‘ബലി’ എന്നു പറഞ്ഞാൽ മരിച്ചുപോയ ആളിന്റെ ആത്‌മാവിന് ശാന്തി കിട്ടാൻവേണ്ടി അയാൾ മരിച്ച പക്കം (പക്ഷത്തിലെ പക്കം പ്രഥമ, ദ്വിതീയ…) അതായത് ഒരു കൊല്ലം കഴിയുമ്പോൾ മരിച്ച പക്കം വരുമ്പോൾ അന്ന് ബലിയിടുക. അതിന് ‘ആണ്ടുബലി’ എന്നു പറയും. എല്ലാകൊല്ലവും ആ പക്കത്തിൽവേണം ബലിയിടാൻ. ഇങ്ങനെ ആണ്ടുതോറും ബലിയിടണം. ആണ്ടിലൊരിക്കൽ അവർ പിതൃക്കളായിട്ട് (കാക്കയായിട്ട്) വന്ന് ബലിക്കുളള ഭക്ഷണംകഴിച്ച് തൃപ്‌തരായിപ്പോകും. അവർക്ക് തൃപ്‌തി വന്നില്ലെങ്കിൽ നമുക്ക് പിതൃക്കളുടെ കോപം ഉണ്ടെന്നാണ് വയ്‌പ്.
ബലിയിടുന്ന ദിവസം ഉണക്കലരി വച്ചുവാർത്ത് എളള്, പാല്, തൈര്, നെയ്യ്, ഇഞ്ചിത്തൈര്, ചെറുമുള, തേൻ, ശർക്കര, പഴം, നൂല് ഇതെല്ലാ ചേർത്ത് പിണ്‌ഡം ഉരുട്ടി പിതൃക്കൾക്ക് സങ്കല്പിച്ച് ദർഭപ്പുല്ല് ചെറുമുള ഇവ ചേർത്ത് വാഴയില (തുമ്പില) വാട്ടി തെക്കോട്ട് തിരിഞ്ഞിരുന്ന് അതിൽ അവരെ ആവാഹിച്ച് ‘പിണ്‌ഡം’ വയ്‌ക്കണം. എന്നിട്ട് വെളളം ചന്ദനം, പൂവ്, ചെറുമുള ഇവകൊടുത്ത് വസ്‌ത്രത്തിനു പകരം നൂല് ഇവയെല്ലാം കൊടുത്ത് തൃപ്‌തിയാക്കി ആവാഹിച്ച സ്‌ഥലത്തേക്ക് ഉദ്വസിക്കണം. എന്നിട്ട് പിണ്‌ഡം ഇലയോടുകൂടി എടുത്ത് മുറ്റത്ത് കൊണ്ടുവയ്‌ക്കണം. കാക്കകൾ വന്ന് തൃപ്‌തിയായി കഴിച്ചുപോകും. അങ്ങനെ ചെയ്‌താൽ നമുക്ക് പിതൃക്കളുടെ ദോഷം ഉണ്ടാവുകയില്ല എന്നാണ് വിശ്വാസം.
ബലിക്കുളള വിഭവങ്ങൾ എരിശ്ശേരി, പുളിശ്ശേരി, ഓലൻ, മെഴുക്കുപുരട്ടി, ഇഞ്ചിത്തൈര്, ഇഞ്ചിനുറുക്ക്, കദളിപ്പഴം, ശർക്കര, അടപ്രഥമൻ, വൽസൻ എന്നിവയാണ് ബലിക്കുളള വിഭവങ്ങൾ. എരിശ്ശേരിക്ക് ചേനയും കായും, പുളിശ്ശേരിക്ക് കുമ്പളങ്ങ, ചേന ഇവ മോരൊഴിച്ച് കുരുമുളകു ചേർത്ത് ജീരകവും തേങ്ങയും കൂടിയരച്ച് ഇതിൽചേർക്കണം. എരിശ്ശേരിക്ക് കുമ്പളങ്ങ ചേർത്താലും ചേർത്തില്ലെങ്കിലും കൊളളാം. നല്ലപോലെ കഷണം വേവിച്ച് ജീരകവും തേങ്ങയും അരച്ചുചേർത്ത് കലക്കി വാങ്ങി തേങ്ങ ചിരവി ചതച്ച് ജീരകവുംകൂടി കടുകു ചേർക്കാതെ വറുത്തിടണം. പുളിശ്ശേറിക്കും ഇങ്ങനെതന്നെ വറുത്തിടുക. മെഴുക്കുപുരട്ടിക്ക് ചേന, കായ, പയറ്, കോവയ്‌ക്ക ഇതൊക്കെയരിഞ്ഞ് വേവിച്ച് നെയ്യൊഴിച്ചുവേണം മെഴുക്കുപുരട്ടുവാൻ. ചേന, ഏത്തയ്‌ക്ക (നേന്ത്രക്കായ) ഇവ വറുത്തുപ്പേരിയാക്കി വിളമ്പണം. ശർക്കരഉപ്പേരി ഉണ്ടാക്കിയാൽ കൊളളാം. ഓലന് പെരുംപയർ, കുമ്പളങ്ങ ഇവ തേങ്ങാപ്പാൽ ചേർത്താണ് ഉണ്ടാക്കുന്നത്. ബലിക്ക് വറ്റൽമുളകും പുളിയും കടുകും ചേർക്കാറില്ല. അതിനു പകരം കുരുമുളകും മോരും ജീരകവും ആണ് ഉപയോഗിക്കുന്നത്. ഉപ്പ്, കറിവേപ്പില ഇവ ഉപയോഗിക്കാം.
പ്രധാനമായി ബലിക്ക് ചെയ്യേണ്ട ക്രിയകൾ ഒരു ബ്രാഹ്‌മണനെ വിളിച്ച് എണ്ണ, തോർത്ത് ഇവ കൊടുത്ത് കുളിക്കാൻ പറഞ്ഞയയ്‌ക്കുക. കുളി കഴിഞ്ഞുവന്നാൽ ഈറൻ മാറാൻ വസ്‌ത്രം കൊടുത്ത് കാലുകഴുകിച്ച് ബലിയ്‌ക്കിരുത്തണം. ബലിക്കിരുന്നാൽ ഉടനേ ചന്ദനം, പൂവ് ഇവകൊടുത്ത് പിതൃക്കളെ ആവാഹിച്ച് ബലിയിടുക. എന്നിട്ട് ബ്രാഹ്‌മണന് ഭക്ഷണം, ദക്ഷിണ, വസ്‌ത്രം, വെറ്റില, പാക്ക് ഇവ ദാനം ചെയ്യണം. തെക്കോട്ടു തിരിഞ്ഞിരുന്നുവേണം ബലിയിടാൻ. ബ്രാഹ്‌മണൻ വടക്കോട്ടു തിരിഞ്ഞിരുന്നു വേണം ഭക്ഷണം കഴിക്കാൻ. ഇരുന്നാൽ മുൻപേ ചന്ദനം കൊടുക്കണം. ചന്ദനം തൊട്ടാൽ പൂവ് കൊടുക്കണം. പൂവ് ചൂടിക്കഴിഞ്ഞാൽ ബലിയ്‌ക്കുവച്ച ചോറുവിളമ്പണം. ഉപസ്‌തരിക്കണം. വെളളം കൊടുക്കണം. പ്രാണാവതി കഴിഞ്ഞാൽ കൂട്ടാൻ (കറികൾ) വിളമ്പാം.
Generated from archived content: annam1_july1_05.html Author: pk_narayanasharma