പഴഞ്ചൊല്ലിന്റെ വിത്തുകൾ

പഴഞ്ചൊല്ലിന്റെ വിത്തുകൾ

അമരത്തടത്തിൽ തവള കരയണം.

അരി വിതച്ചാൽ നെല്ലാവില്ലാ.

അകലേ നടണം, അടുത്തു നടണം,

ഒത്തു നടണം, ഒരുമിച്ചു നടണം.

നല്ല കണ്ടത്തിൽ നുരി ദൂരം ദൂരം വെച്ചാൽ മതി.

സാധാരണനിലത്ത്‌ ഒരുമാതിരി ഒത്തുനട്ടാൽ മതി.

ചീത്ത കണ്ടത്തിൽ അടുത്തു നട്ടാൽ അത്രയും ലാഭം.

ആയെങ്കിൽ ആയിരം തെങ്ങ്‌

പോയെങ്കിൽ പത്തു മടല്‌

ആയെങ്കിൽ ആയിരം തെങ്ങ്‌

പോയെങ്കിൽ ആയിരം തേങ്ങാ

ആയെങ്കിൽ ആയിരം തെങ്ങാ

പോയെങ്കിൽ ആയിരം തൊണ്ട്‌.

ആരിയൻ വിതച്ചാൽ നവര വിളയുമോ?

ആരിയൻ നെല്ലിന്റെ ഓല മൂത്താലേ കങ്കമ്പുണ്ണ്‌ ഉണങ്ങൂ.

ആദി, പാതി, ഞാലി, പീറ്റ -നടാനുളള കുരു ഒന്നാമതു കായ്‌ച്ച പിലാവിന്റെ ചക്കയിൽ നിന്നെടുക്കണം. തേങ്ങ മധ്യവയസ്സായ തെങ്ങിന്റേതായിരിക്കണം. വെറ്റിലക്കൊടി കുത്തൊട്ടു താഴുന്ന തലയായിരിക്കണം. പീറ്റയായ കഴുങ്ങിന്റെ അടയ്‌ക്കയാണ്‌ നടാൻ നല്ലത്‌.

ഇഞ്ചിനട്ട ലാഭവും മുടികളഞ്ഞ സ്വൈരവും മലയാളനറിയാ.

ഇരുന്നുണ്ടവൻ രുചിയറിയില്ല. കിളച്ചുണ്ടവനേ രുചിയറിയൂ.

ഉച്ചാറുച്ചയ്‌ക്ക്‌ വെളളരിനട്ടാൽ

വിഷു ഉച്ചയ്‌ക്ക്‌ കായ പറിക്കാം.

ഉരി നെല്ലൂരാൻ പോയിട്ട്‌ പത്തു പറ നെല്ലു പന്നി തിന്നു.

ഊഴുന്ന മാടറിയണമോ വിതയ്‌ക്കുന്ന വിത്ത്‌.

എളളിലേ ലാഭം മുതിരയിൽ ചേതം.

എല തൊടാഞ്ഞാൽ കുല മലയ്‌ക്കു മുട്ടും.

ഏറെ വിളഞ്ഞാൽ വിത്തിനാകാ.

ഒരു വിത്തു വിതച്ചാൽ പല വിത്തു വിളയാ.

കണ്ണീരിൽ കൊണ്ടു വളം വെച്ച പോലെ.

കറ്റയും തലയിൽവെച്ച്‌ കളം ചെത്തരുത്‌.

കണ്ടം കണ്ടോണ്ടിരുന്നാൽ കൊണ്ടോണ്ടിരിക്കാം.

കാലത്തു വിതച്ചേ കതിരു നിറകയുളളൂ.

കാലം നോക്കി കൃഷി, മേളം നോക്കി ചാട്ട.

കാടരികെ, വീടരികെ, തോടരികെ -കൃഷിക്കു കൊളളരുത്‌.

കുമ്പളം നട്ടാൽ കുമ്മട്ടി കായ്‌ക്കില്ല.

കുംഭത്തിൽ മഴപെയ്‌താൽ കുപ്പയിലും ചോറ്‌ (നെല്ല്‌).

കുളനീർ, പനിനീർ, മലനീർ, വളനീർ -ഇതിൽ ഏതെങ്കിലും കൃഷിക്കു വേണം.

മനോരാജ്യം കണ്ടു വിതച്ചാൽ അരിവാൾ കൂടാതെ കൊയ്യാം.

കൊമ്പുതോറും നനയ്‌ക്കേണ്ട, വേരു നനച്ചാൽ മതി.

കൊട്ടാൻ, എറുമ്പ്‌, മുച്ചൻ-തെങ്ങ്‌, കഴുങ്ങ്‌, പിലാവ്‌ ഇവ നടേണ്ട ക്രമം. ഒരു തെങ്ങിന്മേൽനിന്ന്‌ ഒരു കൊട്ടന തുളളിയാൽ (ചാടിയാൽ) മറ്റൊരു തെങ്ങിന്മേൽ എത്താത്ത ദൂരത്തിൽ തെങ്ങു നടണം. കഴുങ്ങ്‌ അടുത്തു നടാം. പിലാവ്‌ വളരെ ദൂരം വിട്ടേ നടാവൂ.

കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ, മരുതു പൂക്കുമ്പോൾ പട്ടിണി.

ചീരമുരടു കാരപൊടിയ്‌ക്കയില്ല, കുരമുരടു ചീര പൊടിയില്ല.

ഞാറുറച്ചാൽ ചോറുറച്ചു.

ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴയ്‌ക്കും.

തൊണ്ണൂറ്‌ ചാലു പൂട്ടി വെണ്ണീര്‌ കൊരി എറിഞ്ഞാൽ ഒന്നുക്കായിരം വിള.

തവര നട്ടാൽ തൊവരയുണ്ടാകുമോ?

തുലാപ്പത്തു കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം.

തുലാപ്പത്ത്‌ കഴിഞ്ഞാൽ തോര പൂപ്പത്ത്‌.

തേങ്ങയുണങ്ങിയാൽ പിണ്ണാക്ക്‌-എളളുണങ്ങിയാൽ എണ്ണ.

തോട്ടംതോറും വാഴ, ദേശം തോറും ഭാഷ.

ധനുപ്പത്തു കഴിഞ്ഞാൽ കോത്താൻ തുടങ്ങാം.

ധനം നില്‌പത്‌ നെല്ല്‌. ഭയം നില്‌പത്‌ തല്ല്‌.

നാലും കടംകൊണ്ടവൻ കൃഷി ചെയ്യണ്ട -വിത്ത്‌, പോത്ത്‌, പണം, പണി.

നട്ടപ്പോഴും ഒരു കൊട്ട, പറിച്ചപ്പോഴും ഒരു കൊട്ട.

നട്ടു നനയ്‌ക്കയും നനച്ചു പറിയ്‌ക്കയും.

നേന്ത്രവാഴ നട്ടു കുലപ്പിപ്പാനും പെണ്ണിനെക്കൊണ്ടുവന്ന്‌ പുലർത്താനും പണി പെരുത്തുണ്ട്‌.

നെല്ലു പൊലുവിന്‌ കൊടുത്തേടത്തുനിന്ന്‌ അരി വായ്‌പ വാങ്ങല്ല.

നീർ നിന്നേടത്തോളം ചേർ കെട്ടും.

പത്തിരട്ടിച്ച വാണിഭത്തേക്കാൾ, വിത്തിരട്ടിച്ച കൃഷിനല്ലു.

പഴുക്കാൻ മൂത്താൽ പറിയ്‌ക്കേണം.

പുഞ്ചപ്പാടത്തെ കുളംപോലെ.

പൂവാഴത്തോട്ടത്തിൽ പേടില്ല.

പിലാവിന്റെ കീഴിലുളള കണ്ടം കൊടുത്ത്‌, മാവിന്റെ ചുവട്ടിലെ കണ്ടം വാങ്ങണം -പിലാവില വളത്തിന്‌ നന്നല്ലഃ മാവില വിശേഷമാണ്‌.

പോത്ത്‌ പൂട്ടിയേടം പൊന്ന്‌, എരുത്‌ കൂട്ടിയേടം നെല്ല്‌, മൂരി പൂട്ടിയേടം പുല്ല്‌.

പോയാൽ ഒരു തേങ്ങ, കിട്ടിയാൽ ഒരു തെങ്ങ്‌.

മീത്തലെ കണ്ടത്തിൽ ഉറവുണ്ടായാൽ താഴെ കണ്ടത്തിലും വരും.

മുതിരയ്‌ക്കു മൂന്നു മഴ.

മൂത്തേടത്തോളമേ കാതൽ ഉണ്ടാകൂ.

മുണ്ടോൻ നട്ടുമുങ്ങണം, വിരിപ്പു നട്ടുണങ്ങണം.

മുണ്ടോൻ മൂർന്നാൽ മൂക്കിനു നേരെ വഴി.

മുൻവിള പൊൻവിള.

മേടം പത്തിന്‌ മുമ്പു പൊടിവിത കഴിയണം.

വാരിത്തളിച്ച പാണ്ടൻ പണം കോരിക്കൊടുത്താലും കിട്ടുകയില്ല.

വിളയും വിത്തു മുളയിലറിയാം.

വിത്താഴം ചെന്നാൽ പത്താഴം നിറയും.

വെളളരി നട്ടാൽ വിളയറിയാം

വിത്തിരട്ടിച്ച വാരം, പത്തിന്‌ രണ്ടുപോലു, നൂറ്റിനു മൂന്ന്‌ വാൾ​‍ി.

നട്ടിക്ക്‌ മത്തിവളം, കണ്ടത്തിന്‌ കണ്ടവളം.

സമ്പത്തുകാലത്തു തൈ പത്തു വച്ചാൽ

ആപത്തു കാലത്തു കാപത്തു പറിക്കാം.

അണ്‌ഡത്തിലുളളത്‌ പിണ്‌ഡത്തിലും കാണാം.

ഉക്കത്തു വിത്തുണ്ടെങ്കിൽ

തക്കത്തിൽ കൃഷി ചെയ്യാം.

ഉണ്ണാനില്ലാഞ്ഞാൽ വിത്ത്‌ ;

ഉടുക്കാനില്ലാഞ്ഞാൽ പട്ട്‌.

വിത്തിറക്കുമ്പോഴും വിത്തമിരിക്കുമ്പോഴും

ഈശ്വരസ്‌മരണ വേണം.

വിത്ത്‌ കുറഞ്ഞാൽ സ്ഥലം ജാസ്‌തി പൂട്ടണം.

കോരി വിതച്ചാലും വിധിച്ചതേവിളയൂ.

നിലമറിഞ്ഞ്‌ വിത്ത്‌ വിതയ്‌ക്കണം.

അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട

മാങ്ങയും കേടുവരുന്നതല്ല.

‘ചൊല്ല്‌ ’ പഴയതായാലും ‘വിത്ത്‌ ’ പഴയതാകരുത്‌.

അടുത്ത്‌ നട്ട്‌ അഴകു കാണുക; അകത്തി നട്ട്‌ വിളവ്‌ കാണുക.

അത്തം ഞാറ്റുവേലയിൽ അകലെ കൊണ്ടു വടിച്ചു നട്ടാൽ മതി.

അധികം വിളഞ്ഞാൽ വിത്തിനാകാ.

ഉണ്ണാനില്ലാഞ്ഞിട്ട്‌ വിത്തു കുത്തി ഉണ്ണുക.

ഒരില പോയാൽ ഒരു പടല പോയി.

ഓണാടൻ വിതച്ചാൽ ഓണത്തിന്‌ പുത്തിരി.

കരിമ്പും എളളും ഞെക്കിയാലേ ഫലമുളളൂ.

കള പറിക്കാഞ്ഞാൽ വിള കാണാ.

കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം.

കുംഭത്തിൽ നട്ടാൽ കുടത്തോളം.

മീനത്തിലായാൽ മീൻ കണ്ണിയോളം.

കൂരവിതച്ചാൽ പൊക്കിളിയാവില്ല.

കൊയ്‌ത്തു കഴിഞ്ഞാൽ പത്തുണക്ക്‌.

കോരി വിതച്ചാൽ കുറച്ചേ കൊയ്യൂ.

ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല.

ചീര നനയ്‌ക്കുമ്പോൾ തകരയും നനയും.

ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല.

ചോതി വർഷിച്ചാൽ ചോറ്റിന്‌ പഞ്ഞമില്ല.

തഞ്ചത്തിന്‌ വളം വേണ്ട, തളത്തിന്‌ തഞ്ചം വെണ്ട.

പാലിൽ പിഴച്ചാൽ പതിര്‌.

Generated from archived content: vithu_june19.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here