‘മൂർച്ച’ക്ക്‌മുമ്പ് (കൊയ്‌ത്ത്) കാവുകളിൽ കതിര് വെക്കുക എന്നൊരു ചടങ്ങുണ്ട്. ചെറുകുന്ന് ഭഗവതി ക്ഷേത്രത്തിൽ കതിരുവെക്കുംതറ എന്നൊരു തറയുണ്ട്. നാട്ടിലെ വിളവെടുപ്പിനു മുമ്പായി പ്രത്യേക കണ്ടത്തിൽ കൃഷി ചെയ്‌തിട്ടുളള നെല്ല് ചില ചടങ്ങുകളോടെ കൊയ്‌ത് ആദ്യം നിറക്കുന്നത് ഭഗവതിക്കാണ്. തെക്കൻപൊളള അഥവാ കോലത്തുപൊളള എന്നറിയപ്പെടുന്ന പുലയസമുദായത്തിലെ മുഖ്യ പൂജാരിയാണ് കതിർവയ്‌പിന് നേതൃത്വം കൊടുക്കുന്നത്. കർക്കടകത്തിലെ കറുത്തവാവ് കഴിഞ്ഞുളള ദിവസമാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ആദ്യമായി മാടായിക്കാവിലെ പ്‌ടാരൻ (പൂജാരി) തെക്കൻ പൊളളയുടെ ഇല്ലത്ത് വന്ന് മുഹൂർത്തം അറിയിക്കുന്നു. ചെറക്കൽ തമ്പുരാന്റെ സാന്നിദ്ധ്യത്തിലാണ് മുഹൂർത്തം കുറിക്കുന്നത്.
മുഹൂർത്തം നിശ്ചയിച്ചു കഴിഞ്ഞാൽ കതിരെടുക്കാൻ പറകൊട്ടിന്റെ അകമ്പടിയോടെ പുലയമുഖ്യൻ ‘ആണ്ടക്കണ്ട’ത്തിലേക്ക് പോകുന്നു. ഇളനിര്, പാന്തം (വഴുക) കൊണ്ടുണ്ടാക്കിയ കയർ, കാഞ്ഞിരപ്പുല്പം (പൊലിപ്പം) കൊയ്‌ത്തരിവാൾ എന്നിവയുമായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ആണ്ടക്കണ്ടത്തിലെത്തുന്നത്. അവിടെയുളള ഏഴു ഭഗവതിമാരെ വണങ്ങി കതിരരിയുന്നു. കാഞ്ഞിരപ്പുല്പം (ഇല) കൂട്ടിപ്പിടിച്ചാണ് കതിരരിയുന്നത്. കതിരിൽ കൈകൊണ്ട് തൊടാൻ പാടില്ല. കതിരുവയ്‌ക്കുന്നതിനാവശ്യമായ നെല്ല് തൊണ്ണൂറാൻ ഇനത്തിൽ പെട്ട വടക്കൻ വിത്താണ്. കതിരരിയും മുമ്പും വക്കുമ്പോഴും മാടായിക്കാവിലെത്തി പ്രദക്ഷിണം വക്കുമ്പോഴും പറകൊട്ടി നാടറിയിച്ചുകൊണ്ടിരിയ്‌ക്കും. മാടായിക്കാവിലെത്തി തീർത്ഥം തളിച്ച് ആദ്യം ‘അമ്പലം നിറ’ കഴിയ്‌ക്കുന്നു. അതിനായി നാല്പതുതരം ഇലകൾ (നിറോലം) വേണം. ഈ ഇലകൾ നിറയാളിയാണ് കൊണ്ടുവന്ന് ‘പൊളള’യെ ഏല്പിക്കേണ്ടത്. നിറയാളി കാവിലെ പൂജാരിയായ പ്‌ടാര സമുദായക്കാരനാണ്. കതിരുപൂജ കഴിഞ്ഞാൽ അമ്പലമുറ്റത്തെ അരയാൽത്തറയിൽ നിരത്തിവച്ചിട്ടുളള ‘നിറോല’ങ്ങളിൽ കതിരുകൾ പകുത്തുവക്കുന്നു. ഈ കതിരുകളാണ് ‘ഇല്ലംനിറ’ക്ക് ഉപയോഗിയ്‌ക്കുന്നത്. കൃഷിക്കാർ ഭക്തിപുരസ്സരം ഈ കതിരുകൾ ഇല്ലങ്ങളിൽ കൊണ്ടുപോകുന്നു. പടിഞ്ഞാറ്റയിലും കോലായിലും തൊഴുത്തിലും കിണറിലും തെങ്ങിലും നിറക്കണം.
പരമശിവന്റെ ചണ്‌ഡാലവേഷത്തിൽ പിറന്ന പുലയർക്കുമാത്രം അറിയാവുന്നതാണ് ചെത്തിയടിയ്‌ക്കലും വാരലും തൂറ്റലും. അടിയ്‌ക്കുന്നവൾ അടിയാത്തി. പാർവ്വതീദേവിയുടെ പ്രതീകമാണവൾ. ‘അന്നം ചെറുകിളി’ എന്ന് അടിയാത്തിയ്‌ക്ക് പേരുണ്ട്. അന്നം -നെല്ല്- കൊണ്ടു കൊടുക്കുന്ന ചെറുകിളി. കാഞ്ഞൻ പൂശാരിയുടെ അഭിപ്രായപ്രകാരം ആദ്യത്തെ നെൽവിത്ത് ആര്യൻവിത്താണ്. വെങ്കിടേശ്വരസന്നിധിയിൽ വച്ച് മുപ്പത്തിമുക്കോടി ദേവതകളും അവിടെ കൂടിയ അസംഖ്യം ജനങ്ങളും ചേർന്ന് കന്യാകുമാരി മുതൽ ഗോകർണ്ണം വരെയുളള മലയാളനാട്ടിൽ പരത്തണം എന്നു തീരുമാനിച്ചു. ചെറുവൻ വാാളുമ്പം -വിതക്കുമ്പം- ആര്യൻവിത്ത് വാളണം. ആര്യൻവിത്ത് ആര്യത്തുനാട്ടിൽനിന്നും വന്നതാണ്. ആര്യനാട് കന്യാകുമാരിക്കടുത്താണ് എന്ന് കാഞ്ഞൻപൂശാരി വിശ്വസിക്കുന്നു.
Generated from archived content: kunjanpoosari.html Author: nattariv-patana-kendram