‘ആഹാരം ഔഷധമാണ്, ഔഷധം ആഹാരവും’ പ്രാചീന ഗ്രീസിലെ ഭിഷഗ്വരനായിരുന്ന ഹിപ്പോക്രാറ്റിസ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഉത്തമഭക്ഷണം ഔഷധത്തിന്റെ പ്രയോജനംകൂടിച്ചെയ്യുന്ന ഒന്നായിരിക്കണമെന്നും ഔഷധങ്ങളായിട്ട് നാം കഴിക്കുന്ന പദാർത്‌ഥങ്ങൾ ശരീരത്തിന് ഒരു ദോഷവുംചെയ്യാതെ ഭക്ഷണംപോലെ പ്രയോജനപ്പെടുന്നതാകണമെന്നുമായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്. ഏതായാലും ആഹാരവും ഔഷധവും തമ്മിലുളള ബന്ധത്തെക്കുറിച്ചും ഔഷധഗുണമുളള ഭക്ഷണത്തെക്കുറിച്ചുമൊക്കെ പണ്ടേ മനുഷ്യർ ചിന്തിച്ചിരുന്നു. പൊതുവേ ആരോഗ്യം പ്രദാനം ചെയ്യുന്നതും പാർശ്വഫലങ്ങളൊന്നുമില്ലാത്തതുമായ ശുദ്ധഭക്ഷണം കഴിക്കുന്നതിലും നല്ല ആഹാരശീലങ്ങൾ വളർത്തിയെടുക്കുന്നതിലും ഇന്നും മനുഷ്യൻ പിറകോട്ടാണെങ്കിലുംചില അസുഖങ്ങൾ ശമിപ്പിക്കാൻ ഉതകുന്ന പ്രത്യേക ഭക്ഷണത്തെപ്പറ്റിയുളള അറിവുകൾ അന്നും ഇന്നും ഉണ്ട്. ആയുർവേദത്തിൽ ഓരോ ഭക്ഷണസാധനത്തെപ്പറ്റിയും രസവീര്യഗുണവിപാകപ്രഭാവങ്ങളെപറ്റിയും പറയുന്നുണ്ട്. ഓരോ ദേഹപ്രകൃതിക്കും രോഗത്തിനും അത് പറ്റുമോ എന്ന് ഇതിൽനിന്നറിയാം. സാധാരണയായി ഉപയോഗിക്കുന്ന ഔഷധങ്ങളേ ചില രോഗശമനത്തിന് ഭക്ഷണമാക്കാറുണ്ട്. ആയുർവേദം കൂടാതെ നാട്ടുവൈദ്യത്തിലും മറ്റുപാരമ്പര്യവൈദ്യസമ്പ്രായങ്ങളിലും ആഹാരചികിൽസയുടെ അംശങ്ങൾ കാണാം. പ്രകൃതിചികിൽസയാകട്ടെ ആഹാരംകൊണ്ടുതന്നെ രോഗശാന്തി കൈവരുത്താമെന്ന തത്വത്തിൽ അധിഷ്‌ഠിതവുമാണ്.
ആഹാരപാരമ്പര്യത്തിലെ ചില ഔഷധവിഭവങ്ങൾ ഃ ഗോതമ്പുകഞ്ഞി. പുതിയ ഗോതമ്പുനുറുക്കാണ് കഞ്ഞിയുണ്ടാക്കാൻ ഉപയോഗിക്കേണ്ടത്. തലേദിവസം രാത്രിയിൽ വെളളത്തിൽ ഇടണം. കാലത്തെ അതുകൊണ്ട് കഞ്ഞിവെച്ച് പാലുചേർത്തോ പാലിൽ കാച്ചിയോ ദിവസവും കഴിച്ചാൽ വളരെ പോഷകകരമാണ്. മധുരത്തിന് അല്പം ശർക്കരയോ ചക്കരയോ ചേർക്കാം. ഗോതമ്പിൽ അരിയുടെ ഇരട്ടി മാംസ്യാംശം ഉണ്ട്. മുന്നാലിരട്ടി കാൽസ്യമുണ്ട്. വിറ്റാമിൻ ‘ബി’യും കൂടുതലുണ്ട്. വിറ്റാമിൻ ‘എ’ ഉണ്ട്. എല്ലിനും പല്ലിനും കണ്ണിനുമൊക്കെ ഈ ഭക്ഷണം നല്ലതാണ്. ഗോതമ്പിന്റെ വിഭവങ്ങൾ പൊതുവേ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായാണ് അനുഭവം. ഗോതമ്പിന്റെ ചോറും നല്ലതുതന്നെ. ഗോതമ്പുകുത്തി ഉമികളഞ്ഞ് പാകത്തിന് വെളളത്തിൽ പുഴുങ്ങി നാളികേരവും അല്പം ശർക്കരയും ചേർത്താൽ രുചികരമായ ഭക്ഷണമായി. ഉപ്പുചേർത്തും കഴിക്കാം. ഗോതമ്പുകൊണ്ട് ദോശയുണ്ടാക്കികഴിക്കാം. കുതിർത്താത്ത ഗോതമ്പ് അരിച്ചുകഴുകിയശേഷം അരച്ചെടുക്കുക. പച്ചമുളക്, ചുവന്നുളളി, ഉലുവ, ഇഞ്ചി, കരിവേപ്പില, ജീരകം എന്നിവ പാകംപോലെ ചേർക്കുക.
അരിത്തവിടാണ് എടുത്തുപറയേണ്ട മറ്റൊരു ഔഷധവിഭവം. കുത്തരിയുടെ തവിടിനേ ശരിയായഗുണമുണ്ടാവൂ. പച്ചനെല്ലുകുത്തിയെടുത്ത തവിടിന് സ്വാദ് കൂടും. പുഴുങ്ങിയ നെല്ലായാലും കുഴപ്പമില്ല. തവിടിന്റെ അട സ്വാദിഷ്‌ടവും പോഷകസമൃദ്ധവുമായ ഒരു ഭക്ഷണമാണ്. തവിട് വെളളംകൂട്ടിക്കുഴച്ച് പരത്തിയിട്ട് അതിൽ ശർക്കരയും നാളികേരവും മുകളിലിട്ട് മടക്കി ചീനച്ചട്ടിയിലിട്ട് ചുടുക. ഇല കരിയുന്ന പാകത്തിന് (ഇല വിട്ടുവരുമ്പോൾ) എടുത്ത് ഉപയോഗിക്കാം. തവിടുകൊണ്ട് കാപ്പിയുണ്ടാക്കി ദിവസവും കഴിച്ചാൽ രക്തം ഉണ്ടാകും. അരിത്തവിടിൽ ശർക്കരയും വെളളവും ഒഴിച്ച് ഉണ്ടാക്കുന്നതാണ് തവിടുകാപ്പി. ദേഹം വളരെ മെലിഞ്ഞ് ശരിയായ ഭക്ഷണം കഴിക്കാത്തവർക്ക് കുറേദിവസം അടുപ്പിച്ച് തവിടുകൊണ്ടുളള വിഭവങ്ങൾ നല്ലതാണ്. വായിലും നാക്കിലുമുളള കുരുക്കൾക്ക് തവിട് നല പ്രതിവിധിയാണ്. കണ്ണിൽ പീള അടയുന്നതിനും മൂക്കിലും ചെവിയിലും വെളളംവന്നുകൊണ്ടിരിക്കുന്നതിനും തവിടുഭക്ഷണം പരിഹാരമാണ്. കുട്ടികൾക്ക് മുലകൊടുക്കുന്ന അമ്മമാർക്കും ഗർഭിണികൾക്കും തവിട് ഗുണം ചെയ്യും. ദിവസേന തവിട് ഉപയോഗിച്ചാൽ വിശപ്പും മലശോധനയും ഉണ്ടാവും. ക്ഷീണം മാറും. ഭക്ഷണസാധനങ്ങൾ നല്ലപോലെ ദഹിക്കും. പ്രമേഹരോഗികൾക്ക് ആശ്വാസം നൽകാനും തവിട് ഉത്തമമാണ്. ധാതുപുഷ്‌ടിക്കും ശരീരബലത്തിനും ഉലുവ നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് സമംവറുത്ത് പൊടിച്ചഗോതമ്പും ചേർത്ത് കഞ്ഞിയാക്കി കുടിക്കാവുന്നതാണ്. ഉലുവ പാലിൽ പുഴുങ്ങിയോ കഷായംവെച്ചോ പഞ്ചസാരയിട്ട് കുടിച്ചാൽ ധാതുപുഷ്‌ടിയുണ്ടാകും. ഉലുവ, മല്ലി, ജീരകം, ചുക്ക് എന്നിവ വറുത്തുപൊടിച്ചുണ്ടാക്കുന്ന പൊടി കാപ്പിപ്പൊടിക്കുപകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ പാനീയമാണ്. പഞ്ഞപ്പുല്ല് എന്നറിയപ്പെടുന്ന റാഗി എല്ലിനു പല്ലിനും ബലം നൽകും. എളുപ്പം ദഹിക്കുന്ന സാധനമാണ്. ക്ഷീണം മാറും. അരിയേക്കാൾ ഊർജ്ജശക്തിയുണ്ട്. ത്വക്‌രോഗങ്ങൾ ഉണ്ടാവുകയില്ല. കാൽസിയവും ഇരുമ്പും റാഗിയിൽ ധാരാളമുണ്ട്. റാഗിപ്പൊടിയിൽ തേങ്ങാപ്പാലും വെളളവും ശർക്കരയും ചേർത്ത് തിളപ്പിച്ചുണ്ടാകുന്ന റാഗിക്കുറുക്ക് നല്ല പ്രഭാതഭക്ഷണമാണ്. നാഴിപ്പൊടിക്ക് ഒരുമുറി തേങ്ങയുടെ പാൽമതിയാകും. റാഗിമാവിൽ നാളികേരം, ഇഞ്ചി, കറിവേപ്പില എന്നിവ കലർത്തി പുട്ടുകുറ്റിയിൽനിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന റാഗിപുട്ട് രുചികരവും തവിടിന്റെ അംശം അടങ്ങിയതുമാണ്. നാഴിറാഗിപ്പൊടിയിൽ ഒരുമുറി തേങ്ങചിരകിയതും അല്പം ജീരകവും രണ്ട് ഏലക്കായ പൊടിച്ചതും ഇട്ട് ശർക്കരപ്പാനി ചേർത്ത് കുഴച്ച് ദോശക്കല്ലിൽ ഇലവെച്ച്‌പരത്തി ചുട്ടെടുക്കുന്ന റാഗിഅടയും നല്ലവിഭവമാണ്. റാഗിമാവിൽ നാളികേരം, ചുവന്നുളളി, പച്ചമുളക്, കറിവേപ്പില, ജീരകം എന്നിവകൂട്ടി അരച്ചുചേർത്ത് ദോശയുണ്ടാക്കിക്കഴിക്കാം. തേങ്ങാചട്ട്‌ണിയും ചേർത്ത് കഴിച്ചാൽ രുചികരമായിരിക്കും.
ഉങ്ങിൻതളിരുകൊണ്ടുളള തോരൻ അർശ്ശസ്സ് മാറ്റിയെടുക്കാനുളള നല്ല ഭക്ഷണമാണ്. ഒരു ചീനച്ചട്ടിയിൽ അല്പം നെയ്യ് ഒഴിച്ച് മുളക്, കറിവേപ്പില, ചുവന്നുളളി, എന്നിവ അരിഞ്ഞിട്ട് കടുക് വറുത്തിടുക. അത് പൊട്ടിത്തുടങ്ങിയാൽ ഒരു പിടി ഉങ്ങിൻ തളിര് (പുങ്കിൻതളിര് എന്നും പറയും) അരിഞ്ഞ് അതിലിട്ട് പാകംപോലെ ഉപ്പുവെളളം തളിച്ച് ഇളക്കി അടച്ചുവയ്‌ക്കുക. 15 മിനിറ്റുകഴിഞ്ഞ് കനലിൽ തീ കത്തിക്കാതെ വേവിച്ച ശേഷം ഇറക്കിവെച്ച് ഒന്നുകൂടി ഇളക്കി തേങ്ങാചിരവിയിട്ട് ചോറിനോട്‌കൂട്ടി കഴിക്കുക. രണ്ടാഴ്‌ച കഴിഞ്ഞാൽ മൂലക്കുരുവും കുടലിലെ കുരുക്കളും പഴുപ്പും പലതരം കൃമികളും മാറും. കുടലിലും ആമാശയത്തിലുമുളള കാൻസറിനും ഇതു നല്ലതാണ്.
വയൽച്ചുളളിയില നല്ലവണ്ണം കഴുകിയരിഞ്ഞ് ചീരക്കറിയോ തോരനോ വയ്‌ക്കുന്നതുപോലെ കറിവച്ച് പതിവായി കൂട്ടുന്നത് രക്തവാതം, നീര്, മൂത്രതടസ്സം എന്നിവയ്‌ക്ക് ഫലപ്രദമാണ്. ചെമ്പരത്തിമൊട്ട് തേങ്ങയും അല്പം മുളകും മഞ്ഞളും ചേർത്ത് അരച്ച് നല്ല മോരിൽകലക്കി പാകത്തിന് ഉപ്പും ചേർത്ത് അരച്ച് ഉലുവയും കറിവേപ്പിലയും വറുത്തിട്ടുണ്ടാക്കുന്ന കറി രക്തപിത്തത്തിന് നല്ലതാണ്. കടങ്ങൽ (കുടവൻ) പറിച്ചെടുത്തു കഴുകി തേങ്ങയും ചേർത്ത് അരച്ച് അല്പം കുരുമുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്ത് നല്ലമോരിൽ കലക്കി തിളപ്പിച്ചുണ്ടാക്കുന്ന കറി അതിസാരം, ഗ്രഹണി, അഗ്‌നിമാന്ദ്യം തുടങ്ങിയ എല്ലാ ഉദരരോഗങ്ങൾക്കും ഗുണം ചെയ്യും. കാട്ടുചേന തൊലികളഞ്ഞ് ആവിയിൽ പുഴുങ്ങി അരച്ച് പുളിച്ച മോരിൽ കലക്കി കടുകുവറുത്തുണ്ടാക്കുന്ന കറി അർശ്ശസ്സ് ശമിപ്പിക്കും. വാളൻപുളിയുടെ തളിരില തേങ്ങയും പച്ചമുളകും ചേർത്ത് അരച്ച് തൈരിലോ മോരിലോ കലക്കി പാകത്തിന് ഉപ്പും ചേർത്ത് കറിവേപ്പില, ഉലുവ, കടുക് ഇവ വറുത്തിട്ട് ഉപയോഗിക്കുന്നത് കഫം നശിപ്പിക്കും. തഴുതാമയുടെ ഇല ചെറുതായി അരിഞ്ഞ് മുളക്, ഉഴുന്നുപരിപ്പ്, കറിവേപ്പില ഇവ ഇട്ട് കടുക് പൊട്ടിച്ച് ഇല അരിഞ്ഞതിലേയ്‌ക്കിട്ട് പാകത്തിന് ഉപ്പും തേങ്ങചിരവിയതും ചേർത്ത് ഇളക്കി അടച്ചുവയ്‌ക്കണം. 15 മിനിട്ട് കഴിഞ്ഞാൽ അടപ്പ് എടുത്ത് ഇളക്കിവാങ്ങി ഉപയോഗിക്കാം. ഈ തോരൻ വാതത്തിനും കഫത്തിനും നീരിനും ഹൃദ്രോഗത്തിനും വിശേഷമാണ്. മുരിങ്ങയിലയും മുരിങ്ങപ്പൂവും തഴുതാമയിലയ്‌ക്കുപറഞ്ഞപോലെ പൊടിതൂവൽ ആക്കി ഉപയോഗിക്കാം. മുരിങ്ങയില അരിഞ്ഞ് ചെറുതാക്കേണ്ടതില്ല. കഫവാതശമനത്തിന് മുരിങ്ങ നല്ലതാണ്. ഇരുമ്പിന്റെ അംശം ധാരാളമുളളതിനാൽ ആസ്‌ത്‌മ, ചുമ, വാതം, രക്തസമ്മർദ്ദം എന്നിവയ്‌ക്ക് ആശ്വാസം നൽകും. കാഴ്‌ചശക്തി വർദ്ധിപ്പിക്കും. മുരിങ്ങയില ഒരു പാത്രത്തിലെടുത്ത് വെളളമൊഴിച്ച് പാകത്തിന് ഉപ്പും അരച്ച തേങ്ങ വെളളത്തിൽ കലക്കിഒഴിച്ച് തിളപ്പിച്ച് വാങ്ങിവെയ്‌ക്കുക. മറ്റൊരു പാത്രത്തിൽ ചുരണ്ടിയ തേങ്ങയും ഉഴുന്നുപരിപ്പും കറിവേപ്പിലയും ഇട്ട് വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്തിട്ട് മുൻപറഞ്ഞ കറി ഒഴിച്ചിളക്കി ഉപയോഗിക്കാം. മാവിൻപൂവ് എടുത്ത് തേങ്ങയും പാകത്തിന് മുളകും ജീരകവും ചേർത്ത് നല്ലതുപോലെ അരച്ച് തൈരിലോമോരിലോ കലക്കി കടുക് വറുത്തുണ്ടാക്കുന്ന കറി രുചികരമായിരിക്കും. അതിസാരം, വയറുകടി എന്നിവയ്‌ക്ക് നല്ലതാണ്. പുഴുക്കലരിയും ആനച്ചുവടിവേരും ഓരോപിടിവീതമെടുത്ത് അല്പം കരിപ്പെട്ടിയും ചേർത്ത് കുറച്ച് നെയ്യ് ചട്ടിയിൽ പുരട്ടി അടയുണ്ടാക്കി രാവിലെ കഴിക്കുന്നത് അർശ്ശസ്സിനെ ശമിപ്പിക്കും. ഒരു നാളികേരത്തിന്റെ പാൽ വെളളം ചേർക്കാതെ പിഴിഞ്ഞെടുത്ത് അതിൽ ഉഴക്ക് പച്ചരിയും കുറച്ച് ചുവന്നുളളിയും വേവിച്ച് ആഴ്‌ചയിൽ രണ്ടു പ്രാവശ്യം കഴിക്കുന്നത് മൂലക്കുരുവിന് നല്ലതാണ്. എപ്പോഴും വിശപ്പും പരവേശവുമുളളവർക്ക് ഉഴുന്നുചേർത്ത് ഉണ്ടാക്കുന്ന ഇഡ്‌ഡലിയോ ദോശയോ കുറേദിവസം രാവിലെ കഴിക്കുന്നത് പ്രയോജനപ്പെടും. വെണ്ടയ്‌ക്ക കൊണ്ടുണ്ടാക്കുന്ന സൂപ്പ് നടുവേദന, വാതം മുതലായരോഗങ്ങൾക്ക് വിശേഷമാണ്. മൂക്കാത്ത 25 വെണ്ടയ്‌ക്ക ചെറുതായി മുറിച്ച് പാത്രത്തിലിട്ട് ഇടങ്ങഴി വെളളമൊഴിച്ച് പാത്രത്തിന്റെ വായ് വാഴയിലകൊണ്ട് നല്ലവണ്ണം മൂടിക്കെട്ടി കുറേശ്ശെ തീ കത്തിച്ച് വെളളം വറ്റിച്ച് നാഴിയാക്കണം. പിഴിഞ്ഞെടുത്ത് നെയ്യിൽ ചുവന്നുളളിയും ഇട്ട് മൂപ്പിച്ച് സൂപ്പ് അതിലൊഴിച്ച് ജീരകപ്പൊടിചേർത്ത് രണ്ടുനേരമായി കുടിക്കണം. വെണ്ടയ്‌ക്ക ധാതുക്ഷയം ഇല്ലാതാക്കും. ഔജസ്സ് നൽകും. രക്തമില്ലായ്‌മ, മലബന്ധം, ദീപനക്ഷയം, വയറുവേദന, മന്ദത, ചുമ, വിളർച്ച തുടങ്ങിയ പല രോഗങ്ങളും മാറ്റി ശരീരത്തെ പുഷ്‌ടിപ്പെടുത്തും. ഒരുറാത്തൽ ആട്ടിറിച്ചിക്കുതുല്യമാണ് ഒരുറാത്തൽ വെണ്ടയ്‌ക്ക. മുറിവിനും ചതവിനും ക്ഷയത്തിനും അടിയേറ്റുണ്ടാവുന്ന കേടിനും വളരെ ഫലപ്രദമായ ഒരു മുട്ടക്കഞ്ഞിയുണ്ട്. താറുതാവൽ ആറ് കഴഞ്ച്, ജീരകം നാലുകഴഞ്ച്, ആശാളി രണ്ടുകഴഞ്ച് ഇവ അരച്ച് വെളളത്തിൽ കലക്കി തെളിയെടുത്ത് ഒരു കോഴിമുട്ട അതിൽ ഉടച്ചൊഴിച്ച് കടഞ്ഞ് ആ വെളളത്തിൽ അരിയിട്ട് കഞ്ഞിവെച്ച് നെയ്യ് താളിച്ച് കുടിക്കണം.
ഇളയ മുളയുടെ കുരുന്ന് വെളളത്തിൽ അരിഞ്ഞിട്ട് അതിന്റെ കട്ടുകളഞ്ഞ് ഉപ്പിലിട്ട് കഴിക്കുകയോ തോരനുണ്ടാക്കി കഴിക്കുകയോ ചെയ്‌താൽ തണുപ്പറിയുകയില്ല. വാതത്തിന് നല്ലതാണ്. തമിഴ്‌നാട്ടിൽ സുലഭമായുളള അരുണക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് ഉപ്പുമാവോ മറ്റോ ഉണ്ടാക്കിക്കഴിച്ചാൽ പത്തുപതിനഞ്ചുദിവസംകൊണ്ട് ചോരപോകുന്ന മൂലക്കുരുവിനുപോലും ആശ്വാസമുണ്ടാകും. പുളിയാരിലകൊണ്ട് ചമ്മന്തിയും കറിയും ഉണ്ടാക്കിക്കഴിക്കുന്നത് വയറുകടി, മലബന്ധം, ഉദരരോഗങ്ങൾ എന്നിവയ്‌ക്ക് നല്ലതാണ്. പൊതിനയിലകൊണ്ടുളള കറിയും ചമ്മന്തിയും ദഹനത്തിനും ഉദരരോഗങ്ങൾക്കും വിശേഷമാണ്. ചമ്മന്തി ഉണ്ടാക്കുവാൻ മറ്റുരണ്ട് ഔഷധസസ്യങ്ങളാണ് കുടവനും കറിവേപ്പിലയും. കുടവൻ ഹൃദയത്തിന്റെ അസുഖങ്ങൾക്കും ത്വക്‌രോഗങ്ങൾക്കും വയറുവേദന, ആർത്തവസംബന്ധമായ ക്രമക്കേടുകൾ എന്നിവയ്‌ക്കും പ്രതിവിധിയാണ്. കറിവേപ്പില തേങ്ങയും പച്ചമുളകും ചേർത്തരച്ച് മോരിൽ കലക്കി കടുക് വറുത്ത് പാകത്തിന് ഉപ്പും ചേർത്തുണ്ടാക്കുന്ന കറി ഉദരസംബന്ധംമായ അസുഖങ്ങൾ മാറ്റുകയും കരളിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തിലെ വിഷാംശങ്ങളെ കളയും. ഇഞ്ചികൊണ്ടുളള വിഭവമാണ് മറ്റൊരു ഔഷധഭക്ഷണം. ഇഞ്ചി ചുട്ടെടുത്ത് തേങ്ങയും വാളൻപുളിയും ഉപ്പും ചുവന്നുളളിയും ചേർത്ത് വെളളം കൂട്ടാതെ അരച്ചുണ്ടാക്കുന്ന ചമ്മന്തി രുചികരമാണ്. ഇഞ്ചിതൊലികളഞ്ഞ് അരിഞ്ഞ് നെയ്യ് പുരട്ടിവറുത്ത് പൊടിച്ചുവയ്‌ക്കുക. ഒരുകൽച്ചട്ടിയിൽ വാളൻപുളികലക്കി കുറച്ച് മഞ്ഞപ്പൊടിയും പാകത്തിന് ഉപ്പുംച്ചേർത്ത് തിളപ്പിച്ച് കൊഴുത്തുവരുമ്പോൾ ഇഞ്ചിപ്പൊടി ചേർത്ത് ഇളക്കി ഉപയോഗിക്കാം. ഈ കറി കഫശല്യത്തിനും അഗ്‌നിമാന്ദ്യത്തിനും നല്ലതാണ്. ശ്വാസകോശാദിരോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും ഏത്തവാഴച്ചുണ്ടിന്റെ കറി നല്ലതാണ്. ഏത്തവാഴച്ചുണ്ട് കൊത്തിയരിഞ്ഞ് ഇന്തുപ്പ്, കറിയുപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് വേവിച്ച നെയ്യിൽ കടുക് വറുത്ത് പലഹാരമായിട്ടോ ചോറിന് കറിയായോ ഉപയോഗിക്കാം. പഴകിയ വയറുകടിക്ക് (അമീബിക് ഡിസൻട്രി) വാഴച്ചുണ്ട് പച്ചവെളളത്തിൽ കൊത്തിയരിഞ്ഞ് കറയോടുകൂടി വേവിച്ച് നെയ്യിൽ ഉഴുന്നുപരിപ്പ് വറുത്ത് അതിൽ വാഴച്ചുണ്ട് വേവിച്ചതിട്ട് ഉലർത്തി ഉച്ചയ്‌ക്കു ചൂടുചോറിൽകുഴച്ച് കഴിക്കണം. മൂന്നാലുദിവസം കഴിച്ചാൽ സുഖമാകും. അതിനുശേഷം മാസത്തിലൊരിക്കൽ കഴിച്ചാൽ മതി.
നറുനീണ്ടി (നന്നാറി) വേര് ചതച്ച് വെളളത്തിൽ ഇട്ട് തിളപ്പിച്ച് പാലും പഞ്ചസാരയും ചേർത്ത് ചായപോലെ ഉണ്ടാക്കിക്കഴിക്കുന്നത് ചർമ്മരോഗങ്ങൾ ഭേദമാക്കും. 100 ഗ്രാം വെളളുളളി മുഴുവനോടെ (അരിയരുത്) നന്നാക്കി എടുത്ത് ഒരു താറാമുട്ടയിൽ ആവശ്യത്തിനുപ്പുചേർത്ത് മുങ്ങിവേവാവുന്ന നറുനെയ്യിൽ ഓംലറ്റ് ഉണ്ടാക്കി 10 ദിവസം തുടർച്ചയായി രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ മൂലക്കുരുവിന് ആശ്വാസം കിട്ടും. 10 മുക്കുറ്റി സമൂലം അരച്ച് നീരെടുക്കുക. ഒരു താറാമുട്ടയിൽ ആവശ്യത്തിന് ഉപ്പുചേർത്ത് നറുനെയ്യിൽ ഓംലറ്റ് ഉണ്ടാക്കി 10 ദിവസം തുടർച്ചയായി വൈകിട്ട് കഴിക്കുന്നത് മൂലക്കുരുവിന് നല്ലതാണ്. പാമ്പിന്റെ ആകൃതിയിലുളള മലിഞ്ഞീൻമൽസ്യം ഔഷധവീര്യമുളള ഒന്നാണ്. പെട്ടെന്ന് ജീവൻപോകാത്ത ഈ മൽസ്യത്തെ ജീവനോടെ കൊണ്ടുവന്ന് പുറമേയുളള അഴുക്ക്‌കളഞ്ഞ് വറുത്ത അരിപ്പൊടിയിലിടുക. മൽസ്യം കിടന്നുരുളുമ്പോൾ പൊടി അതിന്റെ മേൽ നല്ലവണ്ണം പുരളും. ആ പൊടി തുടച്ചെടുക്കുക. ഇതുപോലെ മൂന്നുപ്രാവിശ്യം ആവർത്തിക്കുക. മീനിന്റെ പുറത്തുളള ഞോളപ്പ് പൊടിയിൽ കലർന്നുകിട്ടും. ആ പൊടിയെടുത്ത് ആവശ്യമുളള പൊടി വേറെയും കൂട്ടി കൈകൊണ്ട് പരത്തിയുണ്ടാക്കുന്ന കൈപ്പത്തിരി കഴിക്കുന്നത് മൂലക്കുരുവിന് നല്ലതാണ് മൽസ്യം തൊലിയുരുച്ച് വറുക്കുകയോ കറിവെയ്‌ക്കുകയോ ചെയ്യാം. ആസ്‌തമയ്‌ക്ക് ആശ്വാസംകിട്ടാനും ശരീരം ഭേദപ്പെടാനും ഇത് ഉപകരിക്കും.
ഔഷധഗുണമുളള കറികൾ പണ്ടുകാലത്ത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നെന്ന് കാണാം. ചുറ്റുപാടുനിന്നും എളുപ്പത്തിൽ കിട്ടാവുന്ന സസ്യങ്ങളുടേയും മൃഗങ്ങളുടേയും മറ്റുസാധനങ്ങളുടേയും ഔഷധമൂല്യം കണ്ടെത്താനും അത് ദൈനംദിന ഭക്ഷണത്തിൽ വൈവിദ്ധ്യമാർന്ന വിഭവങ്ങളായി ഉൾപ്പെടുത്താനും പണ്ടുളളവർ കാണിച്ച വൈഭവവും ശുഷ്‌കാന്തിയും മാതൃകാപരമെന്നു പറയണം. ഇനിയും നമ്മുടെ കണ്ണുചെല്ലാത്ത എത്രയോ ഔഷധവിഭവങ്ങളുണ്ടാവും. പ്രായംചെന്ന തലമുറയുടെ നാവിൽനിന്ന് അവയുടെ കൂട്ടുകൾ കൂട്ടിവായിച്ചെടുക്കാൻ നാം ഒട്ടും അമാന്തിച്ചുകൂടാ.
Generated from archived content: annam_july29_05.html Author: p_indusekharan