ആദിവാസികൾഃ വികസനത്തിന്റെ ഇരകൾ

‘ആദിവാസികൾ പുതിയ മാർക്കറ്റ്‌ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നു’

——————-മുഹമ്മദ്‌ എ.കലാം————————

മിക്ക അവസരങ്ങളിലും വികസന പദ്ധതികൾ ആദിവാസികളുടെയും പാരമ്പര്യ സമൂഹങ്ങളുടെയും നില കൂടുതൽ മോശമാക്കുകയാണ്‌ ചെയ്യുന്നത്‌. ചില സാമ്പത്തിക ഗുണങ്ങൾ അവർക്ക്‌ എത്തിയിട്ടില്ലെന്നില്ല. പക്ഷെ സ്വസംസ്‌കാര കേന്ദ്രീകൃതമായ വീക്ഷണം പുലർത്തുന്ന വികസന പദ്ധതികൾ സാമൂഹ്യ-മത-സാംസ്‌കാരിക മേഖലയിൽ ഉണ്ടാക്കുന്ന വലിയ മാറ്റങ്ങൾ ഒരിക്കലും ഈ ചെറിയ സാമ്പത്തിക ഗുണങ്ങൾക്ക്‌ ബദലാകുന്നില്ല. വികസനത്തിന്‌ ധാരാളം അർത്ഥമുണ്ടെങ്കിലും പ്രധാനമായി ഉപയോഗിക്കുന്നത്‌ സാമ്പത്തിക വികസനം എന്ന അർത്ഥത്തിലാണ്‌. സാമ്പത്തിക വികസനം വഴി മറ്റ്‌ സാങ്കേതിക രാഷ്‌ട്രീയ സാമൂഹ്യരംഗങ്ങളിലും വികസനം നടക്കുമെന്നാണ്‌ സാമൂഹ്യ ശാസ്‌ത്രജ്ഞരുടെ കണക്കുകൂട്ടൽ. ചേംബറിന്റെ അഭിപ്രായമനുസരിച്ച്‌ “ഞാൻ വികസനം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌ മനുഷ്യനും പ്രകൃതിയോ മനുഷ്യനിർമ്മിതമായ ചുറ്റുപാടുകളോ തമ്മിലുളള ബന്ധം മാറ്റാൻ ഉദ്ദേശിച്ചുകൊണ്ട്‌ ചെയ്യുന്ന മനഃപൂർവ്വമായ ചെയ്‌തികളെയാണ്‌. അവ ഉണ്ടാകുന്നത്‌ കൃഷി, പുതിയ ഊർജ്ജസ്രോതസ്സുകളുടെ ചൂഷണവും രൂപാന്തരീകരണവും, പുതിയ ഗതാഗത സംവിധാനങ്ങൾ, വീടുനിർമ്മാണത്തിലെ പുതുമകൾ മുതലായ മേഖലകളിലെ കണ്ടുപിടുത്തങ്ങളുടെ ഫലമായാണ്‌.” (1985-91)

ആദിവാസി സമൂഹങ്ങളുടെ കാര്യത്തിൽ വികസനത്തിനായി മനഃപൂർവ്വം പരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. അവരുടെ ദാരിദ്ര്യനിർമ്മാർജ്ജനത്തിനാണിത്‌ എന്നാണ്‌ സാധാരണയായി വിശ്വസിച്ചു പോരുന്നത്‌. ഇങ്ങനെയുളള ആസൂത്രണത്തിന്റെ ഭാഗമായി മനുഷ്യനും പ്രകൃതിയും മനുഷ്യനിർമ്മിതമായ ചുറ്റുപാടുകളും തമ്മിലുളള ബന്ധം മാറ്റാൻ കഴിഞ്ഞിട്ടുണ്ട്‌. പക്ഷെ ഏത്‌ ആവശ്യത്തിന്‌? ആർക്കാണ്‌ ഇതിന്റെ ഗുണം?

ആദിവാസി ക്ഷേമമല്ല, മറിച്ച്‌ അവരുടെ പ്രകൃതിസമ്പത്തിന്റെ ചൂഷണമാണ്‌ വികസനം ലക്ഷ്യമാക്കുന്നത്‌ എന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. അതിനാൽ ആദിവാസികളുടെ ക്ഷേമമാണോ അതോ അവരുടെ പ്രകൃതി സമ്പത്തിന്റെ ചൂഷണമാണോ ആദിവാസിവികസനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ നാം ചോദിക്കേണ്ടിയിരിക്കുന്നു.

ആദിവാസി സമൂഹങ്ങൾ നിർഭാഗ്യവശാൽ പലതരത്തിലുളള ‘സ്വർണ്ണഖനി’കളുടെ മുകളിലാണെന്ന്‌ പറയാവുന്നതാണ്‌. ഇന്ത്യയിൽ ഈ സ്വർണ്ണഖനികൾ ധാതുസമ്പത്തും വനസമ്പത്തുമാണ്‌. അമേരിക്കൻ ഐക്യനാടുകളിൽ അത്‌ എണ്ണ നിക്ഷേപമാണ്‌. ലാറ്റിനമേരിക്കയിൽ വനസമ്പത്തുമാണ്‌. റോബിൻ ഫോക്‌സ്‌ പറയുന്നുഃ “അടിയന്തിരമായ നരവംശശാസ്‌ത്രം ആവശ്യമുളളത്‌ പെന്റഗണിലും വൈറ്റ്‌ഹൗസിലും അന്തരാഷ്‌ട്ര കോർപ്പറേഷന്റെ ഓഫീസുകളിലുമാണ്‌. എന്തെന്നാൽ അവരുടെ പദ്ധതികളാണ്‌ പല സമൂഹങ്ങളുടെ നിരോധാനത്തിലും വിദൂരമല്ലാത്ത ഭാവിയിൽ നമ്മുടെയെല്ലാം നാശത്തിനും കളമൊരുക്കുന്നത്‌.” (1975ഃ12-13).

അധികാരം കയ്യാളുന്നവർ മറ്റ്‌ സമൂഹങ്ങളുമായി പൊതുവായി യാതൊന്നും തന്നെയില്ലെങ്കിലും, അവരുടെ ലോകവീക്ഷണത്തെക്കുറിച്ച്‌ ഒന്നും അറിയില്ലെങ്കിലും അവരുടെ വിധിയെഴുതുന്നു. അവർക്ക്‌ പ്രതിഷേധിക്കാനോ എന്തെങ്കിലും അഭിപ്രായം പറയാൻ പോലുമോ ഉളള സ്വാതന്ത്ര്യം നൽകാതെ തന്നെ. മൂന്നാം ലോക രാജ്യങ്ങളുടെ വിധി വലിയ അധികാരശക്തികൾ നിർണ്ണയിക്കുന്നു. ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ്‌ ബ്രിട്ടീഷുകാർ നശിപ്പിച്ചതെന്ന്‌ ബോഡിലി ചൂണ്ടിക്കാട്ടുന്നു. “ബംഗ്ലാദേശ്‌ നല്ല കൃഷിഭൂമിയായിരുന്നു. കൃഷിക്കനുയോജ്യമായ കാലാവസ്ഥ ധാരാളം വെളളം, നല്ല വളക്കൂറുളള എക്കൽമണ്ണ്‌, ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ്‌ 1757 ൽ ഇവിടെ പ്രാദേശികതലത്തിൽ പഞ്ഞി ഉല്‌പാദിപ്പിച്ചിരുന്നു. ആ കൃഷിക്ക്‌ സ്വയം നിലനില്‌പുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ ഭൂമി വ്യക്തകളുടെ കയ്യിൽ അധീനപ്പെട്ടിരുന്നില്ല. മാത്രമല്ല മാർക്കറ്റുമായി അത്‌ ബന്ധപ്പെട്ടിരുന്നുമില്ല. ബ്രിട്ടീഷുകാർ ബലമായി അവിടെ നീലം, ചണം മുതലായ നാണ്യവിളകൾ ഇറക്കുമതി ചെയ്യുകയും ഭൂമിയെ സ്വകാര്യവൽക്കരിക്കുകയും ചെയ്തു. പലവിധ ചെയ്തികൾ നിമിത്തം തനതുകൃഷി ഇല്ലാതാക്കി. ഏതാണ്ട്‌ 2&3 ഭാഗത്തോളം വരുന്ന ഗ്രാമീണ ഭവനങ്ങൾക്കും കൂടി ആകെയുളള കൃഷിഭൂമിയുടെ പത്ത്‌ ശതമാനത്തിൽ താഴെ മാത്രം ഭൂമിയാണ്‌ ഉണ്ടായിരുന്നത്‌. അതിൽ തന്നെ 1&3 ഭാഗത്തോളമ തീരെ ഭൂമി ഇല്ലാത്തവരുമായിരുന്നു. ഈ അവസ്ഥയിൽ ഭൂമി കൈവശമില്ലെങ്കിൽ ഭക്ഷണമില്ല എന്ന നിലവന്നു.” (1985-15). ഒന്നുകിൽ പതുക്കെ ആദിവാസികൾക്ക്‌ അവരുടെ ഭൂമി നഷ്‌ടപ്പെടുന്നു. അല്ലെങ്കിൽ വികസനം മൂലമുളള പുറമെക്കാരുടെ കുടിയേറ്റം നിമിത്തം ഒറ്റയടിക്ക്‌ തന്നെ ഭൂമി അവർക്ക്‌ നഷ്‌ടമാവുന്നു.

വളരെ മുൻപ്‌ മീഡ്‌ പറഞ്ഞുഃ “മാറ്റങ്ങൾ ഉണ്ടാകുന്ന ജനത അത്‌ ഉണ്ടാക്കുന്നവരുടെ ഉയർന്ന സാങ്കേതികതയുടെ അറിവ്‌ ഉപയോഗിച്ച്‌ ഉല്‌പാദനം വർദ്ധിപ്പിക്കുകയുമ പ്രകൃതി സമ്പത്ത്‌ സംരക്ഷിക്കുകയും ചെയ്യാൻ കഴിവുറ്റവരാകണം. പോഷക ഗുണമുളള ആഹാരംകൊണ്ട്‌ ആരോഗ്യം വർദ്ധിക്കണം. ആരോഗ്യപ്രവർത്തനം മൂലം മരണനിരക്ക്‌, പ്രാദേശികമായുണ്ടാകുന്ന സംക്രമിക രോഗങ്ങളുടെ നിരക്ക്‌ എന്നിവ കുറക്കാൻ കഴിയണം. രോഗങ്ങളുളള വ്യക്തികളെ സഹായിക്കാൻ കഴിയണം.”(1955ഃ12). നമ്മൾ ചെയ്യുന്നത്‌ ഇതിന്റെ നേർവിപരീതമാണ്‌. വികസന വേഷം ചമഞ്ഞ്‌ വരുന്നവരുമായി ബന്ധപ്പെടുമ്പോൾ ആദിവാസികൾക്കു തോന്നുന്നത്‌ വികസനത്തിന്റെ ഒഴിവാക്കാനാവാത്ത ഒരിനമാണ്‌ പുറത്തുനിന്നുളളവർ ‘വേണ്ടത്‌’ എന്നു വിശ്വസിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പ്രചരണം എന്നാണ്‌. ഈ പ്രശ്‌നം കാണിക്കാൻ ധാരാളം ഉദാഹരണങ്ങൾ ഉണ്ടെങ്കിലും ലക്ഷദ്വീപിലും ആൻഡമാൻ-നിക്കോബർ ദ്വീപുസമൂഹങ്ങളിലും സംഭവിച്ചത്‌ ഉത്തമ ഉദാഹരണമാണ്‌.

പുറത്തുനിന്നു വന്ന അധികാരികൾക്ക്‌ ലക്ഷദ്വീപിലെ ജനങ്ങൾ അവർ കഴിക്കുന്നപോലെ അരിയും മറ്റ്‌ ധാന്യങ്ങളും കഴിക്കുന്നില്ല എന്നത്‌ അസഹനീയമായി തോന്നി. അവർ അരിയും മറ്റ്‌ ധാന്യങ്ങളും അവിടെ പ്രചരിപ്പിച്ചു. ഇപ്പോൾ നടന്ന ഗവേഷണഫലങ്ങളിൽ കാണുന്നത്‌ ആ ജനത വിറ്റാമിൻ എ യുടെയും കാൽസിയത്തിന്റെയും കുറവുമൂലം കഷ്‌ടപ്പെടുന്നതായിട്ടാണ്‌. ധാരാളം മത്‌സ്യം കഴിക്കാനുളള ജനതക്ക്‌ കാത്‌സിയത്തിന്റെ കുറവ്‌! അത്ഭുതത്തിലുപരിയായി ഞെട്ടലുളവാക്കുന്ന കണ്ടെത്തലാണിത്‌. എങ്ങനെ ഇത്‌ സംഭവിച്ചു? വികസന പദ്ധതിക്കാരുടെയും അധികാരികളുടെയും പ്രയത്‌നം ഫലിച്ചതാണ്‌ കാരണം. (റോയ്‌ ഇതാൾ 1978)

റോയിയും അദ്ദേഹത്തിന്റെ സഹായികളും അവസാനിപ്പിക്കുന്നത്‌ “നിക്കോബാർ ജനതയുടെ ഭക്ഷണക്രമം സമ്പന്നവും പല വിഭവങ്ങൾ ചേർന്നതും പോഷകാഹാരത്തിന്റെ കാര്യത്തിൽ സംതൃപ്‌തികരവുമാണെന്നാണ്‌ കരുതിയിരുന്നത്‌. അത്‌ ഭാരതത്തിലെ ഏതു പ്രദേശത്തേക്കാളും സമ്പന്നവുമാണ്‌. എന്നാൽ ഇതിനു വിപരീതമായി ലക്ഷദ്വീപു സമൂഹങ്ങളിലെ ജനങ്ങളുടെ ഭക്ഷണക്രമം കാത്‌സിയം വൈറ്റാമിനുകൾ എന്നിവയുടെ കാര്യത്തിൽ തീരെ അപര്യാപ്‌തമാണ്‌, അവ പ്രോട്ടീൻ, കലോറിയുടെ അളവ്‌ എന്നീ അടിസ്ഥാന പോഷകങ്ങളുടെ കാര്യത്തിൽ പര്യാപ്തമാണെങ്കിലും” (1978ഃ41)

1967 മുതൽ ലിറ്റിൽ ആൻഡമാനിലെ ഓംഗെ വർഗ്ഗക്കാർക്ക്‌ അവരുടെ വിഭവങ്ങൾ ചൂഷണം ചെയ്യാനായി വരുന്ന പുറമെക്കാരെ സഹിക്കേണ്ടിവന്നു. അധികാരികളും ഒട്ടും പുറകിലായിരുന്നില്ല. പൂർണ്ണമായ കൊളോണിയലിസം 1976 ൽ ആണ്‌ ഉണ്ടായത്‌. അവിടെ വസിച്ചിരുന്ന ഓംഗെ വർഗ്ഗക്കാരെ എല്ലാം ഒരു പ്രത്യേക സ്ഥലത്തേക്ക്‌ മാറ്റി പാർപ്പിച്ചു. അവരെ വടക്കു കിഴക്കൻ സമുദ്രതീരത്തും, തെക്കൻ ഉൾക്കടലിന്റെ ഭാഗത്തുമായി ഒതുക്കി കോളനിയാക്കി. സംരക്ഷകരെന്ന വ്യാജേന അരി, മറ്റു ധാന്യങ്ങൾ, എണ്ണ മുതലായവ കൊടുക്കാൻ തുടങ്ങി. ഗവൺമെന്റ്‌ ഉടമസ്ഥതയിലുളള 75 ഏക്കർ തെങ്ങിൻ തോട്ടത്തിൽ പണിയെടുക്കാനായി ഇവരെ നിയോഗിക്കുകയും കൂലി ശബളമായി കൊടുക്കുകയും ചെയ്‌തു. ആസൂത്രകരുടെ സങ്കല്പത്തിലുളള പോഷകാഹാരം നൂറ്റാണ്ടുകളായി പാരമ്പര്യഭക്ഷണം കഴിക്കുകയും പോഷകഗുണത്തെ പറ്റി തനതായ കാഴ്‌ചപ്പാടുളള ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുമ്പോൾ ലക്ഷദ്വീപിൽ സംഭവിച്ചതു തന്നെ ഇവിടെയും ആവർത്തിക്കുന്നു. പ്രോട്ടീൻ സമ്പന്നമായ ഒരു സമതുലിതാഹാരമാണ്‌ അന്നജവും പഞ്ചസാരയും മാത്രമുളള ഭക്ഷണമായി മാറ്റുന്നത്‌. ഇൻഡ്യയിൽ നിന്നു മാത്രമല്ല ആസ്‌ത്രേലിയ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക ഇവിടങ്ങളിലെ ഉദാഹരണങ്ങളും എങ്ങനെയാണ്‌ സംസ്‌കാരമുളളവർ എന്ന്‌ അവകാശപ്പെടുന്ന പുറമെക്കാർ നടത്തുന്ന പാരമ്പര്യ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ പോഷകാഹാരകുറവിലേക്ക്‌ നയിക്കുന്നത്‌ എന്ന്‌ കാണിക്കുന്നു. ഈ പുതിയ ഭക്ഷണ പദാർത്ഥങ്ങൾ ആകർഷണീയങ്ങളായ പൊതികളിൽ വരുന്നവയാകാം, അവക്ക്‌ പാരമ്പര്യ ഭക്ഷണത്തേക്കാളും പദവിയും മോഹനത്വവും ഉണ്ടാകാം, അവ ബഹുരാഷ്‌ട്രകുത്തകകളുടെ കീശ വീർപ്പിക്കുന്നവയാകാം. എന്നാൽ അവ പോഷകഗുണം കുറഞ്ഞതാണ്‌. (ബോഡിലി 1982, 1985; ചെംബേഴ്‌സ്‌ ഃ 1985, മീഡ്‌ ഃ 1955)

വികസന പദ്ധതികൾ ബോധപൂർവ്വം ഭക്ഷണക്രമം മാറ്റിയില്ലെങ്കിലും വികസനഫലമായുണ്ടാകുന്ന മാറ്റങ്ങൾമൂലമ ആദിവാസികൾ മാർക്കറ്റ്‌ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നു. സാധനങ്ങളുടെ കൈമാറ്റം നാണയ വ്യവസ്ഥിതിയിലേക്ക്‌ മാറുന്നു. ഉപഭോഗസംസ്‌കാരം ഉണ്ടാകുന്നു. മിക്കപ്പോഴും പ്ലാനിംഗ്‌ കമ്മീഷനുകൾപോലും കണ്ടുപിടിച്ചപോലെ ഉയർന്ന സാമ്പത്തികത കൂടുതൽ സമതുലിതവും പോഷകഗുണമുളളതുമായ ഭക്ഷണക്രമം സൃഷ്‌ടിക്കുന്നില്ല. കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും ആദിവാസികൾ മാത്രമല്ല സാക്ഷരരായവരും നാഗരികരുമായ ജനങ്ങൾപോലും ഉപഭോഗസംസ്‌ക്കാരത്താൽ ധൂർത്തടിക്കുകയാണ്‌. ജനങ്ങൾ വാച്ച്‌, ട്രാൻസിസ്‌റ്റർ, ടേപ്പ്‌ റെക്കോർഡർ, കൃത്രിമവസ്‌ത്രങ്ങൾ എന്നിവയ്‌ക്കാണ്‌ അധികം പണവും വിനിയോഗിക്കുന്നത്‌. ഭക്ഷണം കഴിക്കുന്നത്‌ വീടിനകത്തു വച്ചാകയാൽ മറ്റുളളവർ കഴിക്കുന്നതെന്തെന്ന്‌ അറിയുന്നില്ല. മറിച്ച്‌ ഭൗതിക വസ്‌തുക്കളുടെ സാന്നിദ്ധ്യം സമൂഹത്തിലെ നില ഉയർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനുവേണ്ടി ധാരാളം പണം ചെലവഴിച്ചാലും അങ്ങനെ കിട്ടുന്ന ഭക്ഷണത്തിന്‌ ഉയർന്ന സാമ്പത്തിക മൂല്യമോ ഉയർന്ന പദവിയോ ഉണ്ടാകുമെങ്കിലും പോഷകമൂല്യം കുറയാനാണ്‌ സാദ്ധ്യത.

ബോഡിലി ഇത്‌ വളരെ വ്യക്തമായി പറയുന്നുഃ “കിട്ടിയിട്ടുളള എല്ലാ തെളിവുകളും കാണിക്കുന്നത്‌ മാർക്കറ്റ്‌ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ ആദിവാസികളുടെ ഭക്ഷണക്രമത്തിന്റെ പോഷകമൂല്യം കൂട്ടുന്നതിനു പകരം കുറക്കുകയാണ്‌ ചെയ്‌തിട്ടുളളത്‌. പ്രത്യേകിച്ച്‌ വിറ്റാമിൻ, ധാതുക്കൾ, പ്രോട്ടീൻ എന്നിവയുടെ ഉപഭോഗം വല്ലാതെ കുറയുന്നു. പകരം അന്നജം കാർബോഹൈഡ്രേറ്റ്‌ എന്നിവ ധാന്യമാവിന്റെയും സംസ്‌ക്കരിച്ച പഞ്ചസാരയുടെയും രൂപത്തിൽ കഴിക്കുന്നു. ആദിവാസികൾ തനതു ഭക്ഷണം ഒഴിവാക്കി ഇറക്കുമതി ചെയ്‌ത സംസ്‌ക്കരിച്ച ഭക്ഷണക്രമത്തിലേക്ക്‌ മാറിയപ്പോൾ പോഷകാഹാരകുറവ്‌, ദന്തരോഗങ്ങൾ എന്നിവ ഉണ്ടാവുകയാണ്‌ ചെയ്‌തിട്ടുളളത്‌. പോഷകാഹാരത്തിന്റെ ശരീരശാസ്‌ത്രം വളരെ സങ്കീർണ്ണമാണ്‌. അത്‌ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന മാറ്റങ്ങളെപോലും ദുരന്തത്തിലേക്ക്‌ എത്തിക്കുന്നു. (1982ഃ156)

ഹൗവാർഡ്‌, മക്കിം എന്നിവരുടെ അഭിപ്രായത്തിൽ പോഷകാഹാരക്കുറവ്‌ എന്ന പ്രശ്‌നം സാധാരണമായി ഉണ്ടാകുന്നത്‌ ജനസംഖ്യ വർദ്ധനയുളള കാർഷിക-വ്യാവസായിക സമൂഹങ്ങളിലാണ്‌. അത്‌ ഒരിക്കലും ചെറിയ സമൂഹങ്ങളുടെ ഒരു പ്രശ്‌നമല്ല. നായാടി നടക്കുന്നവരും ചെറിയ തോതിൽ കൃഷി ചെയ്യുന്നവരും പോഷകാഹാരകുറവ്‌ അനുഭവിക്കുന്നത്‌ അവരുടെ പാരമ്പര്യ ജീവിതവൃത്തി മാറ്റി പുതിയത്‌ അടിച്ചേൽപ്പിക്കുമ്പോഴാണ്‌. (1983ഃ379) പലയിടത്തി നിന്നുമുളള തെളിവ്‌ കാണിക്കുന്നത്‌ ശരിയായ രീതിയിൽ ഒരു സമൂഹത്തിന്റെ ജീവിതവൃത്തി മാറ്റുക എന്നത്‌ സംഭവിക്കാൻ വളരെ ബുദ്ധിമുട്ടാണ്‌ എന്നാണ്‌. അതിനാൽ ധൃതിപിടിച്ച്‌ ഭക്ഷണക്രമം മാറ്റുന്നതിനുമുമ്പാണ്‌ അല്ലാതെ അതിനുശേഷമല്ല അതിന്റെ പ്രശ്‌നങ്ങളെ കുറിച്ചു ചിന്തിക്കേണ്ടത്‌.

ഭക്ഷണക്രമങ്ങൾ ബോഡിലിയുടെ അഭിപ്രായത്തിൽ ”വേണ്ടത്ര പോഷകാഹാരം നേടുന്നതിനു നടത്തുന്ന സാംസ്‌ക്കാരിക പ്രവർത്തനങ്ങളാണ്‌. ഒരു ഭക്ഷണക്രമം തൃപ്‌തികരമാണ്ടെങ്കിൽ അത്‌ രണ്ടു സാമാന്യ പ്രശ്‌നങ്ങളെ അതിജീവിക്കണം. 1) അത്‌ ദീർഘകാലം കൊണ്ടുപോലും പ്രകൃതിസമ്പത്തിന്റെ നാശം ഉണ്ടാക്കരുത്‌. (2) അത്‌ സമതുലിതമായ ആഹാരം ജനങ്ങൾക്ക്‌ നൽകണം. ആദിവാസികളുടെ വനസമ്പത്തിൽ പുറമെക്കാർ ഇടപെടാത്തിടത്തോളം കാലം അവരുടെ ഭക്ഷണക്രമങ്ങൾ ഈ രണ്ടു പ്രശ്‌നങ്ങളെയും അതിജീവിച്ചിരുന്നു. സ്വസംസ്‌ക്കാര കേന്ദ്രീകൃത വീക്ഷണമുളള വളരെകുറച്ച്‌ സാമ്പത്തിക ശാസ്‌ത്രജ്ഞർ മാത്രമെ സാങ്കേതികതയിലുളള കുറവുമൂലം ആദിവാസികൾ ആഗ്രഹങ്ങളെ അടക്കുകയാണ്‌ ചെയ്യുന്നത്‌ എന്നും കൂടുതൽ ഉയർന്ന സാങ്കേതികത അവരുടെ അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളെ സ്വതന്ത്രമാക്കും എന്നും വിശ്വസിക്കുന്നത്‌. ഷാലിൻസ്‌ (1972) പറയുന്നത്‌ ഉല്‌പാദനക്ഷമതയും അതിനു ചിലവാക്കുന്ന സമയ-ഊർജ്ജചിലവും സംബന്ധിച്ച്‌ ആദിവാസി സമൂഹങ്ങളുടെ ഇടയിൽ നടത്തിയ ആഴമേറിയ പഠനങ്ങൾ കാണിക്കുന്നത്‌ ഏറ്റവും സാങ്കേതികത കുറഞ്ഞ സമൂഹങ്ങൾ പോലും ജീവിതവൃത്തിക്കു വേണ്ടത്‌ തൃപ്‌തികരമായ വിധത്തിൽ കുറഞ്ഞ ചെലവിൽ നിറവേറ്റുന്നു എന്നാണ്‌.

വികസന പദ്ധതികൾക്ക്‌ രൂപം നൽകുന്നവർ വികസനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ആദിവാസികളെ അവരുടെ പ്രകൃതിസമ്പത്ത്‌ പുറമെക്കാരുടെ ഉപയോഗത്തിനുവേണ്ടി ചൂഷണം ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ്‌. ഇതിന്റെ ഫലമായി ആദിവാസികൾ മുമ്പു പറഞ്ഞപോലെ സ്വയം ഇരകളാകുന്നു. സാധാരണ സംസ്‌ഥാനങ്ങൾ നടത്തുന്ന ഭൂമി പിടിച്ചെടുക്കൽ ആദിവാസികളുടെ ഭക്ഷണം തേടലിനെയും ഭക്ഷ്യോല്‌പാദനത്തെയും ബാധിക്കുന്നു. ഇങ്ങനെ ഭൂമി പിടിച്ചെടുക്കുന്നതിനു പറയുന്ന ന്യായം പുനംകൃഷിക്കും നാടോടി നടക്കുന്ന അജപാലനത്തിനും ഉണ്ടെന്നു വിശ്വസിക്കുന്ന കാര്യക്ഷമതയില്ലായ്‌മയും നിലനില്‌പിനായുളള സമ്പദ്‌വ്യവസ്ഥയുടെ അസ്ഥിരാവസ്ഥയുമാണ്‌. പക്ഷേ വളരെ ലളിതമായി തന്നെ വ്യവസായിക സമ്പദ്‌വ്യവസ്ഥയാണ്‌ കാര്യക്ഷമമല്ലാത്തതും അസ്ഥിരവും എന്ന്‌ വാദിക്കാവുന്നതാണ്‌. ആദിവാസികളുടെ ജീവനസമ്പ്രദായം ഊർജ്ജ വിതരണം വച്ച്‌ നോക്കിയാൽ വളരെയധികം ഉല്‌പാദനക്ഷമവും പാരിസ്ഥിതികമായി അടിത്തറയുളളതുമാണ്‌. (ബോഡിലി ഃ 1982 ഃ 10)

കുടിയേറ്റത്തെക്കുറിച്ച്‌ മാർഗററ്റ്‌ മീഡ്‌ പറയുന്നത്‌“ജനസംഖ്യ വർദ്ധനവ്‌ ഉൾപ്രദേശങ്ങളെ കാര്യമായി ബാധിച്ചു. വേട്ടമൃഗങ്ങൾ ഇല്ലാതായി. പല സ്ഥലങ്ങളിലും ജനപ്പെരുപ്പം കൂടുതൽ വനഭൂമി കൃഷിഭൂമിയാക്കി. അതുമൂലമുണ്ടായ മണ്ണിന്റെ ദാരിദ്ര്യം കുറഞ്ഞ വിളവുകൾ മാത്രമല്ല അവശ്യധാതുക്കൾ കുറഞ്ഞ ധാന്യങ്ങൾ ഉണ്ടാകുന്നതിനും കാരണമായി. മണ്ണൊലിപ്പുമൂലം കൃഷിക്കാർ നദീമുഖങ്ങളിൽ പോയി മണ്ണെടുത്ത്‌ കൃഷി ചെയ്യേണ്ടതായി വന്നു.” (മീഡ്‌ 1955 ഃ195). പുറത്തു നിന്നുളളവരുടെ സമ്പർക്കം മൂലം വിള സൂക്ഷിക്കുന്നതിനുളള പാരമ്പര്യരീതികൾ നഷ്‌ടമാകുകയും പുതിയ വിളകൾ സൂക്ഷിക്കുന്ന സമ്പ്രദായം അറിയാതെ വരുകയും ചെയ്യുന്നതായി മീഡ്‌ ചൂണ്ടിക്കാട്ടുന്നു. (196).

ഒരു സംസ്‌ക്കാരത്തിലേക്ക്‌ പുതുമകൾ ഇറക്കുമതി ചെയ്യുമ്പോൾ ഏതെങ്കിലും ഒരു മേഖലയിലെ മാറ്റങ്ങൾ മറ്റു മേഖലകളെയും മാറ്റുമെന്നും അതുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക്‌ കൂടി ഉത്തരം കാണേണ്ടതുണ്ട്‌ എന്ന വസ്‌തുതയും ആരും ചിന്തിച്ചു കാണുന്നില്ല. ഈ സ്വഭാവത്തെയാണ്‌ നാം സംസ്‌ക്കാരത്തിന്റെ ആപേക്ഷികത എന്നു പറയുന്നത്‌. അതായത്‌ വിശ്വാസങ്ങളും പ്രവൃത്തികളും സംസ്‌ക്കാരത്തിന്റെ മൊത്തം വെളിച്ചത്തിലാണ്‌ വിശകലനം ചെയ്യേണ്ടത്‌ (മീഡ്‌ 1955 ഃ 13)

കണ്ടുപിടുത്തങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ശ്രദ്ധ ആവശ്യമാണ്‌. കാരണം മാറ്റം ഇരുതലമൂർച്ചയുളള ആയുധമാണ്‌. കുറച്ചുപേർക്ക്‌ ഗുണം ചെയ്യുമ്പോൾ കൂടുതൽ പേർക്ക്‌ അത്‌ ഹാനികരമായേക്കാം. അടുത്തിടെ വന്ന ലേഖനത്തിൽ കുരിയൻ ഈ ആശയം വളരെ ശക്തമായി വാദിച്ചുഃ “സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങൾ അവ വളരെ ചെറിയ സാങ്കേതിക കണ്ടുപിടുത്തങ്ങൾ മുതൽ വലിയ വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾ വരെ ഏതായാലും നിഷ്‌പക്ഷമായിട്ടല്ല ബാധിക്കുന്നത്‌. ചിലർ ഗുണഭോക്താക്കളാകുന്നു. ചിലർ ഇരകളും. ‘സാമ്പത്തിക വികസനം’ ഏതെങ്കിലും സമൂഹത്തിൽ ഇറക്കുമതി ചെയ്‌തതായാലും താനെ പരിണമിച്ചുണ്ടായതാണെങ്കിലും ചിലർക്ക്‌ ഗുണവും ചിലർക്ക്‌ ദോഷവും ചെയ്യുന്നു. (കുരിയൻഃ 1986ഃ1)

ചേംബറിനും ഈ അഭിപ്രായമുണ്ട്‌. ‘വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങളിൽ അപൂർവ്വമായി മാത്രമാണ്‌ എല്ലാവരും ഗുണങ്ങൾ നേടുന്നത്‌. വലിയ വികസന പദ്ധതികളിൽ ജനങ്ങൾക്കുണ്ടാകുന്ന അപകടസാദ്ധ്യത,ഉണ്ടാകും എന്നു പറയപ്പെടുന്ന ഗുണങ്ങളെക്കാൾ വളരെ കൂടുതലാണ്‌. ആസൂത്രണങ്ങൾക്ക്‌ ആവശ്യം വേണ്ടത്‌ ഇത്‌ ചെയ്യുന്നവർക്ക്‌ മനുഷ്യരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ശരിയായ വിലനിർണ്ണയത്തിന്‌ കഴിയുമെന്ന്‌ ഉറപ്പു വരുത്തലാണ്‌. സാധാരണയായി അവർക്ക്‌ അത്‌ അറിയാറില്ല. മറ്റവസരങ്ങളിൽ അറിയുമെങ്കിലും മൂടിവെക്കുന്നു. (1985ഃ91)

കുരിയനോ ചേംബറോ കാണുന്നപോലെ വികസനരംഗത്തു പ്രവർത്തിക്കുന്ന അധികാരികൾ വസ്‌തുതകളെ കാണുന്നില്ല എന്നത്‌ ദുഃഖകരമാണ്‌. അവർ ഇത്തരം പദ്ധതികളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. ചില നരവംശ ശാസ്‌ത്രജ്ഞർക്ക്‌ ’വികസനം‘ എന്ന പദത്തോട്‌ ഭയം കലർന്ന ഒരുതരം ആദരവാണുളളത്‌. അവർ ആദിവാസികൾ മുഖ്യധാരയിലേക്ക്‌ ചേരണമെന്ന്‌ ശക്തമായി വാദിക്കുന്നു. ഇത്‌ അവർക്കിഷ്‌ടമാണോ എന്നത്‌ അവർക്ക്‌ പ്രശ്‌നമല്ല. ഈ ചിന്തയുടെ അടിസ്ഥാന കാരണം നമുക്കിഷ്‌ടപ്പെടുന്നത്‌ ആദിവാസികൾക്കും ഇഷ്‌ടമാവണം എന്ന ചിന്തയാണ്‌.

സാങ്കേതികത ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുമ്പോൾ ഒരിടത്ത്‌ ഗുണകരമായിരുന്നത്‌ മറ്റൊരിടത്ത്‌ നാശത്തിന്‌ വഴിവെക്കും എന്നറിയുന്നില്ല. എല്ലാ സമൂഹങ്ങളും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്‌ നിശ്ചിതമായ വഴിയിൽ കൂടി പോകേണ്ടതില്ല എന്നത്‌ വളരെ ഗുണകരമാണെന്നതുപോലെ പ്രത്യേക രീതിയിലുളള സാങ്കേതിക വിദ്യ വികസിക്കുന്നത്‌ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യകത അനുസരിച്ചാണ്‌ എന്നും ഓർമ്മിക്കുന്നത്‌ നല്ലതാണ്‌. നാം ഇന്ന്‌ കാണുന്ന വിധത്തിലുളള സാങ്കേതികതയുടെ വളരെ ലളിതമായ ഇറക്കുമതി ഭൂരിപക്ഷം അവസരങ്ങളിലും യോജിച്ചുപോകുന്നില്ല. ഫോസ്‌റ്റർ കുമ്പസാരിക്കുന്നുഃ ”ആദ്യം ഞങ്ങൾ വിചാരിച്ചത്‌ സാങ്കേതികവിദ്യയുടെ ഇറക്കുമതി വളരെ ലളിതമായ പ്രവർത്തനമാണെന്നാണ്‌. അതായത്‌ ആകെ വേണ്ടത്‌ ജനങ്ങൾക്ക്‌ സാങ്കേതികതയുമായി ബന്ധപ്പെട്ട ശാസ്‌ത്രീയവും പ്രായോഗികവുമായ ഉത്തരങ്ങൾ കൊടുക്കുക എന്നതാണ്‌. പക്ഷേ അത്‌ വിചാരിച്ചതിലും സങ്കീർണ്ണമാണ്‌. അതായത്‌ ലളിതമായ പ്രയോഗശാസ്‌ത്രത്തിന്റെപോലെ സാംസ്‌ക്കാരികമായ, നൈതികമായ മൂല്യങ്ങളുടേതായ തലങ്ങളും അതിനുണ്ട്‌. സാങ്കേതികതയുടെ മാത്രം വികസനം എന്ന പദം തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. ഓരോ സാങ്കേതിക വിദ്യയുടെയും ഭൗതിക വസ്‌തുക്കളുടെയും മാറ്റത്തിനു സമാനമായിതന്നെ സമീപനങ്ങളിൽ, ചിന്തകളിൽ, മൂല്യങ്ങളിൽ പെരുമാറ്റത്തിൽ മാറ്റമുണ്ടാകുന്നു. ഭൗതികമായ വസ്‌തുക്കളിൽ ഉണ്ടാകുന്ന മാറ്റത്തോടനുബന്ധിച്ചുണ്ടാകുന്ന ഭൗതികേതരമായ മാറ്റങ്ങൾ ആഴം കൂടിയതാണ്‌. പലപ്പോഴും അവ കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. ഭൗതികമായതോ സാമൂഹ്യമായതോ ആയ പുരോഗമനംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ അത്‌ മറ്റ്‌ മേഖലകളിൽ ഉണ്ടാക്കിയ നാശം എത്ര കുറവാണ്‌ എന്നു കൂടി നോക്കിയിട്ടാണ്‌. (1973-4)

സാങ്കേതികവിദ്യ മാത്രമല്ല, പുതിയ വിത്തുകൾ, ഭക്ഷണപദാർത്ഥങ്ങൾ, മൃഗങ്ങൾ എന്നിവയുടെ ഇറക്കുമതിയും, മുൻകൂട്ടി കാണാൻപോലുമാവാത്തത്ര ആഴത്തിലുളള പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. ഫോസ്‌റ്റർ ശരിയായി തന്നെ നിരീക്ഷിക്കുന്നുഃ “ജനങ്ങളെ മാറ്റാൻ സഹായിക്കുന്നതിനുളള നൈതികമായ അർഹത നേടുന്നതിന്‌ ധർമ്മപ്രചാരകരുടെതിനു തുല്യമായ നിലയിലുളള ശ്രദ്ധയും, ക്ഷമയും ഉത്‌സാഹവും ആവശ്യമാണ്‌. ഇതിന്റെ അർത്ഥം വികസനം നടപ്പാക്കുന്ന ആൾ ജനങ്ങൾക്ക്‌ വേണ്ടി പദ്ധതി തയ്യാറാക്കുകയല്ല, ജനങ്ങളെ സ്വന്തം പ്രശ്‌നങ്ങൾക്കുളള യഥാർത്ഥ ഉത്തരം മനസ്സിലാക്കാൻ പ്രവർത്തിപ്പിക്കാനാണ്‌ ശ്രമിക്കേണ്ടത്‌.” (അടിവര ലേഖകന്റെ) (1973 ഃ254). ഇങ്ങനെ ചെയ്യുന്ന വികസനപ്രവർത്തകരില്ലെന്ന്‌ പറയാവുന്നതാണ്‌.

എന്തിനാണ്‌ വികസനം?

ബോഡിലിയുടെ വാദത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലെയും ഗവൺമെന്റിന്റെ പ്രാഥമിക ഉദ്ദേശം അവരുടെ അധീനതയിലുളള ഭൂമിയുടെ കാര്യക്ഷമമായ ചൂഷണമാണ്‌. മുമ്പ്‌ ചില രാജ്യങ്ങളിലുണ്ടായപോലെ ഇപ്പോൾ ഇവർ ആഭാസകരമായ രീതിയിൽ വർഗ്ഗങ്ങളെ ഉന്‌മൂലനാശം വരുത്തുകയല്ല ചെയ്യുന്നത്‌. എങ്കിലും 150 വർഷങ്ങൾക്ക്‌ മുമ്പ്‌ വ്യവസായിക ശക്തികൾ പരക്കാൻ തുടങ്ങിയപ്പോഴുണ്ടായ അതേ മനോഭാവം ഇപ്പോഴും മാറ്റമില്ലാതെ നിൽക്കുന്നു. (1982) വികസനപദ്ധതിക്കാരുടെ ആദിവാസി സമൂഹങ്ങളെക്കുറിച്ചുളള സ്വസംസ്‌കാര കേന്ദ്രീകൃതമായ വ്യാഖ്യാനങ്ങൾ സുലഭമാണ്‌. ബോഡിലിയുടെ അഭിപ്രായത്തിൽ സംസ്‌കൃതിയുടെയും വ്യവസായവൽക്കരണത്തിന്റെയും ഉല്‌പന്നങ്ങളായ പട്ടിണി, അനാരോഗ്യം, ദാരിദ്ര്യം എന്നിവ ആദിവാസി സമൂഹങ്ങൾക്കുണ്ട്‌ എന്ന തെറ്റിദ്ധാരണയാണ്‌ ഇതിനുകാരണം. സ്വയം പര്യാപ്തരായ ആദിവാസികൾ ഒരിക്കലും അവികസിത വിഭാഗങ്ങളിൽപെടുന്നില്ല. ദാരിദ്ര്യം എന്ന ആശയം നിലനില്പിന്നുവേണ്ട സമ്പദ്‌വ്യവസ്ഥ അനുവർത്തിക്കുന്ന ആദിവാസികളുടെ ഇടയിൽ അപ്രസക്തമാണെന്നും നാം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്‌. (1982ഃ11)

വികസനപ്രവർത്തകർ ഒരു പ്രത്യേക സ്ഥലത്തെ ജനങ്ങളുടെ അവസ്ഥ മാറ്റാൻ ശ്രമിക്കുന്നത്‌ അവർക്ക്‌ പോഷകാഹാരക്കുറവ്‌, ദാരിദ്ര്യം, ആരോഗ്യകുറവ്‌ എന്നിവ അവരുടെ സമ്പദ്‌വ്യവസ്ഥമൂലമാണെന്നു ധരിച്ചിട്ടാണ്‌. സമ്പന്നമായ പ്രകൃതി വിഭവങ്ങൾക്കിടയിൽ കഴിയുന്നവർ അത്‌ ചൂഷണം ചെയ്യാതിരിക്കുന്നത്‌ മഠയത്തരമാണെന്ന്‌ വികസനപ്രവർത്തകർ ധരിക്കുന്നു. ഇതിനു കാരണം സാങ്കേതികതയുടെ കുറവാണെന്ന്‌ വികസന പ്രവർത്തർ ’കണ്ടെത്തുന്നു‘. മാത്രമല്ല അലഞ്ഞു തിരിയുന്ന അജപാലനം, പുനംകൃഷി, ഒരു ഭൂവിഭാഗം കത്തിക്കുന്നത്‌ എന്നിവ പരിസ്ഥിതിനാശം ഉണ്ടാക്കുമെന്ന്‌ വിശ്വസിക്കുന്നു. എന്നാൽ ഇതിനു വിപരീതമായി ഇങ്ങനെ കത്തിക്കുന്നത്‌ പരിസ്ഥിതിയുടെ ഉല്പാദനക്ഷമത കൂട്ടാൻ സഹായിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ കത്തിക്കുമ്പോൾ മണ്ണിന്റെ വളക്കൂറ്‌ വർദ്ധിപ്പിക്കുന്നു, ഔഷധസസ്യങ്ങളുടെ വളർച്ച കൂട്ടുന്നതിനും സഹായിക്കുന്നു. കത്രിക്കൽ മുഖേന കുറ്റിച്ചെടികളുടെയും മരങ്ങളുടെയും വളർച്ച കൂടുന്നു. ഇത്‌ വേട്ടമൃഗങ്ങളുടെ ഭക്ഷണത്തിന്റെ അളവും പോഷകഗുണങ്ങളും വർദ്ധിപ്പിക്കുന്നു. വേട്ടമൃഗങ്ങളുടെ എണ്ണം മൂന്നു മുതൽ ഏഴു മടങ്ങുവരെ വർദ്ധിപ്പിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യവും ഉല്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നു. ഇങ്ങനെ ഇടക്കിടെ കത്തിക്കുന്നതുമൂലം ചാമ്പലുകൾ കുമിഞ്ഞ്‌ കൂടുന്നത്‌ കുറയുകയും കാട്ടുതീ വിരളമാകുകയും ചെയ്യുന്നു. പ്രകൃതിസമ്പത്ത്‌ വേണ്ടുംവണ്ണം ചൂഷണം ചെയ്യേണ്ടതെങ്ങനെയാണ്‌ എന്ന്‌ ആദിവാസികൾക്ക്‌ അറിയില്ല എന്ന്‌ പറയുന്നവർ അടിയന്തിരമായി ഒരു ആത്മപരിശോധന നടത്തേണ്ടതാണ്‌. ആദിവാസികളോ കൃഷിക്കാരോ മീൻ പിടുത്തക്കാരോ വേണ്ടപോലെ പ്രകൃതിയെ അറിയുന്നില്ലെന്നും പ്രകൃതിയെ ചൂഷണം ചെയ്യാൻ അവരുടെ സാങ്കേതികത അനുവദിക്കുന്നില്ലെന്നുമുളള വാദങ്ങൾക്ക്‌ യാതൊരു ശാസ്‌ത്രീയതയുമില്ല. ആദിവാസികൾ കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നവരാണെങ്കിലും ചുറ്റുമുളള പ്രകൃതിയെക്കുറിച്ച്‌ ആഴത്തിലുളളതും പ്രായോഗികമായതുമായ അറിവുളളവരാണെന്ന്‌ ധാരാളം തെളിവുകൾ കാണിക്കുന്നു. (ബോഡിലി 1985ഃ48)

കാനഡയുടെ ഉൾഭാഗത്തുളള ഇൻഡ്യക്കാർ എട്ട്‌ രീതിയിലുളള പതിമൂന്ന്‌ തരം മഞ്ഞിനെ തിരിച്ചറിയുന്നു. ഈ അറിവ്‌ ഉറഞ്ഞ തടാകങ്ങളുടെയും നദികളുടെയും ഉപരിതലത്തിലുളള അവരുടെ സഞ്ചാരത്തെ സഹായിക്കുന്നു. മിൻഡോറാ ദ്വീപിലുളള ഹനുനൂവംശജർ (ഫിലിപ്പൈൻസ്‌) മണ്ണിന്റെ 10 തരങ്ങളും 30 അവാന്തര വിഭാഗങ്ങളും തിരിച്ചറിയുന്നു. 450 തരം മൃഗങ്ങളും, 1600 ലധികം ചെടികൾ അവയിൽ 400 ഓളം സസ്യശാസ്‌ത്രജ്ഞർക്ക്‌ അറിയാത്തത്‌ ആദിവാസികൾക്കറിയാം.

നിലനില്പിനായുളള സമ്പദ്‌വ്യവസ്ഥയിൽ ജീവിക്കുന്നവർക്ക്‌ നമ്മുടെ സ്‌ക്കൂൾ പഠിപ്പിന്റെ ആവശ്യകത ഇല്ല. സ്ഥാപന വിദ്യാഭ്യാസമില്ലായ്മയും എഴുത്തിന്റെ അഭാവവും വിദ്യാഭ്യാസമില്ലാത്തതായി തെറ്റിദ്ധരിക്കരുത്‌. ഒരു സമൂഹത്തിന്‌ അതിന്റെ തനതായ സമ്പ്രദായങ്ങളുപയോഗിച്ച്‌ പ്രകൃതിസമ്പത്ത്‌ ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ തെളിവാക്കേണ്ടത്‌.

ആദിവാസി വികസന പ്രവർത്തകരായ നരവംശശാസ്‌ത്രജ്ഞർക്ക്‌ മനസ്സിലായത്‌ ഈ പ്രവർത്തനങ്ങൾ പലതും തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുളളതാണ്‌ എന്നാണ്‌. ഇതിന്റെ നേട്ടങ്ങളും നഷ്‌ടങ്ങളും വളരെ കുറച്ചു മാത്രമേ ചിന്തിച്ചിട്ടുളളു. ചേംബർ (1985-91) പറഞ്ഞതുപോലെ നഷ്‌ടങ്ങൾ പലതും അറിയുമെങ്കിലും പുറത്തുവിട്ടിരുന്നില്ല. വികസനപ്രവർത്തനങ്ങൾ ആദ്യം തെറ്റിയാലും പിന്നെ ശരിയാക്കാം എന്ന രീതിയിൽ പറ്റുന്നവയല്ല. തെറ്റ്‌ പിന്നെ ശരിയാക്കാൻ പറ്റില്ല. കാരണം നാം ഇടപെടുന്നത്‌ മനുഷ്യരുമായാണ്‌. അജൈവ പദാർത്ഥങ്ങളുമായല്ല. വികസന പദ്ധതിക്കാരുടെ സാഹസങ്ങൾ മൂലം കഷ്‌ടപ്പെടുന്നവരെ ’പുരോഗതിയുടെ ഇരകൾ‘ (ബോഡിലി 1983) ’വികസനത്തിന്റെ ഇരകൾ‘ (ചേംബർ 1985-90) ’സാമ്പത്തിക മാറ്റങ്ങളുടെ ഇരകൾ‘ (കുരിയൻ 1986) എന്നിങ്ങനെ പല രീതിയിലും വ്യവഹരിക്കുന്നുണ്ട്‌. പദ്ധതികൾ ആദിവാസികളെ ഇരകളാക്കി മാറ്റുന്നുവെന്ന്‌ അടുത്തിടെ പ്രസിദ്ധീകരിക്കുന്ന പല നരവംശ ശാസ്‌ത്രലേഖനങ്ങളും ഐക്യകണ്ഠന സമ്മതിക്കുന്നുണ്ട്‌. ഈ സന്ദർഭത്തിൽ നരവംശശാസ്‌ത്രജ്ഞർ ചെയ്യേണ്ടതെന്താണ്‌? ആദിവാസി സമൂഹങ്ങളെയും നിലനില്പിനുളള സമ്പദ്‌വ്യവസ്ഥയേയും പറ്റിയുളള ശരിയായ അറിവ്‌ വികസന പദ്ധതിക്കാരുടെ ചിന്തകളിൽ ചലനം സൃഷ്‌ടിക്കുമെന്നു മാത്രമല്ല സാമൂഹ്യ സാംസ്‌ക്കാരിക അവസ്ഥ കണക്കിലെടുക്കാതെയുളള വികസനം ആവശ്യമാണോ എന്ന ചോദ്യത്തിലേക്കും വഴി തെളിയിക്കും.

Generated from archived content: kattariv_adivasi.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here