അല്ലിമുല്ലി ചമ്മന്തിഃ
പങ്കെടുക്കുന്ന കുട്ടികളിൽനിന്ന് 2 ലീഡർമാരെ തിരഞ്ഞെടുത്ത് ബാക്കിയുളളവരെല്ലാം രണ്ട് പേരടങ്ങുന്ന ടീമായി പേരിടുന്നു. പേരിട്ടശേഷം ഈ രണ്ടുപേർ വന്ന് തണ്ടിപിണ്ടി ആമൽ ചോദ്യം എന്നു ചോദിക്കുന്നു. ലീഡറിലൊരാൾഃ എന്നോടാണ് ചോദ്യം. ടീംഃ താമര വേണോ റോസ വേണോ? തുടങ്ങിയ പേരുകൾ.
ലീഡർഃ
താമര മതി. താമര എന്ന പേരുളളയാൾ ലീഡറോടൊപ്പം പോകുന്നു. മറ്റേ ടീമംഗം അടുത്ത ലീഡറോടൊപ്പം പോകുന്നു. ഇങ്ങിനെ ഓരോ ടീമുകളേയും പേരുവിളിച്ച് തെരഞ്ഞെടുക്കുന്നു. അതിനുശേഷം അഞ്ചോ ആറോ പേരടങ്ങുന്ന രണ്ടു ടീമുകളായി ഉദ്ദേശം പത്തടി അകലത്തിൽ ഓരോ ടീമും നിലത്തിരിക്കുന്നു. തുടർന്ന് ഓരോ ലീഡർമാരും ടീമംഗങ്ങൾക്ക് വേറെ പേരുകൾ നിശ്ചയിക്കുന്നു. ടീമിലെ ഒരംഗത്തിന്റെ കണ്ണ് പൊത്തിയശേഷം ലീഡർ വിളിച്ചുപറയുന്നു.
അല്ലീ മുല്ലി ചമ്മന്തി ചെത്തി വന്ന് പിച്ചിക്കോ.
ഒരു കുട്ടി ശബ്‌ദമുണ്ടാക്കാതെ വന്ന് കണ്ണടച്ച കുട്ടിയുടെ ഉളളംകയ്യിൽ പിച്ചുന്നു. പിച്ചിയശേഷം യഥാസ്ഥാനത്ത് ചെന്നിരിക്കുന്ന കുട്ടിയും, മറ്റുളളവരും പുറംതിരിഞ്ഞിരുന്ന് കയ്യടിക്കുന്നു. ലീഡർ കയ്യെടുത്ത് കുട്ടിയെ അവരെ കാണാനനുവദിക്കുന്നു. ഒറ്റ പ്രാവശ്യത്തിൽതന്നെ തന്റെ കയ്യിൽ പിച്ചിയ കുട്ടിയെ തിരിച്ചറിഞ്ഞാൽ പിച്ചിയ കുട്ടി ഇരുന്നിടത്തുനിന്നും അല്‌പം ദൂരേക്ക് ചാടുന്നു. അപ്പോൾ ഈ കളിയുടെ ഒരുവട്ടം പൂർത്തിയാകുന്നു. പിന്നീട് മറ്റു കുട്ടികളുടെ കണ്ണുപൊത്തി കളി തുടരുന്നു.
തൊങ്കിതൊടൽഃ
പങ്കെടുക്കുന്ന ആളുകളിൽ യോഗം ചേർത്ത് എണ്ണി പങ്കിടുമ്പോൾ ഒമ്പതാമത്തെ എണ്ണം വരുന്നയാൾ ഒരു കാൽ മടക്കി നിലത്തു മുട്ടിക്കാതെ ‘തൊങ്കി’ കൊണ്ട് ടീമംഗങ്ങളിലെ ഏതെങ്കിലുമൊരാളെ ഒരു നിശ്ചിത വൃത്തത്തിനുളളിൽവെച്ച് തൊട്ടാൽ പിന്നീട് അയാൾ തൊങ്കുവാൻ തുടങ്ങുന്നു. ഈ കളി ഇങ്ങിനെ തുടരുന്നു.
നാരങ്ങപ്പാല് ചൂണ്ടയ്‌ക്ക് രണ്ട്‌ഃ
രണ്ട് കുട്ടികൾ മുകളിലേക്ക് കൈകൾ ചേർത്തുപിടിച്ച് നാരങ്ങപ്പാല് ചൂണ്ടയ്‌ക്ക് രണ്ട് ഇലകൾ പച്ച പൂക്കൾ മഞ്ഞ ഒഴികൾ വരുന്ന കുട്ടികൾക്ക് കൂട്ടിപ്പിടുത്തം എന്ന് പറഞ്ഞ് കൈകൾക്കിടയിലൂടെ കടന്നുപോകുന്ന കുട്ടികളെ പാട്ടിന്റെ അവസാനം കൈകൾ ചേർത്ത് കൂട്ടിപ്പിടിക്കുന്നു. കൈകൾക്കിടയിലായ കുട്ടിയോട് കാറ് വേണോ ബസ് വേണോ? തുടങ്ങിയ രീതിയിലുളള ചോദ്യങ്ങൾ ചോദിക്കുന്നു. കൈകൾക്കുളളിലകപ്പെട്ട കുട്ടി കാറ് മതിയെന്നാണ് പറയുന്നതെങ്കിൽ ബസ് മതി എന്ന് തിരുത്തിയശേഷം മാത്രമേ കൈകൾക്കുളളിൽനിന്നും പോകാനനുവദിക്കൂ.
വട്ട് കളിഃ
ഒരു ദീർഘചതുരത്തെ 12 ചെറുചതുരങ്ങളാക്കി വലതുവശത്തുളള അറ്റത്തെ ചതുരത്തെ വെട്ടിയ രീതിയിൽ അടയാളപ്പെടുത്തുന്നു. ഈ കളത്തെ അമ്പലക്കുളം എന്നു പറയുന്നു. ഒരു കമ്പോട് ഒന്നുമുതൽ 12 വരെയുളള കളങ്ങളിലെറിഞ്ഞ് ഇടതുവശത്തുനിന്ന് തൊങ്കികൊണ്ട് (7-ാമത്തെ കളത്തിൽ കമ്പോട് എറിയേണ്ട ഓരോ വട്ടവും വിശ്രമിക്കാനുളള സ്ഥലമാണിത്) 11 വട്ടം പൂർത്തിയാക്കിയശേഷം ‘മലമാ’ണോ പുറമാണോ എന്ന് ചൊല്ലി മലമാണെങ്കിൽ ഉളളംകയ്യിൽവെച്ച് ഇതേ കളത്തിലൂടെയും തൊങ്കി നടന്ന് 11 കളം പൂർത്തിയാക്കുന്നു. തുടർന്ന് പുറംകയ്യിൽവെച്ചും കൈമുട്ടിനു മുകളിൽ കാൽമടക്കിലുംവെച്ച് തൊങ്കി ഓരോ 11 വട്ടം കൂടി പൂർത്തിയാക്കിയശേഷം രണ്ടു കണ്ണടച്ച് ഒരു കണ്ണിൽ കൈ കമ്പോടുവെച്ച് ‘മേടാസ്’ മേടാസ് എന്നു ചോദിച്ച് ഓരോ കളത്തിലൂടെയും വരകളിൽ മുട്ടാതെ എല്ലാ കളവും കടന്നുപോകുന്നയാൾ വിജയിയാകുന്നു. ഏതെങ്കിലും കാരണവശാൽ കമ്പോട് ഉദ്ദേശിച്ച കളത്തിൽ വീഴാതിരിക്കുകയോ വക്കുകളിൽ കാൽപാദം പതിയുകയോ ചെയ്‌താൽ തൊങ്കിൽ നടക്കുന്നയാൾ പുറത്താകുന്നു. തുടർന്ന് അടുത്തയാൾ കളിക്കുന്നു.
ആറാറച്ചിങ്ങഃ
കുറച്ചു കുട്ടികൾ വട്ടത്തിലിരിക്കുന്നു. കൂട്ടത്തിലൊരാൾ ഒരു വടി പുറകിൽ പിടിച്ച് ‘ആറാറച്ചിങ്ങ’ എന്നു പറയുന്നു. മറ്റുളളവർ കോപ്ലിം കോപ്ലിങ്ങയെന്നും തുടർന്നയാൾ എല്ലാവരോടും കണ്ണടയ്‌ക്കുവാൻ പറയുന്നു. കുട്ടികളെല്ലാവരും കണ്ണടയ്‌ക്കുമ്പോൾ കയ്യിലിരിക്കുന്ന വടി അയാൾ ഏതെങ്കിലും കുട്ടിയുടെ പുറകിലൊളിപ്പിക്കുന്നു. അതിനുശേഷം അയാൾ ഏതെങ്കിലുമൊരു സ്ഥാനത്ത് ചെന്നിരുന്ന് കണ്ണു തുറക്കുവാൻ മറ്റുളളവരോട് പറയുന്നു. അപ്പോൾ എല്ലാവരും കണ്ണു തുറന്ന് പുറകിൽ നോക്കണം. വടി ഏത് കുട്ടിയുടെ പുറകിലാണോ ആ കുട്ടി മുമ്പ് വടി വെച്ചയാളെ ഓടിച്ചിടുന്നു. അയാൾക്ക് ഓടി തൊടുവാൻ കഴിഞ്ഞില്ലെങ്കിൽ മുമ്പ് ചെയ്‌തയാളുടേതുപോലെ വടി കയ്യിൽ പിടിച്ച് ആറാറച്ചിങ്ങ എന്ന് ആർത്തിക്കുന്നു. (അയാൾക്ക് തൊടുവാൻ കഴിഞ്ഞാൽ നേരത്തെ ഇത് ആവർത്തിച്ചയാൾതന്നെ തുടർന്നും ചെയ്യേണ്ടിവരും.)
Generated from archived content: nattarive1_sept24_08.html