‘കർണ്ണസൂത്രം വീടിന്റെ ശ്വാസനാളമാണെന്നാണ് തച്ചുശാസ്‌ത്രസങ്കല്പം.’
നൂറ്റാണ്ടുകളായി കേരളീയഗൃഹനിർമ്മാണരംഗത്ത് നിലവിലിരിക്കുന്ന വിശ്വാസങ്ങളും അനുഷ്‌ഠാനങ്ങളും കാലത്തിന്റെ കുത്തൊഴുക്കിന്നിടയിലും അന്യംനിന്നുപോകാതെ ഭാഗികമായി നിലനില്‌ക്കുന്നു. തട്ടകത്തെ മഹാക്ഷേത്രത്തിന്റെ കട്ടിളയിലോ, വാതിൽപ്പടിയിലോ, ചവിട്ടുപടിയിലോ കൊത്തിവെച്ചിരിക്കുന്ന മുഴക്കൊലിന്റെ കയ്യും കണക്കും തന്നെയാണ് ഇന്നും തച്ചന്റെ പണിപ്പുരയിലെ അളവുകോലായി വർത്തിക്കുന്നത്. എട്ടുകെട്ടും നാലുകെട്ടുമുളള വലിയ വീടുകളിലും കൊട്ടാരങ്ങളിലും മാത്രമല, സാമാന്യത്തിലധികം വലിപ്പമുളള സാധാരണ ഗൃഹങ്ങളിലും കണ്ടുവരുന്ന ഒരു വാസ്‌തുവിശേഷമത്രെ കർണ്ണസൂത്രം.
‘പശ്ചിമ ഗേഹത്തേക്കു പൂർവ്വഗൃഹാദുത്തരേച മരുവുന്ന
തദന്തരാള ദ്വന്ദത്തൂടെ പോൽ കർണ്ണസൂത്രപദ്ധതിയും…
അക്കർണ്ണസൂത്രം തട്ടൊല്ല ദിഗ്ഗതേഷ്‌ഠ ഗൃഹങ്ങളിൽ’
എന്ന് ശില്പിരത്നം അനുശാസിക്കുന്നു നിര്യതിക്കോണിൽ മീനംരാശിയിൽ ഈശാകോണിലേക്കുളള (വടക്കുകിഴക്കേമൂല) സൂത്രമാണ് കർണ്ണസൂത്രം. ഈ ദ്വാരത്തിലൂടെ നോക്കിയാൽ വീടിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ നേർരേഖയായി കാണണമെന്നാണ് പ്രമാണം. ഇടുങ്ങിയ മുറികളുടെ ഉളളിൽ ചുമരിലൂടെ നേർരേഖയായി കടന്നുപോകുന്ന ഈ ദ്വാരം മുറികളിലെ വായുസഞ്ചാരം സുഗമമാക്കുവാൻ സഹായിക്കുന്നു. പ്രാചീനകാലം മുതൽ ഗൃഹത്തിനകത്ത്് സ്വീകരിച്ച ഒരുപാധിയായി ഇതിനെ കണക്കാക്കാം. കർണ്ണസൂത്രം വീടിന്റെ ശ്വാസനാളമാണെന്നാണ് തച്ചുശാസ്‌ത്ര സങ്കല്പം. ചില കൂറ്റൻ വീടുകളിൽ ചെമ്പുതകിടുകൊണ്ട് ഈ ദ്വാരത്തിന്റെ വശങ്ങൾ പൊതിഞ്ഞിരിക്കുന്നതായും കാണാം. കർണ്ണസൂത്രത്തിന്റെ അഭാവം ഗൃഹച്ഛിദ്രം, രോഗം, മനഃക്ലേശം മുതലായ കെടുതികൾ വിളിച്ചുവരുത്തുമെന്നാണ് കരുതുന്നത്. പ്രധാന കെട്ടിടത്തിന് നേരെ എടുക്കുന്ന ഉപഗൃഹങ്ങളിലും സൂത്രം കടന്നുപോകുന്ന വഴിയിൽ തടസ്സം സൃഷ്‌ടിക്കുവാൻ പാടുളളതല്ല എന്നത്രെ വിശ്വാസം.
ക്ഷേത്രനിർമ്മാണത്തിലായാലും, വീടുപണിയിലായാലും ഓരോഘടകവും യഥാവിധി നിർമ്മിച്ചിട്ടിലെങ്കിൽ അതുകൊണ്ട് വിവിധ രീതിയിലുളള ആപത്തുകൾ വന്നുഭവിക്കുമെന്ന് തച്ചുശാസ്‌ത്രം ഓർമ്മിപ്പിക്കുന്നു.
‘ആദ്യംശേ പിഴ സന്തതിക്ഷയകരം സ്‌ത്രീണാന്തുതൽ പ്രസ്‌തരേ
തൂണും ഭിത്തി പിഴയ്‌ക്കരാജഭയമാം മഞ്ചേ ജനാനാം ഭയം
കണ്‌ഠേവർത്തകനാശമാമഥന സൗമിത്രാദി നാശം ശിരോ
ഭംഗേ രാജകുലസ്യ താഴിക പിഴച്ചാൽ നാടു ദുർഭിക്ഷമാം
സ്ഥാനം നീങ്ങിയ വാതിൽ നാശമഖിലേ തൂണും തഥാഭിത്തിയും
സ്വായോഗ്യാംഗമനർത്ഥദം പലവിനും ചൊല്ലാതഭൂഷാതഥാ
അവ്വണ്ണം പ്രതിമാപ്രതിഷ്‌ഠിത വിധൗ തന്നിത്യ പൂജാദികം
കല്പിച്ചുളളതു വീണുപോകിലഖി ലൈർന്നിശ്ശേഷ നാശംഫലം’
എന്ന് ശില്പിരത്നം അനുശാസിക്കുന്നു (അധിഷ്‌ഠാനം പിഴച്ചാൽ സന്തതിനാശം, പടിപിഴച്ചാൽ സ്‌ത്രീനാശം,, തൂണ്, ഭിത്തി എന്നിവ പിഴച്ചാൽ രാജഭയം, മഞ്ചംപിഴച്ചാൽ ജനനാശം, ഗളം പിഴച്ചാൽ ധനനാശം, നാഴിക പിഴച്ചാൽ ദാരിദ്ര്യം എന്നിവ ഫലം. വാതിൽസ്ഥാനം തെറ്റിയാലും തൂണും രത്നവും പിഴച്ചാലും, ഭൂഷണം വിധിപരമല്ലാഞ്ഞാലും നാശങ്ങൾ സംഭവിക്കും. നിത്യപൂജ മുതലായവ മുടങ്ങിയാൽ ആപത്തുകൾ ഫലമാകുന്നു. ഇങ്ങനെ സന്നിവിധി). കേരളീയ വാസ്‌തുശാസ്‌ത്രത്തിലെ മറ്റൊരു പ്രധാനസവിശേഷത പ്രകൃതിക്കനുസൃതമായ രീതിയിലുളള ഗൃഹതിർമ്മാണത്തിന് നല്‌കുന്ന പ്രാധാന്യമത്രെ. നിര്യതിക്കോണിൽ നിലകൊളളുന്ന അടുക്കള എന്ന സങ്കല്പം നമുടെ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ഗതിക്കനുയോജ്യമായതാണ്. പ്രകൃതിയെ നശിപ്പിക്കാത്ത രീതിയിലുളള വാസ്‌തുനിർമ്മാണമാണിവിടെ നിലനില്‌ക്കുന്നത്.
‘കുളം പടിഞ്ഞാറഥവാ കിഴക്കും
ഗോശാലയും തത്രക്കുളം നിര്യത്യാം
നെൽകുത്തുവാനുളളതു വായുകോണിൽ
സ്വധർമ്മദേവാലയമീശ കോണിൽ’
(കുളം പടിഞ്ഞാറും കിഴക്കുമാകാം. അതുപോലെ തൊഴുത്തും കിഴക്കും പടിഞ്ഞാറുംകൊളളാം കുളം നിര്യതിക്കോണിലുമാകാം. ഉരൽപ്പുര വായുകോണിലും ധർമ്മദേവതാസ്ഥാനം ഈശകോണിലുമാണ് വേണ്ടത്). കിഴക്കും പടിഞ്ഞാറും നിലകൊളളുന്ന കിണറ്റിലും കുളത്തിലും നേരിട്ട് സൂര്യപ്രകാശം സുലഭമായി ലഭിക്കുന്നതിനാൽ വെളളത്തിന്റെ പരിശുദ്ധി വർദ്ധിക്കുന്നു. സൂര്യരശ്‌മികളേക്കാൾ വലിയ ശുദ്ധീകരണൗഷധം പ്രകൃതിയിൽ വേറെയില്ലല്ലൊ. വീട്ടുവളപ്പിൽ വെച്ചുപിടിപ്പിക്കേണ്ടതായ വൃക്ഷലതാദികളെ നാലായി തരം തിരിച്ചിരിക്കുന്നു. പുറത്ത് കാതലുളള ബഹിസ്സാരവൃക്ഷമാണ് തെങ്ങ് എങ്കിൽ മാവ്, പ്ലാവ് എന്നീ മരങ്ങൾ കാതൽ അകത് നിലകൊളളുന്ന അന്തർസ്സാരവൃക്ഷങ്ങളത്രെ. ഈ രണ്ടിനങ്ങളും ഗൃഹപരിസരത്ത് നടുന്നതിൽ വിരോധമില്ല. അകവും പുറവും ഒരുപോലെ ഉറപ്പേറിയ തേക്ക്, വീട്ടി മുതലായ സർവ്വസ്സാരവൃക്ഷങ്ങൾ വളപ്പിലും വീട്ടിനരികത്തും വെക്കാവുന്നതാണ്. എന്നാൽ കാതലില്ലാത്തവയും വളരെ വേഗം ഒടിഞ്ഞു വീഴുന്നവയുമായ മുരിങ്ങ, കപ്പ മുതലായ നിസാരവൃക്ഷങ്ങൾ വീട്ടിൽനിന്നും അല്പം അകലെയായി നട്ടുപിടിപ്പിക്കേണ്ടവയാണ്. കിഴക്കുവശത്ത് കിണറിന്നരികെ മുരിങ്ങ നട്ടുപിടിപ്പിക്കുന്നത്് വളരെ വിശേഷമായി കരുതുന്നു. ഒരു ജലശുദ്ധീകരണവസ്‌തു എന്ന നിലയിൽ മുരിങ്ങയുടെ കുരുവിനും വേരിനുമുളള പ്രാധാന്യം ഈ വിശ്വാസത്തിന്റെ ശാസ്‌ത്രീയമായ വിശകലനം നല്‌കുന്നുണ്ട്. ഇലഞ്ഞി, പേരാല്, പ്ലാവ്, മുതലായ അന്തസ്സാരവൃക്ഷങ്ങൾ കിഴക്കുഭാഗത്തും, തെങ്ങ്, അരയാൽ എന്നിവ പടിഞ്ഞാറുവശത്തും, പുളി തെക്കുവശത്തും നടുന്നത് ഉത്തമമാകുന്നു. സർവ്വസാരവൃക്ഷവും ബഹിർസ്സാരവൃക്ഷവുമാണ് ഗൃഹനിർമ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ചുരുക്കത്തിൽ, വീടുപണിയുമായി ബന്ധപ്പെട്ട പല ആചാരങ്ങളും വിശ്വാസങ്ങളും പഠനവിധേയമാക്കുമ്പോൾ അവയ്‌ക്ക് മിക്കവാറും ശാസ്‌ത്രീയമായ ഒരു സങ്കല്പത്തിന്റെ പിന്തുണകൂടി ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെയാവാം മുറികളുടെ ഉളളളവ്, തറയുടെ ചുറ്റളവ്, തുടങ്ങിയ കാര്യങ്ങളുടെ നിർണയത്തിനായി ആധുനിക വാസ്‌തുവിദ്യാവിശാരദന്മാരായ എഞ്ചിനീയർമാർ പലപ്പോഴും തച്ചന്മാരുടെ സഹായം കൂടി തേടിയെത്തുന്നത്. പ്രകൃതിയുമായി സൗഹൃദം പുലർത്തിക്കൊണ്ട് വാസസ്ഥലം നിർമ്മിക്കുക എന്നതാണ് കേരളീയ വാസ്‌തുവിദ്യാശൈലിയുടെ അടിസ്ഥാന പ്രമാണം.
Generated from archived content: nattariv_griha.html Author: nattariv-patana-kendram