പക്ഷിപ്പാട്ട്‌

പഴമനസ്സുകൾക്ക്‌ പ്രകൃതി ഒരു അന്യസത്തയായിരുന്നില്ല. ജീവൻ തുളുമ്പുന്ന ഒരു സചേതനസത്തയായിരുന്നു. പ്രകൃതിയുടെ എല്ലാ സന്നാഹങ്ങളിലേക്കും ജൈവരൂപങ്ങളിലേക്കും അവർ കണ്ണും കാതും കൂർപ്പിച്ചു. അപ്രകാരം ജീവൻ ചൂഴ്‌ന്നുനില്‌ക്കുന്ന മുഴുപ്രകൃതിയോടും അവർ സൗമ്യമായി സംവദിച്ചു. അവർ ജീവിതത്തെ സ്വന്തം ശരീരം കൊണ്ടല്ല അളന്നുനോക്കിയത്‌. ദൃശ്യവും അദൃശ്യവുമായ അളവറ്റ ജൈവമണ്ഡലം ഒരുക്കിവെച്ചതാണ്‌ ഈ ജീവിതമെന്നറിയാൻ മാത്രം വിവേകം അവർക്കുണ്ടായിരുന്നു. ആ അറിവിനെ ശാസ്‌ത്രമെന്നോ സംഗീതമെന്നോ കലയെന്നോ അവർ പേരിട്ടുവിളിച്ചില്ല. ഈ പക്ഷിപ്പാട്ട്‌ പക്ഷിനിരീക്ഷണം ഒരു ശാസ്‌ത്രശാഖയായി പ്രത്യക്ഷപ്പെടും മുമ്പ്‌ കേരളീയമനസ്സുകൾ പക്ഷികളെ നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തതിനെ കാട്ടിത്തരുന്നു. ഇത്‌ പാട്ടുകളിലെ ഒരെണ്ണമോ നീണ്ടപാട്ടിലെ ഒരു കഷ്‌ണമോ ആകാം. ‘നവധാന്യ’യും ‘പ്രതീക്ഷ’ ആയുർവേദകേന്ദ്രവും ചേർന്ന്‌ കൊല്ലം ജില്ലയിൽ ശൂരനാട്‌ സംഘടിപ്പിച്ച മാട്ടുചികിത്സാക്യാമ്പിൽ വെച്ച്‌ പ്രസിദ്ധ മാട്ടുചികിത്സകൻ പാടി തന്നത്‌.

കാട്ടുകോഴി ചെങ്ങാലിപരുന്തേ

കാടയുപ്പനു തുത്തുകുലുക്കി

ഓലഞ്ഞാലി പനങ്കാക്ക കുയിൽ

കുളക്കോഴി പുളള്‌ മൂങ്ങാ കഴുകൻ

ചെറുതത്തേ മാടത്തേ കുരുവി…..

തുത്തുകാവി കുരിയിൽ മയിൽ

പാറാൻ പച്ചിലതിളി ഇരണ്ട നരിച്ചീർ

കരിയിലാപിടച്ചി വാത്ത മഞ്ഞകിളി

തീവിഴുങ്ങി നീർകാക്ക താമരക്കിളി തത്തേ…

മാടത്തേ കുരുവീ…..

വാലുപൊക്കി നെയ്‌ക്കോഴി കൊച്ചുവേഴാമ്പൽ

കാക്കയരയന്നവും വാവൽ കല്ലുറാഞ്ചി

കിനിമുണ്ടി മരംകൊത്തി നത്തു പൊൻമാൻ

ഇരുതലച്ചതത്തേ മാടത്തേകുരുവീ…….

പാടിത്തന്നത്‌ഃ വെളിച്ചപ്പാട്‌ നാരായണൻനായർ (95 വയസ്സ്‌)

കേട്ടെഴുതിയത്‌ഃ ഡോ. വിജയൻ, വി.എച്ച്‌. ദിരാർ

Generated from archived content: pattu_sept30_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here