പാട്ടുകാരികൾ സംസാരിക്കുന്നു

‘പൂമിയിൽ തൊട്ടുനെറുകയിൽവച്ചു സൂര്യപകവാനെകൈവണങ്ങി’

ഇന്നും അനായാസമായി വടക്കൻപാട്ടുകൾപാടുന്ന എത്രയോ പാട്ടുകാരുണ്ട്‌. ഇത്‌ പ്രധാനമായും സ്‌ത്രീകളുടെ അദ്ധ്വാനപ്രക്രിയയുടെ ഭാഗമാകുന്നു. വാമൊഴിരചനയുടെ കലാതന്ത്രങ്ങൾ എന്താണെന്ന്‌ ഈ രംഗാവതരണത്തിലൂടെ അറിയാം. വാമൊഴി അറിവുകൾക്ക്‌ പതിത്വം കല്പിക്കുന്ന ഇക്കാലത്ത്‌ അനവധി വടക്കൻപാട്ടുകൾ ഓർമ്മയുടെ ഓലക്കെട്ടുകളിൽ സൂക്ഷിക്കുന്ന രണ്ടു പാട്ടുകാരികളുടെ സംഭാഷണങ്ങളാണ്‌ താഴെ ചേർക്കുന്നത്‌. പാട്ടുകൾ എത്രനേരം വേണമെങ്കിലും പാടാൻ തയ്യാറായിരുന്നു. സംഘമനസ്സുകൾക്ക്‌ ആവേശം നല്‌കിയിരുന്ന പാട്ടിന്റെ കെട്ടഴിക്കാൻ ലക്ഷ്മിയമ്മയും കാളിയും.

1. എ.എൻ.ലക്ഷ്മിയമ്മ (76) ഃ ‘ഒരു പാട്ടുകഴിയണമെങ്കിൽ ഒരു നേരം വേണം. പാടത്ത്‌ പണിയുമ്പോൾ പാടുന്നതാണ്‌, നടുമ്പോഴും പുല്ലുവലിക്കുമ്പോഴും. ഒരാൾ പാടും മറ്റുളളവർ ഏറ്റുപാടും. ചെറുതായി വളഞ്ഞ വില്ലുപോലെ പെണ്ണുങ്ങൾ നിരന്നു നില്‌ക്കും. ഒരു മൊഴിയിൽ രണ്ടുപദം പാടും. മറ്റുളളവർ ഏറ്റുപാടും. ഏറ്റുപാടുന്നവർ എടത്തും വലത്തും നില്‌ക്കും. പുത്തൂരാം ആരോമുണ്ണി, ഉണ്ണിയാർച്ച കൂത്തിനുപോയ കഥ, ചന്തു, ഒതേനന്റെ പാട്ട്‌ തുടങ്ങി വളരെ പാട്ടുകൾ അറിയാം. ഇതിൽ തമ്പുരാന്റെ കോലത്ത്‌ പണിയെടുക്കുന്ന വേശനാട്‌ അയ്യയുടെ പാട്ടുമറിയാം. അടിമയുടെ പാട്ട്‌. ഇത്രയും പറഞ്ഞ്‌ ഉണ്ണിയാർച്ച കൂത്തിനുപോയ പാട്ടുപാടാൻ തുടങ്ങി. സന്ദർഭത്തിനനുസരിച്ച്‌ ആരോഹണാവരോഹണക്രമമുണ്ടായിരുന്നുഃ

’ആമൊഴി കേട്ടല്ലോ കുഞ്ഞിരാമൻ…….കടവത്ത്‌ മന്ത്രം കഴിച്ചവള്‌‘

പാട്ടു മുന്നോട്ടുപോയി. ഇതിലെ പല കഥാസന്ദർഭങ്ങളും വീടുകളിലും ചൊല്ലാറുണ്ട്‌. ’മലീശം കൊഞ്ചല്ലെ പെങ്കിടാവേ‘ എന്നത്‌ കുട്ടികളുടെ താരാട്ടുപാട്ടാണ്‌.

’പണിക്ക്‌ ഒരിമ്പം കിട്ടാനാണ്‌ പാടുന്നത്‌. നടുമ്പോൾ പാട്ടുമുറിയില്ല. ഇടയ്‌ക്ക്‌ ഒരു വരി ഓർമ്മ വന്നില്ലെങ്കിൽ അത്‌ വിട്ടുകളയും. പണിയും മുറിയില്ല. പാട്ടും മുറിയില്ല. ഇങ്ങനെ ഒരിക്കൽ പുത്തൻ കോളിൽ പാടിയിട്ട്‌ ശബ്‌ദം പോയി. പാട്ടു തുടങ്ങിയാൽ ഓർമ്മ തനിയെ ഉണ്ടാകും. ചെറിയ ആരോമല്‌ അങ്കത്തിനുപോയ കഥ കേട്ടാണ്‌ കുട്ടിക്കാലത്ത്‌ പഠിച്ചത്‌. പാട്ട്‌ കൈയ്യിൽ പിടിച്ചാണ്‌ പാടാറ്‌. ഇടയ്‌ക്കുന്നും ചൊല്ലാറുണ്ട്‌. പാട്ടിന്റെ കാല്‌, മുക്കാല്‌ എന്ന കണക്കിനാണ്‌ പാട്ടു പാടാറുളളത്‌. ഉച്ചവരെ ഒരു പാട്ടു പാടും. അത്‌ മിക്കവാറും മുഴുമിപ്പിക്കാൻ കഴിയാറില്ല. ഉച്ചയ്‌ക്ക്‌ അതുതന്നെ പാടാറില്ല. വേറെ പാട്ടുപാടും. പൊന്നിയങ്കത്തിനുപോയത്‌ ഒട്ടും കഴിയില്ല. അതിനാൽ ആ പാട്ട്‌ ഇടയ്‌ക്കു വച്ച്‌ പാടും. പാട്ടിനിടയ്‌ക്ക്‌ നാട്ടുവർത്തമാനങ്ങളും പറയും. ചിലർ ഈണം മാത്രമേ നല്‌കാറുളളു. നാട്ടുവർത്തമാനങ്ങളും പാട്ടുരൂപത്തിലാക്കാറുണ്ട്‌. ഞാറുവലിയും നടലും കളപറിക്കലും തുടങ്ങിയാൽ പാടത്ത്‌ മുഴുവൻ പണിയായിരിക്കും. അങ്ങേകണ്ടത്തിലും പെണ്ണുങ്ങളുണ്ടെങ്കിൽ മത്സരിച്ചാണ്‌ പാടാറ്‌, ആവുന്നത്ര ഉച്ചത്തിൽ രണ്ടുകൂട്ടരും പാടും. ഇടയ്‌ക്ക്‌ ‘കോളുവച്ച’ പാടാറുണ്ട്‌. അങ്ങേ കണ്ടത്തിലെ ആരുടെയെങ്കിലും പേരോ, സംഭവമോ കോളുവച്ച്‌ പാടുമ്പോൾ പാട്ടുമുറുകും. ചിലപ്പോൾ വഴക്കിൽ വരെ എത്താറുണ്ട്‌. പോരുവച്ചു പാടുക പതിവാണ്‌. കളത്തിലേക്കു കടന്നാൽ പാടില്ല. പാടത്തേ പാടുളളൂ.‘

പറഞ്ഞുതന്നത്‌ഃ അവണാപറമ്പിൽ എ.എൻ.ലക്ഷ്‌മിയമ്മ, ചെറുവത്തേരി

തയ്യാറാക്കിയത്‌ഃ സി.കെ.സുജിത്‌കുമാർ, വി.ആർ.മുരളീധരൻ.

2. കാളിയമ്മഃ മലബാറിലെ പണിയാളരുടെ ഇടയിൽ വാമൊഴിയായി പാടിപ്പതിഞ്ഞ പാട്ടുകളാണ്‌ വടക്കൻപാട്ടുകൾ. ഗായകരുടെ മനോധർമ്മവും കൂട്ടലും കിഴിക്കലും പാട്ടുകളിൽ കാണാം. ഇവ നാടൻപോരിമകളുടെ വീരചരിതങ്ങളാണ്‌. ഇന്ന്‌ യുക്തിക്കനുസരിച്ച്‌ വടക്കൻപാട്ടുകളുടെ കഥകൾ മാറ്റുന്നത്‌ ശരിയല്ലെന്ന്‌ പാട്ടുകാർ പറയുന്നു. (സിനിമയിലും മറ്റും). എന്നാൽ പഴയകഥകൾ സത്യസന്ധമായി ഓർത്തിരിക്കുന്ന ഒരു പാട്ടുകാരിയാണ്‌ കാളി. അവർ സ്വതസ്സിദ്ധമായ ശൈലിയിൽ കഥ പാടിപ്പറഞ്ഞു. ആരോമൽ ചേകവരുടെ കഥയിൽ താൻ താലികെട്ടു കല്യാണം നടത്തിയ ഉണ്ണിയാർച്ചയെ തന്നിൽ നിന്നും മറ്റൊരുവനിലേക്ക്‌ അടർത്തിമാറ്റിയ ആരോമലോട്‌ ചന്തുവിന്‌ പകയുണ്ടായിരുന്നു. കിട്ടിയ അവസരം മുതലെടുത്ത്‌ കൊണ്ട്‌ ചന്തു ആ പക തീർത്തതാണെന്നാണ്‌ പാട്ടുകാരിയുടെ അഭിപ്രായം. ഇടയ്‌ക്ക്‌ അവർ പാട്ടുപാടി. പാട്ടിലെ നാട്ടറിവുകളും പൊരുളുകളും പറഞ്ഞുഃ

ദീർഘം പിരിഞ്ഞങ്ങുപോയവക്കേ

ദിവസിലൊരിക്കലേയുണ്ണാറുളളൂ

ദേശാടനത്തിനിറങ്ങുന്നവർ മൂന്നുനേരവും ഉണ്ണാൻപാടില്ല എന്ന ഐതിഹ്യമുണ്ട്‌. കറുത്തേനാർ നാട്ടിലെ മൂത്ത കമ്മൾ ’നാടഞ്ചും വീടഞ്ചും‘ തെണ്ടാനുറയ്‌ക്കുന്ന കമ്മൾ യാത്രയായിഃ

പടിയും പടിപ്പുരയും കടന്നു

അവിടുന്നു നേരെ വടക്കോട്ട്‌

വടക്കറ്റം പർവ്വതം തെണ്ടികമ്മൾ (2)

…………………………………………………………

കാശിരാമേശ്വരം ചെന്നു കമ്മൾ

ദീർഘം വെളളവും വാങ്ങുന്നുണ്ടേ (2)

കാശിയുടെ പ്രത്യേകതയാണ്‌ ’ദീർഘം വെളളവും വാങ്ങുന്നുണ്ടേ‘ എന്നവരിയിൽ അർത്ഥമാക്കുന്നത്‌. മൂത്ത കമ്മളുടെ മരണശേഷം മരണാനന്തര ചടങ്ങുകൾ നടത്തുന്ന രീതി പാട്ടിൽ പറയുന്നുണ്ട്‌. (പറയും നിറയും നിറച്ചുവച്ചൂ…. പുളിമാവ്‌ തന്നെയും മുറുപ്പിച്ചല്ലോ….. എളളും കടുകും വിതറുന്നുണ്ടേ….) തുടർന്ന്‌ ഉണിക്കോനാരും ഉണിച്ചന്ത്രോരും മൂപ്പിളമയെ ചൊല്ലി തർക്കമായി. ഇത്‌ രസകരമായ സന്ദർഭമാണ്‌.

അസ്ഥി പെറുക്കുമിടത്തിലല്ലോ

ഞാൻമൂത്തു ഞാൻമൂത്തു വഴക്കുമായി

താക്കോലും കൂട്ടം വഴക്കുചൊല്ലി

മൂത്തമ്മയിളയമ്മ മക്കളല്ലേ

ഞാൻ മൂത്തു ഞാൻ മൂത്തു വഴക്കുമായി

എടമുണ്ടൻ തെങ്ങിന്റെ തേങ്ങാചൊല്ലി

വരിക്കപ്പിലാവിന്റെ ചക്കചൊല്ലി.

…………………………………………………..,

വെളളിയും പൊന്നും പൊതിഞ്ഞുകെട്ടി പരീക്ഷിക്കാൻ നാടുവാഴി പറഞ്ഞു. ഈ പോര്‌ വർദ്ധിച്ച്‌ അങ്കത്തിലെത്തി. ’നല്ലങ്കം ചേകവരെ തേടിക്കൊളളിൻ‘. ’കോയമ്മ‘ പറഞ്ഞു. അങ്കത്തട്ടിന്റെ പണിയെപ്പറ്റിയും പാട്ടിലുണ്ട്‌. അരിങ്ങോടർ നഗരിം നടുക്ക്‌ കളളപ്പണിപണിയാൻ 64 പണം കൊടുത്തു. അങ്കത്തട്ടിനുളള മരങ്ങൾഃ

കരിമരങ്ങൾ കൊണ്ട്‌ തട്ടുതൂണ്‌

പുളിമരംകൊണ്ട്‌ തട്ടുപലക.

ഉണിക്കോനാരിക്ക്‌ ചേകവരെ കിട്ടിയില്ല. 21 നായൻമാരുടെ വേഷങ്ങളെപ്പറ്റിയും. ആയുധങ്ങളെപ്പറ്റിയും പാട്ടിൽ പറയുന്നുണ്ട്‌. പാമ്പാടികുന്നിലെ പാമ്പാട്ടം കണ്ടതും മയിലാട്ടം കണ്ടതും കുയിലാട്ടം കണ്ടതും പാട്ടിലുണ്ട്‌. ചില സംഖ്യകൾ വടക്കൻ പാട്ടിൽ പ്രധാനമാണ്‌ 16,21,22,1001,64 എന്നിങ്ങനെ. അന്നത്തെ ആചാരമര്യാദകളും പാട്ടിലുണ്ട്‌.

’ഉണ്ണുമ്പൊച്ചെന്നാല്‌ ചോറ്‌ കിട്ടും

ചെത്തുമ്പോ ചെന്നാല്‌ കളളുകിട്ടും

അത്താഴം വെയ്‌ക്കാനരിയും കിട്ടും.

ആരോമൽ ചേകവരെപ്പറ്റിയുളള വർണ്ണനപാടിനടക്കുമായിരുന്നു.

‘കാരിരുൾക്കൊത്ത തലമുടിയും

പഞ്ചമിക്കൊത്തൊരു നെറ്റ്യഴക്‌

കുഞ്ഞിയമോറും കുറിയകണ്ണും

കണ്ണാടിക്കൊത്ത കവിളഴക്‌

തത്തമ്മ ചുണ്ടും പവിഴപല്ലും

ശംഖുകടഞ്ഞ കഴുത്തഴകും

………………………………………….

ആലിലക്കൊത്തൊരണീവയറ്‌’

പടകാളിമുറ്റത്ത്‌ വന്നിറങ്ങിയ ചേകോന്റെ കഥ കേട്ടാൽ കോരിത്തരിക്കും. പൊന്നരഞ്ഞാണം, പൊന്നും തൊപ്പി, പൊന്ന്‌ കുപ്പായം, നാഗമാല, ഏഴുചുറ്റുമാല,ചക്കമുളളൻ വള, ഭാരതം കൊത്തിയ കാപ്പ്‌ തുടങ്ങിയ ആഭരണങ്ങളുണ്ട്‌. കൊല്ലത്തെഴുതിയ മുണ്ട്‌, പടക്കച്ച, തേവാരപ്പട്ട്‌, പച്ചോലപ്പട്ട്‌, വീരാളിപ്പട്ട്‌ ഇതൊക്കെ എവിടെപ്പോയി? ഇരുട്ടത്തിടിവാളും മിന്നുംപോലെ പടകാളിമുറ്റത്തും ചെന്നിറങ്ങി. കാട്ടിലെ കൊന്നയും പൂത്തപോലെ തളിർമാവിൻ തൈകൾ തളിർത്തപോലെ. പുത്തരിയങ്കം കഴിഞ്ഞ നല്ല ചേകോൻ ഞാൻ തന്നെയാണ്‌. തുടർന്ന്‌ ചേകോന്‌ അങ്കകലികയറി. പലതരം പ്രതിഫലങ്ങളെ പറ്റിപാട്ടിലുണ്ട്‌. നേർച്ചപ്പണം, നാട്ടുകിഴി, വീട്ടുകിഴി, കെട്ടുകിഴി. അച്ഛനും അമ്മയും അങ്കക്കിഴി എടുക്കാതിരുന്നപ്പോൾ ‘കോമൻ ചുരികക്കിരയാകും’ഞാനെന്നു പറഞ്ഞു. പിന്നെ ആർച്ചയും ചന്തവും തമ്മിലുളള സംഭാഷണമാണ്‌. ചന്തൂന്റെ പെണ്ണായിരുന്നു ആർച്ച. അവൾ കുഞ്ഞിരാമന്റേതായി. അങ്കം ജയിച്ചുവന്നാൽ നിങ്ങക്ക്‌ പെണ്ണായിരിക്കുമെന്നവൾ പറഞ്ഞു. ചതി. കളരിപരമ്പര അച്ഛനാണേ, എന്റേയും വാക്കതു സത്യമാണേ. മയില്‌ പറക്കും പോലെയാണ്‌ ആരോമല്‌ അങ്കത്തട്ടിൽകയറിയത്‌. പിന്നെ മാറ്റം ചുരികയുടെ കഥ. കുത്തുവിളക്കിന്റെ തുമ്പ്‌. കാളിയമ്മ പാട്ടുകൾ പാടി. പഴെ പാട്ടിൽ ചന്തു ചതിച്ചതു തന്നെയാണ്‌ കാണുന്നത്‌. ഞാൻ ചെറുപ്പത്തിലെ പാടിപഠിച്ചതാണിതെല്ലാം. പിന്നെ ഇടയ്‌ക്കൊക്കെപാടും. പാടത്ത്‌ പണിയെടുക്കുമ്പം പാടും. നിരനിരയായി ഞാറ്‌ പറിക്കുന്ന പെണ്ണുങ്ങൾ നിൽക്കും. ഒരു അറ്റത്ത്‌ നിന്നും ഞാൻ പാടിക്കൊടുക്കും. അവർ അത്‌ ഏറ്റുപാടും. നീട്ടിപ്പാടുന്ന പാട്ടിൽ ഒരക്ഷരം തെറ്റിച്ചാൽ എനിക്കറിയാം. വടക്കൻ പാട്ടുകൾ പണ്ട്‌ അച്ചടിച്ചു വന്നിരുന്നു. അത്‌ വായിച്ച്‌ പാടാറുണ്ടായിരുന്നു. പഴയപാട്ട്‌ മാറ്റിച്ചൊല്ലുന്നത്‌ ശരിയല്ല. വരിതെറ്റിയാൽ ഞാമ്പറയും. ഈയടുത്തുകാലത്ത്‌ ചന്തൂനെ നന്നാക്കി ഒരു സിൽമവന്നു. പഴയചന്തു ചതിയൻ തന്നെ. അവൻ ക്രൂരനാണ്‌. കാളിയമ്മ പറഞ്ഞു നിർത്തി.

പറഞ്ഞുപാടിതന്നത്‌ഃ കോത്താളികുന്നത്ത്‌ പളളി ഭാര്യ കാളി, കടവല്ലൂർ, പി.ഒ. കല്ലുംപുറം, തൃശൂർ.

കേട്ടെഴുതിയത്‌ഃ ഉണ്ണി കടങ്ങോട്‌ (കാളിയമ്മപാടിയ ‘വലിയ ആരോമൽ ചേകവർ’ എന്ന പാട്ടിന്റെ രൂപഭേദം ശേഖരിച്ചിട്ടുണ്ട്‌)

Generated from archived content: nadan_pattukarikal.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here