കേരളീയസമൂഹത്തിന്റെ ഭൗതികസംസ്‌കാരത്തിൽ സവിശേഷമായ സംഭാവനകൾ നല്‌കിയവരാണ് കമ്മാളൻമാർ. ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ, കല്ലാശാരി, ചെമ്പോട്ടി എന്നീ ഉപവിഭാഗങ്ങൾ ഉൾക്കൊളളുന്ന കമ്മാളൻമാർ ജീവിതം സംസ്‌കാരങ്ങളിൽ വൈവിദ്ധ്യം പുലർത്തുന്നവരാണ്. പാരമ്പര്യമായി നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെടുന്നവരായതുകൊണ്ടുതന്നെ ഇവർ ഓരോന്നും നിർമ്മിച്ചെടുക്കാൻ തനതായ നാടൻസാങ്കേതികരീതി വളർത്തിയെടുത്തിരുന്നു. ഇതിൽ മൂശാരിയുടേയും കൊല്ലന്റേയും ഉല നിർമ്മാണരീതി പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.
മൂശാരിമാർ ഓടുരുക്കാൻ വെക്കുന്ന മൂശ പ്രത്യേകമായി ഉണ്ടാക്കിയെടുക്കുന്നതാണ്. മാടോട് (ചുട്ടെടുത്ത ചുവന്ന ഓട്) പൊടിച്ചെടുത്ത് (ഇതിൽ വെങ്കല്ലിന്റെ ചെറിയൊരംശംപോലും ഉണ്ടാകാൻ പാടില്ല) അതിൽ കളിമണ്ണും ചാക്കും ചേർത്ത് കൂട്ടിയടിക്കുന്നു. ഒരു പ്രത്യേകതരം പാകത്തിൽ (കയ്യിൽ പിടിച്ചാൽ കിട്ടുന്ന പാകം) മൂശയുടെ ആകൃതി കൈകൊണ്ടുതന്നെ പിടിച്ചെടുക്കുന്നു. ഇത്തരം മൂശകളാണ് (ഉണക്കി ചുട്ടെടുക്കുന്ന) ഉലയിൽ വയ്‌ക്കുന്നത്. പഴയകാലത്ത് ഉലയിൽ വയ്‌ക്കുന്ന മൂശകൾ ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാൻ കഴിയാറുളളൂ.
മൂശനിർമ്മാണം പോലെതന്നെ ഉലയും മൂശാരിമാർ ഉണ്ടാക്കി എടുക്കുന്നതായിരുന്നു. ഉലയിലേയ്‌ക്ക് കാറ്റടിക്കുന്നതിന് പ്രത്യേകാകൃതിയിൽ തയ്യാറാക്കിയ മാനിന്റെ തോലായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. മാനിന്റെ തോല് കാറ്റുനിറച്ച ബലൂണിന്റെ ആകൃതിയിൽ മുറിച്ചെടുക്കുന്നു. ഈ തോല് ആവണക്കെണ്ണയിൽ ഇട്ടുവച്ച് പൊതിർക്കണം. ഇത് കൂടുതൽ പതംവരാൻ കാലുകൊണ്ട് ചവിട്ടിക്കുഴച്ച് പതംവരുത്തുന്നു. ഈ തോല് രണ്ട് പാളികളായി ബലൂണിന്റെ ആകൃതിയിൽ മുറിക്കുന്നു. കാറ്റുനിറച്ച ബലൂണിന്റെ ആകൃതി രണ്ടുപാളികളും തുന്നിയെടുക്കുന്നു. തുന്നാൽ നൂലായി ഉപയോഗിക്കുന്നതും മാനിന്റെ തോൽഭാഗം തന്നെയാണ്. വായ് ഭാഗത്ത് എത്തുമ്പോഴേയ്‌ക്കും ഒരു മുളങ്കുഴൽ കടത്താവുന്ന വായ് വട്ടമേ ഉണ്ടാവുകയുളളൂ. വായ്‌ഭാഗത്ത് മുളങ്കുഴൽ ഘടിപ്പിച്ചതിനുശേഷം ഈ കുഴലിന്റെ അറ്റം മൂശവയ്‌ക്കാവുന്ന കുഴിയിലേയ്‌ക്ക് നീട്ടുന്നു. ഉലയുടെ ഈ ഭാഗം പ്രത്യേകതരം മണ്ണു കൊണ്ടുണ്ടാക്കുന്നതാണ്. കളിമണ്ണും ചാക്കും കൂട്ടിയടിച്ച് കുഴമ്പുരൂപത്തിലായ മണ്ണാണ് ഉലയാക്കാൻ എടുക്കുന്നത്. ഉലയിലേയ്‌ക്ക് കാറ്റടിക്കുന്നതിന് ‘എരിക്കുക’ എന്നാണ് പറയുക. മാന്തോലിന്റെ സ്ഥാനത്ത് പിന്നീട് ചക്രപ്പെട്ടികളും ആധുനിക ബ്ലോവറുകളും ഇന്ന് ഉപയോഗിക്കുന്നുണ്ട്.
മൂശാരിമാരുടെ ഉലനിർമ്മാണവുമായി വളരെയധികം സാമ്യമുളളതാണ് കൊല്ലൻമാരുടെ ഉല നിർമ്മാണം. കാറ്റടിക്കുന്നതിന് ആദ്യകാലങ്ങളിൽ മാന്തോലായിരുന്നു കൊല്ലൻമാരും ഉപയോഗിച്ചിരുന്നത്. എന്നാൽ ഉലയ്‌ക്ക് ഉപയോഗിച്ചിരുന്ന മണ്ണിൽ വ്യത്യാസമുണ്ടായിരുന്നു. കാറ്റു കടന്നുവരുന്ന കുഴൽ നിർമ്മിക്കുന്നതിന് പുറ്റുമണ്ണും ചാക്കും കൂട്ടിയടിച്ചിരുന്ന മണ്ണാണ് കൊല്ലൻമാർ ഉപയോഗിച്ചിരുന്നത്.
പറഞ്ഞുതന്നത് – ടി.വി. കുഞ്ഞിരാമൻ, മൂശാരികൊവ്വൽ, കുഞ്ഞിമംഗലം, കണ്ണൂർ; കൊല്ലൻ ഗോവിന്ദൻ.കെ., കൊളച്ചേരി, കണ്ണൂർ.
Generated from archived content: kaivela_oct1.html Author: pk_narath