പക്ഷി മൃഗകെണികൾ

പക്ഷികളെ പിടിക്കുന്ന കൂട്‌ ഃ കാവിക്കൂട്‌ എന്നാണ്‌ ഇതിനു പറയുന്നത്‌. ചെറിയപക്ഷികൾ മുതൽ വലിയ കാട്ടുകോഴികളെവരെ ഇതിൽ പിടിക്കാം. കാടുകളിൽ കാണുന്ന ഞരളവളളി (ഏതുവിധവും വളയ്‌ക്കാവുന്നതും ഈർക്കിളുകൾ കുത്തിനിർത്താവുന്നതുമായ വളളി) ഏതാണ്ടു കൈവണ്ണം ഉളളവ കാട്ടിൽനിന്നും ശേഖരിച്ച്‌ ആവശ്യമുളള വിസ്‌തീർണ്ണത്തിൽ വളച്ചുകെട്ടുന്നു. അതിനുശേഷം തെങ്ങിന്റേയോ കാളിപ്പനയുടേയോ ഈർക്കിൾ നല്ലതുപോലെ മിനുസപ്പെടുത്തി ചുവടുഭാഗം കൂർപ്പിച്ച്‌ വളയത്തിൽ 1/2 ഇഞ്ചു അകലത്തിൽ കുത്തിനാട്ടുന്നു. എന്നിട്ട്‌ മുകളറ്റം കൂട്ടികെട്ടുന്നു. ഇടയ്‌ക്കിടയ്‌ക്ക്‌ നേർത്തതും ബലമുളളതുമായ കാട്ടുവളളികൾകൊണ്ടുവരിഞ്ഞുകെട്ടുന്നു. പക്ഷികൾ ഉളള കാടുകളിൽ കൊണ്ടുപോയി കൂടിന്റെ ചുറ്റളവനുസരിച്ച്‌ തടം ഉണ്ടാക്കി ചിത്രത്തിൽ കാണുന്നതുപോലെ ഒരു കവട്ടകമ്പു തലകീഴായി നാട്ടി മുകളിൽ ഒരു ചരടുകെട്ടി കൂടിന്റെ ഒരു വശം പൊക്കി ആ പൊക്കം അനുസരിച്ച്‌ ചരടിൽ സൂചിപോലുളളവ കെട്ടി കൂടുതങ്ങിനിൽക്കുന്ന രീതിയിൽ നിർത്തി പക്ഷികൾക്ക്‌ തിന്നുവാനുളള പ്രാണികളെ പിടിച്ച്‌ കാരക്കമ്പിൽ കെട്ടുന്നു. കാരക്കമ്പ്‌ കൂടിന്റെ, മണ്ണിൽ പതിഞ്ഞിരിക്കുന്ന ഭാഗത്ത്‌ ഈർക്കിളിയുടെ ഇടയിൽ തിരുകി, തൂണിലേയ്‌ക്കു വട്ടംവയ്‌ക്കുന്നു (ഈർക്കിളിയുടെ ഇടയിൽ തിരുകുന്ന ഭാഗം കാരക്കമ്പിന്‌ കവല ഉണ്ടായിരിക്കും. അതുകൊണ്ടു ഊരിപോകില്ല). എന്നിട്ട്‌ കാരക്കമ്പിൽ സൂചിക്കമ്പു കുത്തിനിർത്തും (കുത്തിനിർത്താൻ പാകത്തിൽ കടുപ്പം കുറഞ്ഞ കമ്പായിരിക്കും കാരകമ്പായി ഉപയോഗിക്കുന്നത്‌). കാരക്കമ്പിൽ പ്രാണികളെ കൊല്ലാതെ ചരടുകൊണ്ടു കെട്ടിവയ്‌ക്കും. ഇവ ചരിച്ചു കൊണ്ടിരിക്കും. പക്ഷികൾ കാണുകയും ഇരയാണന്നു വിചാരിച്ചു പ്രാണിയെ കൊത്തുകയും ചെയ്യുന്നു. കാരകമ്പു താഴുന്നു. സൂചിക്കമ്പുമുകളിലേയ്‌ക്കും തെറിക്കും. കൂടിന്റെ പൊങ്ങിയിരിക്കുന്ന ഭാഗം നിലത്തമരുന്നു. പക്ഷികൾ ഇതിൽ അകപ്പെടുന്നു.

കുടികൾ ഃ ആദിവാസിവിഭാഗത്തിൽപ്പെടുന്ന മലമ്പണ്ടാരങ്ങൾ അരമണിക്കൂറിനുളളിൽ ഒരു വീടു തീർക്കുന്നു. (ചിത്രം-2) ചരിവുളള സ്ഥലങ്ങളിൽ ഒരു തൂണുനാട്ടുന്നു. മണ്ണിൽ ചുവടുറപ്പിച്ച 3 ബലമുളള കമ്പുകൾ ചിത്രത്തിന്റെ പുകുവശത്തു കുണിച്ചിരിക്കുന്നതുപോലെ തൂണിന്റെ കവലയിൽ വയ്‌ക്കുന്നു. പിന്നീടു ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കമ്പുകൾ കുറുകയും നെടുകയും പാകുന്നു. അതിനുശേഷം കാട്ടുപുല്ല്‌, ഈറഇല, കൂവയില ഇതിലേതെങ്കിലും വെട്ടിയിട്ട്‌ മേയുന്നു. (ചിത്രത്തിൽ കാണുന്നതുപോലെ കമ്പുകൾ ഒന്നും വളളികൾകൊണ്ടു കെട്ടാറില്ല). ഇവർ ഒരാളിത്‌ ഒരു വീടുവച്ചുതീർക്കും മുലകുടി മാറിയാൽ പിന്നെ ഒറ്റയ്‌ക്കു താമസമാക്കും. അടുത്തടുത്തുവീടുകൾ വയ്‌ക്കും. ചിത്രം 3-ൽ കാണുന്നത്‌ ഏറുമാടമാണ്‌. കാടുമായി ബന്ധപ്പെട്ടുകഴിയുന്ന മിക്ക ആദിവാസികളും ഏറുമാടത്തിൽ കഴിഞ്ഞിരുന്നവരാണ്‌. 15 അടി പൊക്കം മുതൽ മുകളിലോട്ടുളള മരത്തിന്റെ സൗകര്യം അനുസരിച്ചായിരിക്കും ഏറുമാടം നിർമ്മിക്കുക. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ചായിരിക്കും വലിപ്പം. അടുക്കളവരെ ഉളളവയും ഉണ്ടാകും. രണ്ടുനിലകളുളള ഏറുമാടവും ഉണ്ടായിരുന്നു. അടിയിൽ നെല്ലുമുതലായ ധാന്യങ്ങൾ സൂക്ഷിച്ചിരിക്കും. വട്ടം മുറിച്ചാൽ വീണ്ടും കിളുക്കുകയും നശിച്ചുപോകാത്തതുമായ മരങ്ങൾ മാത്രമേ മുറിച്ചു മാടം വയ്‌ക്കാറുളളു. അല്ലാത്തവ മരത്തിന്റെ രണ്ടുവശത്തും ബലമുളള ഉരുളൻ തടി കാട്ടുവളളികൾ കൊണ്ടു കെട്ടിയുറപ്പിക്കുന്നു. മറ്റേ അറ്റം മുകളിലുളള ശിഖിരങ്ങളിൽ തോട്ടികമ്പുകൾ കൊളുത്തി ചുവടറ്റം മുൻപറഞ്ഞ തടികളുമായി കൂട്ടികെട്ടി ഉറപ്പിക്കുന്നു. ബലമുളള കമ്പുകൾ വിലങ്ങി മുളവെട്ടിച്ചു വിരിക്കുന്നു. മരത്തിന്റെ ഉണങ്ങിയ തൊലി ഉപയോഗിച്ചു മറയുണ്ടാക്കുന്നു. വേനൽക്കാലത്തും മഴക്കാലത്തും കിടന്നുറങ്ങാൻ വളരെ സുഖമാണ്‌.

മൃഗങ്ങളെ പിടിക്കുന്ന തടികൊണ്ടുണ്ടാക്കുന്ന അടിച്ചിൽഃ 3 അടി പൊക്കംവരെ ഉണ്ടാവും. ഏകദേശം കവുകിന്റെ തടിവലിപ്പമുളള രണ്ടുതടി. 9 ചാൺ നീളം കൂട്ടിക്കെട്ടി ഇടും. എന്നിട്ട്‌ രണ്ടുവശവും തടിയുടെ നീളത്തിൽ കമ്പുകൾ നാട്ടി വേലിപോലെ കെട്ടും. എന്നിട്ട്‌ രണ്ടുതൂണുനാട്ടി രണ്ടുവട്ടക്കമ്പുകൾ വയ്‌ക്കും. തടിയുടെ രണ്ടുതലയ്‌ക്കിലും വളളികൊണ്ടു രണ്ടുവളയങ്ങൾ ഉണ്ടാക്കും. ഗുണനചിഹ്നം പോലുളള കളിക്കമ്പുകളുടെ അറ്റത്ത്‌ വളതടികൂട്ടി ചുറ്റിയുളള വളയങ്ങൾ കൊളുത്തുന്നു. വേലിയുടെ ഉളളിൽ ഉറിയിൽ കിടക്കുന്നതുപോലെ ഫ്രീയായി തടി തൂങ്ങിക്കിടക്കും. തടിയുടെ എല്ലാ ഭാരവും കളിക്കമ്പിലാണ്‌. കളിക്കമ്പിന്റെ അറ്റത്തുനിന്നും താഴോട്ടു ഞാണുകിടക്കുന്ന ചരടിന്റെ അറ്റത്ത്‌ ഒരു സൂചിക്കമ്പു കെട്ടുന്നു. സൂചിക്കമ്പിന്റെ ചുവടുഭാഗം വേലിയുടെ വിലങ്ങനെ വരിഞ്ഞിരിക്കുന്ന വരിച്ചിൽ കമ്പിൽ കൊളുത്തി, അടിയിൽ അടനം എന്ന വസ്‌തുവിൽ തടഞ്ഞുനിർത്തുന്നു. തടിയും അതിനുമുകളിൽ പെറുക്കിവച്ചിരിക്കുന്ന കല്ലുകളും കൂടി 50-60 കിലോയും അതിൽ കൂടുതലും കാണും. ഇവയുടെ ബലത്തിൽ അടനവും സൂചിക്കോലും തമ്മിൽ സ്വയംബലത്തിൽ ഇരിക്കുന്നു. ഒരു മലയുടെ അടിവാരം മുതൽ മലയുടെ മുകളിൽവരെ വേലിപോലചവറുകൾ കൊണ്ടു അടച്ചു പോകുന്നു (ഇതിന്‌ വെട്ടിഅടപ്പ്‌ എന്നാണ്‌ പറയുന്നത്‌). ഇങ്ങനെ 6-7-ഉം അടിച്ചിലുകൾ ഒരു മലയ്‌ക്കു കാണും വെട്ടി അടപ്പുകളുടെ രണ്ടുവശത്തുനിന്നും വരുന്ന മൃഗങ്ങൾ വേലിപോലുളള വെട്ടി അടപ്പുമൂലം വഴി തടയപ്പെടുകയും വഴിതപ്പി അടിച്ചിന്റെ വാതുക്കൽ ചെല്ലുന്നു. അപ്പോൾ അപ്പുറം കടക്കാനുളള വഴി കാണുന്നു. കരിയില കൊണ്ട്‌ മൂടപ്പെട്ട അടനത്തിൽ ചവുട്ടുന്നു. അടനം താഴുന്നു. സൂചികോൽ അടനത്തിൽ നിന്നും പിടിവിട്ടു തെറിക്കുന്നു കളികമ്പു മുകളിലേയ്‌ക്കു പൊങ്ങുകയും കല്ലും തടിയും കൂടി നിമിഷത്തിനുളളിൽ മൃഗത്തിന്റെ മുകളിൽ പതിക്കുകയും ചെയ്യുന്നു. മേഴമാൻ, മുളളൻപന്നി, കാട്ടുപന്നി തുടങ്ങി ഇതിൽ കയറുന്ന ഒരു ജീവിയും രക്ഷപ്പെടില്ല. ഒന്നിടവിട്ടു ചിത്രം 4-ൽ കാണുന്ന വെട്ടുവില്ലും ഇടകലർത്തി വയ്‌ക്കും. മൃഗം അപ്പുറം കടക്കാൻ വഴി നോക്കി നടക്കുമ്പോൾ വില്ലിന്റെ ഇടയിലൂടെ പൊഴുതു കാണുന്നു. കാണുന്ന പൊഴുതിലൂടെ മൃഗം ഇഴഞ്ഞു വലിഞ്ഞു വില്ലിലൂടെ കടക്കുന്നു. കാരക്കമ്പു താഴുന്നു, സൂചികമ്പു തെറിയ്‌ക്കുന്നു. വില്ലിന്റെ ബലം കാരണം വില്ലിന്റെ ചുവടുറപ്പിച്ച വാളുപോലുളള കമ്പു താഴുകയും കത്രിക പോലെ മൃഗത്തെ ഇറുക്കിപിടിക്കുകയും ചെയ്യുന്നു. വാളുപോലെ അടിയിലും മുകളിലും ഉളള പലകക്കമ്പുകൾ ഇറുക്കുന്നതിനാൽ ചിലയിനം മൃഗങ്ങൾ രണ്ടായി കണ്ടിച്ചുപോകാറുണ്ട്‌ കൈയ്യ്‌, കാല്‌, വാല്‌, മുതലായവ വീണാലും ഒരു കാരണവശാലും രക്ഷപെടുകയില്ല.

ചിത്രം വരച്ചത്‌ ഃ പ്രേംജിത്ത്‌ ലാൽ, കുറുമ്പനയ്‌ക്കൽ, കോരുത്തോട്‌ പി.ഒ., ഇടുക്കി.

Generated from archived content: nattarivu_nov27.html Author: prabhakaran_kannat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English