എഴുതി തയ്യാറാക്കിയത്, അക്കോർഡ് (ACCORD) ന്റെയും, ഗൂഡല്ലൂർ ആദിവാസി മുന്നേറ്റ സംഘത്തിന്റേ(AMS)Th”Research and Documentation wing ൽ പ്രവർത്തിക്കുന്ന സി. ലളിതയും കൂട്ടുകാരും
നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിൽ പണിയർ, കാട്ടുനായ്‌ക്കർ, ബെട്ടക്കുറുമ്പർ, മുളളക്കുറുമ്പർ എന്നിങ്ങനെ അഞ്ചുവിഭാഗത്തിലുളള ആദിവാസികളാണ് പണ്ടുകാലം മുതലേ ജീവിച്ചുവന്നിരുന്നത്. കാട്ടിലോ കാടിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലോ ജീവിച്ചിരുന്നതുകൊണ്ടുതന്നെ പ്രകൃതിയുമായ് ഇഴചേർന്നുകിടക്കുന്നതായിരുന്നു ഇവരുടെ ഭക്ഷണരീതികളും വീടുവയ്‌ക്കലും ചടങ്ങുകളുമെല്ലാംതന്നെ. മേൽപറഞ്ഞ അഞ്ച് വിഭാഗം ആദിവാസികളിൽ ഗൂഡല്ലൂരിലെ ‘ആദിവാസി മുന്നേറ്റസംഘം’ കൂടുതലായി ഇടപെട്ട് പ്രവർത്തിക്കുന്ന പണിയർ, കാട്ടുനായ്‌ക്കർ, ബെട്ടക്കുറുമ്പർ, മുളളക്കുറുമ്പർ തുടങ്ങിയ വിഭാഗക്കാർ പഴയകാലം മുതലേ ആഹാരത്തിനായി ഉപയോഗിച്ചുവന്ന വസ്‌തുക്കളെയാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. എല്ലാ വിഭാഗക്കാരും താഴെ പരാമർശിക്കുന്ന എല്ലാ വസ്‌തുക്കളും ഉപയോഗിക്കുന്നുണ്ടെങ്കിൽപോലും ഓരോ കൂട്ടരും കൂടുതലായും ഇഷ്‌ടത്തോടെയും ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന ഒന്നോരണ്ടോ വസ്‌തുക്കളെപ്പറ്റിമാത്രമാണ് അതാത് വിഭാഗക്കാരോട് ചേർത്തുപ്പറയുന്നത്.
പണിയർ. ‘കൂൺ’ ആണ് പണിയരുടെ ഒരു ഇഷ്‌ട ആഹാരപദാർത്‌ഥം. പണിയഭാഷയിൽ കുമ്മൻ എന്നാണിതിനെ പറയുക. മഴക്കാലത്താണ് ഇത് അധികമായും കിട്ടുന്നത്. പലതരം കൂണുകൾ. പറ്റുകുമ്മൻ, തവളക്കുമ്മൻ, നെല്ലിക്കുമ്മൻ, കോയിക്കുമ്മൻ, കാരെകുമ്മൻ, മാങ്കുമ്മൻ, കരടിക്കുമ്മൻ, നായ്‌മുലെക്കുമ്മൻ, കായൽക്കണ്ടൻ കുമ്മൻ, അമ്പുംകുമ്മൻ, ചീരുംകുമ്മൻ (വളക്കുമ്മൻ), പെരുക്കാലൻകുമ്മൻ, ചക്കെക്കുമ്മൻ, പില്ലുകുമ്മൻ, നേണുങ്കുമ്മൻ, മഞ്ചകുമ്മൻ, കാതുകുമ്മൻ, പന്റികർളികുമ്മൻ, മുർളെകുമ്മൻ, കോതകുമ്മൻ, മരക്കുമ്മൻ, യേരുകൊർട്ടികുമ്മൻ, താളികുമ്മൻ, വെളളകുമ്മൻ, ചവലെക്കുമ്മൻ, അരികുമ്മൻ എന്നിങ്ങനെ 26 തരമാണുളളത്. ഈ കൂണുകളുടെ കൂട്ടത്തിൽ ഏറ്റവും വലുത് ‘കരടികുമ്മ’നാണ്. രണ്ടാമത് ‘പെരുക്കാലകുമ്മൻ’. ഏറ്റവും ചെറുത് ‘താളികുമ്മൻ’. പൊതുവേ കൂണുകളേയെല്ലാം കറിവച്ചാണ് കഴിക്കുക. ചക്കെകുമ്മൻ, പുറ്റുകുമ്മൻ, താളികുമ്മൻ, കരടികുമ്മൻ, നേണുങ്കുമ്മൻ തുടങ്ങിയവ ഒരേയിടത്തിൽ കൂട്ടമായാണ് ഉണ്ടാവുക എന്നതിനാൽതന്നെ ഇവ ധാരാളമായി കിട്ടും. കൂൺവകകളിൽ വച്ചേറ്റവും രുചികരം പുറ്റുകുമ്മൻ തന്നെയാണത്രേ. ഇത് ചിതൽപുറ്റുകളിലും പുറ്റിന്റെ ചുറ്റുവട്ടത്തുമാണ് ഉണ്ടാവുക. ഒരു സ്‌ഥലത്ത് മുളച്ചുണ്ടായാൽ പിന്നെ അതേസ്‌ഥലത്ത് അതേ ദിവസം ഉണ്ടാകുമെന്നതും, നല്ല മണമുണ്ടെന്നതുമാണ് പുറ്റുകുമ്മന്റെ സവിശേഷത. ഇത് കൈകൊണ്ട് മാത്രമേ പറിക്കാവൂ. കത്തിയോ കൈക്കോട്ടോ മറ്റോ ഉപയോഗിച്ചാലും അതുപോലെ പറിച്ചതിന് ശേഷം അടുപ്പിലിട്ട് ചുട്ടാലും അതേസ്‌ഥലത്ത് അടുത്തകൊല്ലം പുറ്റുകുമ്മനുണ്ടാവില്ല എന്ന് പറയപ്പെടുന്നു. ഏറ്റവും രുചികരമായതുകൊണ്ടും ധാരാളം ലഭിക്കുന്നതുകൊണ്ടുംതന്നെ സ്വന്തമാവശ്യം കഴിഞ്ഞ് ബാക്കിയുളള പുറ്റുകുമ്മനെ ആദിവാസികളല്ലാത്തവർക്കും വിൽക്കാറുണ്ട്. പന്റികർളി, പെരിക്കാലികുമ്മൻ, കോതകുമ്മൻ, നായ്‌മുലെക്കുമ്മൻ തുടങ്ങിയവയൊക്കെ ഏറിയാൽ രണ്ടോമൂന്നോ മാത്രമേ കിട്ടാറുളളൂ. കറിവെയ്‌ക്കാൻ വേണ്ടത്ര കിട്ടാത്തതുകൊണ്ട് ഈ കൂണുകൾ ചുടുകയാണ് പതിവ്. വാഴയിലയിലോ, മത്തങ്ങയുടെ ഇലയിലോ ഉപ്പുംമുളകും തേച്ച് വൃത്തിയാക്കിയ കുമ്മൻ അതിൽ പൊതിഞ്ഞ് തീയിലിട്ട് ചുട്ടെടുത്തും ചിലപ്പോൾ ചുട്ടതിനുശേഷം ചതച്ച് ചമ്മന്തി പോലാക്കിയിട്ടുമാണ് ഇത് കഴിക്കുക. കരടികുമ്മൻ മാത്രമാണ് ഉണക്കിയെടുത്ത് വച്ച് ഉപയോഗിക്കുന്നത്. ചോലകളിൽ മരത്തിൽ പടർന്നുകയറുന്ന ‘നേണ്’ എന്ന വളളിച്ചെടിയുടെ അടിയിലായി ഉണ്ടാകുന്നതരം കൂൺ ആണ് നേണുങ്കുമ്മൻ. ഇത് ചുടാനോ കറിവയ്‌ക്കാനോ പാടില്ല, പച്ചയ്‌ക്ക് മാത്രമേ തിന്നാവൂ. കോയികുമ്മൻ, നായ്‌മലെകുമ്മൻ, പുറ്റുകുമ്മൻ എന്നിവയൊക്കെ പച്ചയ്‌ക്കും കറിവച്ചും കഴിക്കും.
ബെട്ടക്കുറുമ്പർ ‘തേവേയ്‌ക്‌റി’ എന്ന് ബെട്ടക്കുറുമ്പ ഭാഷയിലറിയപ്പെടുന്ന ചീരവകകളാണ് ഇവരുടെ ഇഷ്‌ടവിഭവം. റാകിയും ചീരകളുമാണത്രെ പണ്ടുമുതൽക്കുളള ഇവരുടെ പ്രധാനഭക്ഷണം. റാകി കൃഷിചെയ്‌തും ചീരകൾ കാട്ടിൽനിന്നും മറ്റുമാണിവർക്ക് കിട്ടാറുളളത്. പലതരം ചീരകൾ (നട്ടുവളർത്തുന്നത്)
1. കുമ്പാളേയ്‌ക്‌റി (മത്തങ്ങയുടെ ഇല)
2. കട്‌കേയ്‌ക്‌റി (കടുകിന്റെ ഇല)
3. ബുംതാളേയ്‌ക്‌റി (ഇളവന്റെ ഇല)
4. ത്യെരെയ്‌ക്‌റി (ചൊരക്കയുടെ ഇല)
5. ചിൽക്കിരേയ്‌ക്‌റി (പരുപ്പിന്റെ ഇല)
6. ക്യാമ്പെ യ്‌ക്‌റി (ചേമ്പിന്റെ ഇല), (പറമ്പിൽനിന്നും കാട്ടിൽനിന്നും കിട്ടുന്നത്)
7. കാങ്കെയ്‌ക്‌റി (മണിതക്കാളി)
8. ചാത്തെയ്‌ക്‌റി (തകരയില)
9. ഇബണ്ടേയ്‌ക്‌റി (പൊന്നാങ്കണി)
10. മുളേളയ്‌ക്‌റി (മുളളൻചീര)
11. കാസിനേയ്‌ക്‌റി (ഒട്ടുമുളളുചീര)
12. താവെയ്‌ക്‌റി (ചുരുളിചീര)
13. കിരേ യ്‌ക്‌റി (തണ്ടു ചീര)
14. ദഗ്‌ലേയ്‌ക്‌റി (ചാണകത്തിനടുത്ത് വളരുന്നത്)
15. കേൽഗൊണ്ടെയ്‌ക്‌റി (നിലത്ത് പടരുന്നത്)
16. യംനിലേയ്‌ക്‌റി (വയലിൽ കിട്ടുന്നത്)
17. കിർബുട്ടേയ്‌ക്‌റി
18. തായ്‌ലേയ്‌ക്‌റി
19. കക്‌തുമ്പേയ്‌ക്‌റി
20. യേരിങ്കേയ്‌ക്‌റി
21. സാംകീരേയ്‌ക്‌റി
22. കണ്ണേയ്‌ക്‌റി
23. സീകേയ്‌ക്‌റി
24. കാച്ചനേയ്‌ക്‌റി
25. കിർത്തേയ്‌ക്‌റി
26. കട്ട്‌ബണ്ടേയ്‌ക്‌റി
27. കെരഞ്ചട്ടേയ്‌ക്‌റി
28. ആലേയ്‌ക്‌റി
29. കൊളാനേയ്‌ക്‌റി
30. കാളേയ്‌ക്‌റി
31. കുതിർകൊമ്പിലേയ്‌ക്‌റി
32. ബൈൺകീരേയ്‌ക്‌റി
33. കൂമ്പേയ്‌ക്‌റി
34. യെർടിയേയ്‌റി
35. ഇന്ദ്രാണിയ്ക്‌റി
36. ഉച്ചൻ കീരേയ്‌ക്‌റി
37. നെതർകീരേയ്‌ക്‌റി
38. തോട്ട്‌കീരേയ്‌ക്‌റി
39. സപ്പർബതൻകായ്ക്‌റി
40. പന്തൽ ബതനേയ്‌ക്‌റി
41. കട്ടക്കല്ലേയ്‌ക്‌റി
42. തെഹിലേയ്‌ക്‌റി
ഇതിൽ ഇപ്പോൾ കിട്ടാത്തവ കിർബുട്ടേയ്‌ക്‌റി, യേരിങ്കേയ്‌ക്‌റി, സീകേയ്‌ക്‌റി, ആലേയ്‌ക്‌റി, കട്ടക്കല്ലേയ്‌ക്‌റി, ഇന്ദ്രാണിയ്ക്‌റി, കൂമ്പേയ്‌ക്‌റി, തായ്‌ലേയ്‌ക്‌റി, എന്നിവയാണ്. ഇവ വലിയ കാടുകളിൽനിന്നും ലഭിച്ചേക്കാം എന്ന് പറയപ്പെടുന്നു. ബെട്ടക്കുറുമ്പർ പണ്ടൊക്കെ കഴിക്കാൻ റാകിയോ ചോറോ ഒന്നും തന്നെ കിട്ടിയില്ലെങ്കിലും ഈ ചീരവകകൾ വെറുതേ ഉപ്പിട്ട് വേവിച്ച് കയ്‌പുണ്ടെങ്കിൽ അതിലെ വെളളംപിഴിഞ്ഞു കളഞ്ഞും അല്ലെങ്കിൽ വെളളത്തോടുകൂടിയും തിന്നിട്ട് വെളളവുംകുടിച്ച് വയറുനിറയ്‌ക്കാറുണ്ടത്രെ.
കാട്ടുനായ്‌ക്കർഃ കാടുകളുമായി ഏറ്റവുമധികം ഇടപെട്ട് ജീവിച്ചിരുന്നതും ഇപ്പോഴും ജീവിക്കുന്നതും കാട്ടുനായ്‌ക്കരാണ്. കിഴങ്ങുകളും തേനുമായിരുന്നു പ്രധാന ആഹാരം. ഗൾസ് എന്നാണ് കിഴങ്ങിന് കാട്ടുനായ്‌ക്കർ പറയുന്നത്. പലതരം കിഴങ്ങുകൾ (വീട്ടിൽ നട്ടുവളർത്തുന്നത്)
1. ശേവ് (ചേമ്പ്)
2. ചേനെ (ചേന)
3. ബൂളെ (കപ്പ)
4. ഹാലെ (മധുരക്കിഴങ്ങ്)
5. ഗൾസ് (കാച്ചിൽ)
6. ഗൂർഗെൻ (കൂർക്ക)
7. നടെ (കുഴിക്കിഴങ്ങ്) (കാട്ടിൽനിന്നും ലഭിക്കുന്നവ)
8. നാര
9. നൂറ
10. എഗ്ഗ്
11. ബെണ്ണി
12. ശോട്ടി
13. കവലെ
14. ഗൊണ്ട് നൂറെ
15. യേരെ.
ഇതിൽ ഹാലെ, ബൂളെ, എഗ്ഗ് എന്നിവ മാത്രമാണ് പച്ചയ്‌ക്കും വേവിച്ചും കഴിക്കാവുന്നത്. (എഗ്ഗ് പച്ചയ്‌ക്ക് അധികം കഴിക്കാൻ പാടില്ല.) മറ്റെല്ലാംതന്നെ വേവിച്ചുമാത്രമേ കഴിക്കാറുളളത്രേ. തേനിന് ജേൻ എന്നാണിവർ പറയുക. പലതരം തേനുകൾ.
1. ജേൻ (കൊമ്പ് തേൻ വലിയ മരങ്ങളിലും മറ്റും കാണുന്ന തരം തേൻ)
2. തുടെ ജേൻ (മരപ്പൊത്തുകളിൽ മുകളിലേയ്‌ക്കായി പറ്റിപ്പിടിച്ച് കാണുന്നതരം തേൻ)
3. നസർ ജേൻ (കൊതുതേൻ)
4. കടിജേൻ (ചെറിയ ചെറിയ പൊന്തകളിലും കാപ്പിച്ചെടിയുടെ കൊമ്പുകളിലും മറ്റും കാണുന്ന തേൻ)
5. തത്ത്‌ജേൻ (മരപ്പൊത്തുകൾക്കുളളിൽ താഴേക്കായിപറ്റിപ്പിടിച്ച് കാണുന്ന തേൻ. മരപ്പൊത്തിൽ താഴേയ്‌ക്ക് വെളളം വീഴാൻ സാധ്യതയുളളതുകൊണ്ട് ഇതിൽ ജലാംശം കൂടുതൽ കാണും). കൂടുതലായും മഴക്കാലത്ത് (ഏപ്രിൽ മുതൽ ജൂലായ് മാസം വരെ) ആണ് തേൻകിട്ടുന്നത്. ‘ജേൻ’ (കൊമ്പുതേൻ) മാത്രമേ വെയിൽകാലത്തും കിട്ടൂ.
മുളളകുറുമ്പർ മുളളകുറുമ്പർ പണ്ടുകാലം മുതലേ കൃഷിചെയ്‌തും വേട്ടയാടിയുമാണ് ജീവിച്ചിരുന്നത്. പണ്ടൊക്കെ ഇവർക്ക് ധാരാളം കൃഷിയിടങ്ങൾ സ്വന്തമായുണ്ടായിരുന്നു. നെല്ല്, റാകി, ചാമ തുടങ്ങിയ ധാന്യങ്ങളും പലതരം പയർവർഗ്ഗങ്ങളും എളള്, പച്ചക്കറികൾ പലതരം വാഴകൾ തുടങ്ങിയവയുമാണ് കൃഷിചെയ്‌തിരുന്നത്. പലതരം നെല്ലുകൾ വാൾച്ച, തൊണ്ടി, അടുക്കെൻ, അന്നപ്പറ്റ, ചോമല, വെളുമ്പാല, പാൽതൊണ്ടി, പുഞ്ച, കറുത്തൻ, തൈച്ചിങ്ങൻ, ചണ്ണ, ജീരജാല എന്നീ പഴയ വിത്തിനങ്ങളും ജയ, ചവ്‌രി, പവിഴം, ഐ.ആർ 8, തുടങ്ങിയ പുതിയ വിത്തിനങ്ങളും ആണ് ഇക്കൂട്ടർ കൃഷിക്കുപയോഗിക്കുന്നത്. പഴയ വിത്തിനങ്ങളിൽ കറുത്തൻ, അന്നപ്പറ്റ എന്നിവമാത്രം തീരെ ഇല്ലാതായിരിക്കുന്നു. നെൽകൃഷി പൊതുവായി മിക്കവിത്തുകളും സാധാരണപോലെ, ആദ്യം വിത്തുവിതച്ച് മുളപ്പിച്ചശേഷം ഞാറ് പറിച്ചുനടുകയാണ് ചെയ്യുന്നത്. എന്നാൽ വാൾച്ച, പുഞ്ച, കറുത്തൻ എന്നിവ വ്യത്യാസമായാണ് കൃഷിചെയ്യുന്നത്.
വാൾച്ച ഃ ആദ്യം കന്നുപൂട്ടി വയൽ ശരിയാക്കിയ ഉടനെ വിത്ത് വിതച്ച് അത് മുളച്ച് കതിർവരുന്നതിന് മുമ്പായി അതിൻമേലെകൂടെ വീണ്ടും കന്നുപൂട്ടുന്നു. പിന്നീടത് അങ്ങനെതന്നെ വളരാൻവിട്ട് കതിർവന്ന് വിളഞ്ഞശേഷം കൊയ്യുന്നു.
കറുത്തൻ ഃ ഈ വിത്തിനം സാധാരണയായി വയലിലല്ല, പകരം റാകിയും ചാമയും വിതയ്‌ക്കുന്നപോലെ കരയിൽതന്നെയാണ് കൃഷിചെയ്യാറുളളത്. ഇത് മൂന്ന് മാസത്തിനുളളിൽ കൊയ്‌തെടുക്കാൻപറ്റും. ഇപ്പോളീ വിത്തിനം അന്യം നിന്നുപോയിരിക്കുന്നു.
പുഞ്ച ഃ വയൽ ഉഴുതുശരിയാക്കിയ ഉടനേ വിത്ത് വിതച്ച് ഞാറുപറിച്ച് മാറ്റിനടാതെ അങ്ങനെതന്നെ വളരാൻവിടുന്നു. കതിർവന്ന് വിളഞ്ഞശേഷം കൊയ്യുന്നു. ഈ പഴയതരം വിത്തിനങ്ങൾ സാധാരണയായി 4, 5 മാസങ്ങൾക്കുളളിൽ മാത്രമേ വിളവെടുക്കാൻ സാധിക്കുകയുളളൂ. അതുകൊണ്ട് ഇപ്പോൾ മിക്കവരും കുറച്ചുമാത്രം പഴയ വിത്തിനങ്ങളും കൂടുതലും ഒരുവർഷത്തിൽ രണ്ടുപ്രാവിശ്യമെങ്കിലും വിളവെടുക്കാൻ പറ്റുന്ന പുതിയ വിത്തിനങ്ങളുമാണ് വിതയ്‌ക്കുന്നത്. പഴയ വിത്തിനങ്ങളിൽനിന്നും ലഭിക്കാറുളള വൈക്കോൽ പൊതുവേ നല്ല നീളമുളളവയായിരുന്നതുകൊണ്ട് അവ വീടുമേയാൻ ധാരാളമായി ഉപയോഗിക്കാറുണ്ട്.
നായാട്ട് നായാട്ടിന്റെ കാര്യത്തിൽ ഈ പ്രദേശത്തുളള മറ്റ് ഏത് ആദിവാസികളെക്കാളും കഴിവുളളവരും ആഹാരത്തിനായിമാത്രമെന്നല്ലാതെ നായാട്ടിനെ ചടങ്ങുകളുടെ ഒരു ഭാഗമായിപ്പോലും കൊണ്ടാടുന്നവരാണ് മുളളകുറുമ്പർ. നായാട്ടു പോകാത്ത ഒരു കല്യാണംപോലും മുളളകുറുമ്പർക്കിടയിൽ നടന്നിട്ടുണ്ടാകയില്ലത്രേ. ചെറിയ അമ്പും വില്ലുമൊക്കെയുണ്ടാക്കി കുട്ടികളെ നായാട്ടുപഠിപ്പിക്കുവാനായികൂടിയാണ് ‘ഉച്ചാർ’ എന്ന ഉത്‌സവം തന്നെ ഇവർ കൊണ്ടാടുന്നത്. അമ്പ്, വില്ല്, കത്തി, കുന്തം എന്നീ ആയുധങ്ങളോടെ നായ്‌ക്കളുടെ സഹായത്തോടെയാണ് ഇവർ നായാട്ടിനിറങ്ങുന്നത്. പണ്ടൊക്കെ കാട്ടുപോത്ത്, മാൻ, കാട്ടുപന്നി, മുളളൻപന്നി, കാട്ടാട്, മുയൽ, കാട്ടുകോഴി തുടങ്ങിയവയൊക്കെയാണ് ഇവർ വേട്ടയാടി പിടിക്കാറുളളത്. ഏതെങ്കിലും ഒരു മൃഗത്തെ വേട്ടയാടിപിടിച്ചുകഴിഞ്ഞാൽ വേട്ടയ്‌ക്കുവന്നവരുടെ കൂടെ അവരുടെ കുടിയിലെ (കുടി ഒരു കൂട്ടം വീടുകൾ. ഒരു കുടിയിലുളളവർ കൂട്ടംചേർന്നാണ് വേട്ടയ്‌ക്ക് പോവുക) കാരണവർ കൂടെയില്ലെങ്കിൽപോലും ഒരുപങ്ക് അദ്ദേഹത്തിനായിമാറ്റിവയ്‌ക്കും. എന്നിട്ട് ആരാണോ ആ മൃഗത്തിനെ ആദ്യമായി അമ്പെയ്‌തത് അയാൾക്ക് തലയും, ഒരു തുടയും അമ്പ് കൊണ്ടു വീണ മൃഗത്തിനെ ആരാണോ ആദ്യമായി ചെന്ന് പിടിച്ചത് അയാൾക്ക് കഴുത്തും കുടലും പ്രത്യേകമായി നൽകും. ബാക്കിയുളള ഇറച്ചി നായാട്ടിൽ പങ്കെടുത്ത എല്ലാവർക്കുമായി സമമായി പങ്കുവയ്‌ക്കും. മറ്റൊരു പ്രത്യേകത വേട്ടയാടികിട്ടിയ മൃഗത്തിനെ പങ്കുവയ്‌ക്കുന്ന ‘പപ്പ് ’ എന്നറിയപ്പെടുന്ന ഇടത്തിൽ വന്നുപെടുന്ന ആർക്കും വന്നയാൾ നായാട്ടിൽ പങ്കെടുത്തിട്ടില്ലെങ്കിൽ കൂടി ഇറച്ചിയുടെ ഒരു പങ്ക് കിട്ടുമെന്നതാണ്. ഇനിയൊന്ന് തലഭാഗം കിട്ടുന്നയാൾ അത് വീട്ടിൽ കൊണ്ടുവന്ന് കറിവച്ചാലും അതിൽനിന്ന് കുറേശ്ശെ ആ കുടിയിലെ മറ്റുവീട്ടുകാർക്കും നൽകണമെന്നാണ്. സാധാരണയായി ഇറച്ചി വേവിച്ചാണ് കഴിക്കുക. ചിലപ്പോൾ ആവശ്യത്തിലധികം കിട്ടിയാൽ ഉണക്കിസൂക്ഷിക്കാറുണ്ട്.
ഈ നാല് ആദിവാസി വിഭാഗങ്ങളുടേയും ആഹാരകാര്യങ്ങളെപ്പറ്റിയുളള മേൽവിവരിച്ച കാര്യങ്ങളത്രയും അതാത് കൂട്ടരിലെ കാരണവൻമാരുമായി സംസാരിച്ച് കേട്ടെഴുതിയതാണ്. ഈ തലമൂത്തവർ പറഞ്ഞുതന്ന പലകാര്യങ്ങളും അതാത് സമുദായത്തിലെ ഇളയ തലമുറയിൽ പലർക്കുമറിയില്ല. ഇതിന് കാരണം ആദിവാസികളുടെ ജീവിതരീതികളിൽതന്നെ വന്ന വലിയ മാറ്റമാണ്. സർക്കാരിന്റേയും വനംവകുപ്പിന്റേയും ഇടപെടലുകളാൽ കാട്ടിൽനിന്ന് പുറത്താക്കപ്പെടുകയും അവശ്യസാധനങ്ങൾ സംഭരിക്കാൻപോലും കാട്ടിലേയ്‌ക്കുളള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്‌തതോടെ എല്ലാറ്റിനും പുറംലോകത്തെ ആശ്രയിക്കാൻ നിർബന്ധിതരായി. മറ്റൊന്ന് പണ്ടുകാലം മുതൽക്കേ സ്വന്തമായി കൃഷിചെയ്‌തുവന്നിരുന്ന മുളളക്കുറുമ്പരെപ്പോലുളളവരുടെ കൃഷിഭൂമി കൈയ്യേറ്റപ്പെട്ടും നിലനിൽപിനായി വിറ്റും അന്യാധീനപ്പെട്ടതാണ്. കാട്ടിനുളളിൽകയറി മുയലിനെ വേട്ടയാടിയാലോ തേനെടുത്താലോ മുളവെട്ടിയാലോപോലും ശിക്ഷയനുഭവിക്കേണ്ടിവരും എന്ന നിലയിലാണവർ. ഇങ്ങനെ പല കാരണങ്ങളാൽ ഇവരുടെ കാട്ടറിവുകൾ ഇല്ലാതാവുകയും മുമ്പവർക്കുണ്ടായിരുന്ന ആഹാരരീതികൾ മാറുകയും ചെയ്‌തിരിക്കുന്നു.
Generated from archived content: katt_may16.html Author: nattariv-patana-kendram