കൂട്ടപ്പൊറാട്ട്‌ കുറവനും കുറത്തിയും

ഒറ്റപ്പാലം താലൂക്കിൽ പനമണ്ണ അംശത്തിൽ വേലായുധൻ മകൻ പൊന്നു ആശാനായി ഒരു പാങ്കളിസംഘം നിലനിന്നുവരുന്നു. ഇവർ പാരമ്പര്യമായി ഈ കല കാവുകളിൽ അവതരിപ്പിച്ചു വരുന്നു. ഇന്ന്‌ അത്‌ വലിയ പ്രസക്തിയില്ലാത്തതായി മാറിയിട്ടുണ്ട്‌. സംഘത്തിൽ 12 പേരുണ്ട്‌. പുരുഷൻമാർ സ്ര്തീവേഷം കെട്ടുന്നു. കുറവൻ-കുറത്തി, ചെറുമി-ചെറുമൻ, ദാസി, പൂക്കാരി, കുമ്പാരൻ, തൊട്ടിയൻ-തൊട്ടിച്ചി, മണ്ണാൻ-മണ്ണാത്തി, കാശിപണ്ടാരം, തിരുവരങ്കൻ എന്നീ പൊറാട്ടുകൾ അവതരിപ്പിച്ചുവരുന്നുണ്ട്‌.

ഇതിന്റെ പഴക്കത്തെപ്പറ്റി തെളിവുകൾ ഒന്നുമില്ല. പാങ്കളി (വളളിപിടിച്ച കളി) രണ്ടു വേഷം വന്ന്‌ ദൈവസ്‌തുതി കഴിഞ്ഞ്‌ 7 വട്ടം കളിക്കുന്നു. പിന്നെ പൊറാട്ടുകൾ. കൈകൊട്ടിക്കളിയുടെ രീതിയിൽ അവസാനിപ്പിക്കുന്നു. കൂട്ടപ്പൊറാട്ടിൽ കുറവൻ വന്നതിനുശേഷം ഒരു കഥ പാട്ടുരീതിയിൽ പാടുന്നു. മത്‌സ്യ അവതാരം

തരുണി ഭഗവൻ പാദം നിമത്താൽ തരുണി കഥയും ഈ കവി ചെല്ലാം

തരുണി ഭജിയുടെ ബീജം കൊത്തി പക്ഷി പരുന്തുകൾ കൊണ്ടോടുമ്പോൾ

മറ്റൊരു പക്ഷി പരുന്തും വന്ന്‌ യുദ്ധം ചെയ്യുവാൻ എത്തിയവിടെ

പക്ഷികൾ തമ്മിൽ യുദ്ധമതായി ബീജം അന്ന്‌ നദിയിൽപെട്ടു

മത്‌സ്യം അതിനെ കൊത്തിവിഴുങ്ങി മത്‌സ്യത്തിനും ഗർഭമതായി

അതുവഴി മുക്കുവൻ വലവീശാനായി കാളി നദിയിൽ വന്നൊരു സമയം

മത്‌സ്യം നദിയുടെ മുകളിൽ വന്നു മുക്കുവൻ അതിനു വലയും എറിഞ്ഞു

മുക്കുവൻ തന്നടെ വലയിൽപെട്ട്‌ മുക്കുവൻ അതിനെ വലിച്ചതാ കയറ്റി

അഴക്‌ത്തൊരു മത്‌സ്യത്തിന്‌ ഇതുവരക്കും കണ്ടിട്ടില്ല

സന്തോഷത്തോടെ അന്ന്‌ വീട്ടിലേയ്‌ക്ക്‌ ചെല്ലുംനേരം

മുക്കുത്തിയെ വിളിച്ചുവരുത്തി മുക്കുത്തിയുടെ കയ്യിൽ നൽകി.

മുക്കുത്തിതിനുടെ ഉദരം കീറി രണ്ടുശിശുക്കൾ അതിൽനിന്നുണ്ടായി

കാളിയുടെ മകനാണ്‌പുത്രൻ വ്യാസൻ കാരണമതിനായി വേറെ ചൊല്ലാം

തോണികടക്കുവാൻ പുരുഷൻമാര്‌ കാളി കടവിൽ നിൽക്കും സമയം

പരസ്ര എന്നൊരു മഹർഷിയുമങ്ങ്‌ തോണി കടവിൽ വന്നൊരു സമയം

തോണികടവിൽ നിൽക്കും സമയം കാളിയെ കണ്ടപ്പോൾ മോഹമതായി

മാനത്തെകുയിലാളെ നിന്നെ മാറോടന്നു ചേർത്തീടേണം

നദിയിൽ മുഴുവൻ വെളളമതാണ്‌ എവിടെവച്ചു പുണർന്നീടുണ്ട്‌

നദിയുടെ മദ്ധ്യത്തിലൊരു ദ്വീപുണ്ടാക്കി ഘോരമതായോരു മഞ്ഞുണ്ടാക്കി

മഞ്ഞുമറവിൽ വച്ചുപുണർന്ന്‌ കാളിക്കന്നു ഗർഭമതുണ്ടായി

വ്യാത വ്യാസൻതാനെ പിറന്നൊരു സംഗതിമുഴുവൻ ഈ കവിയിൽ ചൊല്ലാം.

കൂട്ടപ്പൊറാട്ടിന്റെ കുറത്തിയുടെ ഒരു വരവ്‌ ഭാഗം പാട്ട്‌ രീതിയിൽ പാടുന്നു.

രാമപരശ്വരാമനും പണ്ട്‌ ഭൂമിയെ വെട്ടിപ്പിടിച്ച്‌

ഭൂമി ഉറക്കാതെ കണ്ട്‌ രാമൻ ബുദ്ധികളക്കൊ നടത്തി

നെല്ലു കല്ലു പൊന്നു വെളളി സർപ്പം അഞ്ചുവകക്കാതെ ചേർത്ത്‌

അഞ്ചുവകക്കാരെ ചേർത്തിക്കൊണ്ട്‌ ഭൂമിയുറച്ചു നിറുത്തി

ഭൂമിയുറച്ചു സുഖമായപ്പോൾ നാടുവാഴുവാനാളില്ല

മാവേലി താനെ വിളിച്ചുംകൊണ്ട്‌ നാടുവാഴുവാൻ പറഞ്ഞു

മാവേലി നാട്ടില്‌ വന്നു പണ്ട്‌ നാടു സുഖവാണിടുന്നു

മാവേലി നാട്ടിന്ന്‌ പോകുവാനുളെളാരു കാരണം എന്താണ്‌ കേൾക്കിൻ

ഉണ്ണീടെ വേഷം ധരിച്ചു കൃഷ്‌ണൻ മാവേലിടുത്തങ്ങ്‌ ചെന്ന്‌

എന്താണ്‌ ഉണ്ണി വരുവാനുളെളാരു കാരണം എന്താണ്‌ എന്ന്‌

നിൽക്കുവാൻ മൂന്നടി മണ്ണ്‌നെക്കി തന്നുകൊളളുവാൻ പറഞ്ഞു.

ഉണ്ണീടെ പൊന്നുതൃക്കാലുംകൊണ്ട്‌… താൻതന്നെയളന്നുയെടുത്തോ

ഒന്നാമത്തെ അടി വെച്ചനേരം ഭൂമി മുഴുവൻ കഴിഞ്ഞു

രണ്ടാമത്തടിവെച്ചനേരം സ്വർഗ്ഗലോകം കഴിഞ്ഞു.

മൂന്നാമത്തെ അടി വെക്കുവാനും ആ ലോകത്ത്‌ സ്‌ഥലമില്ല

എന്താണ്‌ വേണ്ടത്‌ ഞാനു ഇന്ന്‌ മാവേലിയോടും ചോദിച്ചു

അപ്പോൾ പറയുന്നുണ്ട്‌ മാവേലി ഇന്ന്‌ എന്റെ ശിരസ്സിലും അളന്നോ

മാവേലി ശിരസ്സിലും കാൽവെച്ചനേരം പാതാളത്തിലേയ്‌ക്ക്‌ താണു

അപ്പോൾ പറഞ്ഞുകരഞ്ഞു അന്ന്‌ ഉണ്ണി ചതിച്ചട്‌ എന്നെ

ഉണ്ണി ചതിച്ചതും അല്ലാ ഇത്‌ നിങ്ങൾ ചതിച്ചതും ആണ്‌

കൊല്ലത്തിൽ ഒരാണ്ട്‌ കാലം ഞാനും ചിങ്ങമാസത്തിൽ വരണ്ട്‌

എന്ന്‌ പറഞ്ഞു കരഞ്ഞുംകൊണ്ട്‌ പാതാളത്തിലേയ്‌ക്കു താണു.

Generated from archived content: aug28_porattu.html Author: panamanna_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English