ഇടുക്കി ജില്ലയിലെ ആദിവാസികളിൽ ഒരു വിഭാഗമായ ‘ഊരാളി’മാരുടെ വീടുനിർമ്മാണരീതിയാണ് ഇവിടെ വിവരിക്കുന്നത്. പ്രധാനമായും നാലുതരത്തിലുളള വീടുകളാണ് ഇവർ നിർമ്മിക്കുന്നത്. വീടിന് ‘പന്ത’ എന്നും ‘പിര’ എന്നും പറയുന്നു. ഇടുക്കി ജില്ലയിലെത്തന്നെ മറ്റു രണ്ടു ആദിവാസി വിഭാഗങ്ങളായ ‘മന്നാൻ’, ‘മുതുവാൻ’ എന്നിവരും ഇത്തരം വീടുകൾ തന്നെയാണ് നിർമ്മിക്കുന്നത്. മുതുവാനും വീടിന് ‘പന്ത’ എന്നു പറയുന്നു. എന്നാൽ മന്നാൻമാർ ‘കൂര’ എന്നാണ് പറയുന്നത്. താഴെ വിവരിക്കുന്നതിൽ മൂന്നാമത്തെ ഇനമായ വെട്ടിയൊതുക്കൽ വീടാണ് ഈ മൂന്നുവിഭാഗവും കൂടുതലായി ഉണ്ടാക്കുന്നത്. കാരണം പണിയെളുപ്പം ഇത്തരം വീടിന്റെ നിർമ്മിതിക്കാണ്.
കുച്ചിലൊതുക്കൻപ്പന്ത ഃ നാലുതൂണുകളിൽ കെട്ടിയുയർത്തുന്ന വീടാണ് കുച്ചിലൊതുക്കൻ. കുച്ചിലൊതുക്കൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വീടിന്റെ മോന്താഴത്തിന്റെ ഇരുഭാഗവും താഴേക്ക് ഞാന്നു നിൽക്കണം. കുച്ചിൽ എന്നാൽ മോന്താഴത്തിന്റെ അഗ്രഭാഗം ആണ്. ഈ ഭാഗം താഴേയ്ക്ക് ഒതുങ്ങിനിൽക്കുന്നതിനാൽ കുച്ചിലൊതുക്കനായി. വീടിന്റെ നിർമ്മിതിക്ക് ഇല്ലിയും (മുള) ഈറ്റയും ആണ് ഉപയോഗിക്കുന്നത്. തൂണുകളുടേയും, ഉത്തരത്തടി, വട്ടത്തടി, മോന്താഴം, കൈക്കോൽ (കഴുക്കോൽ) എന്നിവയ്ക്ക് മരത്തടികളാണ് ഉപയോഗിക്കുന്നത്. ഇന്നത്തെ രീതിയിലുളള വീടുകൾക്ക് പട്ടിക അടിക്കുന്ന (ഓടുമേയാൻ) സ്ഥാനത്ത് ഇല്ലി കീറി ചെത്തിയൊരുക്കിയെടുക്കുന്ന വാരിയാണ് അവർ ഉപയോഗിക്കുന്നത്. ആണിയുടെ ഉപയോഗം ഇവർക്കില്ല. പകരം കാട്ടിൽ നിന്നും കിട്ടുന്ന ബലമുളള വളളികളും (പാലുവളളി, മുളളൻവളളി, കുരുപ്പക്കൊടി) ഈറ്റ കീറിയുണ്ടാക്കുന്ന ‘വേള’ (അളി)യും ആണ് ഉപയോഗിക്കുന്നത്. ഈ വളളികൾ കൊണ്ട് വീടിനു ബലം കിട്ടേണ്ട ഭാഗത്തെല്ലാം കെട്ടി ബലപ്പെടുത്തുന്നു. പുര മേയുന്ന പാകത്തിലെത്തണമെങ്കിൽ പട്ടിക അടിക്കേണ്ട സ്ഥാനത്ത് കഴുക്കോലിനു മുകളിൽ വിലങ്ങനെ വാരികൾ വച്ച് കെട്ടണം. അപ്പോൾ അനവധി ചതുരങ്ങൾ ഉണ്ടാകുന്നു.
വീടുമേയുന്നവിധം ഃ കരികില കൊണ്ടാണ് വീടുമേയുന്നത്. ഈറ്റയിലയ്ക്ക് കരികില എന്നു പറയുന്നു. 12 ഇലകൾ വരെ അടങ്ങിയ ഈറ്റയുടെ ഒരു ‘തണ്ടി’ന് ‘കരികിലക്കൊട്ട്’ എന്നും പറയുന്നു. ഇതുപോലെയുളള കരികില കൊട്ടുകൾകൊണ്ട് ചതുരാകൃതിയിൽ നിർമ്മിക്കുന്ന വാരികൾക്കിടയിലൂടെ കോർത്തുവലിക്കുന്നു. ഇതിന് ‘തയ്ക്കുക’ എന്നു പറയുന്നു. ഇങ്ങനെ മേഞ്ഞുണ്ടാക്കുന്ന വീടുകൾക്ക് മൂന്നു വർഷത്തോളം വരെ ചോർച്ചയില്ലാതെ നിൽക്കാൻ കഴിയും. വീടുമേഞ്ഞതിനുശേഷം ഇലകൾ കാറ്റു പറത്തിക്കൊണ്ടുപോകാതിരിക്കാനായി ‘ചേരുവല’യിട്ടു മുറുക്കുന്നു. ചേരു വലയെന്നു പറഞ്ഞാൽ ഈറ്റ കീറിയുണ്ടാക്കുന്ന ചെറിയ ‘വാരി’കൾ കൊണ്ട് വലയുടെ ആകൃതിയിൽ നെയ്തുണ്ടാക്കുന്നതാണ്. ഈ വലകൾ വീടിന്റെ മുകളിൽ വിരിച്ച് ബലമായി കെട്ടി ഉറപ്പിക്കുന്നു. ഇങ്ങനെ വലകൊണ്ട് ഇലകളെ ചേർത്തുവയ്ക്കുന്നതിനാൽ ഇതിന് ചേരുവല എന്നു പറയുന്നു.
വീടിന്റെ ഉൾവശവും ചുറ്റുവട്ടവും ഃ ഇവർ നിർമ്മിക്കുന്ന വീടുകൾക്കൊന്നും വരാന്ത ഉണ്ടായിരിക്കുകയില്ല. ആകെ വീടിന് രണ്ടു മുറികളേയുണ്ടായിരിക്കുകയുളളു. മിക്ക വീടിനും രണ്ടുവാതിലുകൾ ഉണ്ടായിരിക്കും. ചില വീടുകൾക്ക് ഒരു വാതിൽ മാത്രമേ കാണുകയുളളു. വീടിന്റെ ‘മിട’ (മറ) ഉണ്ടാക്കുന്നത് കരികിലകൊണ്ടാണ്. മിട നിർമ്മിക്കാനുദ്ദേശിക്കുന്ന നീളത്തിൽ ഈറ്റകൾ ഒരേനിരയിൽ കുത്തിനിർത്തിയതിനുശേഷം വിലങ്ങനെ ഈറ്റകൾ വച്ചുകെട്ടി ചതുരാകൃതി ഉണ്ടാക്കുന്നു. അതിനിടയിൽ ഓരോ വാരികൾ വച്ചുകെട്ടിയതിനുശേഷം കരികിലക്കൊട്ടുകൾ കോർത്തുവലിക്കുന്നു. ഇതിന് ‘മിടതക്കുക’ എന്നു പറയുന്നു. മിടതയ്ച്ചതിനുശേഷം വാരികൾവച്ച് മനോഹരമായി ഇലകൾ കെട്ടിയൊതുക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന മിട വർഷങ്ങളോളം കേടുകൂടാതെ നിൽക്കും. വീടിന്റെ തൂണുകൾ നശിക്കുന്നതുവരെ മുകളിലെ മേച്ചിൽ മാത്രമേ പൊളിച്ചു മേയേണ്ടിവരുന്നുളളു. ഇത്തരം വീടിന് ‘കോട്ടപ്പുറുങ്ങ്’ (മച്ച്) ഉണ്ടായിരിക്കും. വിളവെടുപ്പുകാലത്തു കിട്ടുന്ന നെല്ലും മറ്റും സൂക്ഷിക്കുവാനാണിത്. വീടിന്റെ പുറകുവശത്തിനും വാതിൽ ഇരിക്കുന്ന ഭാഗമൊഴിച്ചുളള വെളളം വീഴുന്നഭാഗത്തിനെല്ലാം ‘ഇറവാലി’ എന്നു പറയുന്നു. (‘വാലുത’ എന്നാൽ ഒഴുകി വീഴുക എന്നാണ്). വീട്ടിനുളളിൽ അടുപ്പിനു മുകളിലായി ചൂട് ഏൽക്കുന്ന പൊക്കത്തിൽ കെട്ടിയുണ്ടാക്കുന്ന ഒരു തട്ട് ഉണ്ടായിരിക്കും. ഇതിന് തിപ്പറുങ്ങ് എന്നു പറയുന്നു. ഓരോ വീടിനും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് തിപ്പറുങ്ങ്. കാരണം ഇറച്ചി ഉണക്കുന്നതിനും ഉണക്കി സൂക്ഷിക്കേണ്ട മറ്റുസാധനങ്ങൾ സൂക്ഷിക്കുന്നതിനും വേണ്ടിയാണത്. എല്ലാ വീടുകളിലേയും അടുപ്പുകൾ മൂന്നുകല്ലുകൾ മാത്രം മുത്തിനിർത്തി (നാട്ടി) ഉണ്ടാക്കിയതായിരിക്കും. അവരുടെ വിശ്വാസമനുസരിച്ച് ഓരോ അടുപ്പിനും ഒരു ‘മുത്തിക്കല്ല്’ ഉണ്ടായിരിക്കും (മരിച്ചുപോയ ഏതോ ഒരു മുതുമുത്തശ്ശിയുടെ സ്ഥാനം). ഇറച്ചി മുതലായ പ്രധാന വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ അതിന്റെ ചാറും മറ്റും ആദ്യം ഈക്കല്ലിൽ കോരിയൊഴിച്ചതിനുശേഷം മാത്രമേ ഭക്ഷണം കഴിക്കുകയുളളു. ചപ്പുചവറുകൾ ഇടാനായി വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു ‘കുപ്പ’യും ഉണ്ടായിരിക്കും.
ആനവായൻ പന്ത ഃ കാഴ്ചയിൽ ആനയുടെ രൂപം തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം. ഈ വീടിന്റെ നിർമ്മിതിയ്ക്കും മുകളിൽ പറഞ്ഞ വസ്തുക്കളാണ് വേണ്ടത്. ആറു തൂണുകളിലാണ് ഈ വീട് കെട്ടിയുണ്ടാക്കുന്നത്. തുല്യനീളമുളള തൂണുകൾ ചതുരാകൃതിയിൽ നാട്ടിയതിനുശേഷം നാലുതൂണുകളെ ഉത്തരത്തടിയും വട്ടത്തടിയും കൊണ്ട് ബന്ധിപ്പിക്കുക. നാലുതൂണുകൾക്കും ഇടയിലായി ഉളളിലേക്കു മാറ്റി നേർക്കുനേരേ, നാലുതൂണുകളേക്കാൾ ഉയരം കൂടിയ രണ്ടു തൂണുകൾ കൂടി നാട്ടുക. ഉയരം കൂടിയ തൂണുകൾക്ക് മുകളിലായി ഈ തൂണുകളെ പരസ്പരം ബന്ധിച്ചുകൊണ്ട് ഒരു മോന്തായം ഇടുക. ഇനി മോന്തായത്തടിയുടെ ഒരറ്റം മാത്രം രണ്ടു ചെറിയ മരത്തടി ഉപയോഗിച്ച് ‘ഇറ’ താഴേക്ക് നീണ്ടുനിൽക്കുന്ന രീതിയിൽ കെട്ടിയുണ്ടാക്കുക അടുത്തപടി മോന്തായവും ഉത്തരത്തടിയും തമ്മിൽ കൈക്കോലുകൾകൊണ്ട് ബന്ധിക്കുക. അതിനുശേഷം കഴുക്കോലിനുമുകളിൽ വാരിവച്ചുകെട്ടുക. അതിനുശേഷം കരികിലകൊണ്ട് മേഞ്ഞിറങ്ങുക. മേച്ചിൽ കഴിഞ്ഞ് വീടു ശ്രദ്ധിച്ചാൽ ഒരു വശം തുറന്നു നിൽക്കുകയും മറുവശം ആനയുടെ പിൻഭാഗത്തിന്റെ രീതിയിലും ഇരിക്കുന്നതായി കാണാം (ചിത്രം). മറ്റുളള പണികളെല്ലാം ആദ്യം വിവരിച്ച വീടിന്റേതുപോലെതന്നെയാണ്.
3. വെട്ടിയൊതുക്കൽ ഃ ഈ വീടിന്റെ നിർമ്മാണത്തിനും ആറു തൂണുകളാണ് വേണ്ടത്. ചതുരാകൃതിൽ ഒരേ നീളമുളള തൂണുകൾ നാട്ടി നിർത്തിയതിനുശേഷം നാലു തൂണുകളേക്കാൾ ഉയരമുളള രണ്ടു തൂണുകൾ കൂടി അല്പം ഉളളിലേക്കു മാറ്റി നാട്ടുക. ഉയരം കൂടിയ തൂണുകളെ തമ്മിൽ ഒരു മോന്തായംകൊണ്ട് ബന്ധിക്കുക. താഴ്ന്ന തൂണുകൾക്കു മുകളിൽ കൂടി ഉത്തരത്തടിയും വട്ടത്തടിയും ഇട്ടതിനുശേഷം നല്ല വലുപ്പവും നീളവുമുളള ഈറ്റകൾ എടുക്കുക. ഈറ്റയെ നടുവെ വെട്ടിയൊതുക്കുക. വെട്ടി ഒതുക്കിയ ഈറ്റ മോന്താഴത്തിനുമുകളിലൂടെ ഇട്ടാൽ ഇരുവശത്തെ ഉത്തരത്തിലും മുട്ടി നിൽക്കണം. ഈറ്റയെ വെട്ടിയൊതുക്കി മോന്താഴത്തിനുമുകളിലൂടെ ഇടുന്നതുകൊണ്ടാണ് ഇത്തരം വെട്ടിയൊതുക്കൻ എന്ന പേരുവന്നത്. ഇങ്ങനെ വെട്ടിയൊതുക്കിയിടുന്ന ഈറ്റയ്ക്കും കഴുക്കോലിന്റെ ധർമ്മമാണുളളത്. ഈ വീടിന്റേയും മേച്ചിൽ പണിയൊക്കെ മറ്റു വീടുകളുടേതുപോലെതന്നെയാണ്. കോട്ടപറുങ്ങ് ഈ വീടിനും ഉണ്ടായിരിക്കും. ഈ വീടാണ് ഇവർ കൂടുതലായി നിർമിക്കുന്നത്. കാരണം ഈ വീട് പെട്ടെന്ന് ഒരാൾക്കുതന്നെ നിർമ്മിക്കാൻ കഴിയും എന്നതാണ്.
4. കുരീപ്പന്ത, കുരീപ്പിര ഃ ഇത് ഒരു കാവൽപ്പുരയാണ്. ‘കുരീൾ’ നെല്ലുതിന്നുന്ന കുരുവി. ഇതിനെ ആട്ടിയോടിക്കാനും, രാത്രിയിൽ ‘കാട്ടുപന്നി’ വിളയിൽ ഇറങ്ങാതെയും ഈ പന്തലിൽ കാവൽകിടക്കുന്നു (കുരീളിനെ ഓടിക്കാൻ ഉളള പന്തൽ എന്നതിൽനിന്ന് കുരിപ്പന്ത എന്ന പേരുണ്ടായി). വളരെയെളുപ്പമാണ് ഇതിന്റെ പണി. ഈറ്റകൾ തലങ്ങും വിലങ്ങും വച്ച് ഒരു ദീർഘ ചതുരാകൃതിയിൽ കെട്ടിയുണ്ടാക്കുക. ഇതിനെ ഈറ്റയിലകൊണ്ട് മേഞ്ഞുവെടിപ്പാക്കിയെടുക്കുക. ഇനി കവരയുളള രണ്ടുതൂണുകൾ നാട്ടുക. ഒരു ബലമുളള കമ്പ് ഈ തൂണുകളുടെ മുകളിലൂടെ ഇടുക. ഇനി ദീർഘചതുരാകൃതിയിൽ മേഞ്ഞുണ്ടാക്കിയ പന്തൽ ഒരുവശം മണ്ണിൽ കുത്തി മറ്റേ അറ്റം തൂണുകളിലേക്ക് ചാരി വയ്ക്കുക (ഒരു ഫയൽ നീളത്തിൽ പിടിച്ച് ഒരറ്റം മേശപ്പുറത്ത് കുത്തിവയ്ക്കുന്നതുപോലിരിക്കും ഇപ്പോൾ). ഇനി മുൻവശത്ത് വാതിലിനുളള സ്ഥലമിട്ടതിനുശേഷം ബാക്കിഭാഗമെല്ലാം മറയ്ക്കുക. ഇതിന്റെ മുന്നിൽ വല്യൊരു ആഴിയും ഉണ്ടാക്കിയായിരിക്കും രാത്രിയിൽ കിടക്കുന്നത്.
5. കാട്ടുപിര (പുര) ഃ സ്ത്രീകൾ ആർത്തവകാലത്ത് വീട്ടിൽനിന്നും മാറിത്താമസിക്കുന്ന വീടാണിത്. ഈ വീടും വെട്ടിയൊതുക്കൻ രീതിയിലാണ് ഉണ്ടാക്കുന്നത്. മാറിത്താമസിക്കുന്നതിന് ‘കാട്ടിലാവുക’, ‘പളളപ്പുറത്താവുക’ എന്നിങ്ങനെ പറയുന്നു (പണ്ടൊക്കെ വീടിരിക്കുന്ന സ്ഥലം ഒഴിവാക്കിയാൽ മറ്റെല്ലാസ്ഥലവും കാടായിരിക്കും. അപ്പോൾ വീട്ടിൽനിന്നും മാറിയാൽ കാട്ടിൽ. ഇങ്ങനെയാണ് കാട്ടിലാവുക എന്ന പ്രയോഗം വന്നത്). ഈ സമയത്ത് വീട്ടിൽനിന്നും മാറിത്താമസിച്ചില്ലെങ്കിൽ ‘വാലാമ്മ’ തട്ടുമെന്നാണ് വിശ്വാസം. വാലാമ്മ തട്ടിയാൽ പനി, ജലദോഷം, ചുമ മുതലായ അസുഖങ്ങൾ വരുമെന്ന് ഇവർ വിശ്വസിക്കുന്നു. ഈ സമയത്ത് വീട്ടിൽനിന്നും മൂന്നോ നാലോ ദിവസം മാറിത്താമസിക്കണം. ഇവർ മാറിതാമസിക്കുന്ന സമയത്ത് ഇവർക്കുളള ഭക്ഷണസാധനവും വെളളവും വീട്ടിലെ മറ്റു സ്ത്രീകളോ അയൽപക്കം സ്ത്രീകളോ കൊണ്ടുകൊടുക്കുന്നു. സ്ത്രീകൾക്കു മാത്രമേ ഈ വീടിന്റെ പരിസരത്ത് ചെല്ലുന്നതിനുളള അനുവാദമുളളു. അതിനും ഒരു കൃത്യദൂരം നിശ്ചയിച്ചിട്ടുണ്ട്. ഈ സമയത്ത് സ്ത്രീകൾ രണ്ടുനേരവും നിർബന്ധമായും കുളിച്ചിരിക്കണം. പ്രസവകാലത്താണെങ്കിൽ സ്ത്രീകൾ ഈ വീടിനുളളിൽ രണ്ടു മുതൽ രണ്ടര ആഴ്ചക്കാലംവരെ താമസിക്കേണ്ടിവരും. ഈ രണ്ടര ആഴ്ചക്കാലം കുട്ടിയെ തൊടാൻ അമ്മയ്ക്കും ആ നാട്ടിലെ വൈറ്റാട്ടിത്തളളയ്ക്കും മാത്രമേ അവകാശമുളളു. ആർത്തവകാലത്ത് മാറിത്താമസിക്കുന്ന സ്ത്രീകൾ വെറുതെയിരിക്കുന്നില്ല. അവരുടെ കൈത്തൊഴിലായ കുട്ട, വട്ടി, കിടിഞ്ഞം (മുറം) എന്നിവ ‘മിടഞ്ഞ്’ ഉണ്ടാക്കുന്നു. ഇവർ കുളിച്ചുകയറുമ്പോൾ ഈ ഉപകരണങ്ങളും കുളിപ്പിച്ചെടുക്കുന്നു.
6. ഏറ്റുമാടം (ഏറുമാടം) ഃ മരത്തിന്റെ മുകളിലോ, ഇല്ലിത്തുയുക് (മുളകൾ കൂടി നിൽക്കുന്ന ഒരു ചുവട്) എന്നിവയുടെ മുകളിലോ ആണ് ഏറ്റുമാടം കെട്ടുന്നത്. മരത്തിനുമുകളിലാണ് ഉണ്ടാക്കുന്നതെങ്കിൽ ആ മരത്തിന് ഒത്തിരി ശാഖകൾ വേണം. മുളയുടെ മുകളിലാണ് ഉണ്ടാക്കുന്നതെങ്കിൽ ഇതിന്റെ ചുറ്റുപാടുമുളള മുളള് നശിപ്പിക്കാതെ ഒരാൾക്ക് കടന്നുപോകാൻ പറ്റുന്ന രീതിയിൽ വഴിവെട്ടിയുണ്ടാക്കി മുളയുടെ മുകളിൽ കയറി തൂണിനുളള മുളകൾ തിരിഞ്ഞു നിർത്തിയതിനുശേഷം മറ്റു മുളകളെ പകുതി വച്ച് മുറിച്ചു മാറ്റുന്നു. ആനയുടെ തുമ്പിക്കൈ എത്താത്ത ഉയരത്തിലായിരിക്കും ഇത്. കൂടാതെ ചുറ്റുപാടുമുളള മുളളുകൾ വെട്ടിക്കളയാത്തതിനാൽ ആനയ്ക്ക് ഇതിന്റെ അടുത്തുവരാനും കഴിയില്ല. മുളയുടെ ചുവടുമുറിക്കാതെ തന്നെ തൂണും തയ്യാറാക്കുന്നു. ഇനി സാമാന്യം വലുപ്പമുളള തടികൾ കൊണ്ടുപോയി നിരത്തികെട്ടിയുറപ്പിക്കുന്നു. രണ്ടു മുറികൾക്കുളള സ്ഥലമെങ്കിലും ഇങ്ങനെ ഉണ്ടാക്കിയെടുക്കും. പെട്ടെന്ന് ഉണ്ടാക്കാൻ തരത്തിലുളള വീടായിരിക്കും ഉണ്ടാക്കുന്നത്. വീടിന്റെ പണി കഴിഞ്ഞതിനുശേഷം അടുപ്പുവയ്ക്കാനായി കനം കുറഞ്ഞ വീതിയുളള പാറക്കല്ല് കൊണ്ടുവച്ചിട്ട് അതിനുമുകളിൽ മണ്ണിട്ട് നിരത്തുന്നു. അതിനും മുകളിലായിരിക്കും അടുപ്പുണ്ടാക്കുന്നത്. കിടക്കുന്നതിനായി തടികൾക്കു മുകളിലായി തൈതൽ കൊത്തി നിരത്തിയിടുന്നു (മുള പാകത്തിനു മുറിച്ചെടുത്തതിനുശേഷം ചെറിയ കോടാലിയോ, മറ്റെന്തെങ്കിലും ആയുധമോ കൊണ്ട് കൊത്തി കൊത്തി വല പോലെ നിവർത്തിയെടുക്കുന്നു. ഇതാണ് തൈതൽ) മാടത്തിനുമുകളിൽ കയറാനായി ഒരു ഏണിയും വച്ചിരിക്കും. മുകളിൽ കയറിയതിനുശേഷം ഏണി മുകളിലേക്ക് വലിച്ചെടുത്താൽ മറ്റാർക്കും അതിന്റെ മുകളിൽ കയറാനും കഴിയില്ല.
Generated from archived content: natt_may28.html Author: pg_thankachan