ഇതരജന്തുക്കളിൽ നിന്നും മനുഷ്യനുളള വ്യത്യാസങ്ങളിലൊന്ന് അവന് തന്റെ വരുംതലമുറകളിലേക്ക് സാമൂഹ്യജീവിതക്രമവും അനുഭവപാഠങ്ങളും മറ്റും പകരാൻ കഴിയുന്നുവെന്നതാണ്. വ്യക്തിയിലൂടെ, കൂട്ടായ്‌മയിലൂടെ ഒക്കെയായി അറിവുകൾ കൈമാറ്റം ചെയ്യുന്നത് വരുംതലമുറകളുടെ ജീവിതോത്‌കർഷത്തിനു വേണ്ടിയത്രേ. ജീവിതപാഠങ്ങൾ പകരാൻ മനുഷ്യർ ഭിന്നമാർഗ്ഗങ്ങളെ ആശ്രയിക്കുന്നു. അവയിലൊന്നാണ് വാചികസാഹിത്യം. വടക്കൻകേരളത്തിൽ വാചികപാരമ്പര്യത്തിൽ നിലനിന്നുപോരുന്ന കഥാഗാനങ്ങളായ വടക്കൻപാട്ടുകൾ ഈ നിലയ്‌ക്ക് പ്രധാനമർഹിക്കുന്നു.
വടക്കൻപാട്ടുകളുടെ പ്രഭവമേഖലയായ കോലത്തുനാട്ടിന്റെ സാമൂഹ്യസാംസ്‌കാരിക ചരിത്രമുദ്രകൾ ആ പാട്ടുകളിൽ പതിഞ്ഞിട്ടുണ്ട്. പാട്ടുകൾ ഉണ്ടായതും പ്രചരിച്ചതുമായ കാലത്തേതും സമീപഭൂതകാലത്തേതുമായ രാഷ്‌ട്രീയസ്ഥിതിഗതികളും ഇവയിൽ പ്രതിഫലിച്ചു കാണാം. പാട്ടുകൂട്ടായ്‌മയുടെ ചരിത്രഗതിയോടുളള പ്രതികരണങ്ങളും, ചരിത്രസംഭവങ്ങളെയോ വ്യക്തികളേയോ സംബന്ധിച്ചുളള സ്‌മൃതികളും വടക്കൻപാട്ടുകളിൽ വിഷയമായിട്ടുണ്ട്. കോട്ടയം, ചിറക്കൽ, അറക്കൽ, കടത്തനാട് തുടങ്ങിയ നാടുകളും പഴശ്ശിരാജാവ്, കുഞ്ഞാലിമരയ്‌ക്കാർ, പട്ടാണിയെന്ന പാർശ്വാവ് (ടിപ്പു), പയ്യംവളളി ചന്തു, മുരിക്കഞ്ചേരിക്കേളു തുടങ്ങിയ പലരും പാട്ടുകളിൽ കടന്നുവരുന്നു. അവ പ്രാദേശിക ചരിത്രപരമായ അറിവുകളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ടതാണ്.
വാമൊഴി പാരമ്പര്യത്തിൽ നിലനിൽക്കുന്ന വടക്കൻപാട്ടുകളിൽ കാണുന്ന ചരിത്രമുദ്രകളെ തികഞ്ഞ ചരിത്രരേഖയായി കണക്കാക്കുക അശാസ്‌ത്രീയമാണ്. അതിനുളള കാരണങ്ങളിലൊന്ന് പാട്ടിന്റെ ഭാഷയും രൂപവും പ്രമേയാംശവുമെല്ലാം കാലത്തിന്റെയും സമൂഹത്തിന്റെയും മാറ്റത്തിനനുസരിച്ച് ഭേദപ്പെടും എന്നുളളതാണ്. മറ്റൊന്ന്, അതതു പാട്ടുകൂട്ടായ്‌മയുടെ കാവ്യരചനാസങ്കല്പങ്ങൾക്കും സമ്പ്രദായങ്ങൾക്കും നിരക്കുംവണ്ണം ഭാവനാവിലാസവും ഉക്തിവൈചിത്യവും കലർത്തിയാണ് പാട്ടുകൾ ചമയ്‌ക്കുന്നത്. അതുകൊണ്ട് പാട്ടിലെ പരാമർശങ്ങളിൽനിന്നു യാഥാർത്ഥ്യത്തെ ചികയുക സൂക്ഷിച്ചുവേണം.
വടക്കൻപാട്ടുകളിൽ കാണുന്ന ചരിത്രഗതിയോടടുക്കുന്ന ദിങ്ങ്‌മാത്രപരാമർശങ്ങൾ പോലും സസൂക്ഷ്‌മം വിശകലനം ചെയ്യുന്നതു പ്രയോജനപ്രദമാണ്. കവികെട്ടിന്റെ വിഷയപരിധിയെക്കുറിച്ച് കൂടുതലറിയാനും പാട്ടുകൂട്ടായ്‌മ അവതരിപ്പിക്കുന്ന പ്രമേയങ്ങൾക്കു പിന്നിലെ സമൂഹചേതനയെ സ്‌പർശിക്കാനും ഇത് സഹായിക്കും. ചരിത്രവും ജനകീയമായ കഥാഗാനങ്ങളും തമ്മിലുളള പൊരുത്തവും പൊരുത്തകേടുകളും കണ്ടെത്താൻ ഇത് ഉപകരിക്കാതെ വരില്ല. കൂട്ടായ്‌മയുടെ ചരിത്രാവബോധം, അതു വരും തലമുറകളിലേക്കു പകരുന്ന രീതി, സർവ്വോപരി ഒരു ബോധനമാധ്യമമെന്ന നിലയിൽ വടക്കൻപാട്ടുകൾക്കുളള ഉപയോഗത്തിന്റെ സ്വഭാവം ഇവയറിയാനും ഇതു സഹായകമായിരിക്കും. കോലത്തുനാട്ടിന്റെ രാഷ്‌ട്രീയസാംസ്‌കാരിക ചരിത്രവുമായി ബന്ധപ്പെടുന്ന ചില പാട്ടുകളിൽ ചരിത്രപാഠങ്ങളെ പകർന്നിരിക്കുന്നതെപ്രകാരമെന്നു പരിശോധിക്കമാത്രമാണ് ഇവിടെ ചെയ്യുന്നത്.
1. ചിറക്കൽ തമ്പുരാന്റെ മരുമകൾ മാപ്പിളവേദം സ്വീകരിച്ച് അറക്കൽ ബീവിയായത് (1957ഃ161-71). കേരളത്തിലെ ഏകമുസ്ലീം രാജവംശമെന്ന ചരിത്രപ്രാധാന്യമുളള അറക്കലിന്റെ ഉദ്‌ഭവത്തെപ്പറ്റി കോലത്തുനാട്ടിൽ പ്രചരിച്ചിട്ടുളള ഐതിഹ്യങ്ങൾ പലതുമുണ്ട്. മേൽപറഞ്ഞ വടക്കൻപാട്ടിലെ കഥ ഇപ്രകാരമാണ്. ചിറക്കൽ കോലോത്തെ തമ്പുരാൻ ആറ്റയായി വളർത്തുന്ന മരുമകളെ അവളുടെ ഇളയമ്മ സ്‌നേഹം നടിച്ചു കൂട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു. അരക്ഷിതയായിത്തീർന്ന ആ പെൺകുട്ടി മലയനോട് ഉടുമുണ്ടുവാങ്ങിയും അഗതിയോടൊപ്പം പാർത്തും കഴിഞ്ഞു. രാജാവ് ഇതറിഞ്ഞ് അവളെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ചിറക്കലിരിക്കാൻ ഇഷ്‌ടപ്പെടാത്ത തമ്പുരാട്ടി അറക്കലെ ബീവിയായി തീരുകയാണ്. ചിറക്കൽ തമ്പുരാൻ ഹൃദയവേദനയോടെ തീപ്പെട്ടു. ഈ പാട്ടിൽ ചിറക്കലും അറക്കലും തമ്മിലുളള ബന്ധം, മതപരിവർത്തനം ഇവ സംബന്ധിച്ച സൂചനകൾ ശ്രദ്ധയർഹിക്കുന്നവയാണ്. അറക്കലും ചിറക്കലും തമ്മിൽ ആദ്യകാലത്ത് നല്ല ബന്ധമുണ്ടായിരുന്നതായി ചരിത്രകാരൻമാർ ചൂണ്ടികാട്ടിയിട്ടുണ്ട്. വില്യം ലോഗൻ, ഈ മാപ്പിള രാജവംശത്തിന്റെ ഉല്പത്തി ഇസ്ലാമായിമാറിയ അരയങ്കുളത്തു നായരിൽനിന്നാണെന്നു പറയുന്നു (1985ഃ393).
ചിറക്കൽ ടി. ബാലകൃഷ്‌ണൻനായരുടെ അഭിപ്രായം ഇസ്ലാംമതം സ്വീകരിച്ചു മമ്മാലിയായ അരയൻകുളങ്ങര നായരിൽനിന്ന് ഈ രാജവംശം ഉണ്ടായിയെന്നാണ്. പുഴയിൽ മുങ്ങിത്തുടങ്ങിയ കോലത്തിരി തമ്പുരാട്ടിയെ മുസ്ലീം യുവാവ് രക്ഷിച്ചതും പിന്നീടവർ വിവാഹിതരാവുന്നതും അതേ തുടർന്ന് ‘അറക്കൽകെട്ട്’ സ്ഥാപിതമാവുന്നതും ഇദ്ദേഹം എഴുതിക്കാണുന്നു (1981ഃ82-3). ഏതായാലും അറക്കലും ചിറക്കലും തമ്മിലുളള ബന്ധത്തെ സംബന്ധിച്ച് കൂട്ടായ്‌മയുടെ മനസ്സിലുളള ആശയമാണ് ഈ പാട്ടുകളിലൂടെ വാർന്നൊഴുകുന്നത്. ഹിന്ദു മുസ്ലീം ബന്ധത്തിന്റെ സൂചനകൂടി ഇതിൽ ഓളം വെട്ടുന്നു. കോലത്തുനാട്ടിലെ ഇസ്ലാം മതപ്രചാരണവും ആ മതത്തോടുളള പ്രതിപത്തിയും വിപ്രതിപത്തിയും ഈ പാട്ടിൽ നിഴലിച്ചിട്ടുണ്ട്.
2. ചിറക്കൽകോലോത്തു നിന്നുപോയ അറക്കൽ ബീവിയായ പൂമാതൈയുടെ മകൻ ചിറക്കൽ തമ്പുരാന്റെ മകൻ ചിണ്ടനെ കൊന്നത് (1957ഃ172-76). അറക്കലെ കുഞ്ഞ്യമ്മത് അമ്മാവനായ ചിറക്കൽ തമ്പുരാനോടുളള വിദ്വേഷം നിമിത്തം മച്ചുനനായ ചിണ്ടനെ കൊല്ലുന്നതായാണ് പാട്ടിലെ പ്രമേയം. അറക്കലും ചിറക്കലും തമ്മിലുളള ബന്ധത്തെ ഇതിൽ ബീവിയുടെ വാക്കുകളിലൂടെ പാട്ടുകൂട്ടായ്‌മ അവതരിപ്പിക്കുന്നുണ്ട്.
‘അറക്കലതൊന്നു മരിച്ചെങ്കിലോ
ചിറക്കല് മുന്നുസ്തെ ചാവുണ്ടല്ലോ
ചിറക്കലതൊന്നു മരിച്ചെങ്കിലോ
അറക്കലും മൂന്നുസ്തെ ചാവുണ്ടല്ലോ’
പുലബന്ധത്തിന്റേയും രക്തബന്ധത്തിന്റേയും അടുപ്പം ശിഥിലമാവുന്ന അവസ്ഥാവിശേഷമാണ് ഈ പാട്ടിലൂടെ പ്രധാനമായും ആവിഷ്‌കരിക്കപ്പെടുന്നത്. കഥയുടെ കാലമോ കഥാപാത്രങ്ങളോ സംഭവമോ ചരിത്രത്തിന്റെ ശരിപ്പകർപ്പല്ലെന്നു വരികിലും അറക്കൽ ചിറക്കൽ രാജവംശങ്ങളുടെ ഇടയിൽ വൈരമുടലെടുത്തിരുന്നെന്നത് ചരിത്രസത്യമാണ്. നാടുവാഴികൾക്കിടയിൽ ശത്രുത വളർന്നതും അത്തരമൊരു ഘട്ടത്തിൽ വൈദേശികശക്‌തികളും അയൽനാടുകളും കോലത്തുനാട്ടിൽ വേരുറപ്പിക്കാൻ തുനിഞ്ഞതും ചരിത്രസംഭവങ്ങളാണ്. ചിറക്കലിനോടുളള നീരസം ഛിദ്രശക്‌തികളുമായടുക്കാൻ അറക്കലിനെ പ്രേരിപ്പിച്ചിരുന്നതായും കാണാം. മതപരമായ അകൽച്ചയുടെ സൂചനയും ഈ പാട്ടുകളിൽ അന്തർലീനമാണ്. പലകാരണങ്ങളാലും സ്‌നേഹസാഹോദര്യഭാവം ഉപേക്ഷിച്ചു തുടങ്ങിയ ചിറക്കൽ അറക്കൽ രാജവംശങ്ങളെപ്പറ്റി നാട്ടുകാർക്കുളള അവബോധമാണ് ഈ പാട്ടിൽ പകർന്നിട്ടുളളത്.
3. കോലത്തുനാട്ടിൽ ചിറക്കക്കൂലോം (1955ഃ78-100). ഈ പാട്ടിൽ പട്ടാണിയെന്ന പാർശ്വാവ് കോലത്തുനാട്ടിൽ കടന്നു വരുന്നതും തുടർന്നുണ്ടായ കലാപങ്ങളുമാണ് വിഷയം. പടയെ നേരിടാനും സുരക്ഷിതത്വമുറപ്പിക്കാനും ചിറക്കൽ തമ്പുരാൻ കാര്യസ്ഥൻമാരെ ഏല്പിക്കുന്നു. ശത്രുവിന്റെ കന്നം നോക്കാൻ നിയുക്തനാകുന്ന കാര്യസ്ഥൻ വേഷപ്രച്ഛന്നനായി പെരിങ്ങളത്തു പളളിയിൽ കയറുന്നു. നാദാപുരത്തും പെരിങ്ങളത്തുമുളള ‘ചോനോമ്മാർ’ ആ പളളിയിൽ ‘നിക്കാരത്തിനു കയികെട്ടിയ’പ്പോൾ പ്രച്ഛന്നവേഷധാരി ‘അടിച്ചാരച്ചൂട്ട’ കത്തിച്ച് പളളിയുടെ നാലുമൂലക്കും തീ കൊടുക്കുന്നു. അതിനുശേഷം പെരിങ്ങളാം പുഴനീന്തിക്കടന്നു രക്ഷപ്പെടുന്നു. തീ കണ്ട പാളയം.
‘മീനം ഞാറിങ്ങുപറിക്കുംമുമ്പേ
കാവിലെ ചെമ്പ പറിപ്പിക്കുവെൻ’ എന്നു പറയുന്നു. വിവരമറിഞ്ഞ കുറ്റിപ്പുറം കോവിലകത്തു തമ്പുരാൻ പാതിരാപതിനാറാം നാഴികയ്‌ക്ക്‘ തെക്കോട്ട്, വേണാട്ടേക്കു പുറപ്പെടുന്നു (ടിപ്പുവിനെ ഭയന്ന് രാജാക്കൻമാർ മാത്രമല്ല, സവർണ്ണരിൽ പലരും തെക്കൻ കേരളത്തിലേക്കു പോയതായാണ് ചരിത്രം). ’പരിശാവ്‘ കുറ്റിപ്പുറത്തു വരുന്നു. കോവിലകം ചുട്ടുകരിക്കുന്നു. പറമ്പുക്കുറുങ്ങാട്ടും ചുട്ടുകരിക്കുന്നു. പിന്നെ,
’ലോകനാർകാവിലും പോരുന്നല്ലെ,
കാവിലെ ചെമ്പ പറിപ്പിക്കുന്നു
കാവിലെ ചെമ്പ പറിച്ചാറെയോ
വടകരനഗരത്ത്‌പോവുന്നല്ലെ‘
ഇങ്ങനെയാണ് കഥാഗതി. ടിപ്പുവിന്റെ പടയോട്ടത്തിനുണ്ടായ ചരിത്രപശ്ചാത്തലവും ആക്രമണത്തിന്റെ രൂക്ഷമുഖവും മതവിദ്വേഷത്തിന്റേയും കലാപത്തിന്റേയും വാങ്ങ്‌മയചിത്രങ്ങളുമാണ് ഈ പാട്ടിലൂടെ കൂട്ടായ്‌മ അവതരിപ്പിക്കുന്നത്.
വടക്കൻപാട്ടുകളിൽ മാറിവരുന്ന രാഷ്‌ട്രീയചരിത്രഗതികളും ഒപ്പം സാംസ്‌കാരിക തലത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പരിണതികളും അങ്ങിങ്ങു നിഴലിച്ചിട്ടുണ്ട്. കൂട്ടായ്‌മ പാട്ടുകെട്ടുന്നത് കേവലം ചരിത്രരേഖകളോ പാഠങ്ങളോ പകർന്നു വെക്കുന്നു എന്നനിലക്കല്ല. കഥകെട്ടാനും പാടാനും കേൾക്കാനും മനുഷ്യനുളള നൈസർഗികാഭിരുചിയുടെ ഫലമായുണ്ടായവയാണ് ആ സർഗ്ഗാത്‌മകസൃഷ്‌ടികളും. എന്നാൽ സൗന്ദര്യാസ്വാദനതല്പരതയ്‌ക്കപ്പുറത്തുളള ഉദ്ദേശ്യങ്ങളും ഉപയോഗങ്ങളും ഒപ്പം ഉണ്ടായിരുന്നിരിക്കണം. കാലിക സംഭവങ്ങളെയും ഭൂതകാലസംഭവങ്ങളെയും പാട്ടുകളിൽ വിഷയമാക്കിയത് അതിനാലാവാം. കൂട്ടായ്‌മയുടെ നാട്ടറിവുകളുടെ ഈടുവെപ്പും വിനിമയമാർഗ്ഗവുമായി വടക്കൻപാട്ടുകൾ വർത്തിക്കുന്നുവെന്ന് സാമാന്യമായി പറയാം.
Generated from archived content: nadanpattu_dec3.html Author: p_vasanthakumari