വല്ലോട്ടിയും വിത്തുസൂക്ഷിക്കലും

1. ‘കരോൻമാടുക’ ഃ പയ്യന്നൂരിൽ പണ്ടുകാലത്ത്‌ വിത്തു സൂക്ഷിച്ചിരുന്നത്‌ ‘കരോൻമാടി’യായിരുന്നു. വിത്തുവല്ലംതന്നെ ‘കരോൻ’. ചാണകം തേച്ച നിലത്ത്‌ പുല്ലുവിരിക്കുന്നു. അതിനുമുകളിൽ വട്ടത്തിൽ നിരത്തി കയറുകെട്ടി ബലം വരുത്തുന്നു. 25 പറ നെല്ലുവരെ കൊളളുന്ന കരോൻമാടും. ഭക്ഷ്യാവശത്തിനുളള നെല്ലാണ്‌ കരോൻമാടി സൂക്ഷിച്ചിരുന്നത്‌. വിത്തു സൂക്ഷിച്ചിരുന്നത്‌ ചെറിയ വൈക്കോൽപ്പൊതികളാക്കിയായിരുന്നു. വിതക്കാൻ വേണ്ടിവരുന്ന വിത്തുപൊതികളുടെ എണ്ണമനുസരിച്ച്‌ ഇത്ര ‘പൊതിപ്പാടു’ നിലമെന്നായിരുന്നു പണ്ടൊക്കെ വയലിന്റെ വിസ്‌തൃതി പറഞ്ഞിരുന്നത്‌. പത്തായത്തിന്റെ താക്കോലും കക്ഷത്തിലിറുക്കി നടക്കുന്ന കാരണവന്മാരെപ്പറ്റിച്ച്‌ തറവാട്ടിലെ സ്‌ത്രികൾ ‘പൊതി’യിൽ നിന്നും വിത്തെടുത്ത്‌ കുത്തി കഞ്ഞിവെച്ച്‌ കുട്ടികൾക്കു കൊടുക്കുമായിരുന്നു. കിണ്ടിവാലുകൊണ്ട്‌ തിക്കിയാണ്‌ വിത്തുപൊതിയിൽ നിന്നും നെല്ലെടുത്തിരുന്നത്‌.

‘കരോൻമാടുക’ യെന്നത്‌ ഉത്തരകേരളത്തിൽ സമൃദ്ധിയെ സൂചിപ്പിക്കുന്ന ഗ്രാമശൈലിയാണ്‌. വിരിപ്പുകൃഷിയുടെ പൊലിവ്‌ കണ്ടത്തിലെ ചില ലക്ഷണങ്ങൾ നോക്കി കർഷകർ പറയുമായിരുന്നു. നെല്ലിന്റെ കതിരിലും ഇലയിലുമെല്ലാം കറുപ്പും വെളുപ്പും നിറത്തിൽ മല്ലിവിത്തുപോലൊന്ന്‌ നിരനിരയായി തൂങ്ങിക്കിടക്കുമായിരുന്നത്രേ. ഇത്‌ ശലഭത്തിന്റെ പ്യൂപ്പയായിരിക്കാം. ഇതുകണ്ടാൽ അക്കുറി ‘കരോൻമാടാ’മെന്നാണ്‌ നാട്ടുചൊല്ല്‌. കണ്ടത്തിൽ കതിരുകൾക്കിടയിൽ ‘ചീവോതിക്കുറി’ കണ്ടാലും വിളവ്‌ സമൃദ്ധമാകും. നെല്ലിൽ ഏതോ ‘ഫംഗസ്‌’ ഉണ്ടാക്കുന്ന ഇരുണ്ടനിറമുളള ഒരുതരം പൊടിയാണിത്‌. ശ്രീഭഗവതിയുടെ പ്രസാദം! ഇതുകൊണ്ട്‌ പൊട്ടുതൊടുന്നത്‌ ഐശ്വര്യ ദായകമാണെന്നാണ്‌ ഗ്രാമീണരുടെ വിശ്വാസം. വാരിപ്പൂവ്‌ എന്ന പേരിലാണ്‌ പാലക്കാട്‌ പ്രദേശങ്ങളിൽ ചീവോതിക്കുറി അറിയപ്പെടുന്നത്‌. ആധുനികകൃഷി ശാസ്‌ത്രജ്ഞന്‌ രോഗകീടങ്ങളായ പുഴുവും പ്രാണിയും പൂപ്പലുമാണ്‌ ഇവിടെ വിളവിന്റെ ദേവതാപ്രസാദമാവുന്നത്‌.

2. വിത്ത്‌ ഉണക്കുന്നവിധം ഃ നെല്ല്‌ നല്ല വെയിലത്തിട്ട്‌ ഉണക്കുക. അതിനു ശേഷം നല്ലതുപോലെ കാറ്റത്തിട്ട്‌ പതിരും തുളനും മുറിയും കളയണം. നല്ല നെല്ലെടുത്ത്‌ വെയിലത്തിട്ട്‌ സൂചിയ്‌ക്കു കുത്താൻ നൂറിൽ എടുക്കുക. (സൂചിയ്‌ക്ക്‌ കുത്താൻ പാകം – നെല്ല്‌ നടുവെ പൊട്ടിച്ചാൽ ഉളളിൽ സൂചിയുടെ കനം നെല്ല്‌ ഉണങ്ങാൻ പാടില്ല). ഒരു ദിവസം രാത്രി മഞ്ഞു കൊളളിക്കുക. പിറ്റെ ദിവസം ഉണക്കി നന്നായി സൂക്ഷിക്കുക. വട്ടന പണിക്ക്‌ വിത്ത്‌ മുളപ്പിക്കണ്ട. വിത്ത്‌ കാറ്റത്തിട്ട്‌ ഉണക്കി കണ്ടത്തിൽ വിത്ത്‌ വയ്‌ക്കുകയോ, വിതയ്‌ക്കുകയോ ചെയ്യാം. അത്‌ മണ്ണിന്റെ ചുവടെ കിടന്നു മുളച്ചുവരും. ഇതിനുപയോഗിക്കുന്ന നെല്ല്‌ ചിങ്ങമാസത്തിലേതാകണം. പുതുമഴയ്‌ക്ക്‌ വിതയ്‌ക്കണം. ധനുമാസത്തിലെ നെല്ല്‌ ഉണക്കി സൂക്ഷിച്ചു വയ്‌ക്കണം. കർക്കിടകമാസതിൽ നെല്ലെടുത്‌ ഒരു ദിവസം ചെമ്പില വെളളത്തിലിട്ട്‌ കുതിർത്ത്‌ മുറ്റത്തു തട കൂടി വാരിയിടുക. തട വെയ്‌ക്കാൻ വാഴപിഛി കൂട്ടിവെയ്‌ക്കുന്നു. ഇതിൽ കൂവയില പരത്തി വാരിയിടുക. ഇടയ്‌ക്കിടക്ക്‌ കൂവയിലയിട്ട്‌ മുകൾവശം വാഴയിലയിട്ട്‌ മൂടി ഭാരം വയ്‌ക്കണം. വിറ്റെദിവസം കാലത്ത്‌ നല്ലവെളളം തെളിച്ച്‌ വിത്ത്‌ നനച്ചു കൂട്ടണം. മുകളിലെ ഭാരം മാറ്റിയിട്ടുവേണം നനച്ചു കൂട്ടേണ്ടത്‌. നനച്ചു കൂട്ടുക (നെല്ല്‌ കൈകൊണ്ട്‌ മുകളിലേക്ക്‌ ഇളക്കി കൂട്ടുന്നതിനെയാണ്‌). ​‍ാതിനു മീതെ ആദ്യത്തെപോലെ ഇലവച്ച്‌ ഭാരം വയ്‌ക്കണം. ഇതുപോലെ സന്ധ്യയ്‌ക്കും ഭാരം മാറ്റി നനച്ചു കൂട്ടണം. രണ്ടുദിവസം ഇപ്രകാരം ചെയ്യണം. മൂന്നാം ദിവസം വിത്ത്‌ പൊട്ടിയിട്ടുണ്ടാകും. – മുളച്ചില്ലെങ്കിൽ ചാണകവെളളം തെളിച്ച്‌ കെട്ടിവച്ചാൽ മതിയെന്നാണ്‌ എറണാകുളം ചേരാനെല്ലൂർ ഭാഗത്തെ കർഷകർ പറയുന്നത്‌ (ബിനോയ്‌ തോമസ്‌ ശേഖരിച്ചത്‌). പിന്നെ വെളളം ഒഴിക്കണ്ട. ഉലർത്തിക്കൂട്ടി ഭാരം വച്ചാൽ നാലാം ദിവസം എല്ലാ വിത്തും നന്നായി മുളച്ചിട്ടുണ്ടാകും. ഒരുക്കിയ വയലിൽ കൊണ്ടുപോയി വിതക്കുക. വിതക്കാൻ കൊണ്ടുപോകുമ്പോൾ മുളച്ച ഒരു നെൽവിത്തുപോലും കളയരുത്‌. എല്ലാം വയലിലെത്തിയിരിക്കണം. വയലിലെ വിതച്ച വിത്ത്‌ 28 ദിവസം കഴിഞ്ഞാൽ പറിച്ചു നടാം. 10 പറ കൃഷിയുണ്ടെങ്കിൽ 8 പറ നെല്ല്‌ മുളപ്പിച്ചാൽ മതി.

3. വല്ലം ഃ കാർഷികവൃത്തികൾക്കായുളള മുറങ്ങളും പറക്കൊട്ടകളും എല്ലങ്ങളും ഉചാക്കാനുളള അവകാശം അതാതു ദേശത്തെ പറയർക്കാണ്‌. വിത്തു സൂക്ഷിക്കുന്നതിനുളള വല്ലം ഇന്നപൂർവ്വമാണ്‌. വിത്തുകൊട്ട, വല്ലോട്ടി എന്നിങ്ങനെ ഇവ പല രൂപത്തിലുണ്ട്‌. ഇവ 10 പറ കൊളളുന്നതുമുതൽ 50 പറ കൊളളുന്നതുവരെ പല അളവിലുണ്ട്‌. വല്ലോട്ടിക്ക്‌ 6 അടി ഉയരമുണ്ടാകും. അടിയിൽ മൂല ആകൃതിയിലും മുകളിലേക്ക്‌ വൃത്താകൃതിയിലും പണിയുന്നു. ഒരു പറയ്‌ക്ക്‌ എടങ്ങാഴി നെല്ലായിരുന്നു വേതനം. വിത്തു പാടത്തേക്ക്‌ കൊണ്ടുപോകുന്നതാണ്‌ വിത്തുകൊട്ട.

4. വിത്തും ഞാറ്റുവേലയും ഃ ഞാറ്റുവേലയുമായി ബന്ധപ്പെട്ട ചൊല്ലുകൾ യഥാർത്ഥ കൃഷിപാഠങ്ങളാണ്‌ ഃ അത്തത്തിന്റെ മുഖത്ത്‌ മുതിര വെതയ്‌ക്കണം, തിരുവാതിരയ്‌ക്ക്‌ പയറു കുത്തിയാൽ ആറ്റവരും. ആറ്റവരാതിരിക്കാൻ മൂന്നുദിവസം പയറിനു കാവലിരിക്കും. പയറു മുളച്ച്‌ കുനിഞ്ഞു നിൽക്കുമ്പോൾ ആറ്റകിളികൾ കൊത്തിക്കളയും. മൂന്നുദിവസം തകരപാട്ട കൊട്ടി കാവലിരിക്കും ഃ

‘ആറ്റയും മക്കളും പൊക്കോളാൻ നാളെ രാവിലെ വന്നോളേൻ

പടിക്കലെകണ്ടം കൊയ്‌തോളിൻ ആറ്റേ… ആറ്റേ…. ആറ്റേ…..

രോഹിണി ഞാറ്റുവേലയിൽ പയറുകുത്തണം. അപ്പോൾ കായ നല്ലവണ്ണം ഉണ്ടാകും. മകയിരത്തിൽ നട്ടാൽ കായ്‌ക്കാതെ മതിച്ചു കിടക്കുകയേയുളളൂ. ചേന കുംഭമാസത്തിൽ വെളുത്തവാവുനാൾ ഉദിക്കുമ്പോൾ, സന്ധ്യയ്‌ക്കാണ്‌ നടേണ്ടത്‌. കുംഭമാസത്തിലെ പൂർണ്ണചന്ദ്രനെ കുംഭപ്പറ എന്നു പറയും. അത്രയും വലുപ്പം ചേനയ്‌ക്കുണ്ടാകുമന്രെ. കുംഭപ്പറ കുടംപോലെ. ചേന പടിയ്‌ക്കുമ്പോൾ ഒന്ന്‌ നാലാക്കി മുറിച്ച്‌ വെണ്ണീറ്‌ പുരട്ടി ഉണക്കിവെച്ചാണ്‌ ചേന വിത്തുണ്ടാക്കുന്നത്‌. രോഹിണി ഞാറ്റുവേലയിലാണ്‌ ഉഴുന്നും ചെറുപയറും വിയ്‌ക്കുന്നത്‌. പനമ്പിൽ ഇടവിളയായി ഇവ ചെയ്‌തുവന്നു. ഇത്‌ ഒന്നിച്ചാണ്‌ വലിക്കുക. കളത്തിൽ ഉണക്കി കോലുകൊണ്ട്‌ തല്ലി എടുക്കും. പുതുമഴ പെയ്യുമ്പോഴാണ്‌ കൂർക്ക വിത്ത്‌ തലയ്‌ക്ക്‌ നടേണ്ടത്‌. കർക്കിടകം ഏഴുകഴിഞ്ഞാൽ കൂർക്ക തലനുളളി തടം കോരിനടും. രണ്ടു മൂന്നു തല ഒരു നുരിയിൽ വയ്‌ക്കും. പന്നിക്കൂർക്ക കലംപൊളിക്കും എന്നാണ്‌ ചൊല്ല്‌ പന്നിയിൽ നട്ടാൽ വിളവുകൂടും എന്നർത്ഥം. മഴ അധികമായാൽ കൂർക്കയ്‌ക്കു സ്വാദുണ്ടാകില്ല. ചേമ്പ്‌, പറമ്പ്‌ചേമ്പ്‌, ശീമചേമ്പ്‌, കുടമലരൻ ചേമ്പ്‌ എന്നു പലയിനമുണ്ട്‌. വൃശ്ചികത്തിൽ പുതുമഴ പെയ്യുമ്പോഴാണിത്‌ പറിക്കേണ്ടത്‌.

Generated from archived content: vithu_april16.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here