ബെട്ടകുറുമ്പ കടങ്കഥകൾ

1. ഒരു ചെറിയ പയ്യന്‌ ഭയങ്കര തിമിര്‌ – കാന്താരി മുളക്‌

2. അഞ്ചുകൊക്കിന്‌ ഒരേ മുട്ട – വിരലുകൊണ്ട്‌ ചോറുരുട്ടുന്നത്‌.

3. അമ്മയുടെ വയറ്റിലിരുന്ന്‌ പിറക്കുമ്പോഴേ കുട്ടിക്ക്‌ വായിലാകെ മുടി- ചോളം

4. ഒരാൾ കുളത്തിലിറങ്ങി കുളിച്ചുവരുമ്പോൾ മേലാകെ പോളം – പപ്പടം

5. ഒരു ചെറിയ പാത്രത്തിലെ ചോറ്‌ ആയിരം പേര്‌ തിന്നും – ചുണ്ണാമ്പ്‌

6. മുളങ്കൊമ്പിന്റെ തുമ്പത്തൊരു മൊട്ടക്കാക്ക നോക്കിരിക്കുന്നു – ചെരട്ടക്കയിൽ

7. വെളളംപോലും കിട്ടാത്തിടത്തൊരാൾ കല്യാണം നടത്തുന്നു! – തേനീച്ച

8. ആകാശത്തിലും വിളയില്ല, ഭൂമിയിലും വിളയില്ല – ഉപ്പ്‌

9. ഒരു രാജാവിന്‌ ആയിരം കോട്ട്‌ – സവോള ഉളളി

10. വെളള കത്തിരിക്കായ്‌ക്ക്‌ കാമ്പില്ല – മുട്ട

11. ഒരു ചെറിയ മനുഷ്യന്‌ വയറുനിറയെ പല്ല്‌ – മത്തങ്ങ

12. ഇവിടെ ആളെ വെട്ടിയാൽ അവിടെ ചോര തെറിക്കും – മുറുക്കിത്തുപ്പുന്നത്‌

13. ആയിരം കുരങ്ങിന്‌ ഒരേ പാല്‌ – വാഴക്കുലയുടെ തണ്ട്‌

14. ഒരു ചെറിയ മനുഷ്യനെ നുളളിയാലെ ചോര വരും – പപ്പായ

15. വെട്ടിയാലും വെട്ടിയാലും മുറിയില്ല – വെളളം

16. ഒരു മനുഷ്യന്‌ പത്തുകാല്‌. പക്ഷേ, അങ്ങോട്ട്‌ പോകുമ്പോ അഞ്ച്‌ കാലില്‌ നടക്കും, ഇങ്ങോട്ട്‌ പോകുമ്പോ അഞ്ച്‌ കാലില്‌ നടക്കും – ഞണ്ട്‌

17. നാല്‌ കടലിലെ വെളളവും ഒരു ചെറിയ പാത്രത്തിൽ – പാലുകറക്കുന്നത്‌

18. ഒരേ കുപ്പിയില്‌ രണ്ട്‌ തൈലം – മുട്ട

19. ചത്ത മനുഷ്യൻ തെരുവു തെരുവാ അലയും – ഉണക്കമീൻ

20. ആരാരുമില്ലാത്തൊരു നാട്ടിൽപോയി രാജാവ്‌ കുടുംബം നടത്തുന്നു – തേനീച്ച

21. എപ്പഴും മൂന്നു കുതിര പുറത്തേറി യാത്ര ചെയ്യുന്ന രാജാവ്‌ – അടുപ്പുകല്ലും കലവും

22. മേലെ മുളളുകോട്ട്‌, ഉളളിൽ വെളള കോട്ട്‌ – ചക്ക

23. അമ്മ ചൊറിപിടിച്ചിരിക്കും, പുളള നല്ലായിരിക്കും – ചക്ക, ചക്കക്കുരു

24. കയ്യും കാലും വായുമുളള മനുഷ്യന്‌ പക്ഷേ, ചോരയില്ല – ഞണ്ട്‌

Generated from archived content: katt_july2.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here