ജെ. പദ്‌മകുമാരി
വിത്തിന്റെ അർത്ഥത്തിനു പല തലങ്ങളുണ്ട്. തെക്കൻ ദിക്കിൽ, വിശേഷിച്ച് ഒരു നൂറ്റാണ്ടിനു മുമ്പ് വരെ. “ഏളുചാട്ടിൽ മുത്തുങ്കൊണ്ടു ഏന്തിളയാളുലകളന്താൾ”. ഈ “മുത്ത്” മസൂരി എന്ന കൊടിയരോഗം വരുത്തിവയ്‌ക്കുന്ന അണുക്കളാണ്. പലതരം രോഗം വരുത്തുന്ന മുത്തുകളാണ് ഏഴുചാട്ടിൽ നിറച്ചുകൊണ്ട് “മങ്കൈമുത്താർ” ഉലകളന്നത്. ചരിത്രപരമായ കഥാഗാനങ്ങളിലുൾപ്പെട്ട തമ്പികഥയിലാണ് മേൽ കൊടുത്തവരി പ്രത്യക്ഷപ്പെടുന്നത്. ദേവി വിതയ്‌ക്കുന്ന വിത്താണത്രെ പകർച്ചവ്യാധിയുണ്ടാക്കുന്നത്. മുത്താരമ്മൻ എന്ന ദേവിയുടെ കോപമാണീ മഹാരോഗത്തിനു നിദാനമെന്നു പ്രാചിനമനുഷ്യൻ വിശവസിച്ചു. “ദേവിയുടെ വിളയുട്ട”മെന്നു പറയുന്നതിനാൽ രോഗിയുടെ ശരീരവും കിടക്കയും മുറിയുമെല്ലാം എപ്പോഴും ശുദ്ധമാക്കി വക്കാൻ താല്പര്യം കാണിക്കുകയായിരുന്നു ഫലം. “വൈറസെ”ന്ന പേരറിയുന്നതിനെത്രയോ കാലം മുമ്പ് വളർന്നു വലുതാകുന്ന ഒരു ഘടകം, ഒരു വിത്ത് ആണീ രോഗത്തിനു കാരണമെന്നിവിടുത്തെ മനുഷ്യർ വിധിച്ചു.
തിരുവിതാംകൂർ സംസ്ഥാനത്തിനു രൂപം നല്‌കിയ മാർത്താണ്‌ഡവർമ്മയുടെ അമ്മാവനും മുൻഗാമിയുമായ രാമവർമ്മത്തമ്പുരാൻ തീർത്ഥാടനത്തിനു പോയി തിരിച്ചുവരും വഴിക്കുണ് രോഗബാധിതനായത്. മസൂരിരോഗത്താൽ ഏതാനും ദിവസങ്ങൾക്കകം രാജാവ് ‘നാടുനീങ്ങി’യെന്ന് അദ്ദേഷത്തിന്റെ പുത്രൻമാരുടെ കഥ പറയുന്ന നാടൻപാട്ടും, വാർദ്ധക്യ സഹജമായ ആരസ്യത്താലാണു മരിച്ചതെന്ന് ‘മാർത്താണ്‌ഡവർമ്മ’ എന്ന ചരിത്രാഖ്യായികയും രേഖപ്പെടുത്തി. പാട്ടിൽ രാജാവിനെ ബാധിച്ച രോഗത്തിന്റെ വിശദമായ വർണ്ണനയുണ്ട്.
“പളളിയറൈ തനിപ്പുകുന്തു പളളികൊളളും നേരമതിൽ
തിരുമേനി കനചടൈത്തു തിരുക്കാച്ചലടിത്തിടുമാം
കാച്ചലടിഞ്ഞ മറുനാളിൽ കാണുതല്ലെ പലവകൈയായ്
അണൽവാരി, മണൽവാരി, അരിച്ചിവാരി, തൂത്തുവാരി,
ഉതിരമണ്ടലം, പടാതാമരൈ, ഉളെളലുമ്പൈ ഉരുക്കിവരും
കല്ലുരുവി, കരിഞ്ചപ്പട്ടൈ, കടുങ്കൊവമുളള മുത്തും
പതിനെങ്കാം നാളിൽ ചൊല്ലും പതിനെട്ടിൽ കൊല്ലും വിത്തും
പന്തിരണ്ടിൽ കൊല്ലും വിത്തും പതിനാറിൽ കൊല്ലും വിത്തും
ഇപ്പടിയെ മുത്തിനങ്കൾ ഇചൽവാക കണ്ടപോതു”
അണൽവാരി, മണൽവാരി -തുടങ്ങിയവ കേരളത്തിൽ പഴയ കാലത്തു ജനതയെ ബാധിച്ച പലതരം മസൂരി രോഗത്തിനു നാട്ടുവൈദ്യന്മാർ നല്‌കിയിരുന്ന പേരുകളാണ്. ഇവയിൽ ചിലതു ബാധിച്ചാൽ മരണം നിശ്ചയം. ചിലയിനങ്ങൾ വലിയ ദോഷം ചെയ്യില്ല. മരണകാരണമയവയിൽത്തന്നെ ചിലതു പതിനെട്ടാം നാളിലും കുറേക്കൂടെ കടുത്തയിനങ്ങൾ രോഗമാരംഭിച്ച് പതിനാറ്, പന്ത്രണ്ട് ദിവസം ചെല്ലുമ്പോഴും മരണം സംഭവിക്കാനിടവരുത്തുന്നു.
ഇത്തരത്തിൽ, ‘പത്തിരണ്ടിൽ കൊല്ലും വിത്തും പതിനാറിൽ കൊല്ലും വിത്തും’ മഹാരാജാവിന്റെ മേൽ കണ്ടിരുന്നു. രോഗിയും ഇതു മനസ്സിലാക്കി. തുടർന്ന് ഭരണമേല്‌ക്കേണ്ട അനന്തിരവനെ ആറ്റിങ്ങൽ നിന്ന് വരുത്തി. സൈന്യത്തിന്റെ അകമ്പടിയോടെ വേമ്പടിവാൾ കോയിക്കലെത്തിയ ഇളമുറത്തമ്പുരാനായ മാർത്താണ്‌ഡവർമ്മക്കു പകർച്ചവ്യാധിയെക്കുറിച്ചു ഭയമുണ്ടായില്ല. രോഗം ആർക്കും പകർന്നതുമില്ല.
സസ്യങ്ങളുടെ വിത്തിനോടും ഈ പകർച്ചവ്യാധികളുടെ വിത്തിനോടും ജനങ്ങൾ ഇടപെടുന്ന രീതിക്കു വൈരുദ്ധ്യത്തിന്റെ സ്വഭാവമുളളതാണ് എടുത്തുപറയേണ്ട പ്രത്യേകത. സസ്യങ്ങളുടെ വിത്തുകൾ അനുകൂല സാഹചര്യങ്ങളിൽ, മണ്ണും കാലാവസ്ഥയും ഇണങ്ങുന്നതെന്നു ബോധ്യപ്പെട്ടിട്ട് ചാലു കീറിവിതച്ച് മുളച്ചു വരുമ്പോൾ വെളളവും വളവും തല്‌കി വളർത്തുന്നു. രോഗങ്ങളുടെ വിത്താകുമ്പോൾ അതു മുളയ്‌ക്കാതെ, വളരാതെ, ശ്രദ്ധിക്കുകയാണ് വ്യക്തിയുടെ സുരക്ഷിതത്വത്തിനും സമൂഹ നന്മയ്‌ക്കും ആവശ്യം. മസൂരി പകരാതിരിയ്‌ക്കാനും ‘ചാലുകീറി’ മരുന്നാക്കി സംസ്‌ക്കരിച്ച വിത്ത് വിതയ്‌ക്കുന്നു (കുത്തിവയ്‌ക്കുന്നു). ഗോവസൂരി പ്രയോഗത്തിന് ‘മസൂരിക്കു കീറി വയ്‌ക്കുന്നു’ എന്നായിരുന്നു അടുത്ത കാലംവരെ നാട്ടുമ്പുറങ്ങളിൽ പറഞ്ഞിരുന്നത്. രോഗകാരണമായ വൈറസിനെ തിരിച്ചറിഞ്ഞില്ലെങ്കിലും, കൃഷി പ്രധാന തൊഴിലായി സ്വീകരിച്ച ജനത മനുഷ്യരിൽ വളരുന്ന അണുവിനെയും വിത്തായി കല്‌പിച്ചത് സ്വാഭാവികമാണല്ലോ. കൃഭിയുമായി ബന്ധപ്പെട്ട പദാവലി ഏതു കാര്യത്തിലും ഉപയോഗിച്ചു കാണാം (‘നട്ടാൽ കുരുക്കാത്ത പുളു’ ഉദാഹരണങ്ങളിൽ ഏറെ പ്രചാരമുളള ഒന്നാണ്). രോഗത്തിന്റെ വിത്തിന് (രോഗാണുവിന്) വളരാനുളള സാഹചര്യം ഏതെന്നവര കണ്ടറിയുകയാണ്. ആ സാഹചര്യം ഇല്ലാതാക്കാൻ വിശ്വാസത്തിന്റെ കൂട്ടുപിടിയ്‌ക്കുന്നു. ഈ രോഗത്തിന്റെ വിത്തെവിടെനിന്നു വരുന്നു എന്നറിയില്ല. വായുവിൽക്കൂടി പകരുന്ന രോഗമാണിതെന്നു മനസ്സിലാക്കിയതെത്രയോ കാലം കഴിഞ്ഞാണ്. മനുഷ്യരെ ശിക്ഷിയ്‌ക്കാൻ ദേവകൾ കണ്ടുപിടിച്ച വ ഴിയാണെന്നു കല്‌പിച്ച് ആ ഉത്തരവാദിത്തം ഒരു പ്രത്യേക ദേവതയിൽ ആരോപിച്ചു. എന്നിട്ട് പ്രസ്‌തുത ദേവതയെ പ്രീതിപ്പെടുത്താനുളള വഴികളാണു പിന്നീടന്വേഷിച്ചത്. “മുത്താരമ്മൻ” എന്ന അമ്മദൈവമാണ് മസൂരിയുടെ വിത്തു വിതക്കുന്നതെന്നു സങ്കല്‌പിച്ചപ്പോൾ ദേവീപ്രീതി വരുത്താനുളള പൂജാവിധികൾ കണ്ടെത്തി. വേനലിന്റെ കൂടെ എത്തുന്ന ഈ രോഗത്തെ അകറ്റിനിറുത്താൻ അമ്മൻകോവിലുകളിൽ പൊങ്കാല നടത്തി. ആറ്റുകാൽ ദേവിക്കു പൊങ്കാലയിട്ടത് ആദ്യമൊക്കെ ഈ സങ്കല്‌പത്തോടെ ആണെന്നു പഴമക്കാർ പറയുന്നു. ഏതായാലും പൂജ കൊണ്ടുമാത്രം വിശേഷഷമില്ലെന്നറിയാവുന്നതിനാൽ ശുചിത്വത്തിന്റെ കാര്യത്തിൽ നിഷ്‌കർഷിച്ചു. രോഗിയെ പരിചരിക്കുന്നവരും പരമാവധി ശുചിത്വം പാലിക്കണം. നെൽകൃഷിക്കും മറ്റും വിത്തുടക്കുക, അത് അറയിലാക്കി സൂക്ഷിക്കുക, അതെടുത്തു പാകി മുളപ്പിക്കുക – തുടങ്ങിയ പണികളെല്ലാം ആചാരനുഷ്‌ഠാനങ്ങളുടെ വ്രത വിശുദ്ധിയോടെ വേണമെന്ന് ഒന്നു രണ്ടു തലമുറക്കു മുമ്പു വരെയുളള കേരളീയർ നിർബന്ധിച്ചിരുന്നല്ലോ. ദൈവികമായ സാന്നിധ്യമുണ്ടെന്നു വിശ്വസിപ്പിയ്‌ക്കുകയാണിതിനെല്ലാം എളുപ്പവഴി. എന്നിട്ടും വിവരമില്ലാത്ത ശുശ്രൂഷകർ മദ്യലഹരിയിലാണ് അക്കാലത്തു രോഗിയ്‌ക്കു കൂട്ടിരുന്നത്. ലഹരിയിലഭയം തേടിയതു ധൈര്യം സംഭരിയ്‌ക്കാനായിരിയ്‌ക്കാം.
‘വലിയതമ്പി കുഞ്ചുതമ്പി കഥ’യിലെപ്പോലെ ഈ രോഗത്തിന്റെ വിശദമായ വർണ്ണന കാണുന്ന സി. വി. രാമൻപിളളയുടെ ‘പ്രേമാമൃത’ത്തിലും ഇത് ദേവീവിളയാട്ടമാണെന്നു വിവരിയ്‌ക്കുന്നു. ‘ഈ വിത്ത് വളർന്നു തഴക്കുന്ന വക തന്നെ’ എന്നും, രോഗം ഭേദപ്പെടാനുളള ലക്ഷണം കണ്ടപ്പോൾ ‘ശുഭകരമായ രത്നോദയം ഉണ്ടായിരിയ്‌ക്കുന്നു’ എന്നും ഉളള പ്രയോഗങ്ങൾ വിത്തെന്നും മുത്തെന്നും ഒരു പോലെ പ്രയോഗിച്ച് വന്നു എന്നു തെളിയിക്കുന്നു. മുത്ത് പണക്കാരനായ കർത്താവിന്റെ ശരീരത്തിലായപ്പോൾ ‘രത്ന’മായതിലും അത്‌ഭുതത്തിനവകാശമില്ല. പഴമ്പാട്ടുകളുടെ ആരാധകനായ സി. വി. യ്‌ക്ക് ‘വളർന്നു തഴയ്‌ക്കുന്ന’ ഈ രോഗവിത്തിനെക്കുറിച്ചുളള സങ്കല്‌പം തെക്കൻ പാട്ടുകളിൽ നിന്നാകണം ലഭിച്ചത്.
വിത്തിന് ഈ വ്യത്യസ്‌തമായ പ്രയോഗം തെക്കൻ കേരളത്തിൽ മാത്രമാണെന്നു തോന്നുന്നില്ല, കേരളത്തിലെ നാട്ടുമ്പുറങ്ങളിൽ ഒരു തലമുറയ്‌ക്കു മുമ്പുവരെ പകർച്ചവ്യാധിയുടെ അണുവെന്ന അർത്ഥമുണ്ടായിരുന്നു.
മുവ്വോട്ടു മല്ലൻ കഥയിൽ ഃ കൃഷിക്കാരുടെ കഥ പറയുന്ന ‘മുവ്വോട്ടു മല്ലൻ പാട്ടി’ൽ വിത്തിനെക്കുറിച്ചു കാര്യമായ പരാമർശമൊന്നുമില്ല. ‘വിത്തിന്നു നെല്ലുതരാം’ എന്നൊരു വരിയിലേ ‘വിത്തു’ പ്രത്യക്ഷപ്പെടുന്നുളളൂ. വളരെ കാലമായി തരിശുനിലമായിരുന്ന പന്ത്രണ്ടു മരയ്‌ക്കാൽ തിലത്തിൽ ക,ഷിയിറക്കാൻ വേണ്ട വിത്തു കൊടുക്കാം കൃഷി ചെയ്‌തു ജീവിച്ചോളാൻ അമ്മ മക്കളെ ഉപദേളിക്കുന്നതാണു സന്ദർഭം. ജേഷ്‌ഠാനുജന്മാരായ ആലച്ചേരിക്കുറുപ്പും അയിക്കരച്ചേരിക്കുറുപ്പും അവരുടെ അമ്മാവന്മാർ തടഞ്ഞതിനാൽ കൃഷി ചെയ്യാതിരിക്കുകയാണ്. അങ്ങനെ നെല്ലും പണവുമില്ലാതെ, ഉടുക്കാൻ മുണ്ടാം ഉണ്ണാൻ അരിയും ഇല്ലാതെ, പെറ്റമ്മയോടു ദുഃഖം പറഞ്ഞപ്പോൾ അത്യാവശ്യത്തിനു നെല്ലും പണവുമാണ്ട്, കൃഷിച്ചെലവിനു പണവും വിത്തിനു നെല്ലും തരാം എന്ന് അമ്മ മക്കളെ ആശ്വസിപ്പിച്ചു.
വിത്തും പണവും നല്‌കുന്ന അമ്മ വഴക്കുണ്ടാക്കരുതെന്ന് ആഗ്രഹിക്കുന്നത് നിഷ്‌ഫലമായി. ദാരിദ്ര്യവും പണക്കൊതിയും ഏറ്റുമുട്ടുമ്പോൾ അമ്മാർക്കു ദുഃഖിക്കാനല്ലാതൊന്നും കഴിയുന്നില്ല. തുടർന്ന് നാടു മുടിക്കുന്ന ദേവതകളെ കൊണ്ടു വരുന്നതും അമ്മ അറിയാതെയാണ്. പല നാടൻ പാട്ടുകളിലും കാണുന്നതുപോലെ അമ്മമാർ മക്കളെ സ്ഥാനമാനങ്ങൾക്കോ ധനത്തിനോ വേണ്ടി വടവെട്ടാൻ പറഞ്ഞയക്കുന്നില്ല; പരമാവധി സ്വസ്ഥതയുളള ജീവിതമാണിവിടുത്തെ സ്‌ത്രീകളാഗ്രഹിക്കുന്നത്. ജീവിതത്തെൻ്ര സന്ദേശമാണ് ആയോധനത്തിന്റെ കേളികൊട്ടല്ല ഈ പാട്ടുകളിൽ. അകാലമൃത്യു കീഴടക്കിയാൽ മരണാനന്തരജീവിതവുമുണ്ട്. ഒരുപക്ഷേ മരണാനന്തര ജീവിതത്തിനു കൂടുതൽ പ്രാധാന്യം കല്‌പിച്ചതുകൊണ്ടാകാം കൃഷിഭൂമിയിൽ വിതയ്‌ക്കുന്ന വിത്തിനേക്കാൾ രോഗാതുരമാകുന്ന മനുഷ്യശരീരത്തിൽ വിതക്കുന്ന വിത്തിന് പ്രാധാന്യം കിട്ടിയതും.
Generated from archived content: thekkan.html Author: nattariv-patana-kendram