ചിത്രാശാരി

—-തയ്യാറാക്കിയത്‌ – എം. ജ്യോതി —-

‘തൊഴുത്തിൽക്കടന്നാ കളത്തിൽ കടക്കാം’

പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ ഗ്രാമാന്തരങ്ങളിൽ മിനം, മേടം മാസങ്ങളിൽ നടക്കുന്ന ഒരു അനുഷ്‌ഠാനകലയാണ്‌ കണ്യാർകളി. ദേവീസ്‌തുതികളടങ്ങുന്ന വട്ടക്കളി എന്ന ദൈവികമായ ചടങ്ങിനുശേഷം നേരം പോക്കിനായി നടത്തുന്നവയാണ്‌ കണ്യാർകളിയിലെ പൊറാട്ടുകൾ. പൊറാട്ടുനാടകങ്ങളിൽ നിന്നും വിഭിന്നമായ പൊറാട്ടുവേഷങ്ങളാണ്‌ കണ്യാർകളിയിലുളളത്‌. സമൂഹത്തിലെ എല്ലാ സമുദായങ്ങളിലും പെട്ട വ്യക്തികളുടെ വേഷത്തിൽ കളിക്കാർ പന്തലിലെത്തി, കളിച്ച്‌ ദേവിയെ കുമ്പിട്ട്‌ തിരികെപ്പോകുന്നു. നാലുദിവസം നീണ്ടുനിൽക്കുന്ന കണ്യാർകളി ആഘോഷത്തിന്റെ ഒന്നാംദിവസത്തെകളി പല്ലശ്ശനദേശത്തും, കുഴൽമന്ദം പുതുക്കോട്‌ ദേശത്തും പൊന്നാനക്കളി എന്നറിയപ്പെടുന്നു. പൊന്നാന ദിവസം വട്ടക്കളിക്കുശേഷം ചാലിടാൻ, പട്ടർ എന്നീവേഷങ്ങൾ അരങ്ങിലെത്തുന്നു. ഇതിനുശേഷമാണ്‌ തച്ചുശാസ്‌ത്ര വിദഗ്‌ദ്ധനായ ആശാരിയുടെ വരവ്‌. പല്ലശ്ശനയിലെ ആശാരിപ്പൊറാട്ടിനെ ചിത്രാശാരി എന്നു വിളിക്കുന്നു. നായർസമുദായത്തിൽ പെട്ടവരാണ്‌ കണ്യാർകളി നടത്തുന്നതെങ്കിലും ചില സ്‌ഥലങ്ങളിൽ വടുകസമുദായക്കാരും, മന്നാടിയാൻമാരും കളിക്കുന്നു (പുതിയങ്കം, എരിമയൂർ (വടുകർ), ചിറ്റൂർ (മന്നാടിയാർ)). ഇതിൽ ആശാരി സമുദായത്തിൽപ്പെട്ടവർക്ക്‌ പ്രത്യേക അവകാശങ്ങളുണ്ട്‌. കണ്യാർകളി നടത്തുന്ന ഒമ്പതുകാൽ പന്തലിനുവേണ്ട മുളയോ, മരങ്ങളോ കൊണ്ടു വരേണ്ടത്‌ ദേശത്തെ ആശാരിയായിരുന്നു. അതിന്‌ അവകാശപ്പണവും നൽകിയിരുന്നു. ‘ദേശത്തെ ആശാരിമാർ കാട്ടിൽനിന്ന്‌ പാലമരം കൊണ്ടുവന്ന്‌ മൂത്താശാരിയുടെ നേതൃത്വത്തിൽ പന്തൽ തീർത്താൽ ഒന്നേകാൽ രൂപയാണ്‌ അവകാശപ്പണം നൽകിയിരുന്നത്‌’. ഇന്ന്‌ ആ സ്‌ഥിക്ക്‌ മാറ്റം വന്നു. ദേശത്തെ ആശാരിമാർ പന്തലൊരുക്കാൻ ശ്രമിക്കുമ്പോൾ അതിനവർക്ക്‌ ന്യായമായ കൂലി നൽകുന്നുണ്ട്‌. മറ്റൊരു വസ്‌തുത, പലരും ഇതിനോടു വിമുഖത കാണിക്കുന്നു എന്നതാണ്‌. കണ്യാർകളിയിൽ എല്ലാ സമുദായക്കാർക്കും അവകാശങ്ങൾ നൽകുന്നതിലൂടെ അത്‌ ഒരു ദേശത്തിന്റെ ജനകീയകലയായിത്തീർന്നിരുന്നു. ‘ചിത്രാശാരി’ പൊറാട്ടിൽ ചിത്രാശാരിയായി വരുന്നത്‌ ‘തോട്ടങ്കര’ (പല്ലശ്ശന) തറവാട്ടിലെ കളിക്കാരായിരിക്കും. ഓരോ തറവാടിനും അവകാശപ്പൊറാട്ടുകളുണ്ട്‌. കാവിമുണ്ട്‌ തറ്റുടുത്ത്‌ കൈയിൽ മുഴക്കോലും

ഒരു തീർത്ഥപാത്രവും പിടിച്ചാണ്‌ ചിത്രാശാരിയുടെ വരവ്‌. ചിത്രാശാരിയോട്‌ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വിപരീതാർത്ഥതിലാണ്‌ മറുപടി. ചോദ്യക്കാരനെ ‘മന്നാട്ടപ്പാ’ എന്നാണ്‌ വിളിക്കുന്നത്‌. മന്നാടിയാർമാരായിരുന്നു അക്കാലത്തെ ദേശവാഴികൾ. ആ കൂട്ടത്തിലെ പ്രമുഖനെയാണ്‌ വടക്കുംപാട്ടെ മന്നാട്ടപ്പൻ എന്നു വിശേഷിപ്പിക്കുന്നത്‌.

ചുറ്റൂർ ദേശത്തെ മന്നാടിയാൻ തറയിൽ കൊങ്ങമ്പടയോടനുബന്ധിച്ചാണ്‌ കണ്യാർകളി നടത്തുന്നത്‌. അവിടെ മന്നാടിയാർ സമുദായത്തോടൊപ്പം, ദേശത്തെനായർ പ്രമാണിമാരും വട്ടക്കളിയിൽ പങ്കെടുക്കുന്നു. പൊറാട്ടുവേഷങ്ങൾ അവതരിപ്പിക്കുന്നത്‌ മന്നാടിയാൻമാർ മാത്രമാണ്‌. മന്നാടിയാരുടെ ആശാരിപ്പൊറാട്ടിൽ ചോദ്യക്കാരനെ (വാണാക്കുകാരൻ) ‘മൂത്തമ്മളേ’ എന്നു വിളിക്കുന്നു. ‘മൂത്തകയ്‌മൾ’ എന്ന വാക്ക്‌ ലോപിച്ച്‌ മൂത്തന്‌മളായതാണ്‌.

ഈ രണ്ട്‌ ആശാരിമാരും പുരപണിയാൻ മിടുക്കന്‌മാരാണ്‌. വടക്കുംപാട്ടെ മന്നാട്ടപ്പന്‌ മച്ചുപുരപണിതു കൊടുത്തതിന്‌ അദ്ദേഹം നൽകിയ പട്ടുപുടവയുമായി വരുന്ന ചിത്രാശാരി, ‘മാനംകൊണ്ട്‌ ചിന്തിച്ചു നടക്കുന്ന സമയത്ത്‌’ വാണാക്കുകാരൻ ചോദിക്കുന്നുഃ

വാണാക്കു ഃ എന്തുചിന്തിച്ചു?

ചിത്രാശാരി ഃ മാളിന്റവിടെ പോയി ഏറെ നാളായെന്നും, ചൊല്ലി, മാളിന്റവിടെ വിരുത്തൂണിന്‌ പോണംന്ന്‌ ചിന്തിച്ചുന്റെ മന്നാട്ടപ്പാ.

ചോദ്യക്കാരൻ ഃ ഓ അതുശരി, നിനക്കുകിട്ടിയ പട്ടുപുടവ മകളേം മരുമകനേം കാണിക്കാൻ പോവാണ്‌ല്ലേ, ഉംന്ന്‌ട്ട്‌.

ചിത്രാശാരി ഃ അങ്ങനെ മാളിന്റവിടെ വിരുത്തൂണിന്‌ പോകുന്നവഴീല്‌ മുതുകത്തൊരു പുരയും വെച്ചുകെട്ടി നാലുകാലോടെ ഒരു കവുത്തോടെ ഒരു സാധനങ്ങനെ തിരിയണെന്റെ മന്നാട്ടപ്പാ.

ചോദ്യക്കാരൻ ഃ എന്താ ഈ സാധനം, കെൾക്കുമ്പോ തോന്നുന്നു നാലുകാലും, ഒരു കഴ്‌ത്തുനൈ വടക്കുംപാട്ടെ ന്നാക്കെപ്പറയുമ്പോ, വല്ല ആമയുമായിരിക്കും.

ചിത്രാശാരി ഃ ഓ അമ്മ്യന്റെ മന്നാട്ടപ്പാ, ഈമ്മനേം എടുത്ത മാനം കൊണ്ടൊന്ന്‌ ചീന്തിച്ചെന്റെ മന്നാട്ടപ്പാ.

ചോദ്യക്കാരൻ ഃ എന്തു കിട്ട്യാലും മനംകൊണ്ട്‌ ചിന്തിക്കും ല്ലേ, ന്നിട്ട്‌ എന്തു ചിന്തിച്ചൂന്നല്ല.

ചിത്രാശാരി ഃ ഈയന്‌മനേം കൊണ്ട്‌ മാളിന്റവിടെ വിരുത്തൂണിന്‌ പോയാ, ഇയ്‌ക്കും, ന്റവൾക്കും, കെടയ്‌ക്കുലാന്ന്‌ തോന്നി, ഈയമ്മനെ മന്നാട്ടപ്പൻ തന്ന പട്ടുപുടമേൽ പൊതിഞ്ഞ്‌ ഒരു മരത്തിന്റെ പൊത്തിൽ വച്ചെന്റെ മന്നാട്ടപ്പാ.

ചോദ്യക്കാരൻ ഃ ഓ തിന്നണ്ട കാര്യത്തിൽ ഭാര്യയും ഭർത്താവും ഒന്നാണല്ലേ. മാളിന്റവിടെ പോയാൽ പങ്കുവെക്കേണ്ടിവരുംല്ലേ? ന്ന്‌ട്ടോ?

ചിത്രാശാരി ഃ ന്ന്‌ട്ടെന്തുണ്ടായീന്നല്ലാ, ദൂരത്തുനിന്നും, തന്നെ അപ്പന്റെ വരവു കണ്ട മാള്‌. പലകെടുത്തടിച്ച്‌ ചൂലെടുത്തു തന്നൂന്റെ മന്നാട്ടപ്പാ.

ചോദ്യക്കാരൻ ഃ അച്‌ഛനെകണ്ടപ്പോൾ മകൾക്കെന്തുവേണംന്ന്‌ അറിയാതായില്ലേ. ന്ന്‌ട്ടോ?

ചിത്രാശാരി ഃ അതെങ്ങനെ

ചിത്രാശാരി ഃ തൊഴുത്തിൽക്കടന്നാ കളത്തിൽ കടക്കാം. കളത്തിൽക്കടന്നാതൊഴുത്തിൽ കടക്കാം. അതീ ചിത്രാശാരിയുടെ സൂത്രപണിയാണന്റെ മന്നാട്ടപ്പ.

ഇത്തരത്തിലുളള പല സൂത്രവിദ്യകളും അറിയാവുന്ന ചിത്രാശാരി ബുദ്ധിയുടെ കാര്യത്തിൽ കുറെ പിന്നിലാണ്‌. അയാൾ ആമയെപട്ടുപുടവയിൽ പൊതിഞ്ഞ്‌ മരപ്പൊത്തിൽ കമഴ്‌ത്തി വെക്കുന്നു. മകളുടെ വീട്ടിലെ വിരുത്തൂണും കഴിഞ്ഞ്‌ വിശ്രമിക്കുമ്പോൾ അവിടെ കണ്ടചെണ്ടയിൽ മഴുത്തായകൊണ്ട്‌ അടിക്കുന്നു. ചെണ്ട പൊളിഞ്ഞശബ്‌ദം കേട്ട്‌ ജനങ്ങൾ ഓടി വരുമ്പോഴേക്കും ഓടി രക്ഷപ്പെടുന്നു. തിരിച്ചുവന്നുനോക്കിയപ്പോൾ ആമ പട്ടുപുടവ കഷണങ്ങളാക്കി രക്ഷപ്പെട്ടതായി കാണുന്നു. ഇതുകണ്ടപ്പോൾ പട്ടുപുടവ കിട്ടിയില്ലാന്നും മകളെ കണ്ടില്ലാന്നും ആമയെ കിട്ടിയില്ലാന്നും കരുതി സമാധാനിക്കുന്നു.

ചോദ്യക്കാരനായ മന്നാട്ടപ്പന്റെ വീടിന്റെ നടുമുടത്ത്‌ ഒരു മരമുണ്ട്‌. വീടുകൾക്കു കേടുകൂടാതെ മരംമുറിച്ചുമാറ്റാനാണ്‌ ചിത്രാശാരിയെ ക്ഷണിച്ചുവരുത്തുന്നത്‌.

ചിത്രാശാരി ഃ ഞാൻ മരമൊന്ന്‌ നോക്കട്ടെന്റെ മന്നാട്ടപ്പാ (എന്നുപറഞ്ഞ്‌ കയ്യിലുളള വടി മുഴക്കോലാണെന്ന്‌ സങ്കൽപിച്ച്‌ നോക്കുന്നു) എന്നിട്ട്‌.

‘തെയ്‌ത്തതിന്തക അല്ലെന്റെ

മന്നാട്ടപ്പാ, ഈ മരത്തിന്റെ ചായ്‌വ്‌ കിഴക്കോട്ടാണ്‌.

കിഴക്കിനിപ്പുരതട്ടണന്റെ മന്നാട്ടപ്പാ, എന്നാലേ മരം

മുറിക്കാനൊക്കൂ’ (ഇപ്രകാരം നാലുപുറം തട്ടി, മരം മുറിച്ചുകൊടുക്കുന്നു)

ചോദ്യക്കാരൻ ഃ മഴക്കാലാണ്‌, എനിക്കുപുതിയ പുരപണിയണം. തച്ചുശാസ്‌ത്രപ്രകാരം പണിയമരം ഏതാ?

ചിത്രാശാരി ഃ ഏതൊക്കെ മരം ഉണ്ട്‌?

ചോദ്യക്കാരൻ ഃ കാട്ടിൽ കുറെ തേക്കുണ്ട്‌

ആശാരി ഃ തേക്കു തേങ്ങിപ്പോകും

ചോദ്യക്കാരൻ ഃ വീട്ടിയുണ്ട്‌

ആശാരി ഃ വീട്ടി വീട്ടിനാകാ

ചോദ്യക്കാരൻ ഃ കാഞ്ഞിരമരമുണ്ട്‌

ആശാരി ഃ കാഞ്ഞിരം കയ്‌ക്കും

ചോദ്യക്കാരൻ ഃ മരുതുണ്ട്‌

ആശാരി ഃ മരുത്‌മരുന്നിനാകാ

ചോദ്യക്കാരൻ ഃ ഈ മരങ്ങളൊന്നും കൂടാതെ പിന്നെ തച്ചുശാസ്‌ത്രപ്രകാരം ഏതുമരം കൊണ്ടാ പുര പണിയുക?

ചിത്രാശാരിയുടെ അഭിപ്രായത്തിൽ പുര പണിയാൻ ഏറ്റവും നല്ലത്‌

‘അപ്പകുപ്പ കുറുന്തോട്ടി, ആവണക്കിൻതണ്ട്‌

ചേമ്പിൻതണ്ട്‌ ഇവനാലും ചതുരം പോക്കി

നല്ലചേറുളള കണ്ടത്തിൽ ചവിട്ടിത്താഴ്‌ത്തി

നാല്പത്തൊന്നാം പക്കം എടുത്താൽ

നാരിതെളിഞ്ഞ്‌ കോരി കുടിച്ച പോലിരിക്കും

ഇരുന്നു നോക്ക്യാനെരന്നു കാണാംന്റെ മന്നാട്ടപ്പാ’

ഏതാണ്ടിതേ അഭിപ്രായമാണ്‌ ആശാരിപ്പൊറാട്ടിലെ ആശാരിയ്‌ക്കും.

മൂത്തന്‌മളുടെ പുരയെല്ലാം തട്ടിക്കളഞ്ഞ്‌ പുതിയ പുര ഉണ്ടാകാനുളള ശ്രമമാണ്‌.

ആശാരി ഃ പുര വലുതാകണം ന്റെ മൂത്തമ്മളേ, വടക്കിനത്‌ പൊൽപ്പുളളിയോളം വേണം, തെക്കിനത്‌ പട്ടഞ്ചേരിയോളം വേണം, കിഴക്കിനത്‌ ഊട്ടുപാറയ്‌ക്ക്‌ അങ്ങേപ്പുറം വേണം, പടിഞ്ഞാറിനത്‌ പാലത്തുളളിയോളം വേണം. ഇനി നിങ്ങടെ കയ്യില്‌ എന്ത്‌ മരരണ്ടെന്റെ മൂത്തമ്മളേ.

ചോദ്യക്കാരൻ ഃ തേക്കുണ്ട്‌.

ആശാരി ഃ തേക്കുതേങ്ങിപ്പോകും

ചോദ്യക്കാരൻ ഃ മരുതുണ്ട്‌

ആശാരി ഃ മരുത്‌ മങ്ങിപ്പോകും എന്നു പറഞ്ഞ്‌ മരശാസ്‌ത്രം പറയുന്നു. “എടലചുടലയ്‌ക്കാകാ, കാഞ്ഞിരം കഴുകിനാകാ, വെന്തേക്ക്‌ വിറകിനാകാ”

എന്തെന്റെ മൂത്തന്‌മളേ, മൂത്തന്‌മളിനെപ്പോലെ, വഴുക്കനെ, കൊഴുക്കനെ, തണ്ടുപോലെ, തടിപോലെ, നല്ലതരമുണ്ട്‌. അതിനെ ഇരുമഴുകൊണ്ട്‌ വെട്ടി, ഈര്‌ വാളിട്ട്‌ ഈർന്ന്‌ ഭഗവതിക്കുളത്തിൽ കൊണ്ടുപോയിട്ടിട്ട്‌ മൂന്നാംപക്കം കുമ്പിളും കൊണ്ടുചെന്നാൽ വേണ്ടും വഴിക്ക്‌ വരും മന്നാട്ടപ്പനും മൂത്തന്‌മളം, ഈ പുര പണിയുന്നതിനാവശ്യമായ എല്ലാവസ്‌തുക്കളും തയ്യാറാക്കാം എന്നുപറഞ്ഞ്‌ ആശാരിയുടെ ഒഴിവ്‌ അന്വേഷിക്കുന്നു.

ആശാരി ഃ ഈയ്യപ്പെരപണിയാൻ ഞാനും, മറ്റും പോര, അഞ്ചുപത്ത്‌ ആശാരിമാരും കൂടെ വേണം. അവരെ വിളിച്ചിട്ട്‌ വരാം (എന്നു പറഞ്ഞ്‌ പോകുന്നു. ആശാരിപ്പൊറാട്ടിലെ ആശാരി ചിത്രാശാരിയേക്കാൾ വിദഗ്‌ദ്ധനാണ്‌).

ആശാരി ഃ നല്ലതു നടാനും, തൂൺനാട്ടാനും, കുളമതുകുഴിപ്പാനും, മരമതുമുറിപ്പാനും, നല്ലരാശി നല്ലനാൾ നല്ലമുഹൂർത്തം നോക്കണം. ആദിയോടടുത്താക, അനിഷമൊടു മൂന്നുമാകാ, ചോതിയും വിശാഖമാകാ, ചെല്ലുകിൽ ചതയമാകാം, ഓതിയൊരോണം, തന്നിൽ ഒമ്പതും പാടുകാല്‌, നിതിയിൽ മരം വെട്ടീടിൽ നിശ്ചയം കിടന്നു പോമെ.

27 നാക്കിൽ (നാളിൽ) 9 നാക്കുകൾക്കുശേഷമുളള നാൾകൊണ്ടുവേണം പുരപണിയാൻ. ‘മരമുഹൂർത്തം കൊളളണമെങ്കിൽ തടിയങ്ങളുടെ ഗുരുക്കന്‌മാരേയും ഗണപതിയേയും വന്ദിക്കണം’ എന്നുപറഞ്ഞ്‌ ഗണപതിയെ സ്‌തുതിക്കുന്നു. വിദ്വാനായ ഈ ആശാരിക്ക്‌ നാളികേരശാസ്‌ത്രവും പുസ്‌തകശാസ്‌ത്രവും അറിയാം. പഴയതിനെയെല്ലാം തച്ചുടച്ച്‌, പുതിയ പുര നിർമ്മിക്കാനുളള മാർഗ്ഗം പറഞ്ഞുകൊടുത്ത്‌ പണിപൂർത്തിയാക്കാതെ പോയ ഈ രണ്ടുപൊറാട്ടുകളിലുമുളളത്‌ ആശാരിമാരാണ്‌. തച്ചുശാസ്‌ത്രപ്രകാരം പറയുന്ന കാര്യങ്ങളെ വികലമായ രീതിയിൽ പറഞ്ഞ്‌ സമൂഹത്തെ രസിപ്പിക്കുന്ന ഈ പൊറാട്ടിൽ സമൂഹത്തിന്റെ സാമാന്യസ്വഭാവം കാണാൻ കഴിയും.

പറഞ്ഞുതന്നത്‌ഃ രാജഗോപാലൻ നായർ, കളിയാശാൻ, വട്ടേക്കാട്‌.

Generated from archived content: nattariv_chithra.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here