ശൂർപ്പണഖാ തിരുപുറപ്പാട്
‘കുന്നുംമലയും കേറിക്കീഞ്ഞ് പെനമ്പ് ഞെരുക്കം
വന്നൊരു സുന്ദരി ലാവണന്റെ പെങ്ങളുമ്മാ
പൊന്നു പെരുത്തൊരു പാതാളത്തിലെ സുൽത്താനൊറെ
മിന്നും പൊൻമണി കൻമണി ബീവി ശൂർപ്പണഹ
കാലക്കേടിനലാക്കിനു സുൽത്താൻ മയ്യത്തായി
ശീലം കെട്ടോർക്കിന്നും വേണം മാപ്പളയൊന്ന്
ആങ്ങളലാവണ ലാജാവോട് സംഗതി ചൊല്ലി
പെങ്ങള് കണ്ടാൽ സമ്മതമാണെന്നവരും ചൊല്ലി
പെറ്റകണക്കിന് കാലം കൂട്ട്യാലയിമ്പത്താര്
മുട്ട് കണക്കിനു കാലം നാപ്പത് കാണുന്നില്ലാ
ഒറ്റക്കൊറ്റ വെളുത്ത് നരച്ചതലയിലെ ലോമം
കട്ടക്കരിയും തേനും ചേർത്ത് കറപ്പിക്ക്‌ന്ന്
പറ്റേ വീട്ടിലെ പാത്തുമ്മാനെ തേടിവരുത്തി
ഒത്തൊരു കൂലി പറഞ്ഞ് തലയോ മുപ്പിരികൂട്ടി
പണ്ടേ മൂത്ത് മണ്ണടിഞ്ഞ മൂത്തുമ്മാന്റെ
കുണ്ടാമണ്ടിപ്പെട്ടി തുറന്ന് പൊന്ന് വാരി
പൊട്ടക്കിണറ് കണക്കു കുഴിഞ്ഞ വട്ടക്കണ്ണ്
പുറ്റിനുമഞ്ചനമിട്ട് നല്ലൊരു കൽത്തറകെട്ടി
മൂക്കിലെ മഞ്ചയിലീള് കുത്തിക്കച്ചം പോക്കി
ചോപ്പ് പൊടിച്ചത് ചുണ്ടിനു ചേർത്ത് ജോറ് കൂട്ടി
അതിന്നപ്പുറമിപ്പുറമൊന്നു മുക്കിത്തേച്ച്
കാതില് കൊമ്പൻ തോടയിട്ട് കാതൊന്നാട്ടി
താടിലൊറ്റ ലോമം കണ്ടത് കിളളിപ്പോക്കീ
ഏടാകൂടപ്പല്ലെരായി നൊണ്ണമുക്കി.
പാഞ്ഞമുലക്കൊരു കുത്ത്‌കൊടുത്ത്‌കുത്തനെയാക്കി
മേലേനേരിയകുപ്പായത്തില് മാങ്കനി പൊന്തി
നേരിയ ചേലഞ്ഞൊറിഞ്ഞിട്ടര വീതി കൂട്ടി
മേലെ ചങ്ങല കൂട്ടിക്കെട്ടിഞ്ഞാത്തിയിട്ട്
പൊന്നും മിന്നിക്കല്ലും മിന്നീറ്റെരിപൊരിമുണ്ട
കണ്ണാടിക്ക് കനത്തിന്നൊത്തൊരിളക്കും താലി
കൈവളപത്തിന് മേലും കീഴും കൊത്തിവെച്ച
ചേലിൽ കല്ലുപതിച്ച് രണ്ട് തണ്ടവള
റങ്കും ശോങ്കും വാരിക്കൂട്ടി നീലത്തട്ടം
പൂവാളിപ്പുതുതട്ടം നീട്ടിപ്പാറിക്ക്‌ന്ന് ’ (പല്ലവി)
സംഭാഷണം
‘പുല്ലുവിരിച്ച് പൂവ് വെച്ച് തോലുടുത്ത
നല്ലോരാണാം ലാമനെ നോക്കിപ്പൂതി വന്ന്
പുന്നാരപ്പൊന്നുമ്മാ ബീവി ശൂർപ്പണഖ
കിന്നാരക്കണ്ണിച്ചിയോതി ലാമനോട്
ആരായിങ്ങള് ബാല്യക്കാരാ പേരെന്താടോ?
കൂടെയുളളതേതൊരുത്തി ബീടരാണോ?
മക്കളില്ലേ കൂടെ മരുമക്കളില്ലേ?
കൊക്കും പൂവും പോന്ന പെണ്ണ് പെറ്റിട്ടില്ലേ
ഞാനോ ലാമൻ സീത ബീടര് പെറ്റിട്ടില്ല
കൂടെയനുശൻ കൂട്ടിന് ലക്ഷ്‌മണനങ്ങോട്ടുണ്ട്
കോസലനാട് കുസലടി നാട് ബാപ്പാ നാട്
കാരണമുണ്ടിക്കാട്ടില് വന്നത് നീയാരുമ്മാ
ലങ്കാനാട്ടിലിളങ്കും ലാവണ ലാജാവിന്റെ
റങ്കും ശൊങ്കും പുന്നാരപ്പുതുപെങ്ങളല്ലേ
പൂങ്കാവനപ്പൂങ്കുയിലേ നമ്മോടൊത്ത്
ലങ്കാ നാട്ടിൽ പ്പോര് അളിയൻ ലാശാവല്ലേ
ആണിന് പെണ്ണ് പെണ്ണിനൊരാണ് ശെരിയത്ത് നേമം
ആപത്താണേ പെണ്ണേ മോളേ മൊല മാറ്റിപ്പാല്
തേക്കുന്നെണ്ണ പിടിച്ചാലെന്താ മാറ്റിക്കാവുണോ
ലങ്കാശിങ്കേ പോട് മോളേ പാടും നോക്കി
ആണിന് പെണ്ണ് നാലോ അഞ്ചോ വെച്ചാലെന്തെടോ
പെണ്ണിന്നങ്ങനെ പാടില്ലെന്നേ ശരിയത്തിലുളളു
പത്ത് നാട്ടിലമ്പും കൊമ്പും പെരുമയുളള
മൂത്തുമ്മാന്റെ മക്കളുണ്ട് മൂന്നാളവിടെ
എട്ടുകെട്ട് ഏഴുനില മാളികയുണ്ട്
നിക്കാഹിനൊരുക്കം കൂട്ടാനൊട്ടും കോടണ്ട
ഞമ്മക്കെന്തിന് മേലേ മേലേ പെണ്ണും നിക്കാഹും
അമ്മാനക്കിളിയനുശനു വേണൊരു പെണ്ണും നിക്കാഹും
ഒക്കും മനിശന് പൂതി നിന്നെ പ്പൂക്കും കണ്ടാല്
മൂക്കും മുലയും കാതും തുടയും കണ്ടാലൊഴിയുന്നോ’
ഹനുമാൻ ലങ്കയിൽ
‘കാലൻ കരിങ്കാലൻ ലാവണൻ പത്ത് താടി വടിക്കുന്ന നേരത്ത്
വാലുളളനുമാനോ ലങ്കയിൽച്ചാടി ചേലുളള കൊമ്പത്ത് കൂടുന്ന്
പണ്ടാരക്കോയി പോലഞ്ച് പെണ്ണുങ്ങള് കുണ്ടാടക്കൈ വച്ചൊറങ്ങുന്ന്
മൂക്കൂടെ പല്ലുന്തി മുക്കോണച്ചന്തിച്ചി മാതിരിച്ചെളളച്ചി കാളിച്ചി
മുന്നാരപ്പല്ലുന്തി മൂക്കുമാളത്തിൽ കിന്നരമണ്ണട്ട പാടിച്ചി
കുത്തനെ മണ്ണ് കുറുങ്ങനെ മൂക്ക് പത്തായപ്പള്ളച്ചി പോടിച്ചി
നിട്ടനെ കാല് നെടുങ്ങനെ കയ്യും മുട്ടും മുറി നട്ടം തിരി പാമ്പിച്ചി
കുപ്പായമില്ല പുതപ്പില്ല മൂല കുത്തനെ നിന്ന് കിതക്ക്‌ന്ന്
പാവാട കേറിയരപ്പുറെ പോയി പാലം പോലെ തുട കാണ്‌ന്ന്
ഊരക്കപ്പള്ളീലെ കാടും കാട്ടിലെ തോടും മണപ്പുറം കാണ്‌ന്ന്
തിത്തത്തൈ തിത്തത്തൈയെന്ന് പാട്‌ന്ന് തത്തമ്മ പുങ്കാവിലെത്ത്‌ന്ന്
എത്തും പിടി കുത്തിക്കടി കാവലുളളവരെത്തുമ്പം വക്കാണം കൂട്ട്‌ന്ന്
കട്ടമുട്ടി വടി കോല് കുന്തവും കിട്ടുന്നത് കിട്ടുന്നത് ചാട്‌ന്ന്
മാന്തിപ്പറിയേന്തിപ്പറി മൂക്ക് ചുറ്റിപ്പറി കൊളളുന്നത് കൊളളുന്നത് ചാവുന്ന്
വാലിട്ടടി കോലിട്ടടി നേരെ നിന്നിട്ടറ്റടി വാലുളേളാന്റൂക്കേതും നോക്കണ്ട
കാലില്ല കയ്യില്ല കണ്ണും മൂക്കില്ല കാവലിന്നാളില്ല ജോറന്നെ.
ദശരഥരാജാവു തന്റെ പെരിശമേറിയ ലാമനിക്ക്
ആശയായ് മണന്ത പൊന്നാ താമരത്തേൻ സീതയോട്
ലങ്കവാണോൻ പത്തുമുക്കൻ ലാവണലാശാവ് അന്ന്
ശങ്കിയാതെ മങ്കമാർമണി സീത തന്നോടോതിയൊന്ന്
മുത്തുമോളെ നിന്നെ ഞമ്മനി ലങ്കയിൽ കൊണ്ടാച്ചി-
റ്റെത്തിര നാളായി മുത്തേ കത്തിടും പൂമാലേ
കണ്ണ് ലണ്ടും തന്നെയാണിന്നെന്റെ പൊന്നോടൊന്ന്
കണ്ട് പറയേണ്ടതിലേക്കുണ്ടു പൂതി നന്നൂ
കെഞ്ചക പുത്തേവിയേ ഞാൻ നിന്നെക്കാണാനാണേ
കേളികേട്ട ബീടരേയും വീട്ടുപോന്നോ നാണേ
പേടി കൊണ്ടല്ലന്നു നിന്നെ ലാമൻ കാണാ
പ്പൂതി കൊണ്ടാണന്നു മോളേ തേരിലേറ്റിപ്പോന്ന്
അന്നു കൊണ്ടാച്ചിന്നു കൊല്ലമൊന്നു കൂടാറായി
നിന്നിലെ പുതുമയെന്നാ നമ്മളറിയുന്ന്
സന്തഹോശ പ്പൂവനത്തില് വന്നിരിക്കണോളേ
ഇഞ്ഞി എന്തിനളളലാമന്റ്യൊപ്പരം കൂടുന്ന്
എങ്കരളേ നമ്മളൊര് ലാജിയക്കാരല്ലെ എന്നതിൽ
ബിശേശവും സന്തോശമെനിക്കില്ലേ
തപ്പുകൊട്ടി തമ്പരം ഇടക്കമുട്ടിക്കോശം കൂട്ടുകൂടാൻ
പെമ്പറന്നോളായിരം വന്നോളും
ചേല നൽത്തുകില് നല്ലനെറ്റിച്ചുറ്റിപ്പാറ്റ
നാല് മാസം മുമ്പ് ഞമ്മള് വാങ്ങി വെച്ചിറ്റ്‌ണ്ട്
നിന്നെ വിട്ട് കെട്ടി പെണ്ണേ ലണ്ടുമാസം മുന്നേ
ലാമനാം പഹയനെങ്ങോ കപ്പലേറിപ്പോയി
ചത്തപയ്യിന്റാല നോക്കിക്കുത്തിരുന്നിറ്റെന്താ
കുത്തടങ്ങീറ്റൊത്തപയ്യിനെ മാറ്റിവാങ്ങിപ്പോറ്റ്
കോടിമയപെയ്യുമളളാ ഇപ്പയക്കം കേട്ടാൽ
കാറ് നീങ്ങാതെന്ത് പൊന്നേ താമരത്തത്തമ്മേ.
(സമ്പാ ഃ ടി. എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ)
Generated from archived content: pattu_oct5.html