‘ഞാൻ താങ്കളെ റെഡ്‌ഡിന്ത്യൻ വൈദ്യം പഠിപ്പിക്കുകയില്ല’
നിറയെ വർണ്ണതൂവലുകളും കല്ലുകളുമണിഞ്ഞ ഒരു രൂപമാണ് ഞാൻ പ്രതീക്ഷിച്ചത്. റോളിങ്ങ് തണ്ടർ തന്റെ വെളുപ്പും ചുവപ്പും നിറങ്ങളോടു കൂടിയ ഇൻഡ്യൻ ചിത്രപ്പണിയോടുകൂടിയ ഷർട്ടും കാക്കി പാന്റ്‌സും പരുന്തിൻ തൂവലോടു കൂടിയ പഴയ ചാരനിറമുളള തൊപ്പിയോടും കൂടി സാധാരണക്കാരനെപ്പോലെ തോന്നിച്ചു.
തൊട്ടപ്പുറത്തുളള മുറിയിൽ മറ്റാരോടോ സംസാരിക്കുമ്പോൾ അദ്ദേഹം ഇടയ്‌ക്കിടെ ചുറ്റുപാടുകളിൽ നിമഗ്നനായി അന്തരീക്ഷത്തിലേക്ക് തറപ്പിച്ചു നോക്കി. ആ ദൃഷ്‌ടിയും വികാരസാന്ദ്രമായ മുഖവും ഞാൻ കൂടുതൻ മനസ്സിലാക്കുകയായിരുന്നു. പക്ഷേ അപ്പോഴെല്ലാം, വിലകുറഞ്ഞ സൂട്ട്‌കേസുകളുമായി ബസ്സ് കാത്തുനില്‌ക്കുകയോ തൊഴിൽ തേടി നടക്കുകയോ ചെയ്യുന്ന തൊപ്പിയും ബൂട്ട്‌സും ധരിച്ച് നിർവ്വികാര ഭാവമുളള ഇന്ത്യൻ വംശജരായിരുന്നു മനസ്സു നിറയെ.
1971 ഏപ്രിൽ 1ന് കൻസാസ് സിറ്റിയിലെ കൗൺസിൽ ഗ്രോവിലുളള വൈറ്റ് മെമ്മോറിയൽ കാമ്പിൽ റോളിങ്ങ് തണ്ടറിന്റെ പ്രഭാഷണം കാത്തിരിക്കയായിരുന്നു. മാനസികവും ശാരീരികവുമായ അസ്വസ്ഥതകളെ സ്വയം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുന്ന സംഘാംഗമായിരുന്നു ഞാൻ. സ്വാമിരാമ എന്ന ഹിമാലയൻ യോഗിയുടെ മെന്നിങ്ങർ ഫൗണ്ടേഷനിൽ ഒരു സുദീർഘ പഠനം നടത്തിയതേയുളളൂ. ബീറ്റ, ആൽഫ, ഥീറ്റ, ഡെൽറ്റ എന്നീ മസ്‌തിഷ്‌ക തരംഗങ്ങളെ സ്വയം പ്രകടിപ്പിച്ച് വലത്തേ കയ്യിലേക്കുളള രക്തചംക്രമണം നിയന്ത്രിക്കുന്നതും കൈപത്തിയുടെ ഇടവും വലവും പത്ത് ഡിഗ്രിയുടെ താപവ്യതിയാനം വരുത്തുന്നതും ഹൃദയമിടിപ്പിനെ കുറയ്‌ക്കുന്നതും വർദ്ധിപ്പിയ്‌ക്കുന്നതും ഹൃദയ രക്തചംക്രമണത്തെ നിറുത്തുന്നതും അദ്ദേഹം പ്രദർശിപ്പിച്ചു. ഇതെല്ലാം ശാസ്‌ത്രീയമായി രേഖപ്പെടുത്തുകയും ചെയ്‌തു. ശരീരവും മനസ്സും നിയന്ത്രിക്കുന്ന യോഗാഭ്യാസത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും അദ്ദേഹം പ്രദർശിപ്പിച്ച അത്ഭുതകരവും അസാധാരണവുമായ രോഗനിർണ്ണയ മാർഗ്ഗങ്ങളും രോഗമുക്തിയും ഒക്കെയാണ് റോളിങ്ങ് തണ്ടറിനെ അടുത്തറിയാൻ എന്നെ പ്രേരിപ്പിച്ചത്. റോളിങ്ങ് തണ്ടർ മുൻവരിയിൽതന്നെ ഇരുന്നു. ഐസ്‌ലാന്റ്, ജപ്പാൻ, ജർമ്മനി, കാനഡ എന്നിവിടങ്ങളിൽ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ എൺപത്തഞ്ചോളം വരുന്ന ശ്രോതാക്കൾക്ക് ഡോ.ക്രിപ്‌നർ അദ്ദേഹത്തെ പരിചയപ്പെടുത്തി. ചിന്താധാരകളുടെ നവീനശാസ്‌ത്ര ചർച്ചയും, അറിവും പരിചയവും പങ്കുവെച്ചുകൊണ്ട് മുന്നോട്ടു പോകാനുളള വഴി കണ്ടെത്തലുമായിരുന്നു സമ്മേളന ലക്ഷ്യം. ബ്രൂക്‌ലിനിലെ മെയ്‌മോനിഡെസ് മെമ്മോറിയൽ ആശുപത്രിയോടനുബന്ധിച്ചുളള സി.മെന്നിങ്ങർ ഡ്രീം ലബോറട്ടറിയുടെ ഡയറക്‌ടറാണ് ഡോ.ക്രിപ്‌നർ. താൻ റോളിങ്ങ് തണ്ടറിനെ കണ്ടുമുട്ടിയതും അദ്ദേഹം നടത്തിയ രോഗവിമുക്തിക്ക് ദൃക്‌സാക്ഷിയായതും അവതരിപ്പിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. അങ്ങനെയാണ് മെന്നിങ്ങർ ഫൗണ്ടേഷന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് “ആന്തരീകാവസ്ഥകളുടെ സ്വനിയന്ത്രണം” വിഷയമായ സമ്മേളനത്തിലേക്ക് റോളിങ്ങ് തണ്ടർ ക്ഷണിക്കപ്പെട്ടത്. റോളിങ്ങ് തണ്ടർ പ്രഭാഷണം നടത്തുമോ എന്നതിന് നിശ്ചയമൊന്നുമില്ലെന്ന് ഡോ.ക്രിപ്‌നർ പറഞ്ഞു. ഒരു പാരമ്പര്യവൈദ്യൻ രോഗിയെ സ്വീകരിക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കാൻ മൂന്നു ദിവസം എടുക്കുന്നതുപോലെ തന്റെ പ്രഭാഷണം വേണമോ വേണ്ടയോ എന്നു നിശ്ചയിക്കാൻ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽ പങ്കെടുക്കുന്നവരോട് സംസാരിച്ചും നിരീക്ഷിച്ചും അദ്ദേഹം നേരം പോക്കി.
“റോളിങ്ങ് തണ്ടർ തന്റെ പ്രഭാഷണം ആരംഭിക്കുമ്പോൾ നാമെല്ലാം വൈദ്യന്മാരുടെ പാരമ്പര്യരീതി അവലംബിക്കണം.” ഡോ.ക്രിപ്‌നർ പറഞ്ഞു. “മുഴുവനാകുന്നതുവരെ ആരും ഇടക്കു കയറി പറയരുത്. അദ്ദേഹം പറഞ്ഞു തീരുമ്പോൾ ചോദ്യങ്ങൾ ആവാം. ഇതും പാരമ്പര്യത്തിന്റെ രീതിയാണ്, അദ്ദേഹത്തിന്റേയും. അദ്ദേഹം ഈ സമ്മേളനത്തിൽ നമ്മോടൊപ്പം പങ്കെടുക്കുന്നതും ആശയങ്ങൾ പങ്കുവെക്കുന്നതും നമ്മുടെ ഭാഗ്യമായി കരുതാം.”
അളന്നുമുറിച്ച കാൽവെപ്പുകളോടെയാണ് റോളിങ്ങ് തണ്ടർ വേദിയിലേക്കുവന്നത്. കയ്യിലെ ബോട്ടിലിൽ നിന്ന് ഒരിറക്ക് കുടിച്ച് നേരിയ ശബ്‌ദത്തോടെ മന്ദം അത് നിലത്തുവെച്ചു. പരുന്തിൻ തൂവലുളള തൊപ്പി തലയിൽതന്നെയിരുന്നു. വേദിയിലേക്കു വന്നതും കുടികഴിഞ്ഞ് ബോട്ടിൽ വെച്ചതും എല്ലാം സ്വയംകണ്ടാസ്വദിക്കുംപോലെ. പതുക്കെ കണ്ണുയർത്തി ശ്രോതാക്കളെ ഒന്നുഴിഞ്ഞുനോക്കി.
“കൂട്ടരെ” അദ്ദേഹം ആരംഭിച്ചു.
“ഞാൻ നിങ്ങളോട് കഴിയുന്നതും വ്യക്തമായി സംസാരിക്കാം. ഞാൻ വെളളക്കാരുമായി ആത്‌മീയകാര്യങ്ങൾ പങ്കുവെക്കുന്നത് ഇതാദ്യമായാണ്. അതായിരുന്നു ആദ്യം ഇവിടേക്കു വരാനുണ്ടായ ശങ്കയും. ഞാൻ ജീവിക്കുന്നിടത്ത് ഇന്ത്യക്കാർ രാവു മുഴുവനിരുന്ന് ആത്‌മീയ കാര്യങ്ങൾ സംസാരിക്കും. അനുഷ്‌ഠാനങ്ങളെക്കുറിച്ചും മറ്റു വിശുദ്ധ ചടങ്ങുകളെക്കുറിച്ചും വെളിവാക്കാൻ പറ്റാത്തതൊന്നും പറയുകയില്ലെന്ന് ഇപ്പൊഴേ വ്യക്തമാക്കട്ടെ. അതൊന്നും തുറന്നു പറയാൻ ഇപ്പോൾ പാടില്ലാത്തവയാണ്. ഇപ്രകാരം രഹസ്യസ്വഭാവമുളള പലതും അമേരിക്കൻ ഇൻഡ്യക്കാരിൽ ധാരാളമായുണ്ട്.
പത്തുവർഷം മുമ്പാണെങ്കിൽ ആത്‌മീയതയെക്കുറിച്ചുപോലും ഞാൻ സംസാരിക്കുകയില്ലായിരുന്നു. എന്തെന്നാൽ ഈ ഭൂഖണ്‌ഡം വെട്ടിപ്പിടിച്ചതോടെ ആ വക കാര്യങ്ങളെല്ലാം മറയ്‌ക്കുളളിലായി. കാലം കാണിക്കുന്ന സൂചകങ്ങളിലൂടെ ഞങ്ങൾ നീങ്ങുന്ന.ു. പുരോഗതിക്കൊപ്പം അതും മാറുന്നുണ്ട്. ജീവിതരീതികൾ മാറുന്നു. ആറുവർഷമ മുൻപ് യാത്ര ചെയ്യാനും വെളുത്തവരുമായി ഇടപഴകാനും കഴിഞ്ഞപ്പോൾ പലയിടത്തും സന്‌മനസ്സുളളവരെ കാണാനും സംസാരിക്കാനും കഴിഞ്ഞു. കാര്യങ്ങൾ നല്ലതിലേക്ക് നീങ്ങുന്നതായി തോന്നുന്നു. വെളളക്കാരുടെ യുവതലമുറ തങ്ങളുടെ പഴമക്കാരെക്കാൾ ഇന്ത്യക്കായ്ം ജനങ്ങളേയും ഇഷ്‌ടപ്പെടുന്നതിനാൽ അവരോടടുക്കാനും സംസാരിക്കാനും കഴിയുന്നു. നല്ല ഇംഗ്ലീഷ് എന്ന് അവർ പറയുന്ന ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന വളരെക്കുറച്ചു പേരിൽ ഒരുവൻ ഞാനായതുകൊണ്ട് സഹജാതർക്കുവേണ്ടി ഏജന്റുമാരോടും ജഡ്‌ജിമാരോടും ഡിസ്‌ട്രിക്‌ട് അറ്റോർണിമാരോടും എനിക്ക് സംസാരിക്കേണ്ടി വരും.
ഞാൻ വൈദ്യനാകാൻവേണ്ടി ജനിച്ചു. പലരും ചോദിക്കാറുണ്ട് ഞാൻ എങ്ങനെ വൈദ്യനായി എന്ന്. പുസ്‌തകങ്ങളിലൂടെയോ സ്‌കൂളിലൂടെയോ അല്ല ഇങ്ങനെയാകുന്നത്. ചിലർ അവർക്കും ഈ സിദ്ധികൾ കിട്ടിയെങ്കിൽ എന്ന് എന്നോട് താല്‌പര്യപ്പെടാറുണ്ട്. അങ്ങനെയും ആവാം. ചിലർക്ക് വൈദ്യനാകാനുളള മോഹം പ്രകടിപ്പിക്കാറുണ്ട്. ഇതിനുമുൻപ് പറയാത്ത ഒരു കാര്യംചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ പിൻതുടരുന്ന വഴികളും ഇടപെടുന്ന വിഷയങ്ങളുംവെച്ച് ഇതത്ര എളുപ്പമല്ല. ഇതിനുവേണ്ടി ജനിക്കണം. ഇതെങ്ങനെയറിയാം എന്നു ചിലർ ചോദിക്കും. തേനീച്ചകൾ റാണിയെ എങ്ങനെ തിരിച്ചറിയുന്നു. ഇന്ത്യക്കാർക്കറിയാം ഞങ്ങൾക്ക് ഞങ്ങളുടെ അറിവ്. നിങ്ങൾക്ക് നിങ്ങളുടെയും.
പ്രകടനത്തിനുവേണ്ടിമാത്രം ഞങ്ങളൊന്നും ചെയ്യാറില്ല. പ്രകടനമായി ഒരു പ്രവൃത്തിയും ചെയ്യാറുമില്ല. ഇന്ത്യൻ വംശക്കാരുടെ പാരമ്പര്യ ഔഷധങ്ങൾക്ക് വില പറയാൻ ലോകത്തെ ഒരു നാണയ വ്യവസ്ഥിതിക്കും കഴിയില്ല. ന്യൂയോർക്കിലുളള വെളളക്കാരനായ വൻബിസിനസുകാരന്റെ മകൻ സ്വന്തം വിമാനത്തിൽ എന്നെക്കാണാൻ വന്നു. അയാളുടെ പുറത്തുണ്ടായിരുന്ന ചുമന്ന തിണർപ്പുകളെ ചികിത്‌സിക്കാനായി പതിനായിരം ഡോളർ വാഗ്‌ദാനം ചെയ്‌തു. അയാളെ സുഖപ്പെടുത്താമോ എന്ന ചോദ്യത്തിന് ഞാൻ മറുപടിയും പറഞ്ഞുഃ ”തീർച്ചയായും പക്ഷെ ഇപ്പോഴല്ല. ഒരു വർഷം കഴിഞ്ഞ്. അപ്പോൾ ആദ്യം നിങ്ങൾ എന്റെ സഹായികളോടു സംസാരിക്കുകയും പുകയില കൊണ്ടുവരികയും ചെയ്‌താൽ ഒരുപക്ഷെ ഞാൻ നിങ്ങളെ ചികിത്‌സിച്ചേക്കും. ഈ പതിനായിരം ഡോളറിന്റെ വാഗ്‌ദാനം ഉടൻ പിൻവലിക്കുക.“
ജീവിതത്തിൽ ചില സാധനങ്ങളെങ്കിലും വിലകൊടുത്തു വാങ്ങാൻ പറ്റില്ലെന്ന വിശ്വാസപ്രമാണത്തിലാണ് അമേരിക്കൻ ഇന്ത്യക്കാരുടെ ജീവിതം അടിയുറച്ചിരിക്കുന്നത്. ഞങ്ങൾക്ക് കടകളിൽ പോയി മരുന്നു വാങ്ങാൻ കഴിയില്ല. നിങ്ങൾക്കൊരു വൈദ്യനെ വിലക്കെടുക്കാനും കഴിയില്ല. അയാൾക്ക് ഒരു രോഗിയെ സ്വീകരിക്കാം. തിരസ്‌കരിക്കാം. ലോകത്തിൽ വെച്ചേറ്റവും സ്വതന്ത്രനാണയാൾ. ഇത് അതിശയോക്തിയല്ല. ഒരു യുദ്ധക്കളത്തിൽ നിന്നു പിൻമാറാനോ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോകാനോ തന്റെ സമയം തിരഞ്ഞെടുക്കാൻ അയാൾ സ്വതന്ത്രനാണ്. ഇത് എതിർക്കപ്പെടാവുന്നതല്ല. അതാണതിന്റെവഴി. ഞങ്ങൾ ഒരു ശക്തിയോടുമാത്രം കടപ്പെട്ടിരിക്കുന്നു. അതിനോടുമാത്രം. ആ സർവ്വശക്തന്റെ വഴിമാത്രമേ നമ്മെ അന്യർക്കു നന്മ ചെയ്യുന്നതിലും നേർവഴി നടക്കുന്നതിലും സഹായിക്കൂ. അതുകൊണ്ടാണ് പതിനായിരം ഡോളർ തരാമെന്നു പറഞ്ഞയാളെ എനിക്കു ചികിത്‌സിക്കാൻ കഴിയാതിരുന്നത്. ഞാനതു ചെയ്‌തിരുന്നെങ്കിൽ എനിക്കതിന്റെ കൂലി കിട്ടുമായിരുന്നു. അതു തെറ്റാണെന്നും അതു ചെയ്യുകയാണെങ്കിൽ ഞാൻ വളരെ ബുദ്ധിമുട്ടുമെന്നും എനിക്കറിയാമായിരുന്നു. തൊട്ടടുത്ത ദിവസം വർഷങ്ങളായി തളർവാതം പിടിച്ച ആശുപത്രികളും ഡോക്‌ടർമാരും കൈയൊഴിഞ്ഞ ഒരാളെ ഞാൻ ചികിത്‌സിച്ചു. അയാൾ തന്ന ഈ പതക്കം ആ പതിനായിരം ഡോളറിനേക്കാൾ ഞാൻ വിലമതിക്കുന്നു. അതിൻമേൽ ‘റോളിങ്ങ് തണ്ടർ’ എന്ന് മുത്തുകളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
സിദ്ധനായിത്തീരുന്നതിനുമുൻപ് ജന്‌മം മുതൽ ആത്‌മീയ പരിശീലനങ്ങൾക്ക് ശിഷ്യപ്പെട്ട് താൻ കടന്നു പോന്ന കഠിനപാതകളെക്കുറിച്ചും മറ്റും കൗൺസിൽ ഗ്രോവിൽവച്ച് റോളിംഗ്‌തണ്ടർ മനഃശാസ്‌ത്രജ്ഞരോടും മാനസിക രോഗവിദഗ്‌ധരോടും ചികിത്‌സകന്മാരോടും ആദ്യമായി വെളിവാക്കി. സ്വത്വത്തെ അന്വേഷിച്ച് കണ്ടെത്തുന്ന ആത്‌മസാക്ഷാത്‌കാരത്തിന്റെ പരിണതികളെക്കുറിച്ചു പറഞ്ഞു. വൈദ്യനെന്ന നിലക്ക് ആത്മശുദ്ധീകരണത്തെക്കുറിച്ച് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചദ്ദേഹം പറഞ്ഞു. സസ്യങ്ങളും മൃഗങ്ങളും ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളും ഉൾപ്പെട്ട പ്രകൃതിയെക്കുറിച്ചും പറഞ്ഞു. ഇവയെ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അല്ല മനുഷ്യരുടെ കഴിവും ആത്യന്തികമായ നിലനില്പും. മറിച്ച് ജീവനും പ്രകൃതിയുമായി സമരസപ്പെടുത്തുന്നതിലാണ്.
റോളിങ്ങ് തണ്ടറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ സ്വാമിരാമയുടെ ചില ചിന്തകൾ മനസ്സിൽ തങ്ങിനിന്നു. സ്വാമി രാമയെപ്പോലെ നിശ്ചല നിമിഷങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം ഇവിടെയും വ്യക്തമാകുന്നു. സ്വാമിയുടെ ചിന്തകൾക്ക് സൗകുമാര്യവും ശക്തിയും നൽകുന്ന അതെ അച്ചടക്കവും ചിട്ടയോടുകൂടിയ അവബോധവും റോളിങ്ങ് തണ്ടറിലും കാണാവുന്നതാണ്. ഇന്ത്യ, ജപ്പാൻ, തിബത് എന്നിവിടങ്ങളിലെ ആത്‌മീയതയുടെ വക്താക്കളിൽനിന്ന് കേട്ട അതേ ആശയങ്ങളും സങ്കല്പങ്ങളും തന്നെയാണ് റോളിങ്ങ് തണ്ടറും പ്രകടിപ്പിക്കുന്നത്. പ്രകൃതിയുടെ സമതുലിതാവസ്ഥ നിലനിർത്തുന്നതിന് ചില നിയമങ്ങളുണ്ട്. ഫലമില്ലാത്ത യാതൊരു പ്രവർത്തനവുമില്ല. തെറ്റുകൾ തിരുത്തപ്പെടുകയും ചെയ്യും. ഈ കർമ്മസിദ്ധാന്തത്തെക്കുറിച്ചാണ് ലോകമെമ്പാടുമുളള ഗുരുക്കൻമാർ പറയുന്നത്. വാക്കുകളിലൂടെയല്ലാതെ ഈ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുന്നതിൽ മന്ത്രവാദികളും യോഗികളും സന്യാസികളും പ്രയോഗിക്കുന്ന അതേ കഴിവ് തന്നെയാണ് ചികിത്സകരും മറ്റും ഉപയോഗിക്കുന്നത്.
റെഡ്‌ഡിന്ത്യൻ സാമ്രാജ്യത്തിന്റെ ഉദ്‌ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ”നമുക്കറിയാവുന്നതുപോലെ ആരംഭത്തില നമ്മുടെ ഓരോ പാദപതനവും ഭൂമിയെ പ്രകമ്പനം കൊളളിക്കുമായിരുന്നു. അസഹനീയമാംവിധത്തിലുളള ഉഷ്‌ണമായിരുന്നു എല്ലായിടവും. അന്നും മനുഷ്യരുണ്ടായിരുന്നു. അല്‌പം വ്യത്യാസമുണ്ടെന്നുമാത്രം. ആദിമനുഷ്യരുടെ അവശേഷങ്ങൾ ഇപ്പോഴുമുണ്ട്; തിബത്തിലെ യതിയും വടക്കൻ കാലിഫോർണിയയിലെ ഭീമപാദവും. ഇവിടത്തെ ആദിമജനതയിൽ ചിലർ തെക്കൻ പസിഫിക്കിലേക്ക് മുങ്ങിക്കൊണ്ടിരുന്ന ഒരു ഭൂവിഭാഗത്തിൽനിന്ന് ഇവിടേക്ക് കപ്പൽ കയറിവന്നു. ഇവരിൽ പലരും ഇപ്പോഴും ഇവിടെയുണ്ട്. അവരാരാണെന്ന് നമുക്കറിയാം. യൂറോപ്യൻ ജനതയെപ്പോയെയോ മറ്റു മനുഷ്യരെപ്പോലെയോ കാഴ്‌ചയിൽ ഒരേ പോലെയിരിക്കുന്നവരല്ല ഇന്ത്യൻ ജനത. ഹോപി നഗരത്തിൽ ആണ്ടിലൊരിക്കൽ ഞങ്ങളുടെ സമ്മേളനം നടക്കുന്നു. ഭൂമിക്കടിയിലുളള ‘കിവാസി’ൽ ഗോത്രത്തലവൻമാരും ഗോത്ര പ്രതിനിധികളും വൈദ്യൻമാരും ഒത്തു ചേരുന്നു. ഇവിടെ ഞങ്ങളുടെ പരിശുദ്ധമന്ത്രങ്ങൾ വായിക്കുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു.
അവിടെ വിവിധ ഗോത്രങ്ങളും ഭാഷകളുമുണ്ട്. എന്നിരുന്നാലും ഞങ്ങൾക്കിടയിൽ യാതൊരു വിനിമയ തടസ്സങ്ങളുമില്ല. നിങ്ങൾക്കും കൂടി മനസ്സിലാക്കത്തക്കവിധം ആശയവിനിമയം നടത്താൻ ഞങ്ങൾക്കാകും. ഉദാഹരണത്തിന് കാനഡയിലെ കീബെക്കിൽ നിന്നുളള പീറ്റർമിറ്റൽ എന്ന വൈദ്യനുമായി ഞാൻ കണ്ടുമുട്ടി. ന്യൂയോർക്കിൽവെച്ച് ഐറോ ക്യോസ് സമ്മേളനത്തിലാണ് ഞങ്ങൾ കണ്ടുമുട്ടിയത്. എന്നാൽ കൂടിക്കാഴ്‌ചയിൽ ഞങ്ങൾ സംസാരിച്ചില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. വിദൂര കിഴക്കൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിൽനിന്നും വെസ്്റ്റ് ഇൻഡീസിൽനിന്നും വന്ന ഗോത്രവർഗ്ഗക്കാരുമായുണ്ടായ കൂടിക്കാഴ്‌ചയും ഇതുപോലെയായിരുന്നു. ആത്‌മീയമായും ഒരേ തലത്തിലും വളർച്ചയുടെ പ്രത്യേകഘട്ടത്തിലും എത്തിയവർക്ക് സംസാരം പ്രശ്‌നമല്ല. പണ്ട് രണ്ട് ഇന്ത്യൻ തലവൻമാർ കണ്ടുമുട്ടുമ്പോൾ പലപ്പോഴും തമ്മിൽ സംസാരിക്കാറില്ല. എന്റെ കുട്ടിക്കാലത്ത് വൃദ്ധജനങ്ങൾ അന്യോന്യം സംസാരിക്കാതെ വ്ല് കായുന്നത് കണ്ടിട്ടുണ്ട്. എങ്കിലും അവർ തമ്മിൽ ആശയവിനിമയം നടന്നിരുന്നു. ഇന്നത്തേക്കാൾ നല്ല രീതിയിൽ അവരന്യോന്യം കൂടുതൽ മനസ്സിലാക്കിയിരുന്നു. അവയെ ‘സഹായികൾ’ എന്നദ്ദേഹം വിളിക്കുന്നു. അദ്ദേഹം പിന്നീട് ഔഷധസസ്യങ്ങളെക്കുറിച്ച് സംസാരിച്ചു. മരുന്നു പറിക്കാൻ പോകുമ്പോൾ അവയെ കാണുന്നതിനുമുൻപ് അവയുടെ സാന്നിദ്ധ്യം അറിയാൻ കഴിയുന്നു. പലപ്പോഴും ആവശ്യമുളളിടത്ത് അവ കണ്ണിൽ പെടുകയാണ്. കളകൾ എന്നൊന്നില്ല. സസ്യങ്ങൾ എന്നൊരുവിഭാഗം മാത്രമേയുളളൂ. ഓരോന്നിനും അതിന്റേതായ ആവശ്യമുണ്ടെന്ന് റോളിങ്ങ് തണ്ടർ വിശ്വസിക്കുന്നു. സസ്യങ്ങൾ കുടുംബങ്ങളായിത്തന്നെ ജീവിക്കുന്നു. അവക്കും ഗോത്രങ്ങളും തലവൻമാരുമുണ്ട്. ഒരാൾ മരുന്നു പറിക്കാൻ പോകുമ്പോൾ തലവനെ ബഹുമാനിക്കുകയും കാഴ്‌ചയർപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ആ ലതയോട് സംസാരിക്കുകയാണ്. നല്ല കാര്യത്തിനായി ആവശ്യമുളളതു മാത്രം അതിന്റെ കുടുംബത്തിൽ പെട്ടവയെ പറിക്കാൻ അനുവാദം തേടുകയാണ്. ആവശ്യവും പ്രയോഗവും പ്രാഥമികമായിരിക്കണം. പിയോട്ട് മറ്റൊരു ‘സഹായി’യാണ്. പക്ഷേ അറിവുകേടുകൊണ്ട് പലപ്പോഴും അത് ദുരുപയോഗപ്പെടുത്തുന്നു.
ചില മൃഗങ്ങളേയും ഉരഗങ്ങളേയും വെറും കൈകൊണ്ട് വധിക്കുകയും അവയുടെ ശക്തി സ്വാംശീകരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എലിപ്പാമ്പിന്റെ വിഷംവരെ ഇങ്ങനെ ഉപയോഗിക്കുന്നു. ഭക്ഷണത്തിനുവേണ്ടിയോ വസ്‌ത്രത്തിനുവേണ്ടിയോ മൃഗങ്ങളെ കൊല്ലേണ്ടിവരുമ്പോൾ അതിന്റെ ജീവനൊടുക്കേണ്ടിവന്നതിന് മാപ്പപേക്ഷിക്കാറുണ്ട്. അതിന്റെ എല്ലാ ഭാഗങ്ങളും സദുദ്ദേശത്തോടെ മാത്രം ഉപയോഗിക്കുന്നു. ആവശ്യമില്ലാതെ ഇൻഡ്യക്കാർ ഒന്നിനേയും കൊല്ലാറില്ല.
പച്ചവെളളത്തെ മരുന്നാക്കുന്ന വിദ്യയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് ശ്രോതാക്കൾക്കും പറഞ്ഞുതരാമെന്നും ആവശ്യമുളളപ്പോൾ ഉപയോഗിക്കാം എന്നും പറഞ്ഞു.
“ഞാൻ ചില കാര്യങ്ങൾ പറയാം. അതിങ്ങനെ തുടങ്ങണം. ഒരു ഗ്ലാസ് വെളളമെടുത്ത് അതിലേക്ക് മന്ത്രിക്കുമ്പോൾ അത് ഔഷധമായി മാറണം. പലപ്പോഴും ഇന്ത്യക്കാർക്ക് മരുന്നൊന്നും കൈവശമില്ലാതിരിക്കുമ്പോൾ പനിയോ മറ്റോ വരുന്നസമയം അവർ ഒരു ഗ്ലാസ് വെളളമെടുത്ത് സൂര്യോദയത്തിൽ അതിലേക്ക് മന്ത്രങ്ങൾ ചൊല്ലുന്നു. രാവിലെ സൂര്യനുദിക്കുമ്പോൾ ചില തരംഗങ്ങൾ ഉണ്ടാകുന്നു. നിങ്ങൾ ഭൂമിയുടെ തരംഗങ്ങളെപ്പറ്റി പറയുംപോലെ, ഞങ്ങൾ ഇതിനെ പരമാത്‌മാവിന്റെ ശക്തിയായി വിശേഷിപ്പിക്കുന്നു. ഇതാണ് ജീവന് പുതിയ ചൈതന്യം കൊടുക്കുന്നത്. സൂര്യനുദിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾ പ്രാർത്ഥിക്കുന്നു. പൂർണ്ണമായി ഉദ്ദിച്ചു കഴിയുമ്പോൾ പ്രാർത്ഥന അവസാനിപ്പിക്കുന്നു. നിങ്ങൾ ആ ജലത്തെ മരുന്നാക്കി മാറ്റാനും നിങ്ങൾക്ക് ആ മരുന്നിന്റെ ഉപയോഗവും ഉണ്ടെങ്കിൽ സൂര്യരശ്‌മികൾ വെളളത്തിൽ തട്ടുമ്പോൾ തനിയെ മരുന്നായിത്തീരുന്നു.”
പരീക്ഷണങ്ങൾകൊണ്ട് കാര്യങ്ങൾ സംഭവിക്കണമെന്നില്ല എന്ന ആശയം റോളിങ്ങ് തണ്ടർ അവതരിപ്പിച്ചു. സംഭവങ്ങൾക്ക് കാരണം അവയുടെ സ്വാഭാവിക കാരണങ്ങളാണ്. യഥാർത്ഥ സംഭവത്തേക്കാൾ വലിയ പരീക്ഷണമൊന്നുമില്ല. ഔഷധജലത്തെക്കുറിച്ചുളള പരാമർശം തന്നെ ആധുനിക ശാസ്‌ത്രത്തിന് ഇന്ത്യൻ ഔഷധങ്ങളോടുളള അസ്വാരസ്യം വെളിവാക്കുന്നു. അതിശാസ്‌ത്രീയതകൊണ്ട് യഥാർത്ഥ സന്ദർഭങ്ങളെക്കുറിച്ചും മനസ്സിലാക്കാതെ ശാസ്‌ത്രം എങ്ങിനെയാണ് റെഡ് ഇൻഡ്യൻ മരുന്നുകളെക്കുറിച്ച് പഠിക്കുന്നത്. യഥാർത്ഥത്തിൽ അസാധാരണഫലം ഉണ്ടാകലാണ് ആവശ്യം. സൂര്യനോടും ഭൂമിയോടും പ്രകൃതിയോടുതന്നെയും വ്യത്യസ്തമായ ഒരു കാഴ്‌ചപ്പാടും ഉണ്ടായിരിക്കണം. സൂര്യനും ഭൂമിയും വൈദ്യനും ഗ്ലാസിലെ പച്ചവെളളവും തമ്മിലുളള ബന്ധത്തെക്കുറിച്ച് ബോധവും പരമാത്‌മാവിന്റെ സദാസാന്നിധ്യവും ഇതിൽ ഉൾപ്പെടുന്നു.
വാസ്‌തവത്തിനു നേരെ കണ്ണടക്കുന്നത് ദുർനിരൂപണവും മുൻവിധിയുമാണ്. ഇത്തരം ചുറ്റുപാടുകളിൽ റെഡ് ഇൻഡ്യൻ ഔഷധങ്ങളെക്കുറിച്ചന്വേഷിക്കാനിറങ്ങുന്ന ശാസ്‌ത്രജ്ഞർ പകച്ചുപോകുമെന്ന് എനിക്കറിയാം. പക്ഷേ ഇതെല്ലാം വളരെ ലളിതമായ ചിട്ടകളോടെയാണ് തുടർന്ന് പോകുന്നത്.
മാദ്ധ്യമങ്ങളെക്കുറിച്ചാണിനി പറഞ്ഞത്. ഗ്ലാസിലെ ജലം വെറും മാദ്ധ്യമമാണ്. കൗൺസിൽ ഗ്രോവിൽവെച്ച് ഈ മാദ്ധ്യമ പ്രയോഗം എനിക്കൊട്ടും മനസ്സിലായിരുന്നില്ല. റോളിങ്ങ് തണ്ടർ ജലത്തെക്കുറിച്ചു പറഞ്ഞപ്പോൾ കുറേശ്ശേ പഠിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞുഃ “നിങ്ങൾക്ക് ഇതുകൊണ്ട് തുടങ്ങാം. യഥാർത്ഥത്തിൽ മരുന്ന് ആവശ്യമുണ്ടെങ്കിൽ ഇത് ഉപയോഗിക്കാം.”
സസ്യങ്ങളുടെ ജൈവരാസികപരമായ ഗുണങ്ങളാൽ അവക്കു ഔഷധവിജ്ഞാനീയത്തിൽ ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഞാൻ കൂടുതൽ ബോധവാനായത് റോളിങ്ങ് തണ്ടറിന്റെ ‘സഹായികൾ’ എന്ന പ്രയോഗത്തിലൂടെയാണ്. സസ്യങ്ങളെക്കുറിച്ച് ഒരാൾ ചിന്തിക്കുന്നതും സംസാരിക്കുന്നതുമായ രീതിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്. എന്നാൽ പലപ്പോഴും രസതന്ത്രത്തിന്റെ പിൻബലം പലതിനുമുണ്ടായിരുന്നില്ല. ഔഷധമായിത്തീരുന്ന ജലം ഒരു പരീക്ഷണശാലയിൽ ജലം മാത്രമായിരിക്കും. ഡോക്‌ടർമാർ ഔഷധജലമെന്നത് മനസ്സംബന്ധിയായ ഒരു മിഥ്യയാണെന്നു പറയും. ഇത് ‘മാദ്ധ്യമ’ങ്ങളെ സംബന്ധിച്ച ഒരു സത്യമാണെന്ന് ഞാൻ കരുതുന്നു. ഒരാളുടെ അവസ്ഥകളും ശരീരവും ചുറ്റുപാടുകളും എല്ലാം മനസ്സിൽനിന്നു തുടങ്ങുന്നു. പുറംലോകത്തിലെ മാറ്റങ്ങൾക്ക് തുടക്കമിടുന്നത് മനസ്സിലാണ്. അങ്ങനെയാണെങ്കിൽ ഈ മാദ്ധ്യമങ്ങളിലൂടെയാണ് മാനസിക പരിവർത്തനങ്ങളെ ബാഹ്യലോകത്തേക്ക് പകർത്തപ്പെടുന്നത്. റോളിങ്ങ് തണ്ടറിന്റെ പ്രസംഗശേഷം അസാധാരണമായ പല മാറ്റങ്ങളും ബാഹ്യലോകത്തു സംഭവിക്കുന്നതായി എനിക്കു തോന്നി. അതിൽ അദ്ദേഹത്തിന്റെ പൈപ്പുപുകയും ഒരു കൊച്ചു മൂട്ടപോലും പ്രധാന പങ്കുവഹിച്ചു. ഗ്ലാസിലെ ജലവും സൂര്യനും ഭൂമിയും മനസ്സും അനുഷ്‌ഠാനങ്ങളും ഔഷധത്തിനുവേണ്ടിയുളള ആവശ്യവും തമ്മിലുളള ബന്ധത്തെക്കുറിച്ചറിഞ്ഞാൽ ഇത്തരം കാര്യങ്ങളുടെ പ്രവർത്തനവും അതെന്താണെന്നുളളതും മനസ്സിലാക്കാൻ കഴിയും.
പടിഞ്ഞാറൻ ബുദ്ധിക്ക് റോളിങ്ങ് തണ്ടർ പറഞ്ഞതിലധികവും അവിശ്വസനീയമായിരിക്കും. സ്വന്തം ജനത നൂറ്റാണ്ടുകളായി വിശ്വസിച്ചും ആചരിച്ചും പോരുന്ന ചിന്തകളും വിശ്വാസങ്ങളും ഈ റെഡ് ഇന്ത്യൻ ശബ്‌ദത്തിൽ ലോകം അറിഞ്ഞു. ഈ വാക്കുകൾ പടിഞ്ഞാറൻ ഗവേഷകർക്ക് എത്രത്തോളമ അപരിചിതവും അസാധാരണവുമായിരുന്നാലും മറ്റു പല സംസ്‌കാരങ്ങളിൽനിന്നും വന്ന ചിന്തകളുമായ് പൊരുത്തപ്പെടാത്തവരല്ലായിരുന്നു. ആത്‌മനിയന്ത്രണത്തിലും മനുഷ്യനും പ്രകൃതിയും തമ്മിലുളള ബന്ധങ്ങളിലും പുത്തൻ അമേരിക്കൻ സംസ്‌കാരം കാണാതെപോയ പലതും റോളിങ്ങ് തണ്ടറിൽ അടങ്ങിയിട്ടുണ്ടെന്ന് ആദ്യകേൾവിയിൽ തന്നെ എനിക്കു തോന്നി.
“മനുഷ്യനെ സഹായിക്കാനും സദുദ്ദേശത്തോടെയും മാത്രമെ ഈ ആത്‌മീയശക്തിയെ ഉപയോഗിക്കാവൂ. രോഗികൾ മാത്രം എന്നല്ല അർത്ഥം. രോഗബാധയിൽനിന്ന് രക്ഷിക്കാനും ഇതുപയോഗിക്കാം. സൗഹൃദത്തിനും കുടുംബത്തിൽ നന്‌മ നിലനിർത്തുന്നതിനും നിങ്ങൾ എവിടെയായിരുന്നാലും ഇത് പ്രയോഗിക്കാം. കൂടുതൽ ജനങ്ങൾ ഈ വഴിയിലൂടെ വരികയാണെങ്കിൽ ഒരു നല്ല ഭരണകൂടത്തിന്റെ സ്ഥാപനത്തിനും ഇതുപയോഗിക്കാം.”
റോളിങ്ങ് തണ്ടർ ഉപസംഹരിച്ചു. അല്‌പനേരം മൗനിയായി നിന്നിട്ട് പറഞ്ഞുഃ “ഇനി ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം.”നിരവധി പേർ ആവേശപൂർവ്വം കൈയുയർത്തി. പല ചോദ്യങ്ങൾക്കും റോളിങ്ങ് തണ്ടർ മറുപടി പറയാൻ ഇഷ്‌ടപ്പെട്ടില്ല. ചിലരോട് എന്തെങ്കിലും മാത്രം പറഞ്ഞ് ഒഴിഞ്ഞു. എന്നാൽ ചിലർക്ക് ദീർഘമായിത്തന്നെ മറുപടി ലഭിച്ചു.
ഒരു വ്യക്തിക്ക് ജീവിതത്തിന് ഉദ്ദേശവും വ്യക്തിത്വവും എങ്ങിനെ ഉണ്ടാക്കാം എന്നായിരുന്നു ഒരാൾ ചോദിച്ചത്.
“ഞങ്ങളുടെ യുവാക്കൾ പതിമൂന്ന് വയസ്സാകുമ്പോൾ ചില പ്രത്യേക പരിപാവനമായ കുന്നിൻമുകളിലേക്ക് പ്രാർത്ഥിക്കാൻ പോകുന്നു. പ്രായമായ ഒരാൾ താഴ്‌വാരത്തിൽ കാത്തുനില്‌പുണ്ടാവും. വസ്‌ത്രങ്ങളൊന്നും ധരിക്കാതെ ഒരു പുതപ്പു മാത്രം എടുത്താണ് പോകുന്നത്. മൂന്നു ദിവസത്തോളം ഭക്ഷണവും ജലപാനവുമില്ലാതെ അവിടെ പ്രാർത്ഥനാനിരതരാവുന്നു. ഉറങ്ങിപ്പോയാൽ ഉണരുമ്പോൾ വീണ്ടും പ്രാർത്ഥന തുടരുന്നു. അതിനിടയിൽ അവരെന്തു ചെയ്യണം എന്നതിനെക്കുറിച്ച് വെളിപാടുണ്ടാകുന്നു. അവർക്കതിന്റെ അർത്ഥം മുഴുവൻ മനസ്സിലാകില്ല. താഴ്‌വാരത്തിൽ കാത്തുനില്‌ക്കുന്ന പ്രായമുളള ആളോട് വിവരം പറയുന്നു. ഇരുവരും കൂടി അവിടത്തെ മൂപ്പന്റെ അടുത്തുപോകുന്നു. അദ്ദേഹം അതിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. പിന്നീട് പേരിടൽ ചടങ്ങുകളാണ്. അപ്പോൾ വെളിപാടിന്റെ അർത്ഥം പറയപ്പെടുന്നു. ഇതുവഴി പേരും എങ്ങിനെ ജീവിക്കണം എന്ന ഉപദേശവും ലഭ്യമാകുന്നു.
ആരെയെങ്കിലും റോളിങ്ങ് തണ്ടർ അനന്തരവകാശിയായി പഠിപ്പിക്കുന്നുണ്ടോ എന്ന് ഒരാൾ ചോദിച്ചു. ”ഇതൊരു നല്ല ചോദ്യമാണ്. വർഷങ്ങൾക്കുമുൻപു മൂപ്പൻമാരെയും വൈദ്യന്മാരേയും അവർ കൊന്നൊടുക്കാൻ ശ്രമിച്ചു. ഇതൊന്നും ചരിത്രത്തിലില്ലെങ്കിലും അതിശയോക്തിയില്ല. എന്റെ മുത്തച്ഛനും ആ വഴിക്കാണ് പോയത്. അദ്ദേഹത്തിന് പുത്രനും പൗത്രനുമുണ്ടായി. ഏഴു തലമുറയോളം ആ വിത്ത് നിലനിന്നുവരുന്നു. ഇത്തൊം സംഭവിക്കുമ്പോൾ ചിലരെ പൊതു ദൃഷ്‌ടിയിൽ നിന്നകറ്റി നിർത്താൻ റെഡ് ഇന്ത്യൻസ് പഠിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴും ചില കുട്ടികളെ മാറ്റി പാർപ്പിക്കുന്നു, അവരെ തട്ടിക്കൊണ്ടുപോയി സ്‌കൂളുകളില ചേർക്കാതിരിക്കാൻ. ഇങ്ങിനെ അടുത്ത നാലു തലമുറയോളം ഒരു വൈദ്യൻ ഉണ്ടാകുക തെ. ചെയ്യും. അവക്ക് ഏഴു തലമുറയിലെ എല്ലാ അംഗങ്ങളേയും കൊല്ലേണ്ടിവരും വൈദ്യകുലം തുടച്ചു നീക്കാൻ. ഇതൊന്നും ജനങ്ങൾ തീരുമാനിക്കുന്നതല്ല എന്നതാണ് രസം. എന്റെ ഒരു മകനും വൈദ്യനാകാൻ പഠിക്കുന്നു. മറ്റുളളവരുടെ മക്കളും എന്റെ കൂടെനിന്ന് എന്റെ മക്കളെപ്പോലെ പഠിച്ചുകൊണ്ടിരിക്കുന്നു. ഈ യുവാക്കളെല്ലാം ഒരിക്കൽ വൈദ്യന്മാരാകും. ഇങ്ങനെ കുറെപ്പേരെ ചേർക്കുന്നതിനാൽ ഒരു സ്‌കൂൾ പോലെയായിത്തീർന്നു ഇപ്പോൾ. ഞങ്ങൾ അവനേയും ഇവനേയും ഒന്നും ചേർക്കാറില്ല. എടുക്കുന്നവന്റെ അർഹതയ്‌ക്കാണംഗീകാരം.
“അടുത്തകാലത്ത് ഒരു പരദേശി വൈദ്യം പഠിക്കാൻ എന്റടുത്തു വന്നു. നിങ്ങൾക്കറിയാമോ ഞങ്ങളുടെ ചിട്ടകൾ അവർക്കറിയില്ലെങ്കിൽ അവരും ഞങ്ങളും ഒരുപോലെ അപകടത്തിലാവും. അത്തരക്കാരെ അടുത്തു നിരീക്ഷിക്കണം. പ്രധാനമായും എനിക്കുളള പുകയില പോലും കൊണ്ടുവന്നില്ല. വളരെ സഹായം അർഹിക്കുന്ന ഒരു ചെറുപ്പക്കാരനാണെന്ന് കരുതി എനിക്കയാളോട് ദയ തോന്നി. ഞാൻ മുന്നോട്ടു നീങ്ങി. അയാളും. ആദ്യം അയാളുടെ മനസ്സ് പതറിയിരുന്നു. പിന്നീട് എല്ലാം നേരെയായതുപോലെ തോന്നി.”
“പിന്നീട് അയാളൊരു വൈദ്യനാകാൻ ആഗ്രഹിച്ചു. പലർക്കുമിതുണ്ടെന്ന് എനിക്കറിയാം. ആലോചിക്കാൻ മൂന്നു ദിവസം വേണമെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ ഏതുകാര്യവും മൂന്നു ദിവസത്തെ ആലോചനക്കുവെക്കും. വേണമെന്നു തോന്നിയാൻ എടുക്കും. എനിക്കയാളെ സഹായിക്കണമെന്നുണ്ടായിരുന്നു. ഒന്നരദിവസം കഴിഞ്ഞപ്പോൾ അതിജിജ്ഞാസയോടെ അയാൾ വന്നു. ഞാൻ തയ്യാറാണോ എന്നറിയാൻ. ഇപ്പോൾ ലോകം മുഴുവൻ അങ്ങനെയാണ്. എങ്ങനെയെന്നറിഞ്ഞുകൂടാ ഞാൻ പറഞ്ഞു. ഞാൻ താങ്കളെ റെഡ്‌ഡിന്ത്യൻ വൈദ്യം പഠിപ്പിക്കുകയില്ല. പഠിപ്പിക്കുകയാണെങ്കിൽ അത് പൈശാചികവും നീചവുമായിരിക്കും. അത് താങ്കൾക്കും മറ്റു മനുഷ്യർക്കും ദോഷമാകുകയും ചെയ്യും. അയാൾ കോപിഷ്‌ഠനായി. അയാൾ ഒരു വൈദ്യനായി എന്ന് ഉറച്ചിരുന്നതാണ്. ഞങ്ങളുപയോഗിക്കാത്ത പലതും അയാൾ ഉപയോഗിച്ചു. അയാളുടെ അവസ്ഥകൾ അയാൾക്കെതിരായിരുന്നു. അയാൾ സ്വയം തയ്യാറാകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നില്ല. എന്തായാലും അയാൾ എന്റെ വീടുവിട്ട് വേറൊരു കുടുംബത്തിൽ താമസമായി. എന്നെ അനുകരിച്ച ചിലരുടെ കൂടെ പോയി. ഒരിക്കൽ ഒരു മുന്നറിയിപ്പെന്നോണം അയാളുടെ മുടിയും പുരികവും തീപിടിച്ചു. കൂടുതലപകടങ്ങളിൽ ചെന്നുപെടുംമുമ്പ് അവർ അയാളെ ഒരു വിമാനത്തിൽ കയറ്റി സ്വന്തം നാട്ടിലേക്കയച്ചു. ജോലി നഷ്‌ടപ്പെടുകയും അയാളുടെ സംഘം ചിന്നിപ്പിരിയുകയും ചെയ്തു. മറ്റു പലതും സംഭവിച്ചു. അയാളിനി ആ തെറ്റ് ആവർത്തിക്കില്ലെന്ന് ഞാൻ കരുതുന്നു.
Generated from archived content: kattariv_redindian.html Author: nattariv-patana-kendram