വില്ലടിച്ചാൻപാട്ട്‌ഃ ദക്ഷിണകേരളത്തിന്റെ കല

‘വില്ലടിച്ചാൻപാട്ടുകളധികവും യക്ഷി-മാടൻ കഥകളാണ്‌.’

മനുഷ്യന്‌ പാടാനും ആടാനുമുളള വാസന ജന്മസിദ്ധമാണ്‌. അവന്റെ കലാബോധത്തിന്റേയും സംസ്‌കാരത്തിന്റേയും കന്നിത്തുടിപ്പുകൾ ആണ്‌ നാടൻപാട്ടുകൾ. ജനജീവിതത്തിന്റെ സത്യാത്മകവും ആത്മാർത്ഥവുമായ ആവിഷ്‌കാരങ്ങളാണവ. അതിനാൽ മാനവസംസ്‌കാരത്തെക്കുറിച്ചുളള ഏതൊരു പഠനവും അവിടെ നിന്ന്‌ വേണം തുടങ്ങേണ്ടത്‌. നാടൻപാട്ടുകളെ കാലദേശഭേദമനുസരിച്ച്‌ വിഭജിക്കാനുളള ശ്രമമാണ്‌ സാഹിത്യചരിത്രകാരൻമാരിലധികവും നടത്തിയിട്ടുളളത്‌. എന്നാൽ വാഗ്രൂപ പാരമ്പര്യത്തിൽ തലമുറകളിലൂടെ കൈമാറി വന്ന പാട്ടുകളിൽ സ്വാഭാവികമായും പലമാറ്റങ്ങളും സംഭവിച്ചിട്ടുണ്ടാകും. അതിനാൽ കാലഭേദത്തെക്കാൾ ദേശഭേദമനുസരിച്ചുളള വിഭജനമാണ്‌ കൂടുതൽ സമീചീനം.

കേരളത്തിലെ നാടോടിഗാനങ്ങളെ ദേശഭേദമനുസരിച്ച്‌ രണ്ട്‌ മുഖ്യവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. വടക്കൻപാട്ടുകളും തെക്കൻപാട്ടുകളും. രണ്ട്‌ വിഭാഗങ്ങളിലും പെട്ട ധാരാളം കഥാഗാനങ്ങൾ ലഭ്യമായിട്ടുണ്ട്‌. ഇംഗ്ലീഷിൽ ബാലഡ്‌ എന്നറിയപ്പെടുന്ന കഥാഗാനത്തിന്‌ ഏറെ നിർവ്വചനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്‌. അവയിൽ ‘കഥാകഥനസ്വഭാവമുളള ഒരു നാടോടിപ്പാട്ട്‌’ എന്ന പ്രൊഫസർ ജറോൾസിന്റേയും ‘ഒരു കഥ പറയുന്ന ഗാനമാണ്‌ ബാലഡ്‌, മറിച്ച്‌ പറഞ്ഞാൽ ഗാനരൂപത്തിലാക്കിയ ഒരു കഥ’ എന്ന പ്രൊഫസർ കീറ്ററെഡ്‌ജിന്റേയും ‘ഒരു ചിരസ്മരണീയമായ ഘട്ടത്തെ നാടകീകരിക്കുന്ന വിവരണാത്മകമായ നാടൻപാട്ട്‌’ എന്ന പ്രൊഫസർ മാൽക്കോം ലോസ്സിന്റേയും നിർവ്വചനങ്ങൾ കൂടുതൽ അംഗീകാരം നേടിയവയാണ്‌. മേല്പറഞ്ഞ നിർവ്വചനങ്ങളുടെ ചട്ടക്കൂടിലൊതുങ്ങുന്നവ തന്നെയാണ്‌ വടക്കൻ-തെക്കൻ പാട്ടുകളിൽപ്പെടുന്ന കഥാഗാനങ്ങൾ. തെക്കൻപാട്ടുകളെ പൊതുവേ വില്ലടിച്ചാൻ പാട്ടുകളെന്ന്‌ പല സാഹിത്യഗവേഷകൻമാരും വിളിക്കാൻ മുതിർന്നു. ഇത്‌ പൂർണ്ണമായും ശരിയല്ലെങ്കിലും രാമകഥാപ്പാട്ട്‌ പോലുളള ഇതിഹാസസമാനമായ പാട്ടുകളും ശാസ്തഗാനങ്ങളും ഒഴിച്ച്‌ മിക്ക കഥാഗാനങ്ങളും വില്ലടിച്ചാൻപാട്ടായി പാടിയിരുന്നുവെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

വില്ലടിച്ചാൻപാട്ട്‌-ഉദ്‌ഭവംഃ വില്ലടിച്ച്‌ പാടുന്ന പാട്ടായതുകൊണ്ടാണ്‌ ഈ പേര്‌ ലഭിച്ചത്‌. തെക്കൻ തിരുവിതാംകൂറിൽ ഒരു കാലത്ത്‌ പരക്കെ പ്രചാരത്തിലിരുന്ന ഈ കലാരൂപം ഇവിടത്തെ ജനങ്ങളുടെ ആരാധനാ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേവതകളെയോ ബാധകളെയോ പ്രീതിപ്പെടുത്താൻ നടത്തുന്ന വില്ലടിച്ചാൻപാട്ട്‌ ഒരു ക്ഷേത്രകലയായി വളർന്നുവന്നതാണ്‌. വില്ലടിപ്പാട്ട്‌, വില്ലുകൊട്ടിപ്പാട്ട്‌, വില്പാട്ട്‌ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. വില്ല്‌, മുഖ്യ ഉപകരണമായതുകൊണ്ടാണ്‌ ഈ പേര്‌ ലഭിച്ചത്‌.

വീരപുരുഷൻമാർ, പതിവ്രതകൾ, എന്നിവർ അപമൃത്യുവരിച്ചാൻ മാടൻ, യക്ഷി തുടങ്ങിയ ബാധകളായി മാറുമെന്നും അവരെ പാടിപുകഴ്‌ത്തേണ്ടത്‌ സാമൂഹികനന്മയ്‌ക്ക്‌ ആവശ്യമാണെന്നും പ്രാചീനർ കരുതിപ്പോന്നു. അതിലേയ്‌ക്കാണ്‌ വില്ലടിച്ചാൻ പാട്ടുകൾ രൂപം കൊണ്ടത്‌. കൂടാതെ ഇഷ്‌ടദേവതകളുടെ ആരാധനയ്‌ക്കുവേണ്ടിയും ഇത്‌ പ്രയോഗിച്ചുവരുന്നു. തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നീ താലൂക്കുകളും ഇപ്പോഴത്തെ കന്യാകുമാരി ജില്ലയും ഉൾപ്പെട്ട തെക്കൻതിരുവിതാംകൂറിലാണ്‌ ഈ പാട്ടുകൾ പിറവിയെടുത്തത്‌.

വില്പാട്ട്‌ അവതരണരീതിഃ ഏഴ്‌ പേരുളള സംഘമാണ്‌ സാധാരണ വില്പാട്ട്‌ നടത്തുക. വില്ലിൻമേൽ വലിച്ച്‌ കെട്ടിയിട്ടുളള ചരടിൽ മണികൾ കെട്ടിയിരിക്കും. മദ്ധ്യത്തിരിയ്‌ക്കുന്ന ആശാൻ കുടമണി ഘടിപ്പിച്ച രണ്ട്‌ കോൽ (വീയൽ) കൊണ്ട്‌ വില്ലിൻമേൽ താളാത്മകമായി അടിച്ചുകൊണ്ട്‌ കഥാഗാനം ആലപിക്കും. ഇരുവശത്തുമിരിക്കുന്ന ശിഷ്യൻമാർ ഏറ്റ്‌പാടും. ഒരാൾ മൺകുടത്തിന്റെ വായ്‌ഭാഗത്ത്‌ വിശറി ആകൃതിയിലുളള ഉണങ്ങിയ പാളകൊണ്ട്‌ കൊട്ടി മേളക്കൊഴുപ്പ്‌ കൂട്ടുന്നു. തോൽകൊണ്ട്‌ വായ്‌ മൂടികെട്ടിയ ലോഹക്കുടമാണുപയോഗിക്കുന്നതെന്ന്‌ ഉളളൂർ പറയുന്നു. കൂടാതെ താളക്കട്ട, ഉടുക്ക്‌ മുതലായ വാദ്യവിശേഷങ്ങളുമുപയോഗിക്കും.

വില്പാട്ട്‌ ഗായകരെ ‘പുലവൻമാർ’ എന്ന്‌ പറയുന്നു. സാധാരണ പുരുഷൻമാരാണ്‌ ഈ കലാവിശേഷം അവതരിപ്പിക്കാറ്‌. എന്നാൽ ചിലപ്പോൾ ഒന്നോരണ്ടോ സ്‌ത്രീകളും സംഘത്തിൽ ഉണ്ടാകാം. പാട്ടുകാർ സംഘം തിരിഞ്ഞ്‌ മത്സരിച്ച്‌ പാടാറുമുണ്ട്‌. ഇതിന്‌ ‘തല്ലുകവി’ എന്ന്‌ പറയും. പരസ്‌പരം വാതുവച്ചും പുലഭ്യം പറഞ്ഞും പാടാറുണ്ട്‌. കാപ്പ്‌ (സ്‌തുതി), പ്രസ്‌താവന, ഗുരുസ്‌തുതി, ദേശസ്‌തുതി, കഥാവതരണം, വാഴ്‌ത്ത്‌, എന്നിവയാണ്‌ വില്പാട്ടിന്റെ അവതരണത്തിലെ മുഖ്യഘടകങ്ങൾ. ഒടുവിൽ പാട്ടിലെ നായകനെ പ്രസാദിപ്പിക്കാൻ പന്തൽവരം, പൂപ്പട, കുടിയിരുത്ത്‌ എന്നീ പേരുകളിലറിയപ്പെടുന്ന പാട്ടുകളും പാടാറുണ്ട്‌.

കാലംഃ പാട്ടുകളുടെ കാലഗണന സുസാധ്യമല്ല. ആഭ്യന്തരവും ബാഹ്യവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചില നിഗമനങ്ങളിലെത്താനേ നിർവ്വാഹമുളളൂ. ഇരവിക്കുട്ടിപ്പിളളപ്പോര്‌ നടന്നത്‌ എ.ഡി.1635 ൽ ആയിരിക്കണമെന്ന്‌ ശ്രീ.തിക്കുറിശ്ശി ഗംഗാധരൻ അനുമാനിക്കുന്നു. അതിനാൽ പാട്ടിന്റെ കാലം 17-​‍ാം നൂറ്റാണ്ട്‌ അവസാനമാണെന്ന്‌ കരുതാം. തെക്കൻപാട്ടുകളുടെ നടുനായകമായ രാമകഥാപ്പാട്ടിന്റെ കാലം കൊല്ലവർഷം 7-​‍ാം ശതകമാണെന്ന്‌ ഉളളൂർ. തെക്കൻ പാട്ടുകളെപ്പറ്റി പഠിക്കുകയും പലതും പ്രകാശിപ്പിക്കുകയും ചെയ്‌ത പ്രൊഫ.ജെ.പദ്‌മകുമാരി അഭിപ്രായപ്പെടുന്നത്‌ വില്ലടിച്ചാൻ പാട്ടുകൾ എ.ഡി.14-​‍ാം നൂറ്റാണ്ടിനും 18-​‍ാം നൂറ്റാണ്ടിനും മദ്ധ്യേ രൂപം കൊണ്ടതാകണമെന്നാണ്‌. ലഭ്യമായിടത്തോളം പാട്ടുകളിൽ നിന്ന്‌ ലഭിക്കുന്ന ഭാഷാപരവും ചരിത്രപരവും സാംസ്‌കാരികവുമായ തെളിവുകളുടെ വെളിച്ചത്തിൽ നോക്കിയാൽ ഈ അഭിപ്രായം സാധുവാണെന്ന്‌ കാണാം. പില്‌കാലത്ത്‌ ചില പുലവൻമാർ പഴയ പാട്ടുകൾക്ക്‌ പകരം പുതിയ പാട്ടുകൾ ഉണ്ടാക്കി പാടിയതായിരിക്കണം ‘പുത്തൻ’ എന്ന്‌ ചേർത്ത്‌ പറഞ്ഞുവരുന്ന പാട്ടുകൾ. ഉദാഃപുരവിയേറ്റ്‌ പുത്തൻ, ഗണപതിപുത്തൻ, ഇരവിക്കുട്ടിപ്പിളള പട്ടുപോയ പുത്തൻ മുതലായവ.

പാട്ടുകവികൾഃ വില്ലടിപ്പാട്ടുകൾ മിക്കവയും അജ്ഞാതകർത്തൃകം തന്നെ. അവയിൽ പരാമർശിക്കുന്ന ക്ഷേത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളിൽ നിന്ന്‌ കവികളുടെ സ്വദേശം ഊഹിക്കാൻ കഴിയുമെന്ന്‌ മാത്രം. വാസനാസമ്പന്നൻമാരായ ആദ്യകാലകവികൾ തന്നെയാകണം പാട്ടുകൾക്ക്‌ ജന്മമരുളിയത്‌. പിൽക്കാലത്തെ പാട്ടുകാർ തങ്ങളുടെ ഭാവനാവിലാസത്താൽ കൂട്ടിച്ചേർക്കലുകളും മാറ്റിമറിക്കലുകളുമൊക്കെ നടത്തിയിട്ടുണ്ടാകണം. അതുകൊണ്ടാണ്‌ ഒരേ പാട്ടിന്‌ തന്നെ പലപാഠങ്ങൾ കാണുന്നത്‌. കാലക്രമേണ ഈ പാട്ടുകൾ ഒരു ദേശത്തിന്റെ സ്വന്തമായി മാറി എന്നു പറയാം.

ഭാഷാ-സംസ്‌കാരംഃ തെക്കൻ പാട്ടുകളിലെ ഭാഷ പൊതുവേ തമിഴ്‌ കലർന്ന മലയാളമാണ്‌. ഈ പ്രദേശത്തെ തമിഴരുടെ സംഭാഷണ രീതിയിലുളള പ്രാകൃതതമിഴിലാണ്‌ തെക്കൻപാട്ടുകൾ രചിച്ചിട്ടുളളതെന്ന്‌ മഹാകവി ഉളളൂർ അഭിപ്രായപ്പെടുന്നു. മലയാളമല്ലെന്ന്‌ മലയാളികളും തമിഴല്ലെന്ന്‌ തമിഴരും ആ പാട്ടുകളെ പുച്ഛിച്ച്‌ ത്രിശങ്കുസ്വർഗ്ഗത്തിൽ നിർത്താറുണ്ടെന്ന്‌ അദ്ദേഹം തുടർന്ന്‌ പറയുന്നു. എന്നാൽ തെക്കൻ തിരുവിതാംകൂറിലെ ജനങ്ങളുടെ സംഭാഷണഭാഷതന്നെ പാട്ടിനുപയോഗിച്ചിരിക്കുന്നുവെന്നതാണ്‌ വാസ്‌തവം. ഇത്‌ നാടോടിപ്പാട്ടുകളുടെ സ്വഭാവം തന്നെ. ഉന്നതവിദ്യാഭ്യാസമില്ലാത്ത നാടൻ കവികളിൽ നിന്നാണല്ലോ ഇത്തരം പാട്ടുകൾ രൂപം കൊളളുന്നത്‌.

തമിഴ്‌നാടുമായി ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത്‌ ഭാഷയിലും സംസ്‌കാരത്തിലും വർദ്ധമാനമായ തോതിലുളള കൊളളകൊടുക്കകൾ ഉണ്ടായിട്ടുണ്ട്‌. വില്ലടിച്ചാൻ പാട്ടുകളധികവും യക്ഷി-മാടൻ കഥകളാണ്‌. തമിഴ്‌ നാടുമായുളള സമ്പർക്കം തന്നെ കാരണം. കേരളത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ ഈ ഭാഗത്ത്‌ ധാരാളം യക്ഷി-മാടൻ അമ്പലങ്ങൾ കാണുന്നുവെന്നതും സ്‌മരണീയം.

കലർപ്പറ്റ സംസ്‌കാരത്തിന്റെ തനിമ നാടൻപാട്ടുകൾ പ്രതിഫലിപ്പിക്കുന്നു. അന്നത്തെ ജനങ്ങളുടെ ജീവിത സമ്പ്രദായങ്ങൾ ആചാരമര്യാദകൾ, വിശ്വാസങ്ങൾ, വേഷം, ഭാഷ എന്നിങ്ങനെ ജനസംസ്‌കൃതിയുടെ സ്വഭാവം അനാവരണം ചെയ്യുന്ന ഒട്ടേറെ ഘടകങ്ങൾ പാട്ടുകളിൽ നമുക്ക്‌ കണ്ടെത്താം. ഇവ ദേശചരിത്രം, സമുദായ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ അമൂല്യങ്ങളായ അറിവുകൾ നൽകുന്നുണ്ടെന്ന്‌ ഉളളൂരും സമ്മതിക്കുന്നു. ചരിത്രപരമായി പ്രാധാന്യമുളള വില്ലടിപ്പാട്ടുകളിൽ പ്രധാനം ഇരവിക്കുട്ടിപ്പിളളപ്പോര്‌ തന്നെ. അന്നത്തെ വേണാടിന്റെ ചരിത്രത്തിലേയ്‌ക്കും സാമൂഹികജീവിതത്തിന്റെ ആഴങ്ങളിലേയ്‌ക്കും വെളിച്ചം വീശുന്ന ഒട്ടേറെ വസ്‌തുതകൾ ഈ പാട്ടിൽനിന്ന്‌ ലഭിക്കുന്നു. രാജാകേശവദാസന്റെ ജീവിതം തന്നെ ആസ്പദമാക്കിയുളള പാട്ടാണ്‌ ‘ദിവാൻവെറ്റി’. കൂടാതെ അഞ്ചു തമ്പുരാൻ പാട്ട്‌, വലിയകേശികഥ മുതലായവയും ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പാട്ടുകളാണ്‌.

സാഹിത്യഭംഗിഃ പ്രചുരപ്രചാരം നേടിയ നീലികഥ, ഇരവികുട്ടിപ്പിളളപ്പോര്‌, പൊന്നിറത്താൾ കഥ, കന്നടിയാൻപോര്‌, എന്നീ പാട്ടുകളും അടുത്തകാലത്ത്‌ പ്രസിദ്ധീകരിച്ച ‘കണിയാരത്തമ്പുരാൻ’ ഊട്ടുപാടും സാഹിത്യഭംഗി തികഞ്ഞവയാണെന്നതിൽ തർക്കമില്ല. നാടകീയാവിഷ്‌കരണ സമ്പ്രദായവും ഉത്തുംഗമായ ഭാവനാവിലാസവും മധുരോദാരമായ ശൈലിയും അവയെ കനപ്പെട്ട കാവ്യങ്ങളായി മാറ്റുന്നു. കാവ്യഭംഗിക്ക്‌ ചില ഉദാഹരണങ്ങൾ നോക്കുക. ‘ഇരവിക്കുട്ടിപ്പിളളപ്പോരി’ൽ.

“ആറുവനോ ആറുവനോ നാൻ അരും കടലിൽ വീഴുവളവും

തേറുവനോ എന്റിരവീ എൻ തീവിതകളെന്നാറും” എന്നു തുടങ്ങി പിളളയുടെ മാതാവിന്റെ ഒപ്പാരും

“മഞ്ചക്കുറി നാൻ മറന്തേൻ മണമുളള പൂ മറന്തേൻ

എണ്ണക്കുളി മറന്തേൻ ഏങ്കൾ വിതി പൊല്ലാത്‌”

എന്നിങ്ങനെയുളള ഭാര്യയുടെ രോദനങ്ങൾ ഏത്‌ ശിലാഹൃദയത്തെയും ആർദ്രമാക്കുന്നതാണ്‌. ‘നീലികഥ’യിൽ

നീലിയുടെ സൗന്ദര്യം വർണ്ണിക്കുന്ന ഭാഗം നോക്കുകഃ

“മട്ടാനപൂംകുഴലാൾ ബാലചന്തിരനെപ്പോലെ തോന്റിനാളേ

കും പകുടംപോലിളം തനമാം തനത്തിനുടനടുവേ നല്ല

മുന്തിയെറുമ്പെഴുക്കിട്ടതുപോൽ……”

ഈയിടെ ശ്രീ ഉത്തരംകോട്ട്‌ ശശി പ്രകാശിപ്പിച്ചിട്ടുളള കണിയാരത്തമ്പുരാൻ ഊട്ടുപാട്ടിൽ മരുത്തുവത്തിയെ തേടിപ്പോയ ഓട്ടനാർ കാണുന്ന കാഴ്‌ചകൾ നോക്കുക.

“കൊക്കിരുന്ന്‌ ചെറവൊണക്കും കൊമരിവേന്തൻ മല കടന്ന്‌

എറുമ്പിരുന്ന്‌ എണ്ണ തേടും എണ്ണിറുഞ്ചി മലകടന്ന്‌

ആനനിന്ന്‌ തീനൊടിക്കും അടവിമലപ്പൊറ്റ കഴിഞ്ഞ്‌

പാമ്പിരുന്ന്‌ പടം ചുഴറ്റും പാരവേന്തിരൻ മലകടന്ന്‌

കുതിരനിന്നു കൂത്താടും കൂമ്പാളച്ചോല കഴിഞ്ഞ്‌

പത്തുമന്തി തൊന്നിച്ചാടും പാതിരി മലകടന്ന്‌…..”

എത്ര ഹൃദയാവർജ്ജകമായ ശൈലിയാണ്‌ വർണ്ണനചിറകുവിരിക്കുന്നതെന്ന്‌ നോക്കുക. മലകളും ചോലകളും നേരിട്ടുകാണുന്ന അനുഭൂതിയാണീവരികൾ നല്‌കുന്നത്‌. മിക്കവാറും പാട്ടുകളിൽ ഇപ്രകാരം കാവ്യഭംഗി അലതല്ലുന്ന ധാരാളം ഭാഗങ്ങൾ കണ്ടെത്താം.

നവീന വില്പാട്ട്‌ഃ വില്ലടിച്ചാൻ പാട്ടിൽ പല പരിഷ്‌കാരങ്ങളും വരുത്തിക്കൊണ്ട്‌ ‘നവീനവില്പാട്ട്‌’ എന്ന പേരിൽ ഒരു കലാരൂപം പിൽക്കാലത്ത്‌ ദക്ഷിണകേരളത്തിൽ ഉത്സവപ്പറമ്പുകളിൽ അരങ്ങേറുകയുണ്ടായി. നാടോടി കഥാഗാനങ്ങൾക്കു പകരം ചരിത്ര-സാമൂഹിക കഥകളെ കഥാപ്രസംഗരീതിയിൽ കഥയും പാട്ടുമായി അവതരിപ്പിക്കുന്ന രീതിയാണത്‌. വില്ലടിക്കുന്ന ശൈലിയിലും വേഷവിധാനങ്ങളിലും പരിഷ്‌കാരങ്ങൾ വരുത്തുകയും പുതിയ വാദ്യവിശേഷങ്ങൾ ഉൾപ്പെടുത്തുകയും ചെയ്‌തുകൊണ്ടാണ്‌ ഈ നവീനത കൈ വരുത്തിയത്‌. കൂടാതെ അഭിനയത്തിനുളള സാധ്യതയും വർദ്ധിപ്പിച്ചു. അങ്ങനെ 1960കളിലും 70 കളിലും ഉത്സവവേദികൾ പിടിച്ചടക്കിയ ഈ കലാരൂപം പിന്നീട്‌ ലുബ്‌ധപ്രചാരമായിപ്പോയി.

പരിഷ്‌കാരത്തിന്റെ വേലിയേറ്റത്തിൽപ്പെട്ട്‌ അടിതെറ്റി ആടിയുലഞ്ഞെങ്കിലും അനുഷ്‌ഠാനത്തിന്റെ വേരുളള വില്ലടിച്ചാൻ പാട്ട്‌ ഇന്നും ദക്ഷിണകേരളത്തിലെ പലയക്ഷിയമ്പലങ്ങളിലും മാടൻ-ശാസ്‌താം കോവിലുകളിലും ആചാരപൂർവ്വം പാടി വരുന്നു. ആളുകളെ ആകർഷിക്കുന്നതിനു വേണ്ടി കേവലം ഗാനാലാപം എന്ന പതിവ്‌വിട്ട്‌ കഥപറയുകയും അതോടൊപ്പം പാട്ട്‌ പാടുകയും ചെയ്യുന്ന പാട്ട്‌ സംഘങ്ങളും ഇന്നുണ്ട്‌. തമിഴിന്റെ അതിപ്രസരമുളള പാട്ടുകളുടെ കഥ സാധാരണർക്കും മനസ്സിലാക്കാൻ ഇതുമൂലം കഴിയുന്നു. എന്നാൽ അനുദിനം ക്ഷയിച്ചു വരുന്ന ഈ കലയുടെ പ്രസിദ്ധിയും പ്രചാരവും ആധുനിക ഇലട്രോണിക്‌സ്‌ യുഗത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ പ്രാചീനസംസ്‌കാരത്തിന്റെ തനിമ നഷ്‌ടപ്പെടാതെ സംരക്ഷിക്കാനെങ്കിലും കാര്യമായ പരിശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു.

Generated from archived content: nadan_villupattu.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here