ഉത്‌സവമുള

‘മുളമുറിയിൽ പത്മമിട്ട്‌ മുളമ്പാലിക വെയ്‌ക്കുന്നു’

—————–ഞ്ഞായത്ത്‌ ബാലൻ——————

ഗ്രാമകേന്ദ്രങ്ങളായിരുന്ന കാവുകളിലെ ഉത്‌സവങ്ങൾ ആരംഭിയ്‌ക്കുന്നതിന്റെ ഭാഗമായി അനുഷ്‌ഠിച്ചു വരാറുളള ‘അങ്കുരാദി’ വിഭാഗത്തിൽപെട്ട ചടങ്ങാണ്‌ ‘മുളയിടൽ’. നവരനെല്ല്‌, ഉഴുന്ന്‌, യവം, തിന, എളള്‌, അവര, മുതിര, ചെറുപയർ, കടുക്‌, തുവര, ചാമ, വലിയ പയർ എന്നീ പന്ത്രണ്ടു വിത്തുകളാണ്‌ ദുർഗ്ഗക്ഷേത്രങ്ങളിലും വിഷ്‌ണുക്ഷേത്രങ്ങളിലും ഉപയോഗിയ്‌ക്കുന്നത്‌. ഇതിൽ ചാമയും ഉഴുന്നും ശിവക്ഷേത്രങ്ങളിൽ സ്വീകരിയ്‌ക്കാറില്ല. വിഘ്‌നേശ്വരൻ, സുബ്രഹ്‌മണ്യൻ, ശാസ്‌താവ്‌ എന്നീ ദേവന്മാർക്കും വിത്തുകളിൽ ചില്ലറ മാറ്റങ്ങളുണ്ട്‌. ഗോതമ്പ്‌, വരിനെല്ല്‌, മുളനെല്ല്‌ എന്നിവയും മുളയിടാൻ ഉപയോഗിക്കുന്ന നവധാന്യങ്ങളിൽ പെടുന്നു. നവധാന്യങ്ങൾ എന്നതുകൊണ്ടുദ്ദേശിയ്‌ക്കുന്നത്‌ എണ്ണമല്ല. പുതിയ വിത്തുകളാണല്ലോ നന്നായി മുളയ്‌ക്കുക. മുളനെല്ലുപോലെ വല്ലപ്പോഴും കിട്ടുന്ന വിത്തുകൾ ഈയാവശ്യത്തിന്‌ യഥാവസരം ശേഖരിച്ചുവെക്കുകയാണ്‌ പതിവ്‌. ക്ഷേത്രത്തിലെ നന്ത്രയ്‌ക്കാണ്‌ മുളയിടാന അധികാരം. വിത്തുകൾ വെളളത്തിലും പാലിലും കഴുകിയെടുത്ത്‌ ശുദ്ധമാക്കണം. മുളയിടുന്ന സ്ഥലം മന്ത്രപൂർവ്വം ശുദ്ധി വരുത്തണം. പല ക്ഷേത്രങ്ങളിലും ‘മുളമുറി’യെന്നൊരു പ്രത്യേക സ്ഥാനം തന്നെയുണ്ടാവും. ഈശാന (കിഴക്കുവടക്കേ) കോണിലാണ്‌ ഇതിന്റെ സ്ഥാനം. ഈ പ്രത്യേകസ്ഥാനത്ത്‌ പത്മമിട്ട്‌ മുളമ്പാലിക (പൂച്ചട്ടി) വെക്കുന്നു. വിത്തു പാകിയാൽ ഉടനെ നനക്കാനുളളതാണ്‌ വെളളം. വെളളത്തിൽ മഞ്ഞൾപ്പൊടി, അഷ്‌ടഗന്ധം എന്നിവ കലക്കുന്നു. പ്രതിഷ്‌ഠാ ദേവതയുടെ വ്യത്യാസമനുസരിച്ച്‌ അഷ്‌ടഗന്ധത്തിലെ ഇനങ്ങൾക്കും ഭേദങ്ങളുണ്ട്‌.

മന്ത്രപൂർവ്വം പീഠപൂജ കഴിച്ച്‌ മുളമ്പാലിക നിരത്തുന്നു. മുളമ്പാലികയിൽ പുറ്റുമണ്ണ്‌, പുഴമണൽ, ചാണകപ്പൊടി എന്നിവ നിറച്ച്‌ പാത്രസംസ്‌കാരം എന്ന ക്രിയയും നിർവ്വഹിയ്‌ക്കണം. അതിനുശേഷം പാലികയിലേക്ക്‌ വിഷ്‌ണുവിനേയും ബീജത്തിലേക്ക്‌ സോമനേയും മന്ത്രത്തോടെ ആവാഹിയ്‌ക്കുന്നു. മുളയിടുന്നതിനു മുമ്പ്‌ ദാനം എന്നൊരു ചടങ്ങു കൂടിയുണ്ട്‌. പിന്നീടു നീരാജനത്തിനു ശേഷം മുളയിടുന്നു -വിത്തു പാകുന്നു. അമ്പലവാസി കൈവിളക്കു വിടിച്ച്‌ ശംഖ്‌, വാദ്യം എന്നീ പശ്ചാത്തലത്തോടെ വിത്തുവിതച്ച്‌ നനക്കുന്നു. പിന്നീട്‌ അതാത്‌ ദേവനെ ആവാഹിച്ച്‌ നിവേദ്യത്തോടെ പൂജയും കഴിയ്‌ക്കേണ്ടതുണ്ട്‌. അതിനുശേഷം ഇലകൊണ്ടും വസ്‌ത്രംകൊണ്ടും മുടി നാലു പുറവും ബലി തൂവുന്നു. തുടർന്നുളള ഉത്‌സവകാലത്ത്‌ എല്ലാ ദിവസവും മൂന്നുനേരം മുളപൂജ നടത്തുന്നു. അത്താഴപൂജക്ക്‌ ബലിതൂവലും ഉണ്ട്‌. കലശത്തേടെയാണ്‌ ഉത്‌സവച്ചടങ്ങ്‌ അവസാനിയ്‌ക്കുന്നതെങ്കിൽ മുളയിലേക്കാവാഹിച്ച ദേവസാന്നിദ്ധ്യത്തെ കലശത്തിലേക്ക്‌ ‘ഉദ്വസി’യ്‌ക്കുന്നു. ഈ കലശം പിന്നീട്‌ ദേവന്‌ ആടുമല്ലോ. കലശമില്ലാതെയാണ്‌ ചടങ്ങ്‌ എങ്കിൽ ഉത്‌സവത്തിലെഴുന്നുളളിയ്‌ക്കുന്ന തിടമ്പിലേയ്‌ക്കാണ്‌ ഉദ്വസിയ്‌ക്കുക. ഉത്‌സവമുള വേണ്ടമാതിരി മുളക്കാതിരുന്നാൽ ദോഷങ്ങളുണ്ട്‌. അതിന്‌ പ്രായശ്ചിത്ത വിധികളുമുണ്ട്‌. ധാന്യങ്ങൾ അത്യപൂർവ്വമായേ മുളക്കാതെ പോവുകയുളളൂ. ഉത്‌സവങ്ങളുടെ ആദ്യവസാന മംഗളാചരണമാണ്‌ മുളയിടൽ.

Generated from archived content: vithu_mula.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here