കളംപാട്ടും താലപ്പൊലിയും

പെരുമാക്കൻമാരുടെ ഭരണത്തിനുശേഷം അനേകം നാട്ടുരാജ്യങ്ങളായിത്തീർന്ന കേരളത്തിൽ ഓരോ നാടുവാഴിക്കും നാട്ടുരാജ്യത്തിനും പ്രത്യേകം ആരാധനാദേവതകൾ ഉണ്ടായിരുന്നു. ദേവീസങ്കൽപ്പത്തിലുളള ഈശ്വരാംശമാണ്‌ -പരദേവതയാണ്‌ പ്രധാന ആരാധനാമൂർത്തി. ഈ ദേവതമാർ ‘അമ്മ’ദൈവങ്ങളായി അറിയപ്പെടുന്നു. ഈ ദേവതകളിൽ പ്രധാനം ഭദ്രകാളീസങ്കൽപ്പമാണ്‌. വടക്ക്‌ കോട്ടയം നാടുവാഴികൾക്ക്‌ ശ്രീപോർക്കലീഭഗവതിയും (മൃഗഭംഗശൈലേശ്വരി) കോലത്തിരിക്ക്‌ട ചെറുകുന്ന്‌ അന്നപൂർണ്ണേശ്വരിയും വടകരവാഴുന്നോർക്ക്‌ ലോകനാർക്കാവ്‌ ഭഗവതിയും വളളുക്കോനാതിരിക്ക്‌ തിരുമാന്ധാംകുന്നിലമ്മയും പാലക്കാട്ടുശ്ശേരി രാജകുടുംബങ്ങൾക്ക്‌ ഏവൂർഭഗവതിയും കൊളളങ്കോട്ട്‌ രാജാവിന്‌ കാച്ചാംകുറിശ്ശിയും കൊച്ചീരാജാവിന്‌ പഴയന്നൂർഭഗവതിയും കൊടുങ്ങല്ലൂർ രാജകുടുംബത്തിന്‌ ശ്രീകുരുബയും പരദൈവങ്ങളാണ്‌. അതാതു നാട്ടിലെ ഈ ദേവീസങ്കൽപ്പങ്ങൾ തദ്ദേശവാസികൾക്ക്‌ വളരെയധികം പവിത്രവും വിശ്വാസയോഗ്യവുമായ ഒന്നായിട്ടാണ്‌ കാണാൻ കഴിയുന്നത്‌.

വളളുവാനാട്ടിലെ ആചാരവിശേഷങ്ങൾഃ കേരളത്തിലെ ഏറ്റവും പഴക്കമുളള ദേവീസങ്കൽപ്പങ്ങളിലൊന്നാണ്‌ തിരുമാന്ധാംകുന്നിലേത്‌. കൊടുങ്ങല്ലൂർക്ഷേത്രത്തിനു മുൻപുളള ഈ ക്ഷേത്രതട്ടകത്തിൻകീഴിലെ ജനങ്ങൾ ഭരണിക്കാലത്ത്‌ കൊടുങ്ങല്ലൂർക്ക്‌ ‘കെട്ടുകെട്ടി’ പോകാത്തത്‌ ഈ വിശ്വാസത്തിന്‌ ഉപോൽബലകമായ ഒന്നാണ്‌. തിരുമാന്ധാംകുന്നിലമ്മയുടെ ‘അനിയത്തി’ എന്നു കൊടുങ്ങല്ലൂരമ്മയെ വിശേഷിപ്പിക്കാറുളളതും ഓർമ്മിക്കേണ്ടതാണ്‌.

ഭദ്രകാളീ സങ്കൽപ്പംഃ പൗരാണികകാലങ്ങളിൽ സാധുജനദ്രോഹകനായ ‘ദാരികൻ)എന്ന അസുരനെ നിഗ്രഹിച്ച ശക്തി എന്ന്‌ ഭഭ്രകാളി പ്രകീർത്തിക്കപ്പെടുന്നു. ദുഷ്‌ടനിഗ്രഹത്തിനും ശിഷ്‌ടജനപരിപാലനത്തിനുമായാണല്ലോ ഭദ്രകാളീസങ്കൽപ്പംതന്നെ ഉടലെടുത്തത്‌. ഒറ്റത്തടിയിലുളള ലോകത്തേറ്റവും വലിയ ദാരുവിഗ്രഹം തിരുമാന്ധാംകുന്നിലേതാണ്‌. ഭദ്രകാളീകാവുകളിൽ അധികവും ദാരുവിഗ്രഹങ്ങളാണ്‌ കാണപ്പെടുന്നത്‌. ഇവിടത്തെ ആചാരാനുഷ്‌ഠാനങ്ങൾ ദ്രാവിഡരീതിയിലാണെന്നതും ശ്രദ്ധേയമാണ്‌. പണ്ടുകാലങ്ങളിൽ നരബലിയും മൃഗബലിയും മദ്യം, മാംസം എന്നിവകൊണ്ടുളള പൂജകളും നടന്നിരുന്ന ഭദ്രകാളീക്ഷേത്രങ്ങളിൽ പിന്നീട്‌ ഉത്തമത്തിലുളള പൂജകളാണ്‌ ആചരിക്കുന്നത്‌. ’അടികൾ‘ എന്ന വിഭാഗം പൂജചെയ്യുമ്പോൾ ഇന്നും മധ്യമരീതിയിലാണ്‌ പൂജ നടത്തുന്നത്‌ (തിരുമാന്ധാംകുന്നിൽ ഇതു നിർത്തി. കൊടുങ്ങല്ലൂരിൽ ഇപ്പോഴും ഈ രീതി തുടരുന്നു. മദ്യത്തിനു പകരം തേനും മാംസത്തിനു പകരം ഉഴുന്നുവടയും നേദിക്കുന്നു). ഇവിടത്തെ മറ്റൊരു ആചാരാനുഷ്‌ഠാനമാണ്‌ കുറുപ്പൻമാർ നടത്തുന്ന കളംപാട്ട്‌. കേരളത്തിൽ കളം പാട്ടിലൂടെ ഏറ്റവുമധികം പ്രകീർത്തിക്കപ്പെടുന്ന ദേവത തിരുമാന്ധാംകുന്നിലമ്മയാണ്‌. ഇന്നും പഴയ ചിട്ടവട്ടങ്ങൾ മാറ്റാതെ ഭദ്രകാളിക്ക്‌ കളംപാട്ട്‌ ഏറ്റവും കൂടുതൽ നടന്നുവരുന്നത്‌ തിരുമാന്ധാംകുന്ന്‌ തട്ടകത്തിലാണ്‌.

കളംപാട്ടും താലപ്പൊലിയുംഃ വളളുവക്കോനാതിരിയുടേയും വളളുവനാടിന്റേയും പരദേവതയായ തിരുമാന്ധാംകുന്ന്‌ ഭഗവതിക്ക്‌ വർഷംമുഴുവൻ കളംപാട്ട്‌ നടത്തുന്നുണ്ട്‌. ഇതിൽ ഏറ്റവും പ്രധാനം ഈ ക്ഷേത്രത്തിൽവച്ച്‌ വൃശ്ചികം ഒന്നാംതീയതി തുടങ്ങി പത്താം പൂരദിവസം അവസാനിക്കുന്നതും പൂരത്തിനുശേഷം ക്ഷേത്രത്തിന്‌ അല്പം വിട്ട്‌ പാട്ടുകണ്ടത്തിൽ നടക്കുന്നതുമായ കളംപാട്ടാണ്‌. ഇതിനുപുറമേ ഈ തട്ടകത്തിനുകീഴിൽ വരുന്ന 82 മനയില്ലങ്ങളിലും 41 പ്രമുഖവീടുകളിലെ തെക്കിനിത്തറയിലും അസംഖ്യം ഗ്രാമക്ഷേത്രങ്ങളിലും കളംപാട്ട്‌ കൊണ്ടാടുന്നു. ഗ്രാമങ്ങൾക്ക്‌ കാർഷികാഭിവൃദ്ധിയും എല്ലാത്തരത്തിലുമുളള ശത്രുക്കളുടെ ഉപദ്രവം ഒഴിവാക്കാനായിട്ടുമാണ്‌ ഇത്‌ കൊണ്ടാടുന്നത്‌. തുലാമാസം 1-​‍ാംതിയതി പാതായ്‌കരമനയിൽ തുടങ്ങി പൂരംപുറപ്പാടിന്റെ രണ്ടുദിവസം മുമ്പ്‌ പുത്തൂർ ക്ഷേത്രത്തിൽ അവസാനിക്കുന്ന വിധത്തിൽ ഇവിടെ കളംപാട്ട്‌ നടത്തുന്നു. തട്ടകത്തിനു കീഴിലുളള മറ്റുപാട്ടുകളെല്ലാം പൂരത്തിനുമുൻപ്‌ അവസാനിക്കുന്ന വിധത്തിലാണ്‌. തിരുമാന്ധാംകുന്നിലെ മണ്‌ഡലക്കാലത്തെ 41 കളംപാട്ട്‌ 41 സ്‌ഥാനികളും പൂരത്തലേന്ന്‌ നടത്തുന്ന രോഹിണിപ്പാട്ട്‌ (മീനമാസത്തിലെ രോഹിണിദിവസം മകയിരം ദിവസം പൂരം കൊട്ടിപ്പുറപ്പെടും) മണ്ണാർക്കാട്‌ നായർവീട്‌ വകയും നടത്തുന്നു. ഇവിടെ വാളെടുത്തു വെളിച്ചപ്പെടുന്നതും മറ്റും ബ്രാഹ്‌മണജാതിയിൽപ്പെട്ട ’അടികൾ‘മാരാണ്‌. ഇവരാണ്‌ നൃത്തംചെയ്യുന്നതും കളംമായ്‌ക്കുന്നതുമെല്ലാം.

കളംഃ ക്ഷേത്രത്തിൽവച്ച്‌ കളംപാട്ട്‌ നടത്തുകയാണെങ്കിൽ വാതിൽമാടത്തിൽ ദേവന്‌ വലതുവശത്തുളള തറയിലും വീടുകളിലാണെങ്കിൽ തെക്കിനിത്തറയിലും കളമെഴുതുന്നു. ഇവിടം ’പാട്ടുമണ്‌ഡപം‘ എന്നറിയപ്പെടുന്നു. ഇതിന്‌ തെക്കുവശത്തേയ്‌ക്കു ഒരു വാതിലുണ്ട്‌. 4 തൂണുകളും മുകളിൽ ഉത്തരവും വച്ച്‌ ചൂടികൊണ്ട്‌ മണ്‌ഡപത്തിൽ മുകളിൽകുറുകെ കെട്ടുന്നു. ഇവിടെ മദ്ധ്യത്തിലായി ഈ കയറുകളിൽ ’കൂറ‘യിടുന്നു. പാട്ടുതുടങ്ങുന്നതിന്‌ ’കൂറ&ഇടുക‘ എന്നാണു പറയുന്നത്‌. ചുവന്നപട്ടാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ഇതിനു മുകളിൽ അലക്കിയ വെളളത്തുണി വിരിച്ചലങ്കരിക്കുന്നു. നാലഭാഗമുളള കാലുകളും ഉത്തരങ്ങളും മുഴുവൻ വെളളത്തുണികൊണ്ട്‌ പൊതിയും. ഇതിനുപുറമെ ചുവന്ന പട്ടുതുണികൊണ്ടു പൊതിയും. ഇതിനു പുറമെ ചുവന്ന പട്ടുതുണികൾകൊണ്ട്‌ ഞൊറികൾവച്ച്‌ നാലുഭാഗവും അലങ്കരിക്കുന്നു. ഇത്‌ ’ഇറയത്തരം‘ എന്നറിയപ്പെടുന്നു. കുരുത്തോല, ദ്‌മാലകൾ, കവുങ്ങിൻപൂക്കുല, ഇലയോടുകൂടിയ കണ്ണിമാങ്ങാക്കുല, അരളിയില, ഇളനീർ, അടക്ക, വെറ്റില, ഇടിച്ചക്ക എന്നിവയും തൂക്കി അലങ്കരിക്കുന്നു. പ്രകൃതിയിൽനിന്നും ലഭിക്കുന്ന വസ്‌തുക്കൾകൊണ്ടാണ്‌ ഒരു കളം ആദ്യവസാനം രൂപീകൃതമാവുന്നത്‌. ശിരസ്സ്‌ കിഴക്കോട്ടും പാദം പടിഞ്ഞാറോട്ടുമായിട്ടാണ്‌ രൂപം എഴുതുന്നത്‌. ഓരോ ദിവസവും ഈ മണ്‌ഡപം ചാണകം മെഴുകുന്നു. കൂറയിട്ടു കഴിഞ്ഞാൽ മനോഹരങ്ങളായ ഒരു പീഠവും വെച്ചാരാധിക്കുന്ന ഒരുവാളും പാട്ടുമണ്‌ഡപത്തിന്റെ ശിരോഭാഗത്തായി വയ്‌ക്കുന്നു.

ഉച്ചിപ്പാട്ട്‌ഃ പന്തീരടിപൂജയ്‌ക്കുശേഷം കളത്തിലേയ്‌ക്ക്‌ വാളെഴുന്നളളിക്കുന്നു. ഈ സമയത്ത്‌ ഒരു കളംപൂജ പതിവുണ്ട്‌. വാദ്യാകമ്പടിയും പതിവാണ്‌. പാട്ടുമണ്‌ഡപത്തിന്റെ ചുറ്റും നാലുവിളക്കുകളും വടക്ക്‌ ഭാഗത്തും പാദത്തിലും ഓരോവിളക്കും വയ്‌ക്കുന്നു. ഈ പൂജയ്‌ക്കുശേഷം കുറുപ്പൻമാർ ദാരികാവധവും ’ചെമ്പൊന്നിൻ പുറവടി‘എന്ന പാദാദികേശവും പാടുന്നു. പിന്നീട്‌ ഭഗവതിയെ കളത്തിലാവാഹിച്ച്‌ പൂജയുംപാട്ടും അവസാനിപ്പിക്കുന്നു.

രചനഃ വൈകുന്നേരം നാലരയോടെ കുറുപ്പ്‌ കുളിച്ചുവന്ന്‌ രണ്ടുവിളക്കുകൾ തെളിയിച്ച്‌ ചിത്രരചന ആരംഭിക്കുന്നു. ആദ്യം കറുത്തപൊടി അടിസ്ഥാനമായി വിതറുന്നു. ഇതിൽ വെളുത്തപൊടികൊണ്ട്‌ ഒരു ക്രോസ്‌ വരയ്‌ക്കുന്നു. പിന്നീട്‌ പാദം മുതൽ വരയ്‌ക്കാനാരംഭിക്കുന്നു. ’പുളളിപ്പട്ട്‌‘ എന്ന രീതിയിലുളള വസ്‌ത്രം വിശേഷാൽ ദിവസങ്ങൾക്കാണ്‌ വരയ്‌ക്കുന്നത്‌. ക്രമത്തിൽ പാദം, വസ്‌ത്രം, അരക്കെട്ട്‌, കൈകൾ, മാറിടം, തിരുമുഖം, കിരീടം എന്നിവ വരയ്‌ക്കുന്നു. പിന്നീട്‌ പ്രഭാമണ്‌ഡലം വരയ്‌ക്കുന്നു. എട്ടുകൈകളോടുകൂടിയ വിധത്തിലാണ്‌ രൂപം വരയ്‌ക്കുന്നത്‌. “ഫണി, വാൾ, വട്ടക, ശൂലം, പരിചയുംതലയും

മണി ഖഡ്‌ഗമേന്തും കരമെട്ടും തൊഴുന്നേൻ” എന്നാണ്‌ പ്രമാണം. കറുത്ത പൊടിക്കായി ഉമിക്കരി നേർമ്മയോടെ പൊടിച്ചതും വെളുത്തപൊടിക്ക്‌ അരിപ്പൊടിയും മഞ്ഞപ്പൊടിക്ക്‌ മഞ്ഞൾപ്പൊടിയും ചുവന്നപൊടിക്ക്‌ ചുണ്ണാമ്പും മഞ്ഞൾപ്പൊടിയും യോജിപ്പിച്ചും പച്ചപ്പൊടിക്ക്‌ വാക, മഞ്ചാടി ഇവയുടെ ഇലകൾ ഉണക്കിപ്പൊടിച്ചതും ഉപയോഗിക്കുന്നു. സ്തനങ്ങൾക്ക്‌ മുന്നാഴി ഉണങ്ങല്ലരി ഉപയോഗിക്കുന്നു. കളമെഴുതിക്കഴിഞ്ഞാൽ ഒടുവിൽ ’തൃക്കണ്ണ്‌‘ മിഴിപ്പിക്കുക എന്ന നേത്രോൻമീലനം നടത്തുന്നു. കളംവരച്ചുതീരുന്നതോടെ അലങ്കാരങ്ങളും പൂർത്തിയാകുന്നു. രാത്രി എട്ടുമണിക്ക്‌ അത്താഴപൂജയ്‌ക്കുശേഷം എല്ലാ വിളക്കുകളും തെളിയിച്ച്‌ കളംപൂജ ആരംഭിക്കുന്നു. അപ്പം, പായസം, എന്നിവ നേദിക്കുകയും ചെയ്യും. കളത്തിനു ചുറ്റും 8 ഇലകളിലായി മുന്നാഴിവീതം ഉണങ്ങല്ലരിയും ഓരോ നാളികേരവുംവയ്‌ക്കുന്നു. വടക്കുഭാഗത്ത്‌ ഒരു നാരായം നെല്ലും വയ്‌ക്കുന്നു. കളം വരച്ചുതീർത്താൽ മാരാർ വാതിൽമാടത്തിന്‌ പുറത്തിറങ്ങി സന്ധ്യാവേലകൊട്ടുന്നു. ’കളംതീർന്നകൊട്ട്‌‘ എന്നും ഇത്‌ അറിയപ്പെടുന്നു. പിന്നീട്‌ കളംപൂജയ്‌ക്കനുസൃതമായി മാരാർ കൊട്ടുന്നു. ഈ സമയത്താണ്‌ എല്ലാവരും തൊഴുതുവന്ദിക്കുവാൻ എത്തുക. കളംപൂജയ്‌ക്കുശേഷം കുറുപ്പൻമാർ പാടാനിരിക്കുന്നു. ഭഗവതിയെ വന്ദിച്ചശേഷം അവർ ’ചെമ്പൊന്നിൻ പുറവടി‘ എന്നുതുടങ്ങുന്ന പാദാദികേശവർണ്ണനയും ദാരികാവധത്തിലെ ഏതാനും വരികളുംപാടുന്നു. ഇതിനുപയോഗിക്കുന്ന തന്ത്രിവാദ്യം ’നന്ദുർണി‘ എന്നറിയപ്പെടുന്നു. വിശേഷക്കളമാണെങ്കിൽ പൂന്താനത്തിന്റെ ഘനസംഘവും ആലപിക്കാറുണ്ട്‌. അതിനുശേഷം കളത്തിലേയ്‌ക്ക്‌ ഭഗവതിയെ ആനയിക്കുന്നു. ആദ്യം കൈലാസത്തിൽനിന്നും പുറപ്പെട്ടുവരുന്നതുവർണ്ണിക്കുന്നു. പിന്നീട്‌ “ഏകം വങ്കണവീര്യം വലംചെയ്‌ത്‌ നാലുശ്ശേരിവാഴും നാല്പനങ്ങളും വലം ചെയ്‌ത്‌” എന്ന രീതിയിൽ തിരുമാന്ധാംകുന്നിലേയ്‌ക്കും നയിക്കുന്നു. പിന്നീട്‌ തിരുമാന്ധാംകുന്നിൽനിന്നു പാട്ടുമണ്‌ഡപത്തിലേയ്‌ക്കും ആനയിക്കുന്നു. പണ്ടുകാലങ്ങളിൽ മൃഗബലിയും മറ്റും ക്ഷേത്രങ്ങളിൽ നടത്തിയിരുന്നതിനു തെളിവാണ്‌.

“മുപ്പട്ട്‌ ചൊവ്വാഴിച്ച വെളിപ്പെട്ടൂര്‌ പോയാകദേവി

ചെങ്കോഴി ആട്‌ അറുത്ത്‌ കാളിയാട്ടവും കണ്ട്‌

മേവിനായോ………ഒത്തോരു പാതിരാനേരം വിളി

പറഞ്ഞ്‌ പാത്രവട്ടകയും കൈയിൽപിടിച്ച്‌ വേതാളത്തിൻ

പുറത്തേറികൊട്ടുമാർപ്പുമലങ്കിരങ്ങളോടും കൂടി” എന്നിങ്ങനെയുളള കളം പാട്ടിലെ വരികൾ,

“കണ്ടാചുരൻ നലതുണ്ടമിടുന്നവൾ

ചാമുണ്ടിയെന്നുളള നാമം ധരിപ്പവൾ

വാരണം കാതിനു തോരണം തൂപ്പവൾ

ചൂഴിപ്പെരുമ്പട കൂടെത്തടുത്തവൾ

ദാരികൻ തല വെട്ടിയറുത്തവൾ

ശൂലംകപാലങ്ങൾ കൈയിൽ ധരിപ്പവൾ”

എന്നിങ്ങനെയും സ്‌തുതിക്കുന്നു. ഒടുവിൽ പലനാടുകളിലൂടെയും ക്ഷേത്രങ്ങളിലൂടെയും പാട്ടുമണ്‌ഡപത്തിലെഴുന്നളളുന്ന ഭഗവതിയെ ’വരിക വരിക വരിക‘ എന്നു ചൊല്ലി കളത്തിലേയ്‌ക്ക്‌ ആനയിക്കുന്നു. ’ഏകം വങ്കണ വീര്യം‘ എന്ന പാട്ടാകുമ്പോഴേയ്‌ക്കും മാരാരും കഴകക്കാരനും നടുവിലെ കുരുത്തോലയും തലയ്‌ക്കലും കാല്‌ക്കലുമുളള മാലകളും കുരുത്തോലകളും ഒഴിച്ച്‌ ബാക്കിയെല്ലാം അഴിച്ചുമാറ്റുന്നു. പിന്നീട്‌ കുറുപ്പ്‌ ’തിരിയുഴിച്ചിൽ‘എന്ന ചടങ്ങ്‌ നടത്തുന്നു. പൂവുകൊണ്ട്‌ ആരാധിച്ചശേഷം കാൽക്കൽനിന്ന്‌ ഒരിത്തിരിസ്ഥലം കളംതൊട്ട്‌ തലയിൽവെച്ചശേഷം മായ്‌ക്കുന്നു. പിന്നീട്‌ പൂക്കുല എട്ടുസഥലങ്ങളിലായി അർപ്പിക്കുന്നു. തുടർന്ന്‌ പന്ത്രണ്ടോളം തിരികളും കുറച്ച്‌ അരിയും അർപ്പിക്കുന്നു. പൂവും പൂക്കുലയും ഭഗവതിയുടെ വാഹനമായ വേതാളത്തിനും അരിയും തിരിയും ഭൂതഗണങ്ങൾക്കുമെന്നാണ്‌ സങ്കല്പം. അതിനുശേഷം വലിയകുറുപ്പ്‌ കുളിക്കാൻ പോയി കുളികഴിഞ്ഞ്‌ ’കെട്ടിച്ചുറ്റി‘ വരികയും ചെയ്യുന്നു. പീഠത്തിലെ വാൽക്കണ്ണാടിയിലെ തിരുവുടയാട മാറ്റിയശേഷം വാളെടുത്തു കൊട്ടിനനുസരിച്ച്‌ നൃത്തം ചവുട്ടി “ഹിയ്യോ…” എന്ന്‌ അട്ടഹസിക്കുന്നു. ഇതിനുശേഷം കളം വലംവയ്‌ക്കുകയും കുരുത്തോലകൾ വെട്ടിമാറ്റുകയും ചെയ്യുന്നു. പിന്നീട്‌ കളം മായ്‌ക്കുന്നു. കളത്തിന്റെ നടുവിലേയ്‌ക്ക്‌ നീക്കിവയ്‌ക്കുന്ന പീഠത്തിലിരുന്ന്‌ നിരങ്ങി “പീഠം നിരക്കി” കളംമായ്‌ക്കുകയും ചെയ്യാറുണ്ട്‌. ഇതിന്‌ കൊട്ടുംപാട്ടും അകമ്പടിയുണ്ടാകും. ഇതിനുശേഷം കളപ്പൊടി പ്രസാദമായി കൊടുക്കുന്നു. 7,14,28,41 തുടങ്ങി പല ദിവസങ്ങളിലായി പാട്ട്‌ കഴിക്കാറുണ്ട്‌.കളംപാട്ടിന്റെ ഒടുവിലത്തെ ദിവസം താലപ്പൊലി നടത്തുകയുംചെയ്യുന്നു. താലപ്പൊലിക്കുശേഷം മാത്രമാണ്‌ കൂറ വലിയ്‌ക്കുന്നത്‌. വളളുവനാട്ടിൽ വേട്ടയ്‌ക്കൊരുമകന്‌ പാട്ടുനടത്താറില്ല. എന്നാൽ ഏറനാട്ടിൽ ധാരാളമായി ഉണ്ടാകാറുണ്ടുതാനും. അയ്യപ്പനും ഭഗവതിക്കും ഓരോ കളംവീതം പാട്ട്‌ നടത്താറുണ്ട്‌. അയ്യപ്പന്‌ പൊടിമീശമാത്രമേ പതിവുളളൂ. എന്നാൽ വേട്ടേയ്‌ക്കരന്‌ മേൽമീശയുംകെട്ടുതാടിയും വയ്‌ക്കാറുണ്ട്‌. വെട്ടേയ്‌ക്കരൻപാട്ടിന്‌ കുറുപ്പിന്റെ നൃത്തം പ്രത്യേകരീതിയിലാണ്‌. ഇതിന്‌ ’ഈടുംകൂറും ചവിട്ടുക‘ എന്നാണ്‌ പറയുക. ഇതിനൊത്തു തൊട്ടുകയും വേണം. വേട്ടേക്കരൻപാട്ടിനോടനുബന്ധിച്ച്‌ ’പന്തീരായിരം‘ എന്ന ചടങ്ങുകൂടി ചിലയിടങ്ങളിൽ നടത്താറുണ്ട്‌.

Generated from archived content: kalam_mar10_06.html Author: olina_a_g

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here