കൃഷിഗീത – രണ്ടാം പാദം

കൃതവീര്യ സുതരിപു ഭാർഗ്ഗവൻ

മതി ചേർന്നരുൾ ചെയ്‌തിതു പിന്നെയും

കൃഷി കർമ്മങ്ങൾ ചെയ്യും പ്രകാരവും

വൃഷഭാദികൾ സാധനമൊക്കെയും

കൃഷി ചെയ്‌തു കഴിയാത്തവർക്കൊരു

വഴിയില്ല പിഴപ്പിനു ഭൂതലേ

ദാരിദ്ര്യങ്ങൾ കളയേണമെങ്കിലോ

നേരത്തേ കൃഷിചെയ്യണമേവരും

വരും കാലത്തേക്കുളള കോപ്പുക-

ളൊരുമ്പെട്ടു കരുതേണം മുമ്പിലേ

എകർത്തിപ്പടുക്കേണം തൊഴുത്തുകൾ

അകത്തോടൊട്ടടുത്തങ്ങിരിക്കണം

പുല്ലുവട്ടികൾ വേണമിടയിടെ

വെളളപ്പാത്തികളോടും ബഹുവിധം

തൊഴുത്തോളമിടയിട്ടിട്ടപ്പുറം

കുഴിച്ചുപടുക്കേണം വളക്കുഴി

കാളമൂരികരിങ്കന്നിവയെല്ലാം

മേളം കൂടാതെ കെട്ടണം വെവ്വേറെ‘

ശിവ! ശങ്കര! ദേവ! പശുപതെ!

ഭവ! ഭാനു ശശിദേവലോചന!

ശീതികണ്‌ഠ! ഭവാനിപതേ! വിഭോ!

ധൃതശൂല! ഗിരീശ! മഹേശ്വര!

ദ്വാദശനാമമിത്ഥം മഹേശസ്യ

സാദരം ജപിച്ചാശു വിശുദ്ധനായ്‌

മേവീടുന്ന പരശുധരൻ പുന-

രേവമങ്ങരുൾ ചെയ്‌തിതു പിന്നെയും

“ഭൂസുരേന്ദ്രരേ! കേട്ടാലുമെങ്കിലോ

ഭാസുരചിത്തൻമാരായിട്ടേവരും

തടക്കാലിട്ടു വേണം തൊഴുത്തുകൾ

ആടിപ്പോകാതിരിക്കേണം കെട്ടുമ്പോൾ

രാത്രിനേരം പിരിയാതെ തീനിട്ട്‌

നേത്രങ്ങൾ കൊണ്ടു താന്തന്നെ നോക്കണം

കന്നു രക്ഷിക്കപ്പോകാത്തവരെല്ലാം

എങ്ങിനെ കൃഷിചെയ്‌തു കഴിയുന്നു

കന്നിനെ കഴുകിച്ചു കുളിക്കേണം

എന്നുമേകൃഷികർമ്മികളേവരും

തലെയക്കാലം തന്നെ കരുതേണ

മലിവോടെ കരിയും നുകങ്ങളും

നൊളളിയും വെളളക്കാലും മരങ്ങളും

തുളളലില്ലാത്ത പാത്തിചവിട്ടിയും

കൊഴുവും കൊടുവാൾ മഴുവും കൈക്കോട്ടും

വഴിഞ്ഞേറ്റമിരിക്കേണമെപ്പോഴും

കുഴുകുത്തി, യരുവാളു, കോടാലി,

മഴുത്തായാദി കൊട്ടയും വട്ടിയും

പണിയാളർ മികവായിട്ടില്ലാഞ്ഞാൽ

പിന്നെയും കടമേവനും നിർണ്ണയം

നടിച്ചു കൃഷിചെയ്യുന്ന കാലത്ത്‌

പണക്കാരനും വീഴും കടത്തിൻമേൽ

വിളയുന്നവ സൂക്ഷിപ്പതിനായി

കളം വേണമൊരിടത്തു വേറിട്ട്‌

പണിയിച്ചവർ തന്നെ കൊടുക്കേണം

പണിയാളർക്കു വല്ലി വഴിപോലെ

വഴി വെട്ടിയടേച്ചു വിളയിച്ചാൽ

ഉഴുവൻമാർ നശിക്കുമെല്ലാവരും

അതിർനീക്കി വിളയിപ്പവർക്കൊരു

ഗതിയില്ലാ പരലോകത്തിങ്കലും

വഴികൂടാതെ കാട്ടുന്നവരാരും

കൃഷിചെയ്‌തു പിഴയ്‌ക്കാമെന്നോർക്കണ്ട

ഗുരുഭക്തിയുമീശ്വരഭക്തിയും

പെരുതോരെല്ലോ നല്ലൂ കൃഷിയിങ്കൽ

നിദ്രയേറിയിരിക്കുന്നവരാരും

ഭദ്രമല്ലാ കൃഷികാരകർമ്മണി

ചിത്തത്തിലുണർവില്ലാതീടുന്ന

മത്തൻമാരും വേണ്ടാ കൃഷിയിങ്കൽ

വിഷയത്തിങ്കൽ സക്തി പെരുത്തവർ

കൃഷികർമ്മണി നോക്കേണ്ട കേവലം

കളവുളളവരാരും നടക്കേണ്ടാ

വിളഭൂമൗ കൃഷീവലരായിട്ട്‌

മദ്ധ്യെ മദ്ധ്യെ മധുപാനം ചെയ്യുന്ന

ബുദ്ധി കെട്ടവർ വേണ്ടാകൃഷിയിങ്കൽ

കണക്കെല്ലാമെ ചോദിക്കും നേരത്ത്‌

ചുണക്കുന്നവർ വേണ്ടാ കൃഷിക്കാരെ

വെളളം തന്നെ കൃഷിക്കുപ്രധാനമെ-

ന്നുളളിലെല്ലാർക്കും വേണമറിഞ്ഞാലും

വേലികെട്ടീട്ടു വേണം കൃഷീവലർ

കാലവേ വിതപ്പാനും നടുവാനും

വളം പാടത്തിടാഞ്ഞാലൊരിക്കലും

തെളിവില്ലാ വിതച്ചാലും നട്ടാലും

അതുതന്നെയുമല്ല വിളവിങ്കൽ

അതി കഷ്‌ടം കുറച്ചിലുമായ്‌ വരും

തോലുവെട്ടീട്ടു താഴ്‌ത്തുന്നവർക്കതി

വേലം നെല്ലു വിളയുന്നു നിർണ്ണയം

വരമ്പു കുറച്ചീടും നരൻമാരെ

പിരമ്പോണ്ടടിക്കേണം നുറുങ്ങവേ

മേലെക്കണ്ടങ്ങൾക്കല്ലോ വരമ്പുകൾ

ആലംബേന ധരിക്കേണമേവരും

തൂക്കലേറെയുളേളടത്തൊരിക്കലും

ചേർക്കരുതു കഴായും വെളളത്തിന്‌

വരമ്പിമ്മേലെ പുല്ലു കളയണം

വിരിപ്പിന്നതുമെന്തിന്നു കേട്ടാലും

പച്ചപ്പുല്ലു വളം വലിച്ചീടുന്നു

നിശ്ചയം, വെടുപ്പിന്നെന്നു വെക്കേണ്ട

പണ്ടു പണ്ടും ദധീചി കൃഷിചെയ്‌തു-

തുണ്ടു കണ്ടിട്ടു പണ്ടെന്നറിഞ്ഞാലും

മഹേന്ദ്രപാലനെന്നൊരു രാജാവും

ദേഹനാശത്തോളം കൃഷി ചെയ്‌തിതു

കാശിഖണ്‌ഡത്തിലുണ്ടു വിധിച്ചിട്ട്‌

ദേശം ദേശം കൃഷിചെയ്യും മാർഗ്ഗങ്ങൾ

പറഞ്ഞാലുമൊടുങ്ങുകയില്ലിവ

കുറച്ചിട്ടു പറയുന്നു കേവലം

വേനൽക്കാലം പണിയേണ്ടതൊക്കെയും

മാനിച്ചിതു പറയുന്നിതു നാം

വേലികെട്ടിയുറപ്പിച്ചിട്ടേവരും

കാലമേ വിറകുമങ്ങിടേണമേ

വിറകാല നിറഞ്ഞു വഴിഞ്ഞിട്ട്‌

പുറമേയടുക്കേണമുറപ്പിച്ച്‌

ഗതവർഷേ സമർപ്പിച്ചൊരിന്ധനം

ഇതു കാലമെടുത്താലേ നീരറൂ

വേലിയൊക്കെയഴുകു പടുക്കണം

ചാലവേയികർത്തിക്കെട്ടുക ദൃഢം

പടിക്കാലും പടിയുമെല്ലാവർക്കും

വെടിപ്പോടെയുറപ്പിച്ചിരിക്കണം

പെരയ്‌ക്കുളേളാരു സാധനമൊക്കവേ

കരുത്തോടെ ചളിപിടിപ്പിക്കണം

തിന്ത്രിണീ മുതലായുളള സാധനം

സംഭരിച്ചു ബിടാവിലങ്ങാക്കണം

നല്ലെണ്ണ, വെളിച്ചെണ്ണ, പൂവ്വെത്തെണ്ണ,

നല്ല കൊട്ടയെണ്ണായിവയൊക്കവേ

സംഭരിച്ചു ഭരണിയിലാക്കണം

ശുഭവത്തായി സൂക്ഷിച്ചുവെക്കണം

സംഭരിക്കേണമിഞ്ചചീനിക്കയും

കുംഭമാസത്തിനുളളിലിവയെല്ലാം

വാക, താളിപ്പൊടി, ലവണാദികൾ

ആകയുണ്ടാക്കിക്കൊണ്ടു കരുതണം

മാങ്ങ, നാരങ്ങ പാകത്തിലൊക്കെയും

നീങ്ങാതെ നെല്ലിക്കയും കരുതണം

പുരയൊക്കവേ കെട്ടി മേഞ്ഞിട്ടുട-

നിരിക്കേണം സുഖിച്ചുടനേവരും

തദനന്തരം നല്ല പരമ്പുകൾ

ഓദനത്തിന്നു വെച്ചൊണക്കീടുവാൻ

സംഗ്രഹിക്കേണം സൂക്ഷിച്ചിവയെല്ലാം

സംഗ്രഹചിത്തൻമാരെന്നറിഞ്ഞാലും

എങ്കിലേ പഴേതായികിടക്കുന്ന

വങ്കാടൊക്കെ മുറിച്ചു ദഹിപ്പിച്ച്‌

സങ്കരങ്ങളെയൊക്കെക്കളഞ്ഞിട്ട്‌

ശങ്ക കൂടാതുഴുവുമാറാക്കണം

കന്നുതിന്നുന്ന തോലൊക്കെക്കൊണ്ടന്ന്‌

കന്നിന്നു കൊടുക്കേണം ദിനം പ്രതി

പട്ടൊഴവു കഴിച്ചിട്ടു പാർക്കണം

കുട്ടാടൻ വിതച്ചീടുന്ന ഭൂമിയിൽ

കട്ടയൊക്കെപ്പൊടിച്ചു തകർക്കണം,

കൊട്ടിക്കൊണ്ടങ്ങൊലർച്ച വരുവൊളം

അതു നിൽക്കട്ടെ കേട്ടാലുമിന്നിയും

മതഭേദം പറയുന്നു നല്ല നാൾ

നനച്ചുണ്ടാക്കീട്ടുളള സസ്യാദി

മനസ്സിന്നേറെ സൗഖ്യമഹോ നൃണാം

വെളളത്താവളമുളേളാരു ഭാഗത്ത്‌

വെളളമുണ്ടാക്കിക്കൊളേളണമേവരും

നനച്ചേമ്പാദിയായുളളതൊക്കെയും

കനക്കെക്കുഴികുത്തി നടേണമേ

കിഴക്കൻ കയ്‌പവിത്തു പടവലം

വഴിക്കക്കുത്തിയിട്ടു പടർക്കണം

തണുപ്പേറുന്ന ദിക്കിലിവറ്റിനു

കണക്കില്ലാ, കുറഞ്ഞീടും കായ്‌കളും

വിത്തു നേരെ പാകി മുളപ്പിച്ച്‌

നിർത്തിടേണം വഴുതിനത്തയ്യുമേ

അറകീര ചെറുകീര വിത്തതു

മറുതടം പാകി മുളപ്പിക്ക

കണ്ടൻകീര വിതച്ചാലും നട്ടാലും

ഉണ്ടാകുന്നു വഴിപോലെ ദീർഘത്തിൽ

മുണ്ടൻ കയ്‌പക്ക വേനലും വർഷവും

ഉണ്ടുകായും വളരെ വർദ്ധിക്കുന്നു

കളളിയൊക്കെ ചെറുതായിട്ടുണ്ടാക്കി

പളളമായി നടേണം വഴുതിന

തിരിവെളളവും തേകിയവെളളവും

ഇരണ്ടെങ്കിലും വേണം സുലഭമായ്‌

വെളളരിക്കുഴികുത്തിപ്പുകയിട്ട്‌

വെളളത്തോടെ വളവും കലക്കണം

ഇവറ്റിന്നൊക്കെ ചുട്ട വളമിട്ട്‌

ഭുവിതന്നിൽ മുളപ്പിക്കവേണമേ

ചിതലേറുന്നദിക്കിലിവയൊന്നും

മുതിർന്നുണ്ടാക്കരുതു വൃഥാവിലെ

വേനൽക്കുമ്പളമെത്രയുമൽഭുതം

മാനിച്ചുണ്ടാക്കി പന്തലിടേണമേ

വളളിത്തണ്ടൻ പയറുമിതുപോലെ

വെളളം വാടാതിരിക്കേണമെപ്പൊഴും

വൃശ്ചികഞ്ഞായറും തുലാഞ്ഞായറും

നിശ്ചയം വർഷിക്കും പരദേശെ

രണ്ടുമാസത്തിലഞ്ചെട്ടു നാളില-

ങ്ങുണ്ടായാലും മഴമതിയക്കാലം

ഒന്നുരണ്ടു പെയ്‌താലുമതിൽ

നന്നു വർഷമക്കാലത്തു കേവലം

മലയാളമാം നമ്മുടെ ദേശത്ത-

ങ്ങലിവേറുമേ ഭൂമിക്കു നിർണ്ണയം

കേട്ടുകൊളളുവിൻ മേലിലെ വൃത്താന്തം

കേട്ടതുണ്ടങ്ങഗസ്ത​‍്യ ചരിതത്തിൽ

ചേരൻ ചോഴനും പാണ്ടിയനും ഭുവി

വീരൻമാരാകും രാജാക്കൻമാരവർ

മൂവ്വരും ദക്ഷിണദിശിയുളളവർ

മുവ്വരും മൂന്നുദിക്കിന്നധിപൻമാർ

മുവ്വരും പരമായുശ്ച ലബ്‌ധൻമാർ

മുവ്വരുമൊരുമിച്ചു വിചാരിച്ചു

തവ്വല്ലാതെ വരിഷിക്ക കാരണം

ചൊവ്വില്ലാതെ നശിക്കുന്നു ലോകവും

ദേവദേവന്റെ കാരുണ്യമില്ലാഞ്ഞി-

ട്ടീവണ്ണം നശിക്കുന്നിതു കേവലം

കാമവൈരിതൻ ഭക്തൻമാരായുളള

നോമിപ്പോളെന്തു ചെയ്യേണ്ടതോർത്താലും

കാശിദേവം ബഷാഷെ തപസ്സിനായ്‌

നിശ്ചയം കർത്തുമാരഭെയ ശ്രമം

അന്യരാജാക്കൻമാരിതു കേട്ടിട്ട-

ങ്ങന്യോന്യം വിചാരിച്ചാരിരുവരും

ഇതു കൂടാതെ മറ്റൊരുപദേശം

ഇതിനില്ല വിചാരിച്ചു കാണുമ്പോൾ

സേവിക്കുന്നവർക്കാപത്തുനീക്കുന്ന

ദേവദേവൻ മഹേന്ദ്രൻ ദയാനിധി,

ദൃഷ്‌ടികൊണ്ടുടൻ കാണുമാറാകണം

വൃഷ്‌ടി കർത്താരംദേവംമഘവന്തം.

മൂവരുമേകചിത്തൻമാരായിട്ട-

ങ്ങീവണ്ണം തന്നെയെന്നുറച്ചീടിനാർ

രാജ്യപാലനമൊക്കെയുമിപ്പൊഴെ

ത്യാജ്യമസ്മാഭിരദ്യൈവ മന്ത്രിഷു

മന്ത്രിമുഖ്യാനഥാഹൂയ മൂവരും

മന്ത്രിച്ചു കൊടുത്താരുർവ്വി ഭാരത്തെ

സ്വ സ്വ മന്ത്രിഷു കാര്യങ്ങളൊക്കെയു-

മസ്വതന്ത്രരായി നടത്തുവിൻ

ഭൂമിഭാരമീവണ്ണമുറപ്പിച്ചു

ഭൂമിപാലർ തുനിഞ്ഞു തപസ്സിനായ്‌

ദിക്കുനാലിലും കാവലും വെച്ചിട്ടു

മുക്കൂടത്തിലിരുന്നു നൃപൻമാരും

നിത്യ കർമ്മങ്ങളൊക്കെയുപേക്ഷിച്ചു

സത്യ മാനസൻമാരായനന്തരം

ചിത്തശുദ്ധിവരുത്തി, മഹേന്ദ്രനെ

ചിത്തത്തിങ്കൽ പ്രവേശിപ്പിച്ചീടിനാർ

ബാഹ്യത്തിങ്കൽ ചരിച്ചുകിടക്കുന്ന

ബാഹ്യാദിന്ദ്രിയമൊക്കെയുമപ്പൊഴെ

വ്യാപാരങ്ങളുമൊക്കെയുപേക്ഷിച്ചു

താപം കൂടാതെ ചെന്നകം പൂക്കിതുഃ

ദേഹചഞ്ചലമില്ലാത്തകാരണം

മോഹം കൂടാതെ മാനസം താന്തന്നെ

നിന്നു വൃത്തികളൊന്നൊടു കൂടാതെ

വന്നിതു ജൻമസാഫല്യമാശ്ചര്യം

ദേശകാലങ്ങളിങ്ങു കിടക്കയാൽ

ആശയം കൂട ഇല്ലാതെ ആയിപോൽ

മന്നവൻമാരിവണ്ണം ബഹുകാലം

മുന്നം വിശ്വാമിത്രാദികളെപ്പോലെ

ദേവദേവനെ മാനസം കൊണ്ടുടൻ

സേവിച്ചാരവരിഷ്‌ട കാര്യാർത്ഥമായ്‌

ശക്തൻമാരായ ഭൂപതിമാരുടെ

ശക്തിയും തപസ്സും കണ്ടു ദേവനും

സ്വർഗ്ഗവാസികളോടും മുനിവര

വർഗ്ഗത്തോടും തെളിഞ്ഞരുൾ ചെയ്‌തിതു

നമ്മെസ്സേവിച്ചിട്ടീവണ്ണമാരുമെ

ചെമ്മെ കണ്ടിട്ടില്ലെന്തൊരു വിസ്‌മയം

മനുജേന്ദ്രൻമാർക്കുളേളാരു സങ്കടം

ദനുജാരിന്ദ്രനായുളള നാമിന്ന്‌

തെരിക്കെന്നു കളഞ്ഞൂ രക്ഷിക്കണം

പരക്കെയിതു കേട്ടിട്ടില്ലേ നിങ്ങൾ

വരമെന്തോന്നു വേണ്ടതവർക്കെന്നു

വരിച്ചാലതു നൽകണം നിർണ്ണയം

എന്നെല്ലാമരുൾ ചെയ്‌തു ജഗൽപതി

ചെന്നു ഭൂപതിമാരുടെ സന്നിധൗ

വൃത്രവൈരി വിബുധപതി താനും

തത്ര കണ്ടിതു ഭൂപതി വീരരെ

ഭക്തവൽസലനായ ശശീപതിയും

ഭക്തൻമാരോടരുൾ ചെയ്‌തീവണ്ണം

നിങ്ങളെന്നെക്കുറിച്ചു തപസ്സു ചെ-

യ്‌തിങ്ങനെ വസിച്ചീടുവാനായുളള

കാരണമെന്തൊന്നുളളിലതൊക്കെയും

തീരെച്ചൊല്ലുവതിനേതും മടിക്കേണ്ട

മന്നവരിതു കേട്ടുണർന്നിട്ടുടൻ

സന്നഖേദം തൊഴുതുണർത്തിച്ചിതു

ജംഭവൈരി ഭഗവാനൊഴിഞ്ഞൊരു

തമ്പുരാനില്ല ഞങ്ങൾക്കു നിർണ്ണയം

നിന്തിരുവടിയെ കണ്ടതിൽപര

മെന്തൊന്നങ്ങടിയങ്ങൾക്കുവേണ്ടത്‌

മഘവന്തം ഭവന്തം വിനാഭുവി

ഭഗവന്തം ഭജിക്കുന്നതില്ലാരും

കോപചിന്തയതന്യനു കേവല

മേവ മേവ ബഭൂവ ജഗദിദം

ഭൂമിപാലനം ചെയ്യേണമെന്നൊരു

കാമമില്ലിഹ ഞങ്ങൾക്കു ദൈവമേ

നിന്തിരുവടി കാരുണ്യമുണ്ടെങ്കിൽ

എന്തൊരു ദുഃഖമുളളു ഭുവി നൃണാം

യാഗ കർമ്മങ്ങൾ ചെയ്‌താലുമിന്നൊരു

യോഗവാനായിരിക്കുന്നതില്ലാരും

ഭൂമിയിലതി വൃഷ്‌ട്യാദികൊണ്ടുട-

നാമയം പാരമുണ്ടു കൃപാനിധെ!

മനുജാദികളായോരടിയങ്ങൾ-

ക്കനുമാന പ്രമാണമില്ലാർക്കുമേ

ഇരിക്കട്ടെ ഇതൊക്കെയുമിന്നൊന്നു

ചുരുക്കീട്ടുണർത്തിക്കുന്നിതിജ്ജനം

അഷ്‌ടമൂർത്തിയായുളള ഭഗവാന്റെ

വൃഷ്‌ടിയല്ലോ ജഗത്തിന്നു കാരണം

വൃഷ്‌ടിയില്ലായ്‌ക കൊണ്ടു ജഗത്തിനും

പുഷ്‌ടിപാരം കുറഞ്ഞുചമഞ്ഞിതു

വൃഷ്‌ടികൊണ്ടസ്മാൻ തൃപ്‌തി വരുത്തണം

വൃഷ്‌ടികർത്താവായിടും ശശീപതേ!

മനുജാധിപൻമാരിവയൊക്കവേ

ദനുജാതീന്ദ്രനോടുണർത്തിച്ചിതു

പാകശാസനൻ ഭൂപതിമാരുടെ

ശോകം കണ്ടരുൾ ചെയ്‌തിതു പിന്നയും

നമ്മാലെന്തൊന്നു വേണ്ടുന്നതൊക്കെയും

ചെമ്മെയിന്നു തരുന്നുണ്ടു നിങ്ങൾക്കു

വൃഷ്‌ടി, എങ്ങിനെ നിങ്ങൾക്കു വേണ്ടതെ-

ന്നിഷ്‌ടമോടെ പറഞ്ഞാലുമിന്നിഹ

കൃപയോടരുൾ ചെയ്‌തതു കേട്ടുടൻ

നൃപവീരരുമന്യോന്യം ചിന്തിച്ചു

വൃത്രവൈരിയോടൊന്നങ്ങുണർത്തിച്ചു

ചിത്രമെത്രയരുൾ ചെയ്‌തതോർക്കുമ്പോൾ

നിന്തിരുവടിയങ്ങറിയാതെക-

ണ്ടെന്തോന്നുളളൂ ജഗതീതലെ നൃണാം

എങ്കിലുമടിയങ്ങളുണർത്തിക്കാം

സങ്കടം പാരമുണ്ടിന്നു ഞങ്ങൾക്കു

വൃഷ്‌ടി പോരായ്‌ക കൊണ്ടുടൻ ഭൂതലം

നഷ്‌ടമായതു കേവലം ധർമ്മവും

നിയമങ്ങളുമില്ലാ മഴയ്‌ക്കിഹ

കയറുന്നതുമില്ല വിലയൊന്നും

ദുർഭിക്ഷം തന്നെ എന്നേ പറയേണ്ടു

ദുർഭഗൻമാരടിയങ്ങളാകയാൽ

പണ്ടഗസ്ത​‍്യ മഹാമുനിപുംഗവൻ

ഉണ്ടാക്കിക്കുടകെന്ന ഗിരിയത്‌

ത്തലക്കാവേരി എന്ന നദിയതു

ജലത്തെപ്പെരുക്കുന്നു ചിരകാലം

ചോളനാമടിയനിന്നതു കൊണ്ടു

ചോളരാജ്യത്തെ രക്ഷിച്ചു പോരുന്നു

ദക്ഷിണദിശി പിന്നെയുമമ്മുനി

ശിക്ഷയോടങ്ങിരുന്നു ചില കാലം

അഗസ്ത​‍്യകൂടമെന്ന ഗിരിയത-

ങ്ങഗസ്ത​‍്യനിരുന്നീടുക കാരണാൽ

മുനി തന്റെ കനിവതുകൊണ്ടുടൻ

കനിഞ്ഞിട്ടതിൽ നിന്നു പുറപ്പെട്ട്‌

തടിനി താമ്രപർണ്ണ നദിയതു

തടമില്ലാതെ കണ്ടങ്ങൊലിക്കുന്നു

പാണ്ടിനാടതുതന്നിൽ ചില കാലം

പാണ്ടിയൻ കഴിയുന്നീതതുകൊണ്ടു

ധർമ്മി വൃഷ്‌ടി കൊണ്ടെല്ലോ കഴിയുന്നു

ധർമ്മമാനസൻ ചേരൻ ജഗൽപതേ

ഇങ്ങിനെയെല്ലാം ദുഃഖിച്ചിരിക്കുന്നോ-

രെങ്ങളെ രക്ഷിക്കേണം ദയാനിധേ

വല വൈരി ഭഗവാനതു കേട്ടു

തെളിഞ്ഞൊന്നങ്ങരുളി കൃപാനിധി

ചതുർമാസങ്ങൾ വെവ്വേറെ നിങ്ങൾക്ക്‌

പുതുമാരിയുണ്ടാക്കുന്നതുണ്ടു നാം

വൃഷ്‌ടി നിങ്ങൾക്കു തൃപ്‌തി വരുവോളം

സൃഷ്‌ടിച്ചിട്ടയക്കുന്നുണ്ടു നിർണ്ണയം

നിങ്ങളൊന്നുണ്ടു വേണ്ടുന്നു കേട്ടാലും

മങ്ങീടാതൊരു മാനസൻമാരുമായ്‌

ധർമ്മ ബുദ്ധികളായിട്ടിരുന്നിട്ട്‌

ധർമ്മം ചെയ്‌തു വസിക്കുന്ന കാലത്തും

ധർമ്മിഷ്‌ഠൻമാരെ രക്ഷിക്കും കാലത്തും

ധർമ്മപാലനം ചെയ്യുന്ന കാലത്തും

നിങ്ങളുമങ്ങനന്തര ഭൂപരും

ഇങ്ങനെ വസിച്ചീടുന്ന കാലത്ത്‌

വാസവ വാക്യത്തിന്നിളക്കം വരാ

വാസുദേവൻ തൃക്കാലാണു നിർണ്ണയം

നിങ്ങൾ തമ്മിൽ നാം തന്നോരു വൃഷ്‌ടികൊ-

ണ്ടന്യോന്യം വിഭാഗിച്ചു കൊളളുവിൻ

എന്നെല്ലാമരുൾ ചെയ്‌തു മറഞ്ഞിതു

നന്ദിതസുര വൃന്ദം മഹേന്ദ്രനും

കാലഭേദേന തൃപ്‌തരായീട്ടുടൻ

ഭൂമി ഭർത്താക്കളൊക്കെത്തെളിഞ്ഞിതു

ഭൂതലത്തിലുളള ജനങ്ങൾക്കും

ഭൂതങ്ങൾക്കും തെളിഞ്ഞിതു കേവലം

ഭൂപതികളും വൃഷ്‌ടികൊണ്ടന്യോന്യം

താപം കൂടാതെ ഭാഗിച്ചിതക്കാലം

മിഥുനം കർക്കടം കന്നി ചിങ്ങവും

സതതം വരിഷിക്കുന്നമാസങ്ങൾ

ചതുർമാസമെടുത്തിതു ചേരനും

അതുപോലെയെടുത്തിതു ചോളനും

നിശ്ചയിച്ചു തുലാവും മകരവും

വൃശ്ചികം ധനു മാസങ്ങളിങ്ങിനെ

ശിഷ്‌ടമായുളള നാലു മാസങ്ങളും

പുഷ്‌ടമോദമെടുത്തിതു പാണ്ടിയൻ

ഇങ്ങിനെ പകുത്തിട്ടു പിരിഞ്ഞിതു

തങ്ങൾ തങ്ങളെ രാജ്യത്തിലേവരും

ഈ വണ്ണം വരിഷിച്ചൊരു വൽസരം

ഏവരും കഴിഞ്ഞിട്ടു പുറപ്പെട്ടു

തമ്മിലന്യോന്യം ജ്യേഷ്‌ഠാനുജൻമാരാ

മമ്മഹീപാലർ ചോദിച്ചിതേവരും

വൃഷ്‌ടിയിന്നിതു പോരാ നമുക്കെന്നു

തുഷ്‌ടചിത്തനാം ചേരനുരചെയ്‌തു

വൃഷ്‌ടിയേറ്റം നമുക്കെന്നു ചോളനും

വൃഷ്‌ടി പാരം പെരുത്തെന്നു പാണ്ടിയൻ

വൃശ്ചികവും തുലാമാസവും പിന്നെ

നിശ്ചയിച്ചു കൊടുത്തിതു ചോളനും

മേടവുമിടവമാസമതും പിന്നെ

കൂടനൽകിനാൻ ചേരനു പാണ്ടിയൻ

ഇടയിൽക്കൂടവേണം നമുക്കെന്നി-

ട്ടിട മാരിയെന്നിട്ടിതു നാമവും

നമ്മുടെ വരിഷത്തിനു ചോളനാം

ചെമ്മെ നാം കിഴക്കാക മൂലന്തന്നെ

കിഴക്കൻമഴയെന്നൊരു നാമവും

മുഴുത്തു നടക്കേണം വിശേഷിച്ചും

കിഴക്കിന്നങ്ങു മേഘമെടുത്തിട്ടു

മഴയ്‌ക്കും മുമ്പെ വെട്ടുമിടി ദൃഢം

വായുവും കിഴക്കിന്നങ്ങടിച്ചിട്ടു

പായുമേയിടിവാളുമതുനേരം

തിരിഞ്ഞയ്യടി നേരത്തു വന്നിട്ടു

ചൊരിയുന്നിതു നമ്മുടെ വൃഷ്‌ടിയും

ചോതി നമ്മുടെ നക്ഷത്രമാകയാൽ

ആദിത്യനതിൽ നിൽക്കുമ്പൊളേറിടും

നമ്മുടെ വരിഷത്തിനിളപ്പവും

ചെമ്മേയുണ്ടാകയില്ലൊരു നാളുമേ

പാണ്ടിയനതു കേട്ടിട്ടനന്തരം

പൂണ്ടുവിസ്‌മയം ചൊല്ലിനാനന്നേരം

നാമിന്നു തന്ന വൃഷ്‌ടിക്കടയാളം

കേമമായിട്ടിരിക്കും കണങ്ങളും

ബുൽബുദവു മങ്ങാലിപ്പഴങ്ങളും

ബുൽബുദമായ്‌ ക്കാണുമതേറ്റവും

രോഹിണിയാകും ഞാറ്റുനിലാതന്നിൽ

ആഹന്ത വരിഷിക്കുമതേറ്റവും

മിക്കവാറും കിഴക്കൻ മഴപോലെ

ദിക്കാലഭേദമുളളൂ മമ വർഷം

ചേരനാം പെരുമാളോടരുൾ ചെയ്‌തു

കാരുണ്യം നിങ്ങൾക്കെന്നിലുണ്ടാകയാൽ

തീർന്നു ദുഃഖമിനിക്കെന്നു നിർണ്ണയം

ചേർന്നു മാനസമെല്ലാർക്കുമൽഭുതം

താതൻതന്റെ നിയോഗമനുഷ്‌ഠിക്ക

ഹേതുകൊണ്ട്‌ നാമെല്ലാരും തൃപ്‌തരായ്‌

നമ്മുടെ ഭൂമിക്കൂഷയുണ്ടാകയാ-

ലിമ്മഹാജനം പാലിച്ചു നിർണ്ണയം

അണയാതെ വരിഷിക്ക കാരണം

അണലിയെന്ന വൃഷ്‌ടി നമുക്കെല്ലാം

തിരുവാതിര നമ്മുടെ നക്ഷത്രം

വരുന്നേരത്തു ഞാറ്റുനിലായതിൽ

പെരുവൃഷ്‌ടിയഹോരാത്രമാകയാൽ

പെരുകുന്നു ഫലമൂലമൊക്കവേ

പറഞ്ഞീവണ്ണമൊക്കെത്തെളിഞ്ഞിട്ടു

പിരിഞ്ഞുസുഖത്തോടെ നരേന്ദ്രൻമാർ

ചേരൻ കല്പമായിട്ടു മലയാളം

സാരമായിടും കല്പമുണ്ടാകയാൽ

ചേരമാം കല്പമെന്നുവരുന്നിതു

പാരിലൊക്കെനിറഞ്ഞു ചമഞ്ഞിട്ട്‌

ധർമ്മ നീതികളൊക്കെയും കല്പമായ്‌

നിർമ്മിച്ചു ചമച്ചീടുക കാരണം

ചേരമാൻപെരുമാളെന്നൊരു നാമം

പാരിനുമൊരു നാമമിതുമൂലം

നമുക്കുമിതു സമ്മതമാകുന്നു

ചിതത്തോടെ വരുമെന്നു നിർണ്ണയം

നിങ്ങൾക്കെല്ലാം സുഖമിവൻകാലത്ത-

തങ്ങിനെതന്നെ കാക്കുന്നതുണ്ടു നാം

പരശുരാമനേവമരുൾ ചെയ്‌തു

ധരണീസുതൻമാരുമതുകേട്ടു

പരമാനന്ദം പൂണ്ടുതെളിഞ്ഞിഹ

മരുവീടിനാരക്കാലമേവരും.

Generated from archived content: krishigeetha2_nov6_07.html Author: pracheena_krithi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here