ദഫ്‌മുട്ടും കുത്തിറാത്തീബും റാത്തീബും

ദഫ്‌മുട്ട്‌ ഃ മദീനയിൽ ഇസ്ലാംമതവിശ്വാസത്തിന്‌ മുൻപുതന്നെ ദഫ്‌മുട്ട്‌ പ്രചാരത്തിലുണ്ടായിരുന്നു. ഇസ്ലാംമതത്തിന്റെ പ്രചാരത്തോടു കൂടി മുഹമ്മദ്‌നബിയേയും മറ്റും പുകഴ്‌ത്തികൊണ്ട്‌ അവർ പാടിക്കളിക്കാൻതുടങ്ങി. ഒരു പെരുന്നാൾദിനത്തിൽ രണ്ടു പെൺകുട്ടികൾ നബിയുടെ അടുത്തിരുന്ന്‌ ദഫ്‌മുട്ടിപാടിയിരുന്നു. പിന്നീട്‌ മതാനുഷ്‌ഠാന കർമ്മങ്ങളുമായി ദഫ്‌മുട്ട്‌ ലക്ഷദ്വീപിലും മറ്റുംകൂടുതൽ പ്രചാരംസിദ്ധിച്ചു. മലയയിൽ നിന്നോ ലക്ഷദ്വീപിലോ ആണ്‌ ദഫ്‌മുട്ട്‌ കേരളത്തിൽ എത്തിയത്‌. മറ്റു മതസ്‌ഥർക്കിടയിൽ ക്ഷേത്രകലകൾ പ്രചരിച്ചുവന്നതോടുകൂടി ദഫ്‌മുട്ട്‌ കേരളീയമുസ്ലീങ്ങളുടെ കലയായി മാറി.

നാട്ടിലുണ്ടായിരുന്ന വസൂരിരോഗത്തെ ചെറുക്കാൻ ‘രിഫാഈശൈഖിന്റെ’ പേർക്കു കഴിക്കുന്ന കുത്തുറാത്തീബുകളിൽ അനുഷ്‌ഠാനപരമായ ദഫ്‌മുട്ടുംഉണ്ട്‌. സുന്നത്ത്‌, വിവാഹം, പളളികളിലെ നേർച്ച എന്നീ സാമൂഹികാവശ്യങ്ങൾക്കുവേണ്ടിയും ദഫ്‌മുട്ട്‌ അവതരിപ്പിച്ചുവരുന്നു. മലപ്പുറം ജില്ലയിലെ ആലങ്കോട്ടെ പന്താവൂർ, തലപ്പാവിൽ അബ്‌ദുറഹിമാൻ ദഫ്‌മുട്ടിന്റെയും കുത്ത്‌റാത്തീബിന്റെയും അദ്വിതീയനാണ്‌. ദഫ്‌മുട്ടിൽ ഒറ്റമുട്ട്‌, രണ്ടുമുട്ട്‌, മൂന്നുമുട്ട്‌, അഞ്ചുമുട്ട്‌, ഏഴുമുട്ട്‌, വാരിമുട്ട്‌, കോരിമുട്ട്‌ എന്നിങ്ങനെ മുട്ടുകൾ ബെയ്‌ത്തി (സ്‌തുതിഗീതം) ന്നനുസരിച്ച്‌ ചാച്ചുംചെരിഞ്ഞും നിന്നുംഇരുന്നും ദഫ്‌മുട്ടുന്നു. ബൈയ്‌ത്തിന്റെ ആദ്യത്തിലും അന്ത്യത്തിലും മുട്ട്‌ കൂടിയേതീരൂ. ബൈയ്‌ത്തുകൾക്കനുസരിച്ച്‌ മുട്ടുകളുടെ സമ്മിശ്രമേളനമാണ്‌ ദഫ്‌മുട്ടിന്റെ ആസ്വാദനവശം.

കൊച്ചുന്നാൾ മുതൽ ദഫ്‌മുട്ട്‌ പഠിച്ച്‌ ഒരു നല്ല ദഫുമുട്ടുകാരനായാൽ ‘തലക്കാണിവെയ്‌ക്കുക’ (അരങ്ങേറ്റം) എന്ന ചടങ്ങുണ്ട്‌. ഗുരുവിന്റെ മുന്നിൽ ശിഷ്യൻമാർ കുത്തുറാത്തീബ്‌ അവതരിപ്പിക്കലാണിത്‌.

കുത്തുറാത്തീബ്‌ ഃ കുത്തിറാത്തീബ്‌ നടത്താനായി നിർദ്ദിഷ്‌ഠസ്‌ഥലത്ത്‌ കിഴക്കുപടിഞ്ഞാറായി പ്രത്യേക പന്തലൊരുക്കും. രാത്രി പത്തുമണിയോടുകൂടി, റാത്തിബ്‌ നടത്താനായി നിയോഗിച്ച പാട്ടുസംഘം (പ്രാർത്‌ഥന) പടിഞ്ഞാറ്‌ അഭിമുഖമായി ഇരുന്ന്‌ ‘ജവാബ്‌ ’ (ആദ്യരണ്ടുവരി) ഉരുവിടുകയും, അറവനമുട്ടിന്റെ (ദഫ്‌മുട്ട്‌) ആദിതാളപശ്ചാത്തലത്തിൽ പ്രവാചകനേയും അനുയായികളേയും പുകഴ്‌ത്തുന്ന ദിക്‌റുകൾ (ദൈവസ്‌തുതികൾ) ചൊല്ലുകയും ചെയ്യുന്നതോടെ ഈ ചടങ്ങിന്‌ തുടക്കമായി. അളളാഹുവിനേയും മുഹമ്മദ്‌ നബിയേയും രിഫാഈൻശൈയ്‌ഖിനേയും സ്‌തുതിച്ചുകൊണ്ടുളള ഗീതങ്ങളുടെ ആലാപനത്തിനൊത്ത്‌ പന്ത്രണ്ടോ അതിൽകൂടുതലോ ആളുകൾ രണ്ടുവരികളായി നിന്നും ഇരുന്നും ദഫ്‌മുട്ടുന്നു. ബൈയ്‌ത്തിന്റെയും ദഫ്‌ മുട്ടിന്റെയും മുറുക്കം കൂടുന്ന മുറയ്‌ക്ക്‌ ദബ്ബൂസ്‌, കട്ടാരം, വാൾ, കതിര്‌ എന്നീ ആയുധങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രയോഗിക്കുന്നതാണ്‌ കുത്തുറാത്തീബ്‌.

‘അസ്‌ത്തഹ്‌ഫിറുളളാ ഇൽ അളീം….’ തുടങ്ങി ‘ബിറൂഹിയാക്ക മുനവ്വർ, മുതഹ്‌ഹർ…..’ എന്ന ദുആയിയിലൂടെ മൂന്ന്‌ സലാത്തോടുകൂടി

‘അല്ലാഹുൻമ സെല്ലിഅലാ സെയ്യിദിനാ, അളളാ

മുഹൻമദിൻ സാഹിബിദലാഇൽ, അളളാ.’ എന്ന ബൈയ്‌ത്ത്‌ രണ്ടു മുട്ട്‌, മൂന്നു മുട്ട്‌, കോരിമുട്ട്‌ എന്നീ മുട്ടുകളിലൂടെ റാത്തീബ്‌ തുടങ്ങുകയായി.

‘ശൈലില്ലാ, ശൈഹൂനാ….’ ‘അല്ലാഹൂ റബ്ബീ, ഹൂ അളളാ

അല്ലാഹൂ ഹസബീ, ഹൂ അളളാ റബ്ബീ ഹബീബി, മുഹമ്മദ്‌

നബീമുഹമ്മദ്‌, അല്ലാ’ ഇരുന്നും ബൈത്തുചൊല്ലി ദഫ്‌ മുട്ടുന്നു.

ഹാളിറാത്തിന്റെ ബൈയ്‌ത്ത്‌ എന്ന ബൈയ്‌ത്തിൽ രീഫാഈശൈഹ്‌, മൊഹിയദ്ധീൻ ശൈഹ്‌, അഹമ്മദുബിൻ ബദവ്വീയ്യ്‌, ഹൈദ്രോസ്‌ എന്നീ ശൈഹുമാരെ സ്‌തുതിച്ചുകൊണ്ടുളള ബൈത്തുകളാണ്‌ ചൊല്ലുക.

‘അസ്‌റക്കൽ ബദറൂ അലൈനാ

ഫഹ്‌ത്തഫത്ത്‌ മിൻഹുൽബുദൂറു

മിസ്‌ല മുസ്‌നിക്ക മാറ ഹൈന

കത്തുയാ വജ്‌ഹസുദൂറി’

ഈ ബൈത്തോടുകൂടി ആയുധപ്പണി തുടങ്ങുകയായി, ആദ്യം ദബ്ബൂസ്‌ എന്ന ആയുധമാണ്‌ പ്രയോഗിക്കുന്നത്‌.

‘സലാത്തുളള, സലാമുളള

അലാത്താഹാ റസൂലുളള

സലാത്തുളള സലാമുളള

അലായാസീൻ ഹബിബില്ല’

‘ശൈലില്ല ശയ്യീദഹമ്മദ്‌ ശൈലില്ലാരീഫാഇൻ’

‘മൗലാനായാ, മൗലാനാ കുല്ലാനാ റഹ്‌മാനേനാ

ലിൽ വസീലത്തി ഔലേനാ സയ്യിദ്‌ ശൈഖ്‌ രീഫാഈൻ’

എന്നീ ബൈയ്‌ത്തുകളിലൂടെ കുത്ത്‌റാത്തീബ്‌ അവസാനിക്കുന്നു. റാത്തീബിന്നിടയ്‌ക്ക്‌ ഇരുന്ന്‌ ദഫ്‌ മുട്ടാതെയുളള കാവ്യാലാപനമാണ്‌ നശീദ ചൊല്ലൽ. റാത്തീബിലെ വിശ്രമമാണിത്‌. ദഫ്‌മുട്ടിൽ റംസാൻ വ്രതകാലങ്ങളിൽ രാത്രി അത്താഴസമയം അറിയിക്കുവാൻ ദഫ്‌ സംഘം വീടുകളിൽകയറി ദഫ്‌ മുട്ടി ആളുകളെ അത്തായമറിയിക്കുന്ന, അത്തായ മുട്ടുകൾ ഇന്നും നിലവിലുണ്ട്‌. വിവാഹസമയങ്ങളിലും നേർച്ചകളിലും ദഫ്‌മുട്ട്‌ ഒരു പ്രദർശനകലയായി അവതരിപ്പിക്കുമ്പോഴും അതിലെ സ്‌ഥായീഭാവം ഭക്തി തന്നെയാണ്‌.

റാത്തീബ്‌ ഃ ഉച്ഛ്വാസത്തിലും ശ്വാസത്തിലും ദൈവനാമങ്ങൾ ഉച്ചരിച്ച്‌ ആത്‌മനിർവൃതിയടയുന്ന ഒരു അനുഷ്‌ഠാനമാണ്‌ റാത്തീബ്‌.

സൂഫിവര്യൻമാർ മനസ്സിനെ ഏകാഗ്രമാക്കി നിലകൊണ്ടപ്പോൾ ഉണ്ടായ അനുഭൂതിയിലൂടെ അവർ സ്വയം കണ്ടെത്തിയ കർമ്മമാണ്‌ റാത്തീബ്‌.

ഒരു സംഘയത്‌നമാണിത്‌. രണ്ടോമൂന്നോപേർ ഇതിന്‌ നേതൃത്വംകൊടുക്കുന്നു. ദൈവനാമങ്ങളാണ്‌ ആത്‌മീയനേതാക്കളുടെ റാത്തീബിന്‌ ഉപയോഗിക്കുന്നത്‌. ദൈവനാമങ്ങൾ ഒരേശബ്‌ദത്തിൽ ഒരേതാളത്തിൽ ഏറ്റുചൊല്ലുമ്പോൾ റാത്തീബിൽ പങ്കെടുക്കുന്നവർ ഒരു ദിവ്യാനുഭൂതിയിൽ എത്തിച്ചേരും. രിഫാഈ റാത്തീബും മൊഹിയുദ്ദീൻ റാത്തീബും വ്യത്യസ്‌തങ്ങളാണ്‌. മൊഹിയുദ്ദീൻ ശൈഖിന്റെ റാത്തീബാണെങ്കിൽ ദൈവനാമങ്ങൾ നൂറ്റിപ്പതിനൊന്നുതവണ ചൊല്ലുന്നു. രിഫായിൻ ശൈഖിന്റെ റാത്തീബാണെങ്കിൽ മുന്നൂറ്റിമൂന്നുതവണ ആവർത്തിക്കും. രണ്ടിലും വ്യത്യസ്‌തമായ ദൈവനാമങ്ങൾ വ്യത്യസ്‌തമായ രീതിയിലാണ്‌ ചൊല്ലുന്നത്‌. രിഫാഈ റാത്തീബിൽ അമാനുഷികമായ കൃത്യങ്ങൾ ചിലപ്പോൾ ഉണ്ടായി എന്നുവരും.

‘ലാ ഇലാഹ ഇല്ലളളാ’ എന്ന്‌ ചൊല്ലിയാണ്‌ റാത്തീബ്‌ ആരംഭിക്കുന്നത്‌. പതിഞ്ഞ സ്‌ഥായിയിലാണ്‌ ദൈവനാമങ്ങൾ ചൊല്ലിത്തുടങ്ങുന്നത്‌. പിന്നീട്‌ അല്പാല്പമായി സ്വരം ഉയരുകയും ഉയർന്ന്‌ താരസ്‌ഥായിയിൽ എത്തുകയും ചെയ്യുന്നു. നാമങ്ങൾ ചൊല്ലുമ്പോൾ അതിന്‌ ഒരു പ്രത്യേക താളബോധം ഉണ്ടായിരിക്കും. ഒരേ താളത്തിൽ ഏകകാലത്തിൽ ആയിരിക്കും നാമങ്ങൾ ചൊല്ലുന്നത്‌. ആ സമയത്ത്‌ വ്യക്തി സ്വന്തംശരീരത്തെ മറക്കുകയും അയാൾ പരബ്രഹ്‌മത്തിൽലയിച്ച അനുഭൂതി അയാൾക്ക്‌ ലഭിക്കുകയും ആത്‌മ നിർവൃതിയടയുകയും ചെയ്യുന്നു. സ്വശരീരത്തെക്കുറിച്ച്‌ വ്യാകുലതയുളളവന്‌ റാത്തീബിൽ ലയിക്കുവാൻ സാധിക്കുകയില്ല. റാത്തീബ്‌ സമയത്ത്‌ വ്യക്തി തനിക്കു വേണ്ടി മാത്രമല്ല ഭൂമിയിലെ ചരങ്ങൾക്കുംഅചരങ്ങൾക്കും ആയുരാരോഗ്യസൗഖ്യം ലഭിക്കുന്നതിനായി പ്രാർത്‌ഥിക്കുന്നു. റാത്തീബിലൂടെ ശരീരശുദ്ധി മാത്രമല്ല മനഃശുദ്ധിയും അവർ നേടുന്നു. ദുഃഖം, മാറാരോഗങ്ങൾ എന്നിവ അകറ്റാൻ താളനിബദ്ധമായി ഗുരുസുക്തങ്ങൾ ചൊല്ലി എല്ലാം ദൈവത്തിൽ അർപ്പിക്കുന്ന രംഗാവിഷ്‌കാരമാണിത്‌. ഒരു വ്യക്തിയുടേയോ കുടുംബത്തിന്റേയോ വഴിപാടായി പളളികളിലോ വീടുകളിലോ ഇതു നടത്തുന്നു. സാധാരണയായി രാത്രിസമയങ്ങളിലാണ്‌ റാത്തീബ്‌ നടത്താറ്‌. വ്യാഴാഴ്‌ചരാത്രിയും ഞായറാഴ്‌ചരാത്രിയും ഇതിന്‌ ഏറ്റവും ഉചിതങ്ങളായദിനങ്ങളായി കരുതുന്നു. ശരീരശുദ്ധി വരുത്തിയതിന്‌ ശേഷമാണ്‌ എല്ലാവരും മനഃശുദ്ധിക്കുവേണ്ടിയുളള റാത്തീബിനെത്തുന്നത്‌. റാത്തീബ്‌ സമയത്ത്‌ സുഗന്ധത്തിനായി ചന്ദനത്തിരി കത്തിച്ചുവെയ്‌ക്കാറുണ്ട്‌.

കേരളത്തിലെ മുസ്ലീങ്ങൾക്കിടയിലേക്ക്‌ റാത്തീബ്‌ ആദ്യമായി കൊണ്ടുവന്നത്‌ ശൈഖ്‌ഫരീരുദ്ദീൻ ആണെന്നു വിശ്വസിച്ചുവരുന്നു. ശൈഖ്‌ ഫരീരുദ്ദീൻ മൊഹിയുദ്ദീൻ ശൈഖിന്റെയും, ഹോജാമോനുദ്ദീൻ ചിസ്‌തിയുടെയും ശിഷ്യനാണ്‌. തൃപ്പൂണിത്തുറയിലെ കാഞ്ഞിരമറ്റം പളളി ശൈഖ്‌ഫരീരുദ്ദീന്റെ സ്‌മാരകമായി ഇന്നും നിലകൊളളുന്നു.

പറഞ്ഞുതന്നത്‌ഃ ഷറഫുദ്ദീൻ ഖാൻ, പുനലൂർ, കലൂർ ഉണ്ണികൃഷ്‌ണൻ.

Generated from archived content: nadan_dafmuttu.html Author: npa_rasaq_mk_soman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here