വളളുവനാടൻ വിത്തുകൾ

വിത്തുകൾ ഃ ഒന്നാം വിളഃ വലിയ ആര്യൻ, ചെറിയ ആര്യൻ, കറുത്ത കഴമ, ചെങ്കഴമ, തവളക്കണ്ണഫ, അരിവാകാരി, സ്വർണ്ണാലി, വട്ടൻ, തെക്കൻചീര, കുട്ടിമോടൻ (പറമ്പിൽ കൃഷി ചെയ്യാവുന്നതാണ്‌. കറുത്ത്‌, വെളുത്ത്‌ രണ്ടിനങ്ങൾ), രാജകഴമ, എരുമക്കാരി (ഓങ്ങക്‌ ഉളളതിനാൽ ഈ വിത്തു അണ്ണയും കിളിയും തൊടുമെന്ന പേടി വേണ്ട), ഇരപ്പപ്പൂവ്‌, ചമ്പ, വെളുത്തരിക്കഴമ, മഞ്ഞക്കാളി.

രണ്ടാം വിള ഃ വലിയമ്പാല, കാട്ടാടൻ, ചെന്താർണി, ചെറുതെക്കൻ, ചോന്നോമ്പാല, വെളളക്കോലി, മുണ്ടകകാർത്യോനി, ചിറ്റേനി, വൃശ്ചികപാണ്ടി, ചെന്നിനായകം, കിച്ചടിമുണ്ടകമ്പാല, വെളേളത്തൻ, കറുത്ത കുമ്പളൻ, നൊണ്ണ, കഴുങ്കൻപൂത്താട.

വിത്ത്‌ സൂക്ഷിക്കുന്നവിധം ഃ കൊയ്‌തെടുക്കുന്ന നെല്ലിൽനിന്നും വിത്തിനായി മാറ്റിവെക്കുന്നു. മാറ്റിവെച്ച നെല്ല്‌ ഉണക്കുന്നു. നെല്ല്‌ പൊട്ടിച്ചു നോക്കുമ്പോൾ അരിമാവിന്റേതുപോലൊരു വസ്‌തു കാണാറാവുമ്പോൾ ഉണക്കൽ മതിയാക്കുന്നു. വെളളനിറത്തിലുളള ഈ വസ്‌തുവിന്‌ ‘നൂറ്‌ ’ എന്നു പേർ. സൂചികൊണ്ടു കുത്തിയെടുക്കാറുളള നൂറ്‌ നെല്ലിനുളളിൽ രൂപപെട്ടെന്നാൽ വിത്തിനു സൂക്ഷിക്കാനുളള ഉണക്കമായി. വേണ്ടപോലെ ഉണങ്ങിയ വിത്ത്‌ വലിയ മുളവല്ലത്തിൽ നിലം തൊടാതെ സൂക്ഷിക്കുന്നു. ഇങ്ങനെ സൂക്ഷിച്ചു വക്കുന്ന വിത്ത്‌ ഇളംനിലാവില്ലാത്ത സമയം നോക്കി മൂന്നു ദിവസത്തെ വെയിലും മഞ്ഞും കൊളളിക്കുന്നു. ‘മാമ്പൂകാണിക്കൽ’ എന്ന്‌ ഇതിന്‌ പേർ.

വിത്തിറക്കുന്ന സമയം ഃ

‘യമരുദ്രാദിമുപ്പൂരം തൃക്കേട്ട

യിവയേഴുനാൾ വിതക്കിൽ വിളയാ’

എന്നാണ്‌ പ്രമാണം. ഭരണി, കാർത്തിക, തിരുവാതിര, പൂരം, പൂരാടം, പൂരോട്ടാതി, തൃക്കേട്ട എന്നീ നാളുകൾ വിതക്ക്‌ മോശമാണെന്നു കരുതുന്നു. അശ്വതി, ഭരണി, കാർത്തിക എന്നീ ഞാറ്റുവേലകൾ ഒന്നാം വിളയ്‌ക്കും അത്തം, ചിത്തിര ചോതി എന്നീ ഞാറ്റുവേലകൾ രണ്ടാം വിളയ്‌ക്കും വിത്തറക്കുന്നതിന്‌ ഉത്തമം. ‘ചോതി കഴിഞ്ഞാൽ ചോദ്യമില്ല’ എന്ന ചൊല്ല്‌ മഴയ്‌ക്കെന്നതുപോലെ, വിത്തു വിതക്കുന്നതിനും ബാധകമാണത്രെ. ഞായർ, വ്യാഴം എന്ന ദിവസങ്ങളാണ്‌ വിത്തു വിതക്കുന്നതിന്‌ ഉത്തമമായിട്ടുളളത്‌. ജ്യോത്‌സ്യൻ തരുന്ന ഓലയിൽ വിത്തിറക്കേണ്ട സമയം കൃത്യമായി സൂചിപ്പിച്ചിരിക്കും. കർഷകൻ ഇതനുസരിക്കുന്നു.

ഇറക്കാനായി ഒരുക്കിവെച്ചിട്ടുളള വിത്തിൽനിന്നും മൂന്നുകൊടന്ന വെളളത്തിൽ മുക്കുന്നതിന്‌ മുമ്പ്‌ മാറ്റിവക്കുന്നു. വളളുവനാടിന്റെ ചില ഭാഗങ്ങളിൽ ഇത്‌ ചെറുകുന്നിലമ്മയ്‌ക്കുളള പ്രാർത്ഥനയാണ്‌. മറ്റു ചിലയിടങ്ങളിൽ കാളിയോട്‌ ഭഗവതിക്കുളളതും. ആലങ്ങാട്ട്‌ ഭഗവതിയ്‌ക്കുളളത്‌ പാലക്കാട്‌-ചിറ്റൂർ ഭാഗങ്ങളിൽ മാറ്റിവക്കുന്നു. ഈ മൂന്ന്‌ കൊടന്ന വിത്ത്‌ ‘മല്ലന്‌ ’ ഉളളതായാണ്‌ വിശ്വസിച്ചു പോരുന്നത്‌.

കീടങ്ങൾ ബാധിക്കാതിരിക്കാൻ എളൂർഭഗവതിക്ക്‌ വഴിപാട്‌ നേരുന്ന പതിവും പാലക്കാട്‌ ഭാഗങ്ങളിൽ നിലവിലിരുന്നു.

ചൊല്ലുകൾ

‘ഭരണിയിലിട്ട വിത്തും

ഭരണിയിലിട്ട നെല്ലിക്കയും കെങ്കേമമെന്നേ പറയേണ്ടൂ.’

ചൊല്ലിന്റെ ശ്ലേഷഭംഗി കർഷകമനസ്സിന്റേതു കൂടിയാണ്‌.

‘കന്നിചിത്ര കളയരുത്‌

തുലാം ചിത്ര എടുക്കരുത്‌ ’

എന്നും മറ്റൊരു ചൊല്ല്‌.

വളവും കാലാവസ്ഥയും രണ്ടും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു എന്നു നിർദ്ദേശിക്കുന്ന ഒരു ചൊല്ലിതാ

‘വളത്തിന്‌ മുന്നിൽ കാലമില്ല

കാലത്തിന്‌ മുന്നിൽ വളവുമില്ല’

‘ആയില്യം കളളനകത്തെന്നാൽ

മുണ്ടകൻ കളളൻ പുറത്ത്‌ ’

ആയില്യം നക്ഷത്രം ആയില്യം ഞാറ്റുവേലയിൽ വന്നാൽ മുണ്ടകൻ വിളയെ പ്രതികൂലമായി ബാധിക്കും എന്നത്രെ ഇതിനർത്ഥം.

‘ഞാറ്റിൽ തോറ്റാൽ

ചോറ്റിൽ തോറ്റു’

എന്ന്‌ പ്രാസഭംഗിയുളള മറ്റൊരു ചൊല്ലും പതിവുണ്ട്‌.

വിത്തും വൈദ്യവും

നവര, വാത ചികിത്‌സയ്‌ക്കായി ഉപയോഗിക്കുന്നു എന്നത്‌ പ്രസിദ്ധമാണല്ലോ. കഴുങ്കൻ പൂത്തോട എന്ന നെല്ല്‌ പ്രമേഹ ചികിത്‌സയ്‌ക്കായി ഉപയോഗിക്കുന്നു.

ഒരു വിത്തുപാട്ട്‌

വെട്ടിപ്പടുത്ത കല്‌ത്തളത്തില്‌

നനച്ചെടുത്തൊരു വിത്തല്ലാണോ

കോരി നനച്ചൊരു വിത്തല്ലാണോ

ചെന്താർണി വിത്തല്ലാണോ

ഏലേലോ ഏലേലോ ഏലേലേലോ

വാരീട്ടും കോരീട്ടട്ടും

വാരിവെതച്ചൊരുവിത്ത്‌

ചെന്താർണി വിത്തല്ലാണോ

ഏലേലോ ഏലേലോ ഏലേലേലോ

ഒന്നല്ലോ തൂമ്പേ

രണ്ടല്ലോ തൂമ്പേ

മൂന്നല്ലോ തൂമ്പേ

നാലല്ലോ തൂമ്പതുവന്നണഞ്ഞോ

ഏലേലോ ഏലേലോ ഏലേലേലോ

നീളം പറിച്ച്‌

കുറുകെ മുറിച്ച്‌

കളളിത്തലമ്മേൽ കൊണ്ടു പോണോ

ഏലേലോ ഏലേലോ ഏലേലേലോ

Generated from archived content: vithu_april4.html Author: p_santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here