അള-ചോലനായ്‌ക്കർ / മുത്തന്‌മാർ

‘കാടും കാട്ടുമൃഗങ്ങളും പുഴയുമാണിവരുടെ കൂട്ട്‌ ’

————–സതീഷ്‌ ചളിപ്പാടം—————-

കിഴക്കൻ ഏറനാട്ടിൽ ഇന്നും അപരിഷ്‌കൃതരായി ജീവിക്കുന്ന ആദിവാസികളാണ്‌ ചോലനായ്‌ക്കന്മാരും മുത്തന്മാരും. പുറം ലോകവുമായി ഇവർക്കുളള ബന്ധം വളരെ കുറവാണ്‌. എന്നാൽ പുറമെ നിന്നുളളവർ അവരുടെ ആവാസകേന്ദ്രങ്ങളിലേക്ക്‌ അതിക്രമിച്ചുകടക്കുകയും അവരെ അവിടെനിന്നും തുരത്തുകയും ചെയ്യുന്നു. അവർ മറ്റിടങ്ങളിലേക്ക്‌ ചേക്കേറുന്നു. ബ്രിട്ടീഷുകാരുടെ കാലംതൊട്ടെ ഇവർ ചൂഷണത്തിനു വിധേയരായിരുന്നു. ഇന്നും അതു തുടരുന്നു. ഇവർ ശേഖരിക്കുന്ന തേൻ, കുന്തിരിക്കം, കുരുമുളക്‌, ഏലം തുടങ്ങിയ വനവിഭവങ്ങളും ചൂരൽകൊണ്ടും മറ്റും ഇവരുണ്ടാക്കുന്ന വസ്‌തുക്കളും ഇവർക്കാവശ്യമായ അരി, ഉപ്പ്‌, വസ്‌ത്രം എന്നിവ നൽകി തട്ടിയെടുക്കുന്നതിനായി ഒരു കൂട്ടരെത്തുന്നു. വനവിഭവങ്ങളും കിഴങ്ങുകളും മാത്രം ഭക്ഷണമാക്കിയിരുന്ന ഇവർ അരിയെ കുറിച്ചും മറ്റുമറിഞ്ഞത്‌ പുറംലോകത്തിന്റെ കടന്നുകയറ്റം കൊണ്ടുമാത്രമാണ്‌. കേരളത്തിലെ ഏറ്റവും പുരാതനനിവാസികളാണ്‌ ഏഷ്യയിലെ ഏകഗുഹാമനുഷ്യരായ ചോലനായ്‌ക്കന്മാർ. പാറപ്പൊത്തുകളിൽ ഇവർ ജീവിക്കുന്നു. ‘ചോലക്കർ’ എന്നറിയപ്പെടുന്ന ഇവരെ ചോല നായ്‌ക്കൻ എന്നു വിളിക്കുന്നു. ‘ചോല’യിൽ വസിക്കുന്നവരായതുകൊണ്ട്‌ പുറമെയുളളവർ അവരെ ചോലനായ്‌ക്കൻമാരാക്കി. ഇന്ന്‌ ഇരുനൂറിൽ താഴെമാത്രം അംഗബലമുളള ഇവരിലധികവും നിലമ്പൂരിലെ മാഞ്ചേരിമലയിലാണ്‌ താമസിക്കുന്നത്‌.

വനങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ്‌ ഭക്ഷണം ശേഖരിക്കുന്ന പ്രാകൃതദശയിലുളള ഗിരിവർഗ്ഗക്കാരാണ്‌ ചോലനായ്‌ക്കന്‌മാർ. അമ്പും വില്ലും ഉപയോഗിക്കുന്ന ജീവിതക്രമത്തിലേക്ക്‌ ഇവർ ഉയർന്നിട്ടില്ല. കൃഷി ഇവർക്കന്യമാണ്‌. കാടും കാട്ടുമൃഗങ്ങളും പുഴയുമാണിവരുടെ കൂട്ട്‌. വീടില്ലെന്നുതന്നെ പറയാം. പുരാതനകാലം മുതൽ ഊരുചുറ്റലിനായി അവരുടെ പ്രദേശത്തെ പത്തുഭാഗങ്ങളാക്കി വിഭജിച്ചിരിക്കുന്നു. ഓരോ ഭാഗവും ഓരോ കൂട്ടർക്ക്‌ ജന്മമായി കൊടുത്തിരിക്കയാണ്‌. പുഴക്കരികിലുളള കരിങ്കൽ ഗുഹകളിലാണ്‌ (പാറപ്പൊത്ത്‌) ഇവർ താമസിക്കുന്നത്‌. ഇതിനെ ‘കല്ലു അലൈ’ (അള) എന്നു വിളിക്കുന്നു. രണ്ടോ മൂന്നോ കുടുംബങ്ങൾ കൂട്ടമായാണ്‌ താമസം. ഇതുതന്നെ വളരെ കുറച്ച്‌ ദിവസങ്ങൾ മാത്രം. തങ്ങൾ ശേഖരിക്കുന്ന ഭക്ഷണം പങ്കുവെക്കുന്ന പുരാതനസമ്പ്രദായം ഇവർക്കുണ്ട്‌. വന്യമൃഗങ്ങളെ തടയുവാൻ ഗുഹകളിൽ തീ കത്തിച്ചു വെക്കും. മഴക്കാലത്ത്‌ അളകളിൽ പുഴവെളളം കയറുമ്പോൾ കാട്ടിൽ ‘മനെ’ കെട്ടിയുണ്ടാക്കി അതിലാണ്‌ താമസിക്കുക. മക്കിബാരി ആള, ചേരള, മാരള, പൂച്ചള, പൂച്ചിള, മഞ്ഞള, അയ്യനള തുടങ്ങിയവ പ്രധാന അളകളാണ്‌. ഈ അളകളെല്ലാം ദൈവസൃഷ്‌ടിയാണെന്നാണ്‌ സങ്കൽപ്പം. അളകൾ വളരെ പരിസുദ്ധിയോടെ കൊണ്ടുനടക്കുന്നു. തീണ്ടാരിയാവുന്ന സ്‌ത്രീകളെ അളകളിൽനിന്നും അകറ്റി നിർത്തുന്നു. ഏഴുനാൾ കഴിഞ്ഞേ അവർക്കു പുനഃപ്രവേശനം നൽകുകയുളളൂ. പ്രസവത്തിന്‌ പ്രത്യേക ഈറ്റപുരകൾ പുഴയോരത്ത്‌ കെട്ടിയൊരുക്കുന്നു. മൂപ്പന്റെ ഭാര്യയുടെ ശുശ്രൂഷയിലാണ്‌ പ്രസവം. ഇണചേരുന്നതിനായി ഭാര്യാഭർത്താക്കൻമാർ അളവിട്ട്‌ കാടുകയറുന്നു. രോഗികളെ ആദ്യം കൊണ്ടുപോകുന്നത്‌ മൂപ്പന്റെ അളയിലേക്കാണ്‌. കരിക്കട്ടയെടുത്ത്‌ രോഗികളെ മൂപ്പൻ ‘ഊതുന്നു’. പുനർജന്മത്തിൽ വിശ്വസിക്കുന്ന ഇവർ മരിച്ചയാളെ അതേരീതിയിൽ മരിച്ചസ്ഥലത്ത്‌ ഉപേക്ഷിക്കുന്നു. അയാളുപയോഗിച്ചിരുന്ന വസ്‌തുക്കളും അവിടെ നിക്ഷേപിക്കുന്നു. പിന്നീട്‌ ആ കുന്നുപോലും ഉപേക്ഷിച്ച്‌ മറ്റൊരു കുന്നിലേക്ക്‌ യാത്രയാകുന്നു. എന്നാൽ അളക്കൽ, പുഞ്ചകക്കാല്ലി തുടങ്ങിയ സ്ഥലങ്ങളിൽ ഇതിൽനിന്നും വിഭിന്നമായി മരിച്ചയാളെ ‘മട’യെടുത്ത്‌ കുഴിച്ചിടുന്നു. അതിന്‌ അവർക്ക്‌ പ്രത്യേകം സ്ഥലം തന്നെയുണ്ട്‌. സർക്കാർ ഇവർക്ക്‌ വീടുകൾ വച്ചുകൊടുത്തിട്ടുണ്ടെങ്കിലും പലർക്കും അവയിൽ കഴിയാനാഗ്രഹമില്ല. ഈ വീടുകളിൽ സ്ഥിരതാമസമാക്കുന്നതിൽനിന്നും പരമ്പരാഗതമായ വിശ്വാസങ്ങൾ അവരെ വിലക്കുന്നു. അതുപോലെതന്നെ വന്യമൃഗശല്യവും ഇവരെ അലട്ടുന്നു. വ്യത്യസ്‌ത ആചാരാനുഷ്‌ഠാനങ്ങളും ആഹാരരീതികളുമുളള ഇവരെ അമ്പത്‌ ഏക്കറോളം സ്ഥലം വനത്തിൽ വേർതിരിച്ച്‌ വീടുകളുണ്ടാക്കി കുടിയിരുത്തി. ചുറ്റും കിടങ്ങ്‌ കുഴിച്ചു. എന്നിട്ടും മൃഗങ്ങളുടെ ശല്യം സഹിക്കവയ്യാതെ (പ്രത്യേകിച്ച്‌ ആനയുടെ) ഇവർ പാറപ്പൊത്തുകളിലേക്ക്‌ തിരിച്ചുപോയി; ഏറുമാടങ്ങളുണ്ടാക്കി, ഗുഹാമനുഷ്യർ വീണ്ടും ഗുഹകളിലേക്ക്‌ മടങ്ങി.

മുത്തന്‌മാർ ഃ ഒരു കാലത്ത്‌ നാടുവാണിരുന്നവരാണ്‌ മുത്തൻമാർ. നിർഭാഗ്യവാന്‌മാരായി മലമടക്കുകളിൽ കഴിയുന്ന അവരിൽ ഒരോർമ്മയായി ഒരു മിത്തായി രാജവാഴ്‌ച ഇന്നും ജീവിക്കുന്നു. മുത്തന്‌മാരുടെ രാജ്യം പുല്ലാഞ്ഞിനാട്ടിലെ പുല്ലങ്കോടായിരുന്നു. രാജ്യത്തിന്റെ ഐശ്വര്യം അധീശവർഗ്ഗത്തിന്‌ സഹിച്ചില്ല. അവരുടെ ‘കൊങ്ങൻ’ പടക്കു മുമ്പിൽ മുത്തൻമാർ കുലുങ്ങിയില്ല. നാടുവാഴിയും സംഘവും തിരിഞ്ഞോടി. എന്നാൽ വാഴുന്നോർ പുല്ലങ്കോടുരാജാക്കൻമാരായ രാമൻ കൂർമ്മനേയും രാമൻ കണ്ണനേയും നിലമ്പൂർ കൊട്ടാരത്തിലേക്ക്‌ വിളിച്ചുവരുത്തി ചതിച്ചു കൊന്നു. അതോടെ സഹ്യാദ്രിയുടെ മടിത്തട്ടിലേക്ക്‌ മുത്തൻമാർ ഒളിച്ചോടി. നിലമ്പൂർ കോവിലകവും മുത്തൻമാരും ചരിത്രപരമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇന്നും പാട്ടുത്‌സവത്തിന്‌ മുത്തൻമാർക്ക്‌ അവരുടേതായ സ്ഥാനമുണ്ട്‌. ഇന്ന്‌ നിലമ്പൂർ കാടുകളിലും ചെക്കുന്നത്‌, ഓടക്കയം തുടങ്ങിയ ഒറ്റപ്പെട്ട പ്രദേശങ്ങളിലായി മുത്തൻമാർ ചിന്നിച്ചിതറിക്കിടക്കുന്നു. അവരുടെ ഛിന്നഭിന്നമായുളള ഈ അവസ്‌ഥ മേൽപറഞ്ഞ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മുത്തൻമാരെ അടിമപണിക്കായി വ്യത്യസ്‌ത ഭാഗങ്ങളിലേക്ക്‌ കൊണ്ടുപോയതായിരിക്കാം. മുത്തൻമാരുടെ വീടിനെ ‘ഇല്ലം’ (എല്ലം) എന്നുപറയുന്നു. ചില സ്ഥലങ്ങളിൽ ‘ഇരുപ്പ്‌’ എന്നും പറയുന്നുണ്ട്‌. ഇല്ലത്തിന്‌ ഒരു മുറി മാത്രമെ കാണാറുളളൂ. പുല്ലുകൊണ്ടു മേഞ്ഞ ഒരു കൂരയാണിത്‌. അതിൽ വെറും നിലത്താണ്‌ മുത്തൻമാരുടെ കിടപ്പ്‌.

മുമ്പ്‌ സമൂഹത്തിലെ ഉന്നതശ്രേണിയിലിരുന്ന ഒരു വിഭാഗമായിരുന്നു എന്നു വിശ്വസിക്കുന്നതുകൊണ്ടായിരിക്കണം ഇവർ മറ്റുളളവരെ ‘അയിത്തം’ കൽപ്പിച്ച്‌ അകറ്റി നിർത്തുന്നത്‌. മുത്തൻമാരെ തൊടുന്നതിനോ അവരുടെ വീടു തൊടുന്നതിനോ നമുക്കനുവാദമില്ല. ഒരു നിശ്ചിത അകലം വരെ മാത്രമേ നമുക്കു ചെല്ലാൻ അവകാശമുളളു. ഇരുമ്പുസാധനങ്ങൾ മാറ്റി മറ്റു സാധനങ്ങളോടൊപ്പം ഇല്ലം പൂർണമായി കത്തിച്ചു കളയുന്നു. ഇന്ന്‌ അശുദ്ധമാക്കപ്പെടുകയാണെങ്കിൽ ‘എറമ്പിൽ ’ തിരികിയിരിക്കുന്ന പുല്ലിൽനിന്ന്‌ ഒരു വരിയെടുത്ത്‌ കത്തിച്ചു കളയുന്ന രീതിയിലേക്ക്‌ പല മുത്തൻമാരും എത്തിയിരിക്കുന്നു. വയസ്സറിയിക്കുന്ന ഒരു മുത്താളിപെണ്ണിനെ ഇല്ലത്തിനുപുറത്ത്‌ ദൂരെ കുടിലുകെട്ടി പാർപ്പിക്കുന്നു. തിരണ്ടു കല്ല്യാണത്തിന്‌ മറ്റിടങ്ങളിൽ നിന്നും മുത്തൻമാരും മുത്താച്ചികളുമെത്തുന്നു. പ്രസവസമയത്ത്‌ ഗർഭിണികളെ മുളയും പുല്ലും കൊണ്ടുണ്ടാക്കിയ ‘കുമ്മാളി’ (ഈറ്റില്ലം) യിലേക്കു മാറ്റുന്നു. ആരുടേയും സഹായമില്ലാതെ നവജാതശിശുവിനേയും തന്നെയും ബന്ധിക്കുന്ന പൊക്കിൾ കൊടി മുളഞ്ചീന്തുകൊണ്ട്‌ മുറിച്ച്‌ ‘ഈച്ച്‌’ അവൾ സ്വയം കുഴിച്ചിടുന്നു. ചില സ്ഥലങ്ങളിൽ ഇരുപത്തിഒന്ന്‌ ദിവസവും മറ്റു ചില പ്രദേശങ്ങളിൽ ഇരുപത്തിയെട്ടുദിവസവും അമ്മയും കുഞ്ഞും കുമ്മാളിയിൽ കഴിയണം. അവസാന ദിവസം കുമ്മാളി പൊളിച്ചു കളഞ്ഞ്‌ പുണ്യാഹം തളിച്ചേ ഇല്ലത്തിനകത്ത്‌ കയറ്റൂ. വീണ്ടും ഇങ്ങനെ ഇല്ലത്തിലേക്കു താമസിക്കാൻ വരുന്നതിനെ ‘വീട്‌ തൊട്വാ’ എന്നു പറയുന്നു. ഇത്തരത്തിലുളള ആചാരങ്ങളും രീതികളും മിക്ക ആദിവാസി ഗോത്രങ്ങളിലുമുണ്ട്‌. എന്നാൽ അവർക്ക്‌ അവരുടെ ആചാരാനുഷ്‌ഠാനങ്ങളും സംസ്‌ക്കാരവും ഒറ്റമൂലികളും ഭാഷയും കൈമോശം വന്നിരിക്കുന്നു. പുറമെ നിന്നുളളവർ അവരുടെ സ്വകാര്യതകളിൽ കൈകടത്തുന്നു. വികസനം വികസനത്തിനുവേണ്ടിയാകരുത്‌, കാലത്തിന്റെ നൈരന്തര്യത്തിലൂടെയുളള മാറ്റം മാത്രമാണഭികാമ്യം.

Generated from archived content: nattariv_ala.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English