കാണിക്കാരുടെ വീരകഥാഗാനം

എം.സെബാസ്‌റ്റ്യൻ

കാണിക്കാർഃ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വന മേഖലകളിൽ അധിവസിക്കുന്ന ഒരു ആദിവാസി വിഭാഗമാണ്‌ കാണിക്കാർ. മലയരയർ എന്നായിരുന്നുവത്രെ ഇവരുടെ ശരിയായ പേര്‌. പാട്ടിലും കഥകളിലും ഐതിഹ്യങ്ങളിലുമെല്ലാം മലയരയർ എന്നാണ്‌ കാണാൻ കഴിയുന്നത്‌. അതുകൊണ്ടുതന്നെ കാണിക്കാർ എന്ന പേര്‌ മറ്റാരോ കല്പിച്ചു നൽകിയതാവാനാണു സാധ്യത. സംസ്‌കാരസമ്പന്നരായ ഒരു ജനവിഭാഗമാണിവർ. നാടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവർ ആധുനികതയുടെ എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്നുണ്ട്‌. എന്നാൽ ഉൾവനങ്ങളിൽ കഴിയുന്നവരാകട്ടെ നൂറു ശതമാനം നിരക്ഷരരായി തുടരുന്നു. വേട്ട നിരോധിക്കുകയും വനനിയമങ്ങൾ കർക്കശമാക്കുകയും ചെയ്തതോടെ വനാന്തരങ്ങളിൽ കഴിയുന്നവർ അത്യന്തം ഗതികെട്ട ഒരവസ്ഥയിലേക്കു മാറിക്കൊണ്ടിരിക്കുന്നു.

തനതു സംസ്‌കാരത്തിന്‌ ഉലച്ചിൽ നേരിട്ടെങ്കിലും ആചാരാനുഷ്‌ഠാനങ്ങൾ പൂർണ്ണമായും അന്യം നിന്നുപോയിട്ടില്ല. വിനോദകലകൾ പൊതുവെ ഇല്ലെന്നുതന്നെ പറയാം. കൊല്ലം ജില്ലയിൽ ചില ഭാഗങ്ങളിൽ കണ്ടുവരുന്ന കോലാട്ടവും, കോൽക്കളിയും മാത്രമാണ്‌ ഇതിനൊരപവാദം. ചാറ്റുപാട്ട്‌, വാതപ്പാട്ട്‌ എന്നിവയാണ്‌ പ്രധാന അനുഷ്‌ഠാന കലാരൂപങ്ങൾ. സ്‌ത്രീകൾ പൊതുവെ കലാരൂപങ്ങളിലൊന്നും പങ്കെടുക്കാറില്ല. എന്നാൽ അസംഖ്യം പാട്ടുകൾ അവർക്കിടയിൽ നിലനില്‌ക്കുന്നു. അർദ്ധവൃത്താകൃതിയിൽ കൈകൾ കോർത്തിരുന്ന്‌ മുന്നോട്ടും ആടിയാടി പാടുന്ന തൂങ്കിപാട്ടുകൾ. പത്തടിപ്പാട്ടുകൾ എന്നിവ അനവധിയാണ്‌. സ്‌ത്രീകൾ വിശ്രമവേളകളിൽ സംഘം ചേർന്നിരുന്നു പാടുന്ന പാട്ടുകളെ പൊതുവെ മലമ്പാട്ടുകളെന്നാണ്‌ അറിയപ്പെടുന്നത്‌.

പാപ്പിരായാവിന്റെ പാട്ട്‌ഃ പാമ്പിന്റെ രാജ്യം. ജന്തു വർഗ്ഗങ്ങളെയും മനുഷ്യരേയും പാമ്പ്‌ ഒന്നൊന്നായി കൊന്നൊടുക്കുന്നു. കൊല്ലത്ത്‌ അവശേഷിക്കുന്നത്‌ ഇനി ഏകതരുണീമണി. ഈ പെണ്ണ്‌. അവൾ ഇന്ന്‌ പാമ്പിന്റെ ഇരയാകാൻ പോകുന്നു. ഈ സന്ദർഭത്തിലാണ്‌ യുവാവ്‌ കൊല്ലത്തെത്തുന്നത്‌.

കൊല്ലത്തേയ്‌ക്കുളള യാത്ര അമ്മ വിലക്കി. ബന്ധുജനങ്ങളെല്ലാം വിലക്കിയതായിരുന്നു. കൊല്ലത്തുപോയ പിതാവിനേയും ബന്ധുജനങ്ങളേയുമെല്ലാം പാമ്പ്‌ തിന്നൊടുക്കി. അവരിൽ ഒരാൾ പോലും തിരിച്ചുവന്നിട്ടില്ല. എന്നാൽ കൊച്ചിയിൽ പോയവരൊക്കെ വന്നിട്ടുണ്ടത്രേ. കൊല്ലത്തെക്കുറിച്ചും കൊച്ചിയെക്കുറിച്ചും അഗസ്‌ത്യമേഖലയിലെ ഉൾവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസി ഗാനങ്ങളിൽ വർണ്ണനയുണ്ട്‌. കാണിക്കാർ തിരുവനന്തപുരം ജില്ലയിലും. കൊല്ലം ജില്ലയിലെ കുളത്തുപുഴഭാഗത്തും മാത്രമേയുളളുവെന്നത്‌ മറ്റൊരു വസ്‌തുത. മുൻപെപ്പോഴോ ഒരു പൊതുസംസ്‌കാരവും ചരിത്രബന്ധവും നിലനിന്നിരുന്നുവെന്നതിന്റെ നേരിയ സൂചനകൾ ഈ പാട്ടിൽ ദൃശ്യമാണ്‌. കൊല്ലനെക്കുറിച്ചും വാളുതീർക്കലിനെക്കുറിച്ചുമുളള പരാമർശങ്ങളിൽ നിന്ന്‌ സമൂഹം തൊഴിലടിസ്ഥാനത്തിൽ ജാതികളായി വേർതിരിഞ്ഞതിനുശേഷമാണ്‌ ഈ ഗാനമുണ്ടായതെന്ന്‌ അനുമാനിക്കാം.

അമ്മയുടെ അനുവാദവും നേടി മകൻ കൊല്ലത്തെത്തുന്നു. ആടുമാടുകളില്ല. മനുഷ്യരില്ല. എല്ലാം വിജനം. കമുകിൽ പാക്കും തെങ്ങിൽ തേങ്ങയും പഴുത്തിരിക്കുന്നു. എങ്ങും അനാഥത്വം. ഒരു ജീവിയേയും കാണാനില്ല. വിശപ്പും ദാഹവുമകറ്റാൻ ഇളനീരിനായി അവൻ തെങ്ങിൽ കയറുന്നു. അതാ ഒരു വീട്ടിൽ നിന്ന്‌ പുക. മനുഷ്യവാസത്തിന്റെ ലക്ഷണം. അവൻ അങ്ങോട്ടോടി. പാമ്പിന്റെ ഇരയാകേണ്ട ഇനപെണ്ണ്‌ അപകടാവസ്ഥ വിവരിക്കുന്നു. ഉടൻതന്നെ തിരികെ പോകാൻ അഭ്യർത്ഥിക്കുന്നു. പാമ്പുവരുന്ന സന്ദർഭം, രീതി എന്നിവ അവളിൽ നിന്ന്‌ മനസ്സിലാക്കുന്നു. പാമ്പിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്നു. പാമ്പിനെ കൊല്ലുന്നു. അനാഥയായ ഇനപെണ്ണിനെയും കൂട്ടി നാട്ടിലേക്കു മടങ്ങുന്നു. വഴിയിലൊരു തട്ടിക്കൊണ്ടുപോക്ക്‌. പിന്നെയൊരു വീണ്ടെടുക്കൽ. ഇതൊരു ആദിവാസി തനിമയുളള ഗാനമല്ല. എന്നാൽ കൃത്രിമത്വവും കാണുന്നില്ല. ആദിവാസി സംസ്‌കാരത്തിന്‌ അന്യമായ ഈ സംഭവം ഒരു പൊതുസംസ്‌ക്കാരം നിലനിന്നിരുന്ന കാലഘട്ടത്തിലുണ്ടായതാവാനാണ്‌ സാധ്യത. ക്രിസ്‌തു പുരാണത്തിലെ കരിഞ്ചാത്തിയെ കൊന്ന വർഗ്ഗീസ്‌ പുണ്യവാളന്റെ കഥയോട്‌ സാദൃശ്യം കാണുന്നു. ഹിന്ദു പുരാണത്തിലെ ജീമൂതവാഹനന്റെ കഥയോടും വിദൂര സാദൃശ്യമുണ്ട്‌. പക്ഷെ ഇത്തരം കഥകൾ ഒരു കാരണവശാലും കേൾക്കാനിടയില്ലാത്ത ഒരുൾപ്രദേശത്താണ്‌ ഈ ഗാനം നിലനില്‌കുന്നതെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു. പാട്ടിന്റെ പ്രസക്‌തഭാഗങ്ങൾഃ

കേട്ടാലും കേക്കണമെന്റെ പെറ്റൊരമ്മ

കൊല്ലത്തെ കല്ലങ്കാണ പോനമെന്ന്‌….

കേട്ടാലും കേക്കണമെന്റെ മേസിരിയെ

എക്കിപ്പം വാളു തീർത്തു തരണംപോലും

ചത്തിയും പുത്തിയുമിട്ട്‌ തീക്കണംവാള്‌

ഊക്കവുംമുരവുമിട്ട്‌ തീക്കണംവാള്‌

കല്ലണപ്പാട്ട്‌ഃ കാണിക്കാരുടെ പൂർവ്വകാല ചരിത്രം വിളിച്ചോതുന്നതാണ്‌ കല്ലണപ്പാട്ട്‌. മലമ്പാട്ടിന്റെയും തൂങ്കിപാട്ടിന്റെയുമെല്ലാം രൂപത്തിൽ ഇതേ ഉളളടക്കമുളള നിരവധി പാട്ടുകളുണ്ട്‌. എങ്കിലും പരിംപാണ്ടി തോറ്റതിലാണ്‌ കാണിക്കാർ ആരായിരുന്നുവെന്നും ഇന്ന്‌ ഇത്തരത്തിൽ എത്തപ്പെടാൻ ഇടയായതെങ്ങനെയെന്നുമുളളതിന്റെ പൂർണമായ വിവരങ്ങൾ ലഭിക്കുന്നത്‌. കല്ലണപാട്ടിൽ കരിംപാണ്ടിയുടെ കുട്ടിക്കാലം മുതൽക്കുളള കാര്യങ്ങളാണുളളത്‌.

രാജാവുമായുളള യുദ്ധത്തിൽ വിജയിക്കുകയും തലപ്പാണ്ടി-നടുപ്പാണ്ടി-പാണ്ടിനാട്ടിലെ പാണ്ഡ്യൻമാരിൽ നിന്നും കരം പിരിച്ച്‌ ജീവിക്കാനുളള അവകാശം നേടുകയും ചെയ്‌ത മലയരയരെ (കാണിക്കാരെ) പാണ്ഡ്യൻമാർ മാനിച്ചില്ല. അവരെ ഒരു പാഠം പഠിപ്പിക്കാനാണ്‌ നാലാറു നടമുടക്കി കല്ലുകൊണ്ട്‌ കല്ലണയും മെയിലു(മരം)കൊണ്ട്‌ ഉറയ്‌ക്കുന്നില്ല. നെല്ലുവച്ച്‌ പെരിച്ചം (പ്രശ്‌നം) നോക്കിയതിൽ കരിംപാണ്ടിയെ കുരുതികൊടുക്കാതെ കല്ലണ ഉറയ്‌ക്കില്ലെന്നു കണ്ടു. വേമ്പറത്തു മചമ്പിയെ ദൂതനായി അയച്ചു. കുലം രക്ഷിക്കാൻ കരിംപാണ്ടി തീരുമാനിച്ചു. തോഴിമാരുടെ അകമ്പടിയോടെ ആനപ്പുറത്തു കയറി കല്ലണയിലേയ്‌ക്കു യാത്രയായി. കരിംപാണ്ടിയുടെ കരുതലോടെ കല്ലണ ഉറച്ചു. പാണ്ട്യൻമാർ വെളളം കിട്ടാതെ വലഞ്ഞു. രാജാവിനെ സങ്കടമുണർത്തിച്ചു. വീണ്ടുമൊരു യുദ്ധം. ആരുമാരും ജയിക്കാതെ അവസാനിച്ച യുദ്ധം.

അറ്റാങ്കപ്പട (ആറ്റിങ്കൽ) രാജാവിനെ രക്ഷിക്കാൻ മലയരയർ (കാണിക്കാർ) വഹിച്ച പങ്ക്‌, അതിനവരെ പ്രേരിപ്പിച്ച സംഗതി, എഴുപത്തിരണ്ട്‌ ഊരുവാഴുന്ന അരയൻമാരെക്കുറിച്ചുളള വർണ്ണന, തോഴിമാർ സമേതം ആനപ്പുറത്തേറിയുളള കരിംപാണ്ടിയുടെ യാത്ര, നരബലി എന്നീ കാര്യങ്ങളെല്ലാം വച്ച്‌ നോക്കുമ്പോൾ മലയരയർ (കാണിക്കാർ) ആദിവാസികൾ തന്നെയാണോ എന്നു സംശയം തോന്നുന്നു. ഒരു രാജവംശം പില്‌ക്കാലത്തെപ്പോഴോ ആദിവാസി വിഭാഗമായി പരിണമിച്ചതാവാനാണു സാധ്യത.

Generated from archived content: veeraganam.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here