കൃഷിഗീത – നാലാം പാദം

അച്ചുത കേശവ മാധവ ഗൗരേ

സച്ചിദാനന്ദ മുകുന്ദാനന്ദാ-

ഭക്തജന പ്രിയ പങ്കജ നേത്രാ

മുക്തിദ വിഷ്‌ണോ കൃഷ്‌ണാ നമസ്തേ

നാമവുമേവമതുര ചെയ്‌തിട്ട്‌

കാമാദികളതൊക്കെ വെടിഞ്ഞ്‌

മാർഗ്ഗികളാകിയ ഭൂസുരരോട്‌

ഭാർഗ്ഗവ രാമനുമങ്ങുരചെയ്‌തു

മേലിഹ കാലമതാകിയ മൂലം

കാലവിചാരവുമുണ്ടെല്ലോർക്കും

ക്ഷത്രിയരാകും ജനമിതു കേൾപ്പിൻ

രാത്രിയിലിട്ടാൽ ചാലുമിളപ്പം

രാത്രിയിൽ വിത്തുമുഹൂർത്തം കൊണ്ടതി-

നെത്രയുമല്പം വിളവക്കാലം

കാടുമുറിക്കരുതെന്നറിയേണം

പാടുളെളാരു കാലാകിയ നാളിൽ

പുഷ്‌ടിയിലിട്ടൊരു ചാലിഹ വിത്തും

നഷ്‌ടമിതെന്നു ധരിച്ചീടേണം

ഗുളികൻ തട്ടിയ രാശിയിലൊട്ടും

വിളവില്ലാ കൃഷിയാരംഭിച്ചാൽ

വൃശ്ചികരാശൗ പൊഴുതങ്ങുഴുതാൽ

നിശ്ചയമങ്ങു നശിച്ചീടൊട്ടും

ശനിവാരെ കൃഷിയാരംഭിച്ചൊരു

മനുജന്‌മാരിഹ കാണ്‌മാനില്ല

ദ്വിജവരരെയിതു കഷ്‌ടം കഷ്‌ടം

കുജവാരെ കൃഷിയാരംഭിച്ചാൽ

ഗണ്‌ഡാന്തങ്ങളിലുഴുതു വിതച്ചാൽ

ഉണ്ണണ്ടാ കൃഷി ചെയ്‌തിട്ടവരും

നന്നല്ലൊട്ടും വിഷ ഘടികകളിൽ

വന്നാലുഴവും വിതയും നഷ്‌ടം

പന്തം തട്ടിയ തിഥികളിലൊട്ടും

ബന്ധിച്ചു കൃഷി ചെയ്യരുതാരും

വെന്തുരുകീട്ടു നശിക്കുമതൊക്കെ

സന്തതമന്തഃകരണേ നൈവ-

വേലിയിറക്കം കൊണ്ടൊരു ദിവസം

ചാലും വിതയും ചെയ്യരുതാരും

കന്യാരാശിയിൽ വിത ചെയ്‌തീടിൽ

അന്യൻമാർ കൃഷി ചെയ്‌തു പിഴക്കും

പത്താം ഭാവെ മിഹിരയുതേയദി

വിത്തിട്ടാലൊരു ഫലമില്ലാർക്കും

പക്ഷതി രണ്ടിലിറക്കിയ വിത്ത്‌

കുക്ഷിയിലാകും പക്ഷി മൃഗാണാം

മേഷെ ധനുഷി ച രാശിവിലഗ്‌നെ

ദോഷവുമേറ്റം വിത്തുവിതച്ചാൽ

പന്നിക്കരണം കൊണ്ടു വിതച്ചാ

ലൊന്നിനുമാകാതെ കൃഷി തീരും

കരണം പശുവിൽ വിതച്ചാലാരും

തിരിയേണ്ടാ കൊയ്‌തിട്ടങ്ങിടുവാൻ

കഴുതക്കരണം മദ്ധ്യമമെന്ന

കൃഷിവലരെല്ലാമോർത്തീടേണം

പാപന്‌മാരിഹ നോക്കിയ രാശിയി

ലാപത്തുണ്ടാമുഴുതു വിതച്ചാൽ

ലാടൈ കാർഗ്ഗള വൈധൃത നാളതി-

ലോടിയ വിത്തും ചാലും പഴുതെ

രാഹുവിനുളെളാരു വേധന്തട്ടുകി-

ലാഹന്താ കൃഷി ചെയ്‌തതു നഷ്‌ടം.

ഗ്രഹണം കൊണ്ടൊരു ദിവസം പാർത്താ-

ലിഹ കൃഷ്യാരംഭെച നശിക്കും

ചാലതിലിട്ടാലതിലഹി ശിരസി

കാലേ വിത്തു നശിച്ചതു കഷ്‌ടം

അർക്കനുദിച്ചു വിതച്ചൊരു നാളിൽ

ചേർക്കരുതാരും കൃഷി വേധത്തിൽ

അധിമാസത്രയയുളെളാരു കാലം

ചതിയല്ലൊ കൃഷി കാര്യേ നൂനം

ഗുരുശുക്രന്‌മാർ തമ്മിലതാകിയ

ദർശനകാലം നന്നല്ലൊട്ടും

പകലങ്ങിവരെക്കണ്ടൊരു കാലം

വകയില്ലാ കൃഷിയാരംഭിക്കിൽ

ഷൾദോഷങ്ങളിതായതു വിദുഷാം

ഇദ്ദോഷം കൃഷി കർമ്മണി വർജ്ജ്യം

രവിവാരെ കൃഷി ചെയ്‌തവരാരും

ഭുവിനന്നാകാതില്ലൊരു നാളും

ദേവ ബ്രാഹ്‌മണരായുളളവരുടെ

ഭാവ പ്രീതിഷു കൃഷി ചെയ്യേണം.

രോഹിണി പുണർതം പൂയവുമത്തം

മോഹമൊടന്ത്യോത്തരയും മൂലം

നാളിഹ, കരണം സിംഹം ഗജവും

കോളേ പുലിയും ഋഷഭം രാശൗ

മിഥുനം മീനം മകരകുളിരൗ

കഥിതം ചൊൽ പൊഴുതസ്‌മിന്നിത്ഥം

സലില സമൃദ്ധൗ കൃഷി ചെയ്‌താല-

ങ്ങുലകിൽ ദരിദ്രം തീരും നൂനം

കുജവാരെ പൊഴുതെളളിനുകൊണ്ടാ

ലെജമാനന്‌മാരന്നു നശിക്കും

സിതവാരെ പൊഴുതെളളു വിതച്ചാ-

ലതിയായിട്ടു നശിക്കും നൂനം

ബുധവാരെ പൊഴുതെളളിനു മദ്ധ്യം

തിരിയച്ചൊല്ലീ മുനിമാരിത്ഥം

ശനിയുടെ വാരം നന്നങ്ങെളളിനു

മുനിമാരെല്ലാമെന്നു വദന്തി

ബുധവാരത്തിനുമില്ലൊരു ദോഷം

വിധിയത്രേ വലിയെളളിന്നോർത്താൽ

ചേമ്പും ചേനയുമിഹ കുജവാരെ

ചാമ്പിയവിഞ്ഞു നശിക്കും നട്ടാൽ

കക്കരി വരകും കൊളളുമുഴുന്നും

തക്കത്തോടെ വഴുതിന കൂർക്ക-

വെളളരി പയറും മുളകും നട്ടാ-

ലില്ലാതെ പോം ദിനകരവാരെ

വലിയ കിഴങ്ങിനു വർജ്ജിക്കേണം

വെളിവില്ലാ ശനിവാരം നൂനം

വാഴക്കിഹ കുഴികുത്തിനടേണം

വ്യാഴം കേന്ദ്രിച്ചുളെളാരു രാശിയിൽ

ശുഭമല്ലൊ കൃഷിയുദ്ധ്വമതാകിൽ

ശുഭവാരെ ശുഭദൃഷ്‌ടെ രാശൗ

തെങ്ങു കമുങ്ങു നടേണമതാകിൽ

ഭൃംഗം കർക്കട മേടമൊഴിച്ച്‌

രാശിയിൽ വേണം കായ്‌നാളുകളിഹ

പ്രാശനനാളിൽ സലിലെ വൃദ്ധെ

വനഭുവിപോലും രഹിതെ വേധെ

പനസാദികൾ വെച്ചുണ്ടാക്കേണം

ഭക്ഷണമങ്ങു കഴിഞ്ഞ്‌ സുഖിച്ചു

വൃക്ഷാദികൾ നടുവാനും നൂനം

പട്ടണമാകും വനഭുവി മാർഗ്ഗെ

നട്ടുനടക്കാവുണ്ടാക്കീടുക

ശ്രാവണമാസെ സിതതിഥി പൂർണ്ണെ

ജീവന വൃദ്ധെ കുംഭ സമൃദ്ധൗ

തിഥി നക്ഷത്ര ശശാംകസമർദ്ധെ

വിധിവൽ ഭവനെ പൂർത്തിം കുര്യാൽ

ഫണിഗജ നക്രാപ്രാഞ്ഞ്‌ഛിത രാശൗ

ഗണകൈർവ്വർജ്ജിത ശുക്രാന്ന്യർക്ഷെ

അറുപതു യോജന വിസ്‌താരത്താ-

ലേറീടും ശതയോജന നീളം

പറയുടെ മാനമിതെന്നെല്ലാരും

പറയുന്നു ദേവന്‌മാരളവെ.

പറമൂന്നിതു കൊണ്ടുളെളാരു കാലം

പറയേണ്ടാ പോലന്നു സമൃദ്ധി

ജലമൊരു പറയുണ്ടാകും കാലം

പലരും കൃഷി ചെയ്‌താലും നൂനം

പറനാലുളെളാരു കാലം നലമെ-

ന്നറിയുന്നു ഭുവി ദാരിദ്ര്യങ്ങൾ

തളളലു വെളളം കൊണ്ടു വിരിപ്പിനു

വെളളം പറ രണ്ടുളെളാരു കാലം

വെളളം പറ നാലങ്ങതിലേറുക-

യില്ലെന്നത്രേ മുനിമതമോർക്കിൽ

ശനിവാരെ വിഷു സംക്രമമാകിൽ

തനിയോ പറയൊന്നക്കാലം പോൽ

രവികുജവാരെ വിഷു സംക്രാന്തൗ

ഭുവി പറ രണ്ടാക്കാലത്താകും

ശശിബുധവാരെ വിഷുസംക്രമണെ

സർവ്വത്ര ജയവും പറനാലാകും

വാരുണമണ്‌ഡലമാകിയകാലം

നേരെ കൃഷി ചെയ്‌തിട്ടു പിഴക്കും

മണ്‌ഡലമിതു മാഹേന്ദ്രമതായാൽ

ഭണ്‌ഡം ദാരിദ്ര്യേണ നിശമൃതി

വിണ്ണവർ മാനസമൊന്നു നടുങ്ങും

മണ്‌ഡലമഗ്‌നിയതാകും കാലം

പായുന്നു ജലമോരോ ദിശിദിശി

വായോർ മണ്‌ഡലമായാകാശം

നാലല്ലോ ഭൂമി മണ്‌ഡലമായത്‌

കാലെ വിഷുവൽ ക്രമനക്ഷത്രെ

കാലവുമിങ്ങനെ നോക്കിയറിഞ്ഞു

കാലെ കൃഷിവലർ വിത്തിട്ടാലും

ശേഷം കാലെ വർഷമതറിവാൻ

വീശും കാറ്റതു സൂക്ഷിച്ചാലും

കാറ്റതു വീശും കാലത്തിന്റെ

ഏഴാംമാസേ വർഷിക്കുന്നു

ഞാറ്റില തന്നുടെ നക്ഷത്രെ മഴയുണ്ടാം

തുലാമാസത്തോടെയെണ്ണിയ

യേഴാം മാസേ വർഷമതേറ്റവുമുണ്ടാം

ഞാറ്റില ചിത്രാ വായുവടച്ചാ-

ലശ്വതി ഞാറ്റില വർഷിക്കുന്നു

തുലാം മാസം മുതൽ മകരത്തോളം

വീശും കാറ്റിനു ഗർഭമതുണ്ടാം

മേടം മുതൽ കർക്കിടമാസം തൊട്ട്‌

പ്രസവം മേഘത്തിന്നുടെ ഗർഭം

പ്രസവമതങ്ങു തികഞ്ഞാൽ വായു

വീശുന്നാളിൽ ശേഷം മഴയും

കുംഭം മുപ്പതു നാളിലകത്തു

വീശുന്നാളതു സൂക്ഷിച്ചാലും

ചിത്രയവിട്ടം പത്തതു നാളിൽ

ശേഷം മാസം നാലതിൽ മഴയും

നിൽക്കട്ടെയിതു കന്നിനെ വഴിയെ

വിൽക്കേണം വകനോക്കിക്കൊളളുക-

കന്നിനു കുറ്റവുമിഹ പാരം പെരുതാം

ശങ്കാരഹിതം പറയാമല്ലോ

പിമ്പു പെരുത്തൊരു കന്നിനെ വേണം

കൊമ്പും തലയും നോക്കിക്കൊളളുക

മട്ടയതാകിയ മൂരിയെ വേണം

വട്ടിയിൽ നോക്കിക്കൊളളുക വേണം

മടവാലുളെളാരു കന്നിനെയാരും

മടികൂടാതെ കൊളളരുതോർത്താൽ

തണ്ടെല്ലങ്ങു വളഞ്ഞൊരു മൂരിയെ

വേണ്ടാപോൽ കൃഷി കർമ്മണി പാരം

മുതുകു നിവർന്നു സമത്തിൽ പൊങ്ങിയ

പ്പുതുമപ്പെരുകിൽ കൊളളാമോർത്താൽ

കൊമ്പിൽ കനമങ്ങേറിയ കന്നിനെ

വമ്പു പെരുക്കിലുമുണ്ടാം കുറ്റം

നീണ്ട കുളമ്പങ്ങുളെളാരു കന്നിനെ

വേണ്ടാ കൃഷി കർമ്മണി പോലൊട്ടും

കൊടിഞ്ഞാണ്ടുളെളാരു കന്നിനെയാരും

വടിവോടെ കൊണ്ടീടുക വേണ്ടാ,

കുറ്റിയതായോരെല്ലു വയറ്റിൽ

കുറ്റം പാരമതുണ്ടാകിലുമേ

ആനക്കാരിയതാകിയ മൂരിയെ

മാനിച്ചിട്ടിഹ കൊളളരുതാരും

നീരൊഴവന്‌മാരാകിയ കന്നിനെ

പാരം നേരില്ല കൃഷി കർമ്മണി

നെറ്റിയുരുണ്ടങ്ങുന്തിയിരിപ്പൊരു

കുറ്റിക്കൊമ്പന്നധികമിഹായു-

മോഴ യതായൊരു മൂരിയെ വേറി-

ട്ടുഴുവതിനായുസ്സേറ്റം നില്‌ക്കും

കുരുതയെന്നൊരു കുറ്റം കാണും

നരവീരന്‌മാരെന്നതു ചൊല്ലും

ഭവതിജ്വരമെന്നുര ചെയ്യുന്നു

ധവളം പൂണ്ടൊരു അണ്ണവരിങ്ങ്‌-

നീരറ്റീടിനൊരുരുവിനെ വേണം

പാരതിലുഴുവാൻ കൊണ്ടീടേണം

പല്ലിഹ വെങ്കന്നിനു നോക്കിടുക

പല്ലിൻതരവഴി നോട്ടീടേണം

പല്ലിനു കേടങ്ങുളെളാരു കന്നിനു

ചൊല്ലീടുന്നു ദൂഷണ ബഹളം

പുളളിയതുളെളാരു കന്നിനെ വേണം

തുളളിച്ചാടിക്കൊളളുക നിയതം

തുമ്മലുമേക്കമുരമ്പലുമേറ്റം

തമ്മിൽ പൊരുതീട്ടേരി മുടക്കം

മൂക്കിനടപ്പുളെളാരു കന്നതിനും

ചാക്കിനെളുപ്പം പണിനന്നാവാൻ

പല്ലങ്ങൊത്തൊരു കന്നിനു നിയതം

ചൊല്ലുന്നു വിലയല്പമിളപ്പം

വെന്തലയുളെളാരു കന്നിനെയാരും

ചന്തമൊടെ പല്ലതു നോക്കേണ്ട

മുഴുവൻ പാണ്ടങ്ങുളെളാരു മൂരിയെ

വഴിയെനന്നായുഴുവാനാകാ-

കൊമ്പിൽ കനമില്ലാതൊരു കന്നിനെ

വമ്പുണ്ടെങ്കിലു മതിനെക്കൊൾക

ചൂരൽപ്പെട്ടികൾ പോലെയതുളെളാരു

മൂരികൾ നന്നായീടുകയില്ല

കൊമ്പങ്ങുളളിൽ വളഞ്ഞൊരു കന്നിന്‌

പിമ്പു പെരുത്താൽ നന്നു പണിക്കു

വലിയ കിഴക്കൻ കാളക്കങ്ങൊരു

കളവു പണിക്കു കാണ്‌മാനില്ല

നേരു പെരുത്തോരെരുതുകളത്രെ

നേരെ പണിയിക്കേണമതെങ്കിൽ

പുളളിയതാകിയ കാളയെനിത്യം

തളളിപ്പണി ചെയ്യിപ്പിക്കേണം

കാളക്കിരുപതു നാലുവയസ്സ്‌

മേളിച്ചു പറയുന്നിതു ശാസ്‌ത്രം

മഹിഷങ്ങൾക്കും ചതുർവിംശതിയെ-

ന്നിഹ ചൊല്ലുന്നു വയസ്സും നൂനം

കൂളിപ്പൈക്കൾ പെറുന്നൊരു മൂരിയെ

കൂളന്‌മാരെന്നുര ചെയ്യുന്നിതു

കൂളന്‌മാർക്കിരുപതിലകമെ

കാലം പരമായുസ്സു പറഞ്ഞു

വന്ധ്യാമഹിഷികളേറിയിരിക്കും

സാന്ധ്യത്തിന്നനുഭവിയാഞ്ഞാലും

ചുമലത്രെ മഹിഷത്തിനുകാര്യം

നിമിഷം പല്ലിനു കേടുണ്ടാക്കും

പശുവിനു വേറിഹകാര്യം നൂനം

നിശിപകലൊക്കെത്തീനിട്ടാലും

കകുദം കന്നിനുതേറിയിരുന്നാ-

ലകമേ ബലമങ്ങുണ്ടാമേറ്റം

തൊലിനേർപ്പുളെളാരു കന്നിനു വേറെ

വലിയും രോമമടങ്ങിയിരിക്കും

രോമവുമെല്ലുകളൊക്കയെറിച്ചാ-

ലാമിഷമല്പം കന്നുമിളപ്പം

വളവും മൃദുവായിട്ടു ഗുദത്തിൽ

ബലമേറീടും കന്നിനു പറ്റാ-

പിമ്പു പെരുത്തു പരന്നൊരു കന്നി

ന്നമ്പൊടു ദീർഘായുസ്സെന്നറിക

വാൽക്കൊടമേറിയ കന്നിനു നൂനം

നില്‌ക്കരുതാതെ വ്യാധിയുമുണ്ടാം

ശ്യാമളനിറമാം ചാണകമിട്ടാൽ

ആമയമതിനില്ലൊട്ടും പാർത്താൽ

കണ്ണു പഴുത്തീടുന്നൊരു കന്നിനു

ദണ്‌ഡം പാരമതുണ്ടെന്നറിക

നിമിഷം തിന്നു നിറക്കും കന്നിനു

സമയം കൊളളാനെന്നറിയേണം

പളളക്കണ്ണി പെരുത്തൊരു കന്നിനു

കളളത്തീനുണ്ടെന്നതു നിയതം

വാലൊടപങ്ങു കഴിഞ്ഞൊരു കന്നി-

ന്നോളം പെരുതുണ്ടാകയുമില്ല

മൂത്തിട്ടൊടവുകഴിഞ്ഞൊരുകന്നി-

ന്നെത്തീടുന്നു വാട്ടമനേകം

വേറിട്ടിട്ടിഹ കെട്ടിയ കന്നിന്‌

വേറെ വേണ്ടാ പഠിപ്പിതിനൊന്നും

ഗോമയനാറ്റ മതേറ്റു കിടന്നാ-

ലാമയമേറ്റം കന്നിനു കേൾപ്പിൻ

ചാണകമങ്ങു കരിങ്കന്നിനുടെ

ഘ്രാണം മൃത്യുദമിഹ കന്നിന്ന്‌

പല്ലു തൊടപ്പങ്ങുളെളാരു കന്നിനു

പുല്ലിഹതിന്നാൽ പറ്റുകയില്ല

പല്ലിന്നരവുണ്ടാകിലുമിവിടെ

കൊളളാമെന്നുണ്ടൊരു മതമോർത്താൽ

പോത്തും കാളയുമൊരുനുകമിട്ടാ-

ലെത്തീടാ കൃഷി മുഴുവൻ നൂനം

വിട്ടിഹ കന്നിനെ രാത്രിയിലാരും

പൂട്ടരുതെന്നു ധരിച്ചീടേണം

നിദ്രയതേറി പകലിഹ തൂങ്ങി

ഭദ്രമതായിത്തീനുമതില്ലാ

കന്നിനു കാലിഹ തൊട്ടു പിണഞ്ഞാൽ

നന്നല്ലൊട്ടും പണിയുമിളപ്പം

പോത്തു കരുത്തുരു നീണ്ടു തടിച്ചാ-

ലുത്തമമെന്നു പറഞ്ഞീടുന്നു

കൊമ്പതുരുണ്ടു കുറഞ്ഞു കറുത്താ

ലിമ്പമൊടെ പോത്തതിനെ കൊളളാം

കൊമ്പുവളഞ്ഞു തടിച്ചു പരന്നാ-

ലമ്പു വെളുപ്പുളെളാരു പോത്താക

ഗോക്കളെ രക്ഷിച്ചീടുക വേണ്ടത്‌

നൃക്കളിതേറ്റ മറിഞ്ഞീടേണം

ലക്ഷണമിങ്ങിനെ കന്നിനു മുക്തം

ദക്ഷന്‌മാരിതു കേട്ടു ധരിപ്പിൽ

കൃഷി കാലവുമങ്ങുക്തം ഭവതാ-

മൃഷിമതമേതൽ പണ്ടേ നൂനം

കൃഷി കർമ്മണി ഞാൻ ചൊന്നതു കേട്ടു

കൃഷി ചെയ്‌വിൻ പിഴയാതെ കണ്ട്‌

സുഖമേ ചെന്നിനി നിങ്ങളിരിപ്പിൻ

അഖിലന്‌മാരും നിജഗേഹേഷു

പരശുധരൻ ഭൂസുരരോടിത്ഥം

അരുളിച്ചെയ്‌തീടുന്ന ദശായാം

ക്ഷോണീസുരരിതു കേട്ടു തെളിഞ്ഞു

പാണികൾ കൂപ്പിത്താണു വണങ്ങി

പ്രീണിത മാനസ ഭൂസുരസംഘം

ത്രാണനമൂലം സ്‌തുതി ചെയ്യുന്നു.

——————

കൃഷിഗീതയുടെ അഞ്ച്‌ പാഠഭേദങ്ങളും വാമൊഴിയായി

പ്രചരിക്കുന്ന പാട്ടുകളും ശേഖരിച്ചാണ്‌ ഈ പാഠം

തയ്യാറാക്കിയത്‌. ‘കൃഷിപ്പാട്ട്‌ ഭാർഗ്ഗവീയചരിതം’ എന്ന

പേരിൽ 1871ൽ കോഴിക്കോട്ടുനിന്ന്‌ പ്രസിദ്ധീകരിച്ചതാണ്‌

പാഠം ഒന്ന്‌. ഇത്‌ ലണ്ടൻ ഇന്ത്യ ആപ്പീസ്‌ ലൈബ്രറിയിൽ

സൂക്ഷിച്ചിട്ടുണ്ട്‌. മദ്രാസിലെ ഗവ. ഓറിയന്റൽ കൈയെഴുത്ത്‌

ഗ്രന്ഥശാലയുടെ ബുളളറ്റിനിൽ 1950ൽ പ്രസിദ്ധീകരിച്ചതാണ്‌

പാഠം രണ്ട്‌. വിദ്വാൻ. സി.ഗോവിന്ദവാര്യരാണ്‌ ഇത്‌ എഡിറ്റു

ചെയ്‌തിട്ടുളളത്‌. ഇതിന്‌ കൃഷിഗീത എന്ന്‌ പേരിട്ടിരിക്കുന്നു.

ഈ ലൈബ്രറിയിൽ ഡി.295, 296, 297, 298എന്നീ നാലു

നമ്പറുകളിൽ നാല്‌ കോപ്പികൾ ഉണ്ട്‌. കൃഷിനിയമങ്ങളെപ്പറ്റി

സമ്പൂർണ്ണമായി പ്രതിപാദിക്കുന്ന ഡി. 298 നെ അടിസ്‌ഥാന

മാക്കിയാണ്‌ കൃഷിഗീത അന്ന്‌ പ്രസിദ്ധീകരിച്ചത്‌. അതിൽ

ഇങ്ങനെ പറയുന്നു. “ദ്വിതീയ പാദത്തിൽ പറയുന്ന

‘മഹേന്ദ്രപാല’ രാജാവിന്റെ കൃഷിവിവരണം, ചേരൻ, ചോഴൻ,

പാണ്‌ഡ്യൻ എന്നീ രാജാക്കൻമാരുടെ തപസ്സ്‌, വരംവാങ്ങൽ,

മഴയെ ഭാഗിച്ചത്‌ മുതലായവ ഈ ഗ്രന്ഥത്തിലെ പ്രത്യേകത

യാണ്‌. ഗ്രന്ഥകർത്താവ്‌ ആരാണെന്നറിയുന്നില്ല. നാല്‌ഭാഗമാക്കി

വിഭജിച്ചതിൽ മൂന്നുഭാഗം പാനയിലും ചതുർത്ഥഭാഗം ഓട്ടൻ

തുളളൽ രീതിയിലും നിബന്ധിച്ചിരിക്കുന്നു. കൃഷീവലൻമാർക്ക്‌

ഇത്തരം ഗ്രന്ഥങ്ങൾ വളരെയധികം ഉപകാരപ്രദമായിത്തീരും

എന്നതിന്‌ സംശയമില്ല. മോടൻ വിത്തിന്റെ കൂട്ടത്തിൽ പുല്ല്‌

പെടുവാനുണ്ടായ കാരണം രസകരമാണ്‌.” എന്നാൽ ഈ പാഠ

ത്തിലില്ലാത്ത വരികൾകൂടി ഒന്നാം പാഠത്തിലുണ്ട്‌. ചെറിയ

പുസ്‌തകങ്ങളായി അച്ചടിച്ചിറക്കിയതിൽ ഒന്ന്‌ പരിശോധിച്ചിട്ടുണ്ട്‌.

(ഡോ. ടി.ആർ. ശങ്കുണ്ണിയുടെ ശേഖരം)അത്‌ ‘കൃഷിപ്പാട്ട്‌’ ആണ്‌.

ശ്രീ. വി.എം. കുട്ടിക്കൃഷ്‌ണ മേനോൻ ചില വരികൾ വാമൊഴി

യായി ചൊല്ലിത്തന്നിട്ടുണ്ട്‌. കൃഷിപ്പാട്ടിന്റെ ഒരു താളിയോല

ഗ്രന്ഥം പുന്നശ്ശേരി നമ്പി ശ്രീ നീലകണ്‌ഠശർമ്മയുടെ ഹസ്‌ത

ലിഖിതശേഖരത്തിലുണ്ട്‌. (പട്ടാമ്പി സംസ്‌കൃതകോളേജ്‌,

നമ്പർ 31253) ‘കൊല്ലം 1023 (1848) കുംഭം 8ന്‌ ഞായറാഴ്‌ച’

“എഴുതിയതിന്‌ രാമന്‌ ഒരു പുതിയപണവും കൊടുത്തു” എന്നു

കാണുന്നതിൽനിന്ന്‌, രാമൻ പാടിയിരുന്നത്‌ പകർത്തിയതാണെ

ന്നുവേണം കരുതാൻ. കേരളത്തിൽ ഇങ്ങനെ ഒരു തീയതിവച്ച

ഒരു ഫോക്‌ലോർ പകർത്തുഗ്രന്ഥം ആദ്യത്തേതാകാം. കൃഷി

പ്പാട്ടിന്റെ കാര്യത്തിൽ ആദ്യത്തേതുതന്നെ. നാട്ടുകാരിൽനിന്നു

പകർത്തിയ പരശുരാമകൃഷിപ്പാട്ട്‌ 1888ലേതാണ്‌. തിരുവന

ന്തപുരം പ്രസിദ്ധീകരണം (ഗ്രന്ഥം നമ്പർ 18996) തീയതി

പറയുന്നില്ല‘. (ഡോ. എൻ.എം. നമ്പൂതിരി, കാർഷികവൃത്തിയുടെ

സാങ്കേതിക അറിവ്‌ -കേരളത്തിന്റെ മധ്യകാലചരിത്രത്തിൽ,

നാടൻ ശാസ്‌ത്രസാങ്കേതികസെമിനാർ 1998, പട്ടുവം, സംസ്‌കൃതി).

Generated from archived content: krishigeetha1_mar28_08.html Author: pracheena_krithi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here