നാട്ടുവാക്കുകൾ – ചക്കരയുടെ മധുരമാടവക്ക്. അഥവാ ഇളനിരിന്റെ ഇളംമധുരം. പശിമ, തെളിമ, രുചി. അവ അനുഭവത്തിൽനിന്നു നേരെ വന്നവ. പകരം വക്കാൻ വേറെ വാക്കുണ്ടാവില്ല. അർത്ഥം പറയാമെന്നേയുളളൂ. “വാക്കില്ലാത്തതേ വാക്ക് ” എന്ന് കുഞ്ഞുണ്ണിയുടെ കുറുംകവിതയുണ്ടല്ലോ. ‘വാക്കിനോളം തൂക്കമില്ലിയൂക്കൻ ഭൂമിക്കു പോലുമേ’ എന്നും കവി എഴുതി. നേരാണത്. അനുഭൂതി തൂക്കി നോക്കുന്നതെങ്ങനെ? കഴിഞ്ഞ പത്തുപന്ത്രണ്ടുവർഷമായി, അപ്പപ്പോഴായി ഞാൻ ശേഖരിച്ച വാക്കുകളാണ് ഇവിടെ. കുടുംബസദസ്സുകളിൽ, തെയ്യപ്പറമ്പുകളിൽ, മീൻചന്തയിൽ, പീടികയിൽ…. ഇങ്ങനെ പലേടത്തുനിന്നുമായി വീണുകിട്ടിയവ. മുക്കാലും എന്റെ നാടായ കാസർഗോഡ് ജില്ലയിൽപ്പെട്ട ബാര, മാങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും. ‘വാക്കുപിടുത്ത’ ശിലം കാരണം ഒരു ദോഷവുമുണ്ടായി. പറഞ്ഞനെന്താണെന്ന് പലപ്പോഴും മനസ്സിലാവാതെ പോയി. മരം കണ്ടു, കാടു കണ്ടില്ല എന്ന പോലെ.
ശ്രമം തുടരുന്നതിനാൽ, ഇതുവരെയും വർഗ്ഗീകരിച്ചിട്ടില്ല. നിരുക്തിയും മറ്റും അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇതുവരെ അയ്യായിരം വാക്കുകളെങ്കിലും ശേഖരിച്ചിട്ടുണ്ട്. ഏതാണ്ട് അത്രയും കൂടിയായാൽ അകാരാദിക്രമത്തിൽ അടുക്കണമെന്നുണ്ട്. വലിയച്ഛന്റെ നാവിൽ നിന്നുവീണ വാക്കുകളായിരുന്നു ആദ്യം കുറിച്ചുവച്ചത്. ആ മഹാപുരുഷൻ ഇന്നില്ല. ഈ വാക്കുകളെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്കു മുമ്പിൽ തല കുനിച്ച് സമർപ്പിക്കട്ടെ.
നിര്യോണം ഃ ഓർമ്മ നിരൂപിക്കൽ എന്ന വാക്കിൽ നിന്നു വന്നതാകണം. ‘എനക്ക് നല്ല നിര്യോണണ്ട് നമ്മൊ അന്ന് മുകാമിക്കുളിയൻ തെയ്യം കാണാൻ പോയത് ’.
കൂർത്തം ഃ ഓർമ്മ എന്നും അവയാളം എന്നും. ‘എന്തേ കൂർത്തോണ്ടോ’ എന്നു ചോദിച്ചാൽ ഓർമ്മ. ‘ഞാൻ അവിടെയൊരു കൂർത്തം വച്ചിട്ടുണ്ട് ’. എന്നാൽ അടയാളം.
മനാരം ഃ വട്ടത്തി എന്നും മനോഹരം എന്നും. മനോഹരത്തിൽനിന്നും വന്നത്. ‘മിറ്റം (മുറ്റം) കണ്ടാൽ ഇപ്പോ ഓര് മനോരാണ്ട് .’
മീട് ഃ മുഖം. ‘മീട് കവ്വ് (മുഖം കഴുക്) എന്തേ മീടാ’ എന്നു പറഞ്ഞാൽ കളിവാക്കിൽ എന്താടോ വിശേഷം എന്ന് ധ്വനി. ഒന്നും ഉദ്ദേശിക്കാതെയും ഇങ്ങനെ പറയും. തെയ്യം കെട്ടിയാടുന്ന സ്ഥലങ്ങളിൽ ‘മരമീട’നും ഉണ്ടായെന്നിരിക്കും. മരത്തിന്റെ മുഖംമൂടി ഘടിപ്പിച്ചതുകൊണ്ടാണങ്ങനെ.
തെറം ഃ ശക്തി, കരുത്ത്. ‘തെറം തീർത്ത വാല്വക്കാരത്തി’ എന്നു പറഞ്ഞാൽ നല്ല ഒത്ത ആരോഗ്യമുളളവൾ എന്നാണ്. പക്ഷേ, അർത്ഥം. തീർന്ന ആ സന്ദർഭത്തിൽ തികഞ്ഞ എന്ന അർത്ഥത്തിൽ.
അതി ഃ ദേഷ്യം. ‘തി’ ഒന്നുറപ്പിച്ചു പറയും. ‘എനക്ക് അതി വന്നു.’
ചണ്ട് ഃ നനഞ്ഞത്. ‘ചണ്ട് മുണ്ട്.’
തെളി ഃ കഞ്ഞിവെളളം. അരി തിളപ്പിച്ച് ഊറ്റിയ വെളളം. ‘കൊറച്ച് തെളി തരൂ.’
താറ്റം ഃ ദാഹം. തായിക്കയ്യൽ – ദാബിക്കൽ. ‘തായിച്ചിറ്റ് കയ്യ’ (വയ്യ).
നക്കറ്റം ഃ കൊതി. ആർത്തി. ‘നക്കറ്റം പിടച്ചത് ’ (ആർത്തിയുളളവൻ/എൽ).
തൊത്ത ഃ ഇടത്ത്. തൊത്തക്കൈ (ഇടതുകൈ) തൊത്തക്കയ്യൻ (ഇടംകൈയൻ).
യേശിക ഃ നാണക്കേട്, മാനക്കേട്. ‘ഓന് യേശിക ഇല്ല.’
ഏല് ഃ മരച്ചില്ല, മരക്കൊമ്പ്. ‘ഏല് ഒടിച്ച് അവനെ തച്ചു’ (തല്ലി).
അഡ്‌ഡം ഃ കുറുകെ. ‘പൂച്ച അഡ്‌ഡം പാഞ്ഞു’ (ഓടി).
ചെപ്പ ഃ കവിൾ. ‘ചെപ്പക്കൊരു വീക്ക് തന്നാലുണ്ടല്ലോ.’
ചപ്പില ഃ ഇല. വിശേഷിച്ചു പഴുത്ത്, വീണ ഇല.
ചാപ്പില് ഃ മീനിന്റെ മണം. വിശേഷിച്ചും മീൻകറി വച്ച് പിറ്റേന്നാൾ ഉണ്ടാകുന്ന അസുഖകരമായ മണം. ‘മീൻ ചാപ്പില് നാറ്‌ന്ന് ’ (നാറുന്നു).
എദം ഃ സൗകര്യം. ഇടം.
പിരിസം ഃ പ്രിയം, ഇഷ്‌ടം. അവർ നല്ല ‘പിരിസ’ത്തിലാണ്.
കുശി ഃ സന്തോഷം. ഹിന്ദിയിൽനിന്ന് വന്ന് മലയാളമായത്. കുശാൽ എന്നും.
ഹുഗ ഃ ബലൂൺ.
അളു ഃ ചെറിയ പാത്രം. ‘ഗുളിക അളുവിലുണ്ട്.’
ഒട്ട ഃ ദ്വാരം. ഓട്ട.
പിസറ് ഃ ദേഷ്യം, കലി. ‘എന്റെ പിസറ് കെളത്തണ്ട’ (ഉണർത്തണ്ട).
കായ്‌ത ഃ നുണ പറച്ചിൽ. അർത്ഥമില്ലാത്ത പറച്ചിൽ. കായ്‌തക്കാരി.
നൊട്ട ഃ നുണ. വെറുതേയുളള വർത്തമാനം.
ആഞ്ചന ഃ വെറുതേ ഒരു ചടങ്ങിന്.
അന്തായ ഃ ഏകദേശം. ഊഹം. അന്തായവില.
ദൂറുക ഃ കുറ്റം പറയുക. പരദൂഷണം. ‘നിന്നെക്കുറിച്ച് കൊറേ ദൂറി.’
പെതമ്പ് ഃ തർക്കുത്തരം. ‘പെതമ്പ് പറയാതെ ഓനെക്കൊണ്ടു കയ്യൂ’ (കഴിയൂ).
ഞേറ്റേലം ഃ വാലുപോലെ കൂടെയുളളത്. കൂടെ കൊളുത്തിയിട്ടത്. ശിങ്കിടി എന്ന അർത്ഥത്തിലും. ഞേലുക എന്നാൽ ഊഞ്ഞാലാടുക.
വീത്തുക ഃ വീഴ്‌ത്തുക. ‘മൂത്രം വീത്തി’ (ഒഴിച്ചു).
ഒളവൈ ഃ കുറുക്കുവഴി. വഴി ചുരുങ്ങി വൈ എന്നാകും.
ഓള്യ ഃ ചാല്. വയലിലേക്ക് വെളളം കൊണ്ടുപോകാൻ കീറുന്ന ചാല്.
പേക്രാന്തം ഃ ഗോഷ്‌ടി. കുസൃതി കാണിക്കൽ. അർത്ഥമില്ലാത്ത കളി.
സുയിപ്പ് ഃ കളിയാക്കൽ. നുണ. പറ്റിക്കൽ. ‘ഓനെ ഞാൻ സുയിപ്പാക്കി.’
കറമ്മം ഃ കഷ്‌ടം.
പരപ്പ് ഃ വെറുതെ ഓരോന്ന് പറയുക. അർത്ഥമില്ലാത്ത ഭാഷണം. ഓന്റെ ഓരോ പരപ്പ്.
താച്ചുക ഃ കിടക്കുക, ഉറങ്ങുക, വിശേഷിച്ചും കുട്ടികൾ കിടന്നുറങ്ങുന്നതിന് ‘താച്ചിക്കോ മോനേ.’
മംസം ഃ ചെറിയ ഭാഗം. അംശം. ‘ചായപ്പൊടീ (തേയില)ടെ മംസം ഇല്ല ഈ വീട്ടിൽ.’
ചൊക്ക് ഃ വികൃതി, കുസൃതി.
അലിഞ്ചൽ ഃ അഴുക്ക്, മാലിന്യം. പ്രത്യേകിച്ചും വെളളവും മറ്റും കുടത്തിൽ സൂക്ഷിച്ചാൽ അതിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന മാലിന്യം.
പഞ്ചാത്തിക്ക ഃ നാടുവഴക്കുകളും മറ്റും തീർക്കാൻ ഗ്രാമത്തിലെ മുതിർന്നവർ നടത്തുന്ന സംഭാഷണം അനുരഞ്ജന ചർച്ച.
ബോദാളൻ ഃ വിഡ്‌ഢി, മണ്ടൻ.
ഞേങ്ങൽ ഃ കലപ്പ.
അലസി ഃ കഷ്‌ടപ്പാട്, വിഷമം, അസ്വാസ്‌ഥ്യം.
വിടിയാറ് ഃ വേവോളം. വയറുനിറയുവോളം.
വിടിഞ്ഞു ഃ മതിയാവുക ഃ തൃപ്‌തിയാവുക. ‘വിടിഞ്ഞ് വിയിടാറായി’ (വയറു നിറഞ്ഞു).
സമ്പാ ഃ മാങ്ങാട് രത്നാകരൻ
Generated from archived content: nattuvakkukal.html