പാരമ്പര്യ ഇസ്ലാം വിദ്യാഭ്യാസരീതികളിൽ ഓത്തുപളളിയ്‌ക്കുളള സ്‌ഥാനം ഏറെയാണ്. ആദ്യകാലത്ത് ഇസ്ലാമിക വിദ്യാഭ്യാസം ഏറെക്കുറെ ഓത്തുപളളികളിലൂടെയാണ് നിർവ്വഹിക്കപ്പെട്ടിരുന്നത്. അറബി പഠനവും മതബോധനവുമാണ് ഓത്തുപളളികളിൽ നടത്തിയിരുന്നത്.
‘അഞ്ചു വയസ്സൊക്കെ ആവുമ്പൊളെക്ക് ആദ്യം ഓത്തുപളളീല് പഠിക്കാനയക്കും. അലിഫ് പഠിപ്പിക്കും ആദ്യം. അലിഫ്, ബാഹ്, താഹ് ന്നങ്ങട് പഠിപ്പിക്കും. പലകയുമ്മെ എഴുതിത്തരും. ചേടികൊണ്ട് തേച്ച് വെളളനിറം വരുത്തി, അതുമ്മെ മഷികൊണ്ടെഴുതും. മഷിയുണ്ടാക്കുന്നത് പ്രത്യേകതരത്തിലാണ്. കടുക്ക, ഒരു ജാതി കല്‌മം, വേറെ ചില കൂട്ടങ്ങള് ഒക്കെക്കൂടി ചേർത്തിറ്റാണ് മഷിയുണ്ടാക്കുന്നത്. അതുകൊണ്ടെഴുതീട്ടാണ് പഠിപ്പിക്ക. എഴുതീനു ശേഷം മായ്‌ക്കും. വെളളത്തില് കൊണ്ട് മായ്‌ച്ചിറ്റ് അത് കലക്കി കുടിക്കും (അത് ദേഹത്തിനു നല്ലതാണെന്നു വിശ്വാസം). അല്ലെങ്കിൽ ഒഴുകുന്ന വെളളത്തിൽ ഒഴുക്കി കളയും (കെട്ടി നിൽക്കുന്ന വെളളത്തിൽ കഴുകാൻ പാടില്ല).
ഒന്നാം ജ്യൂസ് വരെ അങ്ങനെ പഠിച്ചിറ്റ് പിന്നെ മുസാഹിർ (മുസാഹഫ്) (ഖുറാൻ) വായിക്കാനാക്കും. ഇന്നത്തെ ബുക്കുകളൊന്നും അന്നെറങ്ങീറ്റില്ല. അന്നൊരു മുസാഹിറ് വാങ്ങിയാൽ ഒരു കൊല്ലം, രണ്ടുകൊല്ലമൊക്കെ ഞങ്ങള് കേടുവരുത്താതെ കൊണ്ടു നടക്കും. വേറെ യാതൊന്നും ഓതില്ല.
അലീഫ്, ആലീഫ്, വാലീഫ്, താലീഫ് എന്ന്‌ങ്ങനെ ഓരോന്നായിറ്റ് പഠിപ്പിക്കും.
പിന്നെയാണ് മദ്രസ്സയുണ്ടായത്. അന്നൊക്കെ എയ്‌ത്ത് തിരിഞ്ഞാൽ ബുക്കിലുളളതൊക്കെ സ്വകാര്യത്തില് നിസ്‌കാരക്കണക്ക് വാങ്ങീട്ട് പഠിക്കാ. തറയില് ഇരുന്നിട്ട് സ്വന്തം പഠിക്കാണ്.
പെണ്ണുങ്ങളും ഓത്തു പളളീല് പോയിറ്റ് പഠിക്കാറുണ്ട്. ഓത്തു പളളീല് കൊറേക്കാലം പഠിക്കണം. അതൊക്കെ ഓരോരുത്തരുടേയും മനയുക്തി പോലേണ്. ചെലത് ഒരു ആറുകൊല്ലം ഏഴുകൊല്ലം പഠിക്കണം. ചെലത് അവിടുന്നും വിട്ട് പഠിക്കണ്ടിവരും. വേഗം മനസ്സിലാവുന്നവർക്കു കുറച്ചു കാലം മതി. അല്ലെങ്കിൽ ചെലപ്പോ പത്തു കൊല്ലമൊക്കെ ഓരോരുത്തർക്കും തിരിയുന്നപോലെ പഠിക്കണം.
Generated from archived content: nadan_may16.html Author: nattariv-patana-kendram