‘മകം വിത്തിന്റെ നാളാണ് ’
ഡേവിഡ് വളർക്കാവ്
ജീവസന്ധാരണത്തിന് ഭക്ഷണം ഒഴിവാക്കാനാവാത്ത ഘടകമാണല്ലൊ. പെറുക്കിയും പറിച്ചും തിന്നു കഴിഞ്ഞിരുന്ന കാലത്തിനുശേഷം മനുഷ്യരിൽ ഈ ഘടകത്തിന്റെ ലഭ്യതയിൽ എന്നും ഉത്‌കണ്‌ഠയുണ്ടായിരുന്നു. കാർഷിക സമൂഹങ്ങളിലെ ഒട്ടേറെ മുൻകരുതലുകൾ ചെയ്യിക്കുകയും ചെയ്‌തിരുന്നു.
പലപ്പോഴും മനുഷ്യരുടെ നിയന്ത്രണങ്ങളേയും കണക്കുകളേയും ഭൂമിയും കാലാവസ്ഥയും തിരുത്തിയിരുന്നു. പ്രാർത്ഥനാ നിരതരായി അഹന്തയില്ലാതെ കൃഷി ചെയ്യാൻ ഇത് മനുഷ്യരെ പ്രേരിപ്പിച്ചു. പുനംകൃഷിയും ഭൂമിഗിതവും ഇതിനുദാഹരണങ്ങളാണ്. ഭക്ഷണത്തിന്റെ തലമുറ തലമുറയായ കൈമാറ്റം നിർവ്വഹിക്കപ്പെടുന്നത് വിത്തിലൂടെയായതുകൊണ്ട് വിത്തിന് സംപൂജ്യസ്‌ഥാനം കാർഷിക സമൂഹങ്ങൾ കൽപ്പിച്ചു നൽകി. വിത്തിന്റെ വിൽപ്പന ഒരുകാലത്ത് നിഷിദ്ധമായിരുന്നു. വിത്തിന്റെ പ്രാധാന്യവും മനുഷ്യരുടെ പ്രത്യാശയും അനുഷ്‌ഠാനരൂപം പ്രാപിച്ചതാണ് തമിഴ്‌നാട്ടിൽ പ്രചാരത്തിലുളള ‘കുംഭാട്ടം’. അലങ്കരിച്ച അമ്മൻ കുടങ്ങളാണ് ഇതിന് ഉപയോഗിയ്‌ക്കുന്നത്. കുടങ്ങളിൽ മണ്ണുനിറച്ച് അതിൽ വിരൽകൊണ്ട് കുഴിച്ച് വിത്തിട്ട് തലവിലേറ്റിയുളള നൃത്തമാണിത്. ലൈംഗികബന്ധത്തിന്റെ അനുകരണം കലർന്ന നൃത്തങ്ങൾ ആണ് ഇതിൽ മുഖ്യഭാഗം. രതിയിലെ ധ,തചലനങ്ങൾ താമമേളങ്ങളോടെ ഉയർന്നു താഴ്‌ന്ന് പെയ്‌തു തീരുന്നത് ശ്രദ്ധേയമാണ്. ഭൂമിയെ അമ്മയും സ്‌ത്രീപുരുഷ ബന്ധത്തെ സൃഷ്‌ടിയുടെ മുന്നോടിയായും കാണുന്ന ഒരു കാഴ്‌ച ഇതിൽ അടങ്ങിയിട്ടുണ്ട്.
വിളവെടുപ്പുന്‌സവമായ ഓണം കഴിഞ്ഞ് 16-ാം നാൾ പതിനാറാം മകമാണ്. മകം വിത്തിന്റെ നാളാണ്. സമൃദ്ധിക്കു നിതാനമായ വിത്തിനെ സ്‌മരിക്കുന്നുണ്ടിവിടെ. മകം പിറന്ന മങ്ക ഉത്തമസ്‌ത്രീയാകുന്നതും സൽതന്താനങ്ങൾക്ക് ജന്‌മം നൽകുന്നതും സമൃദ്ധമായ വിളവും തമ്മിൽ ബന്ധപ്പെക്കിരിക്കുന്നത് കാണുക. കടലമ്മക്ക് ചോതിപോലെ വിത്തിന് മകമാണ്. കന്നിമാസത്തിലെ മകംനാളിലാണ് വിത്തിന്റെ പിറന്നാള്. കന്നിമാസംതന്നെ അഎിയപ്പെടുന്നത് രാശിപ്രകാരം ആകാശത്ത് നക്ഷത്രങ്ങളാൽ കന്യാരൂപം കൈവരുന്നതിനാലാണല്ലോ. നാളത്തെ സൃഷ്‌ടിചക്രം പൂർത്തിയാക്കേണ്ടവരാണ് കന്യകമാർ എന്ന നിലയിൽ കന്യകക്ക് സമൂഹം മാന്യത കൽപിച്ചു വന്നിരുന്നതായി കാണാം.
വിത്തിന്റെ പിറന്നാളിന് രാവിലെ തന്നെ നല്ല ഇനം വിത്ത് എടുത്ത് മഞ്ഞളരച്ചു പുരട്ടി എണ്ണ തേച്ച് ഇലയിൽ വെക്കും. വിളക്കുകൊളുത്തി അടുത്തുവെക്കും. കുറച്ചു കഴിഞ്ഞ് ഭക്ത്യാദരപൂർവ്വം കൊണ്ടുപോയി കുളിപ്പിക്കുന്നു. ശേഷം ചന്ദനക്കുറി വരച്ച് പത്തായത്തിൽ വെക്കുന്നു. വിത്തിന്റെ പിറന്നാളിലെ ഒരു ചടങ്ങ് ഇതാണ്. ഇതിനുശേഷമേ വിത്ത് വിതക്കാനായി എടുക്കൂ. തിരണ്ടുകുളിയോട് ബന്ധപ്പെട്ട ചില സാമ്യങ്ങൾ ഈ അനുഷ്ടാനത്തിൽ കാണാവുന്നതാണ്. വിത്തുത്സവം കന്യകോത്സവമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. മറിച്ചുമാകാം.
ചിങ്ങത്തിലെ സമൃദ്ധമായ വിളവെടുപ്പും അതിനുശേഷമുളള വിതയും തുടർന്നുളള അദ്ധ്വാനവും സമൃദ്ധിയും അന്നത്തെ മനുഷ്യരെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്ന് ഊഹിക്കാനേ ഇന്ന് നിവർത്തിയുളളൂ. കാർഷിക സമൂഹം അത്രക്കും തകർന്നു കഴിഞ്ഞു. വിത്തും സംസ്‌കട്ടതിയും അന്യാധീനപ്പെട്ടിരിക്കുന്നു.
Generated from archived content: vithu_pirannal.html Author: nattariv-patana-kendram