മരുത്, താണി, തമ്പകം, മാവ്, ഐനി, പൂവിലഞ്ഞി, പുന്ന തുടങ്ങിയ മരങ്ങളാണ് പൊതുവേ വഞ്ചിനിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. വിശ്വകർമ്മജരുടെ കുലത്തൊഴിലാണിത്. മരക്കമ്പനികളിലോ തടിഉടമകളുമായോ നേരിൽ കണ്ടുറപ്പിച്ചശേഷം ആവശ്യമായ അളവിൽ മില്ലുകളിൽ അറപ്പിച്ചെടുത്തശേഷം പണിയിടങ്ങളിലെത്തിക്കുന്നു. 11&2 ഇഞ്ച് കനമുളള പലകകളുപയോഗിച്ചുളള കെട്ടുവളളങ്ങളും നിശ്ചിതകനമുളള തടി ചെത്തി മിനുക്കി നീളത്തിലുളള ‘ചെമ്പ്‌തറ’ (ചെമ്പാണ) അടിച്ചുണ്ടാക്കുന്ന തറവഞ്ചികളും ഇപ്പോഴും സർവ്വസാധാരണമാണ്.
മണിക്കാല് (ചെത്തിയെടുത്ത കാലുകളെ ബന്ധിപ്പിക്കുന്ന കാലുകൾ) വക്ക്, തല, പട്ടാണം (അടിഭാഗം), പളള(വശം), പിളളപട്ടാണം(പളളയുടെ താഴെയുളളഭാഗം) മുൺട്രോസ്(തലയുടെ അടിഭാഗം) തുടങ്ങിയവയാണ് തറവഞ്ചിയുടെ ഭാഗങ്ങൾ. ഇവയോരോന്നും അനുയോജ്യമായ രീതിയിൽ ‘തറ’കളുപയോഗിച്ച് ഉറപ്പിച്ചാണ് ഈയിനം വഞ്ചികൾ നിർമ്മിക്കുന്നത്. കെട്ടുവളളങ്ങൾക്ക് കൊമ്പ് (തലഭാഗം), മരം(തലകഴിഞ്ഞുളള ഭാഗം), പട്ടാണം, പളള, മണിക്കാൽവക്ക്, വില്ലി(ബീഡിംഗ്), കൊപ്പിരിപ്പലക&നീരക്ക് (പട്ടാണം കഴിഞ്ഞ് വക്കിനു മുകളിലുളള ഭാഗം) തുടങ്ങിയ ഭാഗങ്ങളുണ്ടാകും. ഇവയോരോന്നും അരികുഭാഗം തുളച്ച് നേരിയ കയറുപയോഗിച്ച് ചകിരിവച്ച് പൊതിഞ്ഞ് മട്ടക്കെട്ട് കെട്ടി പലകയിലെ കുടുതികൾ (ദ്വാരം)ചകരിവച്ച് അടയ്‌ക്കുന്നു.
കടലിലെ വളളങ്ങൾക്ക് ഉയരവും ചുരുളും കൂടിയ കൊമ്പുമരമുണ്ടാകും. തല പണിതതിനുശേഷം കൊമ്പുമരത്തോടുകൂടി ‘കാവോട്ടം’ എന്ന ഭാഗവും വില്ലികളിൻമേൽ നിശ്ചിതകനമുളള ‘കട്ട’കളും പിടിപ്പിക്കാറുണ്ട്. മറ്റുപണിയെല്ലാം സാധാരണ തറവഞ്ചിയുടേതിന് തുല്യമാണ്. പണിപൂർത്തിയായ വഞ്ചിയിൻമേൽ കശുവണ്ടിനെയ്യ് പുരട്ടി മരംപറ്റിക്കുന്നു. അതിനുശേഷം കീൽ, വേപ്പെണ്ണ, പഞ്ഞി ഇവ ചേർത്തുണ്ടാക്കുന്ന ‘കെച്ച്’ തേച്ചുപിടിപ്പിച്ച് വിടവുകളടയ്‌ക്കുന്നു. അണ്ടിനെയ്യും എല്ലാഭാഗത്തും അടിക്കാറുണ്ട്. തുടർന്ന് ഒന്നോരണ്ടോ ദിവസം കഴിഞ്ഞതിനുശേഷമാണ് ‘കവിങ്ങിൻപട്ട’ നിരത്തി നിലംതൊടാത്ത രീതിയിൽ വഞ്ചിയെ വെളളത്തിലിറക്കുന്നത്.
വീതുളി, എടുളി, വല്യെടുളി, കൊച്ചെടഉളി, നെല്ലുളി(വരയുന്നതിന്), വട്ടവായ (ചെമ്പുതറ പറ്റിക്കാനുളളത്), വാച്ചി (വളഞ്ഞഉളി), ഇരുമ്പ് (തറപിടിക്കാൻ), ചിന്തേര്, കൊട്ടുവടി, ചുറ്റിക തുടങ്ങിയവയാണ് വഞ്ചിനിർമ്മാണത്തിന്റെ പണിയായുധങ്ങൾ. ഉളികൾ വെളളാരം കല്ലുപൊടി വിതറിയ ‘തേക്കാംതടി’യിൽ തേച്ചാണ് മൂർച്ചവരുത്തുന്നത്. കെട്ടുവളളങ്ങളും തറവഞ്ചികളും 51&4, 71&4, 81&4, 101&4 കോൽ നീളമുളളവയാണ് തുടർന്നുവരുന്ന നീളംകൂടിയ വളളങ്ങൾക്ക് സർക്കാർ അനുമതിയോടെ ഉളള ‘കനാൽ പതിവ്’ വഞ്ചിത്തലമേൽ രേഖപ്പെടുത്താറുണ്ട് (111&4, 121&4, 131&4, 141&4). കടൽവളളങ്ങൾ സാധാരണയായി 141&4 കോൽ നീളമുളളവയും ‘കനാൽ പതിവ്’ ബാധകമല്ലാത്തവയുമാണ്. വാലൻ, മുരിങ്ങ, ശംഖുവാലൻ, കടന്നൽക്കണ്ണൻ തുടങ്ങിയവയാണ് വഞ്ചികളെ ആക്രമിക്കുന്ന കീടങ്ങൾ. വഞ്ചിപണി തുടങ്ങുന്നതിന് മുൻപ് ഉടമസ്‌ഥൻ ആശാരിക്ക് ദക്ഷിണ നൽകാറുണ്ട്. പണി പൂർത്തിയായശേഷം കോടിമുണ്ട് പാരിതോഷികം നൽകുന്ന ‘തച്ചുട’ എന്ന ചടങ്ങും പണ്ടുകാലങ്ങളിലുണ്ടായിരുന്നു. കടൽവളളങ്ങൾക്കും ചുണ്ടൻവളളങ്ങൾക്കും യഥാക്രമം സരസ്വതിപൂജയും ‘ഓടംജയിക്കൽ’ എന്ന ചടങ്ങും വളളമിറക്കുമ്പോൾ നടത്തിവരാറുണ്ട്. ചില വഞ്ചികളുടെ മുൻഭാഗത്ത് പാമരം, വളവര മാടം എന്നിവയുമുണ്ടാകും.
പറഞ്ഞുതന്നത് -കിട്ടപ്പൻ വേലായുധനാശാരി, ഇളന്തിക്കര.
Generated from archived content: kaivela_july29_05.html Author: nattariv-patana-kendram