ഹരിഃശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ
രാമ രാമ ജയ ജയ ഭാർഗ്ഗവ രാമ രാമ
ജമദഗ്‌നി നന്ദനാ രാമ രാമ
പരശുധരാവീരരാമരാമ
ഭൃഗുകുല പുംഗവ രേണുകാത്‌മജ ദേവ ദയാനിധേ
സ്‌ഥാണു ശിഷ്യ പ്രവര ജയ ജയ
കാർത്തവീര്യ മൃതിപ്രദാ ഭൂപ്രഭാ
കീർത്തി മൂർത്തേ ഭഗവൻ ജയ ജയ
ഭൂദാനേനൈക തൃപ്തരായീടിന
ഭൂദേവന്‌മാരിതി സ്‌തുതി ചെയ്‌തിട്ട്
ഗോകർണ്ണാഖ്യ മഹാക്ഷേത്രത്തിങ്കന്നു
ശോകം തീർന്നഭിവന്ദിച്ചു വിപ്രരും
രാമനെത്തന്നെ പിന്നെയും പിന്നെയും
ഭൂമിയിൽത്തന്നെ വീണു വണങ്ങിനാർ
പരമാനന്ദമായ സമാധിയിൽ
ഇരുന്നീടുന്ന രാമൻ തിരുവടി
തേജോരൂപനാം നാദ ബിന്ദുക്കളിൽ
യോജിപ്പിച്ചൊരു മാനസം മെല്ലവേ
പേർത്തു കീഴ്‌പ്പോട്ടിറക്കീട്ടു നോക്കുമ്പോൾ
ആർത്തി പൂണ്ടൊരു വിപ്രരെ കാണായി
കേണു നോക്കുന്ന ഭൂദേവൻമാരോട്
രേണുകാത്‌മജൻ താനുമരുൾ ചെയ്‌തുഃ
‘ജപഹോമാദി കർമ്മങ്ങളൊക്കവേ
കൃപയോടെ കഴിക്കുന്നതില്ലയോ?
സംപ്രതി സുഖമല്ലയോ നിങ്ങളും
മാം പ്രതി വന്നതെത്രയുമത്‌ഭുതം
നിങ്ങളെക്കുറിച്ചുളേളാരു വാത്‌സല്യ
മങ്ങു ചെറ്റുമിളക്കംവരാദൃഢം.’
പരശുരാമൻ തന്റെ നിയോഗം കേ-
ട്ടുര ചെയ്‌തിതു ഭൂസുരേന്ദ്രൻമാരും
വീരരായുളള ക്ഷത്രിയരെക്കൊന്ന
വീരഹത്യാ പരിഹാരമായിട്ട്
വാരിധി നീക്കി ഭൂമിയുണ്ടാക്കീട്ട-
ങ്ങാരണർക്കു കൊടുത്തതുമത്‌ഭുതം.
‘സ്വർഗ്ഗത്തേക്കാളുമേറ്റം സുഖകര
മാർഗ്ഗമായുളള കേരള ഭൂതലം
നിന്തിരുവടി ഞങ്ങൾക്കു തന്നതു-
മെന്തൊരു സുഖം വേണ്ടതിതിൽ പരം
പൊട്ടൻമാരായ ഞങ്ങളുമിന്നൊരു
പൊട്ടത്തമുണർത്തിക്കുന്നതങ്ങോട്ട്
നിന്തിരുവടി തന്ന മഹീദ്ധ്രത്തി-
ന്നന്തരാളമായുളളാ മഹീതലേ
ന്യായമായിട്ടു കല്പിച്ചിതിങ്ങനെ
ന്യായമന്യായമെന്നിവ രണ്ടിനെ
ധാന്യങ്ങളുടെ നാമ ഭേദങ്ങളും
ധന്യൻമാർക്കുളള മൂല ഫലങ്ങളും
കാലവും വിതപ്പാനും നടുവാനും
ചാലവേ കൃഷി ചെയ്യും പ്രകാരവും
നിന്തിരുവടി കല്പിച്ചരുളേണമേ
എന്തൊരു ഗതിയല്ലാതെ ഞങ്ങൾക്ക്?’
എന്നുണർത്തിച്ചതു കേട്ടു ഭാർഗ്ഗവൻ-
പിന്നെയുമരുൾ ചെയ്‌തു സുഖത്തോടെഃ
‘നിങ്ങൾക്കിന്നിതു തോന്നിയതെത്രയും
നന്നു നന്നിതു കേട്ടു ധരിച്ചാലും
നമസ്‌കൃത്യ ഗുരു ചരണാംബുജം
ക്രമത്തോടിവ ചൊല്ലുന്നതുണ്ടു ഞാൻ
എങ്കിലോ നിങ്ങൾ കേട്ടാലുമേതേഷാം
ശങ്ക കൂടാതെ പേർ മുതലായിട്ടു
പണ്ടു പണ്ടുളള വിത്തുകളെല്ലാമേ
കണ്ടാലുമറിയാതെ മറഞ്ഞു പോയ്
നിഷ്‌ഠുരങ്ങളാമിന്നുളള വിത്തുകൾ
കുഷ്‌ഠരോഗാദി വർദ്ധിപ്പിക്കും ദൃഢം
കേരളം പരദേശമെന്നിങ്ങനെ
പാരം ഭേദമെല്ലാറ്റിനും നിർണ്ണയം
ആസുരങ്ങളാം വിത്തുകളേറെയും
ഭൂസുരരേ, പരദേശത്തിലുളളവ
ഫലമൂലങ്ങളും ബഹുഭേദങ്ങ-
ളിത്രയും കൂടെ ദീർഘമായിട്ടുളളൂ.
ഭൂമി ഭേദങ്ങളെക്കൊണ്ടു വിത്തുകൾ
ക്കോമനപ്പേരതായി ബഹുവിധം
മലയാളത്തിൽ തന്നെ വിളയുന്ന
മലവിത്തുകളുണ്ടു പലവിധം
തുളുനാട്ടിലുഴുന്ന നിലങ്ങളിൽ
വിളയുന്നൊരു വിത്തുകൾ കേട്ടാലും
’കാമാദാരാ‘ എന്നുളേളാരു വിത്തിനെ
കാമിച്ചങ്ങു വിതച്ചാലുമേവരും
’മുകിന്നാവെളുതെ‘ന്ന വിത്തതു-
മകതാരിലുറച്ചു വിതച്ചാലും
ജീരകാശാല വിത്തുമവിടേയ്‌ക്ക്
നേരായിട്ടു പിടിക്കുമറിഞ്ഞാലും
പുഗലനാം ചെറുവിത്തു വൈകാതെ
തുംഗമാം കനമേറുന്ന വിത്തതും
ശൃംഗമേറുന്ന ദണ്‌ഡനാം വിത്തതും
വെട്ടുവെളിയെരി എന്ന വിത്തിനു
നഷ്‌ടമില്ല വിളവിന് നിർണ്ണയം
തുംഗമേറും ചുരുളക്കരിവി-
ത്തംഗങ്ങൾക്കു സമമിവ രണ്ടുമേ
വാഴക്കണ്ണനാമെന്നൊരു വിത്തിന്റെ
വായിപേറുന്നതിക്കരെ ദേശത്തെ-
വെളളച്ചെന്നെല്ലെന്നുളേളാരു വിത്തിന്റെ
തളളലേറി വിരിപ്പു വിളയുന്നു
സംപതാളനാമെന്നുളള വിത്തതി
സമ്പന്നൻമാരുഴുതു വിതച്ചാലും
തുളു നാട്ടിലീ വിത്തുകളൊക്കെയും
മുളപ്പിച്ചിട്ടുമാം വിതച്ചീടുവാൻ
കോലനാടതിലാകുന്നീ വിത്തുക-
ളാലംബേന ധരിച്ചാലുമേവരും
ചെന്നെല്ലെന്നൊരു വിത്തു വിരിപ്പിനു
നന്നു പാരം വിളവിനും നിർണ്ണയം.
കരിഞ്ചെന്നെല്ലും കുഞ്ഞിവിത്തെന്നതും
ഉരുണ്ടാകുന്നു രണ്ടിവ കേവലം
കോഴിവാലനാം വിത്തു വിതച്ചാലു-
മാഴിയാംപാടുമുളളതിലേവരും.
വെളളക്കോഴിവാലൻ വിതച്ചാലൊരു
കളളക്കാടതിനില്ല വിശേഷിച്ച്
പൊന്നരിയനും പിന്നെക്കഴമയും
മന്നവർക്കുചിതമിതു ഭക്ഷണം
മുണ്ടകനു മരിക്കിരാലിയതു
മുണ്ടെല്ലാടവും പറ്റുന്ന വിത്തല്ലോ
പയ്യനാടനെന്നുളെളാരു വിത്തിനെ
കയ്യുന്നോരിതു നന്നായ് വിതച്ചാലും
ഒത്തിടിയനാംമെന്നൊരു വിത്തതു
പാർത്തു കണ്ടാലുമുണ്ടതിനത്ഭുതം
വാലി എന്നുളള വിത്തു വിതയ്‌ക്കേണ്ടും
കാലമേ വിളവേറ്റമുണ്ടോർത്താലും
പൂത്താടെന്നൊരു വിത്തു പറമ്പിലേ-
ക്കൊത്തവണ്ണം വിതയ്‌ക്ക കൃഷീവലൻ
മോടനും ചെറുമോടൻ നിറകനും
കാടു കാഴ്‌ചക്കു നല്ലതിവ മൂന്നും
പറമ്പൻ കഴമ എന്നൊരു വിത്ത്
പറമ്പിൽ പിടിച്ചീടുമതേറ്റവും
ചൊല്ലെഴുന്ന മലയുടുമ്പൻ ചര
ക്കല്ലുളേളടത്തും പറ്റും മലയിലും
കോലനാട്ടിലീ വിത്തുക്കളേറ്റവും
പാലിച്ചീടുമതിനില്ല സംശയം
കോടനെല്ലു വിതക്കച്ചുരത്തിൻമേൽ
ആടലൊട്ടുമതിനില്ലൊരിക്കലും
ഇടനാട്ടിൽ വിതയ്‌ക്കുന്ന വിത്തുക-
ളടവേ പറയുന്നു തെളിഞ്ഞു നാം
കരിപ്പാലിയു മാരിയനും പിന്നെ
വിരിപ്പല്ലോ കഴമയും കാളിയും
വട്ടനും മുണ്ടപ്പളളി നവരെയും
പാടു നോക്കി വിതയ്‌ക്കേണമേവരും
കോഴിവാളയാം വിത്തു വിതച്ചാലു-
മാഴിയൊരു വയലിൽ വഴിപോലെ
പുഞ്ചവിത്തു ജലമറാത്തൂഴിയിൽ
അഞ്ചാതെ മൂന്നു വട്ടം വിതച്ചിടാം
കുട്ടനാടൻ വിതച്ചാലൊരിടത്തു
മെട്ടു മാസത്തിൻ മുമ്പു കതിർ വരാ
കോടനേരി പറിച്ചു നട്ടീടുകിൽ
ആടൽ കൂടാതെ കൊയ്യാമറിഞ്ഞാലും
ചേപ്പിലക്കാടൻ കൂവ്വളക്കാടനും
മൂപ്പു കൊണ്ടല്ലോ ഭേദം പറയുന്നു
മുണ്ടകൻപാല വെൺപാലയെന്നിവ
മുണ്ടകത്തിൽ പ്രധാനങ്ങളായവ
കൂമ്പളവനും ചെന്താർമണിയനും
മുമ്പേയുളേളാരു വിത്തിവ മുണ്ടനും
വെളളത്തയനാം വിത്തങ്ങതിവേലം
പൊളളയറ്റാ കരിങ്കാളി വിത്തതും
നടപ്പുളേളാരരിക്കുറുമാ വിത്ത്
പൊടുക്കെന്നു പറിച്ചു നടേണമേ
ആരിയൻകാളിയും തനിക്കാളിയും
ചോറണാലി വലിയസ്വർണ്ണാലിയും
നേരത്തേ വിതയ്‌ക്കേണമരിവരി
പാരിച്ചീടുന്ന വളളുവൻനാടതിൽ
കറുപ്പുളേളാരെരുമക്കാലി വിത്തു
വെറുപ്പില്ലാതിനൊട്ടും വിളവിങ്കൽ
ചിറ്റേനിയെന്ന വിത്തിന്നൊരിക്കലും
പറ്റുകില്ലാ മഹാവ്യാധിയും നൃണാം
എന്തു ചൊല്ലേണ്ടു കാടക്കഴുത്തന്റെ
ചന്തമേറും വിളവിന്റെ വിസ്‌മയം
ആസുരിയാകും വെളളക്കുറിഞ്ഞിയും
ധൂസരാഭം കരിങ്കുറുഞ്ഞിയതും
അന്നചമ്പാനും കല്ലുണ്ടചമ്പാനും
മന്നവർക്കുളേളാരു ചെമ്പാനതും പിന്നെ
മങ്കമക്കാപ്പനു മെലിഞ്ചെമ്പാനും
തങ്കമുണ്ടായോരീർക്കിലച്ചെമ്പാനും
കോതമ്പച്ചെമ്പാനെന്നുളള വിത്തുകൾ
ആദരിക്കേണം വെളളപ്പം നാടതിൽ
വെട്ടികുട്ടാടനെന്നൊരു വിത്തതും
വെട്ടിയാലതു വൃദ്ധി തലപ്പിളളി
പാണ്ടിയൻ ചെറുപാണ്ടിയുമെന്നിവ
രണ്ടു വിത്തു തലപ്പിളളിയുണ്ടാകും
വെങ്കുറുഞ്ഞി കരിങ്കുറുഞ്ഞിയെന്നും
പങ്കം കൂടാതെയും വിതച്ചീടുക
കുട്ടിയും വലിയകുട്ടി എന്നിവ
നട്ടുണ്ടാക്കുന്ന വിത്തിവ രണ്ടുമേ
ആനക്കൊമ്പനാമെന്നൊരു വിത്തിനെ
സ്‌ഥാനമല്ലോ പറവുരുനാടതിൽ
വിരിപ്പല്ലോ തുളുനാടൻ വിത്തത-
ങ്ങുരത്തീട്ടും കരപ്പുറത്തേറ്റവും
ചെറ്റാരിയൻ മണലാരിയൻ തഥാ
പറ്റുമേറ്റം കറുത്ത കുറുവയും
കുറുവാവിത്തിടനാടതിൽതന്നെ
വെറുപ്പില്ലാതെ കണ്ട് വിളയുന്നു
പറമ്പിൽ തന്നെ പറ്റുമിതേറ്റവും
ആയിനിയെന്ന വിത്തിതു മുണ്ടകം
വയലിൽ പിടിച്ചീടുമതെപ്പൊഴും
ആരിയൻ ചെറിയോരരിയൻ നൃണാം
അതിയായിട്ടു തീരുമിവ രണ്ടും
ഇവയെല്ലാം കരപ്പുറമെന്നുളേളാ
രവനൗ വിതച്ചാലുമുറച്ചിട്ട്
കുട്ടനാട്ടിൽ വിതയ്‌ക്കുന്ന വിത്തുകൾ
ഒട്ടൊട്ടിന്നു പറയുന്നു കേട്ടാലും
പൊക്കാളി ചെറുപൊക്കാളി എന്നിവ
തക്കമോടെ വിതപ്പിനീ വിത്തുകൾ
കൂരവിത്തു വതിയ്‌ക്കുന്നവർക്കിഹ
പാരമുണ്ടാകയില്ല ദാരിദ്ര്യങ്ങൾ
കരിക്കൻ വിത്തു ഞാറു നടുകിലോ
കരിക്കെന്നു വരുന്നൂ സമൃദ്ധിയും
കുറ്റാരിയൻ ചുവന്നാരിയൻ വിത്ത്
പറ്റുമേറ്റം കുറുവയും വെന്നെല്ലും
ഭാഷിതങ്ങളാമേതർഹി വിത്തുക-
ളീഷൽ കൂടാതെ കുട്ടനാട്ടൂഴിയിൽ
വേണനാടതിലേറ്റം വിളഭൂമി
വാണുകൊണ്ടാലും പാണ്ടിയാംവിത്തിനാൽ
പുഷ്‌ടിയുളേളാരു കാടക്കഴുത്തനാ-
മിഷ്‌ടവിത്തതു വേണനാട്ടൂഴിയിൽ
കൊളവാഴെയാം വിത്തങ്ങെടുത്തിട്ട്
തളിക്കേണ്ടു പൊടിയിലതേറ്റവും
വെളളക്കുട്ടാടനെന്ന വിരെയതു
വെളളമേറുന്നതിലല്ലോ പറ്റുന്നു
സീതഭോഗമാം വിത്തു വിതയ്‌ക്കേണ്ട
ശീതയായുളള ഭൂമിയിലാദരാൽ
ഉഴുതുവിരട്ടീ എന്ന വിത്തതു
മുഴുതേറ്റം പൊടിയിൽ വിതയ്‌ക്കണം
മൂപ്പെളപ്പമിടക്കുറുവാ വിത്തു
മേപ്പടി വിതയ്‌ക്കേണമറിഞ്ഞാലും
ചേണുറ്റു പിടിച്ചീടുന്ന വിത്തിവ
വേണനാട്ടിലും പാണ്ടിയാം ദേശത്തും
പരദേശങ്ങളിലുളള വിത്തുക-
ളുരചെയ്യുന്നു വേണനാടന്ത്യമായ്
കാറെന്നുളേളാരു വിത്ത് വിതച്ചിട്ട്
ദാരിദ്ര്യങ്ങൾ കളയുന്നു മാനവർ
നേരെ കേൾപ്പിൻ വശാനമാം വിത്തതും
പാരിലൊക്കെത്തെളിഞ്ഞു വിളങ്ങുന്നു
ചമ്പാവെന്നും മുളകുചമ്പാവെന്നും
ഇമ്പമുളെളാരു ചീരകച്ചെമ്പാവും
മൂന്നു വിത്തിവ രാജ്‌ഞ്ഞാമതിപ്രിയ
മെന്നു കീർത്തി പരക്കുന്നു പാരിതിൽ
മൂന്നു വട്ടം വിളയുമതു നന്നാ-
യൂന്നിക്കൊണ്ടു വിതച്ചാലും നട്ടാലും
കൽക്കൻമായനാമെന്നുണ്ടൊരു വിത്ത്
നൽകുമാനന്ദനീവിലി വിത്തതും
മൂപ്പിളപ്പമായുളേളാരു പൂങ്കാരും
തപ്പാതെ വിളയുന്നിതിരിപ്പുകിൽ
മൂപ്പേറീടും പെരുപാശനും പുന
രൊപ്പമാർന്നു വിളയും ഒരുപ്പുകിൽ
കുങ്കുമചമ്പാവെന്നുമൊരു വിത്ത്
തങ്കം പൊലെയിരിക്കുമിതത്ഭുതം
വെളളംകാരു,മെളംകാരു എന്നിവ
തളളലായി വിളയുന്ന വിത്തിവ
പുഴുകു ചെമ്പാവെന്നൊരു വിത്തിനെ
തഴുകുന്നിതു ഭൂപതി വീരൻമാർ
ചെമ്പളാ എന്ന വിത്തുമതുപോലെ
ചൂമ്പളാ എന്നു രണ്ടു പേരായിതു
മട്ടക്കാരു വിതച്ചാലൊരിക്കലും
മുട്ടുണ്ടാകയില്ല ധനത്തിന്
ഈർക്കിലച്ചെമ്പാവെന്നൊരു വിത്തിതു
ഓർക്കിലോ ദേവൻമാർക്കല്ലോ വേണ്ടുന്നു
ഉത്തര ദിശി കാശ്‌മീര ദേശത്ത്
മത്ത വിത്തതുമെത്രയുമത്ഭുതം
ഒരിക്കോൽ വിതച്ചാലിതു വത്‌സരെ
കുരുത്തോടെ വിളയുന്നിതു മൂവ്വട്ടം
വ്യാഴവട്ടം വിളയുന്നിതിതു തന്നെ
ചൂഴവും മുപ്പത്താറു പരിവൃത്തി.
പിന്നെയുമൊരിക്കൽ വിതച്ചാലതു
തന്നെ പോരുമൊരു പന്തീരാണ്ടേയ്‌ക്ക്
തന്നിമ്മേൽ തന്നെ പൊട്ടി വിളയുന്ന
തെന്നെ കഷ്‌ടമിതെത്രയുമത്ഭുതം
ഇങ്ങനെ പറഞ്ഞീടുന്ന ബീജങ്ങൾ
മങ്ങാതെ വിതച്ചീടുവിനേവരും
മലയാളമാം നിങ്ങളെ ദേശത്ത്
ചാലയെ വിളയും നവധാന്യങ്ങൾ
പരദേശമായുളെളാരു രാജ്യത്തിൽ
പരന്നു നവധാന്യം വിളയുന്നു
കേട്ടുകൊളളുവിനെളളു മുതലായവ
കാട്ടു വിത്തുകളെത്രയുമത്ഭുതം
കാരെളെളന്നുണ്ടൊരു വക പിന്നെയും
തീരച്ചൊല്ലു പറകിലോ വട്ടെളളും
നാട്ടിലും പനിക്കുടുപ്പൻ പിന്നെ
കേട്ടാലും കുട്ടനാടനാമെളളതും
ഗോശാണ്‌ഡി എന്നൊരെളളു വിതച്ചാലും
നാശമറ്റാ തുളുനാട്ടിലേറ്റവും
വയലെളെളന്നൊരു വകയുണ്ടതു
വയലിൽതന്നെ പറ്റുമറിഞ്ഞാലും
ചിത്രമായുളള വെളെളളളുമെത്രയും
നേത്രങ്ങൾക്കു വളർക്കുമതാനന്ദം
വലിയെളളും ചെറിയെളളുമെന്നിവ
തലക്കേറ്റം നൃണാം നല്ലു നിർണ്ണയം
നിനയുമുഴുന്നും പയറും പിന്നെ
കനിവൊടെ കരിമ്പയറെന്നതും
ചെമ്പയറും ചെറുപയറെന്നതും
മപ്പുറും കാളി എന്ന പയറതും
തണ്ടനും പതിനെട്ടുമണിയനും
മുണ്ടകപ്പയറും പെരുന്തണ്ടനും
പേരുകേട്ടാലും തട്ടപ്പയറെന്ന
താരോമൽ കുങ്കുമപ്പയറെന്നതും
പരദേശങ്ങളിലിവരണ്ടുമേ
മരുവീടുന്നു ചെഞ്ചപ്പയറതും
തുവര ചെറുതായ തുവരയും
ചുവന്നീടുന്ന കോതമ്പംകൊറ്റയും
വെങ്കടുക് കരിങ്കടുകെന്നിവ
ശങ്കകൂടാതെ കേട്ടാലുമിന്നിവ
കാടക്കണ്ണിയും കമ്പവും ചോളവും
ആടൽകൂടാതെ ചൊല്ലുന്നു വിസ്‌താരം
മുത്തുചോളമരിച്ചോളമായതി-
നത്തലൊട്ടുമേയില്ലതിനത്ഭുതം
വെളളച്ചോളമുമിയുണ്ടതിനേറ
ത്തളളലുളള കരിഞ്ചോളം ചെഞ്ചോളം
വെളളടമ്പണ്ടൊരുവക പിന്നെയും
ഇല്ല മൂപ്പുകുറവക്കമ്പിന്നിഹാ
ധരിക്കേണം കുതിരവാലൻ പിന്നെ
പരക്കെ വിളയുന്ന വരകമേ
ചീരകം കരിഞ്ചീരകം പിന്നെയും
പാരിലേറെയുളെളാരു വെഞ്ചീരകം
വെളളവെങ്കായമീരവെങ്കായവും
തളളലുളേളാരു കൊളളുമുലുവായും
ചാമയും ചെറുചാമയുമെന്നിവ
കാമിച്ചീടുമയമോദകം തഥാ
അമരക്കാ പുളി അമരക്കയും
ചുമന്നുളേളാരമരയ്‌ക്ക പിന്നെയും
ആട്ടുകൊമ്പനമരയ്‌ക്ക പിന്നെയും
വാട്ടമില്ലാതെ വെളളമരയ്‌ക്കയും
പുഷ്‌ടിയേറുന്ന മുണ്ടനമരയ്‌ക്ക
വട്ടിയേറുന്ന വട്ടനമരയ്‌ക്ക
പൊളളമരയ്‌ക്ക മുളളനമരയ്‌ക്ക
വളളിമേലുളള ചിറ്റമരയ്‌ക്കയും
പരുത്തിക്കൊട്ട മൂന്നു വിധത്തൊടു
ചുരുക്കിപ്പറയുന്നുണ്ടു ഞാനിഹ
ചൊല്ലെഴുന്നോരു കല്പപ്പരത്തിയും
തുളളിച്ചാടുന്നൊരുപ്പൻപരുത്തിയും
കേടറുന്ന മലമ്പരുത്തിക്കൊട്ട
കേടില്ലാത്തൊരു ചേലയതാകുന്നു
കടലയ്‌ക്ക ചെറുകടലയ്‌ക്കായും
കടുപ്പുളേളാരു ഹോമമെന്നുളളതും
സസ്യങ്ങളുടെ പേരുകളോരോന്നേ
ഹാസ്യമാകാതെ കേട്ടാലുമേവരും
ചേനയും ചെറുചേനയുമെന്നിവ
മാനവൻമാർക്കു പഥ്യമായുളളവ
കിഴങ്ങേറ്റം ചെറുകിഴങ്ങെന്നിവ
മുഴുപ്പേറുന്ന വളളിക്കിഴങ്ങതും
വടിവുളള പിടിക്കിഴങ്ങെന്നതും
പടരുന്നൊരു മുക്കിഴങ്ങത്ഭുതം
ചേമ്പിന്റെ പരിപ്പേറ്റം കരിഞ്ചേമ്പ്
തമ്പിമാരേറ്റമുളളാ വെളിഞ്ചേമ്പും
പുറമേ തൊലിയേറ്റവുമുളേളാരും
പഴങ്കിഴങ്ങെന്നൊരു ചേമ്പതും
വലിയചേമ്പുമേറെ മികവുളളാ
മലരാമനും പേഴയാം ചേമ്പിഹ
കുഴിച്ചേമ്പും നനച്ചേമ്പും പാൽച്ചേമ്പും
പൂഴിച്ചേമ്പെന്നുമുണ്ടൊരു വക
കോഴിക്കാലനും ചുറ്റുവകയനും
ചൂഴവുമുളള മാരക്കണ്ടനും
കൂർക്കയും ചെറുകൂർക്കയും കാവിത്തും
ചീർത്ത കല്ലനും പാൽനീണ്ടിയെന്നതും
മലയിഞ്ചിയുമിഞ്ചിയും മഞ്ഞളും
മലിവാൻ വയനാടൻ ചെറുകൊടി
ഫലങ്ങൾക്കൊക്കെ ദൈവതമായുളള
ഫലരാജൻ കദളിയാം വാഴക്ക
പൂവ്വനും കദളിപ്പൂവ്വനെന്നതും
മൂവ്വക ദേവ ബ്രഹ്‌മണർക്കാകുന്നു
കുന്നനും പിന്നെ വണ്ണനിരുമുടി-
കുന്നനും മികവേറുന്ന കാളിയും
കേട്ടാലുമേറനാടനും ചിങ്ങനും
നാട്ടിൽ വിസ്‌മയം നേന്ത്രവാഴയ്‌ക്കയും
പോക്കുകൂടാതൊരാറ്റുനേന്ത്രക്കായ
താക്കമേറും നനനേന്ത്രക്കായയും
കണ്ണൻ വാഴയ്‌ക്കയുണ്ടങ്ങൊരു വക
പൊണ്ണനെന്നുമൊരു വകയുണ്ടഹോ
പരദേശമരുവുന്ന വാഴയ്‌ക്ക്
പരന്നിട്ടിരിക്കുന്നോരു നാടനും
നീറൻ വാഴയ്‌ക്കയുണ്ടങ്ങൊരു വക
കറയുളള കരുവാഴയ്‌ക്കപിന്നെ
പെയൻവാഴയ്‌ക്കയുണ്ടങ്ങൊരു വക
മായമില്ലാത്ത മുന്തൻ വാഴയ്‌ക്കയും
രസതാളയെന്നുണ്ടൊരു വാഴയ്‌ക്ക
രസമേറുമതെത്രയുമത്ഭുതം
മലവാഴയ്‌ക്കയെല്ലാടവുമൊരു
പോലെ തന്നെ ചിലയുണ്ടതിനുളളിൽ
കുമ്പളങ്ങൾ ബഹുവിധമെത്രയും
ഇമ്പമാം മത്തൻകുമ്പളങ്ങക്കൂട്ടം
ഒരു നാളും നരയാതെ കണ്ടുളള
ചുരക്കുമ്പളങ്ങയുണ്ടങ്ങൊരു വിധം
വെളളരിക്ക ചവത്തെ ചവത്തേക്ക
വെളളമേറിയ കക്കരിക്കായതും
കുമ്മട്ടിക്കയൊരുവക പിന്നെയും
ചൊവ്വേ കേട്ടാലും വേങ്കുമ്മട്ടിക്കയും
കറമത്തൂക്കയുണ്ടങ്ങതിൽ തന്നെ
പറയുന്നു വകഭേദമെന്നതും
മുണ്ടൻ കൈപ്പക്ക കൈപ്പക്ക പിന്നെയും
നീണ്ടിട്ടുണ്ടോരു കൊണ്ടകൈപ്പക്കായും
വേപ്പടലങ്ങ മുണ്ടൻ പടലങ്ങ
വൈപ്പേറുന്നൊരു കൊണ്ടപ്പടേലങ്ങ
ശുദ്ധിയേറുന്ന കൊങ്ങപ്പടേലങ്ങ
കോവക്ക ചെറുകോവക്കയും പെരും
കോവക്ക വെളളക്കോവക്ക കേട്ടാലും
നാരങ്ങ ചെറുനാരങ്ങ മാതള
നാരങ്ങ വടുകപ്പുളി നാരങ്ങ
വല്ലി നാരങ്ങയെത്ര മനോഹരം
ഇല്ലി നാരങ്ങയുമീളിനാരങ്ങ
മുളകും തൊണ്ടിയെന്ന മുളകതും
നീളമുളേളാരു കയ്‌പൻ മുളകതും
മളകറ്റ ചെറുമുളമെന്നതും
വലുതായുളള കാട്ടുമുളകതു
മലിവേറുന്ന ചിനമുളകുമേ
വിസ്‌മയമിതു കയ്‌പൻ മുളകിന-
ങ്ങസ്‌മാകം ബാണമെന്നു പറയുന്നു
ചെറുകപ്പൽ മിളകും വലിയതു
മറുവില്ലാത്തകൊണ്ടൻ മുളകതും
നീളമുളേളാരു കപ്പൽ മുളകിതു
മേളമാം മുണ്ടൻ കപ്പൽ മുളകുമേ
തേങ്ങയും ചെറുതേങ്ങ പരദേശ
ത്തെങ്ങുമുണ്ടല്ലോ വെളളത്തേങ്ങാധ്രുവം
ഗൗരിപാത്രമെന്നുളെളാരു തേങ്ങയ്‌ക്ക്
പാരം ദുർലഭമേ പരദേശത്ത്
കന്നിക്കൂരനും കുംഭകുടവനും
എന്നു രണ്ടങ്ങിവറ്റിലേ ഭേദങ്ങൾ
മുളളുളേളാരു വഴുതനിങ്ങ ചെറു
മുളളിക്കാവലിയാട്ടു മുലിച്ചിയും
വെളളിമുളളൻവഴുതിനങ്ങ നീള-
മുളളൻ വഴുതിനങ്ങായതും
മുണ്ടൻ ചക്ക കണക്കെ വലുതായ
തുണ്ടു പിണ്ടിവഴുതനങ്ങായതും
കൊട്ടക്കാടൻ വഴുതിനങ്ങേക്കൊരു
വാട്ടമില്ലൊരു നാളുമറിഞ്ഞാലും
കോഴിക്കോടൻ വഴുതിനങ്ങ പുന-
രൂഴി തന്നിൽ മനോഹരമെത്രയും
മുണ്ടൻ പന്നി വഴുതിനങ്ങാ വരി
നീണ്ട കൊങ്ങൻ വഴുതിനങ്ങാപ്രഭു
ആലങ്ങാടൻ വഴുതിനങ്ങാ ഒരു-
മൊളമുണ്ടതു നീളമറിഞ്ഞാലും
പരദേശത്തു വിസ്താരമെത്രയും
നുരപൂർവം വഴുതിനങ്ങാ ഭൃശം
ആനക്കൊമ്പതുപോലെയിരിക്കുന്ന
ചേനത്തണ്ടൻ വഴുതിനങ്ങാ ഭൃശം
കരിമ്പും ബദരിക്കരിമ്പും പിന്നെ
പെരുകീടുന്ന നായ്‌ക്കരിമ്പെന്നതും
രസദാളിയാമെന്ന കരിമ്പതും
രസമേറുന്ന സുരക്കരിമ്പുമേ
മാൽ നിറമായ നീലക്കരിമ്പതും
പാൽ നിറമൊത്ത വെളളക്കരിമ്പിഹ
ധൂമപത്രങ്ങൾ തന്നുടെ മാഹാത്‌മ്യം
കാമമേറുന്ന കാപ്പാരി മാനേരി
വടക്കൻ മദനാന്തകൻ ചാപ്പാടൻ
കടുപ്പമേറുന്ന പച്ചപ്പുകേലയും
പശ്ചിമനാം പുകലെക്കൊരാനന്ദ
ആശ്ചര്യമിതില്ലാ കിഴക്കന്
തെക്കനായുളള വെറ്റിലായേറ്റവും
മാറ്റലേറുന്ന മുക്കണ്ണി വെറ്റില
കോഴിക്കോടനാം വെറ്റില മുറ്റുമെ
ചോഴമണ്‌ഡലവെറ്റിലേക്കു സമം
അമ്പാഴക്കോടനെന്നൊരു വെറ്റില
ദമ്പതിമാരതിങ്കൽ രമിക്കുന്നു
കുഴിക്കാട്ടിരിവെറ്റിലയെന്നതു
പഴുത്താലും രസക്കേടതിനില്ല
കൊല്ലവെറ്റിലയുണ്ടങ്ങൊരു വക
പല്ലുമേൽ കറപറ്റുമതേറ്റവും
ഞാലിവെറ്റിലയുണ്ടു ബഹുവിധം
പാലിച്ചീടുമക്കൊടി വെറ്റില
വളൾവനാടതിലാദരിച്ചീടുന്ന
വെളളവെറ്റില യെത്രയുമത്ഭുതം
തുംഗമേറുന്ന കൊങ്ങിണി വെറ്റില
കൊങ്ങവെറ്റില ഭംഗിയതേറ്റവും
ഭംഗിയതേറ്റവും കുറ്റമറുന്നൊരാ-
നമലപ്പതി വെറ്റില തരിപ്പേറ്റമറിഞ്ഞാലും
ഇരുന്നാലുമൊരുമാസം നുളളിട്ട-
ങ്ങൊരുകേടില്ല ചേലത്തെ വെറ്റില
വെളളനൂരങ്ങധിവസിച്ചീടുന്ന
വെളളവെറ്റിലയുണ്ടങ്ങൊരു വക
മാലറ്റീടുന്ന ചുവ്വൂരെ വെറ്റില
ബാലസ്‌ത്രീകളതിങ്കൽ രസിക്കുന്നു
മുറ്റുമുറ്റുകുഴിവെറ്റിലകൾ നാം
പറ്റുമാറില്ലതേറ്റമറിഞ്ഞാലും
തുളുനാടനടക്കയൊരു വക
വെളുപ്പേറും പൊളിച്ചാലതേറ്റവും
കോഴിക്കോടനടക്കക്കൊരു നാളും
പിഴപ്പില്ല പഴുത്തു പറിച്ചാലും
രാമനാടനായുളെളാരടക്കയു
മാമലകിയെപ്പോലതത്ഭുതം
വെളളുനാടതിലേറ്റം പരന്നൊരു
വെളളടേക്ക തൊലിയും കുറയുമെ
കൂരേറുന്നൊരിടനാടൻ പിന്നെയും
പാരിൽ മുമ്പുളള പുത്തൂരടക്കയും
ആരങ്കമെന്നടക്ക ചിലകാലം
പാരിച്ചീടുന്നതെത്രയും വിസ്‌മയം
ഇങ്ങിനെ ഭൂമിദേവൻമാർക്കായ്‌ക്കൊണ്ട്
മങ്ങാതെ ബീജഭേദമരുൾ ചെയ്‌തു
ഇതി ഭാർഗ്ഗവീയ ചരിതെ
Generated from archived content: krishigeetha1_sept4_07.html Author: pracheena_krithi
Click this button or press Ctrl+G to toggle between Malayalam and English