1. തെങ്ങിന്റെ ഉത്‌ഭവം ഃ ചെറുപ്പക്കാരനായൊരു മുക്കുവൻ. ഒരു മുക്കുവക്കുടിയിൽ ജനിച്ചുവെന്നല്ലാതെ ഒരു പൊടിമീൻപോലും പിടിക്കാൻ അവനറിഞ്ഞുകൂടാ. ശ്രമിക്കാഞ്ഞിട്ടല്ല; നാശം പിടിച്ച ഒരു ജന്മമായിപ്പോയി അയാളുടേത്. തുറയിൽ പരിഹാസപാത്രമായി അവൻ മനംനൊന്ത് അലഞ്ഞുനടക്കുമ്പോൾ അയാൾ ഒരു ഇന്ദ്രജാലക്കാരനെ പരിചയപ്പെട്ടു. അയാൾക്ക് ശിഷ്യപ്പെട്ട് ഉടലിൽനിന്നും തല വേർപെടുത്താനുളള വിദ്യ സ്വായത്തമാക്കി തിരിച്ചെത്തി. കടപ്പുറത്തെ ഒരു ഇരുണ്ട മൂലയിൽവെച്ച് അയാൾ തന്റെ തല ഉടലിൽനിന്നും വേർപെടുത്തി കടലിലേക്ക് ഊളിയിട്ടു. ഈ അദ്‌ഭുത ജീവിയെ കണ്ട് കടൽമീനുകൾ ഉടലിനു ചുറ്റും കൂട്ടംകൂടി. ചെറുമീനുകൾ കഴുത്തിലെ ദ്വാരത്തിനിടയിലൂടെ ഉടലിനുളളിൽ കടന്നു. പെട്ടെന്നയാൾ കരയിലേക്കു നീന്തി. ഉടലിനുളളിൽനിന്നും മീനുകളെ കുടഞ്ഞു താഴെയിട്ടു. തലയെടുത്ത് ഉടലിൽ വെച്ചു. മീനുകളെയും കുട്ടയിലാക്കി അയാൾ ചന്തയിലേക്കു പോയി. ഗ്രാമീണർ അദ്‌ഭുതപ്പെട്ടു. ഇയാളെങ്ങനെ ഇത്ര പെട്ടെന്നൊരു വലക്കാരനായി. അടുത്തൊന്നും ഇയാളെ കടപ്പുറത്തു കണ്ടവരാരുമില്ല. ചിലർ സ്വകാര്യമായി അയാളുടെ വീടു പരിശോധിച്ചു. ഒരു ചൂണ്ടലോ വലക്കഷണമോ അവിടെയില്ലായിരുന്നു. എങ്ങനെയാണിയാൾ മീൻ പിടിക്കുന്നതെന്നറിയാൻ ആളുകൾക്ക് ആകാംക്ഷയായി. ഒരു ദിവസം മുക്കുവൻ പതിവുപോലെ തലയുമൂരിവെച്ച് മീൻ പിടിക്കാനിറങ്ങി. ഒരു കൊച്ചുകുട്ടി ഇതെല്ലാം ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ഉടൽ കടലിൽ ചാടിയയുടൻ കടപ്പുറത്തുകിടന്ന തലയുമായി കുട്ടി ഓട്ടമായി. തലയുടെ ഭാരം കൂടുന്നതായി അവനുതോന്നി. ഒടുവിൽ ഭാരം താങ്ങാനാവാതായപ്പോൾ അവനതൊരു കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു. മിനും നിറച്ച് ഉടൽപതിവുപോലെ കയറിവന്നു. തല കാണാനില്ല. തലയില്ലാതെ ഏറെനേരം കരയിൽ കഴിയാനുമാവില്ല. അത് ഒരു മത്സ്യമായി മാറി; കടലിലേക്കു തന്നെ ഊളിയിട്ട് എങ്ങോ പോയ് മറഞ്ഞു. കുട്ടി പറഞ്ഞറിഞ്ഞ് ആളുകളെല്ലാം കടപ്പുറത്തെത്തി; അതിശയം കാണാൻ. എന്നാൽ കുറ്റിക്കാട്ടിൽ തല കാണാനില്ല. അവിടെനീണ്ടു വളർന്നൊരു വൃക്ഷം നില്‌ക്കുന്നു. നിറയെ കായ്‌കളുമായി. കായ്‌കൾക്കെല്ലാം മനുഷ്യമുഖം….. ഇങ്ങനെയത്രേ തെങ്ങും തേങ്ങയുമുണ്ടായത്.
2. തെങ്ങിന്റെ ഉത്‌ഭവം ഃ അനേക വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ഒരു രാജസദസ്സിൽ സമർത്ഥനായൊരു തത്ത്വജ്ഞാനിയുണ്ടായിരുന്നു. രാജാവിന് അദ്ദേഹത്തെ വളരെ ബഹുമാനമാണ്. പ്രധാനമന്ത്രിയും അയാളും തമ്മിൽ അത്ര സുഖത്തിലല്ല. അവരന്യോന്യം ഉപദ്രവിക്കാനുളള അവസരങ്ങൾ പാർത്തു കഴിയുകയായിരുന്നു. ഒരു ദിവസം ആ തത്ത്വജ്ഞാനി രാജാവിനെ ഉണർത്തിച്ചു. ‘പ്രഭോ! അങ്ങയെ ഒരു കാര്യം ഗ്രഹിപ്പിക്കാൻ വളരെ നാളായി ഞാൻ ആഗ്രഹിക്കുന്നു. കാര്യം ഗൗരവപ്പെട്ടതാണ്. അങ്ങ് എന്റെ ആത്മർത്ഥതയിൽ കളങ്കം ദർശിക്കുമോ എന്ന ഭയത്താലാണ് ഞാനിതേവരെ അറിയിക്കാതിരുന്നത്. അങ്ങയുടെയും നാടിന്റെയും നന്മയെ ഓർത്ത് എനിക്കിനി അതു ഉണർത്തിക്കാതിരിക്കുവാൻ വയ്യ. അങ്ങതിന് അനുമതി നൽകിയാലും.’ രാജാവിന് ഉൽകണ്‌ഠ വർദ്ധിച്ചു. തത്ത്വജ്ഞാനി തുടർന്നു ഃ ‘അതു പറയുമ്പോൾ ഏറ്റവും അധികം വേദന അനുഭവിക്കുന്നത് എന്റെ ഹൃദയമാണ്. എന്നാലും ഞാനത് പറയുന്നു. നമ്മുടെ പ്രധാനമന്ത്രിയുണ്ടല്ലോ, അദ്ദേഹത്തിന്റെ തല വെട്ടി കുഴിച്ചിട്ടാൽ അതിൽനിന്ന് ഒരു പ്രത്യേക വൃക്ഷം വളരുന്നതും അനന്യലഭ്യവും അത്യുദ്‌ഭുതകരവുമായ കായ് അതിന് ഉണ്ടാകുന്നതുമാണ്. നമുക്ക് പ്രധാനമന്ത്രിയെ വേറെ ലഭിച്ചെന്ന് വരും. ആ അദ്‌ഭുത വൃക്ഷം മറ്റൊരാളുടെ ശിരസ്സിൽനിന്നും വളരുകയില്ല. അതിന്റെ നന്മ നമുക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ ലഭിക്കുന്നതാണ്.’
തത്ത്വജ്ഞാനിയുടെ വാക്കുകൾ വിശ്വസിച്ച രാജാവ് പ്രധാനമന്ത്രിയുടെ തല വെട്ടാൻ ആജ്ഞാപിച്ചു. തത്ത്വജ്ഞാനി ആ തലയെടുത്ത് ഒരു ഈന്തപ്പഴക്കുരു തലച്ചോറിൽ കുഴിച്ചിട്ടു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഒരുപ്രത്യേക മരം മുളച്ചു വന്നു. വേണ്ടപോലെ ശുശ്രൂഷകൾ ചെയ്‌തതിനാൽ ആ വിചിത്രമരം പെട്ടെന്ന് വളർന്നു. ആ മരമാണ് തെങ്ങ്. അതിന്മേൽ ഉണ്ടായതാണ് നാളികേരം.
3. എഴുത്തച്ഛന്റെ കൊയ്‌ത്ത് ഃ കരിമ്പുഴ ചോഴിയത്ത് വീട്ടിൽ കൃഷിക്കാരനായ ഒരെഴുത്തച്ഛൻ ജീവിച്ചിരുന്നു. കൃഷിക്കാരനായി അന്നാട്ടിൽ തന്നെ ഒരു മാപ്പിളയുമുണ്ടായിരുന്നു. മുഹൂർത്തത്തിലും ജ്യോതിഷത്തിലും വലിയ വിശ്വാസമായിരുന്നു എഴുത്തച്ഛന്. മുഹൂർത്തമൊക്കും, നാളൊക്കും, ഞാറ്റുവേലയൊക്കും, ആഴ്‌ചയൊക്കും, പന്ത്രണ്ടു വർഷം കാത്തിരിക്കേണ്ടിവന്നു എഴുത്തച്ഛന് എന്നു പറഞ്ഞാൽ മതിയല്ലോ. മാപ്പിളയാകട്ടെ, മുഹൂർത്തം നോക്കാതെ, ആഴ്‌ചയും തീയ്യതിയും നോക്കാതെ വിത്തിറക്കി നൂറുമേനി കൊയ്‌തു. ഇക്കാലമത്രയും നിരാശയായിരുന്നു എഴുത്തച്ഛന്. ഒടുവിൽ മുഹൂർത്തം നോക്കി വിത്തിറക്കി. മുഹൂർത്തം നോക്കി കൊയ്യുകയും ചെയ്‌തു. മുഹൂർത്തമൊപ്പിക്കുന്നതിനുവേണ്ടി വേണ്ടത്ര മൂക്കുന്നതിനു മുമ്പാണത്രെ കൊയ്‌തത്. വെട്ടിക്കൊണ്ടു മെതിച്ചപ്പോഴോ കനകം!..
4. വിത്തിന്റെ ശാപം ഃ വിത്തു വിതക്കാൻ കൊണ്ടുപോകുമ്പോൾ അതീവശ്രദ്ധ വേണമത്രെ. ഒരുമണിപോലും കളയാൻ പാടില്ല. വീണുപോയ മണികളെല്ലാം ഒന്നൊന്നായി പെറുക്കിയെടുത്തിട്ടു കൊണ്ടുപോകുന്നു. അല്ലെങ്കിൽ വീണുപോയ മണികൾ വിലപിക്കും ‘എന്റെ കൂട്ടുകാരെല്ലാം പോയല്ലോ, എന്നെക്കൊണ്ടുപോയില്ലല്ലോ’ എന്നു പറഞ്ഞ്. എന്നിട്ട് തന്റെ കൂട്ടുകാരുടെ അടുത്തേക്കു പോകാൻ ശ്രമിക്കും. ഒരിക്കൽ മണ്ണിലേക്കു വിതക്കാൻ കൊണ്ടുപോകാത്ത ഒരു വിത്തിന്റെ ശാപംമൂലം ഒരു കണ്ടത്തിലെ കൃഷി മുഴുവൻ നശിച്ചുപോയത്രെ!..
5. അതികൊതി വരുത്തിവെച്ച വിന ഃ പണ്ടുപണ്ട് നെല്ലിന് തോടുണ്ടായിരുന്നില്ല. നേരിട്ട് അരിയായി കിട്ടുമായിരുന്നു. എന്തിനു പറയുന്നു ഇത് ആളുകളെയെല്ലാം മടിയരാക്കി. ഒരിക്കൽ ദുര മൂത്ത് സ്‌ത്രീകൾ പറഞ്ഞുവത്രെ, ‘ഈ അരിയൊക്കെ ചോറായി കിട്ടിയിരുന്നെങ്കിൽ എന്തു സുഖമായിരുന്നു’. ഇതുകേട്ട് അരിക്ക് ദേഷ്യം ഇരച്ചുകയറി. അന്നു മുതൽ നേരിട്ട് അരിയായി കിട്ടുന്ന പതിവ് നില്‌ക്കുകയും അരിക്കു തോടുവന്ന് നെല്ലായിത്തീരുകയും ചെയ്‌തു.
Generated from archived content: vithu_five.html Author: nattariv-patana-kendram