ജനിതക സാദൃശ്യവും ആകൃതിസാദൃശ്യവും

1. ചെറിയ അരയൻ, വലിയ അരയൻ-കാണിക്കാർ. 2. ഉണ്ടോരില, വട്ടോരില, ചോപ്പൻ ഓരില-മലയർ (എല്ലാം ഡെസ്‌മോഡിയം സ്‌പീഷീസുകൾ).

ആകൃതി സാദൃശ്യം മാത്രം

1. പെരിയാർ നങ്ക, ചെറിയാർ നങ്ക- വ്യത്യസ്ത കുടൂംബങ്ങൾ) 2. വെട്ടി, കരിവെട്ടി, മരോട്ടി, കുറലോട്ടി (വ്യത്യസ്ത കുടുംബങ്ങൾ).

പതിനാല്‌ഃ ദ്രവ്യങ്ങളുടെ ബാഹ്യഘടനയെ മുൻനിർത്തി ഔഷധഗുണം മനസ്സിലാക്കുന്ന ആകൃതി പ്രഭാവസിദ്ധാന്തത്തിന്‌ ആദിവാസി വൈദ്യത്തിൽ ഏറെ പ്രാധാന്യമുണ്ട്‌.

വിഷചികിത്സയ്‌ക്കുപയോഗിക്കുന്ന ഔഷധങ്ങളിലാണ്‌ ഈയൊരു സിദ്ധാന്തത്തിന്‌ പ്രാമുഖ്യമുളളത്‌. അണലി വിഷത്തിന്‌ ചോലനായ്‌ക്കൻമാർ ഉപയോഗിക്കുന്ന ഔഷധമാണ്‌ കാട്ടുചേന. കാട്ടുചേനയുടെ തണ്ടും ചേനത്തണ്ടൻ പാമ്പും തമ്മിൽ സാദൃശ്യമുണ്ടല്ലോ. കാണിക്കാരുപയോഗിക്കുന്ന കീരിക്കിഴങ്ങും ഒരുതരം കാട്ടുചേന തന്നെ. ചേനയുടെ പൂവും പാമ്പിന്റെ പത്തിയും തമ്മിലും സാമ്യമുണ്ട്‌. ഉളളിയും അമിക്കിരൻ കിഴങ്ങും അരച്ച്‌ കഴിക്കുകയാണ്‌ ചിലന്തിവിഷം മൂലം ദേഹത്തു തിണർത്തു പൊന്തുന്നതിന്‌ അട്ടപ്പാടിയിലെ മുഡുഗർ ചെയ്യുന്നത്‌. കാണിക്കാർ ചിലന്തിക്കിഴങ്ങ്‌ അരച്ചു കഴിക്കുന്നു. അമിക്കിരനും ചിലന്തിക്കിഴങ്ങിനും എട്ടുകാലിയുമായി സാദൃശ്യമുണ്ട്‌.

പതിനഞ്ച്‌ഃ വിഷചികിത്സഃ കാടാണ്‌ ഗോത്രവർഗജനതയുടെ കർമ്മഭൂമി. ആഹാരത്തിനും ഉപജീവനത്തിനും വേണ്ടി കാടിനെ ആശ്രയിക്കുന്ന ഇവർക്ക്‌ പലപ്പോഴും ഇഴജന്തുക്കളിൽനിന്നുളള ഉപദ്രവം ഏൽക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ഇക്കൂട്ടർക്കിടയിൽ ഏറ്റവും പ്രാബല്യത്തിലുളളത്‌ വിഷചികിത്സയാണ്‌. ഈശ്വരമൂലിയുടെ അടുത്ത ബന്ധുവായ ഒരു കുറ്റിച്ചെടിയാണ്‌ ഏറ്റവുമേറെ ആദിവാസി സമുദായങ്ങൾ വിഷചികിത്സക്കായി ഉപയോഗിക്കുന്നത്‌. പ്രയോഗത്തിൽ ഏകതാനത പുലർത്തുന്നുവെങ്കിലും വ്യത്യസ്ത നാമങ്ങളിലാണ്‌ വിഭിന്ന വർഗങ്ങൾക്കിടയിൽ ഈ സസ്യങ്ങൾ അറിയപ്പെടുന്നത്‌. കോടാശാരി(ചെറവർ), കാട്ടുകർപ്പൂരം (വയനാട്‌), കുറുകോന്തി, കൂറ്റൽ വയന (കാണിക്കർ), പാമ്പോലി (മുഡുഗർ), വിഷപളളി (അട്ടപ്പാടി), അല്‌പം (മലയർ-പീച്ചി) എന്നിങ്ങനെയാണിവയുടെ പേരുകൾ. അണലി വിഷത്തിനും വയനാട്ടിൽ ഉപയോഗിച്ചു വരുന്നത്‌ കൈപ്പനരഞ്ചി എന്ന ചെടിയാണ്‌.

അണലിവേഗവും പടം ചുരുക്കിയും അരച്ച്‌ പാലിൽ കഴിക്കുകയും നെറുകയിലിടുകയും ചെയ്യുന്നത്‌ പാമ്പുവിഷത്തിന്‌ കൈകണ്ട പ്രതിവിധിയാണെന്ന്‌ പീച്ചിയിലെ മലയർ പറയുന്നു. അണിവേഗത്തിന്റെ കീഴെ വന്നുപെടുന്ന പാമ്പുകൾകൂടി ചത്തുപോകുമെന്നു പറയപ്പെടുന്നു. ‘പടംചുരുക്കി’ മണപ്പിച്ചാൽ മതി പാമ്പു പമ്പകടക്കുമത്രേ. കാണിക്കാരുടെ മൃതസഞ്ജീവനിയാണ്‌ പാലകൻ. മലപ്പുറം ജില്ലയിലെ കൽക്കുളം പ്രദേശങ്ങളിലെ ചോലനായ്‌ക്കൻമാർ ഉപയോഗിക്കുന്ന ‘പഴുതാരക്കാലി’യും പാമ്പുവിഷത്തിനുളള പ്രതിവിധിയത്രെ.

പതിനാറ്‌ഃ ഔഷധശേഖരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾഃ ഔഷധ സസ്യങ്ങളുടെ ശേഖരണവുമായി ബന്ധപ്പെട്ട്‌ ഒട്ടനവധി വിശ്വാസങ്ങളും വിലക്കുകളും നിലവിലുണ്ട്‌. വിഷചികിത്സയ്‌ക്കുപയോഗിക്കുന്ന സസ്യങ്ങളിലാണ്‌ ഈ അമ്മായി ശാസ്‌ത്രങ്ങൾ കൂടുതൽ പാലിക്കപ്പെടുന്നത്‌.

‘അല്‌പം’ ശേഖരിക്കുമ്പോൾ ഒറ്റയ്‌ക്കു നില്‌ക്കുന്ന ചെടിയുടെ വേരു മാത്രമേ എടുക്കാവൂ എന്നാണ്‌ മലയരുടെ വിശ്വാസം. നീരൊച്ച കേൾക്കാത്തയിടത്തുനിന്നും ഈ മരുന്നെടുക്കണമെന്നാണ്‌ ചെറവൻമാരുടെ മതം. ഇരുമ്പുതൊടീക്കാതെ പറിച്ചെടുക്കണമെന്നു രണ്ടു കൂട്ടർക്കും നിർബന്ധമുണ്ട്‌. ഏഴു ദിവസം സ്‌ത്രീ സംഗമില്ലാതെ വ്രതം പാലിച്ച്‌ നൂൽബന്ധമില്ലാതെ ചെന്ന്‌ കല്ലുകൊണ്ടു ചതച്ചെടുക്കേണ്ട അപൂർവ്വ മരുന്നത്രേ മലയരുടെ അണലിവേഗം. പാലകൻ ശേഖരിക്കാൻ കാണിക്കാരും വ്രതം എടുക്കുന്നു. മുളയരി എടുക്കുമ്പോൾ സംസാരിച്ചാൽ കടുവ വരുമെന്ന വിശ്വാസം കാണിക്കാർക്കുണ്ട്‌. തേനീച്ച കുത്തിയാൽ അരച്ചിടാൻ കടമാന്തോര പറിക്കുമ്പോഴും മുണ്ടിവീക്കത്തിനരച്ചിടാൻ തൊട്ടാവാടിയുടെ ഇല പറിക്കുമ്പോഴും തൊട്ടുരിയാടരുതെന്നാണ്‌ കാണിക്കാരുടെ വിശ്വാസം. കാണിക്കാർ പാമ്പുവിഷത്തിനുപയോഗിക്കുന്ന ചെറിയാർനങ്കയും പെരിയാർ നങ്കയും പറിക്കുന്നത്‌ ഗ്രഹണസമയത്ത്‌ ഏഴു പ്രദക്ഷിണം ചെയ്തശേഷമാണ്‌.

പതിനേഴ്‌ഃ പറക്കുന്ന മരുന്ന്‌, ഒഴുക്കിനെതിരെ നീങ്ങുന്ന മരുന്ന്‌, സ്വയം പ്രകാശിക്കുന്നവ, ഇരുമ്പു വെളളമാക്കുന്നവ, വെളളവും പാലും കട്ടിയാക്കുന്നവ-ഇത്തരം മരുന്നുകളൊക്കെ ആദിവാസികളുടെ പക്കലുണ്ടെന്നാണ്‌ വിശ്വാസം. പാമ്പിനെയും ആനയേയും വരച്ചവരയിൽ നിർത്താൻ കഴിവുളള മരുന്നുമുണ്ടത്രേ. ഇത്തരം കഥകൾ കൂടുതലും അതിശയോക്തികളാണ്‌. അല്‌പം സത്യമില്ലാതെയുമില്ല. ‘ഇരുമ്പുരുക്കി’യെന്ന മരുന്നിനെക്കുറിച്ച്‌ കാണിക്കാരുടെ കഥകളിൽ പരാമർശമുണ്ട്‌. വെളളം കട്ടിയാക്കുന്ന‘കട്ടുകൊടി’ എന്ന ചെടി അഗസ്ത​‍്യകൂടത്തിന്റെ താഴ്‌വാരങ്ങളിൽ ഉളളതുതന്നെ. നീലമ്പാലയുടെ പാലുമായി ചേർത്തു കടഞ്ഞാൽ പാലും വെളളവും വെവ്വേറെയാക്കാമെന്നാണ്‌ അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്നത്‌. സ്വയം പ്രകാശനശേഷിയുളള ചില ‘ഫംഗസുകൾ’ പറ്റിപ്പിടിച്ചുവളരുന്ന ചെടികളാകാം ആദിവാസികളുടെ അതൈല പൂരിത ഔഷധങ്ങൾ.

പതിനെട്ട്‌ഃ ചില തനത്‌ ആദിവാസിമരുന്നുകൾ സഹ്യപർവ്വതത്തിലെ സ്ഥാനികങ്ങൾ (എൻഡമിക്‌) ആണ്‌. അതുകൊണ്ടുതന്നെ വംശനാശഭീഷണി നേരിടുന്നവയും. കാണിക്കാർ കുടൽപുണ്ണിന്‌ ഔഷധമാക്കുന്ന അമൃതപാല, വിശപ്പും ദാഹവുമറിയാതിരിക്കാൻ ആഹരിക്കുന്ന ആരോഗ്യപ്പച്ച, കാട്ടുനായ്‌ക്കരുടെ പഴുതാരക്കാലി തുടങ്ങിയ ഉദാഹരണങ്ങൾ.

ഗൃഹോപകരണങ്ങളും വാദ്യോപകരണങ്ങളും

ആദിവാസികൾ ഉറിതൊട്ട്‌ ഉപ്പുകലംവരെയുണ്ടാക്കുന്നത്‌ പരിസരങ്ങളിൽ ലഭ്യമായ വസ്‌തുക്കൾക്കൊണ്ടാണ്‌. മുളങ്കുറ്റികളും ചുരയ്‌ക്കാത്തൊണ്ടുമാണ്‌ അവരുടെ പ്രധാന സംഭരണപാത്രങ്ങൾ. ഈറ്റകൊണ്ടോ ചൂരലുകൊണ്ടോ നിർമ്മിച്ച ‘പൂനിക്കൊട്ട’യിലാണ്‌ ചോലനായ്‌ക്കൻമാർ വന വിഭവങ്ങൾ ശേഖരിക്കുന്നത്‌. പീച്ചിയിലെ മലയർ ചാക്കുകൾ തന്നെ ഉപയോഗിച്ചുവരുന്നു. മുളങ്കുറ്റികളിലാണ്‌ പല ആദിവാസികളും തേൻ സംഭരിച്ചുവെക്കുന്നത്‌. ഉപ്പും മുളകും ഇട്ടുവെയ്‌ക്കാൻ ചുരയ്‌ക്കാത്തൊണ്ടും ഉപയോഗിക്കുന്നു. മലയരുടെ ‘വറ്റിക്കുടുക്ക’ മത്തന്റെ തോടാണ്‌. മലയർ കാട്ടുതെങ്ങുകൊണ്ട്‌ ചൂലുണ്ടാക്കാറുണ്ട്‌. കുറുന്തോട്ടികൊണ്ടുളള ചൂല്‌ ഉപയോഗിക്കാത്ത ആദിവാസി വർഗങ്ങൾ കുറവാണ്‌. ഈറ്റച്ചീളുകൊണ്ടുളള ‘അറക്കത്തി’ ഉപയോഗിച്ച്‌ ക്ഷൗര്യം ചെയ്യുന്നവരാണ്‌ ചോലനായ്‌ക്കൻമാർ. വേഴ്‌ മരത്തടികൊണ്ടാണ്‌ അട്ടപ്പാടിയിൽ ഉരൽ ഉണ്ടാക്കിവരുന്നത്‌. മുള ചതച്ച്‌ കട്ടിലും ഇരിപ്പിടങ്ങളും ഉണ്ടാക്കുന്നതിലും ആദിവാസി വർഗങ്ങൾക്ക്‌ വൈദഗ്‌ധ്യമുണ്ട്‌.

ചർമ്മവാദ്യങ്ങളാണ്‌ ഗോത്രവർഗ കലാരൂപങ്ങളിൽ ഏറ്റവുമേറെ ഉപയോഗപ്പെടുത്തുന്നത്‌. ഓടക്കുഴൽപോലുളള സുഷിരവാദ്യങ്ങളും ഉപയോഗിക്കുന്നുണ്ട്‌. തന്ത്രിവാദ്യങ്ങൾ ഗിരിവർഗങ്ങൾക്കിടയിൽ വിരളമാണ്‌. എന്നാൽ ഉലട്ടിപ്പനയുടെ നാര്‌ തന്ത്രിയായുപയോഗിക്കുന്ന പുളളവവീണ തന്ത്രി ചർമ്മവാദ്യങ്ങളുടെ ഒരു സംയോജനം തന്നെ. ഗുഞ്ചിക്കൊട്ടൈ (കല്ലുവാഴക്കുരു) ഉളളിൽ നിറച്ച സൊരെബുരുടെ (മൂത്തചുരയ്‌ക്ക)യുടെ വായ്‌ മെഴുകുവെച്ചടച്ച്‌ അതു കുലുക്കിയാണ്‌ തേൻ കുറുമർ ‘ദൈവം കാണൽ’ നടത്തുന്നത്‌. വയനാട്ടിലെ ആദിവാസികൾ ഉപയോഗിക്കുന്ന ‘തമ്പറ്‌’ എന്ന വാദ്യോപകരണം ഒരു മുളങ്കുറ്റി തന്നെ. ഉത്തരകേരളത്തിലെ തെയ്യം കലാകാരൻമാരായ മലയരും വണ്ണാൻമാരും ചെണ്ടക്കോലുണ്ടാക്കാൻ ചേരിക്കൊട്ടയുടെ കമ്പാണ്‌ ഉപയോഗിച്ചുവരുന്നത്‌.

തീയുണ്ടാക്കൽ

ഇന്ന്‌ തീപ്പെട്ടി വ്യാപകമായി ഉപയോഗിക്കുന്നുവെങ്കിലും ആദിവാസികൾക്ക്‌ തീയുണ്ടാക്കാൻ സ്വന്തമായ രീതികളുണ്ട്‌. ഉന്നമരവും (ചടച്ചി) ഒരുതരം കാട്ടുചെത്തിയും ഉപയോഗിച്ചാണ്‌ മലമ്പണ്ടാരങ്ങൾ തീയുണ്ടാക്കിയിരുന്നത്‌. നാരദമഹർഷിയാണ്‌ തങ്ങളെ തീയുണ്ടാക്കാൻ പഠിപ്പിച്ചതെന്നാണ്‌ അവരുടെ വിശ്വാസം. ബേഗൂരിലെ കാട്ടുനായ്‌ക്കൻമാർ മുളങ്കീറുകൾ ഉരച്ച്‌ തീയുണ്ടാക്കിയിരുന്നു. കല്ലും ലോഹവും തമ്മിൽ ചേർത്തുരച്ച്‌ തീയുണ്ടാക്കുന്ന പ്രാകൃതരീതി () ആണ്‌ മിക്ക ഗിരിവർഗങ്ങളും അടുത്തകാലം വരെ തുടർന്നു വന്നിരുന്നത്‌. ‘ചക്കിമുക്കി’യെന്ന അരണി കടഞ്ഞാണ്‌ കാണിക്കാർ തീയുണ്ടാക്കിയിരുന്നത്‌. വെളളാരം പാറക്കല്ല്‌ മുളംകുറ്റിയുടെ വാവട്ടത്തോട്‌ ചേർത്തുപിടിച്ച്‌ ഉരുക്കുകഷണം കൊണ്ടുരസുമ്പോൾ ഉണ്ടാകുന്ന തീപ്പൊരി മുളംകുറ്റിയിൽ നിറച്ചു വെച്ചിരിക്കുന്ന ഉലട്ടിപ്പൂപ്പിലേക്കു പകർന്നാണ്‌ കാണിക്കാർ തീയുണ്ടാക്കുന്നത്‌.

കൈത്തൊഴിലിനുളള അസംസ്‌കൃതവസ്‌തുകൾ

കുട്ടമെടച്ചിൽ ഉപജീവനമാർഗമാക്കിയ ഒട്ടനവധി ഗോത്രവർഗങ്ങളുണ്ട്‌. മുള, ഈറ്റ, ചൂരൽ എന്നിവയാണ്‌ ഇതിനുളള പ്രധാന അസംസ്‌കൃതവസ്‌തു. പുല്ലാഞ്ഞിവളളി കീറിയെടുത്ത്‌ കാസർഗോഡുജില്ലയിലെ കൊറഗർ കൂടകൾ നെയ്യാറുണ്ട്‌. ‘മോതിരവളളി’ കൊണ്ടും ഇവർ കൂട നെയ്യാറുണ്ട്‌. മൂപ്പെത്തിയ പാൽവളളി കൊണ്ട്‌ ചെറിയതരം കൂടകളുണ്ടാക്കാറുണ്ട്‌ കാസർഗോട്ടെത്തന്നെ ചെറവൻമാർ. കണ്ടൽ ചതുപ്പുകളിൽ ചെമ്മീൻ തപ്പിപ്പിടിക്കുന്ന പുലയസ്‌ത്രീകൾ ‘കുരിയ’ എന്ന ഒരുതരം ചെറിയ കൂട കടിച്ചു പിടിക്കാറുണ്ട്‌. ചതുപ്പിൽ വളരുന്ന ‘പോട്ടപ്പുല്ല്‌’ ചതച്ചാണ്‌ ഇതുണ്ടാക്കുന്നത്‌. കണ്ണാമ്പൊട്ടി എന്ന ഒരിനം അമ്പും വില്ലുമാണ്‌ നായാട്ടിനുളള പ്രധാന ഉപകരണം. മുളയോ, കാനക്കവുങ്ങെന്ന കാട്ടുകവുങ്ങോ നാരയുടെ ഒറ്റക്കൊമ്പോ വില്ലുണ്ടാക്കാൻ ഉപയോഗിക്കും. കോളിവർഗത്തിൽപെട്ട ആലുകളുടെ ഊന്നുവേരിലെ തൊലി ചതച്ചാണ്‌ വിൽച്ചരടുണ്ടാക്കുന്നത്‌. മുളയോ കാട്ടുകവുങ്ങോ ആണ്‌ അമ്പിനുപയോഗിക്കുന്നത്‌. മന്നാൻ, ചെറവർ, കാണിക്കാർ തുടങ്ങിയവർ മുളകൊണ്ടുളള തെറ്റാലി (ചൂണ്ടുവില്ല്‌)യിൽ കല്ലെയ്‌ത്‌ ചെറുമൃഗങ്ങളെ വീഴ്‌ത്തുന്നവരാണ്‌. ഈറ്റകൊണ്ടുണ്ടാക്കുന്ന ഊത്താൻ കുഴലുപയോഗിച്ച്‌ പക്ഷിയെ പിടിക്കുന്നവരാണ്‌ മുതുവാൻമാരും, വിഷവൻമാരും. കുറിച്യരുടെ ചൂണ്ടൽപ്പിടിയും കുളതന്നെ. കാണിക്കാർ വിത്തിടാനുപയോഗിക്കുന്നത്‌ വാഴപ്പുന്നയുടെ തടികൊണ്ടുണ്ടാക്കുന്ന ‘തോട്ടക്കമ്പു’കൊണ്ടാണ്‌.

മത്സ്യവിഷം

നഞ്ച്‌ കലക്കി മീൻപിടിക്കുന്നവരാണ്‌ മിക്ക ആദിവാസി വർഗങ്ങളും. നീർവാളക്കുരു, മരോട്ടിക്കുരു, കാട്ടുനാരകം (മലങ്കാര), ഇഞ്ച, കക്കുവളളിത്തൊലി, കല്ലുകൊയെച്ച, മേടൻ തുടങ്ങി നിരവധി മത്സ്യവിഷങ്ങൾ ആദിവാസികൾ ഉപയോഗിച്ചുവരുന്നുണ്ട്‌. ഒരു വിഷച്ചെടിയേ അല്ലാത്ത മുത്തിളും ‘മുത്തളിന്റെ അളിയനും’യും ആണ്‌ ചെറവരുടെ ‘മത്സ്യവിഷം’. ഇവ അരച്ചുകലക്കിയാൽ മത്സ്യങ്ങൾ കണ്ണുകാണാൻ വയ്യാതെ പൊങ്ങിക്കിടക്കുമത്രേ.

വനവിഭവ ശേഖരണം

കൃഷി, നായാട്ട്‌, വനവിഭവങ്ങളുടെ ശേഖരണം-ഇവയാണ്‌ പൊതുവെ ആദിവാസികളുടെ പരമ്പരാഗത തൊഴിലുകൾ. കൃഷിയും നായാട്ടും ഭക്ഷണം നേടുക എന്ന ജൈവികാവശ്യത്തെ തൃപ്തിപ്പെടുത്തുന്നുവെങ്കിൽ വനവിഭവശേഖരണം അവന്റെ ഭൗതികാവശ്യങ്ങളുടെ നിവൃത്തിയ്‌ക്കാണ്‌. കേരളത്തിലെ നിക്ഷിപ്ത വനങ്ങളിൽനിന്നും റിസർവ്‌ വനങ്ങളിൽനിന്നും 120 ഓളം വനവിഭവങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ധാതുക്കൾ, സസ്യജന്യ ഔഷധങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ പീച്ചിക്കാട്ടിൽനിന്നു മാത്രം നൂറിലേറെ സസ്യോല്‌പന്നങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ്‌ കേരള വനഗവേഷണ കേന്ദ്രത്തിലെ ഒരു പഠനം വ്യക്തമാക്കുന്നത്‌. ലഘുവനവിഭവങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റായ തൃശൂരിൽ 150ലേറെ പച്ചമരുന്നുകൾ എത്തിച്ചേരുന്നുണ്ട്‌. ഇവിയിൽ ഭൂരിഭാഗവും പീച്ചിക്കാടുകളിൽനിന്നും ആദിവാസികൾ ശേഖരിക്കുന്നതത്രേ.

പച്ച, പരുത (പീച്ചിയിലെ മലയർ) ചോല, പതി (ചോലനായ്‌ക്കർ) എന്നിങ്ങനെ ഹരിതവനത്തെയും ഇലകൊഴിയും വനത്തെയും ആദിവാസികൾ വേർതിരിച്ചു മനസ്സിലാക്കുന്നു. ഓരോ വനവിഭവവും വിളയുന്നത്‌ ഏതിനം വനത്തിലാണെന്ന്‌ ആദിവാസികൾക്ക്‌ നന്നായറിയാം. വിഭവശേഖരണത്തിനോരോന്നിനും കാലമുണ്ട്‌. വേനലറുതിയിലും മഴക്കാലത്തുമാണ്‌ ഔഷധസസ്യങ്ങൾ ശേഖരിക്കുന്നത്‌. മിക്ക ഔഷധങ്ങളുടേയും വേരാണ്‌ പ്രധാനം. മഴക്കാലത്ത്‌ വേര്‌ പറിച്ചെടുക്കുവാൻ അധ്വാനഭാരം കുറവുമാണ്‌. അമൽപ്പൊരു, അടപതിയൻ, കസ്‌തൂരിമഞ്ഞൽ, കോലിഞ്ചി, നറുനീണ്ടി, ശതാവരി, പാട, പാൽമുതുക്ക്‌, തുടങ്ങിയ കിഴങ്ങുകളും ഓരില, മൂവില, കാട്ടുതിപ്പലി, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, മധുരക്കുറിഞ്ഞി, തഴുതാമ തുടങ്ങിയവയുടെ വേരുകളും പാച്ചോറ്റി, ഇഞ്ച തുടങ്ങിയവയുടെ തൊലിയും നെല്ലിക്ക, താന്നിക്ക, കടുക്ക, തുടങ്ങിയ കായ്‌കളും കഴഞ്ചിക്കുരു, കാഞ്ഞിരക്കുരു, പരണ്ടക്കുരു, മുളളിലക്കുരു തുടങ്ങിയ വിത്തുകളും പുന്ന, നാഗമരം, വയണ തുടങ്ങിയവയുടെ പൂവുകളും പത്തിരിപ്പൂവും (കാട്ടു ജാതി പത്രി അഥവാ പശു പാശി) ആദിവാസികൾ ശേഖരിക്കുന്ന ഔഷധസസ്യങ്ങളിൽ ചിലതാണ്‌.

എണ്ണയ്‌ക്കായി വറ്റോടൽ, പാലി, നാങ്ക്‌, പൂവം, മരോട്ടി എന്നിവയുടെ വിത്തുകളും ശേഖരിക്കുന്നു. തെളളിയിൽനിന്നും വെളളപ്പെനിൽനിന്നും ശേഖരിക്കുന്ന കുന്തിരിക്കമാണ്‌ മറ്റൊരു പ്രധാന വനവിഭവം. കാടിന്റെ ക്ഷയവും ഔഷധക്കമ്പനികൾക്ക്‌ അസംസ്‌കൃതവസ്‌തുക്കളെത്തിക്കാനായുളള അമിതശേഖരണവും മൂലം ഈ വിഭവങ്ങളുടെയൊന്നും ലഭ്യത സുസ്ഥിരമാകുമെന്നുറപ്പില്ല. ഡിസംബർ മുതൽ മാർച്ച്‌ വരെയുളള കാലം ചീനിയ്‌ക്കാ ശേഖരണത്തിന്റേതാണ്‌. മുതുക്കിൻ കിഴങ്ങ്‌ ശേഖരിക്കുന്നതും ഇക്കാലത്തുതന്നെ. ശുഷ്‌ക്കവനങ്ങളിൽ വളരുന്ന ഈ രണ്ടു സസ്യങ്ങളുമാണ്‌ പീച്ചിയിലെ മലയരുടെ പ്രധാന വരുമാന സ്രോതസ്സുകൾ. 94 ഡിസംബർ മുതൽ 95 ഫെബ്രുവരി വരെ പീച്ചി സെറ്റിൽമെന്റിലെ 20 കുടുംബങ്ങളിലെ 40പേർ ചേർന്ന്‌ 388 ശേഖരണ യാത്രകളിലായി 4665 കി.ഗ്രാം ചീനിക്കായയും ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെ 332 ശേഖരണ യാത്രകളിലൂടെ 10,008 കി.ഗ്രാം മുതുക്കിൻ കിഴങ്ങും ശേഖരിച്ചിട്ടുണ്ട്‌. ഷാംപൂ വ്യവസായികളാണ്‌ ചീനിക്കായുടെ ആവശ്യക്കാർ. മുതുക്ക്‌ കാലിത്തീറ്റ നിർമ്മാണത്തിനാണുപയോഗിക്കുന്നത്‌. അമിതമായ ശേഖരണംമൂലം ഈ രണ്ടു വിഭവങ്ങളും വംശനാശത്തിന്റെ വക്കിലാണ്‌. ചീനിക്കായ പെട്ടെന്ന്‌ ഉണങ്ങിക്കിട്ടാൻ വളളിതന്നെ മുറിക്കുകയും ശേഖരണത്തിന്റെ എളുപ്പത്തിനായി താഴെ തീയിടുകയും ചെയ്യാറുണ്ട്‌. വിഭവശേഖരണം നടത്തുന്ന മറ്റു സമുദായങ്ങളാണ്‌ ഈ രീതി പിൻതുടരുന്നത്‌. ചീനിക്കായുടെ കാലം തീരുന്നതോടെ തേൻകാലം തുടങ്ങുന്നു. മെയ്‌ അവസാനം വരെ മധുവസന്തമാണ്‌.

തേനെടുപ്പ്‌

മലയർ, കുറുമർ, കാണിക്കാർ തുടങ്ങി നിരവധി ഗിരിവർഗങ്ങൾ തേനെടുപ്പിൽ വിദഗ്‌ധരാണ്‌. തേനെടുപ്പിന്‌ ഓരോരുത്തർക്കും തനതു രീതികളും വിശ്വാസങ്ങളുമുണ്ട്‌. കൂറ്റൻതേൻമരങ്ങളുടെ ചിറ്റാംകൊമ്പത്തായിരിക്കും തേനിരിക്കുന്നത്‌. ‘എന്നെയെടുക്കാൻ ഒരു ചൂട്ടും ആളും ആട്ടാംവളളിയും വരുമ്പോൾ താങ്ങാമോ“ എന്നു കൊമ്പിനോടു സമ്മതം ചോദിച്ചേ തേനീച്ച കൂടുകൂട്ടുകയുളളുവെന്നാണ്‌ പീച്ചിയിലെ മലയരുടെ വിശ്വാസം. തേനെടുത്തു കഴിഞ്ഞയുടൻ കമ്പു പൊട്ടിവീണ അനുഭവമുണ്ടായിട്ടുണ്ടത്രേ. നിലാവില്ലാത്ത രാത്രിയിൽ മലയനും മലയത്തിയും കൂടിയാണ്‌ തേൻ എടക്കാൻ പോകുക. മുളയാണിയടിച്ച്‌ ഈറ്റ വെച്ച്‌ കെട്ടിയാണ്‌ തേനെടുക്കാൻ മരത്തിൽ കയറുന്നത്‌. മലയൻ ഇറക്കിക്കൊടുക്കുന്ന ആട്ടാംവളളിയിൽ തേൻപാട്ട, മുക്കാഞ്ഞാലി തുടങ്ങിയവ മുകളിൽ എത്തിക്കുന്നത്‌ മലയത്തിയാണ്‌. വക്കയുടെ നാര്‌ മെടഞ്ഞാണ്‌ ആട്ടാം വളളിയുണ്ടാക്കുന്നത്‌. അല്ലിക്കൊടി വളളി മൂന്നെണ്ണം വെച്ചുകെട്ടി പടികെട്ടിയാണ്‌ പെരുന്തേൻ (വൻതേൻ) എടുക്കുന്നത്‌. തേൻകൂട്‌ എവിടെയുണ്ടെന്നറിയുന്നത്‌ ’തേനിളക്കം‘ (തേനീച്ചയുടെ മൂളൽ) കൊണ്ടാണ്‌. തേനീച്ചയുടെ മൂളൽ ഏതു മരത്തിലാണോ ഒതുങ്ങുന്നത്‌ അവിടെയായിരിക്കും കൂട്‌. വൻതേൻ, ചെറുതേൻ, ചീളേൻ, കോൽതേൻ, ചപ്പേൻ, കുറുന്തേൻ എന്നിങ്ങനെ ആറുതരം തേനുണ്ടത്രേ. ഫെബ്രുവരിയിൽ പൂക്കുന്ന വാഴപ്പുന്ന, വടപ്പുന്ന ഏപ്രിലിൽ പൂക്കുന്ന ചെറുപുന്ന, പൂള, ചീനി , കരിഞ്ചുരുളി, വെളളച്ചുരുളി, പോങ്ങ്‌, പാമരം എന്നീ മരങ്ങളാണ്‌ പ്രധാന മധുമരങ്ങൾ.

തേനീച്ച കുത്താതിരിക്കാനും കുത്തിയാൽ മറുമരുന്നായും ചില ചെടികൾ ആദിവാസികൾ ഉപയോഗിക്കുന്നുണ്ട്‌. കുത്തിൽനിന്നും രക്ഷനേടാൻ കയ്യിലും മുഖത്തും കാട്ടു ചണ്ണയരച്ചു പുരട്ടിയാണ്‌ കാണിക്കാർ തേനെടുക്കുന്നത്‌. കുത്തു കിട്ടിയാൽ നൂലി ഇല അരച്ചിടുന്നു. കുത്തേറ്റു നീരുവന്നാൽ ഇവർ കടമാന്തോരയുടെ ഇല തൊട്ടുരിയാടാതെ പറിച്ച്‌ അരച്ചിടുന്നു.

ഇനിയുമെത്രയോ കാട്ടറിവുകൾ. സ്വന്തം തട്ടകത്തുപോലും അന്യനും തിരസ്‌കൃതനുമായി അടിക്കടി തോറ്റുകൊണ്ടേയിരിക്കുമ്പോഴും വംശാഭിമാനത്തിന്റെ ചുരയ്‌ക്കാത്തൊണ്ടിലൊളിപ്പിച്ച്‌ ആദിവാസി കാത്തുവെച്ച അപൂർവ്വാനുഭവങ്ങളുടെ സഞ്ചിത സമ്പത്താണ്‌ കാട്ടറിവുകൾ. പ്രകൃതിയുമായുളള പൊക്കിൾകൊടി ബന്ധം മുറിഞ്ഞാൽ പിന്നെ ആദിവാസിയില്ല.

Generated from archived content: kattarivu_janithakam.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here