മടക്കരയിലെ കൃഷിയറിവുകൾ

‘എറകുളള മൊതലാ പറന്നുപോകും’

പാരമ്പര്യ കൃഷിരീതി അറുപതുകളുടെ അവസാനംവരെ ഇവിടെ നിലനിന്നിരുന്നു. മുമ്പ്‌ വീട്ടിനടുത്തുളള വയലുകളിൽ രണ്ടു വിത്തുകൾ ഇടകലർത്തി നുളളി വെക്കുകയാണ്‌ ചെയ്‌തിരുന്നത്‌. മുണ്ടകനും മലയുടുമ്പനും അല്ലെങ്കിൽ മുണ്ടകനും തവളക്കണ്ണനും ഇടകലർത്തി. ഇതിന്‌ നാട്ടി (പറിച്ച്‌ നടൽ) പതിവില്ല. മലയിടുമ്പൻ ചിങ്ങമാസം അവസാനമാകുമ്പോൾ കൊയ്യാറാകും. മേടം പകുതി ആകുമ്പോഴാണ്‌ വിത്തിടുന്നത്‌. വാളുക എന്നാണ്‌ വിത്തിടുന്നതിന്‌ പറയുക. മലയിടുമ്പനും മുണ്ടകനും ചേർന്ന്‌ തഴച്ച്‌ വളർന്നതിൽനിന്ന്‌ പകുതിച്ചെടിയുടെ നീളം അവിടെ നിർത്തിയാണ്‌ മൂർന്നെടുക്കുക (കൊയ്യുക). പുല്ല്‌ (വൈക്കോൽ) കൂടുതലുണ്ടാകും. കാലികളുടെ തീറ്റയും നടക്കും. മോശമല്ലാത്ത വിളവും കിട്ടും. മകരമാസം അവസാനമാകുമ്പോഴും മുണ്ടകൻ കൊയ്യാറാകും. വീണ്ടും പുല്ലും നെല്ലും കിട്ടുന്നു. ഇങ്ങനെ കിട്ടിയ നെല്ലിൽ നിന്ന്‌ പാറ്റിക്കൊഴിച്ച്‌ വന്നല (ചാഴി) കളഞ്ഞ്‌ വിത്തിന്‌ എടുത്ത്‌ വെക്കുന്നു. വിത്ത്‌ എടുത്ത്‌ വില്‌ക്കാറില്ല. ആരെങ്കിലും വിത്ത്‌ ആവശ്യപ്പെട്ട്‌ വന്നാൽ പൈസ വാങ്ങില്ല. പകരം മറ്റേതെങ്കിലും വിത്ത്‌ വാങ്ങും. എല്ലാ കൃഷിക്കാരുടെ കയ്യിലുമായി പലതരം മൂപ്പുളള വിത്തുണ്ടാകും. ചിങ്ങമാസം ആരംഭത്തിൽ കൊയ്‌തെടുക്കുന്നതാണ്‌ വടക്കൻ മീശയുളള കുഞ്ഞിനെല്ല്‌. പനി വന്നാൽ കഞ്ഞിവെച്ച്‌കൊടുക്കുക കുഞ്ഞി നെല്ലാണ്‌. കുഞ്ഞിനെല്ലിന്റെ കതിരെടുത്ത്‌ മനോഹരമായി പല ആക,തിയിൽ കെട്ടി ഞാത്തിവെക്കുന്നത്‌ ഐശ്വര്യം (ബവ്‌സ്‌) ആണെന്ന്‌ കരുതിയിരുന്നു. ആര്യന, കഴമ, കുഞ്ഞിക്കഴമ, പൊന്നാര്യൻ, ഓക്ക, കുതിര്‌, വടക്കൻ, കുഞ്ഞിനെല്ല്‌ ഇങ്ങനെ ഓരോ വിത്തിനും അതിന്റെ സവിശേഷതയുണ്ട്‌. മലയിടുമ്പന്റെ ചോറിനേക്കാൾ രുചി കഴമക്കാണ്‌. പായസത്തിന്‌ കുഞ്ഞിനെല്ല്‌, വടക്കൻ എന്നിവ വിശേഷമാണ്‌. ഇത്‌പോലെ ഓരോ നെല്ലിന്റേയും കഞ്ഞിവെളളവും വ്യത്യസ്‌ത രുചിയുളളതാണ്‌. അതുപോലെ പഴങ്കഞ്ഞി (കുളുത്ത്‌) ക്ക്‌ കഴമ, കുതിര്‌, മലയിടുമ്പൻ എന്നിവയാണ്‌ നല്ലത്‌.

വിത്ത്‌ പൊതിയായി കെട്ടിവെക്കും. പ്രായമുളള പുലയകാരണവരാണ്‌ പൊതികെട്ടുന്നത്‌. കയറും വിരിപ്പുല്ലും ഉപയൊഗിച്ച്‌ ഗോളാകൃതിയിൽ ചവുട്ടി മുറുക്കി ഉണ്ടാക്കുന്ന ഈ പൊതി എത്രകാലവും കേടുകൂടാതെ നില്‌ക്കും.

കതിർ മെടച്ചൽ —-

കുഞ്ഞിനെല്ലിന്റെ കതിര്‌ പറിച്ചെടുത്ത്‌ പലരിതിയിലുളള മെടച്ചിൽ ശില്‌പങ്ങളുണ്ടാക്കി പടിഞ്ഞിറ്റകത്ത്‌ കെട്ടി ഞാത്തിയാൽ ഐസ്വര്യം വർദ്ധിക്കുമെന്ന്‌ വടക്കേ മലബാറിലെ മുത്തശ്ശിമാർ കരുതിയിരുന്നു. ‘എറകുളള മൊതലാണ്‌ അത്‌ പറന്ന്‌ പോകും’ (എറ്‌ക=ചെറക) എന്ന ഒരു ചൊല്ലും അന്നുണ്ടായിരുന്നു. വിത്തിനോട്‌ ബഹുമാനത്തോടെ പെരുമാറിയില്ലെങ്കിൽ വിളവ്‌ മോശമാകും എന്ന വിശ്വാസമാണ്‌ ഈ ചൊല്ലിന്റെ അടിസ്ഥാനം. വിത്ത്‌ അളന്ന്‌ കൊടുത്താൽ രണ്ടുമൂന്നെണ്ണം അളന്ന്‌ കൊടുത്ത പാത്രത്തിൽനിന്ന്‌ തിരിച്ച്‌ അളക്കുന്ന പാത്രത്തിലേക്ക്‌ ഇടുന്നതും ഈ വീട്ടിലെ ഐശ്വര്യം നഷ്‌ടപ്പെടാതിരിക്കാനാണ്‌.

പല ആകൃതികളിലായി മെടയുന്നത്‌ കതിർ തണ്ടുകളിലാണ്‌. കതിർ താടി രോമങ്ങളോടെ ഞാന്നു കിടക്കുന്നു. ആകെ കൂടി ഒരാൾരൂപം പോലെയും മെടച്ചിൽ മുടിമെടഞ്ഞതുപോലെയും ആണ്‌ തോന്നുക. മെടഞ്ഞുണ്ടാക്കുന്ന രിതി തന്നെ ഇന്ന്‌ അപ്രത്യക്ഷമായി. കുരിയകൾ (സഞ്ചികൾ, തടുക്കുകൾ (പടുത്തിരിക്കകൾ) പന്തുകൾ, പക്ഷികൾ, ചൂടിപ്പായകൾ, തെരിയകൾ, ഉറികൾ (ചൂത്‌), മാച്ചികൾ (ചൂലൂകൾ), പട്ടമാച്ചികൾ ഇവ മുത്തശ്ശി തന്നെ മെടഞ്ഞുണ്ടാക്കിയിരുന്നു.

ഉച്ചാറ്‌ വെളളരി നട്ടി ——

സൂര്യൻ ഉച്ചത്തിൽ നില്‌ക്കുന്ന സമയം മൂന്നു നാല്‌ ദിവസം കണ്ടത്തിൽ കൊത്തും കിളയും പാടില്ല. അതാണ്‌ ഉച്ചാറ്‌ അല്ലെങ്കിൽ ഉച്ചാറൽ. ഭൂമിക്ക്‌ ആർത്തവമുണ്ടാകും എന്നാണ്‌ വിശ്വാതം. ഉച്ചാറൽ കഴിഞ്ഞേ വെളളരിക്ക്‌ തടം കൊത്തൂ. വെളളരിക്ക്‌ തടം എടുത്ത്‌ രണ്ടുകൂന്ന്‌ ദിവസം കഴിഞ്ഞ്‌ കട്ട ഉടച്ച്‌ പാകപ്പെടുത്തി അടിവളമായി കുറച്ച്‌ വെണ്ണീറ്‌ ഇടുന്നു. ഇത്‌ വിത്തിനെ നശിപ്പിക്കുന്ന കൃമികളിൽ നിന്ന്‌ രക്ഷിക്കുന്നു. പിറ്റേന്ന്‌ രാവിലെ തൊട്ട്‌ കുറേശ്ശെരാവിലെയും വൈകുന്നേരവും നനക്കുന്നു. മൂന്നോ നാലോ ദിവസം കഴിയുമ്പോൾ മുളച്ച്‌ വരുന്നു. ഒരാഴ്‌ചവിലേറെ ആകുന്നതിന്‌ മുമ്പ്‌ തടത്തിൽ മണ്ണിടുന്നു. കുറച്ചുകൂടി വളർന്നു വരുമ്പോൾ കരിമണ്ണ്‌ (കരിച്ചമണ്ണോ), മണ്ണ്‌ എന്നിവ കൂട്ടിക്കലർത്തി ഇലകളിൽ പാറ്റുകയും ചെയ്യുന്നു. ഇതിന്‌ കൈവളമിടുക എന്നാണ്‌ പറയുക. ഉഴുന്നിന്റെ ൽരയോ മുതിരയുടെ ഇലയോ തല്ലിപ്പൊടിച്ച്‌, ചാണകം, ഞണ്ടിന്റേയും മറ്റും തോട്‌, ചെറുമിനുകൾ എന്നിവ ചേർത്ത്‌ വെളളം നനച്ച്‌ വളമുണ്ടാക്കുന്നു. നാലോ അഞ്ചോ ഇല കരുത്തോടെ വന്ന്‌ പടരാൻ ആയി എന്ന്‌ തോന്നുമ്പോഴാണ്‌ ഈ വളമിട്ട്‌ വെളളമൊഴിക്കുന്നത്‌. പിന്നെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഓരോ പാനി (കുടം) ഓരോ തടത്തിൽ എന്ന രിതിയിൽ വെളളമൊഴിക്കണം. വെണ്ണീറ്‌ ഇടക്കിടെ ഇലയിൽ പാറ്റും തുളളൽ പൊടി എന്ന നിലയിൽ. പിന്നെ വെളളരിമൂത്ത്‌ മഞ്ഞ വരകൾ പ്രത്യക്ഷപ്പെടുന്നതുവരെ വെളളം ഒഴിച്ചു കൊടുക്കണം. പിന്നെ വെളളമൊഴിക്കുന്നത്‌ നിർത്തി മൂന്ന്‌ നാല്‌ ദിവസം വെറുതെ വെക്കുന്നു. ഇതിനിടയിൽ എല്ലാ ദിവസവും നട്ടിക്കണ്ടത്തിൽ നടന്ന്‌ കെട്ടവ എടുത്ത്‌ ദൂരെ എറിയുന്നു.

വെളളരി പറിച്ച്‌ കഴിഞ്ഞാൽ ബാക്കി വരുന്ന പൊക്കൻ വെളളരി (വളഞ്ഞ വെളളരിക്ക) കുട്ടികൾ വന്ന്‌ കാലി പെറുക്കുന്നു. പച്ചോല മുറിച്ചെടുത്ത്‌ വാട്ടി ഓരോ ഇലകളിലായി മുന കൂർപ്പിച്ച്‌ ചെത്തിയെടുത്ത്‌ വെളളരിക്കയുടെ മധ്യത്തിൽ കെട്ടി ഞാത്തിയിടുന്നു. പിട്ടത്തിൽ (തുലാൻ) അടുത്ത വെളളരി ആവുന്നത്‌ വരെ ഇവ കേടുകൂടാതെ നില്‌ക്കും. പരസ്‌പരം മുട്ടാതെ വേണം തൂക്കിയിടാൻ. അഖവാ കെട്ടത്‌ കാണുമ്പോൾ അപ്പോൾ തന്നെ എടുത്ത്‌ മാറ്റണം. വെളളരി പറിച്ചാൽ ‘കറി എന്നാന്ന്‌ ചോയിക്കണ്ടല്ലോ’ എന്നത്‌ ആവർത്തനത്തെക്കുറിച്ച്‌ നട്ടിനടുന്നവരുടെ ചൊല്ലാണ്‌. വെളളരി, വെണ്ട, ഇളവൻ, കുമ്പളങ്ങ, മത്തൻ, തലോരിക്ക, കയ്‌പ, വഴുതിനങ്ങ, പടവലങ്ങ, അച്ചിൽ, വത്തക്ക എന്നിവയാണ്‌ ഉച്ചാറ്‌ വെളളരി നട്ടിയിൽ പൂത്ത്‌ കായ്‌ച്ച്‌ നില്‌ക്കാറ്‌. ഉച്ചാറ്‌ വെളളരി നട്ടിക്കണ്ടത്തിലാണ്‌ പണ്ട്‌ വെളളരി നാടകങ്ങൾ അരങ്ങേറിയിരുന്നത്‌.

Generated from archived content: vithu_madakkara.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English