽ
കാർത്തികായിലും രോഹിണി തന്നിലും
തീർത്തു പാകേണം ഞാറുകരിങ്കുറ
പളളിയാൽക്കു വിരിപ്പുവിത്താകുന്നു
വെളളയിൽത്തന്നെ കേട്ടാലുമേവരും
പളളിഞ്ഞാൽപ്പണിയൊക്കെക്കഴിഞ്ഞിട്ട്
കൊളളുവൊരപ്പൊഴുതു കരിങ്കുറ
കാലമേ വേണമല്ലോ വിരിപ്പിനും
ഒലിക്കൊക്കെ പ്രധാനം വളമെന്നു
പലരുമറിയേണം കൃഷീവലർ
കളയൊട്ടും മുളക്കരുതെങ്കിലോ
വളം ചുട്ടിട്ടിടേണം വഴിപോലെ
വരിയും കളയും വിരിപ്പോടുട-
നരികെ മുളയ്‌ക്കുന്നു വിതയ്‌ക്കുമ്പോൾ
വളമിട്ടാലുമുണ്ടു വിരിപ്പിങ്കൽ
പിരിയാതെ ചിലേടത്തു വിസ്‌മയം
ഭൂമി തന്നുടെ ഭേദമെന്നും ചില-
രാമോദം ബീജഭേദേന കുത്രചിൽ
പുതുമാരിയും ബീജവും കൂടുമ്പോൾ
എതൃക്കുന്നു വരിയും കളകളും
കേട്ടാലുമിവയല്ലാതെയൊക്കവേ
വാട്ടം കൂടാതെയുളള വിളവുകൾ
കൊളനീരും പനനീരും കാൽനീരും
വളനീരും മലനീരുമൂർനീരും
ആറുനീരൊലിച്ചീടുന്ന ഭൂമിയീ-
ലേറെയുണ്ടാം വിളവെന്നു നിർണ്ണയം
കരുമ്പാറയങ്ങുളള വയലിനു
തിരുമ്പിട്ടുടൻ വാഴുമെന്നാകിലോ
വിളവങ്ങതിലേറെയുണ്ടാകുന്നു
തെളിവോടെ പറയുന്നു നാമിപ്പോൾ
ഉറവില്ലാതെയുളെളാരു ഭൂമിയിൽ
ഉറപ്പുളേളാരു വെളളയുണ്ടെങ്കിലോ
വിളവേറെയുണ്ടാകുമതിലെന്ന്
പലരും ധരിക്കേണം കൃഷീവലർ
വരൾച്ചയുളള പാടവുമവ്വണ്ണം
ഉറച്ചാ ജലമുണ്ടാകുമെങ്കിലോ
ഉഭയങ്ങളിൽ കിൾപ്പാറയുണ്ടെങ്കി
ലഭയം ജലമുണ്ടെങ്കിലും തഥാ
ചെമ്പുമുണ്ടങ്ങുറവുമെല്ലാനാളും
സംഭരിച്ചാലതിൽ വിളവില്ല പോൽ
കേട്ടു കൊളളുവിനാറ്റുവലിവുളള
കൊട്ടപ്പാടം വിളവില്ല കേവലം
അഴികണ്ണിയായുളേളാരു പാടത്ത്
വഴിപോലെ വിളവില്ല കേവലം
ഊഷരഭൂമി വാങ്ങിയുഴുന്നവർ
ഭോഷൻമാരെന്നു തന്നെ പറഞ്ഞീടാം.
മണലും മണ്ണും കൂടിയ ഭൂമിയിൽ
പണിയേണം വളമിട്ടിട്ടേവരും
എങ്കിലോ താണ വീതിയിലാകുന്നു
പങ്കത്തിൽ കോളും പുഞ്ചയുമെന്നിവ.
രണ്ടു വാഴ്‌ചയുമുണ്ടതിലെത്രയു-
മുണ്ടല്ലോ വിളവേറ്റ മറിഞ്ഞാലും
ചെന്നെല്ലല്ലോ പിടിക്കുന്നു കോളതിൽ
മൂന്നുമാസത്തിനുളളിൽ വിളഞ്ഞിടും
കോൽത്തോണി കൊണ്ടു തേകി ജലമൊക്കെ.
വാർക്കേണ മ(ര)ക്കോല് കൊണ്ട് താഴ്‌ത്തിട്ട്
ചളി പൊങ്ങിച്ചുവേണം വിതക്കുമ്പോൾ.
അളവെ കോളുണ്ടാകുന്നു നിർണ്ണയം
കളളിമാടി നടുകെ വിതക്കയും
വെളളം കൊണ്ടു പൊറുതിയില്ലാഞ്ഞിടും
വെട്ടിയിട്ടങ്ങെറിഞ്ഞു നടുകയാൽ
വെട്ടിക്കുട്ടാടനെന്നു പറയുന്നു
കോളിലങ്ങു നവരയും വട്ടനും
മേളിച്ചു പിടിച്ചീടുന്നു ഭൂമിയിൽ
വെളുത്ത നവര പിടിച്ചീടുന്നു
കുളുർപ്പേറുന്ന പുഞ്ചക്കു കുത്രചിൽ
മകരം കുംഭമാസങ്ങളിലേവ-
മികവോടെ കറുത്ത നവരയും
വിതച്ചീടുന്നു വട്ടനുമീവണ്ണ-
മിതുകൊയ്യുന്നു മേടമാസം തന്നെ
കോളുമുങ്ങിപ്പോകാതെയിരിക്കേണം
കോളുളേളാർക്കാളെയേറെയുണ്ടാക്കണം
തിരുവാതിര ഞാറ്റു നില തന്നിൽ
വരുന്നു കോളുമുങ്ങൽച്ചിലകാലം
കോളുമുങ്ങിയ കാലത്തവർക്കൊരു
കോളു തന്നെയതായതു നിർണ്ണയം
വെളളമേറിയ കാലത്തു കുട്ടാടൻ
ഉളളിൽത്തന്നെ നശിക്കുന്നു വെളളത്തിൽ
മേടഞ്ഞായറ്റിലും വിതച്ചീടുന്നു
കേടുകൂടാതെ കോളുമേ കുത്രചിൽ
അരിമ്പൂരെന്ന ദേശത്തിവയെല്ലാം
പെരുകുന്നു പരമ്പരയായിട്ട്
വെളള നാടതിലുളേളാരു പുഞ്ചക്ക്
വെളളക്കേടു വരുന്നതു ദുർല്ലഭം
കൊളവും കിണറുമതിലുളെളാരു
തെളിവെളളമിതിന്നേറെയാകുന്നു
കുഴിയും തോടും താങ്ങലുമെന്നിവ
ചുഴന്നാനദീ വെളളവുമുണ്ടഹോ
പുഞ്ചയാകുന്നു പൊന്നാരിയനിഹ
ചഞ്ചല ഹീനമുണ്ടു കഴമയും
കാർത്തിക രോഹിണിഞ്ഞായലിലൊക്ക
പേർത്തു കൊയ്യുന്നതു പുഞ്ചയാകുന്നു
അതു നില്‌ക്കട്ടെ മേഷാദി ധാന്യങ്ങൾ
മിഥുനം കർക്കിഞ്ഞായർ പതിനഞ്ചിൽ
വിതക്കേണം പറമ്പിലുഴുതിട്ട്
വിധിച്ചവണ്ണമുണ്ടാക്കിക്കൊളളണം
ഘോരമായുളള കാടതുവെട്ടീട്ട്
തോരവിത്തു വിതക്ക കൃഷീവലർ
രോഹിണിയിലതേറ്റം പിടിക്കുന്നു
ദേഹത്തിനു ഭരിപ്പങ്ങതു നൃണാം
മോഹത്തോടെ വിതക്കേണമേവരും
പയറും ഉഴുന്നും ഒരു കാലത്ത്
വിതച്ചാലറുക്കുന്നു സമാനമായ്
തകരക്കാടങ്ങുളള പറമ്പതിൽ
മികവുളള കൊഴിഞ്ഞിൽ പറമ്പിലും
വിതക്കേണം ചെറു മോടനാദികൾ
തകർക്കുന്നിതു പേഴുളള കാട്ടിലും
ചാമയും തിനയെന്നിവയൊക്കവേ
കാമിച്ചു വിതക്കേണം പറമ്പതിൽ
പണ്ടു പളളൻ മഹേന്ദ്രനെ സേവിച്ചു-
കൊണ്ടു വിത്തൊക്കെപ്പോരുന്ന കാലത്ത്
പളളനോടൊരു സത്യം പറഞ്ഞിതു
കളളനായോരു ചാമവിത്തക്കാലം.
വെളളമുളേളാരു ദിക്കിൽ ഞാനില്ലെന്ന
തുളളുതന്നെ പറഞ്ഞിതു പോരുമ്പോൾ
വിഷ്‌ണുഭക്‌തൻമാരുളളിടത്താകുന്നു
വിഷ്‌ണുഭക്തതാം ഞാനുമറിഞ്ഞാലും
വിഷ്‌ണുഭക്തരുപേക്ഷിക്ക കാരണം
ഉഷ്‌ണമാരായ് ചമഞ്ഞിതു ദേഹവും
ഇട്ടചാലിൽ കിടന്നുകൊളളാമെന്നും
മുട്ടുളളപ്പോൾ വരുന്നതുമുണ്ടെന്നും
സത്യമുണ്ടാക കാരണം വിത്തുകൾ
സത്യമായി വിളയുന്നു ഭൂമിയിൽ
സത്യമെല്ലാർക്കും കാരണമോർത്താലും
സത്യമല്ലോ ജഗത്തിങ്കലീശ്വരൻ.
പണ്ടു പളളനങ്ങിന്ദ്രനോടർത്ഥിച്ചു
കൊണ്ടുവിത്തുകൾ, ഭൂമിയിൽ പോരുമ്പോൾ
മോടനോടങ്ങു സത്യം പറഞ്ഞിട്ടു
കൂടിയന്നൊരു പുല്ലുമേ പോന്നിതു
പിരിച്ചിട്ടാലും നോം തമ്മിലെന്നാളും
പിരിയാതെയിരിക്കേണമെന്നതും
വരിയും കളയും വിരിപ്പോടുടൻ
പിരിച്ചാലും വരുന്നിതു സത്യത്താൽ
പൊന്നാരിയനുമപ്പടി വിത്തിവ
ഒന്നായിട്ടുവരുന്നിതു സത്യത്താൽ
എളളിനോടങ്ങു പോന്നു തകരയും
തുളളലോടങ്ങു വേളയുമക്കാലം
ഇങ്ങിനെ പറഞ്ഞീട്ടു പിരിയാതെ
ചങ്ങാതിമാരെപ്പോലെ വസിപ്പിത്
എളെളറിഞ്ഞിട്ടു വിത്തുകിട്ടുന്നവർ
കളളരായിട്ടിരിക്കും ചിലകാലം
ചാമക്കങ്ങു ചിലവിട്ട വല്ലിയും
കാമിച്ചു കിട്ടും കാലത്തുമവ്വണ്ണം
കേട്ടാലും നിങ്ങൾ തുമ്പയേറീടുന്ന
കാട്ടിലൊന്നും വിതച്ചാലുണ്ടായ്‌വരാ
ചെങ്ങണയെന്ന പുല്ലുമിരുവൂളു-
മുളള കാട്ടിലങ്ങൊന്നും വിതക്കേണ്ടാ.
ഇല്ലിപ്പട്ടിലങ്ങേറുന്ന കാട്ടിലും
കല്ലു കാട്ടിലങ്ങൊന്നും വിതക്കേണ്ട
കാട്ടുജാതികളേറിയ കാട്ടിലും
നാട്ടുകന്നുകളേറിയ നാട്ടിലും
വിതച്ചാലങ്ങു കിട്ടുവാനും പണി
കുതിച്ചങ്ങു ചിലവുമതേറിടും
കൊതിച്ചോരോന്ന് ചെയ്യരുതാരുമേ
ആരിയനഞ്ചു സംശയമുളളത്
നേരെ കേട്ടാലും ചൊല്ലുന്നതുണ്ടു ഞാൻ
വിത്തൊണക്കം മതിയെന്നും പോരെന്നും
വിത്തിനുവെളളം പോരാ മതിയെന്നും
വിതക്കുമ്പോഴും പോരാ മുളയെന്നും
മതിയെന്നും പറഞ്ഞങ്ങിരിക്കണം
കോളെ വീണതു പൊങ്ങുമതില്ലെന്നും
വിളവു പോരാ കൊയ്യാം മതിയെന്നും
സംശയമഞ്ചു മിങ്ങനെയുളളതു
സംശയമില്ല കേട്ടു ധരിച്ചാലും
മക മായില്യ ഞാറ്റു നില തന്നിൽ
മികവോടെ ഞാറൊക്കവേ പാകണം
മുണ്ടകത്തിനങ്ങപ്പുറം പാകിയാൽ
ഉണ്ടാകയില്ല നെല്ലുമേവയ്‌ക്കോലും
പൂരത്തിൽ ചെറിയെളളു വിതയ്‌ക്കേണം
ഏറെയുണ്ടാകവേണമെന്നുണ്ടെങ്കിൽ
മകത്തിൽ വലിയെളളു വിതക്കണം
തകർക്കും ചരക്കല്ലിലെന്നാകിലും
ആയില്യത്തിലുമുണ്ട് വിധിയതി-
ന്നായത്തോടേ വിതയ്‌ക്കാ വലിയെളളു
ന്യായമായിട്ടു പാകേണം ഞാറെങ്കി-
ലായമിട്ടിടു ചോതിലേവരും
ഞാറുണ്ടാക്ക പോകാത്തവർക്കാകുന്നു
പോറയെന്നുളള നാമമറിഞ്ഞാലും
ആറുചാലിൽ കുറഞ്ഞിട്ടൊരുത്തരും
ഞാറുപാകരുതെന്നു ധരിക്കണം
ഞാറ്റിനുമൂപ്പറുപതുനാളുണ്ട്
ചേറ്റിലും പൊടിയിൽത്തന്നെ പാകിലും
(എട്ടുചാലിൽ കുറഞ്ഞിട്ടൊരുത്തരും
തിട്ടിടും ഞാറും പാകരുതാരുമേ)
നമ്പു ഞാറങ്ങരിവിരിക്കുണ്ടെങ്കിൽ
അമ്പോടെ വിളവേറ്റ മറിഞ്ഞാലും
പിമ്പു വർഷമങ്ങേറിയ കാലത്ത്
നമ്പു കൊയ്യാമരിവിരി നിർണ്ണയം
മുണ്ടകത്തിനു ഞാറു പഴുപ്പിച്ചു
കൊണ്ടു നട്ടാലുമേറെ നടുമല്ലൊ-
മൊളത്തിന്നങ്ങു മൂന്നു നുരീയതിൽ
കളക്കാരൊന്നു കാലായിലേറ്റുന്നു
ചിത്രഞ്ഞാറ്റു നിലയോളമെല്ലാരും
ചിത്രമായി നടുന്നിതു കാലായും
മൂത്തു കമ്പുവെച്ചുളേളാരു ഞാറുകൊ-
ണ്ടൊത്തു നട്ടാലുമാകാ വിളവിങ്കൽ
കൊയ്യുമ്പോൾ തന്നെ താളുവലിക്കയും
ചെയ്‌തു നട്ടാലതത്രെയും വിസ്‌മയം
താളുമൊക്കെപ്പഴുത്തളിയുന്നേരം
മേളത്തോടെ നട്ടാലുമതുത്തമം
മുണ്ടകത്തിനു തോലിട്ടുഴാത്തവ-
രുണ്ടിട്ടങ്ങു സുഖിക്കയുമില്ലാരും
കണ്ടത്തിലരക്കോല് താഴ്‌ത്തീട്ടു
കൊണ്ടു തോലിട്ടു തൂർക്കായിടയിടെ.
കർക്കിടമാസമുൺമാനില്ലാത്തവ-
രോർക്കേണ്ടാ കൃഷി ചെയ്‌തു പുലർത്തുവാൻ.
കന്നിമാസത്തിൽ കന്നിനു വയ്‌ക്കോലും
നന്നായിട്ടു കരുതാത്തവരുമേ
പത്തര കന്നിൻ മേല്പട്ടുഴുന്നവർ
കത്തികയ്‌ക്കോട്ടെടുത്തു പണിയണ്ട
രണ്ടരക്കന്നുഴുന്നവരാരുമേ.
കണ്ടത്തിന്നു കയറരുതെപ്പൊഴും
വെളളമൊക്കെത്തലനാളുറപ്പിച്ച്
കൊളളണമുഴവിന്നു വഴിപോലെ
കരി നന്നായിത്താത്തിക്കെട്ടിട്ടുട-
നൊരുമ്പെട്ടങ്ങുഴേണം പ്രതിപ്രതി.
മുമ്പിൽ പൂട്ടുന്ന കന്നിനെ വേറിട്ട-
ങ്ങമ്പൊടെ ഭരിക്കേണം വിശേഷിച്ചും
തെളിച്ചിട്ടങ്ങു തന്നെയുഴേണമേ
കളിച്ചിട്ടും തയ്‌ക്കരുതാരും കന്നിനെ
തിയ്യിട്ടൊക്കവേ കന്നിനെ വേവിക്കും
കയ്യരാരുമൊടുക്കത്തു നന്നാകാ-
വാൽപ്പിടിയും തൊളിപ്പിളിയുമുളള
കോൽക്കരി കെട്ടിത്താഴ്‌ത്തിയുഴേണമേ
ഞൗരി കെട്ടിയിട്ടൂർന്നു നിരത്തെണം
പൗരന്‌മാർ കരിങ്കന്നു കൊണ്ടേറ്റവും
വാൽക്കൊഴുവും ചെവിക്കൊഴുവുമിട്ടു
മേല്‌ക്കുമേലങ്ങു പാത്തിക്കൊഴുവിട്ടും
കരിവാളിമ്മേലിട്ടങ്ങുറപ്പിച്ച
കരുത്തേറുന്ന കാളകൾ പൂട്ടേണം.
ഇരിക്കട്ടെയിതൊക്കെയുമിങ്ങനെ
പരക്കെച്ചെവി തന്നിതു കേട്ടാലും
പന്തീരാണ്ടങ്ങൊരു പോലെ കാച്ചുളള
വൻതെങ്ങിൻമേൽ കാമൂപ്പിച്ചു നിർത്തേണം
വിത്തു തേങ്ങയിറക്കീട്ടു മെല്ലവേ
പച്ചമഞ്ഞളരികേ മുളപ്പിച്ച്
കുണ്ടുളള കുഴികുത്തി മണലിട്ട്
കൊണ്ടിടേണം ലവണം പുരോഭുവി
തിരുവാതിര ഞാറ്റു നില തന്നിൽ
കരുത്തോടെ വെച്ചീടണം തെങ്ങിനെ
ഓരു തട്ടുന്ന ഭൂമിയിലേറ്റവും
പാരിക്കുന്നിതു കേരങ്ങളെത്രയും
പാരമില്ല ചിതലങ്ങു ഭൂമിയി-
ലോരു തട്ടുന്ന ദേശത്തു നിർണ്ണയം.
മൂപ്പേറീടും കമുങ്ങിൻ ക്രമുകങ്ങൾ
കീഴ്‌പ്പട്ടങ്ങിറക്കീടണം മൂപ്പിച്ച്
പാകത്തിൽ നനച്ചീട്ടുമുളപ്പിച്ച്
പോകാതെ കണ്ടു സൂക്ഷിച്ചു നിർത്തണം
ധാരയങ്ങു മുറിയാത്തവാരിയില-
ങ്ങാരംഭിച്ചു നടേണമിവയെല്ലാം
പിതൃക്കൾക്കിഷ്‌ട മേറുക കൊണ്ടുടൻ
യെതൃത്തങ്ങു നടന്നൂ പിലാവിനെ.
മുന്നമൊന്നങ്ങു കാച്ചുടനുണ്ടായ
കന്നാർ വിത്തങ്ങെടുത്തു പിലാവിനെ
പുഷ്‌ടിയോടുടൻ നട്ടു വർദ്ധിപ്പിച്ചു
വൃഷ്‌ടിനേരം കുഴികുത്തി വെക്കണം
കമുങ്ങുണ്ടാക്കപ്പോക്കാത്തവനിന്ന്
ചമയുന്നു കൃഷിക്കായിട്ടെന്തിന്ന്
തെങ്ങുവെക്കുന്ന മാനുഷരെല്ലാരും
പൊങ്ങിടാതെയിരിക്കുന്നു സ്വർഗ്ഗത്തിൽ
നല്ല നല്ല പനസങ്ങളുണ്ടാക്കി
ക്കൊളളുന്ന നരന്‌മാർക്കു സുഖമിഹ
യമകിങ്കരരാരുമവരുടെ
സമീപത്തു വരാ യമശാസനാൽ
നടക്കാവങ്ങു വെക്കുന്നവർക്കുടൽ
ഒടുക്കം ഗതിയുണ്ടെന്നു നിർണ്ണയം
വാഴവെച്ചുണ്ടാക്കിടാത്തവരല്ലൊ
ഭോഷരായ കൃഷീവലർ കേവലം
താലങ്ങൾ വെക്കപ്പോകാത്തവരൊരു
കാലത്തും നന്നല്ലെന്നു ധരിച്ചാലും
മൂന്നുകൂട്ടം പനയുളളതൊക്കെയും
നന്നായിട്ടുണ്ടാക്കേണം കൃഷീവലർ
കദളിഫലമുണ്ടാക്കീട്ടേവരും
വിദുഷാംകരെ നൽകണം ദേവാർത്ഥം
ദേവൻമാർക്കങ്ങലങ്കരിച്ചീടുവാൽ
ദേവസന്നിധൗ പൂന്തോട്ടം തീർക്കണം
പൂന്തോട്ടം നട്ടുണ്ടാക്കുന്നവർക്കിഹ
നിന്തീടുന്നീല സംസാര സാഗരെ
താംബൂലങ്ങ നവവിധമുളളവ
ജംബു ദ്വിപിങ്കലൊക്കെയുമാകുന്നു
മനുജാദികൾ താംബൂലം കൊണ്ടല്ലൊ
കനിവോടെ തെളിയുന്നു മാനസം.
താംബൂല ദാനം ചെയ്യുമവർ നിത്യം
സാംബമൂർത്തിയെ പ്രാപിക്കുമേവരും
കാമദേവന്റെ ദേവതയാകയാൽ
കാമിക്കുന്നിതു താംബൂലമേവരും.
കാമദേവനെ സേവിച്ചിരിക്കുന്ന
ഭൂമിദേവർക്കും ദൈവതം താംബൂലം.
നിത്യവും പിരിയാതെയിരിക്കണം
സത്യമാനസ പത്തനെ താംബൂലം
ക്രമുകാദികളൊക്കയുമവ്വണ്ണം
ശ്രമിച്ചുണ്ടാക്കി വെക്കേണമേവരും
പറഞ്ഞാലുമൊടുങ്ങുകയില്ലിവ
നിറഞ്ഞുളേളാരു സാധനമാകയാൽ
ജടയൻ കല്പമുണ്ടാക്കീട്ടേവരും
ജടാധാരികൾ കയ്യിൽ കൊടുക്കണം
തിരുവാതിര ഞാറ്റു നില തന്നിൽ
ഒരുമ്പെട്ടു നടേണം മുളകുകൾ
മരീചങ്ങളുണ്ടാക്കുന്നവരുടെ
ദുരിതങ്ങറുന്നിതു കേവലം
നവധാന്യങ്ങളൊക്കയുമുണ്ടാക്കി
ജീവിക്കേണം ജനങ്ങളിതിനാലെ
ഇങ്ങിനെ മലയാളത്തിലുളളവ
മങ്ങിടാതെ പറഞ്ഞിതു നാമിപ്പോൾ.
പരദേശത്തു വാഴുന്ന മാർഗ്ഗങ്ങൾ
പറയുന്നുണ്ടു നിങ്ങളോടിന്നു നാം
ഏരി വെളളം വയലിൽ തിരിച്ചിട്ട്
പാരിക്കുന്നിതു മിക്കവാറും തദാ.
കാവേരി ജലം കൊണ്ടന്നിട്ടെല്ലാരും
ജീവിക്കുന്നിതു ചോള ജനങ്ങളും.
വെതയൊന്നു മൊലിയായിട്ടില്ലെന്നു
മതിയുളളവർ ചൊല്ലുന്നു പ്രാഗ്‌ദിശി-
നാലു ചാലങ്ങുഴുന്ന കൃഷീവലർ
മേലായിട്ടു വരുന്നിതു നിർണ്ണയം
മൂന്നു ചാലുഴുതിട്ടു വിതച്ചാലും
വന്നീടുന്നു വിളവുകുറയാതെ
രണ്ടേകാൽപ്പറ വിത്തിന്നൊരുകല-
മുണ്ടെന്നു പറയുന്നു കൃഷീവലർ
വിത്തൊരു കലമങ്ങു വിതച്ചാലു-
മത്തൽ കൂടാതെ നാല്പതതുണ്ടാകും
തോലിട്ടിട്ടല്ലൊ ഞാറങ്ങു പാകുന്നു
കാലമേ വയലിത്തന്നെയാകുന്നു.
കാളയോരെരു പൂട്ടുന്നവന്നൊരു
കാലന്തന്നെ വിളയുമൊരായിരം
മൂന്നു ചാലങ്ങുഴുതിട്ടു കൈയ്‌ക്കോട്ടു-
തന്നെ കൊണ്ടതു കിളറേണമേ
നാലുഭാഗത്തും പന്ത്രണ്ടടിവെച്ചി-
ട്ടാലംബേന കുഴിയൊന്നതാകുന്നു.
കുഴി തന്റെ പരിമാണമിങ്ങിനെ
ചൂഴവും കുഴിയാകുന്നിതു നിലം
ആയിരം കുഴി രണ്ടായിരം കുഴി
വയലെല്ലാമുഴുന്നു കൃഷീവലർ.
ഞാറുണ്ടാക്കി നടുന്നവരെയുളളു
കാരുമങ്ങിളംകാരുവശാനവും
മിഥുനം കർക്കിടമാസമെന്നതിൽ
ചതി കൂടാതെ വാഴുന്നിതേവരും
മകരം കുംഭമാസത്തിലാകുന്നു
മികവോടറുക്കുന്നു വിളഞ്ഞിട്ട്
ആടിയിൽ വിളയൊക്കവേ വീഴണം
ആടൽ കൂടാതെ ചൊല്ലുന്നിതീവണ്ണം
പാഞ്ഞീടും ജലമേരി തുറക്കുമ്പോൾ
ആഞ്ഞു കെട്ടേണമേരി മടക്കിയാൽ
ധാന്യങ്ങളുമങ്ങാടിക്കു മുന്നവെ
മാന്യൻമാർ വിതച്ചീടുമറിഞ്ഞാലും
ആടി വിത്തു വിതെയാത്ത മാനവർ
മാടെന്നു പറയന്നു കൃഷീവലർ
കടുകും തുമര പരുത്തിക്കൊട്ട
കടലക്ക വിതക്കുന്നു കാടതിൽ
ചീരകാദി ചെറുധാന്യമൊക്കവെ
ഈരണ്ടൂഴമറുക്കുന്നു കുത്രചിൽ
കാട്ടുവാഴ്‌ചക്കവിടെയും വേണമേ
പാടെ മാരികൊണ്ടല്ലോ കഴിയുന്നു.
പരശുധരനേവമരുൾ ചെയ്‌തു
വിരമിച്ചങ്ങിരുന്നതിന്റെ ശേഷം
ഭൂദേവൻമാരിവയൊക്കെക്കേട്ടുട-
നേവരുമാനന്ദിച്ചു സുഖിച്ചാരന്നെ.
Generated from archived content: krishigeetha_dec4_07.html Author: pracheena_krithi